news-details
മറ്റുലേഖനങ്ങൾ
 
 
ഒന്നും മറക്കാനാവുന്നില്ലെന്ന് പറഞ്ഞ് അയാള്‍ കരയുകയാണ്. ഉലച്ചലിലൂടെ കടന്നു പോവുമ്പോള്‍  ശില പോലെ നില്‍ക്കണം എന്നൊക്കെ കരുതിയിട്ടും, കണ്ടില്ലേ തവിടു പോലെ കിടക്കുന്നത്? അരിമണി ഉതിര്‍ന്നു പോയ തവിടു പോലെ... ഇപ്പോള്‍ ഒന്നും മറക്കാനാവുന്നില്ല... പൊറുക്കാനും.... ആ സ്ഥലം, സമയം, അപ്പോഴത്തെ മഴ, അല്ലെങ്കില്‍ വെയില്‍, ആ വ്യക്തികള്‍, ആ മുഖങ്ങള്‍, അവരുടെ ഭാവങ്ങള്‍, വാക്കുകള്‍, വേഷങ്ങള്‍, നിറങ്ങള്‍ ഒക്കെ... സജീവമാണ് ഉള്ളില്‍.. പരാജയത്തിന്‍റെ, വെറുപ്പും കണ്ണീരും കലര്‍ന്ന എതിര്‍പ്പിന്‍റെ നിറവും മഴയും വെയിലും മുഖങ്ങളും....
 
ആശ്വാസവാക്കുകളൊക്കെ കരിഓയില്‍ പൂശിയ പ്രതലത്തില്‍ ജലകണങ്ങളെന്ന പോലെ അയാളെ സ്പര്‍ശിക്കാതെ കടന്നു പോകവേ, ഗുരു അയാളെ വിളിച്ചു.... 
"നമുക്കൊരിടം വരെ പോകാം" എന്നു മാത്രം പറഞ്ഞു. അങ്ങനെ ഗുരു ശിഷ്യനെയും കൂട്ടി യാത്രയായി. "ആരും കാണാത്ത ഒരിടം ഞാന്‍ നിനക്കു കാണിച്ചു തരാം..." എന്നു പറഞ്ഞു..
ഭൂമിയുടെ ഏതോ ഒരറ്റത്തേയ്ക്കെന്നോണം തോന്നി ശിഷ്യന്. ഗുരു അങ്ങനെയാണ് തോന്നിപ്പിച്ചത്. അങ്ങനെ ഒരിടത്ത് ചെന്നു നിന്നിട്ട് ഗുരു ഒരു രഹസ്യമന്ത്രം ചൊല്ലി ഒരു താക്കോലു കൊണ്ടെന്നോണം ഒരു വാതില്‍ തുറന്നു. 
ശിഷ്യന്‍ നോക്കിയപ്പോള്‍ ശൂന്യതയിലേക്ക് ഒരു വാതില്‍. അറ്റം കാണാത്ത അഗാധത. അമ്പരന്നു നിന്ന ശിഷ്യനോട് ഗുരു പറഞ്ഞു.
"നിന്നെ അസ്വസ്ഥതപ്പെടുത്തിയതെല്ലാം ഒന്നൊന്നായി എടുത്ത് പുറത്തേക്കെറിഞ്ഞോ.."
അപ്പോള്‍ ശിഷ്യന്‍ പിന്നെയും മരച്ചു നില്‍ക്കവേ, ഗുരു പറഞ്ഞു. "വേഗം വേണം... ഇങ്ങനെ നിശ്ചലമായി നിന്നാല്‍ ഇതിനു മുന്‍പ് എറിഞ്ഞതൊക്കെ ചിലപ്പോള്‍ തിരിച്ചു കയറി വരും.."
അപ്പോള്‍ ശിഷ്യന്‍ പുറത്തേക്കെറിഞ്ഞു..
ആ സ്ഥലത്തെ, സമയത്തെ, മഴയെ, വെയിലിനെ, ആ വ്യക്തികളെ, വേഷങ്ങളെ, നിറങ്ങളെ... അങ്ങനെയങ്ങനെ... ശിഷ്യന് നല്ല രസം..
അയാള്‍ എറിഞ്ഞു കൊണ്ടേയിരുന്നു... മനുഷ്യര്‍, വാഹനങ്ങള്‍, ചങ്ങാത്തം നടിച്ച കുറുനരികള്‍, ഇടം തേടി വന്ന ഒട്ടകങ്ങള്‍, ചെമ്മരിയാടെന്നു നിനച്ച ചെന്നായ്ക്കള്‍... പിന്നെയും പിന്നെയും. കല്ല്, കടലാസ്, എന്നു വേണ്ട കത്തീഡ്രല്‍ പള്ളിയടക്കം ദേ, ഭൂമിക്കു പുറത്തേയ്ക്ക്... സംവിധാനങ്ങളും കസേരകളും കസേരകളികളും കസേരമനുഷ്യരും... എല്ലാം.... 
അയാള്‍ എറിഞ്ഞു കൊണ്ടേയിരുന്നു.... 
ഗുരുത്വാകര്‍ഷണത്തിനും പുറത്തേയ്ക്ക്... 
ഗുരു ഓര്‍മ്മിപ്പിച്ചു. "ആക്രാന്ദം മൂത്ത് നീയും കൂടി ചാടരുത്..."
ശിഷ്യന്‍ കരുതലുള്ളവനായി..
"കഴിഞ്ഞോ....?" - ഗുരു.
"ഉവ്വ്..." - ശിഷ്യന്‍. 
പിന്നെ ഗുരു ആ വാതില്‍ ചേര്‍ത്തടച്ചു.... എന്നിട്ട് അതേ താക്കോലുപയോഗിച്ച് അതു പൂട്ടി. അങ്ങനെയൊരു വാതില്‍ അവിടെയുണ്ടെന്നു തോന്നാത്ത വിധം അത് ചേര്‍ന്നടഞ്ഞു. 
തിരികെപ്പോരും നേരം ഗുരു പറഞ്ഞു...
"ഇനി നീ ഇവിടെ വന്ന് ഇടയ്ക്കിടെ ചെവിയോര്‍ത്തു നില്‍ക്കരുത്. അവയെപ്പറ്റി ഓര്‍ക്കുകയുമരുത്.. നീ അങ്ങനെ ചെയ്താല്‍ നിന്‍റെ ഓര്‍മ്മ കൊണ്ട് അവയ്ക്ക് ബാധകളായി മാറാന്‍ കഴിയും.... പിന്നെ അവ നിന്നെ ബാധകളായി വന്ന് ഉപദ്രവിക്കും... 
നീ അവയെയെല്ലാം മറക്കുക. 'മനാസ്സെ' - നീ മറക്കണം."
ശിഷ്യന്‍ സമ്മതിച്ചു... ഗുരു വീണ്ടും പറഞ്ഞു.
"പിന്നെ, ഈ വാതിലിനെപ്പറ്റിയോ, എറിഞ്ഞതിനെപ്പറ്റിയോ നീ ആരോടും പറയരുത്.. നീ അതു പറഞ്ഞാല്‍ ആ വാതില്‍ താനേ തുറക്കാന്‍ സാധ്യതയുണ്ട്.... നീ നിന്‍റെ അധരങ്ങള്‍ക്ക് മുദ്ര വയ്ക്കണം... ഞാന്‍ നിനക്ക് ഇതു മാത്രമാണ് കാണിച്ചു തന്നത്..."
ശിഷ്യന്‍ സമ്മതിച്ചു. എങ്കിലും അയാളെ ഏതോ ഭയം സന്ദേഹിയാക്കുന്നതു പോലെ.. ഗുരു ചോദിച്ചു.
"എന്തിനാണത്? പറഞ്ഞിട്ടില്ലേ, സ്വര്‍ഗ്ഗരാജ്യത്തിന്‍റെ താക്കോലുകള്‍ നിനക്കു ഞാന്‍ തരും. നീ ഭൂമിയയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും."

 

ശിഷ്യന്‍ സന്തുഷ്ടനായി. കണ്ണീരിന്‍റെ അവസാനത്തെ ബാഷ്പവും അയാളില്‍ നിന്ന് പറന്നു പോയി... 
അയാള്‍ സ്വതന്ത്രനായി... 
ഒടുവില്‍ പറയട്ടെ, 
ചങ്ങാതീ, ഇതു നിനക്കാണ്. ഈ രഹസ്യവാതിലിന്‍റെ താക്കോല്‍... ഇതു നീ ആരോടും പറയരുത്, ഇനി ഒന്നും ഓര്‍ക്കുകയും അരുത്..
വാക്കു കൊണ്ടൊന്നും ഇനി നീ സാന്ത്വനപ്പെടുകയില്ലെന്നെനിക്കറിയാം. അതുകൊണ്ട്....
ഈ താക്കോലിന്‍റെ ഒരു Spare നിന്‍റെ കയ്യില്‍ ഇരുന്നോട്ടെ.... 

You can share this post!

കാഴ്ചയ്ക്കുമപ്പുറം

By : ലിസ ഫെലിക്സ്
അടുത്ത രചന

ജനം

By : ലിസാ ഫെലിക്സ്
Related Posts