news-details
കവർ സ്റ്റോറി

ദലിത മനസ്സുകളിലെ കുഞ്ഞച്ചന്‍

(1973 ഒക്ടോബര്‍ 16-ന് വാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചന്‍ മരിച്ചുവെങ്കിലും കുറെയേറെ മനുഷ്യമനസ്സുകളില്‍ അദ്ദേഹം ജ്വലിച്ചു നില്‍ക്കുന്നു. അവരുടെ ചിതറിയ ഓര്‍മ്മകള്‍ കോര്‍ത്തിണക്കിയതാണ് ഈ ലേഖനം.)

അപ്പനായിത്തീരണമെങ്കില്‍ ഒരുവന്‍ അപ്പമായിത്തീരണമെന്നും അതിനായില്ലെങ്കില്‍ അവന്‍ വെറും മച്ചനാണെന്നും പറയുന്നത് കുഞ്ഞുണ്ണി മാഷ്.  രണ്ടോ മൂന്നോ കുട്ടികള്‍ മാത്രമല്ല, ഒരു സമൂഹം മുഴുവനും 'അച്ചാ' എന്നു വിളിക്കുന്നവരാണ് പുരോഹിതര്‍. ളോഹയ്ക്കുള്ളിലെ വ്യക്തിയെ ഉള്ളില്‍ത്തട്ടി ജനം അങ്ങനെ വിളിക്കണമെങ്കില്‍ അപ്പന്‍റെ ചില ഗുണവിശേഷങ്ങള്‍ അദ്ദേഹത്തിലുണ്ടായിരിക്കണം. അതുകൊണ്ടുതന്നെ കുഞ്ഞുണ്ണിമാഷിന്‍റെ നുറുങ്ങുകവിത പുരോഹിതര്‍ക്കും പ്രസക്തമാണ്. പുരോഹിതന്‍ യഥാര്‍ത്ഥത്തില്‍ അച്ചനായിത്തീരുന്നത് തന്‍റെ ജനതയ്ക്കു അപ്പമായി മാറുമ്പോഴാണ്. ഒരു പുരോഹിതനെ അദ്ദേഹത്തിന്‍റെ പദവി മൂലം ആദരിക്കുന്നതിനപ്പുറത്ത് ജനം അദ്ദേഹത്തെ നെഞ്ചിലേറ്റുന്നത് അപ്പോഴാണ്.

 

സ്വയം അപ്പമായി മാറുക വഴി അപ്പനായിത്തീര്‍ന്ന അച്ചനായിരുന്നു തേവര്‍പറമ്പില്‍ കുഞ്ഞച്ചന്‍. അദ്ദേഹത്തെക്കുറിച്ചുള്ള ദീപ്തസ്മരണകള്‍ ഉള്ളില്‍ കൊണ്ടുനടക്കുന്ന അനേകരെ രാമപുരത്തും പരിസരത്തും കാണാനാകും. അവരില്‍ ബഹുഭൂരിപക്ഷവും ദലിതരാണ്. ക്രിസ്തുവിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ജ്വലിപ്പിച്ചു നിര്‍ത്തിയത് ക്രിസ്തുവിന്‍റെ സമൂഹത്തിലെ അധഃകൃതരായിരുന്നല്ലോ. ക്രിസ്തുവിന്‍റെ പൗരോഹിത്യം സ്വീകരിക്കുന്നവര്‍ക്ക് സ്വയം അഭിമാനിക്കാന്‍ വകയുണ്ടാകുന്നത് അവര്‍ എത്ര അധഃകൃതരുടെ ഓര്‍മ്മകളില്‍ സ്ഥാനം പിടിച്ചു എന്നതിനെ ആശ്രയിച്ചായിരിക്കും. കുഞ്ഞച്ചന്‍ ക്രിസ്തുവിന്‍റെ പൗരോഹിത്യം പദാനുപദം അനുകരിച്ചു എന്നതിന്‍റെ തെളിവ് ഇന്നും അദ്ദേഹത്തെക്കുറിച്ചു പറയുന്ന കറുത്ത കുറെ മനുഷ്യരുടെ സാക്ഷ്യങ്ങളാണ്.

 

1926 മാര്‍ച്ച് മാസത്തിലാണു കുഞ്ഞച്ചന്‍ രാമപുരത്ത് എത്തുന്നത്. കുറെ മനുഷ്യര്‍ മേലാളരായും ബഹുഭൂരിപക്ഷം ജനതയും കീഴാളരായും പരിഗണിക്കപ്പെട്ടിരുന്ന കാലം. മ്ലേച്ഛജന്മത്തിന്‍റെ ഭാരം കെട്ടിവച്ച്, അടിമത്തമനോഭാവം പുണ്യമനോഭാവമാക്കിമാറ്റി, ഒരു ജനതയെ തന്‍റെ പത്തായം നിറയ്ക്കാനുള്ള മൃഗങ്ങളായി മാത്രം പരിഗണിച്ചിരുന്ന ഒരു കാലം. ക്രിസ്തു തന്‍റെ കൂടാരമുറപ്പിച്ചത് അവന്‍റെ സമൂഹത്തിലെ പുറമ്പോക്കിലെന്നതുപോലെ തന്നെ കുഞ്ഞച്ചനും തന്‍റെ പൗരോഹിത്യജീവിതം നയിക്കേണ്ടത് ഈ അടിമകളാക്കപ്പെട്ടവരുടെ മധ്യത്തിലായിരിക്കണമെന്ന് ഒരു തെരഞ്ഞെടുപ്പു നടത്തി. 1973 ഒക്ടോബര്‍ 16-ാം തീയതി അന്ത്യശ്വാസം വലിക്കുവോളം ആ തെരഞ്ഞെടുപ്പില്‍ അദ്ദേഹം ഉറച്ചുനിന്നു.

ഇനി അദ്ദേഹത്തെക്കുറിച്ച് ചില സാധാരണ മനുഷ്യര്‍ സംസാരിക്കട്ടെ:

അക്ഷരദീപം തെളിച്ചവന്‍
ദേവസ്യാ പാറക്കല്‍ "കോയപ്പിള്ളി മുതലാളിയുടെയടുത്ത് പണിക്കുനിന്ന പഞ്ചക്കിളിയുടെയും കുന്നത്തോട് മുതലാളിയുടെയടുത്ത് പണിക്കുനിന്ന പൊന്നമ്പിളിയുടെയും അഞ്ചുമക്കളിലൊരാളാണ് ഞാന്‍. ഓലമേഞ്ഞ പുരയില്‍ പാളയിലാണു ഞങ്ങള്‍ കിടന്നിരുന്നത്. അന്ന് മുതലാളി പണിക്കാരിപ്പെണ്ണിന്‍റെ കൈയില്‍ ഒരുകുട്ട നെല്ലു കൊടുത്തിട്ട് ഒരു പുരുഷന്‍റെ കൂടെ അയയ്ക്കും. അങ്ങനെയായിരുന്നു എന്‍റെ മാതാപിതാക്കളുടെയും കുടുംബജീവിതം തുടങ്ങിയത്. പണിക്കാര്‍ക്ക് മുതലാളി കഞ്ഞികൊടുത്തിരുന്നത് മാട്ടയില്‍ കുഴിയുണ്ടാക്കി, അതില്‍ ഇലവച്ച് കഞ്ഞി ഒഴിച്ചു കൊടുക്കുകയായിരുന്നു. മിക്കപ്പോഴും വിശപ്പടങ്ങില്ല. അതുകൊണ്ട് പറമ്പിലെ തേങ്ങാ മോഷ്ടിച്ച് കള്ളുഷാപ്പില്‍ കൊണ്ടുപോയിക്കൊടുക്കും. എന്നിട്ടു കള്ളു വാങ്ങിക്കുടിക്കും. പിന്നെയും വന്നു പണിയും. ഈയൊരവസ്ഥയില്‍ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്കുന്നത് അവരുടെ സ്വപ്നത്തില്‍ പോലുമില്ലാത്ത കാര്യമായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് കുഞ്ഞച്ചന്‍ ഞങ്ങളുടെ അടുത്തേയ്ക്കു വരുന്നത്. വേദപാഠത്തിനൊപ്പം അക്ഷരാഭ്യാസവും ഞങ്ങള്‍ക്കു നല്കപ്പെട്ടു. അന്ന് ഏഴുവരെ പഠിച്ചെങ്കില്‍ ജോലി കിട്ടും. എന്നാലും വീട്ടുകാര്‍ സമ്മതിച്ചില്ല. അതുകൊണ്ട് നാലാംക്ലാസ് കഴിഞ്ഞപ്പോള്‍ പഠിപ്പുനിര്‍ത്തി. ബസ്സിന്‍റെ ബോര്‍ഡൊക്കെ നന്നായി വായിക്കാന്‍ അത്രയും പഠിപ്പുകൊണ്ടായി. കുഞ്ഞച്ചന്‍ ഇന്നും അനുഗ്രഹിക്കുന്നു.

"അപ്പനെ കുമ്പസാരിപ്പിക്കാന്‍ കുഞ്ഞച്ചന്‍ വീട്ടില്‍വരും. അപ്പന്‍ കിടപ്പിലായിരുന്നപ്പോള്‍ സ്റ്റൂളിലിരുന്ന് കുഞ്ഞച്ചന്‍ കുമ്പസാരിപ്പിക്കും. തിരിച്ചുപോകുമ്പോള്‍ എന്നെയും കൂടെകൂട്ടും. പള്ളിക്കലെത്തുമ്പോള്‍ രണ്ടിടങ്ങഴി അരിയും രണ്ടു ചക്രവും തന്നുവിടും. ചക്രം കറുപ്പു വാങ്ങിച്ചു അപ്പനു കൊടുക്കാനാണ്. അപ്പനു കറുപ്പ് വലിയ ഇഷ്ടമായിരുന്നു."

ദലിതപക്ഷം ചേര്‍ന്നവന്‍

തോമസ് പ്ലാത്തോട്ടത്തില്‍ "അഗസ്തി- കത്രി ദമ്പതികളുടെ മകനാണു ഞാന്‍. അന്നൊക്കെ പഴം കഞ്ഞിയും മാങ്ങാ അച്ചാറുമാണ് മിക്കപ്പോഴും ഭക്ഷണം. ആണുങ്ങള്‍ ഒരു കുറിമുണ്ട് മാത്രമുടുക്കും. പെണ്ണുങ്ങള്‍ കുറിമുണ്ടുകൂടാതെ മാറ് കച്ചകെട്ടി മറയ്ക്കും. പക്ഷേ കുഞ്ഞച്ചന്‍ അവരെ മാമ്മോദീസ മുക്കുന്നതോടുകൂടി പുതിയ വേഷം നല്കും - ചട്ടയും മുണ്ടും. അന്തസ്സു തോന്നിപ്പിക്കുന്ന വസ്ത്രം കുഞ്ഞച്ചനാണു ഞങ്ങള്‍ക്കു തന്നത്.

 

"അന്നു പഴയക്രിസ്ത്യാനികള്‍ക്കും പുതിയ ക്രിസ്ത്യാനികള്‍ക്കും ഒരു മുറ്റത്തുതന്നെ വെവ്വേറെ പള്ളികളായിരുന്നു. പഴയ ക്രിസ്ത്യാനികള്‍ക്കൊപ്പം ധ്യാനത്തിനിരിക്കാനും പുതുക്രിസ്ത്യാനികളെ അനുവദിച്ചിരുന്നില്ല. അതുകൊണ്ട് എല്ലാ ഞായറാഴ്ചയും ഒന്‍പതരമണിക്ക് കുഞ്ഞച്ചന്‍ പുതുക്രിസ്ത്യാനികള്‍ക്കുവേണ്ടി മാത്രം കുര്‍ബാന ചൊല്ലിത്തുടങ്ങി. ഞങ്ങള്‍ക്കുവേണ്ടി പ്രത്യേകം ധ്യാനം സംഘടിപ്പിച്ചു. ധ്യാനദിവസം കൂലിപ്പണിക്കു പോകാന്‍പറ്റില്ലല്ലോ. ഒരു ദിവസം പണിക്കുപോയില്ലെങ്കില്‍ അന്നു കുടിലില്‍ പട്ടിണിയാണ്. അതുകൊണ്ട് ധ്യാനം കഴിഞ്ഞ് എല്ലാ ദിവസവും മടങ്ങുമ്പോള്‍ വീട്ടിലേയ്ക്കാവശ്യമായ അരിയുംകൂടി കുഞ്ഞച്ചന്‍ തന്നുവിടുമായിരുന്നു. എന്നും ഞങ്ങളുടെ ഓര്‍മ്മയിലുണ്ടദ്ദേഹം. കുഞ്ഞച്ചന്‍ മരിച്ചതിനുശേഷം അദ്ദേഹത്തിന്‍റെ പേരില്‍ ഒരു ബാന്‍ഡ്സെറ്റ് ഞാന്‍ കുറെനാള്‍ നടത്തിയിരുന്നു."

 

സംഘടിക്കാന്‍ കരുത്തേകിയവന്‍

തോമസ് ഊന്നിക്കല്‍ "കുഞ്ഞച്ചന്‍ എപ്പോള്‍ കണ്ടാലും എന്തെങ്കിലും, പഴം, മിഠായി, ചോറിന്‍റെ ഒരുരുള... അങ്ങനെയെന്തെങ്കിലും കൈയില്‍ വച്ചുതരും. 'ഞാന്‍ തന്നതാണെന്ന് ആരോടും പറയരുതെ'ന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്യും.

"ഒരു ദിവസം എന്തോ കാരണത്തിനു അപ്പനെ മുതലാളി പിടിച്ച് തട്ടേലിട്ട് തല്ലി;  മുളകു പുകച്ചതു തട്ടിലേക്ക് അടിച്ചുകയറ്റി. തീര്‍ത്തും അവശനായിത്തീര്‍ന്ന അപ്പനെ മൂന്നുമാസക്കാലം ചികിത്സിപ്പിച്ചത് കുഞ്ഞച്ചനായിരുന്നു.

"ഞങ്ങളുടെ സമ്പാദ്യശീലം കൂട്ടാനും മറ്റുമായി ഒരു ലഘുനിക്ഷേപപദ്ധതി തുടങ്ങിവച്ചത് കുഞ്ഞച്ചനാണ്. വളരെ അത്യാവശ്യഘട്ടങ്ങളില്‍ കുറെയെങ്കിലും തുക ലഭിക്കാന്‍ അതു സഹായകമായി. പിന്നീട് ദലിത് ക്രൈസ്തവ സംഘടനകളൊക്കെ  രൂപം കൊള്ളുന്നത് ഇത്തരം സംഘടനാനുഭവങ്ങളുടെ പിന്‍ബലത്തിലാണ്."

കരുണാര്‍ദ്രഹൃദയം

മോനി പാനയ്ക്കലോട്ടില്‍ "മുപ്പതുകൊല്ലം ഈ പള്ളിമുറ്റം തൂപ്പായിരുന്നു എന്‍റെ ജോലി. കുഞ്ഞച്ചനു വയ്യാതായി, നടക്കാന്‍ മേലാതെ കസേരയിലിരിക്കും. ഇടയ്ക്കു കാണുമ്പോഴൊക്കെ പറയും 'എടീ നീ ആ ബദാം മരം തിളച്ചവെള്ളമൊഴിച്ച് അങ്ങു കരിച്ചുകളയെടീ.' പള്ളിമുറ്റത്ത് ഒരു ബദാം മരമുണ്ട്. എന്നും അതില്‍നിന്ന് ഇലകള്‍ വീണ് മുറ്റം വ്യത്തികേടാകും. എന്‍റെ പണി കുറയ്ക്കാന്‍ കുഞ്ഞച്ചന്‍ പറഞ്ഞുതന്ന വിദ്യയായിരുന്നു അത്. കഞ്ഞി കുടിച്ചിട്ട് മുറ്റമടിച്ചാല്‍ മതിയെന്ന് കുഞ്ഞച്ചന്‍ എപ്പോഴും എന്നോടു പറയുമായിരുന്നു."

വിശ്രമമറിയാത്തവന്‍ 

സെബാസ്റ്റ്യന്‍ കുന്നേല്‍ "ദലിതരുടെ കൈകളില്‍ നിന്നുതന്നെ  പണം പിരിച്ച് പത്താംക്ലാസു പാസാകുന്ന ഏറ്റം മിടുക്കരായ രണ്ടു ദലിത് കുട്ടികള്‍ക്ക്  കുഞ്ഞച്ചന്‍ സ്കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിരുന്നു. കുട്ടികള്‍ക്ക് പഠിക്കാനുള്ള പഠനോപകരണങ്ങള്‍ കുഞ്ഞച്ചന്‍ എങ്ങനെയൊക്കെയോ സംഘടിപ്പിക്കുമായിരുന്നു. ആദികുര്‍ബാന സ്വീകരിക്കുന്ന കുട്ടികള്‍ക്കുള്ള വസ്ത്രം ജൗളിക്കടയില്‍ നിന്ന് കുഞ്ഞച്ചന്‍ തെണ്ടിവാങ്ങിക്കൊണ്ടുകൊടുക്കും. അച്ചനറിയാത്ത ദലിത് കുടുംബങ്ങളില്ലായിരുന്നു. ഓരോ വീട്ടിലെയും വ്യക്തികളുടെ പേരുകളും അവിടുത്തെ കാര്യങ്ങളും കുഞ്ഞച്ചനു മനഃപാഠമായിരുന്നു. വീടുകള്‍ സന്ദര്‍ശിക്കാന്‍ അച്ചന്‍ രാവിലെ ഇറങ്ങിയാല്‍ വൈകുന്നേരമേ തിരിച്ചു വരൂ. ഭക്ഷണമൊന്നും നേരത്തും കാലത്തും കഴിക്കുന്നതു ഞാന്‍ കണ്ടിട്ടേയില്ല."

ഭൂമിയെ ഭാരപ്പെടുത്താത്തവന്‍

ഊന്നിക്കല്‍ വീട്ടിലെ അമ്മ "കുഞ്ഞച്ചന്‍ തീര്‍ത്തും അവശനായിക്കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്‍റെ അടുത്തേക്കു വരുന്നവരെ അദ്ദേഹം തലയില്‍ കൈ വച്ച് അനുഗ്രഹിക്കുമായിരുന്നു. ആ അവശനിലയില്‍ തന്‍റെ മക്കള്‍ക്കു അദ്ദേഹത്തെക്കൊണ്ട് ചെയ്യാനാകുന്നതു അത്രമാത്രമായിരുന്നു. കുഞ്ഞച്ചന്‍ മരിക്കുന്നതിനു മുമ്പു പറയുമായിരുന്നു: 'എന്നെ കിടത്താന്‍ ഇരുപത്തഞ്ചുരൂപയുടെ പെട്ടിയേ വാങ്ങാവൂ. സെമിത്തേരിയുടെ വടക്കേഭാഗത്തേ എന്നെ അടക്കാവൂ എന്ന്. ആ ഭാഗത്തായിരുന്നു ദലിത് ക്രിസ്ത്യാനികളെ അടക്കം ചെയ്തിരുന്നത്. മരണശേഷവും തന്റെ പ്രിയപ്പെട്ടവരോടൊപ്പം കഴിഞ്ഞുകൂടാന്‍ കുഞ്ഞച്ചന്‍ ആഗ്രഹിച്ചു. മരിക്കുമ്പോള്‍ കുഞ്ഞച്ചന്‍റെ കൈയില്‍ ആകെയുണ്ടായിരുന്ന സമ്പാദ്യം കിടന്ന ഒരു കട്ടിലും പായും തലയണയും കുറെ പ്രാര്‍ത്ഥനാപുസ്തകങ്ങളും പിന്നെ 100 രൂപ അറുപതു പൈസയുമായിരുന്നു."

നിലയ്ക്കാത്ത ഓര്‍മ്മകള്‍

കുഞ്ഞച്ചന്‍ മരിച്ചതിനുശേഷം നടത്തപ്പെട്ട ചാത്തത്തില്‍ രാമപുരം പള്ളി അങ്കണം സമീപപ്രദേശങ്ങളില്‍ നിന്നുള്ള ദലിതരായി നിറഞ്ഞുവത്രെ. കിട്ടാവുന്ന വാഹനം ഉപയോഗിച്ച് പലയിടങ്ങളില്‍ നിന്നായി അവര്‍ വന്നു. കപ്പയും ചേനയും ഒക്കെയായി അവരെത്തി, പുഴുക്കുണ്ടാക്കി ഭക്ഷിച്ചു. "ഞങ്ങളുടെ കുഞ്ഞച്ച" ന്‍റെ ഓര്‍മ്മകള്‍ അവര്‍ക്കെങ്ങനെ മറക്കാനാകും?

സ്വയം ചോദിക്കുക: പുറംതള്ളപ്പെട്ട എത്ര പേരുടെ മനസ്സില്‍ നിങ്ങളുണ്ട്?

You can share this post!

(ജൂലൈ 28 ലോകപരിസ്ഥിതിസംരക്ഷണദിനം) പരിസ്ഥിതി സംരക്ഷണത്തില്‍ വിശ്വാസത്തിന്‍റെ അടിത്തറ

സി. സെലിന്‍ പറമുണ്ടയില്‍ എം. എം.എസ്. (മൊഴിമാറ്റം : ടോം മാത്യു)
അടുത്ത രചന

ഇലക്ടറല്‍ ബോണ്ട് എന്ന ഗുണ്ടാപിരിവ്

എം. കെ. ഷഹസാദ്
Related Posts