news-details
ഇടിയും മിന്നലും
"തനിക്കിത്രേം പ്രായമായില്ലേ, ഇനിയെങ്കിലും ഈ പഞ്ഞത്തരം നിര്‍ത്താറായില്ലേ? താന്‍ കൈകഴുകാന്‍ എഴുന്നേറ്റു പോയപ്പോള്‍ അവരുചോദിച്ചു, തനിക്കു തലക്കെന്തെങ്കിലും അസുഖമുണ്ടോന്ന്. സെമിനാരീല്‍ മുതല്‍ ഞാനിതു കാണുന്നതാ. ആശ്രമത്തില്‍ താനെന്തുവേണേലും കാണിച്ചോ, ഹോട്ടലിലും മറ്റും മാന്യന്മാരുകാണുന്നിടത്ത് ഈ പരട്ടത്തരം കാണിക്കാതിരിക്കാന്‍ മേലേ?" അങ്ങേരു നല്ല 'കലിപ്പി'ലായിരുന്നു. 
 
"എനിക്കിത്രേം പ്രായമായില്ലേ? എത്ര തല്ലിയാലും ഞാനിനി നന്നാകത്തില്ലെന്നും മനസ്സിലായില്ലേ? എനിക്കു തലക്കുസുഖമില്ലെന്നുതന്നെ ഇങ്ങേരവരോടു പറഞ്ഞേര്." ഞാനും തിരിച്ചടിച്ചു.
 
എന്‍റെയൊരു കൂട്ടുകാരനച്ചന്‍റെ സഹപാഠികളുടെ ഒരു സംഗമംവച്ചു. അതില്‍ പങ്കെടുത്ത രണ്ടുപേര് അര്‍ത്തുങ്കല്‍ പള്ളിയില്‍ പോകാന്‍ അച്ചനെ കൂട്ടുപിടിച്ചു. കൊണ്ടുപോകാമെന്ന് ഏറ്റിരുന്ന ആളിനു അപ്രതീക്ഷിതമായി അസൗകര്യമുണ്ടായതുകൊണ്ട്, വഴിയുംമറ്റും പരിചയമുണ്ടായിരുന്നതുകൊണ്ടും വണ്ടി ഓടിക്കാനും എന്നോടു ചെല്ലാമോ എന്നുചോദിച്ച് അച്ചന്‍ വിളിച്ചു. ഉച്ചയോടടുത്തിരുന്നതുകൊണ്ട് ഉണ്ടിട്ടുവരാമെന്നു പറഞ്ഞപ്പോള്‍ അവരു വഴിയിലാണ്, ഉടനെചെല്ലണം, പോകുന്നവഴി എവിടെനിന്നെങ്കിലും ഉണ്ണാമെന്നച്ചന്‍ നിര്‍ബ്ബന്ധിച്ചു. അദ്ദേഹവുമായുള്ള സൗഹൃദമോര്‍ത്ത് ഞാന്‍ ഉടനെ പുറപ്പെട്ടു.
 
അദ്ദേഹത്തിന്‍റെ കൂട്ടുകാരെയും പരിചയപ്പെട്ട് അവരെയുംകയറ്റി യാത്രയായി. വലിയ പദവിയിലിരിക്കുന്ന അവരു രണ്ടുപേരും ഒരുപാടു വര്‍ഷങ്ങളായി വിദേശത്താണ്. നാളുകള്‍ക്കുമുമ്പു നേര്‍ന്നതായിരുന്നുപോലും അര്‍ത്തുങ്കല്‍പള്ളിയില്‍ പോകാന്‍. ഒരുമണിയോടുകൂടി അവരുടെ നിലവാരത്തിലുള്ള ഒരു വലിയഹോട്ടലില്‍ കയറി. അവരു വേറേതാണ്ടൊക്കെ ഓര്‍ഡര്‍ ചെയ്തപ്പോള്‍ ഞാനൊരു ഊണിനു പറഞ്ഞു. സപ്ലയര്‍ എനിക്കു ചോറു വിളമ്പിയപ്പോള്‍ മൂന്നാലു ചോറ് മേശയില്‍വീണു. ഞാനതുടനെ പെറുക്കി എന്‍റെ പാത്രത്തിലിടുന്നതുകണ്ടപ്പോള്‍ ആ മാന്യന്മാരുടെ മുഖഭാവത്തില്‍നിന്നും അതവര്‍ക്കത്ര രസിച്ചില്ല എന്നെനിക്കു മനസ്സിലായി. നല്ല കറികളായിരുന്നതുകൊണ്ടു രണ്ടാമതും ചോറു ചോദിച്ചു. വിളമ്പിയപ്പോള്‍ താഴെവീണ ചോറു പിന്നെയും പെറുക്കി ഞാന്‍ പാത്രത്തിലിട്ടു. ഇതായിരുന്നു ഹോട്ടലീന്ന് ഇറങ്ങിയ ഉടന്‍ കൂട്ടുകാരനച്ചന്‍റെ 'കലിപ്പിനു' കാരണം.
 
അവര് ഓര്‍ഡര്‍ചെയ്ത മിക്കവിഭവങ്ങളും മുഴുവന്‍ തിന്നുതീര്‍ക്കാതെ ബാക്കിവച്ചിട്ട് എഴുന്നേറ്റു പോന്നത് ഞാന്‍ കണ്ടതാണ്. അതോര്‍ത്തപ്പോള്‍ അവരുടെ തലക്കാണസുഖം എന്നു പറയാനാണ് വായില്‍വന്നെങ്കിലും, അഞ്ചാറു ജീരകംകൂടെ ചവച്ച് അതങ്ങു വിഴുങ്ങി. അന്നുമുഴുവന്‍ അവരെയുംകൊണ്ട് ഓടണമല്ലോന്നോര്‍ത്തപ്പോള്‍ മടുപ്പുതോന്നിയെങ്കിലും, എപ്പോഴെങ്കിലും അവര്‍ക്കിട്ടു പണിയാന്‍ എനിക്കും അവസരം കിട്ടിയേക്കും എന്നോര്‍ത്ത് അതിനുള്ള തന്ത്രങ്ങളാലോചിച്ചുകൊണ്ടു വണ്ടിവിട്ടു. 
 
കുറച്ചുചെന്നപ്പോള്‍ റോഡ്സൈഡില്‍ മനോഹരമായ ഒരു കുരിശുപള്ളി. ഡ്രൈവുചെയ്യുമ്പോള്‍ എവിടെയെങ്കിലും പള്ളികണ്ടാല്‍ വണങ്ങുന്നശീലം പണ്ടേ ഉണ്ടായിരുന്നതുകൊണ്ട് ഒന്നുവണങ്ങി. കുറെക്കൂടെ മുന്നോട്ടു ചെന്നപ്പോള്‍ ഒരുമുസ്ലീംപള്ളി കണ്ടു. അപ്പോളാണു പെട്ടെന്നൊരു കുനുഷ്ടുബുദ്ധി തലയിലുദിച്ചത്. കൂടെയുള്ളവര്‍ ശ്രദ്ധിക്കത്തക്കരീതിയില്‍ വണ്ടി സ്ലോചെയ്ത് മുസ്ലീംപള്ളിക്കുമുമ്പിലും വണങ്ങി. അതുകഴിഞ്ഞ് ഒരമ്പലംകണ്ടപ്പോള്‍ അവിടെയും നമിച്ചു. പിന്നെ പള്ളിയോ അമ്പലമോ കണ്ണില്‍പെട്ടെടത്തൊക്കെയങ്ങു വണങ്ങി. ലേശം വട്ടനാണെന്ന അവരുടെ തോന്നലങ്ങു മൂക്കട്ടെ എന്നോര്‍ത്ത് ഉള്ളില്‍ ചിരിച്ചുകൊണ്ടിരിക്കുമ്പോളതാ തൊട്ടുമുമ്പിലൊരു മുട്ടന്‍ ബംപ്. ഒരടയാളവും ഇല്ലാതിരുന്നതുകൊണ്ട് അടുത്തുചെന്നപ്പളാണു കണ്ടത്. ആഞ്ഞു ബ്രേക്കുചെയ്തെങ്കിലും വണ്ടിയൊന്നു ചാടി. ആ ചാട്ടത്തിലാണ് കുരുട്ടുബുദ്ധി ഒരെണ്ണംകൂടെ തലക്കകത്തുനിന്നു ചാടിയത്. 
 
പിന്നെയങ്ങോട്ട് ഏതു ബംപും ഗട്ടറും കണ്ടാലുടനെ ഞാന്‍ ഹോണടിച്ചുതുടങ്ങി. ആദ്യമൊന്നും അവരതു മനസ്സിലാക്കിയില്ല. പിന്നെയവരതു ശ്രദ്ധിക്കാന്‍ തുടങ്ങി. സര്‍വ്വത്ര ഗട്ടറുള്ള റോഡ്. അതിനതിന് ഹോണടിച്ച് ഞാനും. എനിക്ക് അഞ്ചു പൈസേടെ കുറവുണ്ടെന്ന മട്ടില്‍ അവരു തമ്മില്‍തമ്മില്‍ നോക്കി ചിരിക്കുന്നത് എനിക്കു കണ്ണാടിയിലൂടെ കാണാമായിരുന്നു. ഇനീം പ്രകോപിപ്പിച്ചാല്‍ ഞാന്‍ 'ഇതിക്കുംമേലേ' എന്തെങ്കിലും ചെയ്യുമെന്നു ശങ്കിച്ചിട്ടാകും ഇടയ്ക്കിടക്ക് എന്നെ നോക്കുന്നുണ്ടായിരുന്നെങ്കിലും, കൂട്ടുകാരനച്ചന്‍ ഒന്നും അറിയാത്തമട്ടില്‍ അവരുമായി വര്‍ത്തമാനം പറഞ്ഞിരുന്നു. നാലുമണിക്കുമുമ്പ് അര്‍ത്തുങ്കല്‍ പള്ളീടെ പാര്‍ക്കിങ്ങില്‍ വണ്ടിനിര്‍ത്തി.
"അച്ചന്‍റെ ഡ്രൈവിങ് സൂപ്പറാണ്. പക്ഷെ ഗട്ടറുകാണുമ്പഴുള്ള ഹോണടി അല്പം കട്ടിയാ." 
 
ഞാനുംകൂടെ കേള്‍ക്കാന്‍വേണ്ടിയാണ് അവരുതമ്മിലതു പറഞ്ഞതെന്നെനിക്കുറപ്പായിരുന്നു. കേള്‍ക്കാത്തമട്ടു നടിച്ചു. തിരിച്ചടിക്കാന്‍ സമയമായില്ല എന്നാണെന്‍റെ മനസ്സിലിരിപ്പെന്ന് അവര്‍ക്കറിയില്ലല്ലോ. അഞ്ചരമണികഴിഞ്ഞു അവിടെനിന്നു തിരിക്കുമ്പോള്‍. തണ്ണീര്‍മുക്കത്തെത്തുമ്പോള്‍ നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. കാറ്റുകൊള്ളാന്‍വേണ്ടി എല്ലാവരും അവിടെ ഇറങ്ങി. കുറച്ചുകഴിഞ്ഞപ്പോഴാണ് ഇരുന്നുകാറ്റുകൊള്ളാനും ഭക്ഷണം കഴിക്കാനുമൊക്കെ സൗകര്യമുള്ള ഒരു ബോട്ടുകണ്ടത്. എല്ലാവര്‍ക്കും കൗതുകമായി. അവിടെ കയറി. വറുത്തതും പൊരിച്ചതും കറിവച്ചതുമായി പലതരം മീനുകളും കൊഞ്ചും താറാവും ചിക്കനും കപ്പയുമടക്കമുള്ള ഭക്ഷണവിഭവങ്ങളും. ഒന്നിനുപുറകെ ഒന്നായി എന്തൊക്കെയോ അവര് ഓര്‍ഡര്‍ ചെയ്യുന്നുണ്ടായിരുന്നു. അത്താഴം കഴിക്കാറില്ലാത്തതുകൊണ്ട് അവരു നിര്‍ബ്ബന്ധിച്ചതിന്‍റെ പേരില്‍ ഒരു ചപ്പാത്തിയും കഴിച്ച് ഫ്രഷ്ജ്യൂസും കുടിച്ചു ഞാന്‍ പുറത്തിറങ്ങി. ഏതാണ്ടു മുക്കാല്‍മണിക്കൂറെടുത്തു ഭക്ഷണംകഴിച്ചു തീരാറായപ്പോള്‍ ഞാന്‍ കയറിച്ചെന്നു. പ്രതീക്ഷിച്ചതുതന്നെയാണു കണ്ടത്. മേശനിറയെ തിന്നതിന്‍റെ ബാക്കീം തിന്നാത്തതും. കൗണ്ടറിലിരുന്ന സ്ത്രീയുടെ അടുത്തുചെന്ന് ബാക്കിവരുന്ന ഭക്ഷണം പായ്ക്കു ചെയ്തുകൊടുക്കുന്ന പതിവ് അവിടെയുണ്ടോ എന്നു ചോദിച്ചു സംശയം തീര്‍ത്തു. ചിലരൊക്കെ കൊണ്ടുപോകാറുണ്ടെന്നവരു പറഞ്ഞു. എങ്കില്‍ അവരു കഴിച്ചതിന്‍റെ ബാക്കിഎടുക്കാന്‍ പറ്റുന്നതു പായ്ക്കുചെയ്തുതരാന്‍ ഞാന്‍ പറഞ്ഞു. ഭക്ഷണം കഴിച്ചവരതറിഞ്ഞില്ല. അവരു കൈയ്യുംകഴുകി കാശുംകൊടുത്ത് പുറത്തിറങ്ങിയകൂടെ ഞാനും നടന്നു. അല്പംകഴിഞ്ഞു തിരിച്ചുചെന്നപ്പോഴേയ്ക്കും പായ്ക്കറ്റു റെഡിയായിരുന്നു. അതുംവാങ്ങിച്ചെന്നപ്പോള്‍ അവര്‍ക്കുസംശയം. പിന്നീടുകഴിക്കാന്‍ ഞാന്‍ പായ്ക്കുചെയ്തു വാങ്ങിയതാണെന്നൊരു പടക്കം പൊട്ടിച്ചു. നേരത്തെ പറഞ്ഞിരുന്നെങ്കില്‍ അതിന്‍റെബില്ലുകൂടെ അവരു കൊടുത്തേനേ എന്നു പരിഭവം പറഞ്ഞപ്പോള്‍, അതൂടെക്കൂട്ടിയാണു അവരു ബില്ലടച്ചതെന്നു ഞാന്‍ പറഞ്ഞപ്പോള്‍ അവര്‍ക്കു പെരുത്തു സന്തോഷം. വണ്ടി വിട്ടപ്പോള്‍ എല്ലാവരും നല്ല മൂഢിലായി. നല്ല ഭക്ഷണമായിരുന്നു, നല്ല കാലാവസ്ഥ, ഒത്തിരിനാളായി കടംകിടന്ന നേര്‍ച്ച നിറവേറ്റി, കടപ്പുറത്തുനിന്നും കൊച്ചുമക്കള്‍ക്കു കൊടുക്കാന്‍ എന്തൊക്കെയോ വാങ്ങാന്‍ പറ്റി. അങ്ങനെപോയി സംഭാഷണങ്ങള്‍.
 
"രാത്രീല്‍ ഹോണടിയില്ലല്ലോ, അല്ലേ? ഹെഡ്ലൈറ്റു ഡിമ്മടിക്കത്തല്ലേയുള്ളു." ഒരാളുടെ കമന്‍റ്.
അങ്ങനെ അവസാനം ഞാന്‍ കാത്തിരുന്നതും വീണുകിട്ടി.
"കേള്‍ക്കാനിഷ്ടമാണെങ്കില്‍ ഞാനൊരു കഥപറയാം." യാത്രയിലതുവരെയും ഒന്നുംമിണ്ടാതെ വണ്ടിയോടിച്ചിരുന്ന ഞാന്‍ കഥപറയാന്‍ പോകുന്നെന്നു കേട്ടപ്പോള്‍ എല്ലാവര്‍ക്കും താത്പര്യമായി. 
 
"കഥയല്ല, എനിക്കറിയാവുന്ന ഒരാളുടെ കാര്യമാണ്. പണ്ട് ഒരാശ്രമത്തില് തീരെപാവപ്പെട്ട ഒരു ചെറുപ്പക്കാരനെ ജോലിക്കെടുത്തു. അച്ചന്മാര്‍ക്കെല്ലാം അവനെ ഇഷ്ടമായിരുന്നതുകൊണ്ട് ആശ്രമത്തിലെ മിക്കജോലികളും അവനെ ഏല്പിച്ചുതുടങ്ങി. അക്കൂട്ടത്തില്‍ അവനെ ഡ്രൈവിങ് പഠിപ്പിച്ച്, വണ്ടിയോടീരും അവനെ ഏല്പിച്ചു. ഒരുപാടു പ്രസ്ഥാനങ്ങളൊക്കെ നടത്തിയിരുന്ന ഒരച്ചനവിടെയുണ്ടായിരുന്നു. അച്ചനെയുംകൊണ്ട് മിക്കദിവസങ്ങളിലും അവനു പലയിടത്തും പോകേണ്ടിവന്നു. അച്ചനാണെങ്കില്‍ നട്ടെല്ലിന്‍റെ പ്രശ്നംകാരണം പെടലിക്കുകോളറും, നടുവിനുബല്‍റ്റും ഫിറ്റുചെയ്തു നടന്നിരുന്ന ആളാണ്. ജീപ്പ് ചെറിയ ഒരുകുഴിയില്‍ ചാടിയാല്‍പോലും വേദന കൂടുമായിരുന്നു. അതുകൊണ്ട് അച്ചനും അവനുമായി ഒരു ധാരണയുണ്ടാക്കി, എപ്പോഴെങ്കിലും റോഡില്‍ വലിയ കുണ്ടോ കുഴിയോ ബംപോ എന്തെങ്കിലും കണ്ടാല്‍ ഒരു പ്രത്യേകരീതിയില്‍ അവന്‍ ഹോണടിക്കും, അപ്പോള്‍ അച്ചന്‍ കരുതലോടെയിരിക്കും. അങ്ങനെ അവനതൊരു ശീലമായി. വഴീന്നു കുഴി മാറാന്‍വേണ്ടിയാണു അവന്‍ ഹോണടിക്കുന്നതെന്നു പറഞ്ഞ് പലരും അവനെ അന്നും കളിയാക്കിയിരുന്നു. നാലഞ്ചുകൊല്ലം കഴിഞ്ഞ് അവന്‍ ആ സഭയില്‍തന്നെ ചേര്‍ന്നു. സെമിനാരീല്‍ പഠിച്ചിരുന്ന കാലത്തും വണ്ടിയോടിക്കുമ്പോള്‍ ഗട്ടറുകണ്ടാല്‍ ബ്രദര്‍ ഹോണടിക്കുമായിരുന്നു. കൂടെയാത്രചെയ്യുന്നവര്‍ക്ക് അതു സഹായവുമായിരുന്നു. ആളിപ്പോള്‍ മിഷനറിയാണ്. അടുത്തനാളിലും അദ്ദേഹത്തെപ്പറ്റി പരിഹസിച്ചു ചിലരു പറയുന്നതുകേട്ടു: 'ആളിനല്പം വട്ടുണ്ട്, വണ്ടിയോടിക്കുമ്പോള്‍ ഗട്ടറുകണ്ടാല്‍ ഉടനെ ഹോണടിക്കുമെന്ന്.' എനിക്കാളെ പരിചയമുണ്ടായിരുന്നതുകൊണ്ട് ഞാനിതിനെപ്പറ്റി ചോദിച്ചിട്ടുണ്ട്. അദ്ദേഹത്തിന് വ്യക്തമായ മറുപടിയുമുണ്ട്: 'എന്നെ അറിയാവുന്ന ഒത്തിരിപ്പേര്‍ക്ക് എന്‍റെകൂടെ യാത്രചെയ്യാന്‍ ഇഷ്ടമാണ്, കാരണം എന്‍റെ ഹോണടിയില്‍നിന്ന് കാര്യമറിഞ്ഞ് അവര്‍ക്കു കരുതിയിരിക്കാം. ഞാന്‍ അറിയാതെ ഹോണടിക്കുന്നതല്ല, അതു നിര്‍ത്താന്‍ പറ്റാഞ്ഞിട്ടുമല്ല. കാര്യം അറിയാത്തവരു ഞാന്‍ വട്ടനാണെന്നു പറഞ്ഞാലും, ഒരുചെലവുമില്ലാത്ത ഒരുനല്ലകാര്യം ഞാന്‍ നിര്‍ത്തണോ?' അതാണദ്ദേഹം ചോദിക്കുന്നത്. മുമ്പേ നിങ്ങളു ചോദിച്ചില്ലേ, രാത്രീല്‍ ഡിമ്മടിച്ചാല്‍ പോരേ, ഹോണടിക്കണോന്ന്, തലക്കനമുള്ളവര്‍ക്കു ഡിമ്മടീം ഹോണടീം തമ്മില്‍ തിരിച്ചറിയാന്‍ ഇതുപോലെ ഗട്ടറില്‍ ചാടേണ്ടിവരും." അതുംപറഞ്ഞ് ഒഴിവാക്കാമായിരുന്നെങ്കിലും മനപ്പൂര്‍വ്വം ഒരു ഗട്ടറിലേയ്ക്കു വണ്ടിചാടിച്ചിട്ടു ഞാന്‍ സംസാരമൊന്നു നിര്‍ത്തി. അധികം ചെല്ലുന്നതിനുമുമ്പ് ഒരുകവല, അവിടെയൊരു കുരിശുപള്ളി. പതിവുപോലെ വണങ്ങി. 
 
"സമയമുണ്ടല്ലോ, ഒരു കഥകൂടെ പറയാം. അതൊരു സന്യാസി അച്ചന്‍റെ കാര്യമാണ്. അവരുടെ വാര്‍ഷികധ്യാനം നടത്തിക്കഴിഞ്ഞ് തിരിച്ചു ബസിനുപോരാന്‍ ഞാന്‍ റെഡിയായിരുന്നെങ്കിലും, എന്നെ എന്‍റെ ആശ്രമത്തില്‍ കൊണ്ടെത്തിക്കാന്‍ ജീപ്പുമായി ഒരച്ചനെ അവരുടെ പ്രൊവിന്‍ഷ്യലച്ചന്‍ വിട്ടു. വണ്ടിയില്‍ കയറുന്നതിനുമുമ്പ് എന്‍റെ ബാഗുമായിവന്ന അച്ചന്‍ സ്വരംതാഴ്ത്തിപ്പറഞ്ഞു: "ഒരു പിരി ലേശം ലൂസാ, പോകുന്നവഴി കാണുന്നിടത്തെല്ലാം കുമ്പിടും, തമാശായിട്ടെടുത്താല്‍മതി." കാര്യം മനസ്സിലാകാതെ ഞാന്‍ ഫ്രണ്ട്സീറ്റില്‍ കയറി. വേറൊരച്ചന്‍ പിന്നിലും കയറി. ആശ്രമത്തിന്‍റെ ഗേറ്റുകടന്നപ്പോള്‍തന്നെ എതിര്‍വശത്തുണ്ടായിരുന്ന കുരിശുപള്ളിയിലെ പുണ്യാളനെ അദ്ദേഹം വണങ്ങി, ഞാനും. പത്തിരുനൂറുമീറ്ററു കഴിഞ്ഞു മെയിന്‍റോഡിലേക്കു കയറുന്നിടത്തു വലിയ ഒരാല്‍ത്തറയും അമ്പലവും. അവിടെയും അദ്ദേഹം തലകുനിച്ചു വണങ്ങി. അതെനിക്കു ചിലപ്പോള്‍തോന്നിയതായിരിക്കും എന്നോര്‍ത്തിരിക്കുമ്പോഴേയ്ക്കും വണ്ടി ടൗണിലെ നാല്ക്കവലയിലെത്തി, വലത്തേട്ടുതിരിഞ്ഞു, അവിടൊരു മുസ്ലീംപള്ളി. അവിടെയും അദ്ദേഹം നമിച്ചപ്പോള്‍ ലേശം പിരി ലൂസാണെന്ന മുന്നറിയിപ്പിന്‍റെ അര്‍ത്ഥം പിടികിട്ടി. ഞാന്‍ ധ്യാനത്തില്‍ പറഞ്ഞ അദ്ദേഹത്തിനിഷ്ടപ്പെട്ട പലകാര്യങ്ങളെയുംപറ്റി സംസാരിച്ചുകൊണ്ടു വണ്ടിയോടിക്കുന്നതിനിടയിലും പള്ളിയും അമ്പലവും കണ്ടിടത്തൊക്കെ ആചാരം ചെയ്യാന്‍ ആളു മറന്നില്ല.
 
"അച്ചനിങ്ങോട്ടു ചോദിക്കുമെന്നുകരുതിയ ഒരുകാര്യം അച്ചന്‍ മനപ്പൂര്‍വ്വം ചോദിക്കാത്തതാണെന്നെനിക്കുറപ്പാണ്. ലേശം പിരി ലൂസാണെന്നങ്ങേരു പറഞ്ഞതു ഞാന്‍ കേട്ടില്ലെന്നായിരിക്കും അച്ചനോര്‍ത്തത്. ഞാന്‍ ഏതു തമ്പുരാനിലാ വശ്വസിക്കുന്നതെന്നു ചോദിച്ചു മിക്കപ്പോഴും എല്ലാരുമെന്നെ കളിയാക്കാറുമുണ്ട്."
 
"സത്യം പറഞ്ഞാല്‍ വരുന്നവഴി എല്ലാ ദൈവങ്ങളെയും വിടാതെ വണങ്ങുന്നതുകണ്ടപ്പോള്‍ എനിക്കും അങ്ങനെ തോന്നി കേട്ടോ."
 
"ലേശം പിരി ലൂസാണെന്നു പറഞ്ഞതു ശരിയാണെന്നച്ചനും ഉറപ്പിച്ചുകാണും." ഒരു പൊട്ടിച്ചിരി. 
 
"ഉറപ്പിച്ചില്ല, സത്യായിട്ടും തോന്നി."
 
"ഞാന്‍ കേള്‍ക്കാതെ എന്‍റെ സുപ്പീര്യേഴ്സ്പോലും പറയാറുണ്ട്, എന്‍റപ്പനും വട്ടനാ, അതിന്‍റെ ബാക്കിയാ ഞാനെന്ന്. എന്നാലച്ചന്‍ കേട്ടോ; എന്‍റെപ്പന്‍ അല്പം ഇടതുപക്ഷചിന്താഗതിക്കാരനായിരുന്നു. പള്ളിയില്‍ പോകാന്‍ ഞങ്ങളെ നിര്‍ബ്ബന്ധിക്കാറില്ലായിരുന്നു. അമ്മ എന്നും പള്ളീല്‍ പോകുന്നതിനോട് ഒരിക്കലും തടസ്സംനിന്നിട്ടുമില്ല. ഇഷ്ടംപോലെ ദാനധര്‍മ്മം ചെയ്യും, പക്ഷെ അപ്പനുതോന്നിയാല്‍ മാത്രമെ പള്ളിക്കും പാര്‍ട്ടിക്കും കൊടുക്കുമായിരുന്നുള്ളു. ഞാന്‍ സെമിനാരീല്‍ ചേരുന്നെന്നു പറഞ്ഞപ്പോള്‍ നിന്‍റിഷ്ടംപോലെ ചെയ്തോളാന്‍മാത്രം പറഞ്ഞു. സെമിനാരീല്‍ എന്നെക്കാണാന്‍ അപ്പന്‍ ഒരിക്കലും വന്നിട്ടില്ല. അമ്മയും സഹോദരങ്ങളും വരുമായിരുന്നു. എന്‍റെ പട്ടത്തിനു ഞാന്‍പറഞ്ഞപ്പോള്‍ ഒരെതിര്‍പ്പുമില്ലാതെ പള്ളീല്‍വന്നു. ഭക്തിപൂര്‍വ്വം പങ്കെടുത്തു. അന്നു രാത്രീല്‍ തനിച്ചായപ്പോള്‍ അപ്പന്‍ എന്നോടു പറഞ്ഞു: അപ്പനും ദൈവവിശ്വാസിയാണെന്ന്, പക്ഷെ അപ്പന്‍റെ ദൈവത്തിനു ജാതീംമതോം ഇല്ലെന്ന്. മനസ്സറിഞ്ഞ് ആരുവിളിച്ചാലും കേള്‍ക്കുന്നവനാണ് ദൈവമെന്ന്. ഒരേയൊരു ദൈവമേയുള്ളു എന്നു പഠിപ്പിച്ചോളൂ, പക്ഷേ പട്ടക്കാരനായീന്നുകണ്ട് ഞാന്‍ വിശ്വസിക്കുന്ന ദൈവം മാത്രമാണു ദൈവമെന്നു പ്രസംഗിക്കരുതെന്ന്. പണ്ട് കണ്ണുപൊട്ടന്മാര് ആനെക്കാണാന്‍ പോയ കഥയും പറഞ്ഞു. ആനേടെ വാലില്‍പിടിച്ചവന്‍ ആന ചൂലുപോലെയാണെന്നും, കാലില്‍ പിടിച്ചവന്‍ ആന തൂണുപോലെയാണെന്നും, ചെവിയില്‍പിടിച്ചവന്‍ ആന മുറംപോലെയാണെന്നും, കൊമ്പില്‍പിടിച്ചവന്‍ ആന വായുരുണ്ട അരിവാളുപോലെയാണന്നും പറഞ്ഞപോലെയേ ഉള്ളു എല്ലാം. കാഴ്ചയുള്ളവന്‍ ദൈവത്തെക്കണ്ടാല്‍പിന്നെ കണ്ണുപൊട്ടനെ തള്ളിപ്പറയാന്‍ പറ്റില്ല. അവന്‍ അറിഞ്ഞ ദൈവത്തിലാണ് അവന്‍ വിശ്വസിക്കുന്നത്. അവനവന്‍ അറിയുന്ന ദൈവത്തെ വിളിച്ചാല്‍ ദൈവംകേള്‍ക്കും. ക്രസ്ത്യാനി പള്ളീല്‍ ആരാധിക്കുന്ന ദൈവത്തെത്തന്നെയാ അമ്പലത്തില്‍ ഹിന്ദുവും മോസ്ക്കില്‍ മുസ്ലീമും ആരാധിക്കുന്നത്. അതുകൊണ്ടു അവനോട് അമ്പലത്തില്‍ പോകാനാണു പറഞ്ഞതെന്നു ധരിക്കണ്ടാന്ന്, അവന്‍ വിശ്വസിക്കുന്ന ദൈവം പള്ളീലാണെങ്കില്‍ അവിടെത്തന്നെ പോണം. പക്ഷേ അമ്പലത്തില്‍ പോകുന്നവരോ മറ്റുമതങ്ങളിലുള്ളവരോ അവിശ്വാസികളാണെന്നു പഠിപ്പിക്കരുത്. ദൈവത്തെ ആരാധിക്കുന്ന സ്ഥലങ്ങളെല്ലാം, അത് ഏതു മതക്കാരന്‍റേതായാലും അതെല്ലാം 'ദൈവസ്ഥാനങ്ങളാണ്.' അവിടെ ദൈവമുണ്ട്. കാരണം ദൈവം ഒന്നേയുള്ളു. അന്നുവരെ ഒരുപദേശവും തന്നിട്ടില്ലാത്ത അപ്പന്‍ പിന്നീടും ഉപദേശിച്ചിട്ടില്ല. ഇക്കാര്യം ഒരിക്കല്‍ ഞാന്‍ പറഞ്ഞപ്പോള്‍ എന്‍റപ്പനു വട്ടാണെന്നെല്ലാരും പറഞ്ഞു. അച്ചന്‍റെ ചില ടോക്കുകള്‍ എന്‍റെ ചിലബോധ്യങ്ങളെ ശരിവയ്ക്കുന്നതാണെന്നു തോന്നിയതുകൊണ്ടാണിപ്പോളിതു പറയുന്നത്. എന്തായാലും അപ്പനന്നതു പറഞ്ഞതില്‍പിന്നെ ജാതീംമതവും നോക്കാതെ ഏത് ആരാധനാലയം കണ്ടാലും ഞാന്‍ വന്ദിക്കാറുണ്ട്. അതെല്ലാം അപ്പനന്നു പറഞ്ഞുതന്നതുപോലെ ദൈവസ്ഥാനങ്ങളാണെന്നു ഞാന്‍ വിശ്വസിക്കുന്നു. മറ്റുള്ളവരു എന്‍റെയും എന്‍റെ അപ്പന്‍റെയും പിരി ലൂസാണെന്നും വിശ്വസിക്കുന്നു." എന്നു പറഞ്ഞദ്ദേഹം ചിരിച്ചപ്പോള്‍ അതെനിക്കൊരു തിരിച്ചറിവും വെല്ലുവിളിയായിരുന്നു.
 
"അതുകൊണ്ടായിരിക്കും താനും വന്നവഴിക്കൊക്കെ വണങ്ങുന്നതുകണ്ടത്?" കൂട്ടുകാരനച്ചന്‍റെ കളിയാക്കിച്ചോദ്യം കേട്ട് എല്ലാവരും ചിരിച്ചു.
 
"എന്നെ ആസാക്കാനാ ഇങ്ങേരതു ചോദിച്ചതെന്നെനിക്കറിയാം. പക്ഷേ ആന ചൂലുപോലെയല്ല, ചൂലുമാത്രമാണെന്നു വിശ്വസിക്കുന്ന ബുദ്ധിരാക്ഷസന്മാരെന്നഭിമാനിക്കുന്ന മന്ദബുദ്ധികള്‍ മറുപടി അര്‍ഹിക്കുന്നില്ല." അതും പറഞ്ഞു തിരിച്ചടിച്ചു ഞാനുമവസാനിപ്പിച്ചു. പിന്നെയും പലവിഷയങ്ങളായി സംസാരം.
 
ഒരു കലാശക്കൊട്ടിനു തക്കംനോക്കിയായിരുന്നു പിന്നെയെന്‍റെ നീക്കം. രാത്രി ഒമ്പതുമണിയായിക്കാണും ഞങ്ങള്‍ അടുത്ത ടൗണിലെത്തിയപ്പോള്‍. മിക്ക കടകളും അടച്ചുകഴിഞ്ഞിരുന്നു. കടത്തിണ്ണകളിലൂടെ നോക്കിനോക്കി നീങ്ങിയപ്പോള്‍ ഏറ്റവും വെളിച്ചം കുറഞ്ഞ ഒരുമൂലയില്‍ ഒറ്റയ്ക്ക് ഒരാള്‍ ഭാണ്ഡക്കെട്ടു സൈഡിലുണ്ട്, ധര്‍മ്മക്കാരനാണെന്നുറപ്പ്. വണ്ടിനിര്‍ത്തി പായ്ക്കറ്റുമെടുത്ത് ആളിനടുത്തെത്തി. എന്തായിരിക്കും പ്രതികരണമെന്നറിയില്ല, എന്തായാലും വേറാരും കാണില്ലെന്നുറപ്പായിരുന്നതുകൊണ്ട്, വാങ്ങുമോ എന്നുറപ്പില്ലാതെ പൊതി അയാളുടെനേരെ നീട്ടിയിട്ടു പറഞ്ഞു: "അത്താഴമാണ്." നീട്ടിയ അയാളുടെ കൈയ്യിലേയ്ക്കു പൊതിയുംവച്ച് ഓടിവന്നു വണ്ടിയില്‍ കയറി. കാര്യമൊന്നും മനസ്സിലാകാതെ മൂകരായി എല്ലാവരും വണ്ടിയില്‍. 
 
കുറെ കഴിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു: "നിങ്ങളു കഴിച്ച അത്താഴത്തിന്‍റെ ബാക്കി പായ്ക്കുചെയ്യിച്ചു ഞാന്‍ വാങ്ങിയതായിരുന്നു ആ പായ്ക്കറ്റ്. അതുകൊണ്ടാണു നിങ്ങളുതന്നെ ബില്ലുതീര്‍ത്തതാണെന്നു ഞാനവിടുന്നു പറഞ്ഞത്. അതു കള്ളമല്ലായിരുന്നു. നിങ്ങളു കഴിച്ചതിന്‍റെ ബാക്കി നല്ലതുമാത്രമെടുത്തു പായ്ക്കുചെയ്തത് ഒരാള്‍ക്ക് അത്താഴത്തിനായി. വെയിസ്റ്റാക്കിക്കളഞ്ഞതു വേറെ. ഉച്ചയ്ക്ക് ഉണ്ടപ്പോള്‍ മേശപ്പുറത്തുവീണ ചോറെടുത്തു ഞാന്‍ പാത്രത്തിലിട്ടപ്പോള്‍ ഞാന്‍ വെറും പഞ്ഞത്തരം കാണിച്ചെന്നല്ലേ നിങ്ങള്‍ക്കു തോന്നിയത്. നാലഞ്ചുവയസ്സുണ്ടായിരുന്നപ്പോള്‍ നിലത്തുവീണ ചോറുപറുക്കിയെടുത്തുണ്ണാഞ്ഞതിന് എന്‍റെയമ്മ തവിക്കണകൊണ്ട് അടിയുംതന്നു പറഞ്ഞുതന്ന കാര്യമുണ്ട്, 'നീ കളയുന്ന മൂന്നുചോറ്, പാവപ്പെട്ട ഒരുകൊച്ചിന്‍റെ വായില്‍ ഒരുരുളച്ചോറാ'ണെന്ന്. ഇനിയും ആലോചിച്ചുനോക്ക് ലേശം പിര ലൂസ് എനിക്കാണോയെന്ന്. പിന്നത്തെ യാത്രയത്രയും മൗനത്തിലായിരുന്നു. ആ മേശയില്‍ വീണ ചോറാണിതിനെല്ലാം കാരണം!!

You can share this post!

തേങ്ങാമുറിപോയാലും...

ഫാ. ജോസ് വെട്ടിക്കാട്ട്
അടുത്ത രചന

കോഴി കൂവുന്നുണ്ട്

ഫാ. ജോസ് വെട്ടിക്കാട്ട്
Related Posts