news-details
കവർ സ്റ്റോറി

അസ്സീസിയിലെ വിശുദ്ധ വികൃതി

ലോകബോധങ്ങളുടെ തിരിച്ചിടല്‍ സുവിശേഷങ്ങളിലുടനീളമുണ്ട്. നിയമബദ്ധമായ ജീവിതത്തെ സ്നേഹബദ്ധമാക്കി മാറ്റുകയാണ് സുവിശേഷത്തിലെ ക്രിസ്തു. ഇസ്രായേലിന്‍റെ വിമോചനം, രാജത്വം തുടങ്ങിയ സങ്കല്പനങ്ങളെ തന്‍റെ വാക്കുകളിലൂടെ, ജീവിതത്തിലൂടെ അവന്‍ അട്ടിമറിച്ചു. ദൈവരാജ്യം സ്നേഹരാജ്യമായി പടരുകയായിരുന്നു അവനിലൂടെ. ദൈവം സ്നേഹമാണെന്ന പ്രബോധനമായിരുന്നു അവന്‍റെ പ്രവൃത്തികളുടെ കാതല്‍. വ്യഥകളുടെ ഭാണ്ഡംപേറി ജീവിതപാതകളില്‍ ഉഴറിയവരെ അവന്‍ സ്നേഹത്തിന്‍റെ പാതകളിലേക്കാനയിച്ചു. സ്നേഹത്തിന്‍റെ ഈ രാജപാതയില്‍ അവനെ കണ്ടുമുട്ടിയവരാണ് അത്ഭുതങ്ങളുടെ ആഴമറിഞ്ഞവര്‍. പ്രതീക്ഷയോടെ തന്നെ കാത്തിരുന്ന ജനതയുടെ ദൈവസങ്കല്പങ്ങളെയും തിരുത്തിയാണ് അവന്‍റെ ജീവിതയാത്ര. സര്‍വശക്തന്‍ പിറക്കാനിടമില്ലാതെ അലയുന്നതു മുതല്‍ കുരിശിലെ പരിഹാസങ്ങളോളം ചെറുതാകുന്നതിലും മുറിവുകളോടെ ഉയിര്‍ക്കുന്നതിലുംവരെ തുടരുകയാണ് ഈ അട്ടിമറികള്‍. കാണുന്നവരില്‍ അമ്പരപ്പുളവാക്കുന്ന, മനുഷ്യനെന്നു തോന്നാത്തവിധം വിരൂപനായ കര്‍ത്താവിന്‍റെ ദാസനെ സംബന്ധിച്ച ഏശയ്യായുടെ പ്രവചനങ്ങള്‍ ആ ജനതയ്ക്ക് അജ്ഞാതമായിരുന്നില്ല. എന്നാല്‍ കാലം നിര്‍മ്മിച്ച ലോകബോധങ്ങള്‍ക്കും രാജസങ്കല്പങ്ങള്‍ക്കും അനുഗുണമായി ദൈവരാജ്യത്തെയും ക്രിസ്തുവിന്‍റെ രാജത്വത്തെയും മനസ്സിലാക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട ജനത ശീലിച്ചതിന്‍റെ തുടര്‍ച്ചയിലാണ് ഈ അട്ടിമറികള്‍ ആവശ്യമായത്.

 

തന്‍റെ ശിഷ്യരുടെ ജീവിതപാത ക്രിസ്തു ഒരുക്കി നല്കിയത് സ്വജീവിതത്താലാണ്. താന്‍ നടന്ന വഴിയേ നടക്കാനാണ് ക്രിസ്തുവിന്‍റെ ആഹ്വാനം. അത് സ്നേഹത്തിന്‍റെയും സഹനത്തിന്‍റെയും എളിമപ്പെടലിന്‍റെയും പാതയാണ്; കുരിശുകളെ സന്തോഷത്തോടെ സ്വീകരിക്കുന്ന ജീവിതമാണ്. ക്രിസ്തുശിഷ്യരുടെ ഈ ജീവിതപാതയെ സമ്പത്തിന്‍റെയും അധികാരത്തിന്‍റെയും തൊങ്ങലുകളാല്‍ സുഖകരമാക്കാന്‍ ശ്രമിക്കുമ്പോള്‍ യഥാര്‍ത്ഥ ക്രൈസ്തവ ചൈതന്യത്തിനു മങ്ങലേല്ക്കുന്നു. ആര്‍ഭാടത്തിന്‍റെയും ആധിപത്യത്തിന്‍റെയും ശൈലികള്‍ ക്രൈസ്തവജീവിതത്തോടു ചേര്‍ക്കപ്പെടുന്നിടത്തൊക്കെ ചില അട്ടിമറികള്‍ ആവശ്യമാകുന്നു. ദൈവത്തില്‍ നിന്നകന്ന് നിയമങ്ങളിലേക്കും ആചാരാനുഷ്ഠാനങ്ങളിലേക്കും ചുരുങ്ങിയ ജനതയുടെ ഇടയില്‍ ക്രിസ്തു സാധ്യമാക്കിയ അട്ടിമറികള്‍ സമ്പത്തിന്‍റെ പ്രതാപത്തിലേക്കും ധൂര്‍ത്തിലേക്കും തിരിഞ്ഞ സഭയില്‍ തുടര്‍ന്നവനെ ലോകം രണ്ടാം ക്രിസ്തുവെന്നു വിളിച്ചു.

 


ഓരോ സമൂഹവും കാലത്തിനും തങ്ങളുടെ അറിവിനും അനുസൃതമായി ജീവിതദര്‍ശനങ്ങളും ലോകബോധവും നിര്‍മിക്കുന്നു. ഇതോടു ചേര്‍ന്നു പോകുന്നവ സമൂഹത്തില്‍ സ്വീകാര്യതയും അംഗീകാരവും നേടുമ്പോള്‍ വിരുദ്ധമായവ വിമര്‍ശനത്തിനും ശിക്ഷയ്ക്കും വിധേയമാക്കപ്പെടുന്നു. ചെറുപ്രായത്തില്‍, അറിവുറയ്ക്കാത്ത ഘട്ടത്തില്‍ കുട്ടികള്‍ ചെയ്യുന്ന പ്രവൃത്തികള്‍ ഉത്തമമെന്നോ വികൃതിയെന്നോ എണ്ണപ്പെടുന്നതും ഈ ലോകബോധത്തിലൂന്നിയാണ്. താന്‍ ജീവിച്ചിരുന്ന സമൂഹം പുലര്‍ത്തിയിരുന്ന മൂല്യക്രമങ്ങളെ, ഉത്തമാധമബോധങ്ങളെ മുന്‍നിര്‍ത്തിയാല്‍ തികഞ്ഞ വികൃതിയായിരുന്നു അസ്സീസിയിലെ ഫ്രാന്‍സിസിന്‍റെ ജീവിതം. ലോകം വികൃതിയായെണ്ണിയവ ദൈവസന്നിധിയില്‍ വിശുദ്ധ പുഷ്പങ്ങളായി വിരിഞ്ഞപ്പോള്‍ സ്വര്‍ഗ്ഗം അവനെ വിളിച്ചു: അസ്സീസിയിലെ വിശുദ്ധ വികൃതി.

അവന്‍റെ പ്രവൃത്തികളെ ഭ്രാന്തായി കരുതിയവര്‍ വിരളമായിരുന്നില്ല. പണത്തെ പ്രധാനമായി കരുതിയ ലോകത്ത് വായില്‍ സ്വര്‍ണ്ണക്കരണ്ടിയുമായി പിറന്നവന്‍ പിച്ചച്ചട്ടിയുടെ ജീവിതത്തെ സന്തോഷത്തോടെ സ്വീകരിക്കുന്നത് സ്വാഭാവിക പ്രവൃത്തിയല്ലല്ലോ. പട്ടുവ്യാപാരിയുടെ മകന്‍ ചണവസ്ത്രത്തിന്‍റെ ആനന്ദത്തിലേക്കു തിരിയുന്നതും ലോകബുദ്ധിക്ക് ഉള്‍ക്കൊള്ളുക പ്രയാസമാണ്. തിന്നുകുടിച്ചാഘോഷമാക്കിയ ജീവിതം ദാരിദ്ര്യത്തെ മണവാട്ടിയാക്കുന്നതിന്‍റെ യുക്തിയും ലോകത്തിനു തിരിയുകയില്ല. 'പണമുണ്ടാക്കുക, ധനവാനാകുക, സ്വര്‍ണ്ണമുപയോഗിച്ചു പടച്ചട്ട നിര്‍മ്മിക്കുക, പ്രഭുപദവി നേടുക.... ഒരാള്‍ നിന്‍റെ ഒരു പല്ലിളക്കിയാല്‍ അവന്‍റെ അണയിലെ പല്ലു മുഴുവന്‍ തല്ലിക്കൊഴിക്കണം, നിന്നെ സ്നേഹിക്കാനല്ല ഭയപ്പെടാനാണ് ജനങ്ങളെ പഠിപ്പിക്കേണ്ടത്. ക്ഷമ പാടില്ല, തിരിച്ചടിക്കണം' ഫ്രാന്‍സിസിന്‍റെ അപ്പന്‍റെ ഈ കല്പനകളില്‍ അവര്‍ ജീവിച്ച സമൂഹത്തിന്‍റെ ലോകവീക്ഷണങ്ങള്‍ ഉള്ളടങ്ങിയിട്ടുണ്ട്. ഈ ലോകക്രമത്തെയാണ് ജീവിതത്താല്‍ ഫ്രാന്‍സിസ് അട്ടിമറിച്ചത്.

 

ആളുകള്‍ക്കിടയിലായിരിക്കുമ്പോള്‍ അത്യാഹ്ളാദത്തോടെ ചാടിമറിയുന്ന, നൃത്തം വയ്ക്കുന്ന, ചെറുകമ്പുകള്‍ കൂട്ടിവച്ചുണ്ടാക്കുന്ന വയലിന്‍ അകമ്പടിയാക്കി താന്‍ രചിച്ച ഭക്തിഗാനങ്ങളാലപിക്കുന്ന ഫ്രാന്‍സിസ്. ഒറ്റയ്ക്കാകുമ്പോള്‍ നെഞ്ചിലിടിച്ച്, മുള്ളുകള്‍ക്കിടയില്‍ കിടന്നുരുണ്ട് കൈകള്‍ സ്വര്‍ഗ്ഗത്തിലേക്കുയര്‍ത്തി കരയുന്ന ഫ്രാന്‍സിസ്. പൂര്‍ണചന്ദ്രന്‍റെ പൂനിലാവിനെ കാട്ടിക്കൊടുക്കാന്‍ സാന്‍റൂഫിനോ പള്ളിയുടെ വലിയ മണികള്‍ മുഴക്കി അസ്സീസി നഗരത്തെ വിളിച്ചുണര്‍ത്തിയ ഫ്രാന്‍സിസ്. രുചിയേറിയ ഭക്ഷണത്തില്‍ ചാരം വിതറി ഭക്ഷിക്കുന്ന ഫ്രാന്‍സിസ്. ലോകം ദൈവവിരുദ്ധമല്ലെന്നും ദൈവത്തിന്‍റെ ഓമനപ്പുത്രിയാണു സൗന്ദര്യമെന്നും സന്ന്യാസ സങ്കല്പങ്ങളെ തിരുത്തി വായിച്ച ഫ്രാന്‍സിസ്. പ്രാര്‍ത്ഥനയ്ക്ക് അന്നോളം കല്പിക്കപ്പെട്ട നിര്‍വചനങ്ങളെ കൈവെടിഞ്ഞ് ജീവിതമാകെ പ്രാര്‍ത്ഥനയും ദൈവാന്വേഷണവുമാക്കിത്തീര്‍ത്ത ഫ്രാന്‍സിസ്. ചുറ്റുമുള്ള ലോകത്തിന് ഉള്‍ക്കൊള്ളാനാകുന്നതിപ്പുറം സ്നേഹത്തോടെ ക്രിസ്തുവിനെ അനുകരിച്ച ഫ്രാന്‍സിസ്. കുഷ്ഠരോഗിയെ ആട്ടിയോടിക്കാന്‍ നിഷ്കര്‍ഷിക്കുന്ന സമൂഹത്തില്‍ ആട്ടിയകറ്റലിനു പകരം ചേര്‍ത്തണയ്ക്കുന്ന വികൃതിയാണത്; ദൈവവും സ്വര്‍ഗ്ഗവും അകലങ്ങളിലല്ല നമ്മുടെ ഉള്ളില്‍ത്തന്നെയെന്നു തിരിച്ചറിയുന്ന വിശുദ്ധിയാണത്.

 

ലോകയുക്തിക്ക് അജ്ഞാതവും ഒരു പരിധിവരെ അപ്രാപ്യവുമാണ് ദൈവത്തിന്‍റെ / സ്വര്‍ഗ്ഗത്തിന്‍റെ യുക്തികള്‍. സഭയെ സംരക്ഷിക്കുകയെന്ന ദൈവികാഹ്വാനത്തെ പൊട്ടിപ്പൊളിഞ്ഞ സാന്‍ദാമിയാനോ പള്ളി പുതുക്കിപ്പണിയാനുള്ള ക്ഷണമായി കരുതുക ലൗകികയുക്തിയാണ്. എന്നാല്‍ സഭയുടെ പടുത്തുയര്‍ത്തല്‍ സാധ്യമാകുന്നത് ആത്മാവിനെ വിശുദ്ധിയിലേക്ക് ആനയിച്ചുകൊണ്ടാണെന്നു തിരിച്ചറിയാന്‍ ലൗകികയുക്തിക്ക് അതീതമായി ചിന്തിക്കേണ്ടതുണ്ട്. വിശ്വാസം സംരക്ഷിക്കാനുള്ള ആഹ്വാനങ്ങളും കോലാഹലങ്ങളും ചുറ്റും നിറയുമ്പോള്‍ ആത്മനവീകരണത്തിലൂടെ വിശ്വാസത്തിലുറയ്ക്കാനും വിശുദ്ധിയില്‍ വളരാനും കഴിയുമ്പോഴാണ് അസ്സീസിയിലെ ഫ്രാന്‍സിസിന്‍റെ സ്മരണകള്‍ ദീപ്തമാകുന്നത്. തന്നെ സംരക്ഷിക്കാന്‍ വാളുയര്‍ത്തിയ പത്രോസിനോട് വാളുറയിലിടാന്‍ കല്പിച്ച ക്രിസ്തു, ശിഷ്യനെ ക്ഷണിക്കുന്നത് കുരിശിന്‍റെ പാതയിലൂടെ നടന്ന്  വിശുദ്ധി പ്രാപിക്കാനാണെന്നും ഓര്‍മിക്കണം.

 

'അവിശ്വാസികള്‍ക്കും അബദ്ധവിശ്വാസികള്‍ക്കുമെതിരെ യുദ്ധം ചെയ്യുന്ന സഭയാണ് എന്‍റെ സഭ' എന്നൂറ്റം കൊള്ളുന്ന ഡൊമിനിക്കിനോട് "പാപികളെ കൊന്നു പാപം കൊല്ലാനല്ല എന്‍റെ പരിപാടി. അധര്‍മ്മികള്‍ക്കും അവിശ്വാസികള്‍ക്കുമെതിരെ യുദ്ധം ചെയ്യാനും എനിക്കു പരിപാടിയില്ല. ഞാന്‍ സ്നേഹം പ്രസംഗിക്കും, സ്നേഹിക്കും. എനിക്കു വേണ്ടത് അനുരഞ്ജനമാണ്, ഐക്യമാണ്, സഹോദരസ്നേഹമാണ്" എന്നു വ്യക്തമാക്കുന്നിടത്ത് അസ്സീസിയിലെ വികൃതിക്കാരന്‍ രണ്ടാം ക്രിസ്തുവായി രൂപാന്തരപ്പെടുന്നു.

 

'ഫ്രാന്‍സിസ്, സ്വയം അണയൂ; അല്ലെങ്കില്‍ ഈ ലോകത്തിനു തീ പിടിക്കും' ദൈവത്തിന്‍റെ നിസ്സ്വനില്‍ (കസാന്‍ദ്സാക്കിസ്) ലിയോയുടെ അപേക്ഷയാണിത്. ലോകത്തെ എരിയിക്കാന്‍, ലോകത്തിനു വഴികാട്ടാന്‍ ഫ്രാന്‍സിസുമാര്‍ തെളിയേണ്ട കാലമാണിത്.

You can share this post!

വീട് പണിതവന്‍റെ വീട്

ജോര്‍ജ് വലിയപാടത്ത് കപ്പൂച്ചിന്‍
അടുത്ത രചന

രാഖി

ഷാജി സി. എം. ഐ.
Related Posts