news-details
മറ്റുലേഖനങ്ങൾ

ഫ്രാന്‍സിസിന്‍റെ വോള്‍ട്ടിറ എഴുത്ത് (Volterra Text...) ഒരു പുതുവായന

ഫ്രാന്‍സിസിനെ നമ്മള്‍ അറിയുന്നത് പല സ്രോതസ്സിലൂടെയാണ്: അതില്‍ ഫ്രാന്‍സിസ്കന്‍ ലിഖിതങ്ങളും ജീവചരിത്രങ്ങളും ഫ്രാന്‍സിസിന്‍റെ കാലത്തും തുടര്‍ന്നും ഉണ്ടായിട്ടുള്ള മാര്‍പാപ്പമാരുടെ രേഖകളും ഫ്രാന്‍സിസ്കന്‍ സഭയ്ക്ക് അകത്തുനിന്നും പുറത്തുനിന്നും ഉള്ള സാക്ഷ്യങ്ങളും ഉള്‍പ്പെടുന്നു. ഫ്രാന്‍സിസ്കന്‍ ലിഖിതങ്ങള്‍, സൂര്യകീര്‍ത്തനവും ക്ലാര സഹോദരിമാര്‍ക്ക് നല്‍കിയ അനുശാസനവും ഒഴികെ, എല്ലാം ലാറ്റിന്‍ ഭാഷയിലാണ് രചിക്കപ്പെട്ടിട്ടുള്ളത്; മേല്‍ പറഞ്ഞ രണ്ടും ഉബ്രിയയില്‍ ഉണ്ടായിരുന്ന പ്രാദേശിക ഭാഷയിലുമാണ് എഴുതിയിട്ടുള്ളത്. തന്നെതന്നെ ഫ്രാന്‍സിസ് ""Simplex at Idiotus'' (വില്‍പത്രത്തില്‍) ""Simple at Ignoranus'' (ഫ്രാന്‍സിസ് സകല സഭാംഗങ്ങള്‍ക്കുമായി എഴുതിയ കത്ത്) എന്നാണ് വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ ഒട്ടും എഴുത്തും വായനയും അറിയാത്തവനായിരുന്നില്ല ഫ്രാന്‍സിസ്.

സെന്‍റ് ജോര്‍ജ് ദേവാലയത്തിനോട് ചേര്‍ന്ന സഭയുടെ തന്നെ സ്കൂളില്‍ പന്ത്രണ്ട് വയസ്സുവരെയെങ്കിലും ഫ്രാന്‍സിസ് പഠിച്ചിട്ടുണ്ടാകാം എന്ന് കരുതി പോരുന്നു. ഫ്രാന്‍സിസ്കന്‍ ലിഖിതങ്ങളുടെ കൈയെഴുത്തു പ്രതികള്‍ ""Cordex 338'" ഇന്നും അസ്സീസിയിലെ Sacro Convento യില്‍ നമുക്ക് കാണാന്‍ സാധിക്കും. ഫ്രാന്‍സിസ്കന്‍ ലിഖിതങ്ങളുടെ സമാഹരണത്തിലും അവയുടെ പഠനത്തിലും;  Luke Wadding, Paul Sabatier, Walter Goetz, Leonard Lemmes, Kajetan Esser, Carlo Paolazzi എന്നിവയുടെ സേവനങ്ങള്‍ ഏറെ നിര്‍ണ്ണായകമാണ്.

 

ഒരു സഭ സ്ഥാപിക്കുന്നതിനോ നിയമാവലി രചിക്കുന്നതിനോ ഫ്രാന്‍സിസ് ഒരിക്കല്‍പോലും ആഗ്രഹിച്ചു കാണാന്‍ വഴിയില്ല. എന്ത് തന്നെ ആയാലും മൂന്ന് സഭകള്‍ സ്ഥാപിക്കുകയും അവയുടെ നിയമാവലികള്‍ തയ്യാറാക്കുന്നതില്‍ ആ പാവം ആത്മാവ് സുപ്രധാന പങ്കുവഹിച്ചു.

 

ഫ്രാന്‍സിസ്കന്‍ രചനകളില്‍, ഫ്രാന്‍സിസ് പണ്ടേ സഹോദരീ സഹോദരന്മാര്‍ക്കായി എഴുതിയവയില്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്നതാണ് 'സമസ്ത വിശ്വാസികള്‍ക്കായി എഴുതപ്പെട്ട ആദ്യ കത്ത്'. 1900 ല്‍ Paul Sabatier ഇറ്റലിയിലെ  Volterra എന്ന പ്രദേശത്തെ Guarnacci ലൈബ്രറിയില്‍ നിന്ന് ഈ കത്തിന്‍റെ ഒരേ ഒരു കൈയ്യെഴുത്തു പ്രതി, Codex 225 ല്‍ കണ്ടെത്തി. അദ്ദേഹം ഈ ഫ്രാന്‍സിസ്കന്‍ ലിഖിതത്തിന് നല്‍കിയ തലക്കെട്ട് "ജീവന്‍റെയും രക്ഷയുടെയും വാക്കുകളാണ് ഇവ. ആരെല്ലാം ഇവ വായിക്കുകയും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്നുവോ അവര്‍ കര്‍ത്താവിന്‍റെ ജീവനും രക്ഷയും നേടും". ഫ്രാന്‍സിസിന്‍റെ ലിഖിതങ്ങളില്‍ സമസ്ത വിശ്വാസികള്‍ക്കുള്ള കത്ത് എന്ന പേരില്‍ അറിയപ്പെട്ടിരുന്നത് ഇപ്പോള്‍ നാം സമസ്ത വിശ്വാസികള്‍ക്കുളള രണ്ടാമത്തെ കത്തായി അറിയുന്ന ലിഖിതം മാത്രം ആയിരുന്നു. ഫ്രാന്‍സിസിന്‍റെതായി Sabatier കണ്ടെടുത്ത ലിഖിതത്തിന് Volterra Text എന്നും, Recensio Prior എന്നും വിശ്വാസികള്‍ക്കുള്ള ആദ്യനിയമം എന്നും... പല പേരുകളാല്‍ അറിയപ്പെടുന്നു. ഫ്രാന്‍സിസ്കന്‍ പണ്ഡിതയായ Margaret Carney "പതിനാലു പേരുകളോടു കൂടിയ ലിഖിതം" എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. Franciscan Herald Press 1973 ല്‍ Omnibus പുറത്തിറക്കിയപ്പോള്‍ ഫ്രാന്‍സിസിന്‍റെ ഈ കത്ത് അതില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല, Kaetan Esser ഫ്രാന്‍സിസ്കന്‍ ലിഖിതങ്ങളുടെ ക്രിറ്റിക്കല്‍ എഡിക്ഷന്‍ 1976 ല്‍ പ്രസിദ്ധീകരിച്ചപ്പോള്‍ ഈ കത്ത് ആദ്യമായി ഉള്‍പ്പെടുത്തി, അങ്ങിനെ Paul Sabatier 1900 ല്‍ കണ്ടെടുത്ത ഈ കത്ത് എഴുപത്തിയഞ്ച് വര്‍ഷങ്ങള്‍ എടുത്തു ഫ്രാന്‍സിസ്കന്‍ ലിഖിതങ്ങളില്‍ വളരെയധികം വിലപ്പെട്ട ഒന്നാണ് എന്ന് പണ്ഡിത സമൂഹം തിരിച്ചറിയാന്‍.

Kajetan Esser, Brother Leonard Lehman എന്നിവര്‍ ഒന്നാം കത്താണ് ആദ്യത്തേത് എന്നും, രണ്ടാമത്തേത് ഒന്നാമത്തേതിന്‍റെ വികസിത രൂപമാണെന്നും സ്ഥാപിക്കുമ്പോള്‍ പണ്ഡിതരായ David Flood, Michael Cusato എന്നിവര്‍ നേര്‍ വിപരീതമായ അഭിപ്രായമാണ് സ്വീകരിക്കുന്നത്. 1213 - 1215 കാലഘട്ടത്തില്‍ ആയിരിക്കണം ഒന്നാം കത്തിന്‍റെ രചന നടന്നിട്ടുള്ളത്. അതിനു മുന്‍പായി ഫ്രാന്‍സിസ്കന്‍ സഭയില്‍ നിയമമായി കരുതാവുന്ന രണ്ട് രചനകളെ ഉണ്ടായിട്ടുള്ളു. അതില്‍ ഒന്ന് 1209 ല്‍ ഫ്രാന്‍സിസും സഹോദരരും ഇന്നസെന്‍റ് മൂന്നാമന്‍ മാര്‍പാപ്പയെ ചെന്ന് കണ്ട് വാക്കാല്‍ അനുമതി ലഭിച്ച നിയമാവലിയുടെ ലിഖിത രൂപമാണ്. മറ്റൊന്ന് 1212 ല്‍ ക്ലാര സഹോദരിമാര്‍ക്കായി ഫ്രാന്‍സിസ് നല്‍കിയ നിയമമാണ്. ഒന്നാം കത്ത് പ്രത്യേകമാംവിധം പ്രായശ്ചത്യത്തിന്‍റെ ജീവിതരീതി സ്വീകരിച്ച അല്‍മായരായ സഹോദരീ-സഹോദരന്മാരും (Brothers - Sisters living a life of Penance) രണ്ടാമത് ആകട്ടെ സകല ക്രിസ്ത്യാനികള്‍ക്കും (Universal Christians) വേണ്ടിയുളളതായി കരുതി പോരുന്നു. 1978 ലെ പോള്‍ ആറാമന്‍ മാര്‍പാപ്പ അംഗീകരിച്ച Secular Franciscan സഭയുടെ നിയമാവലിയുടെയും 1982-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ അംഗീകരിച്ച Third Order നിയമാവലിയുടെയും ആമുഖമായി നല്‍കിയിട്ടുള്ളത് സമസ്ത വിശ്വാസികള്‍ക്കുള്ള ഒന്നാം കത്താണ് എന്നത് ഇതിനെക്കുറിച്ചുള്ള പഠനത്തിന്‍റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു.

പ്രായശ്ചിത്ത പ്രവൃത്തികളില്‍ വ്യാപൃതരായിരിക്കുന്ന സഹോദരീസഹോദരന്മാരെ ചരിത്രത്തില്‍ ഫ്രാന്‍സിസിനു മുന്‍പുതന്നെ കാണാന്‍ സാധിക്കും. എന്നാല്‍ തിരുസഭക്കും മാര്‍പാപ്പയുടെ നിയമങ്ങള്‍ പൂര്‍ണ്ണമായി വിധേയത്വം പാലിച്ച ഒരു കൂട്ടായ്മയെയാണ് ഫ്രാന്‍സിസ് വാര്‍ത്തെടുത്തത്. ഈ കത്തിന്‍റെ ഓരോ വരികളിലും ഫ്രാന്‍സിസ് ഇതിനായി ശ്രമിക്കുന്നത് നമുക്ക് അനുഭവിച്ച് അറിയാം.

കത്തിന്‍റെ ഒന്നാം ഭാഗത്ത് പ്രായശ്ചിത്ത പ്രവൃത്തികളില്‍ വ്യാപൃതരായിരിക്കേണ്ടവര്‍ക്കുള്ള മനോഭാവം താഴെ പറയുന്ന പ്രകാരം രേഖപ്പെടുത്തുന്നു.
1. പൂര്‍ണ്ണ ഹൃദയത്തോടെ കര്‍ത്താവിനോടുളള സ്നേഹം.
2. അയല്‍ക്കാരെ തങ്ങളെപ്പോലെ തന്നെ സ്നേഹിക്കേണ്ട ആവശ്യകത.
3. ശരീരത്തെ അവയുടെ ദുര്‍ഗുണങ്ങളോടും, പാപങ്ങളോടും കൂടെയുള്ള വെറുപ്പ്.
4. യേശുവിന്‍റെ തിരുശരീരവും തിരുരക്തവും സ്വീകരിക്കുക എന്ന ധര്‍മ്മം.
5. പ്രായശ്ചിത്തത്തിനുതകുന്ന ഫലങ്ങള്‍ പുറപ്പെടുവിക്കണം.

ഇപ്രകാരം മേല്‍പറഞ്ഞ പ്രകാരത്തില്‍ ജീവിക്കുന്നവരില്‍ കര്‍ത്താവിന്‍റെ ആത്മാവ് നിവസിക്കുന്നു. ഇവര്‍ യേശുക്രിസ്തുവിന്‍റെ മക്കളും മണവാട്ടിമാരും സഹോദരീസഹോദരന്മാരും അമ്മമാരും ആയിത്തീരും.

തുടര്‍ന്ന് എപ്രകാരമാണ് മേല്‍പറഞ്ഞ ഓരോ മനുഷ്യഭാവങ്ങളും വിശ്വാസികള്‍ നേടുന്നുവെന്ന് ഫ്രാന്‍സിസ് സുവിശേഷാസ്പദമായി വരച്ചു കാട്ടുന്നു. പിതാവായ ദൈവം യേശുവിന് കരുതല്‍ നല്‍കുന്നപോലെ യേശു തന്‍റെ അനുയായികള്‍ക്ക് കരുതല്‍ നല്‍കുന്നു.

തുടര്‍ന്ന് ഫ്രാന്‍സിസ് യോഹന്നാന്‍റെ സുവിശേഷത്തിലെ 17-ാം അധ്യായത്തില്‍ നിന്ന് യേശുവിന്‍റെ പൗരോഹിത്യ പ്രാര്‍ത്ഥന മേല്‍പറഞ്ഞതിനെ സ്ഥിരീകരിക്കുന്നതിനായി വിളംബരം ചെയ്യുന്നു.

കത്തിന്‍റെ രണ്ടാം ഭാഗം പ്രായശ്ചിത്ത പ്രവൃത്തികള്‍ അനുഷ്ഠിക്കാത്തവര്‍ക്ക് ഉള്ളതാണ്, അങ്ങിനെയുള്ളവര്‍,
1. പ്രായശ്ചിത്ത പ്രവൃത്തികളില്‍ വ്യാപൃതരല്ല.
2. ക്രിസ്തുവിന്‍റെ ശരീര രക്തങ്ങള്‍ സ്വീകരിക്കുകയോ കൂദാശ ജീവിതത്തില്‍ പങ്കെടുക്കാത്തവരുമാണ്.
3. അവര്‍ ജഡിക മോഹങ്ങളിലും പാപത്തിലും മുഴുകി ജീവിക്കുന്നു.
4. കര്‍ത്താവിന്‍റെ ആധ്യാത്മിക ജ്ഞാനം ഇല്ലാത്തവരാണ് ഇവര്‍.
5. തിന്മ പ്രവൃത്തിക്കുന്നതു മൂലം സ്വന്തം ആത്മാക്കളെ നഷ്ടപ്പെടുത്തുന്നു.
തുടര്‍ന്നുള്ള ഭാഗങ്ങള്‍ പിശാചിന്‍റെ അടിമകളായി തീരുന്നവരും പ്രായശ്ചിത്തപ്രവൃത്തികളില്‍ വ്യാപൃതരാകാത്തവരുമായ സഹോദരീ സഹോദരന്മാര്‍ക്ക് ഈ ലോകത്തിലും അതിനുശേഷവും ഉണ്ടാകാവുന്ന അവര്‍ണ്ണനീയമായ ക്ലേശങ്ങളുടെയും സഹനങ്ങളുടെയും ആധ്യാത്മികവും ശാരീരികവുമായ അവസ്ഥ മനസ്സിലേക്ക് തുളച്ച് കയറുംവിധം ഫ്രാന്‍സിസ് സുവിശേഷ ഭാഗങ്ങള്‍ ഉപയോഗിച്ചുകൊണ്ട് വരച്ച് കാട്ടുന്നു. ഈ കത്തില്‍ ഉള്ള ഉപശീര്‍ഷകങ്ങള്‍ ഫ്രാന്‍സീസിന്‍റെതാണോ അതോ തുടര്‍ന്ന് വന്ന തര്‍ജ്ജമകളിലൂടെ നമുക്ക് ലഭിച്ചതാണോ എന്ന് നിര്‍ണ്ണയിക്കാന്‍ എളുപ്പമല്ല.

ഫ്രാന്‍സിസ് തന്‍റെ എല്ലാ രചനകളും മാറ്റം കൂടാതെ സൂക്ഷിക്കപ്പെടണമെന്നും അത് തന്‍റെ സഹോദരര്‍ക്കായ് നല്‍കണമെന്നും ആഗ്രഹിച്ചിരുന്നു. ഈ ആഗ്രഹം സമസ്ത വിശ്വാസികള്‍ക്ക് ഉള്ള ഒരു കത്തിന്‍റെ അവസാനഭാഗത്തും ദര്‍ശിക്കാന്‍ സാധിക്കും. കാരണം ഇവ ആത്മാവും ജീവനും ആകുന്നതായി (യോഹ. 6:63) ഫ്രാന്‍സിസ് അറിയിക്കുന്നു.

വായിക്കാന്‍ അറിയാത്തവര്‍ തങ്ങള്‍ക്ക് വേണ്ടി  മറ്റുള്ളവരെക്കൊണ്ട് കൂടെക്കൂടെ വായിപ്പിക്കണം എന്നും ഓര്‍മ്മപ്പെടുത്തുന്നു.

ഇവ ചെയ്യാത്തവര്‍ ആരുതന്നെ ആയാലും വിധി ദിവസത്തില്‍ നമ്മുടെ കര്‍ത്താവീശോമിശിഹായുടെ ന്യായാസനത്തിനു മുമ്പാകെ കണക്കു കൊടുക്കേണ്ടിവരുമെന്ന് ഉദ്ബോധിപ്പിക്കുന്നു. ഇപ്രകാരം അറിയിച്ചുകൊണ്ടാണ് ഫ്രാന്‍സിസ് തന്‍റെ കത്ത് ചുരുക്കുന്നത്.

ഫ്രാന്‍സിസ്കന്‍ സഹോദരീ സഹോദരന്മാരും ഫ്രാന്‍സിസിനെ സ്നേഹിക്കുന്നവരും സമസ്ത വിശ്വാസികള്‍ക്കായി എഴുതുന്ന ഈ ഒന്നാം കത്ത് പഠനവിഷയമാക്കുന്നത് ഏറെ പ്രയോജനകരമായിരിക്കും.

You can share this post!

പാരിജാതം പോലൊരു പെണ്‍കുട്ടി

ആന്‍റണി അല്‍ഫോന്‍സ് കപ്പൂച്ചിന്‍
അടുത്ത രചന

ബുദ്ധനും സോര്‍ബയും

സഖേര്‍
Related Posts