news-details
ഇടിയും മിന്നലും

കാണാന്‍ ആഗ്രഹമുണ്ടെന്നും പറഞ്ഞു പലപ്രാവശ്യം വിളിച്ചിട്ടും കൊറോണാക്കാലമായതുകൊണ്ട് ചെല്ലാതിരുന്നപ്പോള്‍ അങ്ങേരുടെ അവസാനത്തെ പ്രയോഗം: 

"വയസ്സു തൊണ്ണൂറു കഴിഞ്ഞു. കാര്യമായ ആരോഗ്യപ്രശ്നമൊന്നുമില്ലെങ്കിലും എപ്പളാ കൊറോണന്‍ വരുന്നതെന്നറിയത്തില്ല. അങ്ങോട്ടുവരാന്‍ നിവൃത്തിയില്ലാത്തതുകൊണ്ടാ ഇങ്ങോട്ടുവരാമോന്നു ചോദിച്ചത്. കാണാന്‍ പറ്റാതെങ്ങാനും തട്ടിപ്പോയാല്‍ പ്രേതമായിട്ടു ഞാന്‍വരും, പറഞ്ഞേക്കാം."

നല്ല പ്രായത്തില്‍ അപകടത്തില്‍പെട്ട് ഇടതുകാലും വലതുകൈയ്യുടെ സ്വാധീനവും നഷ്ടപ്പെട്ട, വയസ്സു തൊണ്ണൂറുകഴിഞ്ഞെങ്കിലും സാമാന്യം നല്ല ആരോഗ്യമുള്ള ഒരു ദീര്‍ഘകാല സുഹൃത്തിന്‍റെ ഭീഷണി! എന്തിലും നന്മകാണുന്ന ഒരു നല്ല മനുഷ്യന്‍. കാലും കൈയ്യുംതകര്‍ന്നു പണ്ട് ആശുപത്രിയില്‍ കിടന്നപ്പോള്‍ കാണാന്‍ ചെന്ന ഓര്‍മ്മ മനസ്സിലേക്കുവന്നു. കാലു മുറിച്ചുമാറ്റിയതിന്‍റെ പിറ്റെദിവസം ഐസിയുവില്‍നിന്നും വെളിയിലേക്കു സ്ട്രെച്ചറില്‍ കൊണ്ടുവരുമ്പോള്‍ പുറത്തു കാത്തുനിന്നിരുന്നവരില്‍ എന്നോടൊപ്പം അയാളുടെ ഭാര്യയും മക്കളുമുണ്ടായിരുന്നു. അയാളുടെ അവസ്ഥകണ്ട് വേദനയോടെ സ്ട്രെച്ചറിനൊപ്പം നടക്കുമ്പോള്‍ ആളിന്‍റെ ഡയലോഗ്:

"അങ്ങനെ ഒരു ചെലവ് പകുതിയായിക്കിട്ടി." എന്നിട്ടൊരു ചിരി. കാര്യം മനസ്സിലാകാതെ മുഖത്തേക്കു നോക്കിയപ്പോള്‍ വിശദീകരണം:

"ഇനിയിപ്പം ഒരു ചെരുപ്പു വാങ്ങിച്ചാല്‍ മതിയല്ലോ. വലതുകൈയ്യുടെ കാര്യവും രണ്ടുമൂന്നു ദിവസത്തിനകം അറിയാം. സ്വാധീനം നഷ്ടപ്പടുമെന്നുതന്നെയാണ് ഡോക്ടറു പറഞ്ഞത്. പണ്ടുമുതലേ ഇടതുകൈകൊണ്ടു ചോറുണ്ണാന്‍ പഠിക്കണമെന്നൊരാഗ്രഹമുണ്ടായിരുന്നതാ. മിക്കവാറും അതിനും തീരുമാനമാകുമെന്നാ തോന്നുന്നത്."

എങ്ങനെ ആളെ ഫേസുചെയ്യും എന്നോര്‍ത്തു വിഷമിച്ചവിടെച്ചെന്ന എന്‍റെയും കൂടെയുണ്ടായിരുന്ന എല്ലാവരുടെയും ടെന്‍ഷന്‍ അതോടെ അയഞ്ഞു. ആ പാര്‍ട്ടിയാണിപ്പോള്‍ വിളിച്ചിരിക്കുന്നത്.

"മര്യാദയ്ക്കുള്ള പ്രേതമാണെങ്കിലും വേണ്ടില്ല, കൈയ്യുംകാലുമില്ലാത്ത പ്രേതത്തെ ഒഴിപ്പിക്കാനുള്ള മന്ത്രം എനിക്കറിയത്തുമില്ല, അതുകൊണ്ട് കൊറോണന്‍ എത്തുന്നതിനുമുമ്പു ഞാനെത്തിയേക്കാം."

ഒരാഴ്ചയ്ക്കുള്ളില്‍ സമയം കണ്ടെത്തി ഞാനവിടെച്ചെന്നു. മക്കളെല്ലാം ജോലിയുമായി ദൂരസ്ഥലങ്ങളിലാണ്. ഇളയമകനും ജോലിയുമായി മറുനാട്ടിലാണെങ്കിലും അവന്‍റെ ഭാര്യയും മക്കളും ഈ അപ്പന്‍റെ കൂടെത്തന്നെയുണ്ട്. പഴയവീടു പൊളിച്ച് മകന്‍പണിത പുതിയ വീട്ടിലാണിപ്പോള്‍ താമസം. വിശാലമായ മുറ്റത്തിന്‍റെ പലഭാഗത്തായി പലതരത്തിലുള്ള മുളകളും കുറ്റിച്ചെടികളും നട്ടു മനോഹരമാക്കിയിരിക്കുന്നു. ചുറ്റുമതിലിനോടുചേര്‍ന്നു വളര്‍ന്നുപടര്‍ന്നു പന്തലിച്ചു നില്ക്കുന്ന മുളങ്കൂട്ടങ്ങളുടെ കീഴില്‍ പത്തമ്പതുപേര്‍ക്കിരിക്കാവുന്ന ഒരു ഹോളുപോലെയാണ്. അവിടെവരെയും വീല്‍ചെയര്‍ എത്താവുന്നതുപോലെ ടൈലുപാകിയിട്ടുണ്ട്. പകലു മിക്കവാറും സ്വയം വീല്‍ചെയര്‍ ഉരുട്ടി അവിടെ പോയിരിക്കുന്നതാണ് പുള്ളിക്കാരനിഷ്ടം. ഞാന്‍ ചെല്ലുമ്പോള്‍ ആളു റെഡിയായി വീല്‍ചെയറില്‍ മുറ്റത്തുതന്നെ ഉണ്ടായിരുന്നു. ഞങ്ങളു മുളമ്പന്തലിനു കീഴിലേക്കുനീങ്ങി.

മക്കളൊക്കെ ഫോണ്‍ചെയ്യാറുണ്ടെങ്കിലും മരുമകളും കൊച്ചുമക്കളുമായിട്ടല്ലാതെ ആരോടെങ്കിലുമൊക്കെ മുഖംകണ്ടൊന്നു മിണ്ടിയിട്ടും പറഞ്ഞിട്ടും ഒത്തിരിനാളായതിന്‍റെ വിഷമത്തിലായിരുന്നു അദ്ദേഹം. നേരത്തെയൊക്കെ നാട്ടുകാരും വീട്ടുകാരുമായി ആരെങ്കിലുമൊക്കെ വരാറുണ്ടായിരുന്നെങ്കിലും കോവിഡു പരന്നതില്‍പിന്നെ ആരുംതന്നെ വരാറില്ല. കുറെകഴിഞ്ഞു ചായയും സ്നാക്സുമായി എത്തിയ മരുമകളു ചോദിച്ചു:

"ചാച്ചന്‍ ഫോണെടുത്തില്ലാരുന്നോ? ചാച്ചന്‍റെ ഫോണില്‍ വിളിച്ചിട്ടു കിട്ടുന്നില്ലെന്നുംപറഞ്ഞ് ആ .......സദനത്തിലെ സിസ്റ്റേഴ്സ് എന്നെ വിളിച്ചു. അപ്പാപ്പന്മാരെയുംകൊണ്ട് ഇതിലെ വരട്ടെ എന്നു ചോദിച്ചു. ഞാന്‍ ചാച്ചനോടു ചോദിച്ചിട്ടു തിരിച്ചു വിളിച്ചു പറയാമെന്നു പറഞ്ഞു. അച്ചനുള്ളതുകൊണ്ട് ഇന്നു വരണ്ടാന്നു പറഞ്ഞേക്കട്ടെ?"

"അച്ചനുള്ളതുകൊണ്ട് അവരും കൂടെ വരുന്നതു നിനക്കു ബുദ്ധിമുട്ടാകുമോ? അവര് അഞ്ചെട്ടുപേരും സിസ്റ്റേഴ്സുമില്ലേ?"

"അതൊന്നും സാരമില്ല, അവരെന്തായാലും ഭക്ഷണവും കൊണ്ടേ വരൂ. ഒത്തിരിനാളായില്ലേ അവരു വന്നിട്ട്, അച്ചനു ബുദ്ധിമുട്ടില്ലെങ്കില്‍ അവരോടു വരാന്‍ പറയാം അല്ലേ ചാച്ചാ?"

ആരുടെ കാര്യമാണ് അവരു പറയുന്നതെന്നറിയാതെ എന്തുപറയും എന്നറിയാതെ കുഴങ്ങിയ എന്‍റെനേരെ അവരുരണ്ടും നോക്കി.

"ഇവിടെയടുത്ത് സിസ്റ്റേഴ്സ് നടത്തുന്ന ഒരു വൃദ്ധസദനമുണ്ട്. അന്തേവാസികളധികവും സ്ത്രീകളാണ്. എട്ടുപത്തു വയസ്സന്മാരുമുണ്ട്." അങ്ങേരു വിശദീകരണംതന്നു.

"അവിടെയുള്ള അമ്മാമ്മമാര്‍ക്കു വെളിയിലൊരിടതത്തും പോകാനൊന്നും വലിയ താത്പര്യമില്ല. പക്ഷേ അപ്പാപ്പന്മാര്‍ക്കു പുറത്തുപോകാന്‍ വലിയ ഇഷ്ടമാണ്. അതുകൊണ്ട് സിസ്റ്റേഴ്സ് അവരുടെ വണ്ടിയില്‍ അവരെയുംകൂട്ടി അടുത്തെവിടെയെങ്കിലും വല്ലപ്പോഴുമൊക്കെ പോകാറുണ്ട്. ഒന്നുംരണ്ടും മാസംകൂടുമ്പോള്‍ ഇവിടെയും വരാറുണ്ടായിരുന്നു. വാസ്തവത്തില്‍ അതിനുവേണ്ടിയാണ് മുളകൊണ്ടുള്ള ഈ പര്‍ണ്ണശാല ഉണ്ടാക്കിയതുതന്നെ. ഭക്ഷണമൊക്കെ കൊണ്ടാണവരുവരുന്നത്. പിള്ളേരും ചാച്ചനും ഞങ്ങളെല്ലാവരും അവരുടെകൂടെ കൂടും. അവര്‍ക്കിവിടെ വരാന്‍ വലിയ ഇഷ്ടമാണ്. കൊറോണ കാരണം വന്നിട്ടിപ്പോള്‍ ഒരുപാടുനാളായി."

"ഞാനുള്ളതുകൊണ്ട് അവര്‍ക്ക് അസൗകര്യമില്ലെങ്കില്‍, ഞാനും വയസ്സനായില്ലേ, കൂട്ടത്തില്‍കൂടാന്‍ എനിക്കും സന്തോഷമേയുള്ളു."

"പക്ഷേ, അച്ചന്‍റെ സ്പെഷ്യലൊക്കെ ഞാനുണ്ടാക്കിക്കൊണ്ടിരിക്കുവാ. അതുകൊണ്ട് അച്ചന്‍റെഭക്ഷണം അകത്തുമതി."

"എഗ്രീഡ്, ഇവിടെ അവരുടെകൂടെ കൂടുന്നു, അവിടെ സ്പെഷ്യലു കഴിക്കുന്നു."

അവരു വേഗം അകത്തേക്കു പോയി. താമസിയാതെ വേലക്കാരി കസേരകളുമായെത്തി ഇരിപ്പിടങ്ങള്‍ റെഡിയാക്കി. ഞങ്ങളു പിന്നെയും പൂര്‍വ്വകാല ചരിത്രങ്ങളൊക്കെ മാന്തിപ്പെറുക്കാന്‍ തുടങ്ങി. ദൂരെനിന്നൊരു ട്രാവലര്‍ വരുന്നതുകണ്ടപ്പോളെ അവരാണു വരുന്നതെന്നും പറഞ്ഞ് വീല്‍ചെയറുരുട്ടി ഗേറ്റിനടുത്തേക്കു നീങ്ങി. ഗേറ്റിനുള്ളിലെത്തി വണ്ടിസൈഡിലൊതുക്കി. സിസ്റ്റേഴ്സും അപ്പാപ്പന്മാരും ഇറങ്ങി. വടികുത്തിനടക്കുന്നവരും പരസ്പരം താങ്ങിനടക്കുന്നവരും സിസ്റ്റേഴ്സ് താങ്ങിനടത്തുന്നവരുമായി എട്ടുപത്തുപേരുണ്ടായിരുന്നു. അപ്പോഴേക്കും മരുമകളുമെത്തി. എല്ലാവര്‍ക്കും വളരെ സന്തോഷം. വീല്‍ചെയര്‍ മുന്നിലും ബാക്കിയെല്ലാവരും പിന്നിലുമായി മന്ദംമന്ദം പര്‍ണ്ണശാലയിലേക്കായി യാത്ര. എല്ലാവരും ഇരുന്നു കഴിഞ്ഞപ്പോള്‍ എന്നെ പരിചയപ്പെടുത്തി. ഞാനറിയുന്നവര്‍ ആരുമില്ലായിരുന്നെങ്കിലും അവരില്‍ പലരുടെയും നാടും വീടുമൊക്കെ എനിക്കു പരിചിതമായിരുന്നു. മരുമകളും സിസ്റ്റേഴ്സും വീടിനുള്ളിലേക്കുപോയി. പരിചയപ്പെടുത്തലൊക്കെ കഴിഞ്ഞതുകൊണ്ട് എന്തെങ്കിലുമൊന്നു സംസാരിക്കുന്നതിനായി സാധാരണ നമ്മള്‍ ചോദിക്കാറുള്ള ഒരുചോദ്യം ഞാന്‍ ചോദിച്ചു:

"എല്ലാവര്‍ക്കും സുഖമാണല്ലോ അല്ലേ?"

പെട്ടെന്നൊരു മറുപടി കിട്ടാതെവന്നപ്പോളാണു ഞാനോര്‍ത്തത്, അവരോടാ ചോദ്യം പരസ്യമായി അവരെ പരിഹസിക്കുന്നതിനു തുല്യമാണല്ലോ എന്ന്. അതെങ്ങനെയൊന്നു തിരുത്തും എന്നാലോചിച്ചുകൊണ്ടിരുന്നപ്പോള്‍ വന്നു കൃത്യമായ ഒരു പ്രതികരണം.

"ഞങ്ങളെ കാണാന്‍വരുന്ന അച്ചന്മാരൊക്കെ ചോദിക്കാറുള്ളതാ ഇത്. നിങ്ങളെപ്പോലെയുള്ള അച്ചന്മാര്‍ക്കൊക്കെയല്ലെയച്ചാ സുഖം. കുടുംബത്തിന്‍റെയും കൂടപ്പിറപ്പിന്‍റെയുമൊന്നും കാര്യമൊന്നുമറിയുകേംവേണ്ട അന്വേഷിക്കുകേം വേണ്ടല്ലോ. നോക്കാനുംപെറുക്കാനും ആളുമുണ്ട് കാശുമുണ്ട്."

അങ്ങനെ എന്നെയങ്ങു തള്ളിപ്പറഞ്ഞിട്ടും മറ്റാരും അതിനെ എതിര്‍ക്കാനോ പിന്താങ്ങാനോ ഒന്നും കൂട്ടാക്കാതെ എല്ലാവരുടെയും മുഖം മങ്ങുന്നതു കാണാമായിരുന്നു. അവരൊക്കെ മറക്കാന്‍ ശ്രമിക്കുന്ന അപ്രിയസത്യം അയാള്‍ വിളിച്ചു പറഞ്ഞതുകൊണ്ടായിരിക്കാമല്ലോ അതെന്നോര്‍ത്തു. എല്ലാവരും മൗനമായപ്പോള്‍ എന്‍റെ സുഹൃത്തു പറഞ്ഞു:

"അച്ചന്‍ ഒന്നും ഓര്‍ത്തോണ്ടു പറഞ്ഞതൊന്നുമല്ല, സാധാരണ ചോദിക്കുന്നതുപോലെയങ്ങു ചോദിച്ചെന്നേയുള്ളു."

"സാധാരണ പറയുന്നപോലെ പറഞ്ഞാല്‍ ഞങ്ങക്കെല്ലാര്‍ക്കും സുഖമാണച്ചാ. നല്ല സിസ്റ്റേഴ്സാണ്, ഞങ്ങളെ നല്ലപോലെ നോക്കുന്നുണ്ട്, നല്ല ഭക്ഷണമാണ്. പക്ഷേ അതല്ലല്ലോ...... മനസ്സിനുംവേണ്ടേ സുഖം. ഞങ്ങളെല്ലാവരുംതന്നെ വന്നിട്ട് കുറെനാളായവരാണ്. ഞങ്ങടെകാര്യങ്ങളൊക്കെ ഞങ്ങളങ്ങോട്ടുമിങ്ങോട്ടും പറഞ്ഞറിയുകയും ചെയ്യാം."

പിന്നെയും എല്ലാവരും മൗനം.

"ഞാന്‍ പുതിയ ആളാണച്ചാ. വന്നിട്ട് ഒരുമാസമേ ആയിട്ടുള്ളു. എനിക്കു നല്ല സുഖമാണ്, മനസ്സിനുമതേ ശരീരത്തിനുമതേ."

കൂട്ടത്തിലെ ഏറ്റവും ആരോഗ്യമുള്ളതും വേഷംകൊണ്ടും അതുവരെയുള്ള പെരുമാറ്റംകൊണ്ടും ശ്രദ്ധിക്കപ്പെടുന്ന ഒരപ്പാപ്പനാണതു പറഞ്ഞത്.

"അത് ആ പുള്ളിക്കാരനു പെന്‍ഷനുമൊക്കെയുണ്ടായിട്ടും തന്നത്താനെ ഇവിടെ വന്നതുകൊണ്ടാ. ഞങ്ങളെയൊക്കെ ഇവിടെക്കൊണ്ടെയാക്കിയതാ."

"ജോലിയുണ്ടായിരുന്നയാളാണോ?"

വിഷയമൊന്നു മാറ്റിവിടാന്‍ ഒരു പഴുതുകിട്ടിയതുകൊണ്ടു ഞാന്‍ ചോദിച്ചു.

"എല്‍ പി സ്കൂള്‍ ടീച്ചറായിരുന്നു. ഹെഡ്മാസ്റ്ററായിട്ടു റിട്ടയര്‍ ചയ്തിട്ടു പത്തുമുപ്പതുവര്‍ഷമായി."

"നല്ല വീടും സൗകര്യവുമൊക്കെയുള്ള പാര്‍ട്ടിയാണച്ചാ. വെറുതെ ഇറങ്ങിപ്പോന്നതാ."

അപ്പാപ്പന്മാരെല്ലാവരും അതുകേട്ടു ചിരിച്ചുപോയി. വെറുതെ ഇറങ്ങിപ്പോന്ന പാര്‍ട്ടിയും ചിരിച്ചു.

"അങ്ങനെ ഇവരൊക്കെപ്പറയുന്നതുപോലെ വെറുതെ ഇറങ്ങിപ്പോന്നതൊന്നുമല്ലച്ചാ. ഇവരു പറഞ്ഞപോലെ കാശും വീടുമൊക്കെയുണ്ട്. പക്ഷേ ശരീരത്തിനു സുഖംമാത്രം പോരല്ലോ, മനസ്സിനുംവേണ്ടേ സുഖം. എനിക്കിവിടെ അതുണ്ട്. ഇവര്‍ക്ക് ഇവിടെ അതില്ലെന്നല്ലെ ഇവരു പറയുന്നത്. ഞാന്‍ ഇട്ടെറിഞ്ഞിട്ട് ഇറങ്ങിപ്പോന്ന കാര്യം മാത്രമേ ഇവരൊക്കെ കേട്ടറിഞ്ഞിട്ടുള്ളു. എന്നാ ഞനിപ്പോള്‍ എന്‍റെ കുറെ കാര്യങ്ങള്‍ പറയാം. കേട്ടിട്ട് അച്ചനൊരു വിധിപറ."

എന്തുപറയണമെന്നറിയാതെ ഞാനൊന്നു ചമ്മി. എന്നാലും നിയമസഭേലെപ്പോലെ ഉന്തും തള്ളുമൊന്നുമുണ്ടാക്കാനുള്ള കരുത്തന്മാരല്ലല്ലോ ഇവരാരും എന്നോര്‍ത്തപ്പോള്‍ ഉറക്കെയങ്ങു ചിരിച്ചു. അതു സമ്മതമായി എടുത്തിട്ടാകണം അങ്ങേരങ്ങു തുടങ്ങി. ഇടയ്ക്ക് മരുമകളും സിസ്റ്റേഴ്സും കൊണ്ടുവന്ന കാപ്പിയും ചെറുകടികള്‍ക്കുമിടയില്‍ റിട്ടയേര്‍ഡ് ഹെഡ്മാസ്റ്ററിന്‍റെ വകതിരിവോടെയുള്ള വര്‍ത്തമാനം കേട്ടിരിക്കാന്‍ നല്ല രസമായിരുന്നു.

ചെറുപ്പത്തില്‍ ദാരിദ്ര്യമായിരുന്നു. പലരുടെയും സഹായം കൊണ്ടു റ്റിറ്റിസി പാസ്സായ ഉടനെ ജോലികിട്ടി. ഒരു ടീച്ചറിനെ കെട്ടി. സാമ്പത്തികമായി വളര്‍ന്നു. നാലു മക്കളെയും പഠിപ്പിച്ചു. ജോലിയുണ്ടായിരുന്ന പെണ്‍മക്കള്‍ മൂന്നുപേരെയും ജോലിയുള്ളവര്‍തന്നെ കെട്ടി. അവരൊക്കെ വിദേശത്തും വിദൂരത്തുമൊക്കെ നല്ല നിലയിലാണ്. മകനും മരുമകളും മക്കളുമെല്ലാം വിദേശത്താണ്. ആണ്ടിലൊന്നൊക്കെ വരും. പെണ്‍മക്കളും അതുപോലെതന്നെ. ഭാര്യ റിട്ടയറായി താമസിയാതെ മരിച്ചു. അതോടെ ഒറ്റയ്ക്കായി. മകന്‍ പണിത വലിയ വീട്ടിലായിരുന്നു താമസം. വീടുനോക്കാനും അപ്പനെ നോക്കാനും ഒരാളെയും പകല്‍ജോലിക്കും ഭക്ഷണമുണ്ടാക്കാനുമായി ഒരു ജോലിക്കാരത്തിയെയും മകന്‍ തന്നെ ഏര്‍പ്പാടാക്കി. ഒരു രാത്രിയില്‍ വീടിന്‍റെ പിന്‍വാതില്‍ പൊളിച്ച് ഒരു കള്ളന്‍കയറി. പെരുമഴയായിരുന്നതുകൊണ്ട് നേരം വെളുത്തിട്ടാണ് വിവരമറിഞ്ഞത്. കാര്യമായിട്ടൊന്നും നഷ്ടപ്പെട്ടുമില്ല.

വിവരമറിഞ്ഞ് താമസിയാതെ മകന്‍ നാട്ടിലെത്തി. രണ്ടാഴ്ചകൊണ്ട് ഒരു ഫൈവ് സ്റ്റാര്‍ പട്ടിക്കൂടുണ്ടാക്കി. ഒരു ബഹുകേമന്‍ പട്ടിയേയും വാങ്ങി, നോക്കാന്‍ ഒരു പട്ടിനോട്ട വിദഗ്ധനെയും വലിയ ശമ്പളത്തില്‍ ആക്കിയിട്ടാണ് തിരികെപ്പോയത്. വീടുനോട്ടക്കാരന്‍റെ ഇരട്ടി ശമ്പളമായിരുന്നു പട്ടിനോട്ടക്കാരന്. അപ്പനെ നോക്കാനും പട്ടിയെ നോക്കാനും വലിയ വീട്ടില്‍ ഓരോരുത്തര്‍. ശമ്പളംകൊണ്ടു മുന്തിയത് പട്ടിയെ നോട്ടക്കാരനായതുകൊണ്ട് പട്ടിയെ നോട്ടക്കാരന് അപ്പനെ നോട്ടക്കാരനോട് തീരെ പുഛം. വന്നുവന്നു പട്ടിക്കുള്ള ഭക്ഷണവും മറ്റുമുണ്ടാക്കിയിട്ടുമതി അപ്പാപ്പനുള്ളത് ഉണ്ടാക്കാന്‍ എന്നനിലയിലേക്കു വന്നപ്പോള്‍ വേലക്കാരത്തി പ്രതിഷേധിച്ചു. അപ്പാപ്പന്‍ അവളെ പറഞ്ഞു സമാധാനിപ്പിച്ചു നിര്‍ത്തി. പട്ടിനോട്ടക്കാരന്‍ പട്ടിയെ ദിവസവും കുളിപ്പിക്കും, നടക്കാനും ഓടാനും കൊണ്ടുപോകും അങ്ങനെ പലതും. അവസാനം അതു പട്ടിയുടെ വീടോ അപ്പാപ്പന്‍റെ വീടോ എന്നു നാട്ടുകാര്‍ക്കുതന്നെ സംശയമായി.

"ഒടുവില്‍ എനിക്കും അങ്ങനെയങ്ങു തോന്നിത്തുടങ്ങിയപ്പോള്‍ ഞാനൊരു തീരുമാനമെടുത്തു. അത്യാവശ്യം ജീവിക്കാന്‍ പെന്‍ഷനുണ്ട്. പിന്നെ ദുര്‍ചിലവൊന്നുമില്ലാതിരുന്നതുകൊണ്ടും കാര്യങ്ങളൊക്കെ മകന്‍ നടത്തിയിരുന്നതുകൊണ്ടും നല്ലതുക ബാക്കിയുമുണ്ടായിരുന്നതുകൊണ്ട് മനസ്സിനു സുഖം മനുഷ്യനെക്കണ്ടു ജീവിക്കുന്നതായതുകൊണ്ട് ഇങ്ങോട്ടിങ്ങു പോന്നു. ഇങ്ങോട്ടുതന്നെ എന്താണു പോന്നതെന്നു ചോദിച്ചാല്‍ എന്നെപ്പോലെയുള്ളുരുടെകൂടെ ആണല്ലോ എനിക്കിണങ്ങുക എന്നു തോന്നി അത്രതന്നെ."

സിസ്റ്റേഴ്സ് വണ്ടിയില്‍ നിന്നും അപ്പാപ്പന്മാര്‍ക്കുള്ള ഊണുമായി വന്നപ്പോള്‍ മരുമകള്‍ വന്ന് ചാച്ചനെയും എന്നെയും വിളിച്ചതുകൊണ്ട് അവിടെയവസാനിപ്പിച്ചു.

You can share this post!

ഭാര്യ ഒരു വല്യ സംഭവമാ...

ഫാ. ജോസ് വെട്ടിക്കാട്ട്
അടുത്ത രചന

കോഴി കൂവുന്നുണ്ട്

ഫാ. ജോസ് വെട്ടിക്കാട്ട്
Related Posts