news-details
സാമൂഹിക നീതി ബൈബിളിൽ
 
 
"ഒരു പുതിയ ആകാശവും ഭൂമിയും  ഞാന്‍ കണ്ടു... ഇതാ ദൈവത്തിന്‍റെ കൂടാരം മനുഷ്യരോടുകൂടെ. അവിടുന്ന് അവരോടൊത്ത് വസിക്കും. അവര്‍ അവിടുത്തെ ജനമായിരിക്കും..... അവിടുന്ന് അവരുടെ  മിഴികളില്‍നിന്ന് കണ്ണീര്‍ തുടച്ചുനീക്കും. ഇനി മരണം ഉണ്ടായിരിക്കുകയില്ല. ഇനിമേല്‍ ദുഃഖമോ മുറവിളിയോ വേദനയോ ഉണ്ടാവുകയില്ല. പഴയതെല്ലാം കടന്നുപോയി" (വെളി 21, 1-4).
 
സാമൂഹ്യനീതിയെക്കുറിച്ച് ബൈബിളിന്‍റെ താളുകളില്‍ക്കൂടിയുള്ള അന്വേഷണം ഇവിടെ പരിസമാപ്തിയില്‍ എത്തുകയാണ്. "ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു" എന്ന മഹാവാക്യത്തോടെ ആരംഭിച്ച ബൈബിള്‍ വിവരണങ്ങള്‍ "ഒരു പുതിയ ആകാശവും പുതിയ ഭൂമിയും ഞാന്‍ കണ്ടു" എന്ന സാക്ഷ്യത്തോടെ സമാപിക്കുന്നു. മനുഷ്യന്‍റെ പാപം മൂലം വികൃതമാക്കപ്പെട്ട പ്രപഞ്ചം വീണ്ടും ആദ്യശോഭ വീണ്ടെടുത്ത് വിശുദ്ധീകരിക്കപ്പെടുന്നതിന്‍റെ സുദീര്‍ഘമായ ചരിത്രമാണ് 73 പുസ്തകങ്ങളിലൂടെ ചുരുളഴിയുന്നത്.
 
നുണയിലൂടെ ആരംഭിച്ച പതനത്തില്‍ നിന്ന് സത്യത്തിലൂടെ മനുഷ്യന്‍ വീണ്ടെടുക്കപ്പെടുന്നു. ഈ വീണ്ടെടുപ്പിന്‍റെയും പുനസ്ഥാപനത്തിന്‍റെയും ചിത്രമാണ് അനേകം പ്രതീകങ്ങളുടെയും അടയാളങ്ങളുടെയും സഹായത്തോടെ വെളിപാടുഗ്രന്ഥകാരന്‍ അവതരിപ്പിക്കുന്നത്. ബൈബിളലെ അവസാനത്തെ പുസ്തകം മാത്രമല്ല വെളിപാട്, മറ്റ് 72 ഗ്രന്ഥങ്ങളില്‍ അവതരിപ്പിച്ച സത്യത്തിന്‍റെ ഒരു സാരസംഗ്രഹവും സംക്ഷിപ്തവിവരണവും ഇതുള്‍ക്കൊള്ളുന്നു. അതിനാല്‍ത്തന്നെ സാമൂഹ്യനീതിയെക്കുറിച്ചുള്ള പഠനത്തിന്‍റെ ഉപസംഹാരവും ഈ പുസ്തകത്തില്‍  കാണാം. ഈ ലോകവും അതിന്‍റെ ചരിത്രവും പൂര്‍ണമായും തിന്മയ്ക്ക് അധീനമായിരിക്കുന്നു. മനുഷ്യപ്രയത്നം കൊണ്ടു മാത്രം ഇനി അതിനെ വീണ്ടെടുക്കാനാവില്ല എന്ന ഒരവബോധത്തിലേക്കാണ് പഴയനിയമകാലത്തിന്‍റെ അവസാനത്തോടെ എത്തിച്ചേര്‍ന്നത്. പ്രവാചകന്മാര്‍ നിര്‍ദേശിച്ച മാനസാന്തരം പൂര്‍ണമായും സംഭവിച്ചില്ല. ജ്ഞാനികള്‍ ആവശ്യപ്പെട്ട സമ്പൂര്‍ണ അനുസരണവും ഉണ്ടായില്ല. ഇനി ഒന്നേ അവശേഷിക്കുന്നുള്ളൂ. ദൈവം നേരിട്ട് ചരിത്രത്തില്‍  ഇടപെടണം. തിന്മയ്ക്കധീനമായ ഈ ലോകത്തെ തച്ചുടച്ചു പുതുക്കി വാര്‍ത്തെടുക്കണം. സമൂലമായ ഒരു പുനര്‍സൃഷ്ടി സംഭവിച്ചാലേ നീതി നടപ്പിലാകൂ, രക്ഷ ലഭിക്കൂ. ദൈവം വൈകാതെ ഇപ്രകാരമൊരു പുതിയ സൃഷ്ടി നടത്തും എന്ന് പ്രതീക്ഷ  നല്കുന്ന ഗ്രന്ഥങ്ങളെ വെളിപാട് സാഹിത്യശാഖയിലാണ് ബൈബിള്‍ പഠിതാക്കള്‍ പെടുത്തുന്നത്. ഏശ. 24-27; 35; 65, 17-25; ജറെ 4, 23-31;31, 31-40; എസെ 37;ദാനി 7-12;ജോയേല്‍; ആമോസ് 8;സെഫാ; സഖ 14 തുടങ്ങിയ പഴയനിയമഭാഗങ്ങളില്‍ ഈ സാഹിത്യരൂപത്തിന്‍റെ സ്വാധീനം കാണാം. അതുപോലെ തന്നെ മത്താ 24-25; മര്‍ക്കോ 13; 1 തെസ 4, 13-18; 1 കോറി 15 തുടങ്ങിയ പുതിയ നിയമഭാഗങ്ങളിലും ഈ യുഗാന്തദര്‍ശനം ദൃശ്യമാണ്. എന്നാല്‍ വെളിപാടു പുസ്തകത്തിലാണ് ഈ സാഹിത്യരൂപവും അതുവഴി നല്കപ്പെടുന്ന യുഗാന്ത ദര്‍ശനവും ഏറ്റം വ്യക്തമാകുന്നത്.
സാമൂഹ്യനീതിയെക്കുറിച്ച് ഇതുവരെ നാം കണ്ട  കാര്യങ്ങള്‍, വെളിപാടു പുസ്തകത്തിന്‍റെ സഹായത്തോടെ ഇപ്രകാരം ഉപസംഹരിക്കാം. ദൈവവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന, അതേസമയം ദൈവത്തിന്‍റെ  സൃഷ്ടിയും അഹങ്കാരം മൂലം അധപ്പതിച്ച് ദൈവശത്രുവായി പ്രവര്‍ത്തിക്കുന്ന, സാത്താന്‍ എന്നും പിശാച് എന്നും വിശേഷിപ്പിക്കുന്ന തിന്മയുടെ ശക്തിയാണ് മനുഷ്യര്‍ അനുഭവിക്കുന്ന സകല തിന്മകളുടെയും മൂലകാരണം. ആ തിന്മകളില്‍ സുപ്രധാനമായ ഒന്നാണ് സമൂഹത്തില്‍ നിലനില്ക്കുന്ന അനീതി. സാത്താന്‍ മനുഷ്യനെ അസത്യത്തില്‍ തളച്ചിട്ടിരിക്കുന്നു. ഈ അടിമത്തത്തിന്‍റെ ദൃശ്യമായ പ്രകടനം സമൂഹത്തിലെ അനീതികളില്‍ കാണാം. 
ആരംഭം മുതലേ നുണയനും നുണയുടെ പിതാവുമായ സാത്താന്‍ അസത്യത്തെ സത്യമായി അവതരിപ്പിച്ച് മനുഷ്യനെ അടിമയാക്കുന്നു. ഈ അടിമത്തത്തില്‍ നിന്നുള്ള മോചനമാണ് ബൈബിള്‍ വരച്ചുകാട്ടുന്ന രക്ഷാചരിത്രം. അബ്രാഹത്തിന്‍റെ വിളിയിലൂടെ ഈ ചരിത്രം ആരംഭിക്കുന്നു. ദൈവം തന്നെത്തന്നെയും തന്‍റെ രക്ഷാകരപദ്ധതിയെയും മനുഷ്യന് പടിപടിയായി വെളിപ്പെടുത്തി. സീനായ് ഉടമ്പടി ഈ പാതയിലെ ഒരു നിര്‍ണായക സംഭവമാണ്. ദൈവമനുഷ്യബന്ധങ്ങളില്‍ നിലനില്‍ക്കേണ്ട നീതിയുടെ മാനങ്ങള്‍ ഉടമ്പടിയിലൂടെ, പ്രമാണങ്ങളിലൂടെ വെളിപ്പെടുത്തി. ആ പ്രമാണങ്ങളുടെ വിശദീകരണങ്ങള്‍ ജ്ഞാനികളും പ്രവാചകന്മാരും വഴി നല്കി. 
 
എന്നാല്‍ പാപംമൂലം ബലഹീനമാക്കപ്പെട്ട മനുഷ്യപ്രകൃതിക്ക് ഈ നിയമങ്ങള്‍ പൂര്‍ണമായി ഗ്രഹിക്കാനോ ജീവിക്കാനോ സാധിക്കുകയില്ല. ആഗ്രഹിക്കുന്ന നന്മ ചെയ്യാന്‍ കഴിയാതെ, ആഗ്രഹിക്കാത്ത തിന്മ ചെയ്യാന്‍ നിര്‍ബന്ധിതനാകുന്ന മനുഷ്യന് (റോമ 7, 13-25) ദൈവം മോചനം നല്കും. അതിനായാണ് ദൈവം മനുഷ്യനായി, നസ്രത്തിലെ യേശുവായി അവതരിച്ചത്. യേശുവിന്‍റെ ജീവിതവും പ്രവര്‍ത്തനങ്ങളും പ്രബോധനങ്ങളും നീതിനിഷ്ഠമായ ഒരു സമൂഹത്തിന് അടിത്തറയിടുകയും രൂപരേഖ നല്കുകയും ചെയ്യുന്നു. യേശുവഴി ഈ ഭൂമിയില്‍ തുടക്കം കുറിച്ച നീതിനിഷ്ഠമായ സമൂഹം ദൈവരാജ്യമെന്നാണ് അറിയപ്പെടുക. യേശു ഈ ഭൂമിയില്‍ ഉദ്ഘാടനം ചെയ്ത ദൈവരാജ്യം ഇവിടെ നിലനിന്ന, തിന്മയില്‍ അടിയുറച്ച, സാത്താന്‍റെ രാജ്യവുമായി സംഘട്ടനത്തില്‍ ഏര്‍പ്പെടുന്നു. ഈ ഭൂമിയുടെ ആധിപത്യത്തിനുവേണ്ടിയുള്ള, നന്മയും തിന്മയും തമ്മില്‍, യേശുവും സാത്താനും തമ്മില്‍ നടക്കുന്ന യുദ്ധമായിട്ടാണ് വെളിപാടുഗ്രന്ഥകാരന്‍ ചരിത്രത്തെ അവതരിപ്പിക്കുന്നത്.
 
പ്രത്യക്ഷത്തില്‍ തിന്മയ്ക്കാണ് കൂടുതല്‍ ശക്തി. ഏഴു തലയും പത്തു കൊമ്പുമുള്ള ഭീകരസര്‍പ്പം, ആകാശത്തിലെ നക്ഷത്രങ്ങളെ വാരിക്കൂട്ടി ഭൂമിയിലേക്ക് എറിയാന്‍ മാത്രം ശക്തമാണ് തിന്മ. എന്നാല്‍ യേശുവാകട്ടെ ബലിചെയ്യപ്പെട്ടിട്ടും എണീറ്റു നില്ക്കുന്ന  കുഞ്ഞാടിനെപ്പോലെ സൗമ്യനും ദുര്‍ബലനും. യേശുവിന്‍റെ സഭയോ, ഗര്‍ഭിണിയായ സ്ത്രീയെപ്പോലെ ദുര്‍ബല. ഇത് നാം ജീവിക്കുന്ന ലോകത്തിന്‍റെ തന്നെ ചിത്രമാണ്. നുണയെ നേരായി പ്രചരിപ്പിക്കുന്ന മാധ്യമങ്ങളും ഈ ഭൂമിയെത്തന്നെ പലവട്ടം ചുട്ടുചാമ്പലാക്കാന്‍ മാത്രം കഴിവുള്ള നശീകരണായുധങ്ങളും സ്വന്തമാക്കിയിരിക്കുന്ന തിന്മയുടെ ശക്തിയെ എതിരിടാന്‍ മറുഭാഗത്ത്, പ്രത്യക്ഷത്തില്‍ ദുര്‍ബ്ബലമായ ആയുധങ്ങളേയുള്ളൂ - ദൈവവചനം. എന്നാല്‍ യാഥാര്‍ത്ഥ്യം പ്രത്യക്ഷത്തിനു വിരുദ്ധമാണെന്ന് വെളിപാടുഗ്രന്ഥം പഠിപ്പിക്കുന്നു.
 
സ്നേഹം വിദ്വേഷത്തെക്കാളും, ജീവന്‍ മരണത്തേക്കാളും സത്യം   അസത്യത്തേക്കാളും ശക്തമാണ്. ഇവിടെ ആത്യന്തികമായ പോരാട്ടം നടക്കുന്നത് ചില മനുഷ്യര്‍ തമ്മിലോ സമൂഹങ്ങള്‍ തമ്മിലോ അല്ലാ, നന്മയും തിന്മയും തമ്മിലാണ്. ദൈവവും സാത്താനും തമ്മില്‍. അതിനാല്‍ത്തന്നെ വിജയം ആര്‍ക്കായിരിക്കും എന്ന  കാര്യത്തില്‍ സംശയം വേണ്ട. പക്ഷേ ഒന്നുണ്ട്. ദൈവത്തോട്, സത്യത്തോട് ചേര്‍ന്നുനില്ക്കുന്നവര്‍ സഹിക്കേണ്ടിവരും. അസത്യത്തിന്‍റെ പ്രലോഭനങ്ങളെ തിരിച്ചറിഞ്ഞ് തള്ളിപ്പറയണം. നീതിക്കുവേണ്ടി പീഡനമേല്ക്കാനും ജീവന്‍ പോലും ത്യജിക്കാനും സന്നദ്ധരായിരിക്കണം. ഇപ്രകാരം തിന്മയ്ക്കെതിരേ യേശുവിനോട് ചേര്‍ന്നു നില്‍ക്കുന്നവരാണ് ദൈവരാജ്യത്തില്‍ പ്രവേശിക്കുക. ദൈവരാജ്യാനുഭവം സ്വന്തമാക്കുക.
 
നന്മയും തിന്മയും തമ്മിലുള്ള പോരാട്ടം യുഗാന്തം വരെ തുടരും; അടിക്കടി രൂക്ഷവും ക്രൂരവുമായിക്കൊണ്ടിരിക്കും. എന്നാല്‍ ദൈവം തന്നെ തിന്മയ്ക്ക് അറുതിവരുത്തും. നുണയുടെ ഉറവിടവും പ്രചാരകരും പ്രയോക്താക്കളും ഒന്നടങ്കം ഉന്മൂലനം ചെയ്യപ്പെടും. അതാണ് വെളിപാടു ഗ്രന്ഥം വരച്ചുകാട്ടുന്ന യുഗാന്തദര്‍ശനം. അവിടെ അനീതിയും അസത്യവുമുണ്ടാകില്ല. വേദനയും വിലാപവും മരണവുമുണ്ടാവില്ല. ദൈവം തന്നെ എല്ലാം നവീകരിക്കുമ്പോള്‍ ഒരിക്കലും അസ്തമിക്കാത്ത സന്തോഷത്തിന്‍റെ നിമിഷം - നിത്യത തീര്‍ക്കുന്ന ആനന്ദനിമിഷം സംജാതമാകും. അതു ദൈവത്തിന്‍റെ തന്നെ പ്രവൃത്തി ആയിരിക്കും. ഇതാണ് വെളിപാടു പുസ്തകത്തിലൂടെ അവസാനമായി ദൈവം വച്ചുനീട്ടുന്ന നീതിനിഷ്ഠമായ സമൂഹം.
 
ദുര്‍ബലന്‍റെ ദിവാസ്വപ്നമല്ലിത്. ഭീരുവിന്‍റെ മനക്കോട്ടയുമല്ല. ദൈവത്തിന്‍റെ തന്നെ വാഗ്ദാനമാണ്; എന്നാല്‍ ഈ യുഗാന്തസന്തോഷത്തില്‍ പങ്കുചേരാന്‍ ആവശ്യം പാലിക്കേണ്ട ഒരു നിബന്ധനയുണ്ട്. വിശ്വാസം - വിശ്വസ്തത. യേശുവിലൂടെ സ്വയം വെളിപ്പെടുത്തിയ ദൈവത്തില്‍ വിശ്വസിക്കുക. അവന്‍റെ കല്പനകള്‍ വിശ്വസ്തതയോടെ അനുസരിക്കുക. അതാണ് സാമൂഹ്യനീതിയുടെ ആത്യന്തികമാര്‍ഗം. പോരാ, ഏകമാര്‍ഗം. "ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കണം" (യോഹ 13, 34). അവനില്‍ വിശ്വസിക്കുകയും അവനെ അനുസരിക്കുകയും ചെയ്തുകൊണ്ട് അവനോടു ചേര്‍ന്നു നില്ക്കുന്നവരാണ് നിരന്തരം പ്രാര്‍ത്ഥിക്കുന്നത്: "കര്‍ത്താവായ യേശുവേ വരണമേ!" - മാറാന്‍ ആത്താ - (വെളി 22,20).
 
ഇതു വിശ്വാസികളുടെ പ്രാര്‍ത്ഥനയാണ്; മാത്രമല്ല ഈ പ്രപഞ്ചത്തിന്‍റെ തന്നെ പ്രാര്‍ത്ഥനയാണ് (റോമാ 8, 22); നീതിക്കുവേണ്ടിയുള്ള നിലവിളി നെടുവീര്‍പ്പുകളായി ഉയരുന്ന, പരിശുദ്ധാത്മാവിനാല്‍ പ്രേരിതമായ (റോമാ 8, 26) പ്രാര്‍ത്ഥന. നീതിക്കുവേണ്ടിയുള്ള വിശപ്പും ദാഹവും പ്രാര്‍ത്ഥനയും നിലവിളിയും സമരങ്ങളും സഹനങ്ങളും ഒന്നും വ്യര്‍ത്ഥമാകില്ല. കാരണം നീതിക്കുവേണ്ടിയുള്ള വിശപ്പും ദാഹവും മനുഷ്യഹൃദയത്തില്‍ നിറച്ചവന്‍ തന്നെയാണ് പറയുന്നത്: "ഇതാ ഞാന്‍ വേഗം വരുന്നുന്നു(വെളി 22, 20) പരിശുദ്ധാത്മാവിനെ നമ്മുടെ ഹൃദയങ്ങളിലേക്കു ചൊരിഞ്ഞ ദൈവം തന്നെയാണ് ഒരിക്കും നിരാശപ്പെടുത്താത്ത ഈ പ്രത്യാശ നമുക്കു നല്കുന്നത്(റോമ 5,5). അവിടുന്നു നല്കുന്ന വാഗ്ദാനത്തില്‍ ഉറച്ചുവിശ്വസിച്ച് (2പത്രോ 3,13) പ്രത്യാശയോടെ, സ്നേഹത്തോടെ നമുക്കും പറയാം: മാറാന്‍ ആത്താ! കര്‍ത്താവായ യേശുവേ വരണമേ!

You can share this post!

അടുത്ത രചന

സ്മൃതി ബോബി

ജോസ് കട്ടികാട
Related Posts