നാലുകൊല്ലങ്ങള്‍ക്കു മുന്‍പുണ്ടായ ഒരപകടമാണ് എന്‍റെ പ്രിയപ്പെട്ടവളെ എന്നില്‍ നിന്നകറ്റിയത്. അവളവിടെ, സ്വര്‍ഗ്ഗലോകത്ത് എന്തെടുക്കുകയാവുമെന്ന് പലവട്ടം ഞാനത്ഭുതത്തോടെ ചിന്തിച്ചിട്ടുണ്ട്. സന്തോഷമായിരിക്കുമോ അവള്‍ക്കവിടെ? കുട്ടിയെയും വീട്ടുകാര്യങ്ങളുമൊക്കെ നോക്കി നടത്താനറിയാത്ത ഈ ഭര്‍ത്താവിനെ ഇവിടെയാക്കി പോകേണ്ടിവന്നതില്‍ അവള്‍ക്ക് ഏറെ വിഷമമുണ്ടാവണം. എനിക്ക് അങ്ങനെതന്നെയാണ് തോന്നുന്നത്. ഞാന്‍ പരാജയപ്പെട്ടിരിക്കുകയല്ലേ, കുട്ടിയുടെ ശാരീരിക വൈകാരിക ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കാനാവാതെ, അച്ഛനുമമ്മയും ഒരുമിച്ചാകാന്‍ കഴിയാതെ.

ഒരു ദിവസം എനിക്ക് വളരെ തിരക്കേറിയ ജോലി തീര്‍ക്കാനുണ്ടായിരുന്നു. കുട്ടിയുറങ്ങുകയാണ്, എനിക്ക് പോയേ തീരൂ. അവനു കഴിക്കാന്‍ അല്പം ചോറിരുപ്പുണ്ടല്ലോ എന്നു ചിന്തിച്ച് ഞാന്‍ പെട്ടെന്ന് ഒരു മുട്ട പാകപ്പെടുത്തി  മേശമേല്‍ എടുത്തു വച്ചു. ഉറങ്ങുകയായിരുന്ന അവനെ തട്ടിവിളിച്ച് ഇക്കാര്യംപറഞ്ഞ് ഞാന്‍ പോയി.
വീടിനും ജോലിക്കുമിടയില്‍ ഇത്തരം ഡബിള്‍ റോളുകളില്‍പ്പെട്ട് ഞാന്‍ വല്ലാതെ ആയാസപ്പെട്ടുപോവുകയാണ്. നീണ്ട പണിത്തിരക്കുണ്ടായിരുന്ന ആ ദിവസത്തിനുശേഷം നല്ല ക്ഷീണിതനായി ഞാന്‍ വീട്ടിലെത്തി. കളിച്ചുകൊണ്ടിരുന്ന കുട്ടിയെ മെല്ലെയൊന്നു കെട്ടിപ്പിടിച്ച് ഒരു മുത്തവും നല്‍കിയശേഷം അത്താഴം വേണ്ടെന്നു വച്ച് ഞാന്‍ കട്ടിലിലേയ്ക്കു വീണു. ഒപ്പം ഒരു പോഴ്സലിന്‍ പാത്രമുടയുന്ന ശബ്ദം, പിന്നാലെ ചൂടുള്ള നനവ്! ആത്മനിയന്ത്രണം നഷ്ടപ്പെട്ടതുപോലെ തോന്നിയ ഞാന്‍
കമ്പിളി പുതപ്പുയര്‍ത്തി നോക്കി. പ്രശ്നകാരണം അവിടെത്തന്നെ... പൊട്ടിയുടഞ്ഞ ഒരു പാത്രവും അതിലുണ്ടായിരുന്ന ഇന്‍സ്റ്റന്‍റ് നൂഡില്‍സും പിന്നെ വൃത്തികേടായ ബെഡ്ഷീറ്റും പുതപ്പും!

"കുട്ടീ, വട്ടായോ നിനക്ക്!" ഞാന്‍ നന്നായി ദേഷ്യപ്പെട്ടിരുന്നു. വസ്ത്രങ്ങളിടുന്ന ഒരു ഹാംഗര്‍ കൈയിലെടുത്തു, സന്തോഷത്തോടെ കളിക്കുകയായിരുന്ന കുട്ടിയുടെ നേരെ പാഞ്ഞുചെന്ന് നല്ലൊരു തല്ലും വച്ചുകൊടുത്തു. കരഞ്ഞുകൊണ്ട് ഒരു ചെറിയ വിശദീകരണം പറഞ്ഞതല്ലാതെ അവനെന്നോട് എതിര്‍പ്പൊന്നും കാട്ടിയില്ല. "ഡാഡീ ചോറുതീര്‍ന്നുപോയിരുന്നു. എനിക്കു വല്ലാതെ വിശക്കുന്നുണ്ടായിരുന്നു. ഡാഡി മടങ്ങിയെത്തിയിരുന്നുമില്ല. അതുകൊണ്ട് ഞാന്‍ കുറച്ച് ഇന്‍സ്റ്റന്‍റ് നൂഡില്‍ ഉണ്ടാക്കാമെന്നു വച്ചു, ഡാഡിക്കും എനിക്കും. പക്ഷേ അപ്പോഴാണ് ഓർത്തത് ഡാഡി പറഞ്ഞിരുന്നില്ലേ മുതിര്‍ന്നവര്‍ ഇല്ലാത്തപ്പോള്‍ ഗ്യാസ്സ്റ്റൗ ഓണ്‍ ചെയ്യരുതെന്ന്? അതുകൊണ്ട് ഞാന്‍ ബാത്റൂമിലെ ഷവറില്‍നിന്നും ചൂടുവെള്ളമെടുത്തു നൂഡില്‍സ് ഉണ്ടാക്കാമെന്നു വച്ചു. ഡാഡി വരുമ്പോഴേയ്ക്കും അത് തണുത്തുപോയാലോ എന്നു കരുതി ചൂടോടെയിരിക്കാന്‍ ഞാനത് കമ്പിളിപ്പുതപ്പിനടിയില്‍ വച്ചു. ഇപ്പോള്‍ ഞാന്‍ കളിപ്പാട്ടങ്ങളെടുത്ത് കളിക്കുകയായിരുന്നില്ലേ. അതാ ഡാഡി വന്നപ്പോള്‍ ഇതുപറയാന്‍ ഞാന്‍ മറന്നത്. സോറി ഡാഡീ..."

ആ നിമിഷം എന്‍റെ കവിളുകളിലൂടെ കണ്ണുനീരൊലിച്ചിറങ്ങി. പക്ഷേ ഡാഡി കരയുന്നത് അവന്‍ കാണരുതെന്നു കരുതി ഞാന്‍ ബാത്റൂമില്‍ കയറി വാതിലടച്ച് ഓണാക്കിയ ഷവറിനൊപ്പം ആവോളം കരഞ്ഞു.

ഇതിനുശേഷം ഞാന്‍ എന്‍റെ മകന്‍റെയടുത്തേക്കു ചെല്ലാന്‍ തീരുമാനിച്ചു. ഒരു നല്ല ആലിംഗനത്തിലൂടെ അവന് ആശ്വാസം പകരാന്‍, സ്നേഹത്തോടെ അവനെയുറക്കാന്‍. പക്ഷെ അതിനുമുന്‍പ് വൃത്തികേടായിക്കിടക്കുന്ന കിടക്കയും ഷീറ്റുകളും വൃത്തിയാക്കണമല്ലോ എന്നു കരുതി. എല്ലാം ചെയ്തു തീര്‍ന്നപ്പോള്‍ സമയം അര്‍ദ്ധരാത്രിയോടടുത്തിരുന്നു. അവന്‍റെ മുറിയിലേയ്ക്കു ഞാന്‍ കടന്നുചെല്ലുമ്പോഴും അവന്‍ കരച്ചില്‍ നിര്‍ത്തിയിരുന്നില്ല. അടിയുടെ വേദനകൊണ്ടല്ല അവന്‍റെ പ്രിയപ്പെട്ട മമ്മിയുടെ ഫോട്ടോയിലേയ്ക്കു നോക്കി.....

ഈ സംഭവം കഴിഞ്ഞിട്ട് ഏകദേശം ഒരുവര്‍ഷം കഴിഞ്ഞിരിക്കും. ഇക്കാലങ്ങളിലെല്ലാം അച്ഛന്‍റെയും അമ്മയുടെയും സ്നേഹം അവന് പകര്‍ന്നു നല്‍കാന്‍ ഞാന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചിരുന്നു. അവന്‍റെ ആവശ്യങ്ങളെല്ലാം പരമാവധി നിറവേറ്റിക്കൊടുത്തിരുന്നു. അങ്ങനെ അവന് ഏഴു വയസ്സാകാറായി. ഏതായാലും കഴിഞ്ഞ സംഭവങ്ങള്‍ അവനില്‍ ഏറെ മുറിവുണ്ടാക്കിയതായി തോന്നിയില്ല. അവന്‍ സന്തോഷത്തോടെ വളര്‍ന്നു.

ഇങ്ങനെയിരിക്കെ ഏറെ നാളുകള്‍ക്കുശേഷം എന്‍റെ കുട്ടിയെ ഞാന്‍ വീണ്ടും വേദനിപ്പിച്ചു. ഇത് ഒരിക്കല്‍ അവന്‍റെ ടീച്ചര്‍ എന്നെ വിളിച്ച് അവന്‍ ക്ലാസില്‍ ആബ്സന്‍റാകുന്നു എന്നു പറഞ്ഞപ്പോഴാണ്. അന്ന് ഞാന്‍ നേരത്തെതന്നെ ജോലി മതിയാക്കി വീട്ടിലെത്തി, അവനോട് വിശദീകരണം ചോദിക്കാന്‍. അവനെ അവിടെയെങ്ങും കണ്ടില്ല. പേരുവിളിച്ചുകൊണ്ട് ഞാന്‍ വീടിനു ചുറ്റും നടന്നുനോക്കി. ഒടുവില്‍ അപ്പുറത്തുള്ള ഒരു സ്റ്റേഷനറിക്കടയില്‍ അവനെക്കണ്ടു. അവനവിടെയിരുന്ന് കംപ്യൂട്ടര്‍ ഗെയിം കളിക്കുകയായിരുന്നു. ഞാന്‍ ക്ഷോഭംകൊണ്ട് ജ്വലിച്ചുപോയി. അവനെ വീട്ടിലേയ്ക്കു കൂട്ടിക്കൊണ്ടുവന്ന് ശക്തിയായി പ്രഹരിച്ചു, ശകാരിച്ചു. അവന്‍ ബഹളമൊന്നും വച്ചില്ല. ഇത്രമാത്രം പറഞ്ഞു. "സോറി ഡാഡി". പക്ഷേ ഞാന്‍ വിട്ടുകൊടുത്തില്ല. വീണ്ടും വീണ്ടും ചോദ്യം ചെയ്തപ്പോള്‍ എനിക്കു മനസ്സിലായി അവനെന്താണ് പോകാതിരുന്നതെന്ന്. അവന്‍റെ സ്കൂളില്‍ വിദ്യാര്‍ത്ഥികളുടെ അമ്മമാരെ പ്രത്യേകം ക്ഷണിച്ചുകൊണ്ട് ഒരു 'ടാലന്‍റ് ഷോ' നടത്തുന്നുണ്ടായിരുന്നു. അമ്മയില്ലാത്ത അവന്‍ ആബ്സന്‍റാകാന്‍ കാരണം അതായിരുന്നെന്ന്....

കുറച്ചു നാളുകള്‍ക്കുശേഷം അവന്‍ എന്‍റെയടുത്തുവന്ന് സന്തോഷത്തോടെ പറഞ്ഞു "ഡാഡീ, കിന്‍റര്‍ ഗാര്‍ട്ടനില്‍ ഇപ്പോള്‍ ഞങ്ങളെ എഴുതാനും വായിക്കാനും പഠിപ്പിക്കുന്നുണ്ട്!" അപ്പോള്‍ മുതല്‍ അവന്‍ എപ്പോഴും മുറിയില്‍ തനിച്ചിരുന്ന് ആവേശത്തോടെ എഴുത്ത് പ്രാക്ടീസ് ചെയ്യാനാരംഭിച്ചു. അവളുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ ഇതുകണ്ട് ഏറെ അഭിമാനിച്ചേനെ എന്നെനിക്കു തോന്നി. കാരണം എനിക്ക് വളരെയധികം അഭിമാനം തോന്നിയിരുന്നു അപ്പോള്‍.

സമയം എത്രവേഗമാണ് സഞ്ചരിക്കുന്നത്! ഒരു വര്‍ഷംകൂടി കടന്നുപോയിരിക്കുന്നു. ഇതു മഞ്ഞുകാലമാണ്, ക്രിസ്മസ് സമയം. എല്ലാവരും ക്രിസ്മസിന്‍റെ ആവേശത്തിരകളിലാണ് - ക്രിസ്മസ് കരോളുകള്‍, തിരക്കിട്ട് ഷോപ്പിംഗുകള്‍... പക്ഷേ, ഓ, എന്‍റെ മോന്‍ വീണ്ടും ഒരു പ്രശ്നമുണ്ടാക്കിയിരിക്കുന്നു. ഒരു ദിവസം ഞാന്‍ ജോലി ഏറെക്കുറെ തീര്‍ത്ത് മടങ്ങാന്‍ നേരം പോസ്റ്റ് ഓഫീസില്‍ നിന്നും ഒരു ഫോണ്‍കോള്‍. ഈ തിരക്കേറിയ സീസണില്‍ പോസ്റ്റ്മാന്‍ ഏറെക്കൂറെ ചൂടായ മൂഡിലായിരുന്നു. അദ്ദേഹം വിളിച്ചത് എന്‍റെ മകന്‍ കുറെ വിലാസമില്ലാത്ത കത്തുകള്‍ ഒരുമിച്ച് പോസ്റ്റ് ചെയ്യാന്‍ ശ്രമിച്ചിരിക്കുന്നു എന്നു പറയാനാണ്. എന്തൊക്കെയായാലും ശരി ഇനി വീണ്ടും എന്‍റെ മകനെ പ്രഹരിക്കില്ലെന്നു ഞാന്‍ പ്രതിജ്ഞയെടുത്തു. എനിക്കവനെ ഒന്നും ചെയ്യാനാവില്ല. എന്‍റെ മകന്‍ എന്‍റെ നിയന്ത്രണത്തിന്നപ്പുറത്താണെന്നു ഞാന്‍ മനസ്സിലാക്കുന്നു. ഇതേപ്പറ്റി ചോദിക്കവേ മുന്‍പെന്നപോലെ ഒരിക്കല്‍ക്കൂടി അവന്‍ പശ്ചാത്തപിച്ചു പറഞ്ഞു, "സോറി ഡാഡി". മറ്റൊന്നും പറഞ്ഞതുമില്ല. ഞാനവനെ മുറിയുടെ ഒരു കോണിലേയ്ക്കു തള്ളിമാറ്റി നിര്‍ത്തിയിട്ട് പോസ്റ്റ് ഓഫീസിലേയ്ക്കു പോയി കത്തുകള്‍ മുഴുവന്‍ ശേഖരിച്ച് തിരിച്ചുവന്നു. എന്നിട്ട് അവന്‍റെ ഈ സമയത്തെ ഇത്തരം വികൃതിയെക്കുറിച്ച് ദേഷ്യത്തോടെ ചോദ്യം ചെയ്തു.

തേങ്ങലിനിടയില്‍ അവന്‍ പറഞ്ഞതിതായിരുന്നു, "ഡാഡി ഇതെല്ലാം എന്‍റെ മമ്മിക്കുള്ള എഴുത്തുകളാണ്".

എന്‍റെ കണ്ണുകള്‍ നിറഞ്ഞുതുടങ്ങി. പക്ഷേ, ഞാന്‍ എന്‍റെ വികാരങ്ങളെ അടക്കാന്‍ ശ്രമിച്ചുകൊണ്ട് തുടര്‍ന്നു ചോദിച്ചു:

"പക്ഷേ എന്തിനാണ് നീ ഒരേസമയം ഒരുപാട് കത്തുകള്‍ ഒന്നിച്ച് പോസ്റ്റ് ചെയ്തത്?" അവന്‍ പറഞ്ഞു, ഞാന്‍ പലദിവസങ്ങളിലായി മമ്മിക്കെഴുതിയതാണ്. ഓരോ തവണയും ചെല്ലുമ്പോള്‍ പോസ്റ്റ് ബോക്സ് എന്നേക്കാള്‍ ഒരുപാട് ഉയരത്തിലായിരുന്നു. പക്ഷേ ഇത്തവണ ചെന്നു നോക്കിയപ്പോള്‍ എനിക്ക് പോസ്റ്റ്ബോക്സില്‍ കൈയെത്തിക്കാനാവുമായിരുന്നു. അതാണ് അതെല്ലാം ഒരുമിച്ച് ഞാന്‍...."

ഇതുകേട്ട് എനിക്ക് നിയന്ത്രണം വിട്ടുപോയി. എന്തുചെയ്യണമെന്നറിയാതെ, എന്തുപറയണമെന്നറിയാതെ.... അവനോടു ഞാന്‍ പറഞ്ഞു "മമ്മി സ്വര്‍ഗ്ഗരാജ്യത്താണല്ലോ, അതുകൊണ്ട് മമ്മിയോട് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ എഴുതുന്ന എഴുത്തുകള്‍ കത്തിക്കണം. അപ്പോളത് പുകയായി മമ്മിയുടെ പക്കലെത്തിക്കൊള്ളും. ഇതുകേട്ട് അവന്‍ സമാധാനപ്പെട്ടു, ശാന്തനായി. അതിനുശേഷം സുഖമായി ഉറങ്ങി. അവനുവേണ്ടി ആ എഴുത്തുകള്‍ ഞാന്‍ കത്തിക്കാമെന്നേറ്റു. അവയെല്ലാം കൂട്ടിപ്പിടിച്ച് ഞാന്‍ പുറത്തേയ്ക്കിറങ്ങി. പക്ഷേ കത്തിക്കുംമുന്‍പ് അവ തുറന്നു നോക്കാതിരിക്കാന്‍ എനിക്കു കഴിഞ്ഞില്ല.

അതിലൊരെണ്ണം എന്‍റെ ഹൃദയം നുറുക്കിക്കളഞ്ഞു.

"പ്രിയപ്പെട്ട മമ്മീ,

എനിക്ക് മമ്മിയെ വല്ലാതെ മിസ് ചെയ്യുന്നു. ഇന്ന് സ്കൂളില്‍ ഒരു 'ടാലന്‍റ് ഷോ' ഉണ്ടായിരുന്നു. എല്ലാ കുട്ടികളുടെയും അമ്മമാരെ ഈ പ്രോഗ്രാമിലേക്ക് പ്രത്യേകം ക്ഷണിച്ചിരുന്നു. പക്ഷേ മമ്മി ഇവിടില്ലല്ലോ. അതുകൊണ്ട് എനിക്കു പോകാനേ തോന്നിയില്ല... ഞാന്‍ ഇതേപ്പറ്റി ഡാഡിയോട് ഒന്നും പറഞ്ഞിട്ടില്ല. എന്തെന്നോ? ഡാഡി കരഞ്ഞുപോകുമോ എന്നെനിക്ക് പേടിയുണ്ട്. മമ്മിയെ വല്ലാതെ മിസ് ചെയ്യുന്നതായി ഡാഡിക്കും തോന്നില്ലേ. ഡാഡി എല്ലായിടത്തും എന്നെ തിരഞ്ഞു. ഞാന്‍ ഒരു കടയിലിരുന്ന് കംപ്യൂട്ടറില്‍ ഗെയിം കളിക്കാന്‍ തുടങ്ങുകയായിരുന്നു. ഡാഡി ദേഷ്യപ്പെട്ടാണ് വന്നത്. മറ്റെന്തു ചെയ്യാനാവും ഡാഡിക്ക്? ഡാഡി എന്നെ ഒരു പാടുവഴക്കു പറഞ്ഞു, അടിച്ചു. പക്ഷേ ഞാന്‍ ശരിക്കും കാരണം പറഞ്ഞില്ല.  മമ്മീ, എല്ലാ ദിവസവും ഡാഡി മമ്മിയെ ഒത്തിരി മിസ് ചെയ്യുന്നതു ഞാന്‍ കാണുന്നുണ്ട്. എപ്പോഴെങ്കിലും മമ്മിയുടെ കാര്യം പറഞ്ഞാല്‍ ഡാഡി വല്ലാതെ സങ്കടപ്പെട്ട് മുറിക്കുള്ളില്‍ പോയി ഒളിച്ച് കരയാറുണ്ട്. എനിക്കു തോന്നുന്നത് ഞങ്ങള്‍ക്കു രണ്ടാള്‍ക്കും മമ്മിയെ വല്ലാതെ നഷ്ടമാകുന്നു എന്നാണ്.

പക്ഷേ മമ്മീ, ഞാനിപ്പോള്‍ മമ്മിയുടെ മുഖം മറന്നുപോകാന്‍ തുടങ്ങിയിരിക്കുന്നു. ഒരുപാട് നാളായില്ലേ ഞാന്‍ കണ്ടിട്ട്? എനിക്ക് മമ്മിയുടെ മുഖമൊന്ന് ഓര്‍ത്തിരിക്കാന്‍ വേണ്ടിയെങ്കിലും എന്‍റെ സ്വപ്നത്തിലൊന്ന് വരുമോ? ആരുടെയെങ്കിലും ഫോട്ടോയുമായി കിടന്നുറങ്ങിയാല്‍ അവരെ സ്വപ്നം കാണാനാവുമെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. പക്ഷേ മമ്മീ, എന്താ ഒന്നു വരാത്തെ?"

കത്തുവായിച്ച് എനിക്കു തേങ്ങലടക്കാനായില്ല. കാരണം എനിക്കൊരിക്കലും എന്‍റെ ഭാര്യയുടെ സ്ഥാനം, പുനസ്ഥാപിക്കാനാവാത്ത ആ വിടവ്, അതു നികത്താനാവില്ലല്ലോ.

You can share this post!

ഗുബിയോയിലെ ചെന്നായ

അല്‍ഫോന്‍സ് കപ്പൂച്ചിന്‍
അടുത്ത രചന

ദ ക്രൂയിസ്

ലിന്‍സി വര്‍ക്കി
Related Posts