news-details
കഥ

യഥാര്‍ത്ഥ നീതി

ഗതികെട്ട് ധാന്യം മോഷ്ടിച്ച ഒരു സാധു കൃഷിക്കാരനെ ജന്മി പിടിച്ചുകെട്ടിയ നിലയില്‍ രാജാവിന്‍റെ മുമ്പില്‍ ഹാജരാക്കി. തത്ത്വചിന്തകനായ ലാവോത്സു അപ്പോള്‍ അവിടെ ഇരിക്കുന്നുണ്ടായിരുന്നു.

രാജാവിന് ലാവോത്സുവിനോട് വളരെ സ്നേഹവും ആദരവും ഉണ്ടായിരുന്നു. അതുകൊണ്ട് ആ കള്ളന് തക്കതായ ശിക്ഷ കൊടുക്കാന്‍ അദേഹം ലാവോത്സുവിനോട് അഭ്യര്‍ത്ഥിച്ചു.

കള്ളനെയും ജന്മിയെയും വിചാരണ ചെയ്തശേഷം ലാവോത്സു വിധി പ്രഖ്യാപിച്ചു: "ഈ സാധുവായ കൃഷിക്കാരനെ വെറുതെ വിടുക, അയാള്‍ക്ക് ഒരു മാസത്തേക്കുവേണ്ട ധാന്യം ജന്മിയുടെ ധാന്യപ്പുരയില്‍ നിന്ന് എത്തിച്ചുകൊടുക്കുക. ഈ ജന്മിക്ക് ആറു മാസത്തേക്കു തടവുശിക്ഷ വിധിക്കാതിരിക്കാന്‍ ഒരു കാരണവുമില്ല. അതുകൊണ്ട് അദ്ദേഹത്തെ ജയിലിലടയ്ക്കുക!"

ഇതു കേട്ടുനിന്നവരെല്ലാം അമ്പരന്നു. ജന്മി കരഞ്ഞുകൊണ്ടുപറഞ്ഞു:" അയ്യോ! ഞാനല്ല, ഇയാളാണു കട്ടത്. ഇയാളെന്‍റെ ധാന്യപ്പുരയില്‍ കയറി നാലുതവണ നെല്ലു കട്ടുകൊണ്ടുപോയി. എന്‍റെ വയലുകളില്‍ പതിവായി ഇയാള്‍ക്കു പണിയുണ്ട്. എന്നിട്ടും ഇയാള്‍ ഈ തെറ്റു ചെയ്തു. അതിന് എനിക്ക് ശിക്ഷയോ?"

രാജാവിനും കാര്യം മനസ്സിലായില്ല. പക്ഷേ ആരും കാണാത്തത്, ബുദ്ധികൊണ്ട് മനസ്സിലാക്കത്തത്, കാണാനും അറിയാനും കഴിയുന്ന ഗുരുവാണ് ലാവോത്സു. അദേഹം ശാന്തനായി മൊഴിഞ്ഞു: "ഈ ദരിദ്ര കര്‍ഷകന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. ഇയാള്‍ നിങ്ങളുടെ വേല ചെയ്യുന്നവനാണ്. ഇയാള്‍ വെയിലുകൊണ്ട്, മഴകൊണ്ട്, വിയര്‍പ്പൊഴുക്കിയാണ് നിങ്ങളുടെ പാടത്ത് നല്ല വിളവുണ്ടാക്കുന്നത്. നിങ്ങളുടെ ധാന്യപ്പുരകള്‍ ധാന്യം നിറഞ്ഞു വീര്‍പ്പുമുട്ടി നില്‍ക്കുമ്പോള്‍ ഇയാളുടെ അടുക്കളയില്‍ ഒരു നേരത്തെ കഞ്ഞി കിട്ടാതെ കുട്ടികള്‍ കരയുകയായിരുന്നു. അതറിഞ്ഞിട്ടും ഇയാളെ സഹായിക്കാത്ത നിങ്ങളാണ് ഈ കേസിലെ ഒന്നാം പ്രതി. നിങ്ങള്‍ കടുത്ത കുറ്റം ചെയ്തു. വിശപ്പാണ് ഏറ്റവും വലിയ വേദന. ഇയാളുടെ കുടുംബം പട്ടിണിയുടെ വേദനയില്‍ കരഞ്ഞിരിക്കുമ്പോള്‍ തൊട്ടടുത്തുള്ള ബംഗ്ലാവില്‍ നിങ്ങളുടെ കുടുംബം വയറുനിറയെ ഉണ്ട്, ഉല്ലസിച്ചു കഴിയുകയായിരുന്നു. നിങ്ങള്‍, നിങ്ങളുടെ  വേലക്കാരനായ ഇയാള്‍ക്ക് വേണ്ടത്ര അരി കൊടുത്തിരുന്നുവെങ്കില്‍ ഇയാള്‍ക്ക് നിങ്ങളുടെ ധാന്യപ്പുരയില്‍ വന്ന് മോഷണം ചെയ്യാന്‍ തോന്നുമായിരുന്നോ? നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ രണ്ടു കുറ്റങ്ങള്‍ ചെയ്തു! ഒന്ന്, ഇയാളെ പട്ടിണിക്കിട്ടു. രണ്ട്, നല്ലവനായ ഇയാളെ കള്ളനാക്കി. അതിനൊക്കെക്കൂടി ചെറിയൊരു ശിക്ഷയേ ഞാന്‍ നിങ്ങള്‍ക്കു നല്‍കുന്നുള്ളൂ, ആറുമാസത്തെ ജയില്‍ വാസം. ഇതില്‍ കുറഞ്ഞ യാതൊരു ദയയും നിങ്ങള്‍ അര്‍ഹിക്കുന്നില്ല."  

You can share this post!

ഗുബിയോയിലെ ചെന്നായ

അല്‍ഫോന്‍സ് കപ്പൂച്ചിന്‍
അടുത്ത രചന

ദ ക്രൂയിസ്

ലിന്‍സി വര്‍ക്കി
Related Posts