news-details
ഫ്രാൻസിസ്കൻ വിചാര ധാര

ഒരവധൂതന്‍റെ ആത്മപ്രകാശനങ്ങള്‍

വഴിയില്‍നിന്ന് കച്ചിത്തുരുമ്പും കുതിരരോമവുമെല്ലാം കൊത്തിക്കൊണ്ടുവന്ന് കൂടുകെട്ടുകയാണ് ഒരു കുരുവി. അതിലാണദ്ദേഹത്തിന്‍റെ ശ്രദ്ധമുഴുവന്‍. . .

താഴെവന്നപ്പോള്‍ അദ്ദേഹം സോല്ലാസം പറഞ്ഞു: ഇന്നു ഞാന്‍ ഒരു പുതിയ ഭാഷ പഠിച്ചു; പക്ഷികളുടെ ഭാഷ. അവ പറഞ്ഞതത്രയും ദൈവസ്നേഹത്തെക്കുറിച്ചായിരുന്നു
- കസന്‍ദ്സക്കീസ് (സെയ്ന്‍റ് ഫ്രാന്‍സിസ്)

അസ്സീസിയിലെ ഫ്രാന്‍സിസിന്‍റെ തിളക്കമാര്‍ന്ന കൃതിയാണ് 'സൂര്യകീര്‍ത്തനം' എന്ന് തെറ്റായി വിശേഷിപ്പിക്കപ്പെടാറുള്ള 'സൃഷ്ടികീര്‍ത്തനം'. അദ്ദേഹമെഴുതിയ സൃഷ്ടികീര്‍ത്തനത്തിന് പതിനാല് വാക്യങ്ങളാണുള്ളത്. മൂന്ന് ഘട്ടങ്ങളിലായാണ് ഈ സൃഷ്ടികീര്‍ത്തനം രചിക്കപ്പെട്ടത്. ദൈവം സ്നേഹപൂര്‍വ്വം സൃഷ്ടിച്ചവയാണ് നാമിക്കാണുന്ന സര്‍വ്വവും എന്നും അതേ സൃഷ്ടികള്‍ അഖിലവുമൊപ്പം ദൈവത്തെ സ്തുതിക്കാനും, അവന് മഹത്ത്വവും കൃതജ്ഞതയുമേകാനും മര്‍ത്ത്യരായ നാം കടപ്പെട്ടവരാണെന്നും ഫ്രാന്‍സിസിന് ഉള്‍ക്കാഴ്ച കിട്ടിയ കാലത്ത് ഫ്രാന്‍സിസ് ചിട്ടപ്പെടുത്തി ആലപിക്കാനാരംഭിച്ചതാണ് സൃഷ്ടികീര്‍ത്തനത്തിന്‍റെ ആദ്യത്തെ ഒമ്പത് വാക്യങ്ങളും പല്ലവിയായി ആലപിച്ച പതിനാലാം വാക്യവും അടങ്ങുന്ന ആദ്യഭാഗം. പില്‍ക്കാലത്ത് അസ്സീസിയുടെ മെത്രാനും അസ്സീസി പട്ടണത്തിന്‍റെ മേയറും തമ്മില്‍ മാനസിക അകല്‍ച്ചയുണ്ടായതിന്‍റെ പേരില്‍ ലൗകിക - ആത്മീയ രംഗങ്ങളില്‍ ഭരണപാളിച്ചകള്‍ ഉടലെടുക്കും എന്നു വന്നപ്പോള്‍ അവരിരുവരും പങ്കെടുക്കുന്ന ഒരു ചടങ്ങില്‍ നിലവിലുള്ള സൃഷ്ടികീര്‍ത്തനത്തോടൊപ്പം ചേര്‍ത്ത് പാടാനായി ഫ്രാന്‍സിസ് എഴുതിയതാണ് പത്തും പതിനൊന്നും വാക്യങ്ങള്‍. ഫ്രാന്‍സിസ് ആവശ്യപ്പെട്ടതനുസരിച്ച് സഹോദരന്മാര്‍ പ്രസ്തുത ചടങ്ങില്‍ വിപുലീകരിച്ച സൃഷ്ടികീര്‍ത്തനം ലയത്തോടെ പാടുകയും, തത്ഫലമായി മെത്രാനും മേയറും പരസ്പരം മാപ്പിരന്നും മാപ്പേകിയും അനുരഞ്ജിതരായി എന്നും നാം വായിക്കുന്നുണ്ട്.

തന്‍റെ മരണക്കിടക്കയില്‍ കിടക്കവേ ഫ്രാന്‍സിസ് ചൊല്ലിക്കൊടുത്തതാണ് മരണത്തെകുറിക്കുന്ന പന്ത്രണ്ടും പതിമൂന്നും വാക്യങ്ങള്‍. അങ്ങനെ മൂന്നു ഘട്ടങ്ങളിലായി ഫ്രാന്‍സിസ് രചിച്ചതാണ് സൃഷ്ടികീര്‍ത്തനം എന്നു പറയാം.

സ്രഷ്ടാവ്, സൃഷ്ടപ്രപഞ്ചം, മനുഷ്യന്‍,  ഇവര്‍ തമ്മിലുള്ള ഏറ്റവും സമ്യക്കായ ബന്ധം, എല്ലാം സൃഷ്ടികീര്‍ത്തനത്തില്‍ മിഴിവാര്‍ന്നുവരുന്നു. ചിന്തയിലും വാക്കിലും പ്രവൃത്തിയിലുമുള്ള ബാലന്‍സ് ആണല്ലോ ആധ്യാത്മികതയില്‍ അതിപ്രധാനം.

മനുഷ്യര്‍ തങ്ങളുടെ സമസൃഷ്ടങ്ങളിലൂടെ ദൈവത്തോടു കാട്ടുന്ന അനാദരവിനെയും നന്ദികേടിനെയും അതോടൊപ്പമുള്ള ഭ്രാതൃഹിംസയെയും കുറിച്ച് ഫ്രാന്‍സിസ് ബോധവാനും ദുഃഖിതനുമായിരുന്നു. മനുഷ്യരും സൃഷ്ടപ്രപഞ്ചവും തമ്മിലുള്ള പാരസ്പര്യത്തെ പ്രതിപാദിക്കുമ്പോള്‍, ബൈബിള്‍ മുഖ്യമായും മുന്നോട്ടുവയ്ക്കുന്നത് കാര്യസ്ഥതയുടെ മാതൃക (Stewardship Model) ആണ്. കാര്യസ്ഥത എന്നത് തെറ്റായ ഒരു ഭാഷാന്തരവും സങ്കല്പനവുമാണ്. സൂക്ഷിപ്പ് ആണ് കുറച്ചുകൂടി മെച്ചപ്പെട്ട ഭാഷാന്തരം. സത്യത്തില്‍ തോട്ടം സൂക്ഷിക്കാന്‍ ആദി മനുഷ്യനെ ദൈവം നിയോഗിച്ചു എന്ന് സൃഷ്ടിയുടെ പുസ്തകത്തില്‍ നാം കാണും. ഈ സൂക്ഷിപ്പും ഭ്രാതൃഹത്യ നടത്തിയ കായേനോട് നിന്‍റെ സഹോദരന്‍ എവിടെ? എന്ന ദൈവത്തിന്‍റെ ചോദ്യത്തോടുള്ള കായേന്‍റെ മറുചോദ്യത്തിലെ സൂക്ഷിപ്പും കൂട്ടിവായിക്കേണ്ടതാണ്. ഞാന്‍ എന്‍റെ സഹോദരന്‍റെ കാവല്‍ക്കാരനാണോ? എന്നാണ് ദൈവത്തോടുള്ള കായേന്‍റെ മറുചോദ്യം. സഹോദരന്‍ സൂക്ഷിക്കപ്പെടേണ്ടവനാണ് എന്നും ഓരോ സഹോദരനും സാഹോദര്യത്തോടൊപ്പം സൂക്ഷിപ്പുകര്‍മ്മം കൂടി നിയോഗമായി ലഭിക്കുന്നുണ്ട് എന്നും നാം ഇവിടെ തിരിച്ചറിയുന്നു. ഒരു പക്ഷേ, ഈ ആരംഭ ബിന്ദുവില്‍ നിന്നുതന്നെയാണ് ഫ്രാന്‍സിസും തുടങ്ങുന്നത്. കാര്യസ്ഥതയുടെ വിശുദ്ധഗ്രന്ഥ മാതൃക ഒരുപക്ഷേ ഉടമസ്ഥതയായി വായിച്ചെടുക്കപ്പെടുന്നു എന്ന് തിരിച്ചറിഞ്ഞതിനാലാവണം ഫ്രാന്‍സിസ് കുറച്ചുകൂടി വ്യക്തതയാര്‍ന്ന മറ്റൊരു മാതൃക - സാഹോദര്യത്തിന്‍റെ മാതൃക (Fraternal Model) മുന്നോട്ടു വയ്ക്കുന്നത്.

സത്യത്തില്‍ ഫ്രാന്‍സിസിന്‍റെ സൃഷ്ടികീര്‍ത്തനം സമസ്തസൃഷ്ടികളേ ദൈവത്തെ സ്തുതിക്കുവിന്‍ എന്ന രീതിയിലുള്ള പഴയനിയമ സങ്കീര്‍ത്തനങ്ങളില്‍നിന്ന് തുലോം ഭിന്നമാണ്. ഈ പാട്ടുകെട്ടലില്‍ ഫ്രാന്‍സിസിന് നിയതമായ ഒരു ഉദ്ദേശ്യലക്ഷ്യവും അതിന് ഉപോദ്ബലകമായ ഒരു ദൈവശാസ്ത്രദര്‍ശനവും ഉണ്ടായിരുന്നു. സൃഷ്ടപ്രപഞ്ചത്തോട് മനുഷ്യകുലം പുലര്‍ത്തുന്ന മനോഭാവത്തിന്‍റെ  തിരുത്തലും പരിവര്‍ത്തനവും ഫ്രാന്‍സിസിന്‍റെ ഉദ്ദേശ്യലക്ഷ്യമായിരുന്നു എന്ന് വ്യക്തമാണ്.

ഇനി, സൃഷ്ടികീര്‍ത്തനത്തിന്‍റെ ഉള്ളടക്കം എന്തെന്നു പരിശോധിച്ചാല്‍ നമ്മെ അത്ഭുതപ്പെടുത്തുന്ന ഒരു കോസ്മിക് ദര്‍ശനമാണ് അവിടെ ഇതള്‍വിരിയുക. ഓരോ വാക്യത്തിലും ദൈവവുമായുള്ള ബന്ധാവസ്ഥ (Relatedness) ദൈവവാഴ്ത്തായി ആവര്‍ത്തിക്കപ്പെടുന്നതു കൂടാതെ, കീര്‍ത്തനത്തിന്‍റെ ആദ്യത്തെ രണ്ടുവാക്യങ്ങളും അവസാനവാക്യവും പ്രത്യേകമായും എളിമയോടെയുള്ള ദൈവവാഴ്ത്തുകളുടെ  (Doxology)  സുന്ദര പ്രകാശനങ്ങളാണ്. അത്യുന്നതാ, സര്‍വ്വശക്താ, നല്ല നാഥാ, നിന്‍റേതല്ലോ, സ്തുതികളും മഹത്ത്വവും ബഹുമാനവും എല്ലാ വാഴ്വുകളുമേ...

മൂന്നും നാലും വാക്യങ്ങളില്‍ സോദരന്‍ സൂര്യനുവേണ്ടിയും സൂര്യനൊപ്പവും ദൈവത്തിന് സ്തുതികള്‍ പാടുന്ന സൃഷ്ടികീര്‍ത്തനം, അഞ്ചാം വാക്യത്തില്‍ സോദരി അമ്പിളിക്കായും താരകള്‍ക്കായും സ്തുതികള്‍ പാടുന്നു.

ആറാം വാക്യം സോദരര്‍ കാറ്റിനും വായുവിനും ഋതുക്കള്‍ക്കുമായി ദൈവസ്തോത്രം പ്രകാശിപ്പിക്കുന്നു. ഏഴാം വാക്യത്തിലാകട്ടെ സോദരി ജലത്തിനായും എട്ടാം വാക്യത്തില്‍ സോദരന്‍ അഗ്നിക്കായും ഫ്രാന്‍സിസ് ദൈവത്തിന് സ്തോത്രഗീതം പാടുന്നു. ഒമ്പതാം വാക്യത്തില്‍ അമ്മയും സോദരിയുമായ ഭൂമിക്കായും ഫ്രാന്‍സിസ് ദൈവത്തെ സ്തുതിക്കുന്നതു കാണാം. സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍ എന്നീ ആകാശഗോളങ്ങള്‍ ആകാശത്തെ പ്രതിനിധാനം ചെയ്യുന്നു. ആകാശം, വായു, ജലം, അഗ്നി, ഭൂമി ഇവയാണ് ഒമ്പതാം വാക്യം വരെയുള്ള പ്രതിപാദ്യങ്ങള്‍. കൃത്യമായി പറഞ്ഞാല്‍ ഭാരതീയ ദര്‍ശനപ്രകാരം പഞ്ചഭൂതങ്ങള്‍! ഇതെങ്ങനെ സംഭവിക്കുന്നു? ആശ്ചര്യകരം! അല്ലേ?

 

പത്തും പതിനൊന്നും വാക്യങ്ങളില്‍ മനുഷ്യനാണ് പ്രതിപാദ്യവിഷയം. വെറുതെ മനുഷ്യനല്ല - ദൈവനിശ്ചയത്തില്‍ പങ്കെടുക്കുന്ന മനുഷ്യന്‍ - സമാധാനത്തില്‍ എല്ലാം കെട്ടിപ്പടുക്കുന്ന മാനവന്‍ - ദൈവസ്നേഹത്തെ പ്രതി മാപ്പേകുകയും കഷ്ടതയും പീഡനങ്ങളും സഹിക്കുകയും ചെയ്യുന്ന വിശ്വമാനവന്‍. ''അത്യുന്നതങ്ങളില്‍ ദൈവത്തിനുസ്തുതി: ഭൂമിയില്‍ ദൈവകൃപ നിറഞ്ഞവര്‍ക്ക് സമാധാനം'' എന്ന മാലാഖമാരുടെ സന്ദേശഗാനത്തിന്‍റെ പരാവര്‍ത്തനമാണോ ഫ്രാന്‍സിസിന്‍റെ സൃഷ്ടികീര്‍ത്തനം?

 

പന്ത്രണ്ടും പതിമൂന്നും വാക്യങ്ങളിലായി ഫ്രാന്‍സിസ് മരണവിനാഴികയില്‍ എഴുതിച്ചേര്‍ക്കുന്നത് മരണത്തെക്കുറിക്കുന്ന വാഴ്ത്തുകളാണ്. മരണത്തെയും ദൈവം ഇതര സൃഷ്ടികളോടൊപ്പം വാഴ്വിന്‍റെ പൂര്‍ണ്ണതയ്ക്കായി സൃഷ്ടിച്ചതാകയാല്‍ അവളും സോദരി എന്ന നിലയില്‍ സ്നേഹിക്കപ്പെടേണ്ടവളും ദൈവതൃക്കരങ്ങളിലേയ്ക്ക് സംവഹിക്കുന്നവളെന്ന നിലയില്‍ ആദരിക്കപ്പെടേണ്ടവളുമായി ഇവിടെ വെളിപ്പെടുന്നു.

സൃഷ്ടികളെയെല്ലാം സോദരാ, സോദരീ എന്ന് സംബോധനചെയ്ത് പാടുന്ന ഫ്രാന്‍സിസ് സഹോദരന്‍ സൂര്യനെക്കുറിച്ച് പറയുമ്പോള്‍ മാത്രം ബഹുമാന്യ സോദരന്‍ സൂര്യന്‍ (Sir brother sun) എന്ന് പ്രത്യേക വിശേഷണത്തോടെയാണ് പറയുന്നത്. അതേപോലെ ജീവന്‍റെ ആധാരമായ ഭൂമിയെക്കുറിച്ച് പറയുമ്പോഴും അമ്മയും സോദരിയുമായ ഭൂമി എന്നാണ് പറയുക. നാം ആഹരിക്കുന്നതത്രയും സൂര്യനും ഭൂമിയും ചേര്‍ന്നുണ്ടാകുന്നതാണ്. (സസ്യങ്ങള്‍ മണ്ണില്‍നിന്ന് വലിച്ചെടുക്കുന്ന മൂലകങ്ങളാണ് സൂര്യപ്രകാശത്തില്‍ പ്രകാശസംശ്ലേഷണം വഴി  അന്നജമായി മാറുന്നത്. അതു ഭുജിച്ചാണ് ഭൂമിയിലെ ജീവനത്രയും നിലനില്‍ക്കുന്നത്). ഫോട്ടോ സിന്തസിസ് കണ്ടെത്തിയിട്ടില്ലാത്ത കാലത്ത് ഫ്രാന്‍സിസ് സൂര്യന്‍റെയും ഭൂമിയുടെയും അവയ്ക്കിടയിലെ വായു, ജലം അഗ്നി എന്നിവയുടെയും സ്ഥാനങ്ങളെക്കുറിച്ച് കൃത്യമായി ഉള്‍ക്കാഴ്ച നേടി എന്നല്ലേ അനുമാനിക്കേണ്ടത്?!

ദൈവം - പഞ്ചഭൂതങ്ങള്‍ - മാനവന്‍ - മരണം - ദൈവം ഇതാണ് സൃഷ്ടികീര്‍ത്തനത്തിന്‍റെ ഘടന. പഞ്ചഭൂതങ്ങള്‍ ഉപയോഗിച്ച് ദൈവം മാനവസൃഷ്ടി നടത്തുന്നു. പഞ്ചഭൂതങ്ങളാല്‍ത്തന്നെ ജീവന്‍ നിലനിര്‍ത്തപ്പെടുന്നു. മരണം പഞ്ചഭൂതങ്ങളെ പ്രപഞ്ചത്തിലേയ്ക്ക് തിരിച്ചുവിടുകയും ആത്മാവിനെ ദൈവത്തിലേയ്ക്ക് തിരിച്ചയയ്ക്കുകയും ചെയ്യുന്നു. ഫ്രാന്‍സിസ്, നീ ആര്‍ഷ പാരമ്പര്യത്തില്‍നിന്നു വന്ന ഒരവധൂതന്‍ തന്നെ!

You can share this post!

ഫ്രാന്‍സിസും സുല്‍ത്താനും

ഫെര്‍ഡിനാന്‍ഡ് മാര്‍ട്ടിന്‍ കപ്പൂച്ചിന്‍
Related Posts