news-details
മറ്റുലേഖനങ്ങൾ

ദൈവത്തിന്‍റെ പ്രതിച്ഛായ

ആത്മാവ് ആഗ്രഹിക്കുന്നത് ശരീരം സാദ്ധ്യമാക്കും. ജീവിതം അങ്ങനെയാണ്. ഭൂമിയുടെ ആഴങ്ങളില്‍നിന്ന് പാറ്റകള്‍ പിറക്കുംപോലെ മനസ്സില്‍നിന്നും സ്വപ്നങ്ങള്‍ ചുറകുമുളച്ച് പറന്നു പൊങ്ങുന്നു. അവ ആത്മാവിലേക്കു കടന്നു കയറുമ്പോള്‍ ശരീരം ചലിക്കുകയായി. ഓരോ യാത്രയും സഫലമാകുന്നത് അപ്പോഴാണ്. അതിന് ദീര്‍ഘമെന്നോ ഹൃസ്വമെന്നോ വേര്‍തിരിവില്ല. ചിലപ്പോഴത് യാതൊരു മുന്‍കരുതലും ഇല്ലാതെയാകും. മറ്റു ചിലപ്പോള്‍ ഏറെ തയ്യാറെടുപ്പോടുകൂടെയും. എന്തായാലും ഒരുക്കങ്ങളെല്ലാം യാത്ര തുടങ്ങുമ്പോള്‍ തന്നെ കൊഴിഞ്ഞുപോകും. പ്യൂപ്പയില്‍നിന്ന് ശലഭം ഉയരുംപോലെ പിന്നെ നാം അറിയാതെ മേഘങ്ങളിലേയ്ക്ക് പടരും. ജീവിതത്തിന്‍റെ അതിര്‍ത്തികള്‍ അപ്പോള്‍ താനെ കൊഴിഞ്ഞുവീഴും.

മണ്ണാര്‍ക്കാട്- അട്ടപ്പാടി പ്രധാന ഗതാഗതമാര്‍ഗ്ഗത്തില്‍ സ്ഥിതി ചെയ്യുന്ന മുക്കാലി എന്ന സ്ഥലത്തുനിന്നാണ് സൈലന്‍റ് വാലി മലനിരകളിലേക്കുള്ള വഴി തുറക്കുന്നത്. സഹ്യപര്‍വ്വത നിരകളിലെ നിത്യഹരിതവനം. (നമ്മെ അടിമകളാക്കുകയും ചൂഷണം ചെയ്യുകയും ചെയ്ത ബ്രിട്ടീഷ് ഭരണാധികാരികളാണ് നാട്ടുരാജാവില്‍നിന്ന് ഈ വനമേഖല വാങ്ങി സംരക്ഷിത വനമേഖലയായി പ്രഖ്യാപിച്ചത്. ഇത് ഒരു അതിശയകരമായ സംഭവമാണ്) അവിടെനിന്ന് വനത്തിലേക്കുള്ള യാത്ര ജീപ്പിലായിരുന്നു. എണ്‍പതുകളുടെ ആദ്യപകുതിയില്‍ നടന്ന സൈലന്‍റ് വാലി സമരം. അക്കാലത്ത് സൈക്കിള്‍ ചവിട്ടിയും കാല്‍നടയായും വന്നിരുന്നതിന്‍റെ തീക്ഷ്ണമായ ഓര്‍മ്മകളിലായിരുന്നു സഹയാത്രികര്‍. കേട്ടും വായിച്ചും അറിഞ്ഞ അനുഭവമേ എനിക്കാസമരങ്ങളെക്കുറിച്ചുള്ളൂ. മലകയറ്റത്തിന്‍റെ ഓര്‍മ്മ വളരെ ചെറുപ്പം മുതല്‍തന്നെ എനിക്ക് കുളിരു പകരുന്നതായിരുന്നു. പെസഹാ വ്യാഴാഴ്ച രാത്രി വര്‍ഷം തോറും മുടങ്ങാതെ മലയാറ്റൂര്‍ മല കയറിയിറങ്ങുന്നത് വീട്ടിലൊരു ശീലമായിരുന്നു. കാട്ടിലേക്കുള്ള ഏതു യാത്രയും ഞാന്‍ കാണുന്നത് ഉരുളന്‍കല്ലുകളും ചവിട്ടി ഒറ്റയടിപ്പാതയിലൂടെ മലയാറ്റൂര്‍ മലകയറുന്നതിന്‍റെ ഓര്‍മ്മയിലാണ്. അതുകൊണ്ടുതന്നെ കാട്ടിലേക്കുള്ള യാത്രകളെല്ലാം എനിക്കൊരു തീര്‍ത്ഥാടനം കൂടിയാണ്. പുഴയുടെ കുളിരില്‍നിന്നും മലചവിട്ടിക്കയറി ആത്മശരീരങ്ങളെ ശുദ്ധി വരുത്തുന്നതാണ് നമ്മുടെ പൈതൃകം. നദികളെല്ലാം നമുക്ക് പുണ്യനദികളായതും മലകളെല്ലാം നമുക്ക് ദേവസ്ഥാനമായതും ആ പൈതൃകത്തിലൂടെയാണ്. സൈലന്‍റ് വാലി സമരത്തിലും പശ്ചിമഘട്ടയാത്രയിലും പങ്കെടുത്ത സുഹൃത്തുക്കള്‍ അതിന്‍റെ ആത്മീയ ലഹരി പങ്കുവെയ്ക്കുമ്പോള്‍ വീട്ടിലെ പല രാത്രികളും പകലായിത്തീര്‍ന്നിട്ടുണ്ട്. നമ്മുടെ എഴുപതുകളിലെ ക്ഷുഭിത യൗവ്വനം മലയാളിക്ക് മാറ്റിവച്ചത് ഈ ഉയര്‍ന്ന പാരിസ്ഥിതിക വിവേകമാണ്.

സൈലന്‍റ് വാലി സമരം കേരളത്തില്‍ ഒരു പുതിയ ജനജാഗ്രതയ്ക്ക് തുടക്കമിട്ടു. മനുഷ്യന് നിലനില്‍ക്കാന്‍ തന്‍റെ ചുറ്റുപാടുകള്‍ കൂടി ആവശ്യമുണ്ടെന്ന് ബോധ്യപ്പെടുത്തി. ചെറിയ ചെറിയ സൗഹൃദ കൂട്ടായ്മകള്‍ പാരിസ്ഥിതിക നൈതികതയെ പുനര്‍ജനിപ്പിക്കാന്‍ വേണ്ടി രൂപം കൊണ്ടു. പിന്നീടത് ഇക്കോഫെമിനിസമായും, പരിസ്ഥിതി രാഷ്ട്രീയമായും പരിസ്ഥിതി  ആത്മീയതയായും വളര്‍ന്നു. അക്കാലത്ത് മരക്കവികള്‍ എന്ന് ആക്ഷേപിക്കപ്പെട്ട ഒരു കൂട്ടം കവികളും നമുക്കുണ്ടായി. മരം മുറിക്കരുതെന്നും കാടുനശിച്ചാല്‍ നാടു നശിക്കുമെന്നും അവര്‍ നാടുനീളെ പാടിക്കൊണ്ടു നടന്നു. അങ്ങനെ അവസാനം കുന്തിപ്പുഴയ്ക്കു കുറുകെ അണകെട്ടാനുള്ള സര്‍ക്കാര്‍ തീരുമാനം ഉപേക്ഷിക്കപ്പെടുകയും ജനങ്ങളുടെ പാരിസ്ഥിതിക വിവേകം വിജയിക്കുകയും ചെയ്തു. അങ്ങനെ കുന്തിപ്പുഴയിന്നും ബന്ധനമറിയാതെ സ്വച്ഛമായൊഴുകുന്നു.

മല ഏറെ കയറിപ്പോന്നു. തോട്ടങ്ങള്‍ പിന്നിട്ടു, ആദിവാസി കോളനികളും കടന്നുപോയി. യാത്രയില്‍ ഓരോരുത്തരും തനിയെ നിശബ്ദതയിലേക്ക് പൊയ്ക്കൊണ്ടിരുന്നു. ചുറ്റും നിശബ്ദതയുടെ വന്യത. മണ്ണട്ടകള്‍ പോലും മണ്ണടരുകളില്‍ ധ്യാനനിമഗ്നരാണിവിടെ. വനദര്‍ശനത്തിനായി കെട്ടിയുയര്‍ത്തിയ ഇരുമ്പു ഗോവണിയില്‍ കയറി മലയെ ഒന്നു നിവര്‍ന്നുനിന്നുകണ്ടു. നമ്മുടെ അതേ ഉയരത്തില്‍ മല. കാഴ്ചയുടെ കോണ്‍ മാറുമ്പോള്‍ എത്ര വ്യത്യസ്തമാകുന്നു അനുഭവം. സഹ്യസാനുക്കളങ്ങനെ ഒരു വൃത്താകൃതിയില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്നു. അകലെ കുന്തിപ്പുഴ മരങ്ങള്‍ക്കിടയിലൂടെ നീണ്ടുവരുന്ന ഒരു പ്രഭാത കിരണംപോലെ താഴോട്ട് ഊര്‍ന്നിറങ്ങുന്നു. ഒരു അമ്മക്കുരങ്ങ് കുഞ്ഞിന്‍റെ മേല്‍ പേന്‍ നോക്കുന്നു. താഴെ ഇപ്പോള്‍ ജനിച്ച ശിശുവിനെ വയറില്‍ അള്ളിപ്പിടിച്ച് മറ്റൊരമ്മ. നോക്കുമ്പോള്‍ മൂന്നും നാലും അമ്മമാര്‍ കുഞ്ഞുങ്ങളെയും വയറില്‍ താങ്ങിപ്പിടിച്ച് വഴിയോരത്ത് കാഴ്ച കണ്ടിരിക്കുന്നു. മരച്ചില്ലകളില്‍ കുരങ്ങുകളും കരിമന്തിയും, സിംഹവാലനും യഥേഷ്ടം പഴങ്ങള്‍ പറിച്ചുതിന്നു നടക്കുന്നു. ഞങ്ങള്‍ക്ക് അവരെ കണ്ട് കൗതുകം ഉണ്ടായെങ്കിലും അവര്‍ ഞങ്ങളെ കാര്യമായി പരിഗണിച്ചതേയില്ല. അതിനടുത്താണ് വനപാലകരുടെ താമസസ്ഥലം. അവിടെ ഈ വനമേഖലയെക്കുറിച്ചുള്ള വിവരണം വിശദമായി തന്നെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. എല്ലാം കണ്ടുകഴിയുമ്പോള്‍ അവസാനം കണ്ണാടിയില്‍ നമ്മള്‍ നമ്മെത്തന്നെ കാണും. പെട്ടെന്ന് നോട്ടം പിന്‍വലിക്കുമ്പോള്‍ കണ്ണാടിക്കുതാഴെ എഴുതിയിരിക്കുന്നതു വായിച്ചു പോകും - 'നിങ്ങളാണ് ഭൂമിയിലെ ഏറ്റവും ഹാനികരമായ മൃഗം' നല്ലത്. മനുഷ്യന്‍ സ്വയം അത്തരം തിരിച്ചറിവിലേക്ക് എത്തിച്ചേരുന്നുണ്ടല്ലോ? പരിസ്ഥിതി പ്രവര്‍ത്തകര്‍ നേടിയെടുത്ത ഏറ്റവും വലിയ അറിവും അതുതന്നെയാണ്. എങ്കിലും നമ്മള്‍ മനുഷ്യകുലത്തില്‍ പെട്ടതുകൊണ്ട് നമുക്ക് നമ്മെക്കുറിച്ച് നല്ലതുമാത്രമല്ലേ കരുതാന്‍ കഴിയൂ. നമ്മുടെ ദൈവം നമ്മെയാണല്ലോ സ്വന്തം ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ചിരിക്കുന്നത്. അതുകൊണ്ട് നമുക്കും നമ്മുടെ ദൈവത്തിന്‍റെ സ്വഭാവമായിരിക്കണമല്ലോ? അക്കാരണത്താല്‍ "ചിലര്‍ ചില സമയങ്ങളില്‍" എന്ന് ഞാന്‍ കണ്ണാടിക്കു താഴെയുള്ള എഴുത്തിനെ തിരുത്തിവായിച്ചു.

ഇനിയുള്ള യാത്ര കാല്‍നടയാണ്.  ജീപ്പ് അനുവദനീയമല്ല. കാട്ടില്‍ കാട്ടുപോത്തും ആനയും പുലിയും കടുവയും ഉണ്ടെന്നറിഞ്ഞപ്പോള്‍ ഭയം തോന്നി. കൂടെ കുട്ടികളും യാത്രയ്ക്കുണ്ട്. അമ്മയുടെ ആകാംക്ഷ നിയന്ത്രിക്കാന്‍ കഴിയാതെ ഞാന്‍ ചോദിച്ചു. ഇവിടെ മൃഗങ്ങള്‍ ഉപദ്രവകാരികളാണോ? ഇതുവരെ അങ്ങനെയൊന്നും ഉണ്ടായിട്ടില്ല. വനപാലകരുടെ മറുപടി ഉറച്ചതായിരുന്നു. പിന്നെ കര്‍ണ്ണാടകത്തിലെ ഒരു മലയോരഗ്രാമത്തില്‍ രണ്ടുദിവസം താമസിച്ചതിന്‍റെ ധൈര്യമുണ്ട്. അന്ന് ബുദ്ധപൗര്‍ണമിയായിരുന്നു. ചന്ദ്രന്‍ അതിന്‍റെ എല്ലാ പ്രതാപത്തോടുംകൂടി ആകാശം നിറഞ്ഞുനിന്നു. എല്ലാവരും മുറ്റത്തെ കയറുകട്ടിലുകളിലാണ് ഉറങ്ങാന്‍ കിടന്നത്. കാട്ടില്‍നിന്നും പലതരം മൃഗങ്ങളുടെ ശബ്ദം കേള്‍ക്കാം. പുലി പിടിച്ചിട്ടായിരിക്കാം, ഒരു മ്ലാവ് ഉറക്കെ കരയുന്നുണ്ട്. അന്നും ആ വീട്ടിലെ അമ്മയോടു ചോദിച്ചു, രാത്രി മൃഗങ്ങള്‍ ഇറങ്ങിവന്ന് നമ്മെ ഉപദ്രവിക്കില്ലേ. ആ അമ്മയുടെ മറുപടി ഉറച്ചതായിരുന്നു. എത്രയോ നാളുകളായി ഞങ്ങളിവിടെയുണ്ട്. അവരവിടെയും. ഞങ്ങള്‍ പരസ്പരം ഭയപ്പെടാറില്ല. സത്യത്തില്‍ ആ രാത്രി ഞാന്‍ ഉറങ്ങിയിട്ടില്ല. നിലാവിനോടുള്ള പ്രിയത്തേക്കാള്‍ മൃഗങ്ങളോടുള്ള പേടിയായിരുന്നു. പക്ഷേ എല്ലാവരും കൂര്‍ക്കം വലിച്ചുറങ്ങുന്നുണ്ടായിരുന്നു. കാട് നാട്ടുമനുഷ്യന്‍ കയ്യേറാതിരിക്കുന്നിടത്തോളം അതിന്‍റെ ഉടമസ്ഥരായ വന്യജീവികള്‍ നാട്ടുജീവിതത്തിന്‍റെ സ്വൈര്യം കെടുത്തില്ല. അവരുടെ ഇടം നാം കയ്യേറുമ്പോള്‍ പിന്നെ അവ ക്രുദ്ധരാകാതെ എന്തുചെയ്യും? അങ്ങനെ കയ്യേറ്റവും പ്രതിരോധവും നമ്മള്‍ അതിജീവനത്തിന്‍റെ മന്ത്രമാക്കുമ്പോള്‍ സ്വസ്ഥമായ ജീവനലീലമറന്നുപോകുകയും അതോടെ നാടിന്‍റെയും കാടിന്‍റെയും ജൈവതാളം അവതാളമാകുകയും ചെയ്യുന്നു. വഴി കാട്ടി ഒറ്റയടിപ്പാതയിലൂടെ മുന്നില്‍ നടന്നു. ഒരു സെന്‍ട്രല്‍ എ. സി. യുടെ ഇഫക്ടാണ്. വഴുക്കിവീണെങ്കിലോ എന്നു കരുതിയാണ് ചെരുപ്പൂരിയത്. പക്ഷേ കാല്‍ ആ പതുപതുത്ത മണ്ണില്‍ തൊട്ടപ്പോള്‍ മേലാകെ രോമാഞ്ചം ചൂടി. ഇത്രയും നനുത്ത ഒരു കാര്‍പെറ്റിലും ഞാനിതുവരെ നടന്നിട്ടില്ല. കാലങ്ങളായി ഇലകള്‍ പുതപ്പിച്ചു കിടത്തിയ മണ്ണ് അത്രമാത്രം മൃദുലമായിരുന്നു. ഇടയ്ക്കു മുറിച്ചു കടക്കേണ്ടിവന്ന ചെറിയ വെള്ളച്ചാലുകള്‍ ഏത് 'കൂള്‍ അക്വിഫിന' യെക്കാള്‍ തണുപ്പും സ്വാദുമുള്ളതായിരുന്നു. കൈത്തലം പതുക്കെ അമര്‍ത്തി ഒരു കുമ്പിള്‍ വെള്ളമെടുത്ത് മുഖം കഴുകുമ്പോള്‍ കിട്ടുന്ന സുഖം എങ്ങനെയാണ് പറഞ്ഞു തരിക. ഒരു വെറ്റ് ടിഷ്യുവിനും അതു നമുക്ക് നല്‍കാന്‍ കഴിയുന്നില്ല.  

ഭൂമിയുടെ മുലക്കണ്ണ് തനിയെ ചുരന്നു പോകുമ്പോഴാണ് ഒരു നദിയുടെ ഉറവപൊട്ടുന്നത്. അത് മലമുകളിലോ, ഗുഹാമുഖത്തോ, പുല്‍മേട്ടിലോ സംഭവിക്കുന്നു. കുന്തിപ്പുഴ തുടങ്ങുന്നത് അങ്ങനെ പുല്‍മേട്ടിലെ ഒരു ഉറവയില്‍ നിന്നാണ്. വലിയ പുല്‍ത്തകിടിയില്‍ ഒറ്റയ്ക്ക് ഉയര്‍ന്നു നില്‍ക്കുന്ന ഒരു മരം. അതിന്‍റെ വേരുകള്‍ക്കിടയില്‍നിന്ന് കുഴിഞ്ഞ മുലക്കണ്ണിലൂടെ എന്നപോലെ ജലം പുറത്തേക്ക് വരുന്നു. പിന്നീട് പല ഉറവകളും വഴിക്കു ചേര്‍ന്ന് ഒരു ചാലായ്, അരുവിയായ്, കുന്തിപ്പുഴ ഏറെ ദൂരം മനുഷ്യസ്പര്‍ശമേല്‍ക്കാതെ വിശുദ്ധയായ് ഒഴുകുന്നു. ഉരുണ്ട കരിങ്കല്‍ പാതകളിലൂടെ കരിങ്കല്ലില്‍ തീര്‍ത്ത കോട്ടയ്ക്കുള്ളിലൂടെ സുരക്ഷിതമായാണ് ആ ഒഴുക്ക്. കരിങ്കല്ലിന്‍റെ നിറമാകാം, കുന്തിപ്പുഴയിലെ വെള്ളത്തിന് കറുപ്പുനിറമാണ്. അതിന്‍റെ വശങ്ങളിലെ കരിങ്കല്ലടരുക ളില്‍നിന്ന് മഞ്ഞശലഭങ്ങള്‍ മേഘങ്ങളിലേക്ക് പടര്‍ന്നു കയറുന്നുണ്ട് നട്ടുച്ചയ്ക്കും.

നമ്മള്‍ നദികള്‍ക്കെല്ലാം പ്രധാനമായും സ്ത്രീ നാമ സംജ്ഞകള്‍ നല്കി. അത് എത്ര അര്‍ത്ഥവത്താണ്. ജലം ജീവന്‍റെ ഉറവിടം. സ്ത്രീയും. വഴിയില്‍ മാന്‍ കൂട്ടങ്ങള്‍ വെള്ളം കുടിച്ചു പോയതിന്‍റെ കാലടികളുണ്ട്. ചൂടാറാത്ത ആനപിണ്ടത്തെ ചവിട്ടാതെ കടന്നുപോകുമ്പോഴും അതിന്‍റെ സാന്നിധ്യമായി ചൂര് മൂക്കില്‍ തുളച്ചു കടക്കുന്നുണ്ട്. വഴിയില്‍ പച്ചപ്രാവുകളും, മൈനകളും വെയില്‍ കായുന്നുണ്ട്. കുന്തിപ്പുഴയെ കണ്‍കുളിര്‍ക്കെ കണ്ടു തിരികെ നടക്കുമ്പോള്‍ മനസ്സും ശരീരവും ഏറെ ശാന്തമായിരുന്നു. തിരിച്ച് മുക്കാലിയിലെത്തിയപ്പോള്‍ ഭവാനിപ്പുഴ കൂട്ടുകാരികളെ കാത്തിരിക്കുന്ന ഒരു കൗമാരക്കാരിയെപ്പോലെ കുളിക്കാന്‍ വരുന്നവരെയും കാത്തിരിക്കുന്നു. ഞങ്ങള്‍ ഏകദേശം ഒരു മണിക്കൂര്‍ 'കന്ന് കയം കണ്ടപോലെ' മുട്ടറ്റം വെള്ളത്തില്‍ ഇരുന്നും കിടന്നും ചെലവഴിച്ചു. ഇപ്പോള്‍ കുളിക്കാന്‍ ഒരു പുഴ വേണം എന്നതാണ് എന്‍റെ പെണ്‍കുട്ടികളുടെയും ആഗ്രഹം. അങ്ങനെ പുഴവക്കത്തൊരു വീട് അവരും സ്വപ്നം കണ്ടുതുടങ്ങി. ഒരു പകല്‍  മുഴുവന്‍ കടന്നു പോയി. മടക്കയാത്ര തിരിക്കുമ്പോള്‍ ഒരു പരസ്യപ്പലക നമ്മെ നോക്കി പറയും 'നിങ്ങള്‍ ഇവിടെ നിന്നും അനുഭവിച്ച ശാന്തത ഒരാള്‍ക്കെങ്കിലും പകര്‍ന്നു കൊടുക്കുക.'  ഹൃദയത്തിലേക്ക് ഒരു പകലിന്‍റെ ശാന്തത മുഴുവന്‍ അരിച്ചിറങ്ങിയ ഒരു ശാന്തരാത്രിയായിരുന്നു അത്.

നമ്മുടെ തിരക്കുകളില്‍നിന്ന് വല്ലപ്പോഴും അവധിയെടുത്ത് പ്രകൃതിയുടെ ശീതളിമയില്‍ ചെലവഴിച്ചാലറിയാം ദൈവം നല്കുന്ന സമാധാനം എന്താണെന്ന്. നമ്മളൊന്ന് സന്നദ്ധരായാല്‍ മതി. ഈ പ്രകൃതി അതിന്‍റെ മുഴുവന്‍ ഇന്ദ്രിയങ്ങള്‍കൊണ്ടും നമ്മെ ഉണര്‍ത്തിയെടുക്കും. കാരണം മനുഷ്യസൃഷ്ടിയില്‍ മനുഷ്യന്‍ മാത്രമേ പ്രകൃതിയില്‍നിന്ന് അടര്‍ന്നു മാറിയിട്ടുള്ളൂ. ബാക്കി എല്ലാവരും അവിടെത്തന്നെയുണ്ട്, ദൈവത്തിന്‍റെ തൊട്ടരികില്‍. അതുകൊണ്ട് നാം മടങ്ങിച്ചെല്ലുമ്പോള്‍ ധൂര്‍ത്തപുത്രനെ എന്ന പോലെ അവരെല്ലാം ചേര്‍ന്ന് നമ്മെ സ്വീകരിക്കുന്നു. കിളികളും, പൂക്കളും, മരങ്ങളും, പുഴകളും, കാറ്റും, നിലാവും, മണ്ണും എല്ലാം എല്ലാം നമ്മെ ഒറ്റ നിമിഷംകൊണ്ട് സ്വസ്ഥരാക്കുന്നു, ഏറ്റവും സ്നേഹിക്കപ്പെടുന്ന ഒരാളുടെ അരികിലെന്നപോലെ. അതിന് ചിലപ്പോള്‍ ആകാശത്തിന്‍റെ ഒരു ചീളുമതി. മറ്റൊരിക്കല്‍ അത് ഒരു കിളിയുടെ പാട്ടാകാം, അല്ലെങ്കില്‍ പുഴയുടെ ഒഴുക്ക്, അങ്ങനെ എന്തും നമ്മെ ഉറവിടത്തിലേക്ക്, ശാന്തതയിലേക്കു കൂട്ടിക്കൊണ്ടു പോകും. നമ്മില്‍നിന്ന് അശാന്തത ഒഴിഞ്ഞുപോകാനുള്ള ഏകമാര്‍ഗ്ഗം ഉറവിടത്തിലേക്ക് മടങ്ങിച്ചെല്ലലാണ്.

മനുഷ്യരെപ്പോലെ മൃഗങ്ങളും, സസ്യങ്ങളും, പറവകളും, ഉരഗങ്ങളും എല്ലാം സഞ്ചരിക്കുകയും സംസാരിക്കുകയും ചെയ്തൊരു കാലത്തെക്കുറിച്ചുള്ള ഒരു സ്വപ്നമുണ്ടായിരുന്നല്ലോ നമുക്ക്, സത്യയുഗം. അതുകഴിഞ്ഞപ്പോള്‍ ദൈവം പറഞ്ഞു: "ഇനി സഞ്ചരിക്കുകയും സംസാരിക്കുകയും ചെയ്താല്‍ നിങ്ങള്‍ പാപം ചെയ്യും, എന്നില്‍ നിന്നും അകന്നുപോകും." സസ്യങ്ങള്‍ പറഞ്ഞു: "അയ്യോ ഞങ്ങള്‍ ഇനി നിന്നിടത്തുനിന്ന് ഇളകുകയോ ഒരുവാക്ക് മിണ്ടുകയോ ചെയ്യില്ല. അങ്ങയെ ഞങ്ങള്‍ വിട്ടു പോകില്ല." മറ്റു ജീവജാലങ്ങള്‍ പറഞ്ഞു, "ഞങ്ങള്‍ സഞ്ചരിക്കും പക്ഷെ, സംസാരിക്കില്ല. അങ്ങനെ ഞങ്ങള്‍ പാപം ചെയ്യാതെ ജീവിക്കും." മനുഷ്യന്‍ പറഞ്ഞു; "ഞാന്‍ സഞ്ചരിക്കുകയും സംസാരിക്കുകയും ചെയ്യും. എന്നാലും പാപം ചെയ്യാതിരിക്കും." പക്ഷെ ദൈവം പറഞ്ഞപോലെ സംഭവിച്ചു. മറ്റുള്ള സഹോദരങ്ങളില്‍ നിന്നും അകന്നുപോന്നതോടെ അവനില്‍ ഭയം ഒരു പ്രധാന വികാരമായി. സ്വന്തം സഹോദരനെ ഭയന്നു. പരസ്പരം കരുതലായിരുന്നവര്‍ ശത്രുക്കളായി. മറ്റു ജീവജാലങ്ങളും പ്രകൃതിയും അവന്‍റെ ശത്രുക്കളായി. സ്വന്തം സഹോദരനുപോലും അവന്‍ കാവല്‍ക്കാരനല്ലാതായി. എല്ലാറ്റിനേയും അവന്‍ വസ്തുക്കളാക്കി. കീഴടക്കുകയും മെരുക്കിയെടുക്കുകയും ചെയ്യുന്നതില്‍ അഭിമാനിച്ചു. അവന്‍ എല്ലാറ്റിന്‍റേയും യജമാനനായി സ്വയം അവരോധിച്ചു. എന്നിട്ടും സ്നേഹം എന്തെന്നോ സമാധാനം എന്തെന്നോ അവന്‍ അറിയാതെ പോയി. കാലത്തിന്‍റെ ഒഴുക്കില്‍ വല്ലപ്പോഴും ആത്മാവിന്‍റെ ഉള്‍ക്കണ്ണു തുറന്നു കിട്ടിയവരെല്ലാം പ്രകൃതിയിലേക്കു തിരിച്ചുപോയി.  ശാന്തരായി. ബുദ്ധരായി. വിശുദ്ധരായി. ചന്ദ്രന്‍ സഹോദരിയാണെന്നും സൂര്യന്‍ സഹോദരനാണെന്നും ഏറ്റുപറഞ്ഞു. അവര്‍ മരുഭൂമിക്കു നടുവിലും ഒരു നീര്‍ത്തടാകം കണ്ടെത്തി. സ്വസ്ഥരായി. ഭൂമിയില്‍ സന്മസ്സും സമാധാനവുമുള്ളവരായി ജീവിച്ചു. ദൈവം ആ തിരിച്ചുവന്നവരോട് പറഞ്ഞു: "നിങ്ങള്‍ പോയി നിങ്ങളുടെ സഹോദരങ്ങളെക്കൂടി കൂട്ടിക്കൊണ്ടുവരിക. നിങ്ങള്‍ വിട്ടുപോയ ഇടം നിങ്ങള്‍ക്കായി ഇപ്പോഴും ഒഴിഞ്ഞുകിടക്കുന്നു. മറ്റ് സസ്യജന്തുജാലങ്ങളോടൊപ്പം ആകാശം മേല്‍ക്കൂരയായും ഭൂമി പാദപീഠമായും ജീവിക്കുക." അങ്ങനെ അവരിലൂടെ (ദൈവത്തിലേക്ക് തിരിച്ചുപോയവരിലൂടെ)ആത്മീയത നമുക്ക് ഒരു തിരിച്ചുനടത്തമായി. അവര്‍ നമുക്കുവേണ്ടി അടര്‍ന്നുപോയൊരു മുളന്തണ്ടിന്‍റെ വേദനയോടെ പാടിക്കൊണ്ടിരുന്നു. സഹോദരാ, സഹോദരീ തിരിച്ചുവരൂ, നമുക്കൊന്നിച്ച് ഈ ശാന്തതയുടെ ആനന്ദം പങ്കിടാം, പരസ്പരം കീഴ്പ്പെടുത്തി കാവലിരിക്കുന്ന അശാന്തിയുടെ അതിജീവനത്തിനു പകരം പരസ്പരം  കരുതലാകുന്ന ജീവനലീലയുടെ ശാന്തി നുകരാം. അവരെ നാം പ്രവാചകരെന്നും ഋഷികളെന്നും സൂഫികളെന്നും വിളിച്ചു. അവര്‍ അപരനെതിരെ ഒരിക്കലും വാളോങ്ങിയില്ല. വാളതിന്‍റെ ഉറയിലിടാനാണ് കല്പിച്ചത്.

പക്ഷേ, ദൈവത്തിലേക്ക് തിരിച്ചു നടന്നവരുടെ ഭാഷ നമുക്ക് മനസ്സിലായില്ല. കണ്‍മുന്നില്‍ ഒരു പൂ വിരിയുന്നതിന്‍റെ അത്ഭുതം നമ്മള്‍ കണ്ടില്ല. പ്രകൃതിയുടെ സൗന്ദര്യത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തവിധം അന്ധമാക്കപ്പെട്ടവരായിത്തീര്‍ന്നിരിക്കുന്ന നമ്മള്‍, കാണേണ്ടതൊന്നും കാണാതെ സ്വര്‍ഗ്ഗത്തിനുവേണ്ടി ദൈവത്തോട് നിലവിളിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ടു തന്നെ, നമ്മുടെ ആത്മീയതയ്ക്കുപോലും സൗന്ദര്യവും ആനന്ദവും നിഷിദ്ധമായി. ആത്മീയത പ്രകൃതിയിലേക്കുള്ള മനുഷ്യന്‍റെ തിരിച്ചുനടത്തമാണ്. നമ്മുടെ മതപരമായ ആത്മീയതയാകട്ടെ യഥാര്‍ത്ഥത്തില്‍ എന്താണോ ആത്മീയത അതുതന്നെ  നഷ്പ്പെടുത്തി. ദൈവത്തിന്‍റെ സമാധാനം മനുഷ്യരിലേക്കെത്തിക്കാന്‍ ഒരു നീര്‍ച്ചാലായി തീരേണ്ട മതങ്ങള്‍, അതിന്‍റെ വളര്‍ച്ചയില്‍ എവിടെയോവെച്ച് പരസ്പരം അശാന്തിയുടെ പടവാളുകളായി.

എല്ലാ മതങ്ങള്‍ക്കകത്തും ഒരു നേര്‍രേഖ പ്രകൃതിയോടിണങ്ങി ദൈവത്തിലേക്ക് നീളുന്നുണ്ട്. അതിന്‍റെ ഉറവ വറ്റാതിരിക്കേണ്ടത് ജീവന്‍റെ തുടര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. പാരിസ്ഥിതികമായൊരു ആത്മീയ ബോധം  നമ്മിലെ ഉണര്‍വ്വിനെ ജാഗ്രത്താക്കും. അപ്പോള്‍ ഭൂമി ദൈവത്തിന്‍റെ വാസസ്ഥലമാണെന്നും മനുഷ്യന്‍ അതിനെ മലിനമാക്കരുതെന്നും അസ്സീസിയിലെ ഫ്രാന്‍സീസിനെപ്പോലെ ഓരോരുത്തരും കരുതും. മരുഭൂമിയില്‍  ഒറ്റപ്പെട്ട ഒരു രാത്രിയിലാണ് യാക്കോബ് ദൈവത്തിന്‍റെ മാലാഖമാര്‍ ഒരു ഗോവണിയിലൂടെ ഇറങ്ങുകയും കയറുകയും ചെയ്യുന്നത് കണ്ടത്. അങ്ങനെ അപ്പനായ ദാവീദിന്‍റെ ഭവനം മാത്രമല്ല ആ മരുഭൂമിയും ദൈവത്തിന്‍റെ വീടാണ് എന്ന് തിരിച്ചറിഞ്ഞത്. പ്രകൃതിയിലേയ്ക്കുള്ള ഓരോ യാത്രയും നമ്മെ ഓര്‍മ്മിപ്പിക്കേണ്ടതും ഭൂമി ദൈവത്തിന്‍റെ വാസസ്ഥലമാണ് എന്നാണ്. പ്രകൃതിയില്‍ ദൈവത്തിന്‍റെ പ്രതിച്ഛായ തിരിച്ചറിയാന്‍ കഴിയുമ്പോഴാണ് യാത്രയുടെ ആനന്ദം പൂര്‍ണ്ണമാകുന്നത്. നമ്മുടെ പാരിസ്ഥിതികമായ അറിവ് ഇപ്രകാരം ഒരു നൈതികവിവേകമായി പരിണമിക്കുമ്പോഴാണ് ജീവിതം കൂടുതല്‍ ഉണര്‍വുള്ളതാകുക. ഓരോ യാത്രകഴിഞ്ഞ് തിരിച്ചെത്തുമ്പോഴും മറ്റൊരു യാത്രയിലേക്ക് നമ്മെ ത്രസിപ്പിക്കുന്നത് നമ്മിലെ ഈ ആത്മീയ ജാഗ്രതയാണ്. 

You can share this post!

ഫ്രാന്‍സിസിന്‍റെ വോള്‍ട്ടിറ എഴുത്ത് (Volterra Text...) ഒരു പുതുവായന

ഡോ. ജെറി ജോസഫ് OFS
അടുത്ത രചന

ഒറ്റപ്പന

ഫാ. ഷാജി സി. എം. ഐ.
Related Posts