news-details
മറ്റുലേഖനങ്ങൾ

അതിജീവനത്തിന്‍റെ നാട്ടുപച്ച

ആഗോളതലത്തില്‍ കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചും പരിഹാരങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ കൂടിയ ക്യോട്ടോ പ്രോട്ടോക്കോളും (1997) ബാലി പ്ലാന്‍ ഓഫ് ആക്ഷനും (2007), കോപ്പന്‍ഹേഗനും (2009), ജീവിതശൈലിയുടെ സമൂലമായ മാറ്റത്തിലൂടെ ഭൂമിയുടെ അതിജീവനത്തിന് നാട്ടുവഴികള്‍ നിര്‍ദ്ദേശിക്കുന്നില്ല.  അന്തരീക്ഷത്തിലെ ശരാശരി ചൂടിന്‍റെ  നിലയില്‍ രണ്ട് ഡിഗ്രി വ്യതിയാനം വന്നാല്‍ സംഭവിക്കാവുന്നത് ഭയാനകമാണ്. "കോപ്പന്‍ ഹേഗന്‍, സുനാമി, പട്ടിണി" (ഹിന്ദു. 26-12-09) എന്ന ലേഖനത്തില്‍ എം. എസ്. സ്വാമിനാഥന്‍ പ്രവചിക്കുന്നത് രണ്ട് ഡിഗ്രിയില്‍ കൂടുതലായാല്‍, പസിഫിക് സമുദ്രത്തിലെ തൂവാലു, മാലി, ലക്ഷദ്വീപ്, ആന്‍ഡമാന്‍ നിക്കോബാര്‍, പശ്ചിമബംഗാളിലെ സുന്ദര്‍വനം, കേരളത്തിലെ കുട്ടനാട് എന്നിവ കടല്‍വെള്ളത്തില്‍ മുങ്ങിപ്പോകും എന്നാണ്. ഭൂമി ഇന്ന് നേരിടുന്ന പ്രശ്നങ്ങള്‍ ഇതുകൊണ്ടുതീരുന്നില്ല. അവയില്‍ ചിലതുമാത്രം താഴെ കൊടുക്കുന്നു:

$ ഭൂമിയില്‍ മനുഷ്യനൊഴിച്ച് കുറെയേറെ ജീവികള്‍ക്ക് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യരില്‍ ഇത് മതന്യൂനപക്ഷങ്ങള്‍ക്കും ഗോത്രവര്‍ഗ്ഗങ്ങള്‍ക്കുമാണെന്നുമാത്രം.

$ ജലവിതാനം ശരാശരി നിരപ്പില്‍ നിന്ന് താഴെപ്പോകുന്നു. ജലസ്രോതസ്സുകള്‍ വരണ്ടുണങ്ങുന്നു.

$ എണ്ണ, കല്‍ക്കരി, ധാതുക്കള്‍ എന്നിവയുടെ ശേഖരം ക്ഷയിച്ചുകൊണ്ടിരിക്കുന്നു.

$ പ്രകൃതിയുടെ അസന്തുലിതാവസ്ഥ ഏറുന്നു.

$ വര്‍ഗ്ഗം, വംശം, മതം, ജാതി, ഭാഷ എന്നിവയുടെ പേരില്‍ ഭൂമിയില്‍ സംഘര്‍ഷങ്ങള്‍ പെരുകുന്നു.

$ ആണവായുധങ്ങള്‍ കുമിഞ്ഞ് കൂടുന്നു. ഭ്രാന്തമായ ആവേശത്തള്ളിച്ചയില്‍ ആണവായുധം ഉപേക്ഷിക്കാനാവുന്നില്ല.

$ ദരിദ്രനും ധനവാനും തമ്മിലുള്ള അന്തരം വര്‍ധിക്കുന്നു.

$ പ്രകൃതിക്ക് മനുഷ്യന്‍ ഏല്പിക്കുന്ന ക്ഷതംമൂലം ഉണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനങ്ങള്‍ സൃഷ്ടിക്കുന്ന വര്‍ഗ വ്യത്യാസങ്ങള്‍ -ഉള്ളവനും ഇല്ലാത്തവനും- ഭയാനകമായിരി ക്കും. ഭൂമിയില്‍ മൂന്നിലൊന്നുപേര്‍ അഭയാര്‍ത്ഥികളായിരിക്കും.

 

സാമ്രാജ്യത്തം, മുതലാളിത്തം, നവകൊളോണിയലിസം, ആഗോളീകരണം, ഉദാരവത്കരണം, പാര്‍ലമെന്‍ററി ജനാധിപത്യം, കമ്മ്യൂണിസം എന്നിവയാണ് കഴിഞ്ഞ അരസഹസ്രാബ്ദമായി നാം വളര്‍ത്തിയെടുത്ത വ്യവസ്ഥകള്‍. അവയുടെ സ്ഥാപനങ്ങളാണ് ലോകം ഭരിക്കുന്നത്. അവയുടെ ആശയങ്ങളിലാണ് ലോകം ചലിക്കുന്നത്. അരനൂ റ്റാണ്ടിനുള്ളില്‍ മറ്റൊരു ഭൂതം കൂടി മനുഷ്യനെ പിടികൂടിയിട്ടുണ്ട്. മതാധിഷ്ഠിത ഭരണകൂടങ്ങള്‍. എന്നാല്‍ മേല്‍പറഞ്ഞ സംവിധാനങ്ങളൊന്നും തന്നെ ഭൂമിയുടെയും മനുഷ്യന്‍റെയും സ്വാതന്ത്ര്യം, കുറഞ്ഞ തോതിലെങ്കിലും സംരക്ഷിക്കാനോ നിലനിര്‍ത്താനോ ത്രാണിയുള്ളതല്ലെന്ന് ചരിത്രം തെളിയിക്കുന്നു. ഇവയുടെയെല്ലാം അടിസ്ഥാന പ്രമാണം ആധുനികശാസ്ത്ര സാങ്കേതികതയാണ്. ഈ ആധുനിക ശാസ്ത്ര സാങ്കേതികതയാകട്ടെ ആധുനിക നാഗരികതയെന്ന പാശ്ചാത്യനാഗരികതയോട് കടപ്പെട്ടിരിക്കുന്നു.

 

ആധുനിക നാഗരികതയുടെ സ്വഭാവം അത് മറ്റ് നാഗരികതകളെ  അംഗീകരിക്കുന്നില്ലെന്നതാണ്. അതിന്‍റെ മൂശയില്‍ രൂപപ്പെടാത്ത ഒന്നിനെയും അതിന് സ്വീകാര്യമല്ല.  ആഫ്രിക്ക, ഏഷ്യ, ലാറ്റിനമേരിക്ക, ആസ്ത്രേലിയ, വടക്ക് തെക്കന്‍ അമേരിക്ക എന്നിവിടങ്ങളിലെയെല്ലാം തനത് നാഗരികതകളെ അത് തോക്കും വെടിമരുന്നും ഉപയോഗിച്ച് കീഴ്പ്പെടുത്തി. തദ്ദേശീയരെ അടിമകളാക്കി. വിഭവങ്ങള്‍ കവര്‍ച്ച ചെയ്തു. അവരുടെ ദൈവങ്ങളെയും സംസ്കാരങ്ങളെയും ഭാഷയെയും നശിപ്പിച്ചു. ആധുനിക നാഗരികതയില്‍നിന്ന് രൂപപ്പെട്ട മുതലാളിത്തത്തിന് ഇന്നത്തെ രാക്ഷസീയമായ ഭയാനക രൂപം കൈവരിക്കുകയല്ലാതെ മാര്‍ഗ്ഗമില്ല.  ആഗോള ഗ്രാമം എന്നൊക്കെ പറയുമെങ്കിലും അതുകൊണ്ട്  അര്‍ത്ഥമാക്കുന്നത് ന്യൂനപക്ഷം വരുന്ന മുതലാളിമാരുടെ നിയന്ത്രണത്തിലുള്ള ഗ്രാമം എന്നാണ്. പുത്തന്‍ ഈസ്റ്റിന്ത്യാ കമ്പനികള്‍.

ഇനി മുതലാളിത്തത്തിനെ അതിന്‍റെ മണ്ണില്‍തന്നെ തോല്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയ മാര്‍ക്സിസമാകട്ടെ (അതിന്‍റെ പലേതരം ബ്രാന്‍ഡുകളടക്കം) മുതലാളിത്തത്തെക്കാള്‍ രൂക്ഷമായ പ്രതിസന്ധി കുറഞ്ഞകാലം കൊണ്ടുണ്ടാക്കിയാണ് അവസാനിച്ചത്. ഇന്ന് മാര്‍ക്സിസം നിലനില്‍ക്കുന്നത് ചരിത്രത്തെ അപഗ്രഥിക്കാനുള്ള ഉപകരണമായിട്ടാണ്. എന്തുകൊണ്ട് മാര്‍ക്സിസം പരാജയപ്പെട്ടു? കാരണം അതും ആധുനികനാഗരികതയുടെ ഗര്‍ഭപാത്രത്തില്‍ നിന്നുതന്നെയാണ് പുറത്തുവന്നത്. അതേ നാഗരികതയെ, അതേ നാഗരികതയുടെ ആധുനിക - ശാസ്ത്ര - സാങ്കേതികതയുടെ- അസ്ഥിവാരത്തില്‍നിന്നുകൊണ്ട് വെല്ലുവിളിക്കാന്‍ തുനിഞ്ഞതാണ് മാര്‍ക്സിന്‍റെ പരാജയം.

ദക്ഷിണാഫ്രിക്കയിലെ സത്യാഗ്രഹ സമരചരിത്രം പുനഃസൃഷ്ടിക്കുമ്പോള്‍ ഗാന്ധി ആധുനിക നാഗരികതയുടെ അതിസങ്കീര്‍ണ്ണമായ കുരുക്കുകള്‍ ഇഴ പിരിക്കുന്നുണ്ട്. പ്രകൃതിയുടെ നിഷ്കളങ്ക മക്കളായ നീഗ്രോകള്‍ അവരുടെ വയലുകളില്‍ കൃഷിചെയ്ത് സംതൃപ്തരായി ജീവിച്ചു. മനുഷ്യശേഷിയും വിഭവശേഷിയും ചൂഷണം ചെയ്ത് കൂടുതല്‍ ധനമാര്‍ജ്ജിക്കുവാന്‍ യൂറോപ്യന്മാര്‍ അവരുടെ നാഗരികതയുമായി ദക്ഷിണാഫ്രിക്കയിലെത്തി. അവര്‍ അവരുടെ സംസ്കാരത്തിന്‍റെ ചേരുവകളായ പണിയും പണവും മതവും തുണിയും വ്യഞ്ജനങ്ങളും മദ്യവും ആഫ്രിക്കയില്‍ പരിചയപ്പെടുത്തി. ഇത് ആവശ്യങ്ങളുടെ, ആര്‍ത്തികളുടെ പെരുക്കത്തിലേക്ക് നയിച്ചു. ആവശ്യങ്ങളുടെ അനിയന്ത്രിത പെരുക്കത്തോടെ നീഗ്രോകള്‍ അദ്ധ്വാനത്തിന്‍റെ വിലയിലേയ്ക്ക് ആട്ടിപ്പായിക്കപ്പെട്ടു. അവരുടെ ആവശ്യങ്ങള്‍ വര്‍ദ്ധിപ്പിക്കുവാനും അവരെ പണിയുടെ വില പഠിപ്പിക്കുവാനും നികുതികള്‍ ചുമത്തപ്പെട്ടു. യൂറോപ്യന്‍ യജമാനന്മാര്‍ക്കായി അവര്‍ ഖനിയുടെ ആഴങ്ങളില്‍ പോയി വെള്ളിയും സ്വര്‍ണ്ണവും കുഴിച്ചെടുക്കാന്‍ നിര്‍ബന്ധിതരായി. ഏത് അനാരോഗ്യ സാഹചര്യത്തിലും അദ്ധ്വാനിക്കുവാന്‍ അവരെ അടിമകളാക്കി. മാരകരോഗങ്ങള്‍ അവരെ വേട്ടയാടി. രോഗം സുഖപ്പെടുത്താന്‍ അവര്‍ ഡോക്ടറെത്തേടി. ഈ വിഷമവൃത്തം ഇന്നും തുടരുന്നു. മനുഷ്യനെയും പ്രകൃതിയെയും ചൂഷണം ചെയ്യുവാന്‍ പാശ്ചാത്യര്‍ ദക്ഷിണാഫ്രിക്കയിലൊരുക്കിയത് ആധുനിക നാഗരികതയുടെ കെണിയായിരുന്നു. യൂറോപ്യന്മാര്‍ അക്ഷരാര്‍ത്ഥത്തില്‍ ആഫ്രിക്കയില്‍ നിന്ന് പോയതിനുശേഷവും ആധുനിക നാഗരികതയുടെ ഭുര്‍ഭൂതത്തില്‍നിന്ന് ആഫ്രിക്ക മോചിതമായില്ല. വര്‍ഗ്ഗ-വംശീയ സംഘര്‍ഷങ്ങള്‍കൊണ്ട് അവിടം പുകയുന്നു. വിഭവങ്ങള്‍ കൈക്കലാക്കാനുള്ള യുദ്ധങ്ങളും. ആധുനിക നാഗരികതയിലൂടെ ഇതേ ദുര്‍ഭൂതത്തെത്തന്നെയാണ് ഇന്ത്യയിലും ബ്രിട്ടീഷുകാര്‍ പുറത്ത് വിട്ടത്.  ആധുനിക നാഗരികതയുടെ നുകക്കീഴില്‍ അമര്‍ന്നുപോയ 2009ലെ ഇന്ത്യ മാവോയിസ്റ്റുകളെ വേട്ടയാടാനെന്ന പേരില്‍, ആദിവാസികളുടെ നേരെ നിറയൊഴിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, ഉത്തര്‍ പ്രദേശ്, ബീഹാര്‍, ഒറീസ്സ, ഛത്തീസ്ഗഢ്, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ ആദിവാസി മേഖലകളിലെ വിലപിടിപ്പുള്ള ധാതുക്കള്‍ വന്‍കിട കമ്പനിക്കാര്‍ക്ക് തീറെഴുതി കൊടുക്കാന്‍വേണ്ടി ആദിവാസികളെ ആട്ടിപ്പായിക്കുന്നതിന്‍റെ ഭാഗമായാണിത്.  ആദിവാസിക്കവകാശപ്പെട്ട മണ്ണ് കൈക്കലാക്കാനുള്ള തന്ത്രം. ഈ തന്ത്രം സമര്‍ത്ഥമായി ഉപയോഗിച്ചുകൊണ്ടാണ് ബ്രിട്ടീഷുകാര്‍ ഇന്ത്യയുടെ പരമ്പരാഗത വ്യവസായങ്ങളെ, കൃഷിയെ, ജലസേചനത്തെ, വിദ്യാഭ്യാസത്തെ, ആരോഗ്യരീതികളെ, ജനാധിപത്യ സങ്കല്പങ്ങളെ, നീതി - ന്യായ ബോധങ്ങളെ നശിപ്പിക്കാനൊരുങ്ങിയത് .

ആധുനിക നാഗരികതയുടെ പ്രവാചകന്‍ ആധുനിക ശാസ്ത്രത്തിന്‍റെ ഉദ്ഘോഷകനായ ഫ്രാന്‍സീസ് ബേക്കണാണ്. തന്‍റെ വ്യക്തിജീവിതത്തില്‍ അഴിമതിക്കറ പുരണ്ട ബേക്കന് മൂല്യങ്ങളെപ്രതി ആകുലതയില്ലായിരുന്നു. എല്ലാ മൂല്യങ്ങളില്‍നിന്നും അറിവിനെ വേര്‍പെടുത്തിയത് ബേക്കനാണ്. നന്മതിന്മകളുടെ നിയന്ത്രണങ്ങളില്‍ നിന്ന് അറിവിനെ വേര്‍പെടുത്തിയ ബേക്കണ്‍ അതിനെ അധികാരം ഉല്പാദിപ്പിക്കുന്ന പുതിയൊരു ശക്തിയുടെ നിയന്ത്രണത്തിലാക്കി. അദ്ദേഹത്തിന് അധികാരത്തിന്‍റെയും ലാഭത്തിന്‍റെയും (പ്രയോജനത്തിന്‍റെയും) മൂല്യമാണ് ഏറ്റവും മഹത്തരമായത്. ഇതോടെ സത്യവും അധികാരവും ലാഭവും അദ്ദേഹത്തിന്‍റെ വീക്ഷണത്തില്‍ ഒന്നായി. അറിവ് അധികാരമാകുന്നതോടെ, ഒരു പുതിയ വിഗ്രഹമുണ്ടായി. പുതിയ മൂല്യങ്ങളായ 'ഉപയോഗയോഗ്യം- ഉപയോഗശൂന്യം' എന്നിവ പഴയ മൂല്യങ്ങളായ 'നന്മ-തിന്മക'ളെ അസ്ഥാനത്താക്കി. ഇന്നത്തെ കേരളീയസമൂഹം ഒന്ന് പരിശോധിച്ചു നോക്കുക. കുറച്ച് കൂലിദിനങ്ങള്‍ക്കുവേണ്ടി എത്രയോ കുന്നുകള്‍, പാറകള്‍ നമ്മുടെ മാര്‍ക്സിസ്റ്റുപാര്‍ട്ടി ഇല്ലാതാക്കി, കോണ്‍ഗ്രസ്സിനൊപ്പം ചേര്‍ന്ന് തോടുകള്‍, ജലാശയങ്ങള്‍, വയലുകള്‍, നാനാവിധമാക്കി! പാര്‍ട്ടിക്ക് ഗുണമുണ്ടോ ഇല്ലയോ എന്ന് മാര്‍ക്സിസ്റ്റുകാരും നാലുകാശുണ്ടാക്കാന്‍ കഴിയുമോയെന്ന് കോണ്‍ഗ്രസ്സുകാരും! ക്രിസ്തുവിനെയും, നബിയെയും, ഗാന്ധിയെയും ഗുരുവിനെയും ഇവര്‍ ഒറ്റുകൊടുത്തു. പകരം കോടിക്കണക്കിനാസ്തിയുള്ള ക്രിസ്തീയ പള്ളിമേടകളും, മദനിമാരും സദ്ദാംഹുസൈന്മാരും, കറന്‍സിയിലെ ഗാന്ധിമാരും, വെള്ളാപ്പിള്ളിമാരും അവതരിച്ചു.

 

അറിവ് അധികാരമായതോടെ, അറിവ് ധാര്‍മ്മികതയില്‍നിന്ന് വേര്‍പെട്ടതോടെ അതുവരെ നിലനിന്നിരുന്ന ധാര്‍മ്മികാന്തരീക്ഷം പുത്തന്‍ ശക്തികള്‍ക്കു മുമ്പില്‍ നഷ്ടപ്പെട്ടു. ക്രിസ്തുവിന്‍റെ ഹൃദയരക്തത്തില്‍ നിന്നും ഇറ്റുവീണ സഹനവും കരുണയും പുറന്തള്ളപ്പെട്ടു. കൊള്ളയും അടിമക്കച്ചവടവും മേച്ചില്‍പ്പുറങ്ങളായി. സ്വര്‍ഗ്ഗീയ ഗോളങ്ങള്‍പോലെ കൊച്ചുകൊച്ചു യാനപാത്രങ്ങള്‍, വെടിമരുന്നുമായി കടലായ കടലുകളില്‍ ലോകങ്ങള്‍ ചുറ്റി. കറുത്ത അടിമകളെ വിറ്റു കാശാക്കിയും അവരെ ക്രൂരമായി പണിയെടുപ്പിച്ചും പുതിയ നാടുകളിലെ വിഭവങ്ങള്‍ കുത്തിക്കവര്‍ന്നും അമൂല്യസമ്പത്തുക്കള്‍ കൊള്ളയടിച്ചും കിട്ടിയ ധനമെല്ലാം വ്യവസായങ്ങളില്‍ നിക്ഷേപിക്കപ്പെട്ടു. അധികാരത്തിന്‍റെ ശക്തി കൂടുതല്‍ മുറുക്കുവാനുള്ള ഉപാധികളായി ഇതെല്ലാം.

 

അസത്യത്തിന്‍റെയും അധാര്‍മ്മികതയുടെയുമായ ആധുനിക നാഗരികതയുടെ എടുപ്പുകള്‍ മനുഷ്യനെ നിസ്സാരവത്ക്കരിക്കുകയും അന്യനാക്കുകയും ചെയ്യുന്നുവെന്ന സത്യം തിരിച്ചറിഞ്ഞ ഗാന്ധിയാണ്, ആധുനിക മനുഷ്യചരിത്രത്തില്‍ ഇതിനെതിരെ സാര്‍ത്ഥകമായ പ്രതിരോധം ഉയര്‍ത്തുന്നത്. ഇന്ത്യ, ഇംഗ്ലണ്ട്, ദക്ഷിണ ആഫ്രിക്ക എന്നീ രാജ്യങ്ങളുള്‍ക്കൊള്ളുന്ന മൂന്ന് ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള അനുഭവങ്ങളും അറിവുമാണ്, ആധുനികനാഗരികതയുടെ നാഡിമിടിപ്പ് പരിശോധിക്കാന്‍ ഗാന്ധിയെ പ്രാപ്തനാക്കുന്നത്. ആധുനിക നാഗരികതയുടെ അതേ മൂല്യങ്ങള്‍കൊണ്ട് അതിനെ പ്രതിരോധിക്കുവാനോ നിലംപരിശാക്കുവാനോ കഴിയില്ലായെന്ന വെളിപാടില്‍ നിന്നാണ് ഗാന്ധി തന്‍റെ സ്വന്തം ജീവിതത്തില്‍നിന്ന്, മണ്ണില്‍നിന്ന്, സംസ്കാരത്തില്‍നിന്ന് ഊര്‍ജ്ജം സംഭരിക്കുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, യന്ത്രം, പാര്‍ലമെന്‍റ്, നിയമം - കോടതി, കൃഷി, കുടുംബം, ലൈംഗികത, മതദര്‍ശനം എന്നു തുടങ്ങി ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും ഗാന്ധി പരീക്ഷണങ്ങള്‍ നടത്തി, തന്‍റെ ആശ്രമങ്ങളെന്ന പരീക്ഷണശാലകളിലൂടെ. രാഷ്ട്രീയം ഗാന്ധിക്ക് വെറും കര്‍മ്മമണ്ഡലം മാത്രമായിരുന്നു. യഥാര്‍ത്ഥ പരീക്ഷണങ്ങള്‍ നടന്നത് ഉള്ളിലും ആശ്രമങ്ങളിലുമാണ്.

ആധുനിക നാഗരികതയുടെ ഓരോ സ്ഥാപനത്തിനും ബദലായി ഗാന്ധി തന്‍റെ മണ്ണില്‍ നിന്നുള്ള ജൈവമുകുളങ്ങള്‍ തീര്‍ത്തു. വിദ്യാഭ്യാസത്തെ ആരോഗ്യത്തില്‍ നിന്നോ നിയമ-കോടതികളില്‍ നിന്നോ വ്യവസായത്തില്‍നിന്നോ, മതത്തില്‍നിന്നോ, ഭാഷയില്‍നിന്നോ വേര്‍പിരിക്കാന്‍ പറ്റാത്ത വിധമായിരുന്നു അവയുടെ ജൈവഘടന. ഒന്നില്‍ തൊട്ടാല്‍ എല്ലാറ്റിനെയും ഉള്‍ക്കൊള്ളാനാവുന്നത്. ഓരോ സംസ്കാരത്തിനും, ജനതയ്ക്കും ശാസ്ത്രവും സാങ്കേതിക വിദ്യയും, ജീവനത്തിനുള്ള പ്രായോഗിക ക്ഷമതയും മതബോധവും ഉണ്ടെന്ന് അംഗീകരിക്കുന്നതോടെയാണ് ഇതിന് തുടക്കമാവുന്നത്. ആധുനിക നാഗരികതയുടെ ആര്‍ത്തിയില്‍നിന്നും ആസക്തിയില്‍നിന്നും മനുഷ്യനെ മോചിപ്പിക്കുവാന്‍ ഇതേ വഴിയൂള്ളൂ. ഭൗതികമല്ല ഇതിന്‍റെ ചാലകശക്തി. സാംസ്കാരികമോ ആത്മീയമോ ആണ്. ഒരു ജനത, ഒരു സമൂഹം തങ്ങളുടെ ഉള്ളിലേയ്ക്ക് ആഴത്തില്‍ നോക്കുമ്പോഴാണ്, തങ്ങളുടെ ഉള്ളിലുള്ള ഊര്‍ജ്ജം തുടിക്കുന്നത് അറിയാനാകുന്നത്. സംസ്കാരങ്ങള്‍ തമ്മില്‍, നാഗരികതകള്‍ തമ്മില്‍, മതങ്ങള്‍ തമ്മില്‍, സമൂഹങ്ങള്‍ തമ്മില്‍, വ്യക്തികള്‍ തമ്മില്‍ സംവാദങ്ങള്‍ ആവാം. ഒന്ന് മറ്റൊന്നിനെ ഹിംസിക്കുന്നതോ അപമാനിക്കുന്നതോ ആകരുത്. സഹകരണമാണ് സംവാദത്തിന്‍റെ മെഴുക്. പരസ്പരം തിരിച്ചറിയലും, കണ്ടെത്തലുമാണ് കാതല്‍. ഒരു പുതിയ പ്രതിരോധം എങ്ങിനെയെന്ന് തന്‍റെ ജീവിതത്തിലൂടെ ഗാന്ധി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 1909 ല്‍ ഗാന്ധി തന്‍റെ ദര്‍ശനങ്ങള്‍ക്ക് രൂപരേഖ നല്‍കി - 'ഹിന്ദ്സ്വരാജ്'.

 

ഭൂമിയുടെ അതിജീവനത്തിനുള്ള നാട്ടുപച്ച 'ഹിന്ദുസ്വരാജി' ലുണ്ട്. പലേ വായനകളിലൂടെയേ അതിനെ പ്രയോഗരൂപത്തിലാക്കാനാവൂ. ഇന്നത് സ്വപ്നം മാത്രമായി അവഹേളിക്കപ്പെടാം. പക്ഷേ, മറ്റ് വാതിലുകള്‍, വഴികള്‍ അടയുമ്പോള്‍, നമുക്കിവിടെയ്ക്ക് വരാതിരിക്കാനാവില്ല. ഹിന്ദ് സ്വരാജിലേക്ക്, ഗാന്ധിയിലേയ്ക്ക്, നമ്മുടെതന്നെ ഉള്ളിലേയ്ക്ക് ക്രിസ്തുവിന്‍റെ ഹൃദയത്തിലേക്ക്, പ്രവാചകന്‍റെ സത്തയിലേക്ക്. പുറമേക്കാണുന്നതെല്ലാം, ആസക്തിയുടെ പടപ്പുകളാണെന്ന ചെറിയ ബോധമെങ്കിലും നമുക്കുണ്ടായെങ്കില്‍, പള്ളിയായാലും പാര്‍ലമെന്‍റായാലും, അമ്പലമായാലും, അണുബോംബായാലും.

You can share this post!

ഫ്രാന്‍സിസിന്‍റെ വോള്‍ട്ടിറ എഴുത്ത് (Volterra Text...) ഒരു പുതുവായന

ഡോ. ജെറി ജോസഫ് OFS
അടുത്ത രചന

'പൊസിഷണല്‍ വെര്‍ട്ടിഗോ' - ലക്ഷണങ്ങളും ചികിത്സയും

അരുണ്‍ ഉമ്മന്‍
Related Posts