news-details
മറ്റുലേഖനങ്ങൾ

ഒക്ടോബര്‍ 14-ാം തീയതി ഇഹലോകവാസം വെടിഞ്ഞ ഫാ. ജോര്‍ജുകുട്ടി ഉപ്പുപുറം കപ്പൂച്ചിന്‍റെ വാങ്മയചിത്രം വായനക്കാര്‍ക്കായി വരച്ചിടാന്‍ ഒരു ശ്രമം.

ക്രിസ്തുവിന്‍റെ കണ്ണിലൂടെ സ്വയം കാണാനും മറ്റുള്ളവരെ നോക്കാനും കഴിഞ്ഞിരുന്ന  ഒരു സന്ന്യാസ ശ്രേഷ്ഠനായിരുന്നു ജോര്‍ജുകുട്ടിയച്ചന്‍. തന്‍റെ  മുന്നിലിരിക്കുന്നയാളിന്‍റെ അപാരമായ സാധ്യതകളില്‍ ആയിരുന്നു അച്ചന്‍റെ മുഴുവന്‍ ശ്രദ്ധയും. നമ്മള്‍ ആപ്പിളിന്‍റെ കുരു മാത്രം കാണുമ്പോള്‍ അച്ചന്‍ അതില്‍ നിന്നുണ്ടാകുന്ന ആപ്പിള്‍ മരവും അതിലെ ഫലങ്ങളും പിന്നെയും നീളുന്ന അനന്തസാധ്യതകളും കണ്ടു. അതു ദൈവത്തിന്‍റെ കാഴ്ചയാണ്.

 

അച്ചന്‍റെ ഭാഷയില്‍ വിശുദ്ധനാകുക എന്നാല്‍ ദൈവം കാണുന്നതുപോലെ ഞാന്‍ എന്നെത്തന്നെ കാണുക പിന്നെ, എന്‍റെ സഹോദരങ്ങളെയും കാണുക എന്നതാണ്. ധാരാളം വിശുദ്ധരുടെ ജീവചരിത്രങ്ങളിലൂടെ കടന്നുപോയിട്ടുള്ള അദ്ദേഹം വിശുദ്ധിയെക്കുറിച്ച് രൂപപ്പെടുത്തിയ അളവുകോല്‍ ഇപ്രകാരമാണ്: "വിശുദ്ധര്‍ ദൈവസ്നേഹവും പരസ്നേഹവും നിറഞ്ഞവരും പരിശുദ്ധാത്മാവിന്‍റെ ഫലങ്ങള്‍ ഉള്ളവരുമാണ്". ആ അളവുകോല്‍ വച്ചു നോക്കുമ്പോള്‍ ജോര്‍ജുകുട്ടിയച്ചനും അതേ ഗണത്തില്‍പ്പെടുന്നയാളാണ്. ഞങ്ങള്‍ വ്യക്തിപരമായി അനുഭവിച്ചറിഞ്ഞ ക്രിസ്തുസാന്നിധ്യം തന്നെയായിരുന്നു അച്ചന്‍.


"സ്നേഹമാണെന്‍റെ ദൈവവിളി" എന്ന വി. കൊച്ചുത്രേസ്യയുടെ വാക്കുകള്‍ തന്നെയായിരുന്നു ജോര്‍ജുകുട്ടിയച്ചനു ജീവിതം. "സ്നേഹിക്കപ്പെടാതെ പോകുന്ന എന്‍റെ സ്നേഹമേ" എന്ന വി. ഫ്രാന്‍സിസിന്‍റെ നിലവിളി അദ്ദേഹം നെഞ്ചേറ്റി. സ്നേഹിക്കാനാണ് നിരന്തരമായി തന്‍റെ ശിഷ്യഗണത്തെ പ്രചോദിപ്പിച്ചിരുന്നത്. ഓരോരുത്തരും സ്വയം അംഗീകരിക്കുകയും സ്നേഹിക്കുകയും വേണമെന്നും അങ്ങനെ സ്നേഹിക്കാന്‍ കഴിയണമെങ്കില്‍ ദൈവത്തെ സ്നേഹിക്കണമെന്നും അപ്പോള്‍ മാത്രമേ മറ്റുള്ളവരെയും സ്നേഹിക്കാന്‍ കഴിയുകയുള്ളൂ എന്നും പഠിപ്പിച്ച അദ്ദേഹം സ്വന്തം ജീവിതംകൊണ്ട് അതില്‍ മുദ്ര പതിപ്പിച്ചു.

 

വാനമ്പാടിക്ക് പാടാതിരിക്കാനാവത്തതുപോലെ, പുഴയ്ക്ക് ഒഴുകാതിരിക്കാനാവത്തതുപോലെ, കാറ്റിന് വീശാതിരിക്കാനാകാത്തതുപോലെ തനിക്ക് സന്ന്യസിക്കാതിരിക്കാനാവില്ല എന്ന ഉത്തമബോധ്യമുണ്ടായിരുന്നു ജോര്‍ജുകുട്ടിയച്ചന്. വളരെ വിരക്തിയോടെ ജീവിക്കുമ്പോഴും തനിക്കുചുറ്റുമുള്ള എല്ലാ കാര്യങ്ങളെയും കുറിച്ചും വളരെ കൃത്യമായ ധാരണ പുലര്‍ത്തിയ ഒരു സന്ന്യാസി. വളരെ ലളിതമായി ജീവിച്ച, ജ്ഞാനിയായ ഒരു മിസ്റ്റ്ക്. കഥകള്‍ പറയുന്ന, പാട്ടുകള്‍ പാടുന്ന, തമാശ പറയുന്ന, ഉറക്കെ പൊട്ടിച്ചിരിക്കുന്ന, ചിരിപ്പിക്കുന്ന, എപ്പോഴും ദൈവികമായ ഒരു ആനന്ദം ഉള്ളിലും പുറത്തും സൂക്ഷിച്ചിരുന്ന ഒരു യഥാര്‍ത്ഥ ഫ്രാന്‍സിസ്കന്‍ സഹോദരന്‍. അങ്ങനെയങ്ങനെ നൈസര്‍ഗികമായ കൃപകളുടെയും സ്നേഹത്തിന്‍റെയും ജ്ഞാനത്തിന്‍റെയും ഒരു ഒഴുക്കായിരുന്നു അദ്ദേഹം.

 

അച്ചന്‍റെ ജീവിതം മുഴുവനും അക്ഷരങ്ങള്‍ക്കൊപ്പമായിരുന്നു. അക്ഷരങ്ങളുടെ ആത്മാവുകളിലേക്കിറങ്ങിച്ചെന്ന്  വാക്കുകള്‍ക്കു പിന്നിലെ ജീവിതത്തെ, വേദനകളെ, സ്നേഹത്തെ, ത്യാഗത്തെ ഒക്കെ തിരിച്ചറിഞ്ഞും സ്വാംശീകരിച്ചും ജ്ഞാനത്തിന്‍റെ ആകാശത്തിലേക്കു പറന്നുയരാന്‍ കരുത്തുറ്റ ചിറകുകള്‍ അദ്ദേഹം സമ്പാദിച്ചു. ആയിരക്കണക്കിനു പുസ്തകങ്ങള്‍ വായിച്ചിട്ടുള്ള അച്ചന്‍റെ അക്ഷരലോകത്തെ നിരന്തര സാധന അദ്ദേഹത്തില്‍ ജ്ഞാനം നിറച്ചു. ഇത്രയും സമഗ്രമായ, വിശാലമായ ഒരു വായനയുടെ ഉടമയായിരുന്നെങ്കിലും ഒരു വരിപോലുമെഴുതാതെ  അദ്ദേഹം കടന്നുപോകുന്നു. "അച്ചാ, അസ്സീസി മാസികയിലേക്ക് എന്തെങ്കിലും ഒന്നെഴുതിതരാമോ?" എന്ന ചോദ്യത്തിനു ചിരിച്ചുകൊണ്ട് അച്ചന്‍ ഒരേ മറുപടി പറയും: "എനിക്കു പറയാനുള്ളതൊക്കെ എന്‍റെ ശിഷ്യന്മാര്‍ക്കു പകര്‍ന്നുകൊടുത്തിട്ടുണ്ട്. ഇനി നിങ്ങള്‍ എഴുതുകയും പറയുകയും ചെയ്യുക."

ഒരുപാടു വായിക്കുകയും വായിക്കാന്‍ എല്ലാവരെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമ്പോഴും അതിനും ഉപരിയായി സഞ്ചരിക്കേണ്ടതുണ്ട് എന്നു പറയുമായിരുന്നു. ഒത്തിരി പഠിച്ചു ഡിഗ്രികള്‍ നേടി എന്നതിനുമപ്പുറം ഉള്ളില്‍ എത്രമാത്രം ക്രിസ്തു രൂപപ്പെടുന്നുണ്ട് എന്നതിലായിരിക്കണം ഒരാളുടെ ശ്രദ്ധ. ആന്തരീകതയെ ബലപ്പെടുത്താന്‍ കഴിയുന്നുണ്ടോ എന്നതാണ് പ്രധാനപ്പെട്ടത്.

 

അത്തരം ഒരാന്തരീകത ഉള്ളില്‍ സൂക്ഷിച്ചിരുന്നതുകൊണ്ട് ആരെയും ഒഴിവാക്കാതെ എല്ലാവരെയും കേള്‍ക്കാനും അംഗീകരിക്കാനും ജോര്‍ജുകുട്ടിയച്ചനു  കഴിഞ്ഞിരുന്നു. ജോര്‍ജുകുട്ടിയച്ചന്‍റെ മരണവാര്‍ത്ത അറിഞ്ഞപ്പോള്‍, ദീര്‍ഘകാലമായി കിടപ്പിലായിരുന്ന ഒരു സിസ്റ്റര്‍ തോമസ് കാഞ്ഞിരക്കോണം അച്ചനെ വിളിച്ച്, തനിക്കായി ഒരു പൂവ് അച്ചനു സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ജോര്‍ജുകുട്ടിയച്ചന്‍ ആ സിസ്റ്ററിനെ ഇടയ്ക്കിടെ സന്ദര്‍ശിക്കുകയും ഏറെനേരം കേട്ടിരിക്കുകയും ചെയ്യുമായിരുന്നു. ഒരു ദിവസം അച്ചന്‍ പറഞ്ഞു: "ഈ മുറിയാണ് അമ്മയുടെ ദൈവാലയം, ഈ കിടക്ക ബലിപീഠവും; ഈ  സഹനങ്ങള്‍ വി. ബലിയുമാണ്." ഏറെ കാലമായി പള്ളിയില്‍ പോകാനോ വി. കുര്‍ബാനയില്‍ പങ്കെടുക്കാനോ  കഴിയാതിരുന്ന ആ സിസ്റ്ററിന് അതു വളരെ ആശ്വാസമായിരുന്നു. അതേ ആന്തരീകത മൂലമാണ് ടി. പദ്മനാഭന്‍റെ കഥകളെ "ആത്മാവിന്‍റെ വിശുദ്ധമായ പ്രാര്‍ത്ഥനകള്‍" എന്ന് അച്ചന്‍ വിശേഷിപ്പിച്ചതും അത് തനിക്ക് കിട്ടിയ ഏറ്റവും മൂല്യമേറിയ അവാര്‍ഡായി ടി. പദ്മനാഭന്‍ രണ്ടു പതിറ്റാണ്ടുകള്‍ക്കുശേഷം ഇപ്പോഴും കരുതുകയും ചെയ്യുന്നു. അങ്ങനെ അച്ചന്‍റെ ആത്മീയതയുടെ ആഴമളക്കുന്ന എത്രയെത്ര അനുഭവങ്ങള്‍.


**      **     **      **

പലപ്പോഴും ലഹരിക്കടിമകളായി തീരുന്നവര്‍, സാമൂഹിക തിന്മകളിലേക്കു വഴുതിവീഴുന്നവരൊക്കെ, വല്ലാത്ത അരക്ഷിതാവസ്ഥ അനുഭവിക്കുന്ന കുട്ടികളാവാം. സന്തോഷമില്ലാത്ത കുടുംബത്തില്‍ നിന്നുള്ളവര്‍, ശിഥിലമായ ബന്ധങ്ങള്‍, പഠനവൈകല്യങ്ങളോ മറ്റ് കാരണങ്ങളാലോ സ്കൂളുകളിലും സമൂഹത്തിലും അവഗണിക്കപ്പെടുന്നവര്‍ തുടങ്ങി അരക്ഷിതാവസ്ഥ (insecure)   അനുഭവിക്കുന്ന കുട്ടികള്‍ പെട്ടെന്ന് സാമൂഹികമായ തിന്മകളിലേക്കും ലഹരിവസ്തുക്കളിലേക്കും കൂപ്പുകുത്തിയേക്കാം.

 

വിവാഹപൂര്‍വ്വ സെമിനാറുകള്‍പോലെ തന്നെ പ്രധാനപ്പെട്ടതാണ് വിവാഹാനന്തര സെമിനാറുകളും കോഴ്സുകളും. ആറു മാസത്തെ ഇടവേളയില്‍ ഒരുമിച്ചിരുന്ന് തങ്ങളുടെ ജീവിതത്തെ വിലയിരുത്താന്‍ തുറവിയോടെ പങ്കുവയ്ക്കാന്‍ അവസരങ്ങളും സാഹചര്യങ്ങളും ഉണ്ടായാല്‍ എത്ര കുടുംബങ്ങളെ ഡിവോഴ്സില്‍ നിന്നു രക്ഷിക്കാം. അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് മാതാപിതാക്കള്‍ക്ക് മക്കളെ വളര്‍ത്തുന്നതിനാവശ്യമായ വിദഗ്ദ്ധ പരിശീലനം ലഭ്യമാക്കേണ്ടത്. കുട്ടികളുടെ പഠന, പെരുമാറ്റ വൈകല്യങ്ങള്‍ അവരിലെ ലഹരിവസ്തുക്കളുടെ സ്വാധീനവുമൊക്കെ തിരിച്ചറിഞ്ഞ് സ്നേഹം തിരുത്തി ജീവിതത്തെ മൂല്യമുള്ളതാക്കി തീര്‍ക്കാന്‍ അവരെ സഹായിക്കാന്‍ തക്ക പരിശീലനം അധ്യാപകര്‍ക്കും ലഭ്യമാക്കേണ്ടതുണ്ട്.

 

ജീവിതമാണ് യഥാര്‍ത്ഥ ലഹരിയെന്നു മറക്കാതിരിക്കാം. ഒരാളുടെ വീഴ്ചകള്‍ അയാളുടെ കുടുംബത്തെ, ബന്ധങ്ങളെ ഒക്കെ വല്ലാതെ ബാധിക്കുന്നുണ്ട്. സാഹചര്യങ്ങളെ പഴിച്ചിരിക്കാതെ സ്വന്തം ജീവിതത്തിന്‍റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുവാനുള്ള കരുത്തുള്ളവരായി നമുക്കു മാറാം.

തലച്ചോറിനെ ലഹരി എങ്ങനെ ബാധിക്കുന്നു എന്ന് ഡോ. അരുണ്‍ ഉമ്മനും വിവിധതരം അഡിക്ഷനുകളെക്കുറിച്ച് ലിജു തോമസും എഴുതുന്നു. ഈയിടെ മരണമടഞ്ഞ ജോര്‍ജ്ജുകുട്ടി അച്ചനെ ടി. പദ്മനാഭന്‍, ജിജോ കുര്യന്‍ തുടങ്ങിയവര്‍ അനുസ്മരിക്കുന്നു.

പ്രകൃതി ദുരന്തത്തില്‍ ഉറ്റവരും ജീവിതവും നഷ്ടപ്പെട്ട എല്ലാവരുടെയും വേദനയില്‍ അസ്സീസി കുടുംബവും പങ്കുചേരുന്നു.

You can share this post!

ഫ്രാന്‍സിസിന്‍റെ വോള്‍ട്ടിറ എഴുത്ത് (Volterra Text...) ഒരു പുതുവായന

ഡോ. ജെറി ജോസഫ് OFS
അടുത്ത രചന

ഒറ്റപ്പന

ഫാ. ഷാജി സി. എം. ഐ.
Related Posts