news-details
മറ്റുലേഖനങ്ങൾ

വായനയുടെയും അറിവിന്‍റെയും അത്ഭുതലോകത്തിലേക്ക് കൈപിടിച്ചു നടത്തിയ ആത്മീയ ഗുരു, യഥാര്‍ത്ഥ സന്ന്യാസത്തിന്‍റെ ബാലപാഠങ്ങള്‍ ജീവിതം കൊണ്ട് പഠിപ്പിച്ച ആത്മീയ ശ്രേഷ്ഠന്‍, സ്നേഹത്തിന്‍റെയും ലാളിത്യത്തിന്‍റെയും പ്രതിരൂപമായി തോന്നിയിട്ടുള്ള ഒരു ഫ്രാന്‍സിസ്ക്കന്‍, ഈ ആധുനിക ലോകത്തില്‍ വി.ഫ്രാന്‍സിസിനെ വാക്കിലും പ്രവൃത്തിയിലും ജീവിതത്തിലും പൂര്‍ണമായും പിന്തുടരുന്ന ഒരു അഭിനവ ഫ്രാന്‍സീസ് അസ്സീസി.

പുസ്തകങ്ങളെ വെറും അക്ഷരക്കൂട്ട് മാത്രമായി കാണാതെ എഴുത്തുകാരന്‍റെ ആത്മാവ് കുടികൊള്ളുന്ന ഇടമായി കണ്ട അറിവിന്‍റെ ഉപാസകന്‍, ദൈവത്തിന്‍റെ ആത്മാംശം പേറുന്ന വ്യക്തികളായി എഴുത്തുകാരെ കണ്ട അദ്ദേഹത്തിന് ലൈബ്രറി ഒരു ദേവാലയം തന്നെ ആയിരുന്നു. ബാലരമയുടെ ഡൈജസ്റ്റ് തൊട്ട് പ്രപഞ്ചസത്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന തത്വശാസ്ത്രത്തിന്‍റെയും ദൈവശാസ്ത്രത്തിന്‍റെയും കാഠിന്യമേറിയ പുസ്തകങ്ങള്‍ വരെയും പരന്നുകിടക്കുന്ന വായനയുടെ മനുഷ്യന്‍. പുത്തനറിവുകള്‍ എവിടെ നിന്നു കിട്ടിയാലും പ്രായഭേദമില്ലാതെ അവര്‍ക്ക് ശിഷ്യപ്പെടുന്ന ജ്ഞാനകുതുകി. ഇതൊക്കെ ആയിരുന്നു ഫാ. ജോര്‍ജ്ജുകുട്ടി ഉപ്പുപ്പുറമെന്ന ഞങ്ങളുടെ മാസ്റ്റര്‍.

പക്ഷിക്ക് പാടാതിരിക്കാനും പുഴക്ക് ഒഴുകാതിരിക്കാനും കാറ്റിനു വീശാതിരിക്കാനും കഴിയാത്തത് പോലെയാണ് തനിക്കു സന്ന്യാസമെന്നും അത് ജീവിക്കാതിരിക്കാന്‍ തനിക്കു ആവില്ലെന്നുള്ളതായിരുന്നു അദ്ദേഹത്തിന്‍റെ കാഴ്ചപ്പാട്. നിങ്ങള്‍ എന്നെ മാസ്റ്റര്‍ എന്നു വിളിച്ചാലും നിങ്ങള്‍ക്ക് ജീവിതത്തില്‍ ഒരു മാസ്റ്ററെ ഉള്ളൂ എന്ന തിരിച്ചറിവ് വേണമെന്ന് പഠിപ്പിച്ചതും ജോര്‍ജ്കുട്ടിയച്ചനാണ്. നമ്മുടെ പ്രതിദിനജീവിതത്തില്‍ കടന്നുവരുന്ന ഒരുമാതിരിപ്പെട്ട എല്ലാ വിഷയങ്ങളെപറ്റി ചോദിച്ചാലും മറുപടി പറയാനും വ്യക്തമായ ഒരു ധാരണ നല്‍കാനും അദ്ദേഹത്തിന് നിഷ്പ്രയാസം കഴിയുമായിരുന്നു. വായിച്ച് ആര്‍ജ്ജിച്ചെടുത്ത അറിവുകളെ സംസാരത്തിലും ജീവിതത്തിലും സ്വാംശീകരിക്കാന്‍ കഴിവുള്ള അദ്ദേഹത്തിന്‍റെ ആശയഗംഭീരവും മനോഹരവുമായ പ്രസംഗങ്ങളും പൊതുജനശ്രദ്ധ ആകര്‍ഷിക്കാതെ പോയതും ഒരു വലിയ നഷ്ടം തന്നെയാണ്.

അറിവിന്‍റെ ഭണ്ഡാഗാരമായിരുന്നിട്ടും ഇതുവരെ എന്തേ ഒരു പുസ്തകം രചിച്ചില്ലെന്ന ചോദ്യത്തിന്, 'ആയിരം പരീക്ഷണങ്ങള്‍ നടത്തിയിട്ട് കണ്ടുപിടിച്ചത് ഒരു തീപ്പെട്ടി കമ്പാണെന്ന് പറയുന്നതിനേക്കാള്‍ നല്ലത് ഒന്നും ചെയ്യാതിരിക്കുന്നതല്ലേ' എന്നുള്ള അദ്ദേഹത്തിന്‍റെ ഫലിതം ആസ്വദിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം ജീവിക്കാന്‍ ആഗ്രഹിച്ച എളിമയുടെ തലം തന്നെയാവണം ഇതിനു കാരണമെന്ന് വിശ്വസിക്കാനാണ് ഇഷ്ടം. അത് മലയാള സാഹിത്യത്തിന് തന്നെ വലിയൊരു നഷ്ടം ആയെന്നു പറയാനേ എനിക്കു കഴിയൂ.
അറിവിനെയും വായനയെയും ഉപാസനയായി കണ്ടിരുന്ന അദ്ദേഹത്തിന്‍റെ ഈ അറിവുകൊണ്ടു എന്ത് പ്രയോജനം ഉണ്ടായി എന്ന ചോദ്യത്തിന്, വായനയോടും അറിവിനോടും ദാഹമുള്ള, നേടിയ അറിവുകള്‍ ജീവിതത്തിന്‍റെ ഭാഗമാക്കാനും എന്നാലും തലക്കനം കൂടാതെ ജീവിക്കാനും ഒത്തിരിയേറെ യുവാക്കളെ പ്രചോദിപ്പിക്കാന്‍ കഴിഞ്ഞു എന്നതുതന്നെയാണ് അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ നേട്ടവും.

ഒരിക്കലും ആള്‍ക്കൂട്ടത്തിനു മുഖം തരാതെ, ഒത്തിരിപ്പേരെ അറിവിന്‍റെയും വായനയുടെയും ലളിതജീവിതത്തിന്‍റെയും ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തിയ ആ വലിയ, ചെറിയ മനുഷ്യന്‍, അറിവിന്‍റെ നിറവിലേക്ക് ചെന്നുചേരുമ്പോള്‍, നാള്‍വഴികളില്‍ ഒരിക്കലും മറക്കാത്ത ഒരു വാങ്മയചിത്രം ഒത്തിരിപ്പേരുടെ ഉള്ളില്‍ സൃഷ്ടിച്ചുകൊണ്ടാണ് കടന്നു പോകുന്നത്.

പ്രിയപ്പെട്ട ജോര്‍ജുകുട്ടിയച്ചാ, ഞങ്ങളുടെ മനസ്സില്‍ അങ്ങ് ഒരിക്കലും മരിക്കുന്നില്ല. ജീവിതത്തില്‍ വായിച്ചിരിക്കേണ്ട പുസ്തകങ്ങളെന്നു പറഞ്ഞ് അങ്ങു പരിചയപ്പെടുത്തിയ പുസ്തകങ്ങള്‍ ഇന്നും വായിച്ചുതീര്‍ക്കാന്‍ പറ്റിയിട്ടില്ലെന്നുള്ള ഖേദമുള്ളില്‍ ഉണ്ടെങ്കിലും അങ്ങു തന്ന തീ  ഉള്ളിടത്തോളം കാലം വായനയോടുള്ള ഞങ്ങളുടെ ആഗ്രഹവും അവസാനിക്കില്ല. അങ്ങു നടന്നു തീര്‍ത്ത പാതയുടെ ഒരു പകുതിവരെയെങ്കിലും എത്താനായാല്‍ ജീവിതം കൃതാര്‍ത്ഥമായി. അങ്ങു തുടങ്ങിവച്ച, അറിവ് തേടിയുള്ള യാത്ര  അവസാനിക്കുന്നില്ല ഒരിക്കലും... അത് ഞങ്ങളിലൂടെ തുടരുമെന്നും...
 

റോജി

മൂന്നു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ്  മുന്‍പ് ക്രിസ്തുരാജ് ഹോസ്റ്റലിലെ ജീവിത കാലം. സെമിനാരിയുടെ റെക്ടര്‍ ആയിരുന്ന, അതേ അച്ചടക്കം ഹോസ്റ്റല്‍ പിള്ളേരില്‍നിന്നു പ്രതീക്ഷിക്കുന്ന ഒരു നിഷ്കളങ്കനായിരുന്നു വാര്‍ഡന്‍. പാലാക്കാരുടെ സാഹസിക സ്വാഭാവത്തിനു പുറമെ, കുടിയേറ്റത്തിന്‍റെ കാഠിന്യം കൂടി പേറുന്ന യുവാക്കളുണ്ട് കൂട്ടത്തില്‍. മാസ്റ്റേഴ്സ് പഠിക്കുന്ന പലരും, SJ (Seminary Jumped) ആയതുകൊണ്ട് പലര്‍ക്കും സ്വാഭാവികമായും അച്ചന്‍/ സഭാ  വിരോധം ഉണ്ട്. പലരും, അന്ന് ഇടതുപക്ഷ, നക്സല്‍ പ്രസ്ഥാനങ്ങളോട് ആഭിമുഖ്യമുള്ളവര്‍. ഹോസ്റ്റലില്‍ ധ്യാനം വച്ചപ്പോള്‍, പവര്‍ കട്ടിനിടക്ക്  മുങ്ങാന്‍ പലരും പ്ലാനിട്ടു. ജോര്‍ജ് ഉപ്പുപുറത്തു  അച്ചന്‍ ചുള്ളിക്കാടിനെയും, കടമ്മനിട്ടയെയും, ജീവിത യാഥാര്‍ഥ്യങ്ങളെയും ശക്തമായ ഭാഷയില്‍ പള്ളിയിലേക്ക് ആവാഹിച്ചു, ധ്യാനം തുടങ്ങിയപ്പോള്‍, മുങ്ങാനിരുന്നവര്‍ അനങ്ങിയില്ല. എന്ന് മാത്രമല്ല, മറ്റു മതസ്ഥരായ വിദ്യാര്‍ത്ഥികള്‍ പ്രസംഗം കേട്ട് വാതില്‍ക്കല്‍ കൂട്ടം കൂടി എത്തി. രണ്ടു മണിക്കൂര്‍ കൊണ്ട് ധ്യാനം കഴിഞ്ഞപ്പോള്‍, 'നേര് പറയുന്ന അച്ചനായതുകൊണ്ടാണ് മൂന്നു ദിവസത്തെ ധ്യാനം വയ്ക്കാത്തത്' എന്ന് നക്സലുകള്‍ക്ക് വരെ നിരാശ.

അച്ചന്‍ ചൊല്ലിയെ കവിതകള്‍ പല വിക്ഷുബ്ധ പ്രസംഗങ്ങള്‍ക്കും അവസാനം കൂട്ടിച്ചേര്‍ത്തു, സദസിനെ വീഴിച്ചിട്ടുണ്ട് ഞാനും. പിന്നീട് പലപ്രാവശ്യവും, അച്ചനെ ധ്യാന ഗുരുവായി കിട്ടുമോ എന്നന്വേഷിച്ചു. ധ്യാനഗുരുവിനു കിട്ടുന്ന പ്രഭാവലയത്തിനു പകരം, തന്‍റെ പ്രതിഭ മുഴുവനും, ഭാവിയിലെ അച്ചന്മാരാകാനുള്ള വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ചെലവഴിക്കുകയായിരുന്നു ജോര്‍ജ് അച്ചന്‍. അതിന്‍റെ ഫലമാവണം, പുതു തലമുറ കപ്പൂച്ചിന്‍ അച്ചന്മാര്‍ നല്ല വായനയുള്ളവരാണ്, ജെസ്യൂട്ട്സിനെ പോലെ. ഒരു വ്യത്യാസം .
അറിവിന്‍റെ അഹങ്കാരം കാണിക്കാത്തത് ഫ്രാന്‍സിസ്കന്‍ ആത്മീയതയാവണം.

അടുത്ത തലമുറയിലും  ജോര്‍ജ് അച്ചന്മാരെ പ്രതീക്ഷിച്ചുകൊണ്ട്,
വിട

 

ജൂലിയസ്

"കാറ്റ് അതിനിഷ്ടമുള്ളിടത്തേക്ക് വീശുന്നു, അത് എവിടെനിന്നു വരുന്നു, എവിടേക്ക് പോകുന്നു എന്നറിയുന്നില്ല." സ്നേഹത്തിന്‍റെ.... കരുതലിന്‍റെ.... അറിവിന്‍റെ.... സുഗന്ധം എങ്ങും പരത്തിയ ആ കുളിര്‍ത്തെന്നല്‍ ഇതാ നമ്മെ കടന്നുപോയി! ഇനി നമുക്കായി സുഗന്ധം മാത്രം ഇവിടെ ബാക്കിയായി!

"ഹൃദയത്തിന്‍റെ നിറവില്‍നിന്ന് അധരം സംസാരിക്കുന്നു."

ഉള്ളുനിറയെ കലര്‍പ്പില്ലാത്ത സ്നേഹമായിരുന്നു... ഭംഗി വാക്കുകളുടെ അകമ്പടിയില്ലാതെ ഏറെ അനുഭവിച്ചിട്ടുണ്ട്.

വിശുദ്ധരെക്കുറിച്ചു പറയാറുള്ളതുപോലെ ഒരു പാദം ഭൂമിയിലും മറുപാദം സ്വര്‍ഗത്തിലുമായി ആശ്രമത്തിന്‍റെ നീണ്ട വരാന്തയിലൂടെ ഒരു സ്വപ്നാടകനെപോലെ നടന്നുനീങ്ങുന്ന ഗുരുവച്ചനെ മറക്കാനാകുന്നില്ല!

ജ്ഞാനവും ലാളിത്യവും ഇവിടെ ഇതാ നമ്മെ കടന്നുപോയിരിക്കുന്നു,
ആശ്വസിക്കാം.... ഇത് ഒന്നിന്‍റെയും അവസാനമല്ല, തുടര്‍ച്ചയാണല്ലോ!

അത്യുന്നതന്‍റെ സ്വപ്നം പൂര്‍ത്തിയാക്കാന്‍... നിത്യതയില്‍ സ്വര്‍ഗത്തിന്‍റെ വരാന്തയിലൂടെ നടന്നുനീങ്ങുന്ന ഗുരുവച്ചനെ നമുക്ക് കാണാം..!

പോള്‍ കൊട്ടാരം കപ്പൂച്ചിന്‍
സന്യാസ പരിശീലനത്തിന്‍റെ ഏറ്റവും പ്രധാനമായ സമയം നോവിഷ്യേറ്റാണ്. സന്യാസത്തെ ക്കുറിച്ച് ഏറ്റവും വ്യക്തതയോടെ പറഞ്ഞു തരികയും തങ്ങള്‍ ശിഷ്ടകാലം ജീവിക്കേണ്ട സന്യാസത്തിന്‍റെ ഉദാത്ത മാതൃകകള്‍ സന്യാസാര്‍ത്ഥികള്‍ക്ക് കണ്ട് മനസിലാക്കാനും ജീവിതഭാഗമാക്കാനും സാധിക്കുന്ന ഇടംകൂടിയാണ് നോവിഷ്യേറ്റ്. അതിനാല്‍ നോവിസ് മാസ്റ്റര്‍ എന്ന ഉത്തരവാദിത്വം ഒരാളെ ഏല്‍പിക്കുന്നത് വളരെ കരുതലോടുകൂടിയാണ്. പല പ്രാവശ്യമായി ഏതാണ്ട് 20 ഓളം വര്‍ഷങ്ങള്‍ ജോര്‍ജ്കുട്ടിയച്ചന്‍ നോവിസ് മാസ്റ്ററായിരുന്നു എന്നതുതന്നെ അദ്ദേഹത്തിന്‍റെ വിശുദ്ധിയുടെ തെളിവാണ്. ഇക്കാലങ്ങളിലെ ശിഷ്യരും അധികാരികളും ഇത് ശരിവയ്ക്കുകയും ചെയ്യും.

25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മൂവാറ്റുപുഴയിലെ ലോറേറ്റോ അശ്രമത്തിലേക്ക് ഒരു നോവിസായി കടന്നുചെന്നപ്പോള്‍ എന്‍റെ ഉള്ളില്‍ ഒത്തിരി ആകുലതകളും സംശയങ്ങളുമൊക്കെയുണ്ടായിരുന്നു. എന്നാല്‍ അവിടെ എത്തിയപ്പോള്‍ യാതൊരു മുന്‍ പരിചയമൊന്നുമില്ലാതിരുന്ന നോവിസ് മാസ്റ്ററായ ജോര്‍ജ്കുട്ടിയച്ചന്‍ വളരെ വാത്സല്യത്തോടെയാണ് ഞങ്ങളെ സ്വീകരിച്ചത്. അതായിരുന്നു ഞങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്‍റെ തുടക്കം. ആദ്യം അടുക്കാന്‍ അല്‍പം ഭയമുണ്ടായിരുന്നു. പതുക്കെ പതുക്കെ അത് മാറി. പിന്നീട് കൃത്യം ഒരു വര്‍ഷം നീണ്ടു നിന്ന നോവിഷ്യേറ്റ് ജീവിതം. അന്ന് അച്ചന്‍ പകര്‍ന്നുതന്ന ആത്മീയത ഇന്നും മിഴിവാര്‍ന്നു നില്‍ക്കുന്നു. പതിമൂന്നോളം വര്‍ഷങ്ങള്‍ സന്യാസ പരിശീലനമുണ്ടായിരുന്നെങ്കിലും ഇന്നും ഹൃദയത്തോട് ചേര്‍ത്ത് സൂക്ഷിക്കുന്ന ഒരു വര്‍ഷമാണ് എന്‍റെ നോവിഷ്യേറ്റ്. അതില്‍ ഞാന്‍ ഒരിക്കലും മറക്കാത്ത ഗുരു ജോര്‍ജ്കുട്ടിയച്ചനും. എല്ലാ ദിവസവുമുള്ള ജോര്‍ജ്കുട്ടിയച്ചന്‍റെ ക്ലാസുകള്‍ക്കായി ഞങ്ങള്‍ കാത്തിരിക്കുമായിരുന്നു. അതുപോലെ തന്നെ ഞായറാഴ്ചകളിലെ അദ്ദേഹത്തിന്‍റെ പ്രസംഗത്തിനും. എത്ര സുന്ദരവും പ്രചോദനാത്മകവുമായിരുന്നത്. വ്യക്തമായ ബോധ്യത്തില്‍ നിന്നുള്ളവയായിരുന്നു അദ്ദേഹം പറഞ്ഞ ഓരോ വാക്കും അല്ലാതെ എന്തെങ്കിലും പറയണം എന്നതല്ലായിരുന്നു അതിന്‍റെ പിന്നിലുള്ള മനസ്. അതായിരുന്നു ഞങ്ങള്‍ ആ സ്വരം കാത്തിരിക്കാനുള്ള കാരണവും.

അറിയപ്പെടുന്ന ഒരു കപ്പൂച്ചിനാകണമെന്നോ, അധികാര സ്ഥാനങ്ങള്‍ കൈയ്യാളണമെന്നോ ഒരിക്കലും ജോര്‍ജ്കുട്ടിയച്ചന്‍ ആഗ്രഹിച്ചിട്ടില്ല. അതിനുള്ള മോഹങ്ങള്‍ ഒരിക്കലുമില്ലായിരുന്നു. ഒരു യഥാര്‍ത്ഥ സന്യാസി ഇത്തരം മോഹങ്ങളില്‍ നിന്നകന്ന് കഴിയണമെന്ന മനസായിരുന്നു അച്ചന്. ഒരിക്കല്‍ അദ്ദേഹത്തെ പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലറായി തിരഞ്ഞെടുത്തു. എന്നാല്‍ ഉടനെതന്നെ അദ്ദേഹമത് നിരസിക്കുകയും ചെയ്തു.  അദ്ദേഹത്തിന്‍റെ വലിയ ശിഷ്യഗണത്തില്‍ പലരും അധികാര ത്തിനായൊക്കെ ആഗ്രഹിക്കുന്നതും പരിശ്രമിക്കുന്നതും ഫ്രാന്‍സിസ്കന്‍ ആധ്യാത്മികതയില്‍ നിന്നും അകന്നുപോകുന്നതും കാണുമ്പോള്‍ അദ്ദേഹത്തിന്‍റെ മനസ് ഒത്തിരി നൊന്തിരുന്നു. ഏറ്റവും അവസാനം കണ്ടപ്പോഴും അച്ചന്‍ പങ്കുവച്ചതീനൊമ്പരമായിരുന്നു.

ഇക്കാലഘട്ടത്തില്‍ വായനയെ ജീവിത ഭാഗമാക്കിയിട്ടുള്ള പുരോഹിതരും സന്യസ്തരും വളരെ കുറവാണ്. എന്നാല്‍ എപ്പോഴും വായിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന, വായിച്ചത് മറ്റുള്ളവരോട് പറയാനിഷ്ടപ്പെട്ടിരുന്ന സന്യാസിയാണ് ജോര്‍ജ്കുട്ടിയച്ചന്‍. അച്ചന്‍റെ വായനയില്‍ എല്ലാം ഉള്‍പ്പെട്ടിരുന്നു. കളിക്കുടുക്ക മുതല്‍ ഭാഷാപോഷിണിവരെ എന്ന് തമാശ രൂപേണ പലരും പറയാറുണ്ടങ്കിലും സത്യമായിരുന്നു അത്.  സന്യാസത്തിന്‍റെ രജത ജൂബിലി പ്രമാണിച്ച് ബാച്ചുകാരായ ഞങ്ങള്‍ ഒന്നിച്ച് അച്ചന്‍റെ അടുത്തെത്തി കുറച്ചു സമയം ചിലവഴിച്ചപ്പോഴും അച്ചന്‍ അവശ്യപ്പെട്ടത് വായിക്കണം എന്നാണ്. വായനയി ല്ലാത്തതിനാല്‍ സമൂഹത്തിന്‍റെ എല്ലാ തുറകളിലും കടന്നുകൂടിയിട്ടുള്ള അപചയങ്ങള്‍ കണ്ടായിരിക്കാം അച്ചനങ്ങനെ പറഞ്ഞത് എന്ന് ഞാന്‍ കരുതുന്നു. വല്ലപ്പോഴും എന്തെങ്കിലുമൊക്കെ ഞാന്‍ എഴുതുന്നത് അച്ചന് കിട്ടുമ്പോള്‍ വായിക്കാറുണ്ടായിരുന്നു. പിന്നീട് കാണുമ്പോഴെല്ലാം പോളേ അടുത്ത പുസ്തകമെന്നാണിറങ്ങുന്നതെന്ന് ചോദിക്കുകയും  വളരെ നിസ്സാരമായ എന്‍റെ എഴുത്തിനെ നല്ലതാണെന്ന് പറഞ്ഞ് എന്നും പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുള്ള എന്‍റെ പ്രിയപ്പെട്ട ഗുരുവാണിത്..

ഞങ്ങള്‍ നോവിഷ്യേറ്റിലായിരിക്കുന്ന കാലഘട്ടത്തില്‍ ഇറങ്ങിയ ഒരു ഗാനം അച്ചന് ഒത്തിരി ഇഷ്ടമായിരുന്നു. 'അവസാന മൊഴിയായ് അധരങ്ങളില്‍ അവിടുത്തെ നാമമുണ്ടാകേണമേ ....' മിക്കപോഴും അച്ചനിത് മൂളിനടക്കുന്നത് കേള്‍ക്കാനിടയായിട്ടുണ്ട്.
അച്ചന്‍റെ അധരങ്ങളില്‍ അവസാനം മാത്രമല്ല എല്ലായ്പോഴും ആ നാമമുണ്ടായിരുന്നു എന്നത് ഞങ്ങളുടെ അനുഭവം. മണ്ണില്‍  ദൈവം തന്നെ ഏല്‍പിച്ചത് ഏറ്റവും കൃത്യമായി പൂര്‍ത്തിയാക്കിയ ഒരു സന്യാസിയാണ് ജോര്‍ജുകുട്ടിയച്ചന്‍. ഫ്രാന്‍സിസ്കന്‍ കപ്പൂച്ചിന്‍ സന്യാസത്തിന്‍റെ പരിമളം ആയിരുന്ന ഇടങ്ങളിലെല്ലാം തന്നാലാകാവുന്ന വിധം പരത്തിയ വിശുദ്ധ സന്യാസി വിണ്ണിലേക്ക് യാത്രയായി. മിഴികളില്‍ അശ്രുകണങ്ങള്‍ നിറയുമ്പോഴും ദൈവമേ നിന്നോട് പരാതിയൊന്നുമില്ല. ഈ വിശുദ്ധ സന്യാസിയെ ഞങ്ങള്‍ക്ക് പ്രചോദനമായും വെല്ലുവിളിയുമായി ഇത്രയും നാളത്തേക്ക് നീ തന്നല്ലോ. ഇനി വിണ്ണില്‍ നിന്നോടൊപ്പമിരുന്ന് ഞങ്ങള്‍ക്ക്  മാധ്യസ്ഥമാകുമല്ലോ എന്നതാണ് ഞങ്ങളുടെ മിഴിനീരിനെ തുടച്ചു മാറ്റുന്നത്. ഈ വിശുദ്ധ സന്യാസിയുടെ പേരില്‍ ദൈവമെ നിനക്ക് നന്ദി, നന്ദി മാത്രം. ജോര്‍ജുകുട്ടിയച്ചന്‍ ജീവിച്ചുകാണിച്ച ഫ്രാന്‍സിസ്കന്‍ ആത്മിയത ഞങ്ങളും ജീവിക്കാന്‍ നല്ല ദൈവമേ ഞങ്ങളേയും അനുഗ്രഹിക്കേണമെ.

You can share this post!

മുഖമൊഴി

റോണി കിഴക്കേടത്ത്
അടുത്ത രചന

ദര്‍ശനം

സഖേര്‍
Related Posts