news-details
ഫ്രാൻസിസ്കൻ വിചാര ധാര

ഫ്രാന്‍സിസിനെ അറിയാന്‍

ചരിത്രത്തിലെ ഏതൊരു വ്യക്തിയെയും നമുക്കു തിരിച്ചറിയണമെങ്കില്‍ ആ വ്യക്തിയെക്കുറിച്ച് മറ്റുള്ളവര്‍ എഴുതുന്നതിനെ ആശ്രയിക്കുന്നതിനേക്കാള്‍ ആ വ്യക്തിയുടെ സ്വന്തം എഴുത്തുകള്‍ക്കാണ് കൂടുതല്‍ വില നല്കുക. ഓരോ വ്യക്തിയുടെയും ഓട്ടോഗ്രാഫില്‍ അവരുടെ പഠനം, ഭാഷയിലുള്ള വൈഭവം, ആ കാലഘട്ട ത്തിന്‍റെ പ്രത്യേകതകള്‍, ആര്‍ക്ക് വേണ്ടിയാണോ എഴുതിയത്, കടന്നുപോയിരുന്ന മാനസികാവസ്ഥ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ പ്രതിഫലിക്കുന്നു.

ഫ്രാന്‍സിസ് ആകട്ടെ തന്നെപ്പറ്റി കുറച്ചെങ്കിലും പറയുന്നത് അവസാനത്തെ വില്‍പത്ര (Testament) ത്തിലാണ്. അവസാനത്തെ എന്ന് എടുത്തുപറയാന്‍ കാരണം ഫ്രാന്‍സിസ് ഒന്നില്‍ക്കൂടുതല്‍ വില്‍പത്രങ്ങള്‍ രചിച്ചതിനാലാണ്. ഫ്രാന്‍സിസ്  സ്വമേധയാ വിശേഷിപ്പിക്കുന്നത് Simplex at ldiotus എന്നും Simplex at lgnoramus എന്നുമാണ്. എന്നാല്‍ തീരെ അക്ഷരാഭ്യാസമില്ലാത്തവനായിരുന്നില്ല ഫ്രാന്‍സിസ്. മധ്യകാലഘട്ടങ്ങളില്‍ രണ്ടു തരത്തിലുള്ള സ്കൂളുകള്‍ ഉണ്ടായിരുന്നു. ഒന്ന് - അതാതു സ്ഥലങ്ങളിലെ ബിഷപ്പിന്‍റെ കീഴില്‍ ഇടവക വികാരിയച്ചന്മാര്‍ നടത്തിയിരുന്നവ (Ecclessiatical School ). മറ്റേതാകട്ടെ സന്ന്യാസസമൂഹങ്ങള്‍ നടത്തിയിരുന്ന (Monastic) സ്കൂളുകളുമാണ്. തന്‍റെ ഇടവകദേവാലയമായിരുന്ന സെന്‍റ് ജോര്‍ജ് പള്ളിയോടു ചേര്‍ന്ന സ്കൂളിലാണ് ഫ്രാന്‍സിസ് പ്രാഥമിക വിദ്യാഭ്യാസം (12വയസ്സുവരെ) നടത്തിയതായി കരുതിപ്പോരുന്നത്. ഈ സെന്‍റ് ജോര്‍ജ് ദേവാലയമാണ് പിന്നീട് വിശുദ്ധ ക്ലാരയുടെ ബസ്സലിക്ക ആയി മാറ്റിയത്. ചരിത്രത്താളുകള്‍ പരിശോധിച്ചാല്‍, ഇത്തരം സ്കൂളുകളില്‍ എഴുത്തും വായനയും ലത്തീനും വ്യാകരണവും കാവ്യരൂപങ്ങളും പഠിപ്പിച്ചിരുന്നുവെന്ന് മനസ്സിലാക്കാം. കാവ്യരൂപങ്ങളില്‍ മിക്കതും സങ്കീര്‍ത്തനങ്ങളായിരുന്നു. വേദോപദേശപഠനങ്ങള്‍ക്കും ഈ സ്കൂളുകള്‍ മുന്‍തൂക്കം നല്കിയിരുന്നു. ഫ്രാന്‍സിസിന് സഭാപരമായ കാര്യങ്ങളില്‍ പ്രാഥമികമായ വിവരത്തിനുമപ്പുറം ജ്ഞാനം ലഭിച്ചത് വിശുദ്ധഗ്രന്ഥവചനങ്ങളില്‍നിന്നും (ആ കാലഘട്ടങ്ങളില്‍ വിശുദ്ധ ഗ്രന്ഥത്തിന്‍റെ പൂര്‍ണരൂപം ലഭിക്കുക എളുപ്പമായിരുന്നില്ല, കാരണം അവ കൈയെഴുത്തു പ്രതികളായിരുന്നു. മിക്ക സഭാസമൂഹങ്ങളിലും ബൈബിളിന്‍റെ പൂര്‍ണരൂപം ഉണ്ടായിരുന്നതില്ല എന്നതാണു സത്യം) ആരാധനക്രമങ്ങളില്‍നിന്നും മധ്യദശകങ്ങളിലെ സുവിശേഷ പ്രാസംഗികരില്‍നിന്നും സഭാ പിതാക്കന്മാരുടെ പഠനങ്ങളില്‍ നിന്നും തന്‍റെ കൂടെയുള്ള അഭ്യസ്തവിദ്യരായ സഹോദരരില്‍ നിന്നും ആ കാലഘട്ടങ്ങളിലെ പ്രായശ്ചിത്ത പ്രവൃത്തികളില്‍ വ്യാപൃതരായിരുന്നവരുടെ കൂട്ടായ്മയില്‍ നിന്നും ആയിരിക്കും.

ഫ്രാന്‍സിസ്കന്‍ ഓട്ടോഗ്രാഫുകള്‍ക്ക് പുറമേ മറ്റു ഫ്രാന്‍സിസ്ക്കന്‍ ലിഖിതങ്ങളും ബയോഗ്രഫികളും മാര്‍പാപ്പമാരുടെ രചനകളും ഫ്രാന്‍സിസ്കന്‍ സഭയ്ക്ക് പുറമേ നിന്നുള്ള ഫ്രാന്‍സിസിനെയും ഫ്രാന്‍സിസ്കന്‍ സഭയെക്കുറിച്ചുള്ള രചനകളും ചരിത്രത്തിലെ ഫ്രാന്‍സിസിനെ തിരിച്ചറിയാന്‍ സഹായകമാകുന്നു. ഫ്രാന്‍സിസ്കന്‍ ബയോഗ്രാഫികള്‍ ചരിത്രപരമായ വസ്തുതകള്‍ നിരത്തുന്നതിനു പകരം അവ ഫ്രാന്‍സിസ് എന്ന വിശുദ്ധനെയാണ് നമുക്ക് വരച്ചുകാട്ടുന്നത്.  വിശുദ്ധിയെ വിളംബരം ചെയ്യുന്ന രചനകള്‍ Hagioraphy എന്നാണ് അറിയപ്പെടുന്നത്. Legenda എന്ന വാക്കും ഉപയോഗിച്ചു പോന്നിരുന്നു. ഇതിനര്‍ത്ഥം ഉറക്കെ വായിക്കേണ്ടത്, മറ്റുള്ളവര്‍ക്കായി പ്രഘോഷിക്കേണ്ടത് എന്നൊക്കെയാണ്.

സൂര്യകീര്‍ത്തനവും ക്ലാരസഹോദരീമാര്‍ക്കുള്ള കീര്‍ത്തനരൂപത്തിലുള്ള ആഹ്വാനവും ഉമ്പ്രിയായിലെ പ്രാദേശിക ഭാഷയിലാണ് രചിച്ചിട്ടുള്ളത്.  എന്നാല്‍ ഫ്രാന്‍സിസിന്‍റെ മറ്റ് എല്ലാ രചനകളും ലത്തീന്‍ ഭാഷയിലാണ് നമുക്ക് ലഭ്യമായിട്ടുള്ളത്. ഫ്രാന്‍സിസിന്‍റെ കൈയക്ഷരത്തില്‍ (ഓട്ടോഗ്രാഫ്) ഇപ്പോഴും സൂക്ഷിക്കപ്പെട്ടിട്ടുള്ളത് മൂന്ന് കാര്യങ്ങളാണ്.
1. ബ്രദര്‍ ലിയോക്കുള്ള കത്ത്
2. ദൈവസ്തുതികള്‍
3. ബ്രദര്‍ ലിയോയ്ക്കുള്ള അനുഗ്രഹം

 

ഇതില്‍ ഒന്നാമത്തേത് പഞ്ചക്ഷതധാരിയാകുന്നതിനു മുന്‍പ് രചിച്ചിട്ടുള്ളതാണ്. രണ്ടും മൂന്നും രചനകള്‍ ഒരു തുകലിന്‍റെ തന്നെ രണ്ട് പുറങ്ങളിലായി പഞ്ചക്ഷതം ലഭിച്ചതിനുശേഷം രചിച്ചിട്ടുള്ളതാണ്.  ഫ്രാന്‍സിസിന്‍റെതായി നമ്മള്‍ കരുതിപ്പോരുന്ന മറ്റ് ലിഖിതങ്ങള്‍ എല്ലാം തന്നെ ഫ്രാന്‍സിസിന്‍റെ കൂടെയുള്ള സഹോദരരാല്‍ എഴുതപ്പെട്ടതാണ്. ഇതില്‍ ബ്രദര്‍ ലിയോ, Bonizzo of Bolognia, Caeser of Speyer, Angelo, John എന്നിവരുടെ സേവനവും ഭാഷാപരിജ്ഞാനവും പ്രത്യേകം പ്രശംസനീയമാണ്. ഈ സഹോദരര്‍, ഫ്രാന്‍സിസില്‍ നിന്നും ലഭിക്കുന്ന വാക്കുകള്‍

(1) Dictation  - പദാനുപദം എഴുതുകയോ
(2) Elaborating - പോയ്ന്‍റ്സ് വിശദീകരിച്ചുകൊണ്ടും
(3) Collaborative work  ഒരു സംഘം ചേര്‍ന്ന്
(4) Short note കളായി എഴുതിയും
ഇപ്പോള്‍ ലഭിക്കുന്ന രൂപത്തില്‍ നമ്മളില്‍ എത്തിച്ചു.

ഫ്രാന്‍സിസിനെ ദൈവം ഈ ലോകത്തില്‍നിന്നും വിളിച്ചുകൊണ്ടുപോയി മുപ്പതുവര്‍ഷം ആകുന്നതിനു മുന്‍പുതന്നെ ഫ്രാന്‍സിസിന്‍റെ കൈയെഴുത്തു പ്രതികള്‍ ശേഖരിച്ചു തുടങ്ങിയിരുന്നു. കൈയെഴുത്തു പ്രതികള്‍ manuscript എന്നാണ് അറിയപ്പെടുന്നത്. ഇപ്രകാരം ഉള്ള manuscript കളുടെ ഒരു കൂട്ടത്തെ Codex  എന്നു വിളിക്കുന്നു. അസ്സീസിയിലെ Sacro Conventoയേില്‍ ഇപ്പോഴും സൂക്ഷിച്ചിട്ടുള്ള Codex 3.38 ഒരു ഫ്രാന്‍സിസ്കന്‍ നിധിയാണ്. Codexകളില്‍ നടത്തുന്ന പഠനങ്ങള്‍ വഴി ഫ്രാന്‍സിസിന്‍റേത് എന്ന് ഉറപ്പിക്കാവുന്ന ലിഖിതങ്ങളുടെ സമാഹാരമാണ് Critical Edition.

You can share this post!

ഫ്രാന്‍സിസും സുല്‍ത്താനും

ഫെര്‍ഡിനാന്‍ഡ് മാര്‍ട്ടിന്‍ കപ്പൂച്ചിന്‍
അടുത്ത രചന

മിഷനറി അധ്യായത്തിന്‍റെ രചനാകാലം

ഫെര്‍ഡിനാന്‍ഡ് മാര്‍ട്ടിന്‍ കപ്പൂച്ചിന്‍
Related Posts