news-details
പുസ്തകപരിചയം

മന്ദവേഗത്തിന്‍റെ ദര്‍ശനം

വേഗം പോരാ എന്നാണ് ഏവരും ഓര്‍മ്മിപ്പിക്കുന്നത്. ഓട്ടത്തിലാണ് നാം. പിന്നിലാകാതിരിക്കാനുള്ള പരക്കംപാച്ചില്‍. ഇതിനിടയില്‍ ഒന്നും കാണാന്‍ നമുക്കു സമയമില്ല. ഈ വേഗത്തില്‍ ഇനി എത്ര നാള്‍ നാം ഓടും? പാരിസ്ഥിതികവും വൈയക്തികവുമായ അനേകം വെല്ലുവിളികള്‍ നാം നേരിടുന്നു. ഒന്നു നില്‍ക്കാനും തിരിഞ്ഞുനോക്കാനും ചുറ്റുപാടുകള്‍ നിരീക്ഷിക്കാനുമുള്ള ക്ഷമ നാം തിരിച്ചെടുക്കണം. ഇല്ലെങ്കില്‍ മണ്ണില്‍നിന്ന്, വേരില്‍നിന്ന്, പ്രകൃതിയില്‍നിന്ന് നാം ഏറെ അകന്നുപോകും. ഈ അകല്‍ച്ച നമ്മെ ഉള്ളില്ലാത്തവരും വേരുകളില്ലാത്തവരുമാക്കും. ആഴത്തിലുള്ള പ്രതിസന്ധികളിലേക്കാണ് നാം ചുവടുവയ്ക്കുന്നതെന്ന് വിവേകികള്‍ താക്കീതുനല്‍കുന്നു. ഈ സന്ദര്‍ഭത്തില്‍ കെ. അരവിന്ദാക്ഷന്‍റെ 'ഒച്ചിന്‍റെ മഹായാനങ്ങള്‍' എന്ന ഗ്രന്ഥം ഏറെ പ്രസക്തമാണ്. വേഗമില്ലായ്മകളുടെ ദര്‍ശനങ്ങളാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ഒച്ചും താനും തമ്മിലുള്ള സംവാദത്തിലൂടെ നാം നേരിടുന്ന ഭിന്നവിതാനങ്ങളിലുള്ള പ്രതിസന്ധികള്‍ ആവിഷ്ക്കരിക്കുകയാണ് ഗ്രന്ഥകാരന്‍. അതിജീവനത്തിനുള്ള ദര്‍ശനമാണിത്.

ഒച്ചിലേക്ക് പരകായപ്രവേശം നടത്തുന്ന ഗ്രന്ഥകാരന്‍ സഹജീവികളെയും മനുഷ്യനെയും സമത്വമുള്ളവരായാണ് കാണുന്നത്. "ഒച്ചിന്‍റെ മഹായാനങ്ങള്‍ എന്‍റെ ചെറുയാത്രകളാണ്. ഭൂമിയിലെ ഏതു സാഹസികയാത്രികനും അനുഭവിച്ചിട്ടുള്ള ലഹരി ഞാനീ യാത്രകളില്‍ അനുഭവിച്ചിട്ടുണ്ട്" എന്ന് അരവിന്ദാക്ഷന്‍ സൂചിപ്പിക്കുന്നു. അറിയലിന്‍റെയും അന്വേഷണത്തിന്‍റെയും ലഘൂകരണത്തെ മറികടക്കുകയാണ് അദ്ദേഹം. അധികാരത്തിന്‍റെയും അധിനിവേശത്തിന്‍റെയും ലോകഭാഷയ്ക്കു ബദല്‍ എന്ന നിലയിലാണ് ഈ യാത്ര സംഗതമാകുന്നത്. എല്ലാറ്റിനെയും കള്ളി തിരിക്കുന്ന മനുഷ്യദര്‍ശനത്തെ തിരുത്താനുള്ള എളിയ ശ്രമം കൂടിയാണിത്.

ഒച്ചിനെ സഹോദരിയെന്ന് വിളിക്കുന്ന എഴുത്തുകാരന്‍ മനുഷ്യന്‍റെ പരിമിതികള്‍ തിരിച്ചറിയുന്നു. ഈ ഭൂമിയിലെ അവസാനത്തെ അതിഥിയെന്ന നിലയില്‍ മനുഷ്യനില്ലാത്ത പല കഴിവുകളും മറ്റു ജീവജാലങ്ങള്‍ക്കുണ്ട് എന്ന യാഥാര്‍ത്ഥ്യം അരവിന്ദാക്ഷന്‍ തിരിച്ചറിയുന്നു. ആ അറിവില്‍ നിന്നാണ് അദ്ദേഹത്തിന്‍റെ സൂക്ഷ്മയാനം തുടരുന്നത്. മനുഷ്യന്‍റെ അറിവിനെക്കാള്‍ ജീവശൃംഖലക്ക് പ്രധാനം മറ്റു പലതുമാണ് എന്ന സത്യം തിരിച്ചറിയപ്പെടുന്നു. "നിങ്ങള്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനേക്കാള്‍ മികച്ച ശാസ്ത്രജ്ഞനാകാം. ആ ശാസ്ത്രബോധവും സംസ്കാരവും ഉള്‍ക്കൊള്ളുന്നതിനോടൊപ്പം നിങ്ങള്‍ പുഴുവിന്‍റെയും പുല്ലിന്‍റെയും ജീവനുമായി സംവദിക്കുന്നു; നിങ്ങള്‍ നിങ്ങളായിരിക്കെത്തന്നെ പുഴുവും പുല്ലുമാണെന്ന ആന്തരിക അനുഭവജ്ഞാനത്തില്‍ ജീവിക്കുന്നു" എന്ന ദര്‍ശനമാണ് പ്രധാനം. പാരിസ്ഥിതികമായ ആത്മീയതയുടെ നിറവും ശാന്തിയുമാണ് ഗ്രന്ഥകാരന്‍ ലക്ഷ്യമാക്കുന്നത്. എല്ലാ മതങ്ങളും പ്രത്യയശാസ്ത്രങ്ങളും കൊഴിഞ്ഞുവീഴുന്ന അനുഭവസന്ധിയാണിത്. കാമവും മരണവും ഏകാന്തതയുമെല്ലാം നമ്മെ പൊതിഞ്ഞു നില്‍ക്കുന്നുവെന്ന സത്യത്തിനുമുന്‍പില്‍ നാം വിനമ്രരാകുന്നു. ഒച്ചിനെയും മഹാഗുരുവായിക്കാണുമ്പോള്‍ മനുഷ്യന് അറിയാത്ത ലോകത്തില്‍ എത്തിച്ചേരാനാകും. ഇവിടെ വേര്‍തിരിവുകളില്ല. എല്ലാം ഒന്നിന്‍റെ ഭാഗങ്ങളും കണികകളും മാത്രം. അപ്പോള്‍ മനുഷ്യന് സവിശേഷസ്ഥാനമോ അധികാരങ്ങളോ ഇല്ല. മനുഷ്യകേന്ദ്രദര്‍ശനങ്ങളെ തിരുത്തിയെഴുതാനാണ് അരവിന്ദാക്ഷന്‍ ശ്രമിക്കുന്നത്. ഒരു കാലത്ത് മനുഷ്യന്‍ ഒഴിവാക്കി നിര്‍ത്തിയതിനെയെല്ലാം ഇവിടെ ചേര്‍ത്തു നിര്‍ത്തുന്നു. മഹത്തായ പാരസ്പര്യത്തിന്‍റെ അഗാധദര്‍ശനത്തിലേക്കാണ് ഈ യാത്ര നമ്മെ നയിക്കുന്നത്.
കാലാവസ്ഥാവ്യതിയാനവും പ്രകൃതിക്ഷോഭങ്ങളും അലട്ടുന്ന കാലത്ത് യഥാര്‍ത്ഥ കാരണങ്ങളിലേക്കാണ് നാം ഉറ്റുനോക്കേണ്ടത്. ഭൂമിയുടെ കരള്‍ പിളരുന്ന മനുഷ്യാധിനിവേശങ്ങളുടെ പരിണതിയാണീ അവസ്ഥ. അവിടെയാണ് പാരസ്പര്യത്തിന്‍റെ ആവശ്യം. ഈ വേഗത്തില്‍, പൊയ്ക്കാലുകളില്‍ അധികകാലം നമുക്കു യാത്ര ചെയ്യാനാവില്ല. ഓരോ ജീവജാലവും ഭൂമിയുടെ അവകാശികളാണ്. മനുഷ്യന്‍ കേന്ദ്രസ്ഥാനത്തു നില്‍ക്കുന്നതിന്‍റെ വീഴ്ചകളാണ് നാം അനുഭവിക്കുന്നത്. ഒരു തിരുത്തല്‍ അനിവാര്യമാണെന്നാണ് അരവിന്ദാക്ഷന്‍ എടുത്തുപറയുന്നത്. ഒച്ചിന്‍റെ വാക്കുകളിലൂടെ അദ്ദേഹം അവതരിപ്പിക്കുന്നത് ജീവജാലങ്ങളുടെയും സസ്യലതാദികളുടെയും പക്ഷമാണ്. അതു കേള്‍ക്കാനുള്ള വിവേകം നാം കാണിച്ചില്ലായെങ്കില്‍ ലോകത്തിന്‍റെ ഭാവി ഇരുണ്ടതായിരിക്കും. "മനുഷ്യനിനിയും എന്താണ് ശാസ്ത്രമെന്ന് മനസ്സിലായിട്ടില്ല. പ്രകൃതിയുടെ സഹജഭാവം അറിയുന്നതാണ് ശാസ്ത്രം. അളവുകോല്‍കൊണ്ട് ഗണിക്കാവുന്നതല്ല. അനുഭവത്തിന്‍റെ ഉള്‍ക്കണ്ണ് വേണം. സൂക്ഷ്മദര്‍ശനിയുടെ കണ്ണല്ല. ഉള്ളിന്‍റെ ഉള്ളിലെ കണ്ണ്" എന്നാണ് ഗ്രന്ഥകാരന്‍ നിരീക്ഷിക്കുന്നത്.

'ഓരോന്നിനുമുണ്ട് ഓരോ ഇതിഹാസങ്ങള്‍' എന്നതാണ് ദര്‍ശനം. മനുഷ്യന്‍റെ ഇതിഹാസങ്ങളോടൊപ്പം പ്രാണികളുടെയും പുഴുക്കളുടെയും മണ്ണിരകളുടെയും സൂക്ഷ്മാണുജീവികളുടെയും ഇതിഹാസങ്ങളും കൂടിച്ചേരുമ്പോഴാണ് അത് സമഗ്രമാവുക. മനുഷ്യപക്ഷം ഭാഗികമാണ്. മറുപക്ഷങ്ങളെയും തിരിച്ചെടുക്കാനുള്ള ദൗത്യമാണ് നാം ഏറ്റെടുക്കേണ്ടത്. ജീവജാലങ്ങള്‍ മനുഷ്യന്‍റെ താഴെയല്ല. "അവയെന്നും ബുദ്ധാവസ്ഥയിലാണ്. ബോധോദയം അവര്‍ക്ക് ധ്യാനത്തിന്‍റെ ജാഗ്രതയിലൂടെ നേടേണ്ടതല്ല. ബുദ്ധത്തം അവയില്‍ സഹജവുമാണ്" എന്ന സത്യം നാം അറിയുന്നില്ല. "മനുഷ്യന്‍ ഈ ഭൂമിയിലെ ഇതരജീവികളെ അപേക്ഷിച്ച് ഒരു വിഡ്ഢിയാണ്. തന്‍റെയുള്ളിലെ സഹജാവസ്ഥയെ തിരിച്ചറിയാതെ ബോധോദയത്തെക്കുറിച്ച് വിലപിക്കുന്നു" എന്നാണ് ഗ്രന്ഥകാരന്‍ പറയുന്നത്. "താരതമ്യങ്ങളില്ല, ഓരോ ജീവിയും മഹാജീവഗാഥയിലെ തുടിക്കുന്ന അക്ഷരങ്ങളാണ്. ഒരക്ഷരം കേമമാണെന്ന് പറയുന്നത് ജീവനീതിയല്ല" എന്നതാണ് അരവിന്ദാക്ഷന്‍റെ ദര്‍ശനം. "ഭൂമിയില്‍ ജീവന്‍റെ വിശുദ്ധമായ സഞ്ചിതത്തില്‍ ഒരു ജീവന്‍ നഷ്ടപ്പെട്ടാലുണ്ടാകുന്ന വിടവ് ഭൂമിയിലെ ജീവന്‍റെ കണ്ണിയിലെ ശൂന്യതതന്നെയാണ്" എന്ന പരമാര്‍ത്ഥവും നാം ഗൗരവമായി കാണേണ്ടതാണ്.

"നമ്മില്‍ എത്രപേര്‍ മനുഷ്യന്‍റെ ക്രൂരതകൊണ്ട് അനാഥരാക്കപ്പെട്ടവരും വംശനാശം സംഭവിച്ചവരുമായ പുഴുവിനും പാറ്റയ്ക്കും പറവയ്ക്കും തവളയ്ക്കുമൊപ്പം യാത്രചെയ്തിട്ടുണ്ട്? അവരുടെ വേദന പങ്കിട്ടുണ്ട്?" എന്ന ചോദ്യം നമ്മെ അലട്ടുന്നു. മറ്റു തീര്‍ത്ഥയാത്രകളെക്കാള്‍ ധന്യമാണീ യാത്രകള്‍ എന്നാണ് അരവിന്ദാക്ഷന്‍ എടുത്തുപറയുന്നത്.

'യഥാര്‍ത്ഥത്തില്‍ പ്രകൃതിയില്‍ നിന്ന് വേരറ്റുപോയ ഒരേയൊരു ജീവി മനുഷ്യനാണ്' എന്നു നാം മനസ്സിലാക്കണം. "സഹോദയം സഹോദയമാകുന്നത് ജീവനുള്ളതും ജീവനില്ലാത്തതുമായതെല്ലാം പരസ്പരാശ്രീതരായി ഒന്നിന്‍റെ വിമോചനം മറ്റേതിന്‍റെ വിമോചനമാണെന്ന ബോധ്യത്തോടെ പുലരുമ്പോഴാണ്. മനുഷ്യജീവിയില്‍ തൃഷ്ണ പൂര്‍ണ്ണമായി അസ്തമിക്കുമ്പോഴാണ്" എന്ന തിരിച്ചറിവാണ് പ്രധാനം. "ഉറുമ്പും ഈച്ചയും പൂച്ചയും പഴുതാരയും പുഴുവും പുല്ലും മനുഷ്യനടങ്ങുന്ന ജീവിവംശത്തിന്‍റെ കണ്ണികളാണ്. മനുഷ്യദൃഷ്ടിയിലേ അവയ്ക്ക് പതിത്വമുള്ളു. പ്രകൃതിക്ക് എല്ലാം ഒരേ ജീവന്‍റെ തുടിപ്പുകളാണ്. സവിശേഷബുദ്ധിയുണ്ടെന്നഭിമാനിക്കുന്ന മനുഷ്യന് അവയുടെയെല്ലാം ഭാഗമായിരിക്കാന്‍ ധാര്‍മ്മികമായ ബാധ്യതയുണ്ട്" എന്ന കാതലായ ചിന്തയാണ് "ഒച്ചിന്‍റെ മഹായാനങ്ങള്‍" ആവിഷ്ക്കരിക്കുന്നത്.

(ഒച്ചിന്‍റെ മഹായാനങ്ങള്‍ - കെ. അരവിന്ദാക്ഷന്‍ - ഐവറി ബുക്സ്)

You can share this post!

റബ്ബോനി:- ബൈബിളില്‍ നിന്നൊരു പ്രണയ ഗീതം

ഡോ. കുഞ്ഞമ്മ ജോര്‍ജ്ജ്
അടുത്ത രചന

കറ

ഡോ. കുഞ്ഞമ്മ ജോർജ്ജ്
Related Posts