മരണത്തിനു മുമ്പില്‍ മനുഷ്യന്‍ പകച്ചു നില്‍ക്കാറുണ്ട്. എല്ലാം മരണം കൊണ്ടു തീരുമെന്ന മനുഷ്യന്‍റെ ചിന്തയാണിതിന്‍റെ കാരണം. മരണം ഒരു കടന്നുപോകല്‍ മാത്രമാണെന്നു വിശ്വസിക്കുന്ന മനുഷ്യന്‍ മരണത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്യും. യോഹന്നാന്‍റെ സുവിശേഷം 12 -ാമദ്ധ്യായത്തില്‍ മരണത്തെ ഉറക്കമായി കാണുവാന്‍ ക്രിസ്തു പഠിപ്പിച്ചു. 'ലാസര്‍ ഉറങ്ങുകയാണ്' എന്നു പറയുമ്പോള്‍ അവന്‍ ഉണര്‍ന്നെഴുന്നേല്‍ക്കുമെന്ന സൂചന അടങ്ങിയിരിക്കുന്നു. കല്ലറയുടെ മുകളിലുള്ള കുരിശില്‍ R I P എന്നെഴുതുന്നു. സമാധാനത്തില്‍ നിദ്ര കൊള്ളുന്നു എന്നാണ് ഇതിന്‍റെ അര്‍ത്ഥം. മനുഷ്യന്‍റെ മരണമെന്ന നിദ്ര പറുദീസാ എന്ന സമാധാന അന്തരീക്ഷത്തിലേക്കുള്ള ജനനമാണ്. നല്ല കള്ളനോട് 'ഇന്നു രാത്രി നീ എന്നോടു കൂടി പറുദീസായിലായിരിക്കും' എന്നാണല്ലോ യേശു പറഞ്ഞത്. വിശുദ്ധ ഫ്രാന്‍സീസ് അസ്സീസി പറഞ്ഞു: "മരിക്കുമ്പോഴാണ് നമ്മള്‍ ജനിക്കുന്നത്."
 
നോമ്പിന്‍റെ കാലഘട്ടമെന്നു പറയുന്നത് സ്വാര്‍ത്ഥത്തിന് മരിക്കുവാനുള്ള തയ്യാറെടുപ്പിന്‍റെ ഉപവാസവും തപശ്ചര്യകളും വഴി നമ്മുടെ  സ്വാര്‍ത്ഥതയോടും ആസക്തികളോടും വിട പറയുന്ന അവസ്ഥ. അതിലെല്ലാം എന്നിലെ പലതും മരിക്കുന്ന ഒരു അവസ്ഥയുണ്ട്. ആ മരണത്തില്‍ നിന്നും ഒരു പുതിയ വ്യക്തിത്വം ഉയിര്‍ത്തെഴുന്നേല്‍ക്കാം. മരണത്തിന്‍റെയും ഉയിര്‍പ്പിന്‍റെയും സൂചനകള്‍ പ്രകൃതിനല്‍കുന്നുണ്ട്. ഒരുഉണങ്ങിയ വിത്ത് മൃതാവസ്ഥയിലാണ്. അതില്‍ തണുത്ത ജലം വീണ് ഭൂമിക്കടയില്‍ വിശ്രമിക്കുമ്പോള്‍  ഒരു പുതിയ ചെടിമുളച്ചുപൊട്ടുന്നു.മരിച്ചവരെല്ലാം ഉണങ്ങിയ വിത്തുപോലെ കിടക്കുമ്പോള്‍ കല്ലറയില്‍ നിന്നും ഒരു പുതിയ ചെടിയായി നാം ഉയിര്‍ത്തു വരും. ദൈവത്തിന്‍റെ ശ്വാസം നമ്മില്‍ പതിക്കുമ്പോള്‍ മരിച്ചവരെല്ലാം ഉയിര്‍ത്തു വരും. "മരണമെ നിന്‍റെ വിജയം എവിടെ?" എന്ന് വി. പൗലോസ് ചോദിക്കുന്നതു നാം ധ്യാനിക്കണം(1 കൊറി. 15: 55). 
 
ജീവിതം ഒരു നീണ്ട യാത്രയാണ്. യാത്രയ്ക്കിടയില്‍ പല കാഴ്ചകളും നാം കാണും. കാഴ്ചകള്‍ കണ്ടു നാം നില്‍ക്കരുത്. യാത്ര മുന്നോട്ടു പോകണം. തീര്‍ത്ഥാടകര്‍ യാത്രയുടെ അന്ത്യത്തില്‍ ഒരു ലക്ഷ്യസ്ഥാനത്തെത്തും. അവിടെ അവര്‍ ആഹ്ലാദിക്കും. മരണമടയുന്നവര്‍ സ്വര്‍ഗ്ഗമെന്ന തീര്‍ത്ഥാടന ലക്ഷ്യത്തിലെത്തി സായൂജ്യമടയുന്നു. മരിച്ചുപോയവരെ ഇനി ഭൂമിയില്‍ കാണുവാന്‍ കഴിയില്ലല്ലോ എന്നോര്‍ത്ത് ബന്ധുക്കള്‍ കരയാറുണ്ട്. വിദേശത്തു ജോലിക്കു പോകുന്ന സ്വന്തപ്പെട്ടവരെ വിമാനത്താവളത്തില്‍ കണ്ണീരോടെ യാത്രയയ്ക്കുന്നവരെ കാണാറുണ്ട്. അടുത്ത അവധിക്ക് കൈകള്‍ നിറയെ സമ്മാനങ്ങളുമായി അവര്‍ വരുമ്പോള്‍ പണ്ടു കരഞ്ഞവരെല്ലാം അന്നു ചിരിക്കും. മറഞ്ഞു പോയവരെയെല്ലാം  കണ്ടു വീണ്ടും ചിരിക്കുന്ന അന്ത്യവിധിയെ നാം ഓര്‍ക്കുക.
 
7 -ാം വര്‍ഷത്തില്‍ നമ്മുടെ ജീവ കോശങ്ങള്‍ മരിച്ച് നാം പുതിയ സൃഷ്ടിയാകാറുണ്ട്. ജീവിക്കുമ്പോള്‍ തന്നെ മരണത്തിന്‍റെ മുന്നാസ്വാദനം നമ്മള്‍ക്കു ലഭിക്കുന്നു. ഒരു വ്യക്തിയോട് ആയിരം രൂപാ കടം വാങ്ങുന്നതായി സങ്കല്‍പിക്കുക. തിരിച്ചു കൊടുക്കാമെന്നു പറഞ്ഞതിന്‍റെ രണ്ടാഴ്ച മുമ്പ് ആ വ്യക്തി നമ്മോട് പണം തിരിച്ചു ചോദിക്കുന്നു. ഓര്‍ത്തതിലും നേരത്തെ കൊടുക്കുന്നതില്‍ നമുക്കു പ്രയാസം തോന്നും. എങ്കിലും തിരിച്ചു കൊടുത്തല്ലേ പറ്റൂ. ഞാന്‍ പ്രതീക്ഷിച്ചതിലും നേരത്തേ എന്‍റെ  പ്രിയപ്പെട്ടവര്‍ മരിക്കുമ്പോള്‍ ഈ ചിന്ത തന്നെയല്ലേ നമ്മിലും ഉയരുന്നത്? ജനിച്ചവരെല്ലാം മരിച്ചേ പറ്റൂ. മരിക്കാതിരിക്കുവാനുള്ള മരുന്ന് ജനിക്കാതിരിക്കുക എന്നതു മാത്രമാണ്. 
 
നോമ്പു കാലത്തിലേക്കു നാം പ്രവേശിക്കുമ്പോള്‍ നല്ല മരണത്തിനുള്ള ഒരുക്കമായി ജീവിതത്തെ ക്രമീകരിക്കണം. ചെറിയ സഹനങ്ങളും ത്യാഗങ്ങളുമെല്ലാം സന്തോഷത്തോടെ സ്വീകരിച്ച് എന്നിലെ ആന്തരീക മനുഷ്യനെ ബലപ്പെടുത്തണം. നിത്യതയിലേക്കു തിരിഞ്ഞിരിക്കുന്ന ഒരു മുഖവുമായി ജീവിക്കുവാന്‍ പരിശ്രമിക്കാം. ജന്മം എന്നു പറയുന്നത് ജനനമെന്നും മരണമെന്നുമാണ്. 'ജ' യും 'മ' യും രണ്ട് അക്ഷരങ്ങളാണ്. അതിനിടയില്‍ ഒരു ചില്ലക്ഷരമാണ് 'ന്‍'. ജനനത്തെയും മരണത്തെയും ചാരി നില്‍ക്കുന്ന ഒരു ചില്ലക്ഷരം മാത്രമാണ് മനുഷ്യന്‍. ഈ ജീവിതയാത്രയില്‍ ജീവിതമെന്ന വിളക്കില്‍ സല്‍പ്രവൃത്തികളുടെ എണ്ണയുമായി നാം മുന്നേറണം.
ബൈബിളിലെ വിവേകമതികളായ കന്യകമാര്‍ വിളക്കുകളില്‍ എണ്ണ കരുതിയിരുന്നു. അവസാന നിമിഷം എണ്ണ വാങ്ങുവാന്‍ പോയവര്‍ മണവറക്കു പുറത്തായി. അലസരായി ജീവിച്ചിട്ട് ഇനിയും കാലമുണ്ട് എന്നു നാം കരുതരുത്. ജീവിതാന്ത്യം എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. വിട്ടവന്‍ വിളിക്കുമ്പോള്‍ പുറപ്പെടുവാന്‍ തയ്യാറായി നാം ജീവിക്കണം. സദാ ഒരുങ്ങിയിരിക്കണമെന്ന സന്ദേശമാണ് ബൈബിള്‍ നല്‍കുന്നത്. ഒരുക്കത്തോടു കൂടി ദൈവത്തിലേക്കു യാത്ര ചെയ്യാം. കരുതലുള്ളവരായി മുന്നേറാം. കള്ളന്‍ നശിപ്പിക്കാത്ത, ചിതല്‍ തകര്‍ക്കാത്ത നിക്ഷേപങ്ങളുമായി സ്വര്‍ഗ്ഗത്തിലേക്കു യാത്ര ചെയ്യുവാന്‍ ഈ നോമ്പു കാലത്ത് പരിശ്രമിക്കാം. മരണത്തെ ജയിച്ച് ഉത്ഥാനം ചെയ്ത കര്‍ത്താവ് നമ്മെ സഹായിക്കട്ടെ. 

You can share this post!

നോട്ടം

By : ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
അടുത്ത രചന

ലോകത്തിന് അനുരൂപരാകരുത്

By : ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Related Posts