news-details
എഡിറ്റോറിയൽ
The best and most beautiful things in the world can not be seen or even touched,
they must be felt with the heart.
Helen Keller
 
പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു സുഹൃത്തിന് ആഫ്രിക്കയില്‍ സേവനം അനുഷ്ഠിക്കുന്ന അദ്ദേഹത്തിന്‍റെ ചങ്ങാതിയായ ഒരു വൈദീകന്‍ അയച്ചുകൊടുത്ത ചില ചിത്രങ്ങള്‍ കാണാനിടയായി. ഓരോ ചിത്രത്തിനു പിന്നിലും വളരെ ചിന്തോദ്ദീപകങ്ങളായ ചില വാചകങ്ങള്‍ കുറിച്ചിരുന്നു. രണ്ടുചിത്രങ്ങള്‍ ഇപ്പോഴും നല്ല തെളിമയോടുകൂടി മനസ്സില്‍ തങ്ങി നില്‍പ്പുണ്ട്. ഒന്ന്: വറ്റിവരണ്ട ഒരു പുഴയിലൂടെ അദ്ദേഹത്തിന്‍റെ പിക് അപ് ജീപ്പ് ഓടുന്നതാണ്. അതിന്‍റെ പിന്‍കുറിപ്പ് ഇപ്രകാരമായിരുന്നു,“Where ever you go, you are the path setter”എവിടെപ്പോയാലും നിങ്ങള്‍ വഴി തെളിക്കുന്നവനാണ്". രണ്ട്: വശങ്ങളിലെ ആറു തൂണുകളില്‍ ഉയര്‍ന്നിരിക്കുന്ന ഒരു ഷെഡ്. ഒരറ്റത്ത് രണ്ട് കമ്പുകള്‍ കെട്ടിവച്ച് ഒരു കുരിശ് നിര്‍മ്മിച്ചിരിക്കുന്നു. അതിന്‍റെ പിന്‍കുറിപ്പ് ഇതായിരുന്നു. “Here is the true and real catholic church, which embraces all without any walls and boundaries”   "ഇതാ ഇവിടെയാണ് യഥാര്‍ത്ഥത്തിലുള്ള ക്രിസ്തുവിന്‍റെ കത്തോലിക്കാ സഭ, ചുവരുകളുടെയോ മതിലുകളുടെയോ ബന്ധനങ്ങളില്ലാതെ എല്ലാവരേയും ആശ്ലേഷിക്കുന്ന സത്യസഭ".
 
ചുവരുകള്‍ക്കും മതിലുകള്‍ക്കും അപ്പുറം ചരിത്രത്തില്‍ ഇത്രയധികം സ്നേഹം അനുഭവിപ്പിച്ച നന്മനിറഞ്ഞ മനുഷ്യര്‍ക്കുള്ള ഇടമായിരുന്നു  ക്രിസ്തുവിന്‍റെ ശരീരമായ സഭ. ഭയപ്പെടുത്തുന്ന, കാര്‍ക്കശ്യത്തിന്‍റെ വീശുമുറവുമായി നിന്ന ദൈവസങ്കല്പങ്ങളെ പൊളിച്ചെഴുതി സ്നേഹത്തിന്‍റെയും നീതിയുടെയും സുവിശേഷവുമായി പുത്തന്‍ വഴികള്‍ വെട്ടിത്തുറക്കുകയായിരുന്നു ക്രിസ്തു. അവന്‍റെ വഴികള്‍ നൂതനവും കാലാതീതവുമായിരുന്നു. ആ വഴികളില്‍ തെളിഞ്ഞ വിളക്കുകള്‍ കെടുത്താന്‍ അധികാരത്തിനോ പടയൊരുക്കങ്ങള്‍ക്കോ സാധിക്കുമായിരുന്നില്ല. 
 
ക്രിസ്തുവിനെപ്പോലെ  സ്നേഹത്തിന്‍റെയും നീതിയുടെയും അന്നം ഇന്നും വിളമ്പാന്‍ സഭയ്ക്ക് ഉത്തരവാദിത്വമുണ്ട്. സഭയുടെ പ്രത്യേകതകള്‍ അതിന്‍റെ നിയമത്തിലോ ചട്ടക്കൂടുകളിലോ പ്രസ്ഥാനങ്ങളിലോ സംവിധാനങ്ങളിലോ അല്ല കുടിയിരിക്കുന്നത്. അതിലുപരി എവിടെയൊക്കെ ക്രിസ്തുവിനെ അനുഭവിപ്പിക്കാനാകുന്നുണ്ടോ അവിടെയാണ് ഇന്നും സഭ  സഭയാകുന്നത്. തൊണ്ണൂറ്റി ഒമ്പതിനേയും വിട്ട് ഒന്നിന്‍റെ പുറകേ പോയ നസ്രായന്‍റെ മനസ്സിനെ ഇന്നും പിടിച്ചു നിര്‍ത്തണമെന്ന ചില വ്യക്തികളുടെയും ഇടങ്ങളുടെയും നിശ്ചയദാര്‍ഢ്യവും കരുതലുമൊക്കെ കൂടിച്ചേര്‍ന്നിട്ടാണ് ഈ സംവിധാനം അനസ്യൂതം നിലനില്‍ക്കുന്നത്. നിശ്ചയമായും ഇത് വാക്കുകള്‍ക്കും ചരിത്രങ്ങള്‍ക്കും അതീതമാണ്. ഇത് തകര്‍ന്നവരുടെയും ഓരം പറ്റിപ്പോയവരുടെയും സങ്കടക്കടല്‍ നീന്തുന്നവരുടെയും ഒക്കെ ഒടുക്കത്തെ അത്താണിയാണ്. 
 
കുറവുകളുടെയും അപചയങ്ങളുടെയും കാലം എല്ലാ കാലത്തും (അതായത് ക്രിസ്തുവിന്‍റെ കാലഘട്ടം മുതല്‍ ഇങ്ങോട്ട്) ഉണ്ടായിരുന്നു. സഭയെ ജീവനുള്ള ഒരു മനുഷ്യശരീരത്തോടു ഉപമിക്കുമ്പോള്‍ അവശ്യം സംഭവിക്കേണ്ട ഒരു അഴുകല്‍ (decading) പ്രക്രിയയാണിത്. ജീവനുള്ളതെല്ലാം തന്നെ നിരന്തരം പുനഃസൃഷ്ടി നടത്തികൊണ്ടിരിക്കുന്നവയാണ്. ഉദാഹരണത്തിന് എത്ര ജീവകോശങ്ങളാണ് ദിനംപ്രതി നിങ്ങളില്‍ മൃതിയടയുകയും പുനര്‍ജനിക്കുകയും ചെയ്യുന്നത്? സഭാതനുവും ഇതിനൊരപവാദമല്ല. ഉള്ളിലൂറുന്ന ജീവജലത്തിന്‍റെ അരുവികളൊക്കെയും ഒരു പ്രവാഹമായി നിരവധി വ്യക്തികളിലൂടെയും സംവിധാനങ്ങളിലൂടെയും നിരന്തരം സഭയില്‍ ഒഴുകുന്നുണ്ട്. ഒപ്പം അപചയങ്ങളും സംഭവിക്കുന്നു. രോഗാതുരമായതിനെ സൗഖ്യപ്പെടുത്തിയും രോഗത്തിന്‍റെ പീഡകളെ അനുഭവിച്ചും മുന്നേറുമ്പോള്‍ മാത്രമാണ് പ്രതിരോധത്തിന് ശക്തി കൂടുക. ഈ രോഗങ്ങളോ പീഢകളോ ഇല്ലാത്ത ഇടങ്ങളില്‍ ജീവിതം കരുപ്പിടിപ്പിക്കുമ്പോള്‍ അതിജീവനത്തിന്‍റെ കരുത്ത് കുറയുകയും ചെയ്യും.
 
ഈ ലക്കം അസ്സീസിയില്‍ കേരള കത്തോലിക്ക തിരുസഭ  ഈ കാലഘട്ടത്തില്‍ നസ്രായന്‍റെ ചുവടുകളെ കൃത്യതയോടെ പിന്‍ചെല്ലേണ്ടതിന്‍റെ അനിവാര്യതയെപ്പറ്റി സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചു ബിഷപ്പ് മുതല്‍ കലാലയ വിദ്യാര്‍ത്ഥികള്‍വരെ തങ്ങളുടെ ആശയങ്ങളെ-ആവശ്യങ്ങളെ പങ്കുവയ്ക്കുന്നുണ്ട്. ഇത് ഒരു പുനര്‍ വായനയാണ്, നിത്യ ജീവിതത്തില്‍ അവശ്യം വേണ്ട ഒരു ഗുണനിലവാര പരിശോധന (quality check).
 
വിമര്‍ശനാത്മകമെന്നു തോന്നാമെങ്കിലും ക്രിസ്തുവിനോടും സഭയോടുമുള്ള ആത്യന്തികമായ സ്നേഹംമാത്രമാണ് ഇതിനവരെ പ്രേരിപ്പിക്കുന്നത്. ഈ സ്നേഹത്തിന്‍റെ ചൈതന്യം നിരന്തരം ഒരു പ്രാവായി കുറുകുകയും സര്‍പ്പമായി ചീറ്റുകയും ചെയ്യാം.
 
പൊടിപിടിച്ച കരങ്ങളും നിരത്തുവക്കുകളിലെ ചെളിയില്‍ പൂണ്ട പാദുകങ്ങളും ഇനിമുതല്‍ ദേവാലയങ്ങള്‍ക്ക് അന്യമാകരുത്. കേരള കത്തോലിക്കാ സഭയുടെ നേട്ടങ്ങളും നന്മകളും ഒരു തരിപോലും തൂവിക്കളയേണ്ട. അതോടൊപ്പം  ഇനിയും കൂട്ടിച്ചേര്‍ക്കപ്പെടേണ്ട പലതും കണ്ടില്ലെന്നു നടിക്കാനാവില്ല. നാം ഇനിയും മുറിവേറ്റ ക്രിസ്തുവിനൊപ്പം സമൂഹത്തിന്‍റെ വിളുമ്പുകളിലേക്ക് കൂടുതല്‍ അടുക്കാനുണ്ട്. അനാവശ്യ ധൂര്‍ത്തുകളുടെയും പൊങ്ങച്ചങ്ങളുടേയും ആകാശകോട്ടകളെ ബോധപൂര്‍വ്വം തകര്‍ത്തെറിയേണ്ടതുണ്ട്. ചിലതൊക്കെ പിഴുതുമാറ്റേണ്ടതുണ്ട്. ഇത് പറയേണ്ടതും തുടങ്ങേണ്ടതും സഭയ്ക്കുള്ളില്‍ തന്നെയാണെന്ന് സഭാമക്കള്‍ക്കും സഭാ പിതാക്കന്മാര്‍ക്കും കൃത്യമായി അറിയാം. ഈ അറിവുകള്‍ക്ക് ജീവന്‍ വയ്ക്കട്ടെ, അതൊരു വിശുദ്ധീകരണത്തിന്‍റെയും ഉത്ഥാനത്തിന്‍റെയും തുടക്കമാകട്ടെ. 
 
അതെ, നസ്രായന്‍റെ ശരീരത്തിന്‍റെ ഭാഗമാകാനും ആ ശരീരത്തിന്‍റെ ചുവരുകളെ മാത്രം അതിരുകളാക്കാനും ഞാന്‍ ശ്രമിക്കുമ്പോള്‍ സംഭവിക്കുക ഒരു നവക്രിസ്ത്വാനുഭവമാണ്. അത് അനുഭവിച്ചു മാത്രം മനസ്സിലാക്കേണ്ടതാണ്.
 
എന്നാല്‍  പൂച്ചക്കാരു മണികെട്ടുമെന്നുറപ്പില്ലാതെ വിമര്‍ശനങ്ങളില്‍ മാത്രം കുരുങ്ങുന്നതിനുപകരം നമുക്ക് സ്വയം മണികെട്ടി തുടങ്ങാം. അത് സ്നേഹസ്വാതന്ത്ര്യത്തിന്‍റെയും നീതിയുടെയും വിശുദ്ധ വിഹായസ്സിലേക്ക് സ്വയം ഉയര്‍ക്കാനുള്ള ക്ഷണമായി മാറും. 

You can share this post!

മുഖക്കുറിപ്പ്

ടോം കണ്ണന്താനം
അടുത്ത രചന

മുഖക്കുറിപ്പ്

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
Related Posts