news-details
കവർ സ്റ്റോറി

മിഷേല്‍ ട്യുര്‍ണറിനെ അന്വേഷിച്ച് പോകാന്‍ കാരണം ദെല്യുസാണ്. ദെല്യുസിന് പ്രിയങ്കരരായ എഴുത്തുകാരില്‍ ഒരാളാണ് ട്യുര്‍ണര്‍ എന്നതായിരുന്നു കാരണം. പിന്നീട് ലാതോറിനെ വായിച്ച പ്പോഴും ട്യുര്‍ണര്‍ കടന്നുവരുന്നുണ്ട്. കപ്പലപകടത്തിലൂടെ ഒരു ദ്വീപില്‍ അകപ്പെട്ടുപോയ റോബിന്‍സണ്‍ ക്രൂസോ എന്ന കഥാപാത്രത്തിന്‍റെ കഥ പറയുന്ന ഡാനിയേല്‍ ഡിഫോയുടെ നോവലിനു ഫ്രൈഡേ എന്ന നോവലിലൂടെ പുനര്‍വായന നല്‍ കിയ പ്രതിഭാധനനായ ഫ്രഞ്ച് എഴുത്തുകാരനായിട്ടാണ് ട്യുര്‍ണര്‍ അറിയപ്പെടുന്നത്.

ഈ അടുത്തകാലത്ത് ഒറ്റ ഇരുപ്പിനിരുന്നു വായിച്ചു എന്ന വിശേഷിപ്പിക്കാവുന്ന ഒരു നോവ ലാണ് ട്യൂര്‍ണറിന്‍റെ, 'നാല് ജ്ഞാനികള്‍'. ഇതൊരു ക്രിസ്തുമസ് കഥയാണ്, ഉണ്ണിയേശുവിനെ കാണാനായി വന്ന മൂന്നു രാജാക്കന്മാര്‍ക്ക് ഏറ്റവും വ്യത്യസ്തമായ രീതിയില്‍ ട്യൂണര്‍ പുനര്‍വായനയും വ്യാഖ്യാനവും നല്‍കുന്നു. നിരവധി കഥാപാത്രങ്ങളെയും ശൈലികളെയും സ്വീകരിച്ചുകൊണ്ട് നിര്‍ബാധം സഞ്ചരിക്കുന്ന നോവല്‍, അര്‍ദ്ധയാഥാര്‍ത്ഥ്യങ്ങളായ മൂന്നു പ്രധാന ആഖ്യാതാക്കളിലൂടെയാണ് പറയുന്നത്. ഇതിനിടയ്ക്കു ഹെറോദിന്‍റെ ജീവിതം പല മിത്തുകളെ ഉപയോഗിച്ച് അവതരിപ്പിക്കുന്നു. കാളയിലൂടെ നിത്യമായ തിരിച്ചുവരവും കഴുതയിലൂടെ രക്ഷയുടെ ഭാവങ്ങളും കൊണ്ടുവരുന്നു. യാഥാര്‍ത്ഥ്യത്തിനെ മിത്തുമായി യോജിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന ഫലം അസാധാരണമാണ്.

നോവലിലെ പ്രധാന കഥാപാത്രങ്ങളിലൂടെ ഈ പുസ്തകത്തെ പരിചയപ്പെടുത്താനുള്ള ഒരു ശ്രമമാണിത്.

മെറോയിലെ രാജാവായ ഗാസ്പര്‍

ഇതാണ് ട്യൂണര്‍ നോവലില്‍ ഉപയോഗിക്കുന്ന ആദ്യത്തെ ആഖ്യാതാവ്. പാരമ്പര്യത്തില്‍ പറയുന്ന മൂന്നു രാജാക്കന്മാരില്‍ ഒരാളായ ഗാസ്പര്‍, ഈജിപ്തിലെ മെറോ എന്ന സ്ഥലത്തെ രാജാവാണ്. ഹോറസ് എന്ന ദേവനെ ആരാധിക്കുന്ന ഈ പുറം ജാതിക്കാരന്‍ യഹൂദമതത്തെ ബഹുമാനിക്കുന്നവനാണ്. തന്‍റെ ജീവിതത്തെ ഗാസ്പര്‍ വിവരിക്കുന്നത് ഉത്തമഗീതത്തിലെ 'ഞാന്‍ കറുത്തതാണെങ്കിലും അഴകുള്ളവളാണ്' എന്ന വാചകത്തിനു മാറ്റം വരുത്തി, 'ഞാന്‍ കറുത്തവന്‍ ആണെങ്കിലും രാജാവാണ്' എന്നു പറഞ്ഞുകൊണ്ടാണ്.
വളരെ സന്തോഷവാനായി ജീവിച്ചിരുന്ന ഗാസ്പര്‍ ഒരിക്കല്‍ സഹോദരീസഹോദരന്മാരായ രണ്ടു ഫോനീഷ്യന്‍ അടിമകളെ വിലയ്ക്കു വാങ്ങി. കുറച്ചുകഴിയുമ്പോള്‍ കറുത്തവനായ ഗാസ്പര്‍ വെളുത്ത  പെണ്‍അടിമയുമായി പ്രണയത്തിലാകുന്നു. തന്‍റെ കറുപ്പിനെ അവള്‍ വെറുക്കുന്നുണ്ടെന്ന സംശയം അവനെ പിടികൂടുന്നു. അവള്‍ സഹോദരനാണെന്നു തന്നെ വിശ്വസിപ്പിച്ച ചെറുപ്പക്കാരന്‍ വാസ്തവത്തില്‍ അവളുടെ കാമുകനാണെന്നും അവള്‍ തന്നെ വഞ്ചിക്കുകയായിരുന്നു എന്നും മനസ്സിലാക്കിയപ്പോള്‍ ഗാസ്പറിന്‍റെ ഹൃദയം തകര്‍ന്നു. അവരെ രണ്ടുപേരെയും തുറങ്കിലടയ്ക്കുന്നു. നഷ്ടപ്പെട്ട പ്രണയത്തിന്‍റെ വിഹ്വലതകളില്‍നിന്നു മോചനം നേടാനായി ഗാസ്പര്‍ ഒരു യാത്രക്കു തയ്യാറാകുന്നു. ഗാസ്പറിന്‍റെ യാത്രക്കു മറ്റൊരു കാരണം കൂടിയുണ്ട്. അദ്ദേഹത്തിന്‍റെ കൊട്ടാരത്തിലെ ജ്യോതിശാസ്ത്രജ്ഞന്‍ വളരെ നിഗൂഢതകള്‍ നിറഞ്ഞ ഒരു വാല്‍നക്ഷത്രത്തെ കാണിച്ചുകൊടുത്തു. ഒരു സ്ത്രീയുടെ സ്വര്‍ണ്ണമുടി പോലെ നീണ്ടവാലുള്ള ഈ വാല്‍നക്ഷത്രം സഞ്ചരിക്കുന്നത് വടക്കുകിഴക്കോട്ടാണ്, അതു കൊണ്ട് ആ ഭാഗത്തുള്ള ഹെറോദ് രാജാവിന്‍റെ കൊട്ടാരത്തിലേക്കാണ് അവന്‍ പോകുന്നത്. സ്വര്‍ണ്ണ തലമുടിയുള്ള ബില്‍റ്റീനാ എന്ന കാമുകിയെയാണ് ഗാസ്പര്‍ ഈ നക്ഷത്രത്തിലും തിരയുന്നത്.

ഗാസ്പര്‍ ജീവിതത്തില്‍ ഏറ്റവും വിലമതിക്കുന്ന വസ്തു കുന്തിരിക്കമാണ്. പ്രധാനപ്പെട്ട രാഷ്ട്രീയ, മതകാര്യങ്ങള്‍ക്കും കുന്തിരിക്കം പുകക്കും. ബില്‍റ്റീനയുടെ വെളുപ്പിനെ പരിശുദ്ധിയായി ധരിക്കുന്ന ഗാസ്പര്‍ അവളുമായി ശയിക്കുമ്പോഴും കുന്തിരിക്കം പുകപ്പിക്കുന്നു. ഗാസ്പറിന്‍റ പ്രണയം മതവും ആരാധനയുമായി ഇടകലരുന്നു.

ഗാസ്പര്‍ ഇടയ്ക്ക് ഒരു നിഗൂഢമനുഷ്യനെ കണ്ടുമുട്ടുന്നു. അദ്ദേഹവുമായി സംസാരിക്കുമ്പോള്‍ ഒരു ഇടയബാലന്‍റെ മുരളീനാദം കേട്ട് ഗാസ്പറിന്‍റെ ഹൃദയം അതീവദുഃഖത്തിലാഴുന്നു.

ഗാസ്പറിന്‍റെ ജീവിതത്തിന് ഒരു ദിശാമാറ്റം സംഭവിക്കുന്നതു ബല്‍ത്താസര്‍ രാജാവുമായിട്ടുള്ള കണ്ടുമുട്ടലിലാണ്. രണ്ടുപേരുംകൂടെ യഹോവ, ആദത്തെ മണ്ണുകൊണ്ടു മെനഞ്ഞെടുത്തു എന്നു പറയപ്പെടുന്ന സ്ഥലത്തു നില്‍ക്കുമ്പോള്‍ ഗാസ്പര്‍ മനസ്സിലാക്കുന്നു ആദം കറുത്തവനായിരിക്കും എന്ന്. ബല്‍ത്താസറും അതു സമ്മതിക്കുന്നു. എന്നാല്‍ ഹവാ വെളുത്തവളായിരിക്കും എന്നു രണ്ടുപേരും കരുതുകയും ചെയ്യുന്നു. ബല്‍ത്താസര്‍ ചിന്തിക്കുന്നത് ആദത്തെ ദൈവം സൃഷ്ടിച്ചത് കറു ത്തവനായിട്ടായിരുന്നു, പക്ഷെ, പാപം ചെയ്തു കഴിഞ്ഞപ്പോള്‍ അവന്‍ വെളുത്തവനായി. ഉത്ഭവ പാപത്തിനു മുമ്പ് ആദം കറുത്തവനായിരുന്നെങ്കില്‍, ഉത്ഭവപാപമില്ലാതെ ജനിച്ച ക്രിസ്തു കറുത്തവനായിരിക്കണം!

ബെത്ലെഹെമില്‍ വച്ച് ഗാസ്പര്‍ ദിവ്യ ശിശുവിനെ കാണുമ്പോള്‍ അവന്‍ കറുത്തതാണെന്നു തിരിച്ചറിയുന്നു. എന്നാല്‍ ജോസഫും മറിയവും വെളുത്തവരാണു താനും. ദിവ്യമായ സ്നേഹത്തെ അന്വേഷിച്ചുകൊണ്ടിരുന്ന ഗാസ്പര്‍ അത് ബെത്ലെ ഹെമില്‍ കണ്ടെത്തുമ്പോള്‍ അവശേഷിച്ച കുന്തിരിക്കവും സുഹൃത്ത് നല്‍കിയ ലില്ലിച്ചെടിയും ദിവ്യ ശിശുവിന് സമ്മാനിക്കുന്നു. സ്വന്തം നിറത്തെ അംഗീകരിക്കാന്‍ കഴിയാത്തതു കൊണ്ടാണ് ഹൃദയത്തിലുള്ള മുഴുവന്‍ സ്നേഹവും ബില്‍റ്റീനക്ക് കൊടുക്കാന്‍ ഗാസ്പര്‍ ശ്രമിച്ചത്. ഇനി ഗാസ്പറിന് ബില്‍റ്റീനയുടെ സ്നേഹം ആവശ്യമില്ല. ബില്‍റ്റീനെയും കൂട്ടുകാരനെയും തടങ്കലില്‍നിന്നു മോചിപ്പിക്കാനായി അദ്ദേഹം സന്ദേശകനെ അയയ്ക്കുന്നു. ശരീരവും ലൈംഗികതയും സുന്ദരമാണ്. അതു പിടിച്ചെടുക്കേണ്ടതല്ല. ആദവും ക്രിസ്തുവും കറുത്തവരല്ലെങ്കിലും കറുപ്പ് സുന്ദരമാണ്. ക്രിസ്തു വെളുത്തവനാണെങ്കില്‍ ഒരു കറുത്ത മനുഷ്യന്‍ അവനേക്കാള്‍ സുന്ദരനാകാം. ദിവ്യശിശുവിന്‍റെ മുമ്പില്‍ നില്‍ക്കുമ്പോള്‍ ഗാസ്പറിന്‍റെ ഹൃദയത്തിലൂടെ കടന്നുപോകുന്ന വികാരങ്ങള്‍ അനവധിയാണ്,

നിപ്പൂരിലെ രാജാവായ ബല്‍ത്താസര്‍

കലയാണ് ബല്‍ത്താസറിന്‍റെ ആകുലത, പ്രത്യേകിച്ചും മനുഷ്യരൂപത്തെ ആവാഹിച്ച് അവതരിപ്പിക്കുന്ന കല. ബല്‍ത്താസറിന്‍റെ രാജ്യത്തിലെ മതം മനുഷ്യരൂപത്തെ വരയ്ക്കുന്നത് വിലക്കിയിരിക്കുന്നു. ഒരു വിഗ്രഹത്തിനും അവിടെ സ്ഥാനമില്ല. ബല്‍ത്താസറിനാകട്ടെ ചിത്രരചനയോടും ശില്പങ്ങളോടും കടുത്ത പ്രണയമാണ്. പുരോഹി തന്മാരാല്‍ പ്രേരിപ്പിക്കപ്പെട്ട് ഒരു കൂട്ടം ആള്‍ക്കാര്‍ വന്ന് ബല്‍ത്താസറിന്‍റെ കലാശേഖരങ്ങള്‍ നിറഞ്ഞ മ്യുസിയം തീയിട്ട് നശിപ്പിച്ചിട്ടുണ്ട്.

ഒരിക്കല്‍, കൗമാരപ്രായക്കാരനായിരുന്ന ബല്‍ത്താസര്‍ ചിത്രശലഭങ്ങളുടെ സഞ്ചാരപദം നോക്കി ചെന്നെത്തിയതു വിവിധതരം ചിത്രശലഭങ്ങളുടെ വന്‍ശേഖരവും അവയെക്കുറിച്ച് അഗാധമായ അറിവുമുള്ള മാലേക്കിന്‍റെ അടുത്താണ്. മാലേക്ക് ചിത്രശലഭത്തിന്‍റെ ജീവിതത്തിലെ മൂന്നുഘട്ടങ്ങള്‍ അവനെ പരിചയപ്പെടുത്തി - പുഴു, ശലഭകോശം, ശലഭം. ശലഭകോശമാകുമ്പോള്‍ പുഴുവിന്‍റെ എല്ലാ അവയവങ്ങളും അലിഞ്ഞുപോകുന്നു. പൂര്‍ണ്ണമായ രൂപാന്തരീകരണത്തിനു വേണ്ടിയുള്ള ലഘൂകരിക്ക ലാണ് ഇത്. മനുഷ്യന്‍റെ ഭീതിയെ രാഷ്ട്രീയത്തിലൂടെ പരിഹരിക്കുന്നതിനോടാണ് മാലേക്ക് ഇതിനെ ബന്ധിപ്പിക്കുന്നത്. പക്ഷെ, ക്രിസ്തുവിന്‍റെ ജീവിതത്തില്‍ ഇതിനൊരു ആത്മീയമാനം കിട്ടുന്നു, പഴയനിയമം പുഴുവിന്‍റെ അവസ്ഥയാണ്. ക്രിസ്തുവിന്‍റെ വരവോടെ ലോകം ശലഭകോശമായി മാറുന്നു. അവന്‍റെ മരണത്തോടെ അതു ശലഭമായി പറക്കുന്നു.

ചിത്രശലഭത്തിന്‍റെ ഈ പ്രതീകം സൂചിപ്പിക്കുന്നത്, വിമോചനത്തിനു ക്രിസ്തുവിന്‍റെ മനുഷ്യാവതാരം ആവശ്യമായിരുന്നു. ഈ വരവോടു കൂടി മനുഷ്യഹൃദയങ്ങളുടെ ലഘൂകരിക്കല്‍ സംഭവിച്ച് ശലഭകോശാവസ്ഥ ലഭിച്ചു. ഇനി ശലഭമായി പറക്കാം. എന്നാല്‍ ഇതിനു ക്രിസ്തുവിനെ ഒരാള്‍ അറിഞ്ഞിരിക്കണമെന്നില്ല. ഇത് വെളിവാക്കുന്ന ഒരു സംഭവം നോവലിസ്റ്റ് അവതരിപ്പിക്കുന്നു, അത്ഭുത ശക്തിയുള്ള പ്രവാചകന്‍റെ നീരുറവയില്‍ ജലം തിരയിളകുമ്പോള്‍ അതു ശേഖരിക്കാനായി ആളുകള്‍ മത്സരിക്കുമ്പോള്‍ ഒരു സ്ത്രീ,  കഷ്ടപ്പെട്ടു കിട്ടിയ വെള്ളം, അതിനു ശേഷിയില്ലാത്ത വൃദ്ധനുമായി പങ്കുവെയ്ക്കുന്നു. ഇതു കാണുന്ന ബല്‍ത്താസറിന്‍റെ ചിത്രകാരന്‍ അതു വരയ്ക്കുന്നു. നന്മ പ്രകാശിക്കുന്ന ഈ പ്രവൃത്തിയിലൂടെ ക്രിസ്തുവിന് അവള്‍ മുന്നോടിയായിട്ടു മാറുന്നു. പിന്നീട് ബത്സയ്ദായിലെ കുളത്തില്‍ വെള്ളം തിരയിളകുമ്പോള്‍ ഇറങ്ങാന്‍ കഴിവില്ലാത്ത തളര്‍ വാതരോഗിയെ ക്രിസ്തു സുഖപ്പെടുത്തും.  ക്രിസ്തുവിനു മുമ്പുതന്നെ ക്രിസ്തുവിന്‍റെ നന്മ പ്രകാശിപ്പിക്കുന്ന, അവന്‍റെ രക്ഷാകരകര്‍മ്മത്തില്‍ പങ്കുപറ്റുന്ന മനുഷ്യര്‍ ഉണ്ടായിരുന്നു എന്ന് ഈ സംഭവം തെളിയിക്കുന്നു. ബല്‍ത്താസറിന്‍റെ ഭാഷയില്‍, "the likeness carries and justifies the image.'

ബല്‍ത്താസറിന്‍റെ വിശ്വാസമനുസരിച്ച്, ആരുടെയും ചിത്രം വരയ്ക്കരുത് എന്നു ദൈവം ആവശ്യപ്പെട്ടത് ഉത്ഭവപാപത്തിലൂടെ മനുഷ്യന്‍റെ, ദൈവത്തിന്‍റെ പ്രതിച്ഛായ നഷ്ടപ്പെട്ടതുകൊണ്ടാണ്. ഇപ്പോള്‍ മനുഷ്യനുള്ളത് ഉപരിപ്ലവമായ സാമ്യം മാത്രമാണ്. ഈ നിരോധനം ഒരു രക്ഷകനിലൂടെ പരിഹരിക്കപ്പെടുമെന്നു ബല്‍ത്താസര്‍ പ്രതീക്ഷിക്കുന്നു. ബെത്ലെഹെമിലെ ദിവ്യ ശിശുവിനെ കണ്ടപ്പോള്‍ ബല്‍ത്താസറിനു മനസ്സിലായി, താന്‍ പ്രതീക്ഷിച്ചത് സംഭവിച്ചു കഴിഞ്ഞു. ക്രിസ്തുവിന്‍റെ ജനനം മനുഷ്യന്‍റെ നഷ്ടപ്പെട്ടുപോയ പ്രതിച്ഛായയെ പുനര്‍ജീവിപ്പിച്ചു. ആ ശിശുവിനു തന്‍റെ സമ്പത്തായ മീറ കാഴ്വെച്ചിട്ടു ബല്‍ത്താസര്‍ സ്വന്തം രാജ്യത്തിലേക്കു മടങ്ങുന്നു, ആധുനിക കലാസൃഷ്ടികള്‍ക്ക് ഇനി ജന്മമെടുക്കാം എന്ന സന്തോഷവാര്‍ത്തയുമായി. പൂജ രാജാക്കന്മാരുടെ ആരാധന എന്ന ചിത്രമായിരിക്കും ഇതിനു തുടക്കം കുറിക്കുക.

ഗാസ്പര്‍ ദൈവത്തെ അനുകരിക്കാന്‍ ശ്രമിക്കുന്നത് അടിമപ്പെടുത്താത്ത, നിരുപാധികമായ സ്നേഹത്തിലൂടെയാണെങ്കില്‍ ബല്‍ത്താസര്‍ സ്രഷ്ടാവിനെ അനുകരിക്കുന്നതു സൃഷ്ടിയെ പരിപാലിക്കുന്ന കലകളിലൂടെയാണ്.

മെല്‍ക്കിയോര്‍, പാല്‍മിറയിലെ രാജകുമാരന്‍

ഗാസ്പറിന്‍റെ പ്രശ്നം തൊലിയുടെ നിറമായിരുന്നു. ബല്‍ത്താസറിന്‍റെ പ്രശ്നം കലയായിരുന്നു. മെല്‍ക്കിയോറിന്‍റെ പ്രശ്നം ഹൃദയമാണ്. മക്കളില്ലാതിരുന്ന പാല്‍മിറയിലെ രാജാവിന് ഒരു ജിപ്സി പെണ്‍കുട്ടിയില്‍ ഉണ്ടാകുന്ന മകനാണ്, മെല്‍ക്കിയോര്‍. ഒരു അനന്തരാവകാശിയെ കിട്ടിയ സന്തോഷത്തില്‍ രാജാവ് ആ പെണ്‍കുട്ടിയെ രാജ്ഞിയായി അവരോധിച്ചു. എന്നാല്‍ ദുരൂഹ സാഹചര്യത്തില്‍ രാജാവ് കൊല്ലപ്പെടുന്നു. രാജ്യാവകാശത്തില്‍ കണ്ണുനട്ടിരുന്ന അവന്‍റെ അമ്മാവനാണ് ഇതിന്‍റെ പിന്നില്‍ എന്നു മെല്‍ക്കിയോര്‍ മന സ്സിലാക്കുന്നു. താന്‍ യഥാര്‍ത്ഥത്തില്‍ രാജാവിന്‍റെ മകനല്ല എന്നു സ്ഥാപിച്ച് അമ്മാവന്‍ രാജ്യം പിടിച്ചെടുത്തു തന്നെ വധിക്കാന്‍ സാധ്യതയുണ്ടെന്നു തിരിച്ചറിഞ്ഞ മെല്‍ക്കിയോര്‍ വിശ്വസ്തനായ ഒരു അംഗരക്ഷകനുമായി രക്ഷപ്പെടുന്നു. പിന്നീടുള്ള യാത്രയില്‍ മെല്‍ക്കിയോര്‍ സ്വയം വിശേഷിപ്പിക്കു ന്നത് ഇങ്ങനെയാണ്,  "I am a king, but I am poor.'

പിന്നീട് ഹെറോദേസിനോട് സംസാരിക്കുമ്പോള്‍ ഹെറോദേസ് രാജഭരണത്തിന്‍റെ ഒരു അടിസ്ഥാന തത്ത്വം മെല്‍ക്കിയോറിന് പറഞ്ഞു കൊടുക്കുന്നു, "Violence and fear must be part of earthly rule.' ഭീതിപ്പെടുത്തലിനും ക്രൂരതക്കും കഴിവില്ലാത്ത മെല്‍ക്കിയോര്‍ അതോടെ രാജ സിംഹാസനം പിടിച്ചെടുക്കാനുള്ള ആഗ്രഹം ഉപേക്ഷിക്കുന്നു.

ബെത്ലെഹെമില്‍ വച്ച് ഗാസ്പര്‍ ഒരു പുതിയ സ്നേഹം കണ്ടെത്തിയതുപോലെ, മെല്‍ക്കിയോര്‍ ലോകത്തെ നവീകരിക്കുന്ന കലയെ കണ്ടെത്തിയതു പോലെ, മെല്‍ക്കിയോര്‍ ഉണ്ണിയേശുവില്‍ ഒരു പുതിയ ഭരണാധികാരിയെ കണ്ടെത്തുന്നു, ഈ ഭരണാധികാരിയാണ് പരസ്പരവിരുദ്ധങ്ങളായ ബലഹീനതയെയും ബലത്തെയും ഒന്നിപ്പിക്കുന്നത്.

അതുകൊണ്ട് മെല്‍ക്കിയോര്‍ ഒരു പുതിയ രാജ്യം സ്ഥാപിക്കാനുള്ള ദൗത്യവുമായി പുറ പ്പെടാന്‍ തീരുമാനിക്കുന്നു, ഭൂമിയില്‍ ദൈവത്തിന്‍റെ നഗരം. അത് ഉപേക്ഷകള്‍ കൊണ്ടാണു നിര്‍മ്മിക്കപ്പെടുന്നത്. അതുകൊണ്ടവന്‍ ദിവ്യശിശുവിനു കാഴ്ചവയ്ക്കുന്നത് അവന്‍റെ പിതാവിന്‍റ മുഖം ആലേഖനം ചെയ്തിരിക്കുന്ന ഒരു പഴയ സ്വര്‍ണ്ണ നാണയമാണ്. പാല്‍മിറാ രാജ്യത്തിന്‍റെ നിയമ പ്രകാരമുള്ള അവകാശി അവനാണെന്നു സ്ഥാപി ക്കാനുള്ള ഒരേ ഒരു സാക്ഷ്യപത്രമാണിത്.

ബല്‍ബദോറും ഹെറോദും

മൂന്ന് രാജാക്കന്മാര്‍ക്കായി ഹെറോദ് നടത്തുന്ന വിരുന്നില്‍ കഥ പറയാനെത്തുന്ന കഥ പറച്ചിലുകാരനാണ് ഇന്ത്യയിലെ മലബാര്‍ തീരത്തു നിന്നുള്ള ബല്‍ബദോര്‍. ഇനിയുള്ള ഭാഗത്തു നമുക്കു കാണാന്‍ കഴിയുക എങ്ങനെയാണു കേരളത്തില്‍ നിന്നുള്ള മനുഷ്യരുടെ സാന്നിധ്യം കൊണ്ട് ട്യൂണര്‍ ഈ നോവലിനെ സമ്പന്നമാക്കുന്നത് എന്നാണ്.

ബല്‍ബദോര്‍ പറയുന്നതു സ്വര്‍ണ്ണ താടിക്കാരന്‍ എന്ന് അറിയപ്പെട്ടിരുന്ന ഷാമൂര്‍ രാജ്യത്തിലെ രാജാവായിരുന്ന നബുനാസര്‍ മൂന്നാമന്‍ രാജാവിന്‍റെ കഥയാണ്. മനോഹരമായി ചുരുണ്ട് ഒഴുകുന്ന താടിയുടെ കാര്യത്തില്‍ നബുനാസര്‍ പ്രശ സ്തനായിരുന്നു. രാത്രിയാകുമ്പോള്‍ സില്‍ക്ക് ഉറയില്‍ സൂക്ഷിക്കുന്നിടത്തോളം അദ്ദേഹം അതിനെ പരിപാലിച്ചിരുന്നു. അലസനായ ഈ രാജാവിനെ ജനങ്ങള്‍ പക്ഷെ, ഒത്തിരി സ്നേഹിച്ചിരുന്നു.

തുറന്ന ഒരു ടെറസില്‍ കിടന്നുള്ള ഗാഢമായ ഒരു ഉച്ചയുറക്കം അദ്ദേഹത്തിന് ഒരിക്കലും ഒഴിവാക്കാന്‍ പറ്റാത്തതായിരുന്നു. ഒരു ദിവസം കണ്ണാടിയില്‍ സ്വര്‍ണ്ണ താടിയുടെ ഭംഗി ആസ്വദിച്ച് നില്‍ക്കുമ്പോള്‍ ഒരു ആകുലത അദ്ദേഹത്തെ പിടികൂടി; സ്വര്‍ണ്ണത്താടിമുടിയുടെ കൂട്ടത്തില്‍ ഒരു വെള്ള മുടി.

തനിക്കു പ്രായം കൂടുന്നതായി രാജാവിനു മനസ്സിലായി. രണ്ടു കല്യാണം കഴിച്ചിട്ടും അദ്ദേഹത്തിനു മക്കളില്ലായിരുന്നു, എങ്ങനെയാണ് ഒരു അനന്തരാവകാശിയെ കണ്ടെത്തുക എന്നതായിരുന്നു പിന്നീടുള്ള അദ്ദേഹത്തിന്‍റെ വേവലാതി. ഉറങ്ങുമ്പോള്‍ അദ്ദേഹത്തിന്‍റെ ഇരട്ട സഹോദരനെ പോലെയുള്ള നബുനാസര്‍ നാലാമനെ സ്വപ്നം കാണാന്‍ തുടങ്ങി.

ഒരു ദിവസം ഉച്ചയ്ക്ക് ഉറങ്ങുമ്പോള്‍ താടിയില്‍ എന്തോ കടിക്കുന്നതായി തോന്നി അദ്ദേഹം ചാടിയെഴുന്നേറ്റു, വേഗം പോയി കണ്ണാടിയില്‍ നോക്കുമ്പോഴുണ്ട് വെള്ളമുടി അപ്രത്യക്ഷമായിരി ക്കുന്നു. പക്ഷേ അടുത്ത ദിവസം ഒരു വെളളമുടി പ്രത്യക്ഷമാകുന്നു. അടുത്ത ദിവസവും ഇതു പോലെതന്നെ താടിയിലുള്ള വേദന കാരണം ചാടി യെഴുന്നേല്‍ക്കും വെള്ളമുടി അപ്രത്യക്ഷമായതായി കാണും. എന്താണ് സംഭവിക്കുന്നതെന്നറിയാന്‍ ഉറങ്ങാതെ ശ്രമിച്ചു നോക്കും, പക്ഷെ കുറച്ചു കഴിയുമ്പോള്‍ ഉറങ്ങിപ്പോകും, അപ്പോള്‍ പതിവു പ്രശ്നവുമുണ്ടാകും. എല്ലാ ദിവസവും രാജാവിന്‍റെ സ്വര്‍ണ്ണ താടിമുടി വെളുക്കും അത് അടുത്ത ദിവസം അപ്രത്യക്ഷമാകും. രാജാവിന്‍റെ വിശിഷ്ടമായ താടിമുടി നേര്‍ത്തു നേര്‍ത്തു വന്നുകൊണ്ടിരുന്നു.

താടിയില്‍ പത്തോ പന്ത്രണ്ടോ മുടികള്‍ അവശേഷിച്ചപ്പോള്‍ രാജാവ് ഇതിന്‍റെ കാരണം കണ്ടെത്താന്‍ ഉറക്കം നടിച്ചിരുന്നു. അപ്പോഴുണ്ട് ഒരു വെളുത്ത പക്ഷി വന്ന് അദ്ദേഹത്തിന്‍റെ വെളുത്ത താടിമുടി കൊത്തിപ്പറിച്ചുകൊണ്ട് പറന്നു പോകുന്നു! ആ കിളിക്ക് കൂടുണ്ടാക്കാന്‍ മറ്റൊന്നും കണ്ടില്ല, രാജാവിന്‍റെ വെളുത്തുപോയ സ്വര്‍ണ്ണ തലമുടി!

ഒരു ദിവസം അവസാനത്തെ താടിമുടിയും പക്ഷി കൊത്തിക്കൊണ്ട് പറന്നു. രാജാവിനു ദേഷ്യമായി. അമ്പെയ്ത്തുകാരെ കൊണ്ട് അതിനെ എയ്തുവീഴ്ത്താന്‍ ആദ്യം തീരുമാനിച്ചു. അതു ശരിയല്ല എന്നു കരുതി നില്‍ക്കുമ്പോള്‍ പക്ഷിയുടെ ഒരു തൂവല്‍ പറന്നുവന്ന് അദ്ദേഹത്തിന്‍റെ മുമ്പില്‍ വീണു. എന്നിട്ടത് ഒന്നു തിരിഞ്ഞ് ഒരു കോമ്പസ് പോലെ പക്ഷി പറന്നുപോയ ദിശയിലേക്കു തിരിഞ്ഞുനിന്നു. രാജാവ് തൂവലെടുത്ത് കൈവെള്ളയില്‍ വച്ചപ്പോഴും അതു തിരിഞ്ഞതു പക്ഷിപോയ ദിശയിലേക്കാണ്. രാജാവ് തൂവലുമായി ഓടാന്‍ തുടങ്ങി. തെരുവുകളില്‍ ആരും അദ്ദേഹത്തെ തിരിച്ചറിഞ്ഞില്ല. സ്വര്‍ണ്ണ താടിയില്ലാത്ത അവരുടെ രാജാവിനെ അവര്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുമായിരുന്നില്ല. ഒരു നിക്കറും ജാക്കറ്റുമിട്ടാണ് രാജാവ് ഓടിക്കൊണ്ടിരുന്നത്.

ഈ വൃദ്ധനായ രാജാവ് തൂവല്‍ കാണിച്ച വഴിയിലൂടെ കാടും മേടും പുഴയും മരുഭൂമിയും തളര്‍ച്ച അറിയാതെ ഒറ്റ വേഗത്തില്‍ ഓടിക്കടന്ന് ഒരു ചെറിയ കാട്ടില്‍ ഒരു വലിയ ഓക്കുമരത്തിന്‍റെ ചുവട്ടില്‍പോയി നിന്നു. തൂവല്‍ അതിന്‍റെ മുകളിലേക്കു നോക്കി നിന്നു. രാജാവ് ഒരു അണ്ണാനെപോലെ മരച്ചില്ലകള്‍ ചാടി ഏറ്റവും മുകളിലെത്തി നോക്കിയപ്പോള്‍ ഒരു കുഞ്ഞുപക്ഷി ഒരു മുട്ടയ്ക്ക് അടയിരിക്കുന്നു. കൂടുണ്ടാക്കിയിരിക്കുന്നത് രാജാവിന്‍റെ വെള്ള താടിമുടി കൊണ്ട്. പക്ഷി പേടിച്ചു പറന്നു പോയി. രാജാവ് ചില്ലയില്‍ നിന്നും കൂട് എടുത്തു താഴേയ്ക്ക് ഇറങ്ങിവന്നു. തന്‍റെ നഗരത്തിലേക്കുള്ള വഴിയിലേക്കു നടന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ ആരോ ഒരാള്‍ ഉച്ചത്തില്‍ ചോദിക്കുന്നതു കേട്ടു, "ഹേ കുട്ടി, ഞങ്ങളുടെ രാജാവിന്‍റെ കാട്ടിലെ മുട്ടയും മോഷ്ടിച്ചു കൊണ്ട് നീ പോകുകയാണോ!?"

അപ്പോഴാണ് രാജാവിന് മനസ്സിലായത് താനൊരു ചെറുബാലനായി രൂപാന്തരം പ്രാപിച്ചെന്ന്! അതുകൊണ്ടാണ് ഇങ്ങനെ ഓടാനും ചാടാനും സാധിച്ചതെന്ന്.

ഷാമൂറിലേക്കുള്ള  റോഡിനടുത്ത് ഒരു ശ്മശാനം ഉണ്ട്. ശ്മശാനം പട്ടാളക്കാരെ കൊണ്ടും ജനങ്ങളെ കൊണ്ടും നിറഞ്ഞിരിക്കുന്നു. ആരാണ് മരിച്ചതെന്നറിയാന്‍ അവന്‍ ഉള്ളിലേക്കു പ്രവേശിച്ചു. പുതിയതായ ഒരു കുഴിമാടം. അതില്‍ "N' എന്നെഴുതി രാജചിഹ്നം പതിപ്പിച്ചിരിക്കുന്നു. ശ്മശാനത്തില്‍ തന്നെയുള്ള ചാപ്പലില്‍ കയറി തളര്‍ന്നവശനായ അവന്‍ കിടന്നുറങ്ങി, പക്ഷിക്കൂട് അടുത്തുതന്നെ വച്ചിട്ട്. ഉണര്‍ന്നു നഗരമധ്യത്തില്‍ എത്തിയപ്പോള്‍ അതിന്‍റെ മുഴുവന്‍ സ്വഭാവവും മാറിയിരിക്കുന്നു. വലിയൊരു ആഘോഷത്തിനുള്ള പുറപ്പാട്. നഗരകവാടം അടച്ചിരിക്കുന്നു. വിശിഷ്ടനായ ഒരു അതി ഥിയെ സ്വീകരിക്കുന്നതിന് മുമ്പായിട്ടാണ് ഇത്തരം ക്രമീകരണങ്ങള്‍ നടത്താറുള്ളത്.

അവന്‍ അങ്ങനെ ഇതെല്ലാം നോക്കി നില്‍ക്കുമ്പോള്‍ പെട്ടെന്ന് അവന്‍റെ കൈയിലുണ്ടായിരുന്ന കൂട്ടിലെ മുട്ട പൊട്ടി ഒരു കുഞ്ഞിക്കിളി പുറത്തുവന്നു. എന്നിട്ടത് ഉച്ചത്തില്‍ പാടാന്‍ തുടങ്ങി, "Long live King! Long live our new King Nabunasser IV! ഉടനെ ആ വലിയ കവാടം തുറക്കപ്പെട്ടു, ചുവന്ന പരവതാനി വിരിക്കപ്പെട്ടു. ആഹ്ളാദഭരിതരായ ജന ക്കൂട്ടം അവനു ചുറ്റും കൂടി. പക്ഷി വീണ്ടും വിളിച്ചു പറഞ്ഞു, "Long live King! Long live our new King Nabunasser IV!' നബുനാസര്‍ നീണ്ട കാലം സമാധാനത്തിലും അഭിവൃദ്ധിയിലും രാജഭരണം നടത്തി.

ബല്‍ബദോര്‍ പറയുന്ന ഈ കഥ പിന്നീട് ഒരു ക്രിസ്തുവിന്‍റെ ജനനത്തിന്‍റെ  ദൃഷ്ടാന്തമായി മാറുന്നുണ്ട്. ദൈവം എങ്ങനെ ദൈവത്തിന്‍റെ മകനായിമാറി എന്നു തിരിച്ചറിയാം. യഹോവ എന്ന പഴയ വൃദ്ധനായ രാജാവാണ് ക്രിസ്തു എന്ന പുതിയ ചെറുപ്പക്കാരനായ രാജാവായി മാറുന്നത്. രണ്ടു പേരും ഒരാള്‍ തന്നെയാണ്. അയാള്‍ തന്നെയാണ് അയാളുടെ മകന്‍. അനന്തര അവകാശിയെ വിളിച്ചു പറയുന്ന വെളുത്ത പക്ഷി, ക്രിസ്തുവിന്‍റെ ജ്ഞാനസ്നാന സമയത്ത് ഇറങ്ങി വരുന്ന പരിശുദ്ധാത്മാവിനെ സൂചിപ്പിക്കുന്നു.

ബല്‍ബദോര്‍ ഒരു സാങ്കല്‍പ്പിക കഥാപാത്രമാണെങ്കിലും ഹെറോദിന്‍റെ ജീവിതത്തിലൂടെ നോവലിസ്റ്റ് അന്നത്തെ ഇസ്രായേലിന്‍റെ ചരിത്രം അവതരിപ്പിക്കുന്നു. തന്‍റെ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങള്‍ ഗാസ്പറിനോടും ബല്‍ത്താസറിനോടും മെല്‍ക്കിയറിനോടും പറഞ്ഞിട്ട്, ഇതില്‍ നിന്നു പഠിക്കേണ്ട രാജ്യനീതി ഇതാണെന്നു പറയുന്നു"Power corrupts and a wise ruler must be an evil man.' ഗാസ്പറിന്‍റെയും മെല്‍ക്കിയോ റിന്‍റെയും ജീവിതവാക്യത്തിന് സമാനമായി ഹെറോദിന്‍റെ ജീവിതത്തെ വെളിവാക്കുന്ന വാക്യം ഇതാണ്, "I am a king....but I am dying, alone and without hope.'

ഹെറോദിന്‍റെ ഭീതി നിറയ്ക്കുന്ന ജീവിത കഥ ശ്രവിച്ചിട്ട് മൂന്ന് രാജാക്കന്മാരും ബെത്ലെഹെമിലേക്ക് യാത്ര തിരിക്കുന്നു, ദിവ്യശിശുവിനെ കണ്ടതിനുശേഷം ഹെറോദിന്‍റെ കൊട്ടാരത്തില്‍ തിരിച്ചെത്തി അദ്ദേഹത്തെ വിവരം ധരിപ്പിക്കാം എന്ന് വാക്കു കൊടുത്തിട്ട്. ഒട്ടകത്തിന്‍റെ പുറത്ത് സഞ്ചരിക്കുന്ന ഗാസ്പര്‍ സ്നേഹത്തെക്കുറിച്ച് ചിന്തിക്കുന്നു, കുതിരപ്പുറത്ത് യാത്ര ചെയ്യുന്ന ബല്‍ത്താസര്‍ കലയെക്കുറിച്ച് ചിന്തിക്കുന്നു. നടന്നു പോകുന്ന മെല്‍ക്കിയോര്‍ അധികാരത്തിന്‍റെ സ്വഭാവത്തെക്കുറിച്ച് ചിന്തിക്കുന്നു. ഇവര്‍ മൂന്നുപേരും തേടുന്നത് വാല്‍നക്ഷത്രത്തിന്‍റെ സഞ്ചാരപഥമാണ്.

കാളയും കഴുതയും

കാളയുടെ കഥയിലൂടെ എങ്ങനെയാണ് ഒരു അപരിചിതമേഖലയില്‍ നിന്നു നോക്കുമ്പോള്‍ സാധാരണ ദൈവികതയുടെ നിര്‍ണ്ണയത്തിന് കാരണമായിത്തീരുന്നത് എന്നു കാണിച്ചു തരുന്നു. പൂജ രാജാക്കന്മാരുടെ ഗുണങ്ങളൊന്നും അവനില്ലെങ്കിലും അവന്‍ സ്വപ്നജീവിയാണ്. പല ദിവ്യ അവതാരങ്ങളുടെ ജന്മത്തിന് സാക്ഷ്യം വഹിച്ചിട്ടുള്ള അവന്‍ തന്‍റെ തൊഴുത്തില്‍ പിറന്ന ശിശു വിന്‍റെ ജന്മത്തില്‍ യാതൊരു അമിതാഹ്ളാദവും കാണിക്കുന്നില്ല. പുറംജാതി മതചിന്തകള്‍ വച്ചുപുലര്‍ത്തുന്ന കാളയിലൂടെ നോവലിസ്റ്റ് ക്രിസ്തുമതത്തെ പുറംജാതി മതങ്ങളുമായി ബന്ധിപ്പിക്കുന്നു.

കഴുതയുടെ കഥ തികച്ചും വ്യത്യസ്തമാണ്. നിസ്സാരനായ ചെറിയ ഋഷി എന്നറിയപ്പെടുന്ന ഈ കഴുതയുടെ ജീവിതം വിരോധാഭാസങ്ങള്‍ നിറഞ്ഞതാണ്. ഈ കഴുതയുടെ കാഴ്ചപ്പാടിലൂടെയാണ് പ്രധാന കാവല്‍മാലാഖയായ ഗബ്രിയേലിന്‍റെ കാര്യങ്ങളും ദിവ്യശിശുവിന്‍റെ ജന്മവും ആട്ടിടയന്മാര്‍ കാലിത്തൊഴുത്തിലേക്ക് വരുന്നതുമൊക്കെ നോവലിസ്റ്റ് അവതരിപ്പിക്കുന്നത്. ജോസഫിന്‍റെയും മേരിയുടെയും അവരുടെ ശിശുവിന്‍റെയും കാര്യങ്ങള്‍ പെട്ടെന്ന് പറഞ്ഞിട്ട് അവന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് മാലാഖയിലും സമരിയാക്കാരനായ സസ്യഭുക്കായ സിലാസ് എന്ന ആട്ടിടയനിലുമാണ്.

കായേന്‍റെ പച്ചക്കറികള്‍ കൊണ്ടുള്ള ബലി സ്വീകരിക്കാതെ ആബേലിന്‍റെ മൃഗബലി ദൈവം സ്വീകരിച്ചത് ദൈവം ഒരു മാംസഭോജി ആയതുകൊണ്ടാണോ എന്ന് സിലാസ് മാലാഖയോട് ചോദിക്കുന്നു. ഇതിനു വ്യക്തമായ ഉത്തരം നല്‍കാതെ ഗബ്രിയേല്‍ പറയുന്നു, "Son soon will be offered again as a holocaust by the father himself," IqSmsX, 'the blood of the son will flow on altars for man's salvation.' അതുകൊണ്ട് ഇനി ഒരു മൃഗബലിയുടെ ആവശ്യം ഉണ്ടായിരിക്കുകയില്ല. എന്‍റെ കാര്യം എന്താകും ഞാന്‍ ഓര്‍മ്മിക്കപ്പെടുമോ എന്ന് കഴുത ചോദിക്കുന്നു, അപ്പോള്‍ മാലാഖ, കുരുത്തോല ഞായറാഴ്ച കര്‍ത്താവ് ഒരു കുതിരപ്പുറത്തു കയറി ജെറുസലേമിലേക്ക് സഞ്ചരിച്ചുകൊണ്ട് അവന്‍റെ ജീവിതത്തെ മഹത്ത്വപ്പെടുത്തുമെന്നു വാഗ്ദാനം നല്‍കുന്നു.

തായോര്‍

പാരമ്പര്യമനുസരിച്ച് നാല് രാജാക്കന്മാരാണ് ഉണ്ണിയേശുവിനെ കാണാന്‍ യാത്ര തിരിച്ചത്. നാലാമനായ ആര്‍ത്തബാന്‍ അനവധി അമൂല്യവസ്തുക്കള്‍ കാഴ്ച അര്‍പ്പിക്കാനായി കൊണ്ടു പോകുന്നു. പക്ഷെ, അവന്‍റെ യാത്ര നീണ്ടു പോകുന്നു. ഉണ്ണി യേശുവിന് കൊണ്ടുപോകുന്ന പലതും വഴിയില്‍വച്ച് പലരെയും സഹായിക്കാനായി നല്‍കേണ്ടി വരുന്നു. അവസാനം അവന്‍ ജെറുസലേമില്‍ എത്തുമ്പോള്‍ കാണുന്നത് കുരിശില്‍ തറയ്ക്കപ്പെട്ടു കിടക്കുന്ന ക്രിസ്തുവിനെയാണ്. ഒരു അപകടത്തിലൂടെ ആര്‍ത്തബാന്‍റെ അടുത്ത് മരണമെത്തുമ്പോള്‍ തന്‍റെ ലക്ഷ്യം സാധിക്കാത്തതിനെയോര്‍ത്ത് പരിതപിക്കും. അപ്പോള്‍ അവനെ ആശ്വസിപ്പിച്ചുകൊണ്ട് ഒരു അശരീരി മുഴങ്ങും, "ഈ എളിയവരില്‍ ഒരുവന് നീ ഇതു ചെയ്തപ്പോള്‍ എനിക്കു തന്നെയാണ് ചെയ്തത്."

ആര്‍ത്തബാന്‍റെ ജീവിതത്തിലെ പല സംഭവങ്ങളും എടുത്തുകൊണ്ട് തികച്ചും വ്യത്യസ്തമായ ലക്ഷ്യേത്തോടെ ട്യൂര്‍ണര്‍ പുതിയൊരു കഥാ പാത്രത്തെ നാലാമത്തെ പൂജ രാജാവായി അവതരിപ്പിക്കുന്നു. മലബാര്‍ തീരത്തുള്ള മാംഗലുരുലെ രാജകുമരനായ തായോര്‍ ആണത്. ഇതിലൂടെ പൗരസ്ത്യദേശമായ മലബാറിനെ നോവലിസ്റ്റ് തന്‍റെ കഥയുടെ ഭാഗമാക്കുന്നു. നെസ്റ്റോറിയനിസത്തെ കത്തോലിസത്തിന്‍റെ ഭാഗമാക്കാനുള്ള ശ്രമവും ഇതിലൂടെ നിര്‍വഹിക്കുന്നു. നെസ്റ്റോറിയനിസത്തിലൂടെ കത്തോലിക്കാ സഭ യ്ക്ക് വേറൊരു ദിശാബോധം ലഭിക്കുമെന്നു നോവലിസ്റ്റ് വിശ്വസിക്കുന്നു. എന്നാല്‍ തായോര്‍ ഒരു ക്രിസ്ത്യാനി അല്ല.

മറ്റു രാജാക്കന്മാരെ അപേക്ഷിച്ച് തായോറിന്‍റെ യാത്ര ആത്മീയമായും ശാരീരികമായും നീണ്ടതാണ്. ഇരുപതു വയസ്റ്റ് പ്രായമുണ്ടായിരുന്ന തായോറിന്‍റെ ജീവിതത്തിനു രണ്ട് അധ്യായങ്ങളാണുള്ളത്, പഞ്ചസാരയുടെ കാലവും ഉപ്പിന്‍റെ നരകവും. പഞ്ചസാരയുടെ കാലത്ത് അവന്‍ ബാല്യത്തില്‍ നിന്നു യൗവനത്തിലേക്ക് കടക്കുന്നു. ഉപ്പിന്‍റെ നരകത്തിലുള്ള ജീവിതത്തില്‍ അവന്‍ അനുഭവി ക്കുന്ന പീഡനങ്ങളുടെ വിവരണവും.

പഞ്ചസാരയുടെയും ഉപ്പിന്‍റെയും പ്രത്യേകത നോക്കുമ്പോള്‍ ഒരുപോലെയാണെങ്കിലും അവയുടെ സ്വാദ് തികച്ചും വൃത്യസ്തമാണ്. പഞ്ചസാര ബാല്യത്തിന്‍റെ ആവേശമാണെങ്കില്‍, ഉപ്പിന്‍റെ കയ്പ് യൗവനത്തിന്‍റെ വിധിയാണ്. തായോറിന്‍റെ അമ്മ രാജ്യഭരണം മകനു നല്‍കാതെ അനുഭവിക്കുമ്പോള്‍ തായോര്‍ ആനന്ദം കണ്ടെത്തുന്നത് മിഠായികളിലാണ്. Pistachio Turkish Delight എന്ന അസമാന മധുരപലഹാരത്തിന്‍റെ പാചകവിധി അന്വേഷിച്ചാണ് തായോര്‍ യാത്ര തുടങ്ങുന്നത്.

അഞ്ച് കപ്പലുകള്‍, അഞ്ച് ആനകള്‍, അനവധി പാചക വിദഗ്ധര്‍, വിവരണാതീതമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍, പിന്നെ അനുചരന്മാരുടെ ഒരു വലിയ സംഘവുമായിട്ടാണ് യാത്ര തിരിക്കുന്നത്. യൂദായിലേക്കാണ് യാത്ര തിരിക്കുന്നത് കാരണം, അദ്ദേഹത്തിന്‍റെ ചാരന്മാര്‍, യൂദായിലെ മരുഭൂമിയില്‍ കാട്ടുതേനില്‍ സൂക്ഷിച്ച വെട്ടുക്കിളികളെ ഭക്ഷിക്കുന്ന ഒരു പ്രവാചകനെക്കുറിച്ചും അദ്ദേഹം പ്രവചിക്കുന്ന വരാനിരിക്കുന്ന, കഴിച്ചാല്‍ പിന്നെ ഒരിക്കലും വിശക്കാത്ത സ്വാദിഷ്ഠമായ ആഹാരം പ്രദാനം ചെയ്യുന്ന 'ദിവ്യനായ മിഠായിക്കാരനെ' കുറിച്ചും തായോറിനെ അറിയിച്ചു. ഈ യാത്രയില്‍ അവന് അവന്‍റെ അനുചരന്മാരെയും സമ്പാദ്യങ്ങളെയും ഒന്നൊന്നായി നഷ്ടപ്പെടുത്തേണ്ടി വരുന്നു. അതിന്‍റെ ഫലമായി അനേകം വെളിപാടുകള്‍ അവനുണ്ടാകുന്നു. മധുരത്തെ സ്നേഹിക്കുന്ന അവന് ആദ്യ മുണ്ടാകുന്ന വെളിപാട് ഉപ്പിന്‍റെ കയ്പും ആവശ്യ മാണെന്നുള്ളതാണ്, ,"salty sweets are sweeter than sugary sweets.'

തന്‍റെ അര്‍പ്പണബോധമുള്ള അടിമയായ സിരി അക്ബറിന് സ്വന്തമായ ആഗ്രഹങ്ങളും പദ്ധതികളും ഉണ്ടായിരിക്കാം എന്നതാണ് അവനു കിട്ടുന്ന രണ്ടാമത്തെ തിരിച്ചറിവ്. മൂന്നാമത്തേത്, ബെത്ലെ ഹെമിലേക്കുള്ള യാത്രയില്‍ വച്ച് ബയോബാബ് മരത്തിന്‍റെ പിന്‍ഗാമികളെന്നു സ്വയം വിശ്വസി ക്കുന്ന ബയോബാലിസ് ഗോത്രക്കാര്‍ തായോറിന്‍റെ അല്‍ബിനോ ആനയെ കാണുമ്പോള്‍ അത് അവരുടെ ബയോബാമ ദേവതയുടെ അവതാരമാണെന്നു കരുതി ആരാധിക്കാന്‍ തുടങ്ങുന്നു. അവരുടെ ആരാധന തന്‍റെ അവകാശമാണെന്ന മട്ടില്‍ ആനയും പെരുമാറുന്നതായി തായോറിനും തോന്നി. തന്‍റെ അല്‍ബീനോ അവര്‍ക്ക് നല്‍കിയിട്ട് അവന്‍ യാത്ര തുടരുന്നു. ഇതിലൂടെ ഒരു ദേവത യുടെ മനുഷ്യാവതാരം എന്ന സങ്കല്‍പ്പം തായോര്‍ അറിയാനിടയാകുന്നു.

ഗാസ്പറിനെയും ബല്‍ത്താസറിനെയും മില്‍ക്കിയോറിനെയും പരിചയപ്പെടുന്നതിലൂടെ കൂടുതല്‍ പുതിയ ആശയങ്ങള്‍ക്ക് അവന്‍ വശംവദനാകുന്നു. അവരുടെ വിഷയങ്ങളായ സനേഹം, കല, അധികാരം ഇവ തമ്മിലും തന്‍റെ താത്പര്യമായ ഭക്ഷണവും തമ്മിലും ഉള്ള ബന്ധം അവനു മനസ്സിലാകുന്നില്ല. എങ്കിലും, അവരുടെ അന്വേഷണം ബെത്ലെഹെമില്‍ വച്ച് പരിഹരിക്കപ്പെട്ടതു പോലെ തന്‍റെ തിരച്ചിലും ബെത്ലെഹെമില്‍ വച്ച് ഫലവത്താകുമെന്ന് അവന്‍ വിശ്വസിക്കാന്‍ തുടങ്ങുന്നു. പക്ഷെ, മുന്‍കൂട്ടി കാണാന്‍ കഴിയാത്ത പല സംഭവങ്ങളും അവന്‍റെ യാത്രയെ വൈകിപ്പിക്കുന്നു. അവന്‍ ബെത് ലെഹെമില്‍ എത്തുമ്പോഴേക്കും തിരുക്കുടുംബം ഈജിപ്തിലേക്ക് പലായനം ചെയ്തു കഴിഞ്ഞിരുന്നു.

അവരെ പിന്തുടരുന്നതിനു പകരം പട്ടിണി കിടക്കുന്ന ബെത്ലെഹെമിലെ കുട്ടികളെയെല്ലാം വിളിച്ചുകൂട്ടി അവര്‍ക്ക് ഏറ്റവും വിശിഷ്ടമായ ഒരു വിരുന്നു നല്‍കാന്‍ അവന്‍ തീരുമാനിക്കുന്നു. രണ്ട് വയസ്സില്‍ കൂടുതലുള്ള അലഞ്ഞുനടക്കുന്ന കുട്ടികള്‍ക്കാണ് തായോര്‍ വിരുന്നു നല്‍കുന്നത്. ആ നേരത്താണ് രണ്ട് വയസ്സിനു കീഴെയുള്ള അവരുടെ അനുജന്മാരെ ഹേറോദേസിന്‍റെ കല്‍പ്പന അനുസരിച്ച് പട്ടാളക്കാര്‍ കൂട്ടക്കുരുതി നടത്തുന്നത്.

വിരുന്നും രക്തരൂക്ഷിതമായ കൂട്ടക്കുരുതിയും ഒരുമിച്ച് നടക്കുന്നതിനും ഒരു അന്തരാര്‍ത്ഥം ഉണ്ടാകാമെന്നു തായോര്‍ ചിന്തിക്കുന്നു. യൂദായില്‍ സംഭവിക്കുന്ന എല്ലാത്തിനും എന്തോ അന്തരാര്‍ത്ഥം ഉള്ളതുപോലെ. വിരുന്നും കൊലയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഈ ചിന്ത, സംഭവിക്കാന്‍ പോകുന്ന ഒരു സൗഹൃദ വിരുന്നിന്‍റെയും രക്തപങ്കിലമായ ഒരു മരണത്തിന്‍റെയും മുന്‍പരിചയമായി മാറുന്നു. ഇത് അന്ത്യഅത്താഴവും കുരിശുമരണവും തമ്മിലുള്ള ബന്ധമാണ്. വിരുന്നിനുശേഷമുള്ള മരണം കുറച്ചുകഴിയുമ്പോള്‍ രക്ഷയുടെ വിരുന്നായിമാറും.

തായോര്‍ ഉപ്പിന്‍റെ നരകത്തില്‍

ഉപ്പ് പെട്ടെന്നു ദ്രവിക്കുന്നതാണ്. എങ്കിലും ജീവന് ഏറ്റവും അത്യാവശ്യമായ ഒരു ഘടക മാണിത്. അതുകൊണ്ടാണു ക്രിസ്തു പറയുന്നത്, നിങ്ങള്‍ ഭൂമിയുടെ ഉപ്പാണ്. ചാവുകടലിനു തെക്കെ കരയിലുള്ള സോദോമില്‍ എത്തുന്നതോടെ ഉപ്പു മാത്രമായ ജീവിതം അവന്‍ അനുഭവിക്കാന്‍ തുടങ്ങുന്നു. തായോര്‍ അവന്‍റെ അനുചരന്മാരെ നാട്ടിലേക്കു തിരിച്ചയയ്ക്കുന്നു, അടിമകളെ മോചിപ്പിക്കുന്നു. ഉപ്പുപാടങ്ങള്‍ നിറഞ്ഞ സോദോം ദൈവ ത്താല്‍ ശിക്ഷിക്കപ്പെട്ട നഗരമാണ്. ഒരു ആറ്റം ബോംബ് വീണ് നശിച്ച പ്രതീതിയുള്ള സോദോം ഉപ്പ് കയറ്റി അയയ്ക്കുന്ന ഒരു അന്തര്‍ഭാഗനഗരമാണ്.

ഇവിടെവച്ച് തായോറിന് അവന്‍റെ ജീവിത ലക്ഷ്യം മനസ്സിലാകുന്നു. അതിന്‍റെ ഭാഗമായി, കടം വിടാത്തതിന്‍റെ പേരില്‍ ഉപ്പുപാടത്തു കഠിന ജോലിക്കു വിധിക്കപ്പെടുന്ന, ചെറിയ മക്കളുള്ള ഒരു മനുഷ്യന്‍റെ ശിക്ഷ സ്വയം ഏറ്റുവാങ്ങി തായോര്‍ അയാളെ മോചിപ്പിക്കുന്നു. മൂപ്പത്തിമൂന്നു വര്‍ ഷത്തെ ശിക്ഷയാണ് ഏറ്റുവാങ്ങുന്നത്.

അങ്ങനെ സോദോമിലെ നരകജീവിതം ആരംഭിക്കുന്നു. സോദോംവാസികള്‍, മറ്റു ലൈംഗികതയേക്കാള്‍ മികച്ചതെന്നു കരുതുന്ന അവരുടെ പ്രത്യേക ലൈംഗിക രീതി ആഘോഷിക്കുമ്പോള്‍, തായോറിന്‍റെ താത്പര്യം ഭക്ഷണമാണ്. അവന്‍ തേടുന്നത് നാവിന്‍റെ രുചികളെയാണ്.

സോദോം നിവാസികള്‍ ആരാധിക്കുന്ന ദേവത ലോത്തിന്‍റെ ദേവതയാണ്. ഉപ്പ് നല്ലതാണ്, പക്ഷെ, അതു കൂടിയാല്‍ നാശമാണ്, ചാവുകടല്‍ അതിനുള്ളിലെ ജീവജാലങ്ങളെ നശിപ്പിക്കുന്നതു പോലെ. ലോത്തിന്‍റെ ഭാര്യയെ മരണദേവതയായി ആരാധിക്കുന്ന സോദോം നിവാസികള്‍ മൊത്തത്തില്‍ നിര്‍ജ്ജീവതത്തിന്‍റെ ആരാധകരാണെന്നു തായോര്‍ തിരിച്ചറിയുന്നു.

ഇവിടെവച്ച്, ക്രിസ്തുവിന്‍റെ അത്ഭുതങ്ങള്‍ കാണുകയും പ്രസംഗം കേള്‍ക്കുകയും ചെയ്ത ദേമസ് എന്ന മുക്കുവനെ തായോര്‍ പരിചയപ്പെടുന്നു. കാനായില്‍വച്ച് ക്രിസ്തു വെള്ളം വീഞ്ഞാക്കിയതും, അഞ്ച് അപ്പവും രണ്ട് മീനും കൊണ്ട് അയ്യായിരം പേരെ ഊട്ടുന്നതും, അത്ഭുതകരമായ മീന്‍പിടിത്തവും ധനവാന്‍റെ വിരുന്നിന്‍റെ ഉപമയും പറഞ്ഞു കേള്‍പ്പിക്കുന്നു. ഞാന്‍ ജീവിക്കുന്ന അപ്പമാണ്, രക്ഷ പ്രാപിക്കണമെങ്കില്‍ എന്‍റെ മാംസം ഭക്ഷിക്കുകയും രക്തം പാനം ചെയ്യുകയും വേണം എന്നു ക്രിസ്തു പറഞ്ഞത് തായോറില്‍ പ്രത്യേക താത്പര്യം ഉണര്‍ത്തുന്നു. ഇതില്‍നിന്നും തായോര്‍ മനസ്സിലാക്കുന്നു, ക്രിസ്തു അവന്‍റെ തന്നെ മരണത്തെയാണ് മുന്‍കൂട്ടി പറയുന്നതെന്നും നിഷ്കളങ്കരായ ശിശുക്കള്‍ വധിക്കപ്പെട്ടതിന് ഇതുമായി ബന്ധം ഉണ്ടെന്നും.

Pistachio Turkish deligh ന്‍റെ പാചകവിധി യാത്ര തുടങ്ങിയ തായോര്‍ ഇപ്പോള്‍ ഉപ്പ് രുചിയി ല്ലാത്ത ഒരിറ്റ് വെള്ളത്തിനുവേണ്ടി ദാഹിക്കുന്നു. ഞാന്‍ തരുന്ന ജലം കുടിക്കുന്നവന്‍ വീണ്ടും ദാഹിക്കുകയില്ല എന്നു ക്രിസ്തു പറഞ്ഞു എന്നു ദേമസ് പറയുമ്പോള്‍ അതൊരു അലങ്കാരം അല്ലെന്നു തായോര്‍ തിരിച്ചറിയുന്നു. അവസാനം, നീതിക്കു വേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്ന വരെ നിങ്ങള്‍ ഭാഗ്യവാന്മാര്‍, എന്തെന്നാല്‍ നിങ്ങള്‍ തൃപ്തരാക്കപ്പെടും എന്നു മലയിലെ പ്രസംഗത്തില്‍ ക്രിസ്തു പറഞ്ഞത് ദേമസില്‍ നിന്നു കേള്‍ക്കു മ്പോള്‍ ശമിക്കാത്ത ദാഹമുള്ള തനിക്കു വേണ്ടിയാണ് അതു പറഞ്ഞതെന്നു വിചാരിച്ച് തായോര്‍ വികാരഭരിതനാകുമ്പോള്‍ കണ്ണു നിറഞ്ഞ് ഒഴുകുന്ന വെള്ളം വായില്‍ രുചിക്കുമ്പോള്‍ അതിന് ഉപ്പ് രുചിയില്ലെന്നതു തായോറിനെ അത്ഭുതപ്പെടുത്തുന്നു. ഉപ്പിന്‍റെ നാട്ടില്‍ എല്ലാത്തിനും ഉപ്പ് രുചിയുള്ള പ്പോള്‍, തായോറിന്‍റെ കണ്ണുനീരിനു മാത്രം ഉപ്പ് രുചിയില്ല. അവന്‍റെ തടവു ജീവിതത്തില്‍ ആദ്യമായി രുചിച്ച ശുദ്ധജലം.

മൂപ്പത്തിമൂന്നു വര്‍ഷം ജോലി ചെയ്ത് മോചിത നായ തായോര്‍ ക്രിസ്തുവിനെ അന്വേഷിച്ചുള്ള യാത്ര തുടരുന്നു. അദൃശ്യരായ മാലാഖമാര്‍ അവനു യാത്രയില്‍ കൂട്ടാവുന്നു. ആദ്യം അവര്‍ ബഥനിയിലെത്തുന്നു, അവിടെനിന്നു ജെറൂസലേമിലേക്കു പോകുന്നു, അവിടെ അന്ന് അപ്പോള്‍ ക്രിസ്തു അവന്‍റെ യാത്രയുടെ അന്ത്യത്തില്‍, ശിഷ്യന്മാരോ ടൊപ്പം പെസഹാ ആഘോഷിക്കുകയായിരുന്നു. ക്രിസ്തുവിനെതേടി അരിമത്തിയക്കാരന്‍ ജോസഫിന്‍റെ ഭവനത്തില്‍ അവനെത്തുന്നു. അപ്പോഴാണ് അറിയുന്നത് ക്രിസ്തുവും ശിഷ്യന്മാരും ഗെത്സമനിലേക്ക് പോയി ക്കഴിഞ്ഞിരുന്നു എന്ന്. ക്രിസ്തുവും ശിഷ്യന്മാരും അന്ത്യഅത്താഴം ഭക്ഷിച്ച മുകളിലത്തെ മുറിയിലെത്തുന്ന തായോര്‍ അവശേഷിച്ച അപ്പവും വീഞ്ഞും കാണുന്നു. വിശന്ന് അവശനായിരുന്ന അവന്‍ അതെടുത്തു കഴിക്കുന്നു. എല്ലായിടത്തും എപ്പോഴും താമസിച്ചു പോകുന്ന അവന്‍ പക്ഷെ, ആദ്യത്തെ കുര്‍ബാന ഭക്ഷിക്കുന്നു, തീര്‍ച്ചയായും ശിഷ്യന്മാരെ മാറ്റി ചിന്തിച്ചാല്‍. ജീവിതകാലം മുഴുവന്‍ സ്വാദിനാല്‍ പ്രചോദിതനായ, അതിനു വേണ്ടി നീണ്ടയാത്ര നടത്തിയ, പതുക്കെ എല്ലാം മറ്റുള്ളവര്‍ക്കുവേണ്ടി ഉപേക്ഷിച്ച മനുഷ്യന്‍ ഭക്ഷിച്ചത് പിന്നീട് ഒരിക്കലും ദാഹിക്കു കയോ വിശക്കുകയോ ചെയ്യാത്ത ജീവന്‍റെ അപ്പമാണ്. ഏറ്റവും സ്വാദേറിയ ജീവന്‍ പ്രദാനം ചെയ്യുന്ന അത്താഴം ഭക്ഷിച്ച അവന് ഇനി ഒന്നും ഭക്ഷിക്കേണ്ട ആവശ്യമില്ല. ഉടനെ,  സോദോമില്‍ നിന്നുള്ള യാത്രയില്‍ അവനെ അനുഗമിച്ച രണ്ടു മാലാഖമാര്‍ അവനെയും വഹിച്ചുകൊണ്ട് സ്വര്‍ഗ്ഗത്തിലേക്കു പോകുന്നു. ആത്മാവും ശരീരവും ഒന്നായിത്തീര്‍ന്ന മനുഷ്യന്‍ ഇനി സ്വര്‍ഗ്ഗത്തിന്‍റെ ഭാഗമാണ്.

മിഷേല്‍ ട്യൂര്‍ണറിന്‍റെ ഈ പുസ്തകം വായിക്കാതെ പോയിരുന്നെങ്കില്‍ അതൊരു വലിയ ദൗര്‍ഭാഗ്യം ആകുമായിരുന്നു. അങ്ങനെയൊരു ദൗര്‍ ഭാഗ്യത്തില്‍ നിന്നും രക്ഷപ്പെട്ടതിന്‍റെ സന്തോഷം മനസ്സില്‍. ക്രിസ്തുമസിനും എപ്പിഫൈനിക്കും വേണ്ടി കാത്തിരിക്കുന്നു. പൂജ രാജാക്കന്മാര്‍ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ ആയതു പോലെ....

You can share this post!

നോക്കൂ, ദൈവം മുലപ്പാല്‍ കുടിക്കുന്നു!

ജോര്‍ജ് വലിയപാടത്ത് കപ്പൂച്ചിന്‍
അടുത്ത രചന

ഇലക്ടറല്‍ ബോണ്ട് എന്ന ഗുണ്ടാപിരിവ്

എം. കെ. ഷഹസാദ്
Related Posts