'അവന്‍ അത്യുന്നതന്‍റെ പുത്രന്‍ എന്നു വിളിക്കപ്പെടുമെന്ന്' യേശുവിന്‍റെ പിറവിയെ സൂചിപ്പിച്ചുകൊണ്ട് ദൈവദൂതന്‍ ഉദ്ഘോഷിച്ചു. ഭൂമിയില്‍ ജനിച്ചുവീഴുന്ന ഓരോ ശിശുവിലും അത്യുന്നതന്‍റെ  പുത്രനെ നാം കാണണം. കോളനികളില്‍, ചേരികളില്‍, പാതയോരങ്ങളിലെ നിര്‍ധനരില്‍ യേശുവിനെ കാണാന്‍ കഴിഞ്ഞാല്‍ ക്രിസ്തുമസ് അര്‍ത്ഥപൂര്‍ണമാകും. ഹൃദയശുദ്ധിയുള്ളവര്‍ ദൈവത്തെ  കാണുമെന്നു യേശു പഠിപ്പിച്ചു. ഈ ക്രിസ്തുമസ്സില്‍ ഹൃദയവിശുദ്ധി സൂക്ഷിച്ച എല്ലാവരിലും ക്രിസ്തുവിനെ കാണാന്‍ നമുക്കു സാധിക്കട്ടെ.

പ്രതീകങ്ങളില്‍നിന്ന് യാഥാര്‍ത്ഥ്യത്തിലേക്കു മടങ്ങുവാന്‍ നമുക്കു കഴിയുന്നുണ്ടോ? കളിമണ്ണില്‍ മെനഞ്ഞെടുത്ത രൂപങ്ങളും കടലാസില്‍ രൂപപ്പെടുത്തിയ നക്ഷത്രങ്ങളും നാം കാണുന്നു. പ്ലാസ്റ്റിക്കിലും വര്‍ണ്ണക്കടലാസുകളിലും രൂപമെടുക്കുന്ന പ്രതീകങ്ങള്‍ക്കപ്പുറത്തേയ്ക്ക് നാം  പ്രയാണം ചെയ്യണം. കടലാസുനക്ഷത്രങ്ങളില്‍ നോക്കി തൃപ്തിപ്പെടാതെ യഥാര്‍ത്ഥ നക്ഷത്രത്തിന്‍റെ ദൗത്യത്തിലേക്കു നാം നോക്കണം. ഉണ്ണിയേശുവിലേക്ക് എല്ലാ മനുഷ്യരെയും നയിക്കണമെന്നു നക്ഷത്രം നമ്മെ പഠിപ്പിക്കുന്നു. ഇടയന്മാരുടെ നിഷ്കളങ്കതയോടെ യേശുവിനെ അന്വേഷിക്കണമെന്ന് ആട്ടിടയര്‍ പറയുന്നു. ദൈവഭയത്തിന്‍റെ ആരംഭമായ ജ്ഞാനത്തില്‍ വളര്‍ന്നുവരുവാന്‍ ജ്ഞാനികള്‍ വിളിക്കുന്നു. സ്രഷ്ടാവിനെ നിരന്തരം കുമ്പിട്ടാരാധിക്കാന്‍ ജീവജാലങ്ങള്‍ ക്ഷണിക്കുന്നു. എല്ലാറ്റിനും എല്ലാവര്‍ക്കും സ്ഥാനം കൊടുക്കാന്‍ പുല്‍ക്കൂടാക്കി ഹൃദയത്തെ മാറ്റുവാന്‍ പുല്‍ക്കൂട് വിളിക്കുന്നു. എല്ലാറ്റിന്‍റെയും അടിസ്ഥാനമായ യാഥാര്‍ത്ഥ്യത്തിലേക്കു നടന്നടുക്കാന്‍ ക്രിസ്തുമസ്സ് പ്രതീകങ്ങള്‍ നമ്മെ ക്ഷണിക്കുന്നു.

ബേത്ലെഹെമില്‍ യേശു ജനിച്ച സ്ഥലത്തു ചെല്ലുമ്പോള്‍ കുനിഞ്ഞുകൊണ്ടു മാത്രമേ അകത്തുപ്രവേശിക്കാന്‍ കഴിയൂ. തലയുയര്‍ത്തി ഞെളിഞ്ഞുനിന്ന് ആര്‍ക്കും തിരുപ്പിറവിയുടെ സ്ഥലത്തു ചെല്ലാനാവില്ല. കുനിയുന്നവരെയും കുമ്പിടുന്നവരെയും ആശീര്‍വ്വദിക്കുവാന്‍ ഉണ്ണിയേശു കരങ്ങളുയര്‍ത്തുന്നു. അവന്‍റെ പിറവി മുതല്‍ പരസ്യജീവിതം വരെ അവന്‍റെ മുമ്പില്‍ കുനിയുന്നവരെ ആശീര്‍വ്വദിക്കുന്നതായി കാണാം. ശതാധിപനും ജായ്റോസും നിക്കദേമൂസും ലഗിയോണ്‍ എന്ന പ്രേതബാധിതനുമെല്ലാം യേശുവിന്‍റെ മുമ്പില്‍ കുനിഞ്ഞവരാണ്. അവരെല്ലാം പുതുജീവന്‍ പ്രാപിച്ച് മടങ്ങി. തിരുപ്പിറവിയുടെ ഈ അവസരത്തില്‍ അവന്‍റെ മുമ്പില്‍ കുനിയാം. മറ്റുള്ളവരുടെ മുമ്പില്‍ ചെറുതാകുന്നതില്‍ ലജ്ജിക്കാതിരിക്കാം.

ഒന്നുമില്ലാത്തവര്‍ക്കും ഒന്നുമല്ലാത്തവര്‍ക്കുമാണ് ഉണ്ണിയേശുവിനെ കാണുവാന്‍ ആദ്യമായി ഭാഗ്യം ലഭിച്ചത്. ആട്ടിടയന്മാരും നിസ്സാരരായ ഗ്രാമീണരും ദിവ്യശിശുവിനെ കണ്ടാരാധിച്ചു. 'സകലത്തിന്‍റെയും നാഥാ' എന്ന് അവനെ വിളിക്കണമെങ്കില്‍ നാം ഒന്നിന്‍റെയും നാഥന്മാരായിരിക്കരുത്. ഉള്ളും ഉള്ളതും ഉപേക്ഷിക്കാന്‍ മനസ്സുള്ളവര്‍ ഇന്നും കര്‍ത്താവിനെ അനുഭവിക്കും. അഹന്തയും സമ്പത്തുമൊക്കെ നമ്മുടെമേല്‍ ആധിപത്യം നേടുമ്പോള്‍ ക്രിസ്തു നമുക്ക് അന്യനായിത്തീരും. വഞ്ചിയും വലയും വലിച്ചെറിഞ്ഞവരും പണവും പണപ്പെട്ടിയും ഉപേക്ഷിച്ചവരും അവനെ അനുഭവിച്ചു. 'എല്ലാം ഉപേക്ഷിച്ച്  തന്‍റെ പിന്നാലെ വരുവാന്‍' യേശു വിളിക്കുന്നു. ഒന്നുമില്ലാത്തവന് പോകാനുള്ള ഇടമായി ബേത്ലെഹെമിലെ പശുത്തൊഴുത്ത് തെളിഞ്ഞുനില്ക്കുന്നു.

രക്ഷകന്‍ തരുന്ന രക്ഷയും സമാധാനവും അനുഭവിച്ചവര്‍ക്ക് മറ്റൊന്നിനോടും താല്പര്യം തോന്നില്ല. വൃദ്ധനായ ശിമയോന്‍ യേശുവിനെ കൈയിലെടുത്തതിനുശേഷം പറഞ്ഞു: "ഇനി എന്നെ സമാധാനത്തില്‍ വിട്ടയയ്ക്കുക." മറ്റൊന്നിനും ഇനി പ്രസക്തിയില്ല. ഉണ്ണിയേശുവിനെ കണ്ട് ആരാധിച്ച ജ്ഞാനികള്‍ മറ്റൊരു വഴിയേ തിരിച്ചുപോയതുപോലെ നമ്മുടെ വഴികളും ചിന്തയും മാറിപ്പോകും. അവനെ അനുഭവിച്ചറിഞ്ഞ സമരിയാക്കാരിയും സക്കേവൂസും പാപിനിയായ സ്ത്രീയുമൊക്കെ പുതിയ മനുഷ്യരായി മാറി. ക്രിസ്തുവിന്‍റെ ശരീരമായ സഭയെ പീഡിപ്പിച്ചിരുന്ന സാവൂള്‍ തന്‍റെ ക്രിസ്താനുഭവത്തിനു ശേഷം ലോകത്തിലെ സകലതും ഉച്ഛിഷ്ടമായി കരുതി. "ഇനി ഞാനല്ല ക്രിസ്തുവാണ് എന്നില്‍ ജീവിക്കുന്നത്" എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു. തിരുപ്പിറവി ഒരു തിരിച്ചുവരവിനുള്ള വിളിയാണ് നമുക്കു നല്കുന്നത്.

കരോള്‍ ഗാനങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന കാലമാണ് ക്രിസ്തുമസ്. പരുപരുത്ത ജീവിതാനുഭവങ്ങള്‍ക്കിടയില്‍ കരോള്‍ ഗാനങ്ങള്‍ സാന്ത്വനത്തിന്‍റെ ശബ്ദമായി അലയടിക്കുന്നു. മനസ്സിന്‍റെ മുറിവുകളില്‍ ആശ്വാസമായി കടന്നുവരുന്ന ക്രിസ്തു കരോള്‍ഗാനങ്ങളിലൂടെ നമ്മുടെയുള്ളില്‍ സ്വപ്നങ്ങള്‍ നിറയ്ക്കുന്നു. കരോള്‍ ഗാനങ്ങള്‍ക്കൊപ്പം ദൈവത്തിന്‍റെ സ്നേഹം വിളമ്പുന്ന സാന്താക്ലോസ് പ്രവേശിക്കുന്നു. സമ്മാനങ്ങള്‍ വാരിവിതറുന്ന സാന്താക്ലോസായി നമ്മള്‍ മാറണം. സ്നേഹത്തിന്‍റെ കരോള്‍ ഗാനങ്ങള്‍ പാടി നന്മയുടെ സമ്മാനങ്ങള്‍ വിതറി ജീവിത യാത്ര തുടരുമ്പോള്‍ ക്രിസ്തുമസ്സ് അര്‍ത്ഥപൂര്‍ണ്ണമായ ആഘോഷമായി മാറും. ക്രിസ്തുമസ്സ് - പുതുവത്സരമംഗളങ്ങള്‍ ഏവര്‍ക്കും ആശംസിക്കുന്നു.   

You can share this post!

മരുഭൂമിയിലെ ദൈവം

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
അടുത്ത രചന

എന്താണ് പ്രാര്‍ത്ഥന

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Related Posts