news-details
എഡിറ്റോറിയൽ
‘‘Yes I deserve a spring, I owe nobody nothing’’
-Virginia Woolf, A Writer’s Diary
 
പൂത്തുലയേണ്ട വസന്തത്തെ സ്വപ്നം കണ്ടുണരുമ്പോഴും ആരുമാകാതെ മരണത്തിന്‍റെ വിറങ്ങലിച്ച തണുപ്പുതേടി വിര്‍ജീനിയ പോയി. 1941 മാര്‍ച്ച് 28 വെള്ളിയാഴ്ച നോര്‍ത്ത് യേര്‍ക്ക്ഷെയറിലെ ഊസ് നദിയിലേക്കായിരുന്നു അവള്‍ ആഴ്ന്നുപോയത്. അതിനു മുന്‍പും പിന്‍പും കഠിനമായ വിഷാദത്തിന്‍റെ ചുഴിയിലകപ്പെട്ട് ജീവിതത്തെയും മരണത്തേയും ഒരുപോലെ തെരഞ്ഞെടുത്തവര്‍ അനേകരുണ്ട്. വിഷാദം മുതല്‍ കഠിനമായ മാനസിക രോഗാവസ്ഥകള്‍വരെ ഇന്ന് മനുഷ്യജീവിതത്തില്‍ അനിതരസാധാരണമായിരിക്കുന്നു. 
 
ചരിത്രാതീതകാലം മുതല്‍ മനുഷ്യന്‍റെ ബുദ്ധിക്കും അപ്പുറം അവനു പിടിതരാതെ ചാടിക്കളിക്കുന്ന പ്രതിഭാസമാണ് മനസ്സ്. താരതമ്യേന പ്രായം കുറഞ്ഞ ശാസ്ത്രശാഖയായിട്ടാണതിനെ പരിഗണിക്കുന്നത്. ഇനിയും മനസ്സിന്‍റെ ഭ്രമാത്മകതയും മായക്കാഴ്ചകളും അപരിമേയമായ സാദ്ധ്യതകളും പഠനത്തിന്‍റെ പല തലങ്ങളിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നു. 
 
നിരന്തരമായ പരിശീലനങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും ശേഷവും മനസ്സ് ഒരു മഞ്ഞുമലപോലെ കാണപ്പെട്ടേക്കാം. ആധുനിക കാലഘട്ടത്തില്‍ മനുഷ്യന്‍ മനസ്സിന്‍റെ ശാസ്ത്രത്തില്‍ ആഴമേറിയ കണ്ടെത്തലുകള്‍ നടത്തിയെങ്കിലും മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ വളരെയധികം രൂക്ഷമായി എന്നു പറയുന്നതാകും ശരി. കേരളത്തില്‍ കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ മാനസികാരോഗ്യ സര്‍വ്വേകളുടെ ഫലം തികച്ചും ഞെട്ടിക്കുന്നതായിരുന്നു. 18 വയസ്സിനു മുകളിലുള്ള 14.4% ആളുകള്‍ അവരുടെ ജീവിതകാലയളവില്‍ ഏതെങ്കിലും തരത്തില്‍ മാനസിക രോഗാവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ട്. ആത്മഹത്യാനിരക്ക് 60 വയസ്സിനുമുകളിലുള്ളവരില്‍ ഏറ്റവും മുന്‍പന്തിയിലാണ് നാം. ജനസംഖ്യയുടെ 30% പലപ്പോഴായുള്ള മാനസിക പിരിമുറുക്കങ്ങളിലും ആത്മഹത്യാസാദ്ധ്യതകളിലും പെട്ടുഴലുമ്പോള്‍ നമുക്കെങ്ങനെ ആരോഗ്യമുള്ള ഒരു സമൂഹമെന്നു പറയാന്‍ പറ്റും.
 
വിദ്യാഭ്യാസത്തിന്‍റെയും സാക്ഷരതയുടെയും ആളോഹരി വരുമാനത്തിന്‍റെയും സംസ്കാരത്തിന്‍റെയും വമ്പുപറയാന്‍ നമുക്കേറെയുണ്ട്. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് അടിസ്ഥാനസൗകര്യങ്ങളില്‍ നാം മുന്‍പന്തിയിലാണ്. ആത്മീയമായ പ്രഭാഷണങ്ങളും സംവിധാനങ്ങളും സാമൂഹികസാംസ്കാരിക ഉദ്ധാരണപരിപാടികളും നമുക്കനവധിയുണ്ട്. എന്നിട്ടും നമുക്കെവിടെയാണ് തെറ്റുന്നത്? ഒരു സമൂഹമെന്ന നിലയില്‍ സമഗ്രമായ ആരോഗ്യവ്യവസ്ഥതിയില്‍ മനസ്സിനെ നാം എന്തുകൊണ്ടാണ് പിന്‍തള്ളുന്നത്? 
 
ചോദ്യങ്ങള്‍ നിരവധിയാണ്. കുടുംബബന്ധങ്ങളിലെ അസ്വസ്ഥതകള്‍മുതല്‍ സമൂഹത്തിന്‍റെ പൊതുധാരണകള്‍വരെ മനുഷ്യന്‍റെ മാനസികാരോഗ്യത്തില്‍ പങ്കുവഹിക്കുന്നുണ്ട്. ഒപ്പം ശാരീരികമായ പല രോഗങ്ങളും. ഒരു പ്രമേഹരോഗിക്ക് കൃത്യമായ മരുന്നും ജീവിതശൈലിയിലെ ചില മാറ്റങ്ങളും കൊണ്ട് സാധാരണ ജീവിതം നയിക്കാന്‍ സാധിക്കും. അതുപോലെതന്നെ ഒരു മാനസികരോഗിക്കും, എന്നുവെച്ചാല്‍ കൃത്യമായ മരുന്നും പരിചരണവും ജീവിതശൈലികളും രൂപപ്പെടുത്തിയാല്‍ അവര്‍ക്കും ഒരു സ്വാഭാവികജീവിതം സാധ്യമാകും.
 
എന്നാല്‍ ഈ 'പരിഷ്കൃത'കാലഘട്ടത്തിലും മലയാളിക്ക് മനോരോഗിയോട് അയിത്തം തന്നെയാണ്. കാരണങ്ങള്‍ എന്തുമാകട്ടെ ഒരുവന്‍റെ/ഒരുവളുടെ മനസ്സിന്‍റെ അവസ്ഥകളെ മനസ്സിലാക്കാന്‍ കൂടെ നില്‍ക്കാനായില്ലെങ്കില്‍ തീര്‍ച്ചയായും ഈ സമൂഹം അപചയത്തില്‍ തന്നെയാണ്. 
 
ക്രിസ്തുവിന്‍റെ സമഗ്രമായ രോഗശാന്തിശൈലി ഒരുവേള ഇവിടെ ചില തെളിച്ചങ്ങള്‍ നല്കും. അവന്‍റെ രോഗശാന്തി ശുശ്രൂഷകളില്‍ അവന്‍ സൗഖ്യപ്പെടുത്തിയവരെ വീണ്ടും സമൂഹജീവിതത്തിന്‍റെ നേര്‍രേഖയിലേക്ക് കൈപിടിച്ചുവിടുന്നുണ്ട്. ഇത് ഇഴകീറിയുള്ള ശാസ്ത്രീയ വിശകലനമല്ല, എങ്കിലും സമഗ്രതയുടെ സുവിശേഷമാണവന്‍ വിളമ്പിയത്. നിന്‍റെ അയല്‍ക്കാരനെ നിന്നെപ്പോലെ കരുതുന്നതിനുള്ളത്; അത് കരം നീട്ടി വിളുമ്പിലുള്ളവനെ ഏറ്റെടുക്കുന്ന മഹാമനസ്സിന്‍റെ മധുരോദാത്തമായ മാതൃകയായിരുന്നു. മനസ്സിന്‍റെ ആഴങ്ങളില്‍ ചേക്കേറാനാവാതെ പൊഴിഞ്ഞുവീണുകൊണ്ടിരിക്കുന്നവരെ ചേര്‍ത്തുനിര്‍ത്താന്‍, ക്രിസ്തുവിനെപ്പോലെ ഉയിര്‍പ്പിക്കാന്‍, ക്രിസ്തു കേന്ദ്രീകൃതമായ ആത്മീയത രൂപപ്പെടുത്തേണ്ടി വരും. അതൊരുവേള എന്‍റെ സ്വസ്ഥതകളെ ഭജ്ജിക്കാം. ആ അസ്വസ്ഥതകളിലേക്കുള്ള ക്ഷണമാണ് ഈ ലക്കത്തിലെ പല ലേഖനങ്ങളിലും നിറഞ്ഞുനില്‍ക്കുന്നത്. ഈ ക്ഷണം ഗൗരവത്തിലെടുത്താല്‍ അത് നിങ്ങളെ മുറിപ്പെടുത്തും. എങ്കിലും മനുഷ്യന്‍റെ സത്തയെ ഉണ്മയെ തിരികെപ്പിടിക്കാനാവുമെന്നതില്‍ അഭിമാനിക്കാം.

You can share this post!

മുഖക്കുറിപ്പ്

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
അടുത്ത രചന

മുഖക്കുറിപ്പ്

റോണി കിഴക്കേടത്ത്
Related Posts