news-details
കവർ സ്റ്റോറി

സ്വയം വിമര്‍ശനത്തിന് സമയമായി

മക്കബായ കലാപത്തിന്‍റെ ഫലമായി നിലവില്‍ വന്ന ഹാസ്മോണിയന്‍ മത-രാജ ഭരണത്തിന് അറുതി വരുത്തി ബി.സി. 63 ലെ വസന്തകാലത്ത് ജനറല്‍ പോംപെയുടെ നേതൃത്വത്തില്‍ റോമന്‍ സൈന്യം ജറൂസലേം കീഴടക്കിയതോടെ അതിവിശാലമായ റോമാസാമ്രാജ്യത്തിന് കീഴില്‍ സിറിയന്‍ പ്രവിശ്യയുടെ ഭാഗമായ പാലസ്തീനില്‍ അഗസ്റ്റസ് സീസറിന്‍റെ (27 ബി.സി.14 എ.ഡി.) സാമന്തനായി 'മഹാനായ ഹെറോദേസ്' (37 ബി.സി. 4 എ.ഡി.) ഭരണം നടത്തിയ കാലത്ത് ഗലീലിയിലെ* *നസ്രത്ത് എന്ന ചെറുപട്ടണത്തില്‍ തച്ചനായ ജോസഫിന്‍റെയും മറിയത്തിന്‍റെയും മകനായി നസ്രായനായ യേശു ജനിച്ചു. അഗസ്റ്റസ് സീസറും പിന്‍ഗാമി തിബേരിയൂസ് സീസറും റോമിലും അവരുടെ സാമന്തനായ ഹെറോദേസ് അന്തിപ്പാസ് (4 എ.ഡി.39 എ.ഡി.) ജോര്‍ദ്ദാന് കിഴക്ക് ഗലീലിയിലും പെരിയയിലും ഭരണം നടത്തവേ നസ്രത്തിലും പരിസരപ്രദേശങ്ങളിലും തച്ചപ്പണിയെടുത്തും, സ്നാപകയോഹന്നാനില്‍നിന്ന് സ്നാനമേറ്റശേഷം ഗലീലിയിലെ വിവിധഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും സ്വര്‍ഗരാജ്യത്തിന്‍റെ സുവിശേഷം അറിയിച്ച് അലഞ്ഞും യേശു ജീവിച്ചു. ഹെറോദേസിന്‍റെ പുത്രന്‍ അര്‍ക്കലാവോസില്‍നിന്ന് യൂദയായുടെ ഭരണം റോം നേരിട്ട് ഏറ്റെടുത്തശേഷം ഗവര്‍ണറായി നിയമിതനായ പന്തിയോസ് പീലാത്തോസിന്‍റെ കാലത്ത് ജറുസലേമിനടുത്തുള്ള ഗാഗുല്‍ത്തായില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി അവനെ കുരിശില്‍ തറച്ചു കൊന്നു.
 
ക്രൂരമായിരുന്നു യേശുവിന്‍റെ കാലം. കലാപകലുഷിതം. അതിക്രൂരരായിരുന്നു സീസര്‍മാരും ഹെറോദേസുമാരും. ബി.സി. 52 ല്‍ മഗ്ദലനയില്‍ റോമന്‍ സൈന്യാധിപന്‍ ജനറല്‍ കാഷ്യസ് മുപ്പതിനായിരം പേരെ അടിമകളാക്കിയതായി യഹൂദചരിത്രകാരന്‍ ഫ്ളാവിയസ് ജോസഫസ് (37/38 എ.ഡി.100 എ.ഡി.) രേഖപ്പെടുത്തുന്നു. ഹെറോദേസിന്‍റെ മരണശേഷമുണ്ടായ കലാപം (എ.ഡി.  4) അടിച്ചമര്‍ത്താന്‍ റോമന്‍ സൈന്യാധിപന്‍ ജനറല്‍ വാരുസ് ജറുസലേമില്‍ രണ്ടായിരത്തോളം പേരെ കുരിശില്‍ തറച്ചുകൊന്നുവെന്നും ജോസഫസ് പറയുന്നു. സെഫോറിസും സമീപഗ്രാമങ്ങളും ചുട്ടെരിച്ചു. എമ്മാവൂസിനെ പൂര്‍ണ്ണമായും നശിപ്പിച്ചു. ഒട്ടേറെപ്പേരെ അടിമകളാക്കി. ഏറെപ്പേരെ വധിച്ചു. എല്ലാറ്റിനും മകുടം ചാര്‍ത്തി എ.ഡി. 70 ഓഗസ്റ്റില്‍ ജനറല്‍ ടൈറ്റസ് ജറുസലേം നഗരത്തെ പൂര്‍ണമായി നശിപ്പിച്ചു. കൊന്നും അടിമകളാക്കിയും നഗരവാസികളെ മുഴുവന്‍ ഒഴിപ്പിച്ചു. നഗരത്തെ വിജനമായി വിട്ടു. 
 
തനിക്കെതിരെ ഗൂഡാലോചന നടത്തുന്നുവെന്ന സംശയത്താല്‍ സഹോദരനെയും ഭാര്യയെയും ഭാര്യാസഹോദരനെയും അമ്മായിയമ്മയെയും കൊല്ലുകയും മക്കളെ കൊല്ലാന്‍ ഉത്തരവിടുകയും ചെയ്ത മഹാനായ ഹെറോദേസില്‍നിന്ന് പ്രജകള്‍ക്ക് അതില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുക വയ്യല്ലോ. ജറുസലേം ദേവാലയം നിര്‍മ്മിച്ച് യഹൂദരുടെ പ്രീതി പിടിച്ചുപറ്റാന്‍ ശ്രമിച്ച ഹെറോദേസ് ദേവാലയത്തിന്‍റെ മുഖപ്പില്‍ റോമാ സാമ്രാജ്യത്തിന്‍റെ ചിഹ്നമായ കഴുകന്‍റെ കൂറ്റന്‍ പ്രതിമ സ്ഥാപിച്ചതിനെ എതിര്‍ത്ത നൂറുകണക്കിന് യഹൂദരെ കൊന്നൊടുക്കി. സ്നാപകയോഹന്നാനെ കൊന്നുതള്ളിയ അന്തിപ്പാസ് ക്രൂരതയില്‍ അപ്പനേക്കാള്‍ ഒരുപടി മികച്ചുനിന്നു. ഇരട്ട ഏകാധിപത്യത്തില്‍ യഹൂദജനത ഞെരിഞ്ഞമര്‍ന്നു. 
 
ഫലഭൂയിഷ്ടമായ മണ്ണും അനുകൂലമായ കാലാവസ്ഥയും ഗലീലിയെ കൃഷിയില്‍ സമ്പന്നമാക്കിയിരുന്നു. കൃഷിയും ഗലീലിത്തടാകത്തില്‍ മത്സ്യബന്ധനവുമായിരുന്നു ജനങ്ങളുടെ തൊഴില്‍. പക്ഷേ തദ്ദേശവാസികള്‍ ഭരണവര്‍ഗത്തിന്‍റെ ചൂഷണത്താല്‍ കൊടുംദാരിദ്ര്യത്തിലായിരുന്നു. ഭൂമിയത്രയും റോമിന്‍റെയും അന്തിപ്പാസിന്‍റെയും അധീനതയില്‍. ഗലീലി നിവാസികള്‍ സ്വന്തം ഭൂമിയില്‍ കുടിയാന്മാരായി. തുണ്ടുഭൂമി കൈവശമുണ്ടായിരുന്നവര്‍ കൃഷി നടത്താനും കരമടയ്ക്കാനും ജന്മിമാരില്‍നിന്ന് കടംവാങ്ങി തിരിച്ചടക്കാനാവാതെ ഭൂമി അവര്‍ക്കുതന്നെ നല്‍കി കൂലിക്കാരായി. 
 
റോം ഈടാക്കിയിരുന്ന ചുങ്കം കടുത്തതായിരുന്നു. വരുമാനത്തിനു മാത്രമല്ല പ്രായപൂര്‍ത്തിയായ ഓരോ പൗരനും നികുതി നല്‍കേണ്ടിയിരുന്നു. ജറുസലേം ദേവാലയാധികാരികള്‍ ദേവാലയനികുതിയും ആദ്യഫലക്കാഴ്ചയും പിരിച്ചിരുന്നു. നിത്യവൃത്തിക്ക് വക കണ്ടെത്തുക അവര്‍ക്ക് ദുഷ്കരമായിരുന്നു. അടിമത്തത്തിന്‍റെയും പീഡനത്തിന്‍റെയും ദാരിദ്ര്യത്തിന്‍റെയും ഈ ചരിത്രയാഥാര്‍ത്ഥ്യത്തിലേക്കാണ് യേശു സംഭവിച്ചത്. 
 
ദരിദ്രര്‍ക്ക് സ്വര്‍ഗരാജ്യവും വിലപിക്കുന്നവര്‍ക്ക് ആശ്വാസവും ശാന്തശീലര്‍ക്ക് ഭൂമിയും നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ക്ക് സംതൃപ്തിയും കരുണയുള്ളവര്‍ക്ക് കരുണയും ഹൃദയശുദ്ധിയുള്ളവര്‍ക്ക് ദൈവദര്‍ശനവും സമാധാനകാംക്ഷികള്‍ക്ക് ദൈവപുത്രസ്ഥാനവും നീതിക്കുവേണ്ടി പീഡിപ്പിക്കപ്പെടുന്നവര്‍ക്ക് സ്വര്‍ഗ്ഗരാജ്യവും അവന്‍ വാഗ്ദാനം ചെയ്തു. ചരിത്രത്തിന്‍റെ ഭാരിച്ച നുകത്തിനു കീഴില്‍ ഞെരിഞ്ഞമര്‍ന്നവര്‍ക്ക് അവന്‍ വഹിക്കാന്‍ എളുപ്പമായ ലോലമായ നുകം വാഗ്ദാനം ചെയ്തു. അധ്വാനിക്കുന്നവര്‍ക്കും ഭാരം ചുമക്കുന്നവര്‍ക്കും അഭയമുണ്ടാകുമെന്ന് അവന്‍ പ്രവചിച്ചു. അവന്‍ ശാന്തശീലനും വിനീതഹൃദയമുള്ളവനുമായിരുന്നു.
 
അവന്‍റെ വാക്കുകള്‍ ആധികാരികമായിരുന്നു. അവനില്‍ രക്ഷകനെ കണ്ട ജനം അവന്‍ വിപ്ലവം നയിക്കുമെന്നും ഭരണം പിടിക്കുമെന്നും അടിമത്തത്തില്‍നിന്ന് തങ്ങളെ മോചിപ്പിക്കുമെന്നും പ്രതീക്ഷിച്ചു.
 
അവന്‍റെ വഴി പക്ഷേ വേറെയായിരുന്നു. ചരിത്രത്തില്‍ അന്നോളം പരീക്ഷിച്ച് പരാജയപ്പെട്ട 'കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്' എന്ന രാഷ്ട്രീയതന്ത്രത്തിനു ബദലായി ശത്രുവിനെ സ്നേഹിക്കുകയും ഒരു കരണത്തടിക്കുന്നവന് മറുകരണം കാണിച്ചുകൊടുക്കുകയും ചെയ്യുന്ന അഹിംസയുടെ രാഷ്ട്രീയദര്‍ശനം അവന്‍ മുന്നോട്ടു വച്ചു. തന്നെപ്പോലെ തന്‍റെ അയല്‍ക്കാരനെ സ്നേഹിക്കാനും അതുവഴി പുതിയൊരു രാഷ്ട്രീയപ്രതിരോധം ചമയ്ക്കാനും അവന്‍ ഉപദേശിച്ചു. മറ്റുള്ളവര്‍ നിങ്ങള്‍ക്ക് ചെയ്തു തരണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നത് നിങ്ങള്‍ അവര്‍ക്ക് ചെയ്തുകൊടുക്കുക എന്നതിലേക്ക് നിയമത്തെ ചുരുക്കി. നിയമത്തിനുമേല്‍ സ്നേഹത്തെയും കേവലധാര്‍മ്മികതയ്ക്കുമേല്‍ നീതിയേയും പ്രതിഷ്ഠിച്ചു.
 
ഭരണത്തിലിരിക്കുന്നവരെ പുറത്താക്കി പുതിയ ഭരണാധികാരിയെ കൊണ്ടുവരികയല്ല, സഹോദരസ്നേഹമെന്ന പുതിയ അവബോധത്തിലൂടെ അധികാരത്തെ അപ്രസക്തമാക്കുകയായിരുന്നു അവന്‍റെ വഴി.
 
ആ ദേവാലയത്തിലും ഈ മലയിലും നടത്തുന്ന ആചാരാനുഷ്ഠാനപരമായ ദേവാലയകേന്ദ്രീകൃതമായ ആരാധയ്ക്കു പകരം ആത്മാവിലും (അകമേ) സത്യത്തിലും (തെളിഞ്ഞ കാഴ്ചയില്‍) ആരാധിക്കുന്ന, ആത്മനിഷ്ഠമായ, അന്വേഷണാത്മകമായ, അനുഭൂതിസാന്ദ്രമായ ആത്മീയചര്യ അവന്‍ മുന്നോട്ടുവച്ചു. അങ്ങനെ ചരിത്രം അന്നേവരെ ജന്മം നല്‍കിയിട്ടില്ലാത്ത സമഗ്രവും സമ്യക്കും സനാതനവും സരളവുമായ ജീവിതദര്‍ശനം പ്രോദ്ഘാടനം ചെയ്യപ്പെട്ടു. ചരിത്രം രണ്ടായി പിളര്‍ന്നു.
 
നിലവിലുള്ള രാഷ്ട്രീയമത വ്യവസ്ഥയെ അവന്‍ തള്ളിക്കളഞ്ഞു. സീസറിന്‍റെ ഭരണക്രമത്തെ പരിഹാസപൂര്‍ണമായ നിരാകരണത്തിലൂടെ (സീസറിനുള്ളത് സീസറിന്) റദ്ദാക്കി. 'കുറുക്കന്‍' എന്ന് ഹെറോദേസിന്‍റെ മ്ലേച്ഛ-കുടില രാഷ്ട്രീയത്തെ തുറന്നുകാട്ടി. അവന്‍റെ രാജ്യം ഐഹികമല്ല എന്നു പ്രഖ്യാപിച്ച് അന്ന് (ഇന്നും) നിലവിലിരുന്ന മുഴുവന്‍ രാഷ്ട്രീയ-ഭരണ വ്യവസ്ഥയെയും തള്ളി, നീതിയിലും സ്നേഹത്തിലും സാഹോദര്യത്തിലും സമത്വത്തിലും അധിഷ്ഠിതമായ 'സ്വര്‍ഗരാജ്യത്തെ' പ്രതിഷ്ഠിച്ചു. അവന്‍റെ രാജ്യം ഇഹത്തില്‍ ആരംഭിച്ച് പരത്തില്‍ പൂര്‍ണ്ണമാവുന്നതായിരുന്നു.
 
വിധവയുടെ കൊച്ചുകാശുവരെ പിടിച്ചെടുക്കുകയും ദേവാലയത്തെ കവര്‍ച്ചക്കാരുടെ ഗുഹയാക്കുകയും ചെയ്യുന്ന പുരോഹിതവര്‍ഗത്തെ സമചിത്തത വിട്ടുപോലും അവന്‍ വിമര്‍ശിച്ചു. അവര്‍ സിനഗോഗുകളില്‍ പ്രമുഖസ്ഥാനവും വഴിയില്‍ അഭിവാദനവും ആഗ്രഹിക്കുന്നുവെന്ന് പരിഹസിച്ചു. കപടനാട്യക്കാരെന്നും വെള്ളയടിച്ച കുഴിമാടങ്ങളെന്നും തുറന്നുകാട്ടി. നിയമത്തിലെ ഗൗരവമേറിയ കാര്യങ്ങളായ നീതിയും കാരുണ്യവും വിശ്വസ്തതയും അവഗണിക്കുകയും ആചാരാനുഷ്ഠാനങ്ങളില്‍ അഭിരമിക്കുകയും ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി. അവര്‍ മനുഷ്യരുടെ മുന്നില്‍ സ്വര്‍ഗരാജ്യം അടച്ചുകളയുന്നു. അവര്‍ അതില്‍ പ്രവേശിക്കുന്നില്ല, പ്രവേശിക്കാന്‍ വരുന്നവരെ അനുവദിക്കുന്നുമില്ല എന്ന് പരാതിപ്പെട്ടു.
 
ജറൂസലേം ദേവാലയത്തിന്‍റെ മുഖപ്പില്‍ യഹൂദരെ അപമാനിക്കുന്നതിന് റോമാസാമ്രാജ്യത്തിന്‍റെ ചിഹ്നമായ കഴുകന്‍റെ കൂറ്റന്‍ പ്രതിമ സ്ഥാപിച്ച് വിശ്വാസികളെ അതിനു കീഴിലൂടെ നടത്തിക്കുകയും എതിര്‍ത്തതിന് അനേകരെ വധിക്കുകയും ചെയ്ത   **ഇദൂമിയനായ ഹെറോദേസിനോടു പോലും സഹകരിച്ച പുരോഹിതവൃന്ദത്തിന് പക്ഷേ യേശുവിന്‍റെ വിമര്‍ശനം അസഹ്യമായിരുന്നു. അവര്‍ ഭരണകൂടവുമായി ഗൂഢാലോചന നടത്തി, തെറ്റായി വിചാരണ ചെയ്ത് യേശുവിനെ കുരിശിലേറ്റി കൊന്നു. 
അത് ഏതാനും യഹൂദപ്രമാണിമാരുടെ വ്യക്തിപരമായ അപചയമായിരുന്നില്ല. വ്യവസ്ഥാപിതത്വവും വിപ്ലവവും ഏകപക്ഷീയതയും സമഗ്രതയും ചരിത്രവും ആത്മീയതയും സ്വര്‍ഗവും നരകവും ദൈവവും പിശാചും തമ്മില്‍ നിരന്തരം നടക്കുന്ന സംഘര്‍ഷത്തിന്‍റെ ഫലമായിരുന്നു.
 
കേരളസഭയില്‍ ക്രിസ്തു.
 
ചരിത്രത്തിലെ ഈ യേശുക്രിസ്തുവിനെ കേരളത്തിലെ ക്രൈസ്തവസഭകളും സമൂഹവും ഗൗരവമായി കണ്ടുമുട്ടുന്നതില്‍ പലപ്പോഴും പരാജയപ്പെട്ടിട്ടുണ്ട്. അവന്‍ മുന്നോട്ടുവച്ച മൗലികവും സമഗ്രവും സമ്യക്കും സനാതനവുമായ ജീവിതദര്‍ശനം കത്തോലിക്കാസഭയെങ്കിലും കണ്ടറിഞ്ഞുവോ?  ചരിത്രത്തിലെ യേശു തമസ്കരിക്കപ്പെടുകയും  വിഗ്രഹഭജ്ഞകനായ യേശു മറ്റൊരു വിഗ്രഹമാകുന്ന അവസ്ഥ സംജാതമായി. ജീവിതത്തിന്‍റെ സമസ്തതലങ്ങളെയും സ്പര്‍ശിക്കുന്ന സമഗ്രമായ ജീവിതചര്യ മുന്നോട്ടുവയ്ക്കുന്ന ക്രൈസ്തവദര്‍ശനം വ്യക്തിപരമായ ധാര്‍മ്മികതയിലേക്ക് ചുരുങ്ങിപ്പോയി. 
മാമ്മോദീസാ മുതല്‍ മരണകൂദാശവരെ യാന്ത്രികമായി സ്വീകരിച്ച്, ആചാരാനുഷ്ഠാനങ്ങള്‍ അണുവിട തെറ്റാതെ ആവര്‍ത്തിച്ച് ജഡജീവിതം ജീവിച്ച് ഒരിക്കലും മറുപിറവി പിറക്കാതെ നാം ക്രിസ്ത്യാനികള്‍!
 
ക്രിസ്തുവിന്‍റെ ഓര്‍മ്മയില്‍ അവിടുത്തെ സ്നേഹം അകമേ അനുഭവിക്കുന്നതിനുള്ള ധ്യാനവും സ്നേഹത്തില്‍ ജീവിക്കുന്നതിനുള്ള അനുഭൂതിയുമായ വിശുദ്ധകുര്‍ബാനമണിമാളികകളായി മാറിയ ദേവാലയങ്ങളില്‍ ആഘോഷങ്ങളായി. മധ്യസ്ഥപ്രാര്‍ത്ഥനകളും യാചനാപ്രാര്‍ത്ഥനകളും ആരാധനയുടെ സ്ഥാനം അപഹരിച്ചു.
പലപ്പോഴും വ്യവസ്ഥിതിയുടെയും അധികാരത്തിന്‍റെയും വക്താക്കളും പ്രയോക്താക്കളുമായി സഭയുടെ സമ്പത്തും സ്വാധീനവും വര്‍ധിപ്പിക്കാന്‍ ശ്രമിച്ചുപോന്ന സഭാനേതൃത്വം വയലില്‍ ഒളിപ്പിച്ച നിധിയേക്കുറിച്ചോ വ്യാപാരി നേടിയ വിലപിടിച്ച രത്നത്തെക്കുറിച്ചോ പാത്രത്തില്‍ ശേഖരിക്കപ്പെട്ട നല്ല മത്സ്യത്തെക്കുറിച്ചോ അല്പവും ആകുലരായില്ല. അവര്‍ ബലിവേദികളില്‍ നിസംശയം ഉപദേശങ്ങള്‍ നല്‍കി. നിരന്തരം പിരിവുകള്‍ നടത്തി. അടിക്കടി സ്ഥാപനങ്ങള്‍ പണിതു. സഭയുടെ യശസ് വാനോളം ഉയര്‍ത്തി. അവരിപ്പോഴും മോശയുടെ സിംഹാസനത്തില്‍ വാഴുന്നു. 
 
ആവര്‍ത്തനവിരസതയാല്‍ വിശ്വാസികളില്‍ ചിലര്‍ ആരവങ്ങളോടുകൂടിയ അയല്‍ശുശ്രൂഷകളിലേക്ക് കണ്ണയച്ചപ്പോള്‍ നാം അവരെ അനുകരിച്ച് കരിസ്മാറ്റിക് ധ്യാനങ്ങള്‍ക്ക് കോപ്പുകൂട്ടി. ക്രിസ്തുധര്‍മ്മത്തിന്‍റെ മര്‍മ്മം മനസിലാവാതെ പോയതാണ് ആരാധന ആവര്‍ത്തനവിരസമാകാന്‍ കാരണമെന്ന് കാണാതെ പെന്തക്കോസ്തുകാരേക്കാള്‍ ഉച്ചത്തില്‍ നാം ആര്‍പ്പുവിളി തുടങ്ങി. 
 
യേശു പ്രഖ്യാപിച്ച പുതിയ നിയമത്തിലെ സ്നേഹിക്കുന്ന, പൊറുതി നല്‍കുന്ന ദൈവം കരിസ്മാറ്റിക് ധ്യാനകേന്ദ്രങ്ങളില്‍ കോപിക്കുന്ന, ശിക്ഷിക്കുന്ന പഴയനിയമകാല ദൈവമായി അലറിവിളിച്ചു. അവിടെ ഭക്തന്‍ പാപിയും പിഴയാളിയുമായി. വ്യവസ്ഥിതിയുടെ നിരാസത്താല്‍, നിവൃത്തികേടിനാല്‍, സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ ഇടറിപ്പോയവരെ പാപിയെന്ന് ആവര്‍ത്തിച്ച് മുദ്രകുത്തി കൂടുതല്‍ ആത്മനിന്ദയിലേക്ക് തള്ളിവിട്ടു. വിഗ്രഹമായ യേശുവിനെ അന്ധമായി ആരാധിക്കുകയും അന്തസാരശൂന്യമായി ആര്‍പ്പുവിളിച്ച് ആഘോഷിക്കുകയും ചെയ്താല്‍ അവന്‍ വേണ്ടതെല്ലാം വാരിക്കോരി നല്‍കുമെന്ന കച്ചവടതന്ത്രം പഠിപ്പിച്ചു. ധ്യാനഗുരുക്കന്മാരും ഉപദേശകരും ചെറുവിഗ്രഹങ്ങളായി. ധ്യാനകേന്ദ്രങ്ങള്‍ ബ്രാന്‍ഡഡായി. യേശു അത്ഭുതങ്ങള്‍ വാരിവിതറുന്ന മാന്ത്രികനായി.
 
പുതിയൊരു പിറവിക്കും, പ്രസാദാല്‍മകവും സര്‍ഗാത്മകവും സൗന്ദര്യാത്മകവും ധ്യാനാല്‍മകവുമായ ജീവിതത്തിനും പ്രചോദനമാകേണ്ട വചനം അവിടെ ഓട്ടുചേങ്ങിലയിലെ പൊള്ളയായ മുഴക്കമായി. നിഗൂഢഭംഗിയാര്‍ന്ന ധ്യാനം എന്ന വാക്കിന് അര്‍ത്ഥശോഷണം സംഭവിച്ചു. 
 
സവര്‍ണ ഡംഭും വരേണ്യ ഗര്‍വും
 
കേരളത്തിലെ തനത് ജനവിഭാഗങ്ങള്‍ക്കൊന്നും  അന്ന് ദഹിക്കാനിടയില്ലാത്ത ക്രിസ്തുമാര്‍ഗം അദ്യം സ്വീകരിച്ചിരിക്കുക ഇവിടുണ്ടായിരുന്ന യഹൂദസമൂഹമായിരിക്കാനാണ് സാധ്യതയെന്ന് ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. അവരെ സംബന്ധിച്ചിടത്തോളം മാറ്റം ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും മാത്രമായിരുന്നു. ക്രിസ്തുസന്ദേശത്തിന്‍റെ കാതല്‍-നിയമത്തില്‍നിന്ന് സ്നേഹത്തിലേക്ക് മനപരിവര്‍ത്തനം- ഇവിടെ സംഭവിച്ചില്ല. സ്വയം ശ്രേഷ്ഠജനതയായി കരുതിപ്പോരുന്ന യഹൂദരുടെ പ്രാമാണികത അവര്‍ ഇവിടെ ക്രൈസ്തവരായി മാറിയപ്പോഴും തുടര്‍ന്നു.
 
കേരളത്തിലെ ജാതിവ്യവസ്ഥയില്‍ സവര്‍ണ്ണതയോട് ചേര്‍ന്നും കച്ചവടക്കാരായതിനാല്‍ അതത് കാലത്തെ അധികാരരാഷ്ട്രീയത്തോട് കൂറു പുലര്‍ത്തിയും കേരളനസ്രാണികള്‍ തങ്ങളുടേതെന്ന് കരുതിപ്പോന്ന സാമൂഹികസ്വത്വം കാത്തുപോന്നു. സവര്‍ണ ഡംഭും വരേണ്യഗര്‍വുമായിരുന്നു. ആ സമൂഹത്തിന്‍റെ വര്‍ഗസ്വഭാവം. ജാതിഹിന്ദുക്കളോടു ചേര്‍ന്ന് തീണ്ടലും തൊടീലും വരെ ആചരിച്ചിരുന്ന നസ്രാണികളെ അതില്‍നിന്ന് വിലക്കിയത് ഉദയംപേരൂര്‍ സൂനഹദോസാണ്. അതാവട്ടെ നസ്രാണികളെ കേരളത്തിന്‍റെ സാംസ്കാരികപാരമ്പര്യത്തില്‍നിന്ന് അകറ്റിയ ദുരന്തമായി കലാശിക്കുകയും ചെയ്തു. പാരമ്പര്യമായി ലഭിച്ച സവര്‍ണവരേണ്യ വര്‍ഗസ്വഭാവം നാം ഇന്നും പുലര്‍ത്തിപ്പോരുന്നു. എ.ഡി. അഞ്ചാം നൂറ്റാണ്ടിനുശേഷമാണ് കേരളത്തില്‍ ബ്രാഹ്മണര്‍ എത്തിയത് എന്ന ചരിത്രയാഥാര്‍ത്ഥ്യം അറിയാമായിരുന്നിട്ടുകൂടി മറ്റാരും അതറിഞ്ഞില്ല എന്ന മട്ടില്‍ 'മാര്‍തോമാശ്ലീഹ മാര്‍ഗം കൂട്ടിയ നമ്പൂതിരി കുടുംബക്കാരാ' എന്ന മിഥ്യാഭിമാനം നമ്മില്‍ ചിലര്‍ ഇന്നും വച്ചുപുലര്‍ത്തുന്നു. ക്രൈസ്തവവിരുദ്ധമായ വംശശുദ്ധി പോലുള്ള വാദങ്ങള്‍ സഭാനേതൃത്വം ഇപ്പോഴും വകവച്ചുകൊടുക്കുന്നത് അവരുടെയുള്ളിലെ വേര്‍തിരിക്കപ്പെട്ടവര്‍ എന്ന വികാരത്താലാകും.
 
ഏറെ പ്രശംസിക്കപ്പെട്ട കേരളമാതൃകയ്ക്ക് അടിസ്ഥാനമായ വിദ്യാഭ്യാസരംഗത്തെ മികവിനും ആരോഗ്യരംഗത്തെ മുന്നേറ്റത്തിനും മികച്ചസംഭാവനചെയ്ത് ലാഭേച്ഛയില്ലാതെ വിദ്യാലയങ്ങളും ആതുരാലയങ്ങളും സ്ഥാപിച്ച സഭ പിന്നീട് ആരോഗ്യവിദ്യാഭ്യാസ മേഖലയുടെ കച്ചവടവത്ക്കരണത്തിന് കുടപിടിച്ചു. കേരളക്രൈസ്തവരില്‍ ഭൂരിപക്ഷവും കര്‍ഷകരെങ്കിലും കര്‍ഷകരുടെ ഉറപ്പുള്ള ധാര്‍മ്മികതയല്ല, കച്ചവടപാരമ്പര്യത്താല്‍ ഒരുതരം വഴക്കമുള്ള ധാര്‍മ്മികതയാണ് നമ്മുടേത്. അടഞ്ഞ സമൂഹമായിരുന്നിട്ടുകൂടി ആ മെയ്വഴക്കമാണ് കേരളസമൂഹത്തില്‍ നസ്രാണികളെ സ്വീകാര്യരാക്കിയത്. സകല അനീതിയും അഴിമതിയും അപഭ്രംശങ്ങളും മൂടിവയ്ക്കുന്നതില്‍ ഒരുമിച്ചു നില്‍ക്കുന്നവര്‍ കച്ചവടത്തില്‍ നഷ്ടം വന്നു എന്ന സന്ദര്‍ഭത്തില്‍ പൊട്ടിത്തെറിക്കുന്നത് അതിനാലാവണം.
 
നീതിയറിയാത്ത സമൂഹം
 
ക്രിസ്തുസന്ദേശത്തിന്‍റെ കാതലായ സാമൂഹികനീതിയെ മിക്കപ്പോഴും ഉള്‍ക്കൊള്ളാന്‍ കേരളത്തിലെ ക്രൈസ്തവര്‍ക്ക് പ്രത്യേകിച്ച് കത്തോലിക്കാസഭയ്ക്ക് കഴിഞ്ഞിരുന്നില്ല. അനീതിയില്‍നിന്ന് ഉരുവായ അസമത്വം പരിഹരിക്കുന്നതിന് വ്യക്തിതലത്തില്‍ ജീവകാരുണ്യപ്രവര്‍ത്തനം നടത്തി അതില്‍ മേനി നടിക്കുന്ന സഭയും സമൂഹവും അനീതിയെ ന്യായീകരിക്കുകയും നിലനിര്‍ത്തുകയും അതിന്‍റെ ഇരകളെ ദാനധര്‍മ്മത്തിലൂടെ അപഹസിക്കുകയും ചെയ്യുന്നു. അങ്ങിനെ വരേണ്യതയുടെ വക്താവും സംരക്ഷകനും ദല്ലാളുമായി സഭ കാലാകാലങ്ങളായി നിലനില്‍ക്കുന്നു. ദുര്‍ബലരോടുള്ള കരുതല്‍ നീതിയുടെ മാനദണ്ഡമായി കണക്കാക്കാമെങ്കില്‍ ദളിതരോടും സ്ത്രീകളോടുമുള്ള ക്രൈസ്തവസഭകളുടെയും സമൂഹത്തിന്‍റെയും മനോഭാവം മാത്രം മതി അനീതിയുടെ ആഴം തിരിച്ചറിയാന്‍.ദളിത് ക്രൈസ്തവര്‍ 'ക്രിസ്തുമതത്തിന്‍റെ പുറവഴിയേ നാം അനാഥരെന്നപോല്‍ സഞ്ചരിച്ചില്ലേ' എന്ന പൊയ്കയില്‍ അപ്പച്ചന്‍ എന്ന പൊയ്കയില്‍ ശ്രീകുമാര ഗുരുവിന്‍റെ വിലാപം മാത്രം മതി ദളിത് സമൂഹത്തോട് നാം ചെയ്യുന്ന പൊറുക്കാനാവാത്ത ചതിയുടെ ആഴം മനസിലാക്കാന്‍. അടിമത്തത്തിന്‍റെ കാലത്ത് പുലയനെയും പറയനെയും പാടത്തും പറമ്പത്തും അടിമകളാക്കിയവര്‍ അവര്‍ ക്രിസ്ത്യാനികളായപ്പോള്‍ പുലക്രിസ്ത്യാനിയും പറക്രിസ്ത്യാനിയുമായി വേര്‍തിരിച്ചു നിര്‍ത്തി.
 
'പറയനൊരു പള്ളി
പുലയനൊരു പള്ളി
മീന്‍പിടുത്തക്കാരന്‍
മരയ്ക്കാനൊരു പള്ളി'
(പൊയ്കയില്‍ അപ്പച്ചന്‍)
 
എന്ന് വേദനയോടെ തിരിച്ചറിഞ്ഞ് അവരില്‍ ബഹുഭൂരിപക്ഷവും പള്ളിയുടെ പടിയിറങ്ങിപ്പോയി. അവരില്‍ പലരും അവിടെയും ഇവിടെയും ഇല്ലാതെ അനാഥരായി അലയുന്നു. അവശേഷിച്ച ദളിത് ക്രൈസ്തവര്‍ സഭയുടെ പിന്നാമ്പുറങ്ങളില്‍ കുടിലുകെട്ടി പാര്‍ക്കുന്നു. തങ്ങളുടെ നിരവധിയായ സ്ഥാപനങ്ങളില്‍ ദളിതന് കാര്യമായ ഒരു സ്ഥാനവും നല്‍കാത്ത സഭ, ദളിത്ക്രൈസ്തവന് സംവരണാനുകൂല്യത്തിനായി സര്‍ക്കാരിനോട് സമരം ചെയ്ത് അപഹാസ്യരാകുന്നു.
 
സ്ത്രീകളും സഭയും
 
വചനപ്രഘോഷണകേന്ദ്രങ്ങളിലും മധ്യസ്ഥപ്രാര്‍ത്ഥനാകേന്ദ്രങ്ങളിലും ആള്‍ക്കൂട്ടസാന്നിധ്യമായും വിഭവസമാഹരണത്തിന്‍റെ പ്രധാന സ്രോതസ്സായും സഭയുടെ മനുഷ്യമൂലധനത്തിന്‍റെ മുഖ്യപങ്കായി നിലനില്‍ക്കുന്ന സ്ത്രീകളോടുള്ള സഭയുടെ നിലപാട് മാനവികതയുടെ ഒരു കാലത്തെയും അളവുകോലുകളോട് യോജിക്കുന്നില്ല. ചില ക്രൈസ്തവസഭകളെങ്കിലും സ്ത്രീകളെ പുരോഹിതരാക്കുകയും മറ്റുചിലര്‍ അതെക്കുറിച്ച് ചിന്തിച്ചുതുടങ്ങുകയും ചെയ്യുന്ന ഈ കാലത്ത് കാല്‍കഴുകല്‍ ശുശ്രൂഷയില്‍പോലും അവരെ പങ്കെടുപ്പിക്കില്ല എന്നു ശഠിക്കുന്നത് സ്ത്രീകള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കില്ല എന്ന ഏതോ കാലത്തുണ്ടായിരുന്ന വിശ്വാസത്തിന് തുല്യമാണ്. സ്ത്രീകളെ രണ്ടാംതരക്കാരായി നിലര്‍ത്തുന്നതിലും ലിംഗനീതിയിലേക്കുള്ള മുന്നേറ്റത്തെ പിന്നോട്ടടിക്കുന്നതിലും സഭ വഹിക്കുന്ന പങ്ക് ചെറുതല്ല.
 
ക്രൈസ്തവസ്ത്രീകള്‍ക്ക് കുടുംബസ്വത്തില്‍ തുല്യാവകാശത്തിനായി മേരിറോയി നടത്തിയ നിയമവ്യവഹാരത്തില്‍ സഭയുടെ നിലപാട് സ്ത്രീവിരുദ്ധമെന്നു മാത്രമല്ല നിയമവിരുദ്ധം കൂടിയായിരുന്നു എന്ന് സുപ്രീംകോടതി വിധിയിലൂടെ വ്യക്തമാകുന്നു. സഭയിലും സമൂഹത്തിലും വീടകങ്ങളിലും തങ്ങളുടെ രണ്ടാം സ്ഥാനം തിരിച്ചറിയാന്‍ കഴിയാത്തവിധം ക്രൈസ്തവസ്ത്രീകള്‍ ആണ്‍കോയ്മയെ അത്രമേല്‍ സ്വാംശീകരിച്ചിരിക്കുന്നു.
 
സ്ഥാപനവല്‍ക്കരണവും അനുഷ്ഠാനപരതയും
 
സ്ഥാപനവല്‍ക്കരണവും അനുഷ്ഠാനപരതയും മുഖമുദ്രയാക്കിയ സമൂഹത്തിന് നീതിയില്‍ അധിഷ്ഠിതമായ ഭൗതികജീവിതവും ജീവസുറ്റ ആത്മീയജീവിതവും കൈവരിക്കാനാവില്ല.
 
നിലനില്‍പ്പിന് തന്ത്രങ്ങള്‍ പയറ്റേണ്ടിവരുന്ന സ്ഥാപനങ്ങള്‍ക്ക് നീതിയെ മുറുകെപിടിക്കാനാവില്ല. അനുഷ്ഠാനങ്ങളെ മുറുകെപിടിക്കുമ്പോള്‍ അന്വേഷണം  അവസാനിക്കുന്നു. അത് ആത്മീയമരണത്തില്‍ കലാശിക്കുന്നു.
 
പുതുമയാര്‍ന്ന ജീവിതരീതിയായ ക്രൈസ്തവികതയ്ക്ക് അതിനാല്‍തന്നെ സ്ഥാപനവല്‍ക്കരിക്കപ്പെടാനും അനുഷ്ഠാനപരമാവാനും സാധ്യമല്ല. പുതിയൊരു മതം സ്ഥാപിക്കുക യേശുവിന്‍റെ ഉദ്ദേശ്യമായിരുന്നില്ലെന്നോര്‍ക്കുക. അതിന്‍റെ സൂചനകളൊന്നും സുവിശേഷങ്ങളിലൊന്നും കാണാനില്ല. മുന്‍പ് ക്രിസ്തുമതം എന്നല്ല ക്രിസ്തുമാര്‍ഗം എന്നാണ് പറഞ്ഞിരുന്നത് എന്ന് ഓര്‍മ്മിച്ചെടുക്കുമ്പോള്‍ ആ വ്യത്യാസം മനസിലാക്കാനാവും. മറ്റുമതങ്ങളുമായി സംവദിക്കുന്നതിനുളള ഭാഷയോ ഭൗതികത ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടുന്നതിനുള്ള കരുക്കളോ സഭയ്ക്കില്ല. താന്‍പോരിമയുടെയും തര്‍ക്കുത്തരത്തിന്‍റെയും തെറ്റാവരത്തിന്‍റെയും ഭാഷ മാത്രം കൈവശമുള്ളതിനാല്‍ ഭാരതത്തിന്‍റെ ബഹുസ്വരതയില്‍നിന്ന് എന്തെങ്കിലും സ്വീകരിക്കുവാനോ സ്വയം നവീകരിക്കാനോ നമുക്കു സാധിക്കുന്നില്ല. നമ്മില്‍തന്നെ അടയിരുന്ന് നമ്മില്‍ത്തന്നെ അഭിരമിച്ച് ആത്മരതിയില്‍ പുളകംകൊള്ളുന്ന അടഞ്ഞസമൂഹമാണ് നാം.
 
ഫ്രാന്‍സീസ് ഒരു ഓര്‍മപ്പെടുത്തല്‍
 
മൂന്നാം നൂറ്റാണ്ടില്‍ കോണ്‍സ്റ്റന്‍റയിന്‍ ചക്രവര്‍ത്തിയാല്‍ റോമാസാമ്രാജ്യത്തിലേക്ക് ദത്തെടുക്കപ്പെട്ട ക്രൈസ്തവസഭ അചിരേണ സാമ്രാജ്യസഭയായി വളര്‍ന്നു. റോമാസാമ്രാജ്യത്തിന്‍റെ തകര്‍ച്ചയെതുടര്‍ന്ന് രാഷ്ട്രീയാധികാരം കൂടി കൈക്കലാക്കിയ കത്തോലിക്കാസഭ ഇന്നസെന്‍റ് മൂന്നാമന്‍ മാര്‍പ്പാപ്പയുടെ കാലത്ത് ഐശ്വര്യത്തിന്‍റെ കൊടുമുടിയിലെത്തി. രാജാക്കന്മാരെയും രാജകുമാരന്മാരെയും വരുതിയില്‍ നിര്‍ത്തിയും സമര്‍ത്ഥമായ രാഷ്ട്രീയതന്ത്രങ്ങള്‍ മെനഞ്ഞും വേണ്ടിവന്നപ്പോള്‍ ബലം പ്രയോഗിച്ചും മാര്‍പ്പാപ്പ യൂറോപ്പ് കീഴടക്കി. ജറൂസലേമിലേക്ക് കുരിശുയുദ്ധക്കാരെ അയച്ച് സഭയുടെ അന്തസ് വീണ്ടെടുക്കാന്‍ ശ്രമിച്ചു
ലോകം കീഴടക്കാന്‍ തന്ത്രം മെനഞ്ഞുകൊണ്ടിരുന്ന ഇന്നസെന്‍റ് മാര്‍പ്പാപ്പയുടെ മുന്നില്‍ ദാരിദ്ര്യത്തിന്‍റെ സുവശേഷാത്മക ജീവിതം ജീവിക്കാന്‍ അനുവദിക്കണമെന്ന വിചിത്രമായ ആവശ്യവുമായി അസീസിയില്‍നിന്ന് ഒരു കൊച്ചുമനുഷ്യനെത്തി - ഫ്രാന്‍സീസ്. ആ കണ്ടുമുട്ടല്‍ ചരിത്രമായി. അത് സഭയെ പുതുക്കിപ്പണിതു. ക്രിസ്തുവിലേക്ക്, അവന്‍റെ മൗലികതയിലേക്ക് സഭയെ മടക്കിക്കൊണ്ടുവന്നു.
 
ഒരു മടങ്ങിപ്പോക്ക് കേരളത്തിലെ സഭയ്ക്കും ആവശ്യമുണ്ട്. അല്ലെങ്കില്‍ കേരളസഭ ഒരിക്കലും അഭിമുഖീകരിച്ചിട്ടില്ലാത്ത ആ നസ്രത്തിലെ യേശുവിനെ കണ്ടെടുക്കേണ്ടതുണ്ട്. അവന്‍ മുന്നോട്ടുവച്ച നീതിയുടെയും സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സമത്വത്തിന്‍റെയും രാഷ്ട്രീയം കണ്ടെത്തേണ്ടതുണ്ട്. അതിന്‍റെ പതാകവാഹകരാകേണ്ടതുണ്ട്. ലോകഗുരുവായ യേശു മുന്നോട്ടുവച്ച ആത്മാവിലും സത്യത്തിലും ദൈവത്തെ ആരാധിക്കുന്ന ധ്യാനാത്മകവും അനുഭൂതിസാന്ദ്രവുമായ ആത്മീയവഴിയാല്‍ ആത്മാന്വേഷണം തുടങ്ങേണ്ടതുണ്ട്. സമഗ്രവും സമ്യക്കും സനാതനവും സരളവുമായ ക്രിസ്തുമാര്‍ഗത്തിലൂടെ ക്രിസ്ത്യാനികളാകേണ്ടതുണ്ട്. നാം ഇതുവരെയും ക്രിസ്ത്യാനികള്‍ ആയിരുന്നില്ലല്ലോ.
 
"കര്‍ത്താവേ കര്‍ത്താവേ എന്ന് എന്നെ വിളിച്ചപേക്ഷിക്കുന്നവനല്ല, എന്‍റെ സ്വര്‍ഗസ്ഥനായ പിതാവിന്‍റെ ഇഷ്ടം നിറവേറ്റുന്നവനാണ് സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക.  അന്ന് പലരും എന്നോട് ചോദിക്കും. കര്‍ത്താവേ, കര്‍ത്താവേ ഞങ്ങള്‍ നിന്‍റെ നാമത്തില്‍ പ്രവചിക്കുകയും നിന്‍റെ നാമത്തില്‍ പിശാചുക്കളെ പുറത്താക്കുകയും നിന്‍റെ നാമത്തില്‍ നിരവധി അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തില്ലേ. അപ്പോള്‍ ഞാന്‍ അവരോടു പറയും. ഞാന്‍ നിങ്ങളെ ഒരിക്കലും അറിഞ്ഞിട്ടില്ല. അനീതി പ്രവര്‍ത്തിക്കുന്നവരേ എന്നില്‍നിന്ന് അകന്നുപോകുവിന്‍" (മത്തായി 7:22-23)
 
* യേശു നസ്രത്തില്‍ ജനിച്ചിരിക്കാനാണ് സാധ്യതയെന്ന് ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. പ്രവചനങ്ങളുടെ പൂര്‍ത്തീകരണമായ മിശിഹായാണ് യേശുവെന്ന യഹൂദക്രൈസ്തവപാരമ്പര്യമായിരിക്കണം യൂദയായിലേക്കുള്ള യാത്ര, ബേത്ലഹേമിലെ ജനനം, തുടങ്ങിയ രേഖപ്പെടുത്തലുകള്‍ക്ക് അടിസ്ഥാനം.
 
**ഏശാവിന്‍റെ പിന്‍ഗാമികള്‍

You can share this post!

അനുസരിച്ച് അപചയപ്പെടുമ്പോള്‍

ജിജോ കുര്യന്‍
അടുത്ത രചന

ഇലക്ടറല്‍ ബോണ്ട് എന്ന ഗുണ്ടാപിരിവ്

എം. കെ. ഷഹസാദ്
Related Posts