news-details
എഡിറ്റോറിയൽ

ഇന്നു നമ്മള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഇന്ദ്രിയം കണ്ണുകളാണ്. മനുഷ്യന്‍റെ ഏറ്റവും വികസിച്ച ഇന്ദ്രിയവും അതുതന്നെ. നമ്മുടെ ഓര്‍മ്മകള്‍, അനുഭവങ്ങളൊക്കെ എത്ര മിഴിവാര്‍ന്ന ചിത്രങ്ങളാണ്. നമ്മള്‍ സ്വപ്നങ്ങള്‍ പോലും കാണുകയാണ്, കേള്‍ക്കുകയല്ല. കൂടുതല്‍ കാര്യങ്ങളും നമ്മുടെ ബോധമണ്ഡലത്തിലേക്ക് എത്തുന്നതു കാഴ്ചയിലൂടെയാണ്. അതുകൊണ്ടുതന്നെ വ്യക്തമായ കാഴ്ചയാണ് നമ്മുടെ വ്യക്തിത്വത്തെ തീരുമാനിക്കുന്നത്, നിശ്ചയിക്കുന്നത്.

കടല്‍ കാണുന്ന കുട്ടിയും കമിതാക്കളും കവിയും വൃദ്ധരും ഒക്കെ കാണുന്നത് ഒരേ കടലും തിരയും ചക്രവാളങ്ങളും തന്നെയാണെങ്കിലും അനുഭവങ്ങള്‍ വ്യത്യസ്തമാണ്. കുട്ടിക്ക് കൂടെ കളിക്കുന്ന തിരകള്‍, കമിതാക്കള്‍ക്കു സമുദ്രത്തേക്കാള്‍ ആഴമുള്ള തങ്ങളുടെ സ്നേഹം, ചക്രവാളസീമകളില്‍ വര്‍ണം വിതയ്ക്കുന്ന സൂര്യന്‍റെ രശ്മികള്‍ കവിക്ക് കവിത, പോയകാലത്തിന്‍റെ ഓര്‍മ്മകളുടെ സൂക്ഷിപ്പുകാരിയായ കടല്‍ വൃദ്ധര്‍ക്ക്. അങ്ങനെ ഒരേ കാഴ്ചതന്നെ വ്യത്യസ്തമായ അനുഭവങ്ങള്‍ ആണ് മനുഷ്യനു സമ്മാനിക്കുന്നത്. ഈ അനുഭവങ്ങള്‍ സൃഷ്ടിക്കപ്പെട്ടത് അവരുടെ ജീവിതാനുഭവങ്ങളില്‍ നിന്നാണ്. അവര്‍ കണ്ട കാഴ്ചകള്‍, അറിഞ്ഞ നൊമ്പരങ്ങള്‍ അങ്ങനെയങ്ങനെ... കണ്ണുകള്‍ക്കു മുന്‍പിലെത്തുന്ന ഓരോ ദൃശ്യങ്ങളും ഉള്ളിലുണര്‍ത്തുന്ന ഓര്‍മ്മകളും ചിന്തകളും അറിവുകളും അനുഭൂതികളും ഒക്കെ ചേര്‍ന്നാണു കാഴ്ചകള്‍ രൂപപ്പെടുന്നത്. അതായതു പുറമേയുള്ള കണ്ണുകള്‍പോലെതന്നെ ഒരു ഉള്‍ക്കണ്ണും നമുക്കുണ്ട്.

ആന്തരികനയനങ്ങള്‍ എന്നു നമ്മള്‍ വിളിക്കുന്ന ഉള്‍ക്കാഴ്ച തെളിമയുള്ളതാകുമ്പോഴാണ് നമുക്കും തെളിമയുള്ള കാഴ്ചകളും കാഴ്ചപ്പാടുകളും ദര്‍ശനങ്ങളും ഉണ്ടാവുക. പ്രകാശമാണ് നമുക്കു കാഴ്ചകള്‍ സമ്മാനിക്കുന്നത്. അതുപോലെ ആന്തരികനയനങ്ങളുടെ പ്രകാശമാണ് ഉള്‍ക്കാഴ്ചയുള്ളവരായി നമ്മെ മാറ്റുന്നത്. ഉള്ളിലെ പ്രകാശത്തിന്‍റെ തോതനുസരിച്ച് ഓരോരുത്തരുടെയും വീക്ഷണങ്ങളും കാഴ്ചപ്പാടുകളും വ്യത്യസ്തമാകുന്നു. അതാണല്ലോ ഈശോ പഠിപ്പിക്കുന്നതു കണ്ണാണു ശരീരത്തിന്‍റെ വിളക്ക്. കണ്ണ് കുറ്റമറ്റതെങ്കില്‍ ശരീരം മുഴുവന്‍ പ്രകാശിക്കും. കണ്ണു ദുഷിച്ചതാണെങ്കിലോ ശരീരം മുഴുവനും ഇരുണ്ടുപോകും(ലൂക്കാ 11/34). ശരീരം എന്നതു ജീവിതം എന്ന അര്‍ത്ഥത്തിലെടുക്കാവുന്നതേയുള്ളു. ആന്തരിക പ്രകാശം നിറഞ്ഞവരുടെ കാഴ്ചയും കാഴ്ചപ്പാടും വ്യത്യസ്തമാണ്.

പ്രലോഭകന്‍ ഈശോയെ കല്ലുകള്‍ കാണിച്ച് അപ്പമാക്കാനും, ലോകം കാണിച്ചു സ്വന്തമാക്കാനും, ഗോപുരത്തിനു മുകളില്‍നിന്നു ചാടി ആള്‍ക്കൂട്ടത്തിനു മുന്‍പാകെ ആളാകാനുമാണ് പ്രലോഭിപ്പിക്കുന്നത്. കൃത്യമായ കാഴ്ചയുള്ളതുകൊണ്ട് ഈശോ അവയെ അതിജീവിക്കുന്നു. മുമ്പിലുണ്ടായിരുന്ന കാഴ്ചകളെക്കുറിച്ചു വെളിച്ചമുണ്ടായിരുന്നതുകൊണ്ടാണ് ഈശോ പലപ്പോഴും ജനക്കൂട്ടത്തിന്‍റെ പ്രലോഭനങ്ങളിലും വീഴാതിരുന്നത്. ഈ ഒരു പ്രകാശം കിട്ടിയ സക്കേവൂസ് സ്വത്ത് ഉപേക്ഷിക്കുന്നു. മറിയം തൈലകുംഭം അവന്‍റെ കാല്ച്ചുവട്ടില്‍ ഉപേക്ഷിക്കുന്നു. പത്രോസും കൂട്ടരും വഞ്ചി ഉപേക്ഷിക്കുന്നു.

പ്രഭാതമാകുന്നത് എപ്പോഴാണ് എന്ന ഗുരുവിന്‍റെ ചോദ്യത്തിന് ശിഷ്യര്‍ക്കു പല ഉത്തരങ്ങളുണ്ടായിരുന്നു. ഒരാള്‍ പറഞ്ഞു, "അങ്ങു ദൂരെ നില്ക്കുന്നതു മരമാണോ, മനുഷ്യരാണോ എന്നു തിരിച്ചറിയാന്‍ കഴിയുമ്പോള്‍"; "മുന്നോട്ടു പോകാന്‍ തക്കവിധം വഴി വ്യക്തമായി മാറുമ്പോള്‍" എന്നു മറ്റൊരാള്‍. ഒരു ഉത്തരത്തിലും ഗുരു തൃപ്തനായില്ല. അപ്പോള്‍ ഗുരുവിന്‍റെ ഉത്തരമെന്തെന്ന് അവര്‍ ആരാഞ്ഞു. അടുത്തുനില്ക്കുന്നയാള്‍ സ്വന്തം സഹോദരനാണെന്നു തിരിച്ചറിയുമ്പോഴാണു ശരിക്കും പ്രഭാതമാകുന്നത്, പ്രകാശമുദിക്കുന്നത്. ഇത്തരമൊരു പ്രകാശം വല്ലാതെ കൈമോശം വരുന്നുണ്ട് നമുക്ക്. കാഴ്ചകളുടെ ഒരു ഭ്രമലോകത്താണു ദിവസത്തിന്‍റെ കൂടുതല്‍ ഭാഗവും നാം ചെലവഴിക്കുന്നത്. നമ്മുടെ മുന്നിലെത്തുന്ന എല്ലാ കാഴ്ചകളും ഒരു തരം ഫില്‍ട്ടറിംഗിനു വിധേയമാക്കേണ്ടതുണ്ട്.  പ്രത്യേകിച്ചു കാഴ്ചകള്‍ വ്യക്തിത്വരൂപീകരണത്തില്‍, ചിന്താധാരയില്‍ ഒക്കെ സ്വാധീനം ചെലുത്തുന്നതാകയാല്‍ നമ്മുടെ കുട്ടികള്‍ക്കും ഈ ദൃശ്യസാക്ഷരത നല്കേണ്ടതുണ്ട്.

"നീയെന്തു കാണുന്നു?" "ഞാന്‍ മനുഷ്യരെ കാണുന്നു, പക്ഷേ അവര്‍ മരങ്ങളെപ്പോലെയിരിക്കുന്നു." യേശു രണ്ടാം തവണയും ആ അന്ധന്‍റെ കണ്ണുകളില്‍ സ്പര്‍ശിച്ചു. അപ്പോള്‍ അയാള്‍ എല്ലാം വ്യക്തമായി കാണാന്‍ തുടങ്ങി. മനുഷ്യനെ മരങ്ങളായി കാണുന്ന അവസ്ഥയെക്കുറിച്ചാണ് ജി. കടൂപ്പാറയില്‍ അച്ചന്‍ എഴുതുന്നത്. കാഴ്ചകള്‍ ശക്തമായ ഓര്‍മ്മകളായി നമ്മുടെയുള്ളില്‍ നിറയുന്നതിനെക്കുറിച്ച്  സ്വന്തം അനുഭവങ്ങളില്‍നിന്നു ലൈജു അച്ചന്‍ സംസാരിക്കുന്നു. ദൃശ്യ-സാമൂഹിക മാധ്യമങ്ങളിലൂടെ കൈമാറുന്ന നിരവധിയായ കാഴ്ചകളെപ്പറ്റിയും അവയുടെ പിന്നാമ്പുറങ്ങളെക്കുറിച്ചും അവ എപ്രകാരമാണ് നമ്മില്‍ സ്വാധീനം ചെലുത്തുന്നത് എന്നും ജിനു കെ. വര്‍ഗീസ് എഴുതുന്നു. കലയുടെ വിവിധ തലങ്ങളെക്കുറിച്ചും കാഴ്ചയുടെ സങ്കേതങ്ങളെക്കുറിച്ചും ദൃശ്യകലയെ എങ്ങനെ സമീപിക്കാമെന്നതിനെക്കുറിച്ചും നിസ്സാ സൂസന്‍ സംസാരിക്കുന്നു. കാഴ്ചയും അതിനോടനുബന്ധിച്ചുള്ള മസ്തിഷ്ക പ്രവര്‍ത്തനങ്ങളും ഡോ. അരുണ്‍ വിശദീകരിക്കുന്നു.  ലിന്‍സി വര്‍ക്കിയുടെ മനോഹരമായ  കഥയും മറ്റു സ്ഥിരം പംക്തികളും ഇത്തവണത്തെ അസ്സീസിയെ ഈടുറ്റതാക്കുന്നു.


എല്ലാവര്‍ക്കും അസ്സീസി കുടുംബത്തിന്‍റെ പുതുവത്സരാശംസകള്‍!!!

You can share this post!

മുഖക്കുറിപ്പ്

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
അടുത്ത രചന

മുഖക്കുറിപ്പ്

റോണി കിഴക്കേടത്ത്
Related Posts