news-details
ഇടിയും മിന്നലും

ഒരൊന്നൊന്നര ധ്യാനഗുരു

എന്നെ നേരിട്ടു പരിചയമില്ല, അടുത്തുള്ള കോണ്‍വന്‍റിലെ ഒരു സിസ്റ്ററിനെ പരിചയമുണ്ട്, ആ സിസ്റ്റര്‍ പറഞ്ഞുള്ള അറിവിലാണു വിളിക്കുന്നതെന്ന ആമുഖത്തോടെയായിരുന്നു അയാള്‍ സംസാരം തുടങ്ങിയത്.

"അച്ചനവിടെയൊരു ധ്യാനമന്ദിരം നടത്തുന്നുണ്ടെന്നറിഞ്ഞു, അതിന്‍റെ കാര്യമൊന്നറിയാനാണു വിളിക്കുന്നത്."

"ആരോ ഇദ്ദേഹത്തെ തെറ്റിധരിപ്പിച്ചതാണ്, ഇതൊരു ആശ്രമമാണല്ലോ സഹോദരാ. സ്വസ്ഥമായി വന്നിരുന്നു പ്രാര്‍ത്ഥിക്കാനോ ധ്യാനിക്കാനോ താല്‍പര്യമുള്ളവര്‍ക്കു വേണ്ട സൗകര്യങ്ങള്‍ ഞങ്ങള്‍ ചെയ്തു കൊടുക്കും എന്നല്ലാതെ ധ്യാനമന്ദിരമായിട്ടൊന്നുമില്ല, പ്രാര്‍ത്ഥനാഭവനം എന്നു പറയുന്നതാകും കൂടുതല്‍ ഉചിതം."

"അച്ചന്മാര്‍ക്കുവേണ്ടി മാത്രമേയുള്ളോ, അതോ ഞങ്ങളേപ്പോലെയുള്ള അല്‍മായര്‍ക്കും വരാമോ?"

"ആര്‍ക്കുവേണമെങ്കിലും വരാം. അച്ചന്മാര്‍ക്കും സിസ്റ്റേഴ്സിനും മുന്‍ഗണനയുണ്ടെങ്കിലും ആരെയും ഞങ്ങള്‍ ഒഴിവാക്കുന്നില്ല. കുടുംബമായിട്ടു വന്നാലും സ്വാഗതംചെയ്യും."

"ഞങ്ങള്‍ മൂന്നുപേരുണ്ടച്ചാ. കുടുംബമല്ല. ഞങ്ങള്‍ റിട്ടയര്‍ ചെയ്തവരാണ്. വര്‍ഷങ്ങളായി ഞങ്ങളു മൂന്നുപേരും ഒരുമിച്ച് ഈസ്റ്ററിനുമുമ്പ് നാലഞ്ചുദിവസം എവിടെയെങ്കിലും ധ്യാനത്തിനു പോകാറുണ്ടായിരുന്നു. കോവിഡുകാരണം കഴിഞ്ഞകൊല്ലം അതു മുടങ്ങി. അതുകൊണ്ട് ഇക്കൊല്ലം ക്രിസ്മസ്സിനു മുമ്പ് ധ്യാനിക്കാമെന്നുവച്ചു. അന്വേഷിച്ചപ്പോള്‍ ഒരിടത്തും ധ്യാനമില്ല. അങ്ങനിരുന്നപ്പോളാണ് വാഗമണ്ണില്‍ അച്ചന്‍ നടത്തുന്നുണ്ടെന്നറിഞ്ഞത്. അതുകൊണ്ടാണു വിളിച്ചത്. ഞങ്ങളു വന്നോട്ടെ അച്ചാ?"

"താല്‍പര്യമുണ്ടെങ്കില്‍ പോന്നോളൂ, ഒരുതടസ്സവുമില്ല."

"ഒരു ചെറിയ പ്രശ്നംകൂടെയുണ്ടായിരുന്നു, ഞങ്ങളിലൊരാള്‍ ഓര്‍ത്തഡോക്സാണ്."

"പ്രാര്‍ത്ഥിക്കാന്‍ ആഗ്രഹിച്ചുവരുന്നവരാണെങ്കില്‍ ആരായാലും തടസ്സമില്ല. സുഖവാസത്തിനോ, കമ്പനികൂടാനോ വരുന്നവര്‍ക്ക് ഇവിടെ പ്രവേശനവുമില്ല."

അടുത്തദിവസംതന്നെ അവരെത്തി. അഞ്ചുദിവസം താമസിക്കാനൊരുങ്ങിയാണ് വന്നിരിക്കുന്നതെന്നു വന്നപ്പോളെ പറഞ്ഞു. പെരുമാറ്റത്തില്‍നിന്നും സംസാരത്തില്‍നിന്നും വളരെ ചിട്ടയായി ജീവിക്കുന്നവരാണെന്നു തോന്നി. ആശ്രമത്തിന്‍റെ റ്റൈംറ്റേബിളും ചിട്ടകളുമെല്ലാം പറഞ്ഞുകൊടുത്ത് താല്‍പര്യമെങ്കില്‍ വായിക്കാനുള്ള കുറെ പുസ്തകങ്ങളും പരിചയപ്പെടുത്തികൊടുത്തുകഴിഞ്ഞപ്പോള്‍ എന്‍റെ സൗകര്യമനുസരിച്ച് എത്രയും നേരത്തെ അവര്‍ക്ക് ഒരുമിച്ച് കാണാനും സംസാരിക്കാനും ആഗ്രഹമുണ്ടെന്നു പറഞ്ഞു. പിറ്റെദിവസം രാവിലെതന്നെ ആകാമെന്നു ഞാന്‍ സമ്മതിക്കുകയും ചെയ്തു. വളരെ അച്ചടക്കത്തോടെ കൃത്യമായി സമയക്രമം പാലിച്ച് സഹകരിച്ചായിരുന്നു വന്നപ്പോള്‍മുതല്‍ അവരുടെ ഓരോ നീക്കവും. പിറ്റെദിവസം രാവിലെ വി. കുര്‍ബ്ബാനകഴിഞ്ഞു ഞാന്‍ പറഞ്ഞു:

"ബ്രേക്ഫാസ്റ്റ് റെഡിയാണ്. അതുകഴിഞ്ഞാല്‍ താമസിയാതെ നിങ്ങളും റെഡിയായിക്കോളൂ. രാവിലെ എനിക്കല്‍പം സമയമുണ്ട്, സംസാരിക്കാം. സംസാരമെങ്ങാനും നീണ്ടുപോയാല്‍ കുടിക്കാന്‍ ഒരുകുപ്പി വെള്ളവുംകൂടെ കരുതുന്നതില്‍ തെറ്റില്ല."

അവരു വേഗം റെഡിയായി. അവരെയും കൂട്ടി ഞാന്‍ ആശ്രമത്തിന്‍റെ മുറ്റത്തേക്കിറങ്ങി.

"നിങ്ങളു നല്ല പാകതയുള്ളവരാണെന്നു തോന്നിയതുകൊണ്ടു നിങ്ങള്‍ക്കുവേണ്ടി ഞാനൊരു പ്രത്യേക ധ്യാനഗുരുവിനെ ഏര്‍പ്പാടാക്കിയിട്ടുണ്ട്. പരിചയപ്പെടുത്തിത്തരാം."

അതുംപറഞ്ഞ് ഞങ്ങളുടെ കോമ്പൗണ്ടിനകത്തേക്കുള്ള നടപ്പാതയിലേക്കു ഞാന്‍ നീങ്ങി. ധ്യാനഗുരുവിനെ കാണാന്‍ കാട്ടിലേക്കാണോ പോകുന്നതെന്ന അമ്പരപ്പോടെ അവരെന്‍റെ പിന്നാലെ വന്നു. ഒരുപാടു മരങ്ങളും പാറക്കെട്ടുകളുമൊക്കെയുള്ള ഞങ്ങളുടെ കോമ്പൗണ്ടിനുള്ളിലേക്കു അവരെയുംകൂട്ടി നടന്നു. സൗകര്യമായിട്ടിരിക്കാന്‍ പാകത്തിനുള്ള ഒരു പാറക്കൂട്ടത്തിലെത്തിയപ്പോള്‍ ഞങ്ങള്‍ ഇരുന്നു.

"ഈ തുറസ്സായ സ്ഥലത്തിങ്ങനെ കാറ്റുംകൊണ്ടു പ്രകൃതിസൗന്ദര്യവും ആസ്വദിച്ചിരിക്കുമ്പോള്‍തന്നെ നമ്മുടെയൊക്കെ തലമണ്ടയിലും മനസ്സിലുമൊക്കെയുള്ള അസ്വസ്ഥതകളൊത്തിരി അലിയും. പിരിമുറുക്കങ്ങളുണ്ടെങ്കില്‍ അയയും. സംശയങ്ങളുടെ ഉത്തരങ്ങള്‍ തെളിയും. ആശങ്കകള്‍ക്കൊത്തിരി ആശ്വാസംകിട്ടും. അങ്ങനെ എന്‍റെ പണിയും കുറയും. ഈ പ്രകൃതി തന്നെയാണ് ഏറ്റവും നല്ല ധ്യാനഗുരു."

"ഞങ്ങളു മൂന്നുപേരും മൂന്നു നാട്ടിലുള്ളവരാണച്ചാ. പത്തിരുപതു വര്‍ഷങ്ങള്‍ക്കുമുമ്പ് മംഗലപ്പുഴ സെമിനാരിയിലെ നോമ്പുകാല ധ്യാനത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ കണ്ടുമട്ടിയാണ് ഞങ്ങള്‍ സൗഹൃദത്തിലായത്. അതില്‍പിന്നെ ഇതുവരെ ഓരോവര്‍ഷവും ഞങ്ങളിലൊരാള്‍ എവിടെയെങ്കിലും നല്ല ഒരു ധ്യാനസെന്‍റര്‍ കണ്ടുപിടിച്ച് മൂന്നുപേര്‍ക്കുംകൂടി ബുക്കുചെയ്യുകയാണു പതിവ്."

"ഞങ്ങളുതമ്മില്‍ എല്ലാകാര്യങ്ങളും ഞങ്ങളു ഷെയറു ചെയ്യാറുണ്ട്. ഞങ്ങളുടെ കുടുംബങ്ങള്‍ തമ്മിലും നല്ല അടുപ്പത്തിലാണ്. ഞങ്ങളൊന്നിച്ച് അച്ചനെ കാണണമെന്നു പറഞ്ഞത് ഞങ്ങളു മൂന്നുപേരും ഒരുപോലെ വേദനിക്കുന്നത് ഒരേ പ്രശ്നത്തിന്‍റെ പേരിലാണ്, ഞങ്ങളുടെ മക്കളുടെ കാര്യത്തില്‍. എനിക്ക് അഞ്ചും, അദ്ദേഹത്തിനു നാലും, ഇദ്ദേഹത്തിന് രണ്ടും മക്കളാണ്. ഒരു മകളുള്ളത് എനിക്കുമാത്രമാണ്. ബാക്കി എല്ലാം ആണ്‍ കുട്ടികളാണ്. എല്ലാവര്‍ക്കും നല്ലവിദ്യാഭ്യാസവുമുണ്ട് ജോലിയുമുണ്ട്. എല്ലാവരുടെയും വിവാഹം കഴിഞ്ഞു. കുടുംബവും മക്കളുമായി സുഖമായി ജീവിക്കുന്ന അവരുടെ ആരുടെയും കുടുംബത്തിലോ ഞങ്ങളുടെ മൂന്നുപേരുടെയും കുടുംബത്തിലോ കുടുംബപ്രശ്നങ്ങള്‍ എന്നു പറയാവുന്ന ഒന്നും തന്നെയില്ലതാനും. സാമ്പത്തികമായി എല്ലാവരും വളരെനല്ല നിലയിലുമാണ്. പിന്നെയെന്താണ് പ്രശ്നമെന്ന് അച്ചന്‍ ചോദിക്കുമായിരിക്കും. പ്രതിവിധിയില്ലാത്ത വിഷയമാണെന്നറിയാം, എന്നാലും ഞങ്ങളാലോചിച്ചപ്പോള്‍ അച്ചനോടതൊന്നു പറയാമെന്നുവച്ചു.

ഞങ്ങളൊക്കെ ജോലിയിലായിരുന്നപ്പോളും, പലേടത്തും വാടകയ്ക്ക് താമസിക്കേണ്ടിവന്നപ്പോള്‍പോലും  പ്രാര്‍ത്ഥനയിലും പള്ളിക്കാര്യങ്ങളിലുമെല്ലാം വളരെ നിഷ്ഠയോടെ ജീവിച്ചവരാണ്. ഇപ്പോള്‍ റിട്ടയര്‍മെന്‍റു കഴിഞ്ഞും അതിനു യാതൊരു മാറ്റവുമില്ല. മക്കളെ വളര്‍ത്തിയതും അതേചിട്ടയില്‍തന്നെ. മക്കളാരും ഞങ്ങളെപ്പോലെ അത്രയും നിഷ്ഠയുള്ളവരല്ലായിരുന്നെങ്കിലും കുറേക്കാലം മുമ്പുവരെ വലിയ പ്രശ്നമില്ലായിരുന്നു. ഇപ്പോളവരാരുംതന്നെ പള്ളിയിലും പോകാറില്ല. ആത്മീയകാര്യങ്ങളിലൊന്നും അവര്‍ക്കു തീരെ താല്‍പര്യവുമില്ല. ഒരുപക്ഷേ ഞങ്ങളു നിര്‍ബ്ബന്ധിച്ചാല്‍ നിവൃത്തികേടുകൊണ്ട് അവരു ചെറിയ മാറ്റം വല്ലോം വരുത്തുമായിരിക്കും. പക്ഷേ അതു ഞങ്ങളും മക്കളും തമ്മിലുള്ള ബന്ധത്തില്‍ തീര്‍ച്ചയായിട്ടും ഉരസലുണ്ടാക്കും. അതുകൊണ്ടാണ് ഞങ്ങളാലോചിച്ചിട്ട് അതിനു തുനിയാതിരുന്നത്. ഞങ്ങളുടെ കൊച്ചുമക്കളുടെ കാര്യത്തിലാണ് ഞങ്ങളുടെ പേടി. അവരെല്ലാം കുഞ്ഞുങ്ങളാണ്. ഇവരിങ്ങനെ പോയാല്‍ അവരെങ്ങനെയായിത്തീരുമെന്ന് ഓര്‍ക്കുമ്പോളാണ് കൂടുതല്‍ വിഷമം."

"പ്രതിവിധിയില്ലാത്ത വിഷയമാണെന്നറിയാമെന്ന് നിങ്ങളുതന്നെ ആദ്യമെ തീരുമാനിച്ച സ്ഥിതിക്ക് ഞാന്‍ കൂടുതലൊന്നും പറയേണ്ട കാര്യമില്ലല്ലോ. എന്നിരുന്നാലും, കുറേക്കാലം മുമ്പുവരെ വലിയ പ്രശ്നമില്ലായിരുന്നു എന്നു പറഞ്ഞപ്പോള്‍ വലിയ പ്രശ്നമാകാന്‍ കുറേക്കാലംമുമ്പ് എന്തോ സംഭവിച്ചു കാണണമല്ലോ, അതെന്തായിരിക്കുംപോലും?"

അതുവരെ ഒന്നും മിണ്ടാതെയിരുന്ന ഓര്‍ത്തഡോക്സുകാരനാണ് അതിനു മറുപടി പറഞ്ഞത്.
"ഞാനാണച്ചാ ഇവരോടു പറഞ്ഞത്, ആദ്യംതന്നെ അച്ചനോടൊന്നു സംസാരിച്ചാല്‍ നന്നായിരിക്കുമെന്ന്. അതുകൊണ്ടു ഞാന്‍തന്നെ തുടങ്ങാം. എന്‍റെ മക്കളാണാദ്യം പള്ളീപ്പോക്കു നിര്‍ത്തിയത്. മൂന്നാലുകൊല്ലം മുമ്പത്തെ ഒരു സംഭവത്തിലാണു തുടക്കം. എന്‍റെ ഏറ്റവും അടുത്ത ഒരു ബന്ധു മരിച്ചു. സംസ്ക്കാരത്തിന് മക്കളും ഞങ്ങളെല്ലാവരും ഉണ്ടായിരുന്നു. മൃതദേഹവുമായി പള്ളിയുടെ മുമ്പിലെത്തിയപ്പോള്‍ പള്ളിയിലേക്കുള്ള റോഡിന്‍റെ ഗെയിറ്റും അടച്ച് അകത്ത് യാക്കോബായ വികാരിയച്ചനും ആള്‍ക്കൂട്ടവും. യാക്കോബായ ഓര്‍ത്തഡോക്സ് ചേരിപ്പോരിനു പേരുകേട്ട സ്ഥലമാണ് ഞങ്ങളുടെ പള്ളി. തമ്മില്‍ പോരുവിളിയും വാക്കേറ്റവും ചീത്തവിളിയുമെല്ലാമായി അരമണിക്കൂര്‍ കഴിഞ്ഞും തീരുമാനമാകാതെ വന്നപ്പോള്‍ ഞങ്ങളുടെ വികാരിയച്ചന്‍ ഗേറ്റു ചാടിക്കക്കാന്‍ ശ്രമം നടത്തിയതോടെ ഉന്തുംതള്ളുമായി. കേള്‍ക്കാന്‍ അറയ്ക്കുന്ന ചീത്തകള്‍ അച്ചന്മാരുതമ്മില്‍ പറയുന്നതുകേട്ടപ്പോള്‍ എന്‍റെ മക്കളുപറഞ്ഞു വേറെവിടെയെങ്കിലും കൊണ്ടുപോയി അടക്കാമെന്ന്. അതിനുള്ള ശ്രമവും വിജയിച്ചില്ല. ഒടുവില്‍ രണ്ടുമണിക്കൂര്‍ കഴിഞ്ഞു പോലീസെത്തി ബലമായി സംസ്ക്കരിക്കേണ്ടിവന്നു. അതുകഴിഞ്ഞു തിരിച്ചുവന്നതില്‍പിന്നെ മക്കളു നാലുപേരും പള്ളീല്‍ പോയിട്ടില്ല."

"എന്‍റെ മക്കളും ഇതുപോലെ മനസ്സു മടുത്താണ് ഇങ്ങനെയായത്. എന്‍റെ അപ്പന്‍ എസ്റ്റേറ്റു സൂപ്രണ്ടായിരുന്നു. എസ്റ്റേറ്റുക്വാര്‍ട്ടേഴ്സിലായിരുന്നു താമസം. ഞങ്ങളൊക്കെ ജനിച്ചതും വളര്‍ന്നതും അവിടെത്തന്നെയായിരുന്നു. അന്നവിടെ ലത്തീന്‍പള്ളി മാത്രമേ ഉണ്ടായിരുന്നുള്ളു. വീടിനു തൊട്ടടുത്തായിരുന്നതുകൊണ്ട് പള്ളിയുമായിട്ടു വളരെനല്ല ബന്ധവുമായിരുന്നു. എന്‍റെ മൂത്തമകന്‍റെ കല്യാണവും അവിടെ വച്ചായിരുന്നു. ഇളയവനായിരുന്നു പള്ളീലെ എല്ലാ കാര്യങ്ങളിലും മുമ്പിലുണ്ടായിരുന്നത്, പ്രത്യേകിച്ചും ഗായകസംഘത്തിന്‍റെ നേതാവ്. ഏഴെട്ടു കൊല്ലംമുമ്പ് അവിടെ അടുത്തൊരു സീറോ മലബാര്‍ പള്ളിവന്നു. അതുകഴിഞ്ഞപ്പോള്‍മുതല്‍ അവിടെത്തന്നെ ചെല്ലണമെന്ന് അച്ചന്‍ വന്നു നിര്‍ബ്ബന്ധമായി പറഞ്ഞപ്പോള്‍ കുറെ ദൂരമായിരുന്നെങ്കിലും ഞങ്ങളതനുസരിച്ചു. ഇളയവന്‍ മാത്രം ലത്തീന്‍പള്ളിയിലെ പാട്ടും പരിപാടിയുമെല്ലാമുണ്ടായിരുന്നതുകൊണ്ട് വല്ലപ്പോഴും മാത്രമേ വരാറുണ്ടായിരുന്നുള്ളു. അതു വികാരിയച്ചന് ഇഷ്ടപ്പെട്ടില്ല. അതിന്‍റെ വാശിക്ക് അവന്‍റെ കല്യാണം ആയപ്പോള്‍ അച്ചന്‍ അവനെ വല്ലാതെ കഷ്ടപ്പെടുത്തി. ഞാനും മൂത്തമകനും പലപ്രാവശ്യം ചെന്നു പറഞ്ഞെങ്കിലും അച്ചന്‍ ആവശ്യമില്ലാതെ അവനെ പലപ്രാവശ്യം നടത്തിച്ചു. കല്യാണം കഴിയുന്നതുവരെ ക്ഷമിക്കാന്‍ ഞാനും അവന്‍റെ ചേട്ടനും പറഞ്ഞതുകൊണ്ട് അവന്‍ പിടിച്ചുനിന്നു. കല്യാണം കഴിഞ്ഞതില്‍പിന്നെ അവനാ പള്ളിയില്‍ പോയിട്ടില്ല. താമസിയാതെ കൊറോണയും വന്നതോടെ ഒരുപള്ളീലും പോകുന്നില്ലെന്നായി. സഭേലെ തര്‍ക്കങ്ങളും പരസ്യമായ ഏറ്റുമുട്ടലുംകൂടെ ആയപ്പോള്‍ മക്കള്‍ രണ്ടുപേരും പള്ളീപ്പോക്കു നിര്‍ത്തി."

"ഇനിയച്ചാ, എന്‍റെ കാര്യം പറഞ്ഞാല്‍ ഇതിലും കോമ്പ്ളിക്കേറ്റഡാ. ഞങ്ങളുടെ വീടും ഇടവകപ്പള്ളിയുമായി മൂന്നുകിലോമീറ്റര്‍ അകലമുണ്ട്. ആ വഴിക്കു വല്ലപ്പോഴും ഒരു ബസ്സുമാത്രമേ ഉള്ളുതാനും. പത്തുമിനിറ്റു നടന്നാല് എത്താവുന്ന അകലത്തില്‍ ഒരു കൊവേന്തപ്പള്ളിയുണ്ട്. ഞായറാഴ്ചകളില്‍ ഞങ്ങള് ഇടവകപ്പള്ളിയിലാണു പോകാറുണ്ടായിരുന്നത്. പക്ഷേ ആമ്പിള്ളേരു നാലും സൗകര്യമോര്‍ത്ത് കൊവേന്തപ്പള്ളീലാണ് പോകാറുണ്ടായിരുന്നത്. നേരത്തെ ഉണ്ടായിരുന്ന വികാരിയച്ചന്‍ ദൂരത്തിന്‍റെ പ്രശ്നം മനസ്സിലാക്കിയതുകൊണ്ട് കൊവേന്തപ്പള്ളീല്‍ പോയാലുംമതി, പക്ഷേ ഞായറാഴ്ച വീട്ടില്‍നിന്ന് ആരെങ്കിലും ഇടവകപള്ളീലുണ്ടാകണം, കുട്ടികളെയുംകൊണ്ടു വേദപാഠത്തിനു ഉച്ചക്കുര്‍ബ്ബാനയ്ക്കു വന്നാലും മതിയെന്നു സമ്മതിച്ചിരുന്നതാണ്. വികാരിയച്ചന്‍ മാറിവന്നപ്പോള്‍ കുര്‍ബ്ബാന കണ്ടില്ലെങ്കിലുംവേണ്ടില്ല, മറ്റേപള്ളീല്‍ പോകണ്ട, ഇടവകപ്പള്ളീല്‍തന്നെ എല്ലാവരും വരണമെന്നു നിര്‍ബ്ബന്ധം പിടിച്ചു. ആണ്‍മക്കള് അതിനു വഴങ്ങാതിരുന്നതോടെ പ്രശ്നമായി. എന്‍റെ ഇളയ മകന്‍റെ കല്യാണം കഴിഞ്ഞിരുന്നില്ല. അവന്‍ കൂടെജോലി ചെയ്തിരുന്ന മറ്റൊരു സമുദായത്തില്‍പെട്ട പെണ്‍കുട്ടിയുമായി അടുപ്പത്തിലായി. ഞങ്ങളെതിര്‍ത്തെങ്കിലും പെണ്‍കുട്ടിയും കുടംബവും വളരെ നല്ലവരായിരുന്നതുകൊണ്ട് അവസാനം ഇങ്ങോട്ടു ചേരാമെന്നു സമ്മതിച്ച് കല്യാണമുറപ്പിച്ചു. അതൊരവസരമാക്കി അച്ചന്‍ അതിന് ഒരുപാട് ഉപാധികള്‍വച്ചു. ആമ്പിള്ളേരല്ലേ, പ്രത്യേകിച്ച് ഇങ്ങനൊരു സാഹചര്യവും. അവന്‍ മനസ്സുമടുത്തപ്പോള്‍ പോയി രജിസ്റ്റര്‍ചെയ്തു. അവിടെ തോറ്റതിന്‍റെപേരില്‍ അച്ചന്‍ ഞങ്ങളെയെല്ലാം വല്ലാതെ ആക്ഷേപിച്ചു. പള്ളിയില്‍ പ്രസംഗസമയത്തുപോലും വഴക്കുപറഞ്ഞു. അതോടെ മക്കളെല്ലാവരും പള്ളീപ്പോക്കു നിര്‍ത്തി.

ഞങ്ങളു മൂന്നുപേര്‍ക്കും ഒരുപോലെ സംഭവിച്ചെന്നു പറഞ്ഞപ്പോള്‍ അച്ചനോര്‍ക്കും ഞങ്ങളു കഥ പറയുകയാണെന്ന്. മക്കളോട് എന്തൊക്കെ ഞങ്ങളു പറഞ്ഞുകൊടുക്കാന്‍ നോക്കിയാലും അവര്‍ക്കിപ്പോള്‍ നേരെനിന്നു വാദിക്കാന്‍ ഇഷ്ടംപോലെ ന്യായങ്ങളുണ്ട്. മാര്‍പ്പാപ്പായുടെ വാക്കിനു വിലകല്‍പിക്കാത്ത മെത്രാന്മാരും, കര്‍ദ്ദിനാളു പറഞ്ഞാലും അനുസരിക്കാത്ത അച്ചന്മാരും, കള്ളരേഖപോലും ചമയ്ക്കാന്‍ ഉളുപ്പില്ലാത്ത സഭാനേതാക്കന്മാരും തെരുവിലും അരമനപ്പടിക്കലും ധര്‍ണനടത്തുന്ന പുരോഹിതരും പെറുക്കിപെറുക്കി കാണിക്കാന്‍ അവരുടെ കൈയ്യില്‍ തൊണ്ടിസാധനങ്ങള്‍ എത്രവേണമെങ്കിലുമുണ്ടല്ലോ."

അവരു പറഞ്ഞുതീര്‍ന്നെന്നു തോന്നിയപ്പോള്‍ ഞാന്‍ പറഞ്ഞു:

"കേട്ടതിന്‍റെ അടിസ്ഥാനത്തില്‍ വിചാരണ നടത്താനോ, ശരിയും തെറ്റും വിധിക്കാനോ ഞാന്‍ മുതിരുന്നില്ല. ഒന്നു തീര്‍ച്ചയാണ്, ആടിന്‍റെ ചൂര് അറിയാത്ത ഇടയന്മാരൊത്തിരിയുണ്ട് എന്നും അവര് ആടുകളെ ചിതറിക്കുന്നു എന്നുമുള്ള ഫ്രാന്‍സീസ് പാപ്പായുടെ തുറന്നു പറച്ചിലില്‍ സത്യമുണ്ട്. അതിനു പ്രതിവിധി തേടാന്‍ നമുക്കു നേരമില്ല. പക്ഷേ, നിങ്ങളുടെ മക്കളുടെ കാര്യത്തില്‍ പ്രതിവിധിയില്ല എന്ന് ആദ്യമെ വിധിയെഴുത്തു നടത്തിയിട്ടാണല്ലോ നിങ്ങള്‍ സംസാരിച്ചു തുടങ്ങിയത്. അവിടെയാണ് എനിക്കു ശക്തമായ വിയോജിപ്പുള്ളത്. നിങ്ങളാഗ്രഹിക്കുന്ന രീതിയുലുള്ള പ്രതിവിധിയില്ല എന്നു പറയുന്നതായിരിക്കില്ലേ സത്യം? മക്കളില്‍ മാറ്റം വന്നാലെ പ്രശ്നങ്ങള്‍ക്കു പരിഹാരമുണ്ടാകൂ എന്നല്ലേ നിങ്ങളിപ്പോളും ചിന്തിച്ചുറപ്പിച്ചിരിക്കുന്നത്? മറിച്ചൊന്നു ചിന്തിക്കാന്‍ ശ്രമിച്ചിട്ടുണ്ടോ? നിങ്ങള്‍ക്കു മാറ്റം വരുത്തുന്നതിനെപ്പറ്റി ഒന്നു ചിന്തിച്ചുതുടങ്ങ്. നിങ്ങളിപ്പോള്‍ ഇരിക്കുന്ന ഈ പാറ ഓരോന്നും അല്‍പംകൂടി കസേരപോലെ ആയിരുന്നെങ്കില്‍ എന്ന് ആഗ്രഹം തോന്നിയില്ലേ, ഈ മരം അല്‍പംകൂടി പന്തലു പോലെ ആയിരുന്നെങ്കില്‍ എന്ന് ആഗ്രഹം തോന്നിയില്ലേ? എന്നിട്ട് എന്തുകൊണ്ട് നിങ്ങള്‍ക്കു പരാതിയില്ല? അതിനു മാറ്റമൊന്നും വരില്ല എന്നു നിങ്ങള്‍ക്ക് ഉറപ്പുള്ളതുകൊണ്ട് നിങ്ങളതിനെ അംഗീകരിച്ചതുകൊണ്ടല്ലേ? മാറ്റാന്‍ പറ്റാത്തതിനെ അംഗീകരിക്കുമ്പോഴാണ് പ്രതിവിധി തെളിയുന്നത്.

അതോടൊപ്പംതന്നെ സമയം തമ്പുരാന്‍ തരുന്ന ഒറ്റമൂലിയാണ് എന്നു നമ്മള്‍ അറിയണം. മുറിവുകള്‍ മാന്തി ഇളക്കാതെ മുറിവുകളുണങ്ങാന്‍ സമയംകൊടുക്കൂ. സമയത്തിനു പകരംവയ്ക്കാന്‍ വേറെ മരുന്നില്ല. ആവലാതിയും വേവലാതിയും ഒന്നിനും പ്രതിവിധിയുമല്ല. ഏതായാലും മൂന്നുനാലു ദിവസങ്ങള്‍ നിങ്ങളിവിടെയുണ്ടല്ലോ. ഈ പ്രകൃതി തന്നെയാണ് ഞാന്‍ മുമ്പേ പറഞ്ഞ ആ ഏറ്റവും നല്ല ധ്യാനഗുരു. ഈ ധ്യാനഗുരു പുതിയ കാര്യങ്ങള്‍ നിങ്ങളെ പഠിപ്പിച്ചുതരും. കാത്തിരിക്കൂ."

അഞ്ചാം ദിവസം യാത്രപറയാന്‍വന്നപ്പോള്‍ ഞാന്‍ ചോദിക്കാതെതന്നെ അവരുടെ പ്രതികരണം വന്നു:

"അച്ചന്‍ അന്നു പറഞ്ഞ കാര്യം ഞങ്ങള്‍ ഓര്‍ത്തെടുത്തു കുറിച്ചിട്ടിട്ടുണ്ട്."

കുറിപ്പുനോക്കി അയാള്‍ വായിച്ചു: 'തുറസ്സായ സ്ഥലത്തു കാറ്റുംകൊണ്ടു പ്രകൃതിസൗന്ദര്യവും ആസ്വദിച്ചിരിക്കുമ്പോള്‍ നമ്മുടെയൊക്കെ തലയിലും മനസ്സിലുമൊക്കെയുള്ള അസ്വസ്ഥതകളൊക്കെ അലിയും. പിരിമുറുക്കങ്ങളുണ്ടെങ്കില്‍ അതെല്ലാമയയും. സംശയങ്ങളുടെയൊക്കെ ഉത്തരങ്ങള്‍ തെളിയും. ആശങ്കകള്‍ക്കെല്ലാം ആശ്വാസവുംകിട്ടും. ഈ പ്രകൃതി തന്നെയാണ് ഏറ്റവും നല്ല ധ്യാനഗുരു.'

"അച്ചന്‍ അന്നതു തമാശപോലെയാണു പറഞ്ഞതെങ്കിലും പറഞ്ഞതുമുഴുവന്‍ സത്യമാണെന്നു കഴിഞ്ഞ മൂന്നാലു ദിവസങ്ങള്‍കൊണ്ടു ഞങ്ങള്‍ക്കു മനസ്സിലായി. ചെറുപ്പക്കാരുടെ ഭാഷയില്‍ പറഞ്ഞാല്‍, ഈ പ്രകൃതി ഒരു ഒന്നൊന്നര ധ്യാനഗുരുവാണ്. ഈ കാട്ടിലെ നടപ്പാതയിലൂടെ ദിവസവും രണ്ടുമൂന്നു പ്രാവശ്യം ഞങ്ങളു നടക്കാറുണ്ടായിരുന്നു. ആരെങ്കിലും ധ്യാനിപ്പിക്കുന്ന ഒരു ധ്യാനമന്ദിരം ആഗ്രഹിച്ചായിരുന്നു ഞങ്ങള്‍ വന്നതെങ്കിലും ഇതാദ്യമാണ് പ്രകൃതിതന്നെ ധ്യാനം പ്രസംഗിക്കുന്ന അനുഭവം കിട്ടിയത്. ഒരു കാര്യം ഞങ്ങള്‍ക്കു നിസ്സംശയം ബോധ്യപ്പെട്ടു: മാറ്റംവരേണ്ടതു മക്കള്‍ക്കല്ല ഞങ്ങള്‍ക്കാണെന്ന്."
"അതു ബോധ്യപ്പെട്ടെങ്കില്‍ നിങ്ങളുടെ പരാതികള്‍ കുറയും, സമചിത്തത വീണ്ടെടുക്കും, പ്രതികരണങ്ങള്‍ മയപ്പെടും, സൗമ്യമായി സംസാരിക്കും. അതോടെ മക്കളിലും മാറ്റംവന്നുതുടങ്ങും. പക്ഷേ അതിനും ഒരൊന്നൊന്നര സമയമെടുക്കും. കാത്തിരിക്കണം."

You can share this post!

പുട്ടിയിട്ടു മിനുക്കിയ പാട്ടവണ്ടി

ഫാ. ജോസ് വെട്ടിക്കാട്ട്
അടുത്ത രചന

കോഴി കൂവുന്നുണ്ട്

ഫാ. ജോസ് വെട്ടിക്കാട്ട്
Related Posts