news-details
കഥപറയുന്ന അഭ്രപാളി
 
 
 
നിസാരതകളെ അവഗണിച്ച് അതിഭാവുകത്വം നിറഞ്ഞ കഥകളെ കൂട്ടുപിടിക്കുന്നതാണ് നമുക്ക് ഏറെ പ്രിയം. എന്നാല്‍ യാഥാര്‍ത്ഥ്യബോധത്തോടെ ഏറ്റവും ചെറുതിനെ അതിന്‍റെ മനോഹാരിതയില്‍ ശ്രദ്ധിക്കുന്നവര്‍ യഥാര്‍ത്ഥ മനുഷ്യരാണ്. കോമഡിയും, സസ്പെന്‍സും അവിശ്വസനീയമായ സംഘടനങ്ങളുംകൊണ്ട് മലയാള സിനിമാമേഖല വല്ലാതെ ജീര്‍ണ്ണിക്കുമ്പോള്‍, ആശ്വാസംപോലെ വന്ന സിനിമയാണ് 'കുഞ്ഞുദൈവം'. 2017 ലെ മികച്ച ബാലനടനുള്ള ദേശീയ അവാര്‍ഡ് ആദിഷ് പ്രവീണ്‍ എന്ന കൊച്ചുമിടുക്കന്‍ കരസ്ഥമാക്കിയത് കുഞ്ഞുദൈവമെന്ന ഈ നന്മനിറഞ്ഞ ചലച്ചിത്രത്തിലൂടെയാണ്. ജിയോ ബേബി എന്ന സംവിധായകന്‍റെ നിലപാടുകള്‍ പങ്കുവയ്ക്കുന്ന 'കുഞ്ഞുദൈവം' നിസാരമായതിന്‍റെ അസാധാരണത്വം ആസ്വാദകര്‍ക്ക് പകര്‍ന്ന് നല്‍കുന്നു.
 
ആരാവണം എന്നു ചോദിക്കുമ്പോള്‍ 'ഐ വാണ്ട് ടു ബികം എ സെയിന്‍റ്' എന്നു മറുപടി പറയുന്ന, മനമുരുകി പ്രാര്‍ത്ഥിച്ചാല്‍ ഉയരം വെക്കുമെന്നും പരീക്ഷമാറ്റിവെയ്ക്കുമെന്നുമൊക്കെ വിശ്വസിക്കുന്ന ഔസേപ്പച്ചന്‍റെ കഥയാണിത്. ഓസേപ്പച്ചന്‍റെ പ്രാര്‍ത്ഥനകളാണ് സിനിമ. ഭക്തിയും, വിശ്വാസവും ഒക്കെ ഒരാറാം ക്ലാസ്സുകാരന്‍റെ ജീവിതത്തിലുണ്ടാക്കുന്ന പ്രതിഫലനങ്ങള്‍ 'കുഞ്ഞുദൈവ'ത്തില്‍ നാം കാണുന്നു. അവസരവാദമനോഭാവത്തിന്‍റെ ചട്ടക്കൂടുകള്‍ തീര്‍ത്ത മതങ്ങളെയും സമൂഹത്തെയും ഒരല്‍പം ഇരുണ്ട വിമര്‍ശനത്തിന് വിധേയമാക്കുകയാണിവിടെ ആദിഷ് പ്രവീണിന്‍റെ കഥാപാത്രം. 90 മിനിട്ടില്‍ അവസാനിക്കുന്ന കുഞ്ഞുദൈവം യാതൊരു വിട്ടുവീഴ്ചയുമില്ലാതെയാണ് ആശയം പങ്കുവയ്ക്കുന്നത്. മലയാളിയുടെ മുഖംമൂടിയില്‍ കീറല്‍ വീഴ്ത്തുന്ന ഒരാക്ഷേപഹാസ്യമുണ്ട് ഇതില്‍.
 
ഈ അടുത്തകാലത്ത് കണ്ടിട്ടുളളതില്‍വച്ച് ഏറ്റം സ്വാധീനിച്ച സിനിമയാണിത്. വിശ്വാസവും നന്മയും സഹോദരസ്നേഹവുമൊക്കെ കാലഹരണപ്പെട്ടു എന്ന് കരുതുന്ന ഇക്കാലത്ത് ഒരു കൈക്കുടന്ന നിറയെ നന്മനീട്ടുകയാണ് 'കുഞ്ഞുദൈവം'. പ്രാര്‍ത്ഥിക്കുന്നവന്‍ മനുഷ്യനും പ്രവര്‍ത്തിക്കുന്നവന്‍ ദൈവവുമാണെന്നു നമ്മെ ഈ ചിത്രം ഓര്‍മ്മിപ്പിക്കുന്നു. പങ്കുവയ്ക്കലിന്‍റെ വി.ഗ്രന്ഥം മുഴുവന്‍ ഈ സിനിമയില്‍ ഉദാഹരിക്കപ്പെട്ടിരിക്കുന്നു. ഒരു ചെറിയ ക്യാന്‍വാസിലെ വലിയ കഥയാണിത്. കാലംതെറ്റി ജീവിക്കുന്ന സമൂഹത്തിന് കുട്ടികള്‍ വഴികാട്ടിയാകും എന്ന് മനസ്സിലാക്കാന്‍ 'കുഞ്ഞുദൈവം' കാണണം.
 
ഉള്ളിലൊരു ദൈവമുണ്ടെന്നും നമ്മളൊക്കെ ദൈവം കുടികൊള്ളുന്ന ശ്രീകോവിലാണെന്നും തിരിച്ചറിഞ്ഞ്, സ്നേഹരാഹിത്യവും സ്വാര്‍ത്ഥചിന്തകളും, ബലമില്ലാത്ത വ്യക്തിബന്ധങ്ങളും, വിശ്വാസത്തിന്‍റെ സങ്കുചിതഭാവവും ഒരു പള്ളിമുറ്റത്തു സമ്മേളിക്കുമ്പോള്‍ അവന്‍റെ സൈക്കിള്‍ അതിനെയൊക്കെ മറികടക്കുന്നിടത്ത് സിനിമ അവസാനിക്കുന്നു. എന്നാല്‍ ജിയോ ബേബി എന്ന സംവിധാകന്‍ ഒരു സിനിമയ്ക്കുള്ള ത്രെഡ് കാഴ്ചക്കാരനു നല്‍കിയിട്ട് ക്യാമറയെ ഉയരത്തിലേയ്ക്ക് പായിക്കുമ്പോല്‍ പള്ളിയും, മോസ്കും, അമ്പലവും കഴിഞ്ഞ് ഒരു പ്രകൃതി സന്തുലനത്തിലേയ്ക്ക് എത്തിച്ചേരുന്നത് കൃത്യതയുള്ള ഒരു ഉപമയായി വേണം കണക്കാക്കാന്‍. മൂല്യങ്ങളും ബന്ധങ്ങളും നഷ്ടപ്പെടുന്ന തലമുറകള്‍ക്കുളള ജീവന്‍ടോണ്‍ ആയി വര്‍ത്തിക്കുന്ന 'കുഞ്ഞുദൈവം'. ഉള്ളിലൊരു ദൈവമുണ്ടെന്ന ഉറപ്പുകൂടി നല്‍കുന്നുണ്ട്

You can share this post!

ദ ജാപ്പനീസ് വൈഫ്

By : ജോസഫ് ചാക്കോ,ഫിലിം ക്ലബ്, എസ്. ബി. കോളജ് ചങ്ങനാശ്ശേരി
അടുത്ത രചന

മുറിപ്പെടുത്തലിന്‍റെ അനുഷ്ഠാനരൂപങ്ങള്‍ (Burning)

By : അഖില്‍ പ്രസാദ് കെ. ജോണ്‍, ഫിലിം ക്ലബ്, എസ്. ബി. കോളേജ്
Related Posts