news-details
എഡിറ്റോറിയൽ

മുഖക്കുറിപ്പ്

ഡോസ്റ്റോയെവ്സ്കിയുടെ 'കാരമസോവ് സഹോദരന്മാര്‍' എന്ന നോവലിലെ പ്രസിദ്ധമായ ഒരു കഥയാണല്ലോ 'മതദ്രോഹവിചാരകന്‍'. വീണ്ടും ഈ മണ്ണിലെത്തുന്ന യേശു, താന്‍ പണ്ടു ചെയ്തതുപോലെ, മുഖ്യധാരയില്‍ ഇടംകിട്ടാതെ പോയവരുടെ ഇടങ്ങളിലൂടെ നടക്കുകയാണ്. യേശു തനിക്കു ഭീഷണിയാണെന്നു ഭയപ്പെടുന്ന സഭാധികാരി, അദ്ദേഹത്തെ അറസ്റ്റുചെയ്തു കൊണ്ടുവന്നു വിചാരണ ചെയ്യുകയാണ്. അയാള്‍ ഏറെ നാള്‍ ഒരു സന്ന്യാസിയായിരുന്നു. അയാള്‍ യേശുവിനോടു പറയുന്നതിന്‍റെ ചുരുക്കം ഇതാണ്: ദൈവരാജ്യം സ്ഥാപിക്കാന്‍ നിന്‍റെ കൈയില്‍ മൂന്നായുധങ്ങളുണ്ടായിരുന്നു - അധികാരം, അപ്പം, നിഗൂഢത. പക്ഷേ, മൂന്നും നീ മരുഭൂമിയില്‍വച്ച് ഉപേക്ഷിച്ചു. എന്നിട്ടോ? നിന്‍റെ ദൈവരാജ്യത്തിനെന്തുപറ്റി? നീ പറഞ്ഞതുപോലെ പത്തുനാല്പതുകൊല്ലം ഞാനും ജീവിച്ചുനോക്കി. പക്ഷേ, നിന്നെപ്പോലെ ഞാനും പരാജയപ്പെടുകയായിരുന്നു. അതുകൊണ്ട് നീയുപേക്ഷിച്ചതൊക്കെ സ്വന്തമാക്കി ഞാന്‍ പയറ്റി. ഇന്ന്, നീ പരാജയപ്പെട്ടിടത്ത് ഞാനിതാ വിജയിച്ചിരിക്കുന്നു. ഞാനൊന്നു കൈ ഞൊടിച്ചാല്‍ അനുസരിക്കാന്‍ ആയിരങ്ങളുണ്ട്. കാരണം, അവര്‍ക്ക് എത്രയപ്പം വേണമെങ്കിലും ഞാന്‍ കൊടുക്കുന്നു. എന്നെ ആവരണം ചെയ്യുന്ന നിഗൂഢതയെ അവര്‍ ഭയക്കുകയും ചെയ്യുന്നു. യേശു അവിടെനിന്നു നിശ്ശബ്ദം ഇറങ്ങിപ്പോകുന്നതോടെ കഥയവസാനിക്കുന്നു.

മലമുകളിലെ ദീപമാകാനേ യേശു പറഞ്ഞുള്ളൂ. അയാളാകട്ടെ മല മുഴുവന്‍ കീഴടക്കിയെന്ന് ഊറ്റംകൊള്ളുകയാണ്. പുളിമാവാകണമെന്നാണ് യേശു ശിഷ്യരോടു പറഞ്ഞത്. അയാളാകട്ടെ സംഘബലത്തെക്കുറിച്ചു സംസാരിക്കുന്നു. താനൊരു കുഞ്ഞാടാണെന്നാണ് യേശു സ്വയം പരിചയപ്പെടുത്തിയത്. അയാളാകട്ടെ സിംഹങ്ങളുടെ (ലയണ്‍സ്) ക്ലബില്‍ അംഗത്വം തേടുന്നു. യേശുവിന്‍റെയടുത്ത് ആളുകള്‍ വന്നത് അവന്‍റെ സ്വപ്നങ്ങള്‍ സ്വന്തമാക്കാനാണ്; അവനെയൊന്നു കാണാനും സ്പര്‍ശിക്കാനും കരുത്തുനേടി തിരിച്ചുപോകാനുമാണ്. അയാളുടെയടുത്ത് അവര്‍ വരുന്നത് ശിപാര്‍ശയ്ക്കും IELTS  പാസാകാനുള്ള പ്രാര്‍ത്ഥനയ്ക്കും പുതുതായി വാങ്ങിയ ഫോര്‍ഡുകാര്‍ ഒന്നോടിപ്പിക്കാനുമൊക്കെയാണ്. ഉദ്ദിഷ്ടകാര്യസാധ്യത്തിന് ഉപകാരികള്‍ ഒരുക്കുന്ന വിരുന്നുകള്‍ താന്‍ വിജയിച്ചുവെന്നതിന്‍റെ തെളിവുകളാണയാള്‍ക്ക്.

ആരുടെ ചോറുണ്ണുന്നുവോ, അവരുടെ ഭാഷയേ ഒരാള്‍ക്കു സംസാരിക്കാനാകൂ. ചോറെവിടെയോ, കൂറവിടെയാണ്. ഒരാളുടെ ആധ്യാത്മികതപോലും അയാള്‍ കഴിക്കുന്ന ചോറുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ദരിദ്രന്‍റെ ചോറുണ്ടവനായിരുന്നു യേശു. അങ്ങനെയാണ് അവന്‍റെ ആധ്യാത്മികത ധനാഢ്യരുടെ വിരുന്നുകളിലെ സ്ഥിരം സന്ദര്‍ശകരുടെതില്‍നിന്നു വിഭിന്നമായത്. 'ദരിദ്രരേ, നിങ്ങള്‍ ഭാഗ്യവാന്മാര്‍' എന്ന അവന്‍റെ പ്രബോധനം കാശുള്ളവര്‍ക്ക് കല്ലുകടിയായി. 'ആത്മീയദാരിദ്ര്യ'ത്തെക്കുറിച്ച് ഇവിടെ പറയാന്‍തുടങ്ങിയിട്ട് കൊല്ലങ്ങളേറെയായി. ആരേയും അത് അലോസരപ്പെടുത്തുന്നില്ല. ഇഹലോകത്തില്‍ ധനവാന്‍ ലാസറുമായി അടുത്തില്ലെങ്കില്‍ പരലോകത്തും അതിനാകില്ലെന്നാണ് അവന്‍ പഠിപ്പിച്ചത്. സ്വര്‍ഗ്ഗം കിട്ടണമെങ്കില്‍ ലാസറിനെപ്പോലെ സഹിച്ചേ മതിയാകൂ എന്നു ചിലരതിനു പാഠഭേദം നല്കി. ധനവാനെതിരേ അവന്‍ പറഞ്ഞ ഉപമ ദരിദ്രര്‍ക്കുള്ള സാരോപദേശമായി അവര്‍ അവതരിപ്പിച്ചു. സത്യസന്ധവും ചൈതന്യപൂര്‍ണ്ണവുമായ ജീവിതമാണു യഥാര്‍ത്ഥ ആരാധനയെന്ന് അവന്‍ പറഞ്ഞു. ഇവിടെ പലപല പെരുന്നാളുകളും  നൊവേനകളും കൊണ്ട് രംഗം കൊഴുപ്പിക്കുകയാണ്. ഈ മണ്ണ്, ഇവിടുത്തെ മനുഷ്യര്‍, ദൈവരാജ്യം, നീതി, കരുണ ഇതൊക്കെയായിരുന്നു അവന്‍റെ പ്രധാന വിഷയങ്ങള്‍. സ്വര്‍ഗ്ഗം, നരകം, പാപം, മരണം, പിശാച് ഇതൊക്കെയാണ് ഇന്നത്തെ കേന്ദ്ര പ്രമേയങ്ങള്‍. ആര്‍ക്കുവേണമെങ്കിലും എത്രവേണമെങ്കിലും ഇവയെക്കുറിച്ചു പറയാം. ഇവിടുത്തെ ജീവിതത്തെ അതൊന്നു തൊടുന്നുപോലുമില്ലല്ലോ. വിമാനം അപകടത്തില്‍പ്പെട്ടപ്പോള്‍ ഒരാള്‍ പാരച്യൂട്ട് ഉപയോഗിച്ച് താഴേക്കുചാടി. അതൊരു മരക്കൊമ്പില്‍ ഉടക്കി. അയാള്‍ അന്തരീക്ഷത്തില്‍ നിന്നാടുകയാണ്. 'എന്‍റെ ദൈവമേ, ഞാനിതെവിടെയാണ്?' അയാള്‍ വിളിച്ചുകരഞ്ഞു. ഒരു വഴിപോക്കന്‍ അക്ഷാംശവും രേഖാംശവും ഉപയോഗിച്ച് കൃത്യം സ്ഥലം പറഞ്ഞുകൊടുത്തു. തൂങ്ങിക്കിടന്നവന്‍ ചോദിച്ചു: "താങ്കളൊരു പുരോഹിതനാണല്ലേ?"ڔവഴിപോക്കന്‍ അത്ഭുതം കൂറി; "അതേ, എങ്ങനെ മനസ്സിലായി?" "കാരണം, താങ്കളുടെ ഉത്തരം നൂറുശതമാനം ശരിയാണ്. നൂറ്റൊന്നുശതമാനം ഉപയോഗശൂന്യവുമാണ്." (An absolutely correct and an absolutely useless answer). ഇന്നുള്ള ആധ്യാത്മിക പാഠങ്ങളൊക്കെ ശരിയാണ്. പക്ഷേ മിക്കതുംകൊണ്ട് ആര്‍ക്കെന്തു പ്രയോജനം?

യഹോവ തന്നെത്തന്നെ പരിചയപ്പെടുത്തുന്നത് ഈജിപ്തുകാരുടെ അടിമത്തത്തില്‍നിന്ന് ഇസ്രായേല്യരെ മോചിപ്പിച്ചവന്‍ എന്നാണ്. ലേവ്യരുടെ  പുസ്തകത്തില്‍ ഓരോ ഏഴാംദിനവും അടിമകള്‍പോലും വിശ്രമിക്കണമെന്നും ഓരോ ഏഴാം കൊല്ലവും കടങ്ങള്‍ എഴുതിത്തള്ളണമെന്നും ഓരോ അന്‍പതാം കൊല്ലവും അടിമകളെ മോചിപ്പിക്കണമെന്നും ഭൂരഹിതര്‍ക്ക് ഭൂമി തിരികെനല്കണമെന്നും നിഷ്കര്‍ഷിച്ചിട്ടുണ്ട്. ദൈവരാജ്യം വന്നണയുമ്പോള്‍ എല്ലാ ചുണ്ടുകളിലും പുഞ്ചിരി വിരിയുമെന്നും സ്ത്രീയും പുരുഷനും അവരുടെ സ്വന്തം മുന്തിരിത്തോപ്പിലിരുന്ന് പ്രണയഗീതം ആലപിക്കുമെന്നും കുന്തങ്ങള്‍ തോട്ടികളായും വാളുകള്‍ കലപ്പകളായും മാറുമെന്നും പഴയനിയമ പ്രവാചകര്‍ വിശ്വസിച്ചു. ഗ്രാമീണപ്പെണ്‍കുട്ടിയായ മറിയത്തില്‍ പ്രതിധ്വനിക്കുന്നതും ഇതേ സ്വപ്നമാണ്- അധികാരശ്രേണിയുടെ ഉടച്ചുവാര്‍ക്കല്‍ (ലൂക്കാ. 1:50-53). ഈ സ്വപ്നങ്ങള്‍ ആള്‍രൂപംപൂണ്ടത് യേശുവിലാണ്. 'നീ തന്നെയോ മിശിഹാ' എന്ന സ്നാപകയോഹന്നാന്‍റെ ചോദ്യത്തിന് അവന്‍റെ മറുപടി, 'കുരുടര്‍ കാണുന്നു, ചെകിടര്‍ കേള്‍ക്കുന്നു, ദരിദ്രരോട് സുവിശേഷം പറയപ്പെടുന്നു' എന്നാണ്. അവന്‍റെ ജീവിതമായിരുന്നു സുവിശേഷം - നല്ല വാര്‍ത്ത. വാര്‍ത്തകളോട് ഉടനെ പ്രതികരിച്ചേ മതിയാകൂ. 'ദേ, തീ പിടിക്കുന്നു' എന്നതു വാര്‍ത്തയാണ്. ഉടനെന്തെങ്കിലും ചെയ്യണം. 'തീ പ്ലാസ്മ രൂപത്തിലുള്ള പദാര്‍ത്ഥമാണ്' എന്നതു സത്യമാണ്. പക്ഷേ സത്യങ്ങള്‍ പ്രതികരിക്കാനുള്ളതല്ല, പഠിക്കാനുള്ളതാണ്. യേശു വന്നതു വാര്‍ത്തയുമായിട്ടാണ്, ധ്യാനിക്കാനും പ്രസംഗിക്കാനുമുള്ള സത്യങ്ങളുമായിട്ടല്ല. അവന്‍റെ വാര്‍ത്തയിലെ ആധ്യാത്മികതയും രാഷ്ട്രീയനിലപാടും സാമ്പത്തികദര്‍ശനവും വേര്‍പിരിക്കാനാവാത്ത വിധം ഇഴചേര്‍ന്നിരിക്കുന്നു. ആ വാര്‍ത്ത നല്ല വാര്‍ത്തയായത് സ്വാഭാവികമായും ചൂഷിതര്‍ക്കായിരുന്നു. അങ്ങനെയാണ് ആദ്യകാല സഭ ബുദ്ധിരാക്ഷസന്മാരല്ലാത്തവരുടെയും ശക്തരല്ലാത്തവരുടെയും കുലീനരല്ലാത്തവരുടെയും കൂട്ടായ്മയായിത്തീര്‍ന്നത് (1 കോറി. 1:26-27).

നമുക്ക് നല്ല വാര്‍ത്തയാകാനാകാത്തതുകൊണ്ട് ഏതൊക്കെയോ പരലോകസത്യങ്ങള്‍ വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുകയാണ്. ഞായറാഴ്ച കുര്‍ബാന കഴിഞ്ഞിറങ്ങുന്ന ഒരു പാവപ്പെട്ടവളുടെ കണ്ണുകളിലേക്കു നോക്കുക.  കാണാനാകുന്നുണ്ടോ അവളുടെ കണ്ണുകളില്‍ ഒരു നല്ല വാര്‍ത്ത കേട്ടതിന്‍റെ തിളക്കം? നമ്മുടെ ജീവിതം കാണുമ്പോള്‍ ദൈവരാജ്യം പടര്‍ന്നുപിടിക്കുന്നുണ്ടെന്ന് ആര്‍ക്കെങ്കിലും ഉറപ്പുകിട്ടുന്നുണ്ടോ? ദൈവരാജ്യം ഈലോക മൂല്യക്രമത്തിന്‍റെയും അധികാരശ്രേണിയുടെയും നേര്‍വിപരീതമാണ്.  അതിന്‍റെ ശുശ്രൂഷകയാണു സഭയെന്നാണ് രണ്ടാംവത്തിക്കാന്‍ കൗണ്‍സില്‍ പഠിപ്പിക്കുന്നത്. പക്ഷേ, Concilium  എന്ന ദൈവശാസ്ത്രമാസിക(no. 125)യില്‍ പറയുന്നത് അമേരിക്കയിലെ യഹൂദമതവും പ്രൊട്ടസ്റ്റന്‍റിസവും കത്തോലിക്കാസഭയും വ്യത്യസ്ത വിശ്വാസസത്യങ്ങള്‍ പ്രഘോഷിക്കുമ്പോഴും ഊട്ടിയുറപ്പിക്കുന്നത് മധ്യ-ഉപരിവര്‍ഗ്ഗമൂല്യക്രമത്തെയാണെന്നാണ്. ആ മൂല്യക്രമത്തില്‍ വ്യക്തിമാത്രമാണു പ്രധാനം - അയാളുടെ സ്വാതന്ത്ര്യം, സ്വത്ത്, വിജയം, നിര്‍വൃതി, രക്ഷ. സാമൂഹികഘടനയും അതിന്‍റെ നീതിയും അനീതിയും ആ മൂല്യക്രമത്തിന് ഗര്‍ഹണീയ വിഷയങ്ങളാണ്.

യേശു തന്‍റെ ശിഷ്യരോട് പറഞ്ഞത് പുതിയ ഭാഷ സംസാരിക്കണമെന്നാണ്. നിലനില്ക്കുന്ന സംവിധാനങ്ങളോട് പൊരുത്തപ്പെടുന്ന ഭാഷ ആര്‍ക്കും മനസ്സിലാകും. അവന്‍റേത് കീഴാളരുടെ ഭാഷയായിരുന്നു. അത് അത്രപെട്ടെന്ന് ആര്‍ക്കും മനസ്സിലാകില്ല. കൈയടി കിട്ടാത്ത ഭാഷയും ഭാഷണവുമാണത്. അതിന് കരുത്തുകിട്ടണമെങ്കില്‍ ചൂഷിതര്‍ക്കൊപ്പമിരുന്നു നീ ഭക്ഷണം കഴിക്കണം. യേശുവിന്‍റെ പന്തിഭോജനത്തില്‍ എന്നും സ്ഥാനം അത്തരക്കാര്‍ക്കായിരുന്നല്ലോ. ചുരുക്കത്തില്‍, നീ കഴിക്കുന്ന ചോറും നിന്‍റെ ജീവിതസാഹചര്യങ്ങളും കൂട്ടുകെട്ടും നിന്നെ യേശുപക്ഷത്തോ, 'മതദ്രോഹ വിചാരക'ന്‍റെ പക്ഷത്തോ ആക്കുന്നു.

You can share this post!

മുഖക്കുറിപ്പ്

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
അടുത്ത രചന

മുഖക്കുറിപ്പ്

റോണി കിഴക്കേടത്ത്
Related Posts