news-details
കവർ സ്റ്റോറി

വ്യതിരിക്തമായ വ്യവഹാരലോകം

"ദൈവമായ കര്‍ത്താവ് അരുള്‍ച്ചെയ്യുന്നു, മനുഷ്യന്‍ ഏകനായിരിക്കുന്നതു നന്നല്ല, അവനു ചേര്‍ന്ന ഇണയെ ഞാന്‍ നല്കും... എന്നാല്‍ തനിക്കിണങ്ങിയ തുണയെ അവന്‍ കണ്ടില്ല. മനുഷ്യനില്‍ നിന്നെടുത്ത വാരിയെല്ലുകൊണ്ട് അവിടുന്ന് ഒരു സ്ത്രീക്ക് രൂപം കൊടുത്തു. അവളെ അവന്‍റെ മുമ്പില്‍ കൊണ്ടുവന്നു."(ഉല്‍പത്തി 2: 18-22).
 
മണ്ണില്‍ നിന്നെടുക്കപ്പെട്ടവന്‍റെ ജൈവികമായ അപരിഹാര്യത്വത്തിനുമേല്‍ സ്ഥാപിക്കപ്പെട്ട ആദ്യത്തെ സോഷ്യല്‍ നെറ്റ് വര്‍ക്ക് സര്‍വ്വീസ് ആണ് മുകളില്‍ ഉദ്ധരിച്ച ബൈബിള്‍ഭാഗം എന്ന് എനിക്ക് തോന്നുന്നു. കാരണം ഒരേ ആത്മചൈതന്യത്തിന്‍റെ അപരിമേയമായ സൃഷ്ടിപരതയില്‍ സംഭവ്യമാകുന്ന ജീവഗണങ്ങളില്‍ തങ്ങളുടെ ഇന്ദ്രിയങ്ങളിലൂറുന്ന ആകര്‍ഷണാസക്തികളുടെ പ്രതിഫലനത്തിനുള്ള ത്വര ഒരിക്കലും ഇല്ലാതാകുന്നില്ല, മറിച്ച് അതിനുള്ള പുതിയ മാര്‍ഗങ്ങള്‍ അന്വേഷിക്കുകയും ചെയ്യുന്നു. അതുകൊണ്ടാവാം മനുഷ്യന്‍ സൃഷ്ടിയുടെ മകുടം എന്ന് വിളിക്കപ്പെടുന്നത്. ഗുഹാമനുഷ്യന്‍റെ ഏകാന്തതയില്‍നിന്ന് കൂട്ടമായി, കൃഷിചെയ്ത് ജീവിക്കുവാന്‍ അവന്‍ ആരംഭിച്ചതും ആരാധനാലയങ്ങളും ഉത്സവങ്ങളും അതിനോടുള്‍ച്ചേരുന്ന കലാരൂപങ്ങളും ആവിര്‍ഭവിച്ചതും സമാന്തരമായി ചിത്രങ്ങളും പിന്നീട് ലിപികളിലടിസ്ഥാനമായ ഭാഷകളും ഉത്ഥിതമായതും ഒരു തരം സോഷ്യല്‍ നെറ്റ് വര്‍ക്കിന്‍റെ ആവശ്യകതയാണ്. പരസ്പരം ആശയങ്ങള്‍ പങ്കുവയ്ക്കുവാനും സുഖദുഃഖങ്ങളെ ഒരു പക്ഷേ ഒരു സമൂഹത്തിന്‍റെതായി കാണുവാനും മനുഷ്യന്‍ എന്നും ഒരു ബയോളജിക്കല്‍ കമ്യൂണിറ്റിയായി നിലകൊണ്ടു എന്നത് ചരിത്രത്തിന്‍റെ ഭാഗമാണ്. 
 
മാനവസംസ്കാരത്തില്‍ നാഴികക്കല്ലായി വാഴ്ത്തപ്പെടുന്ന 'ചക്ര'ത്തിന്‍റെ കണ്ടുപിടുത്തത്തിനുശേഷം ഇരുപതാം നൂറ്റാണ്ടിലെ 'കമ്പ്യൂട്ടര്‍ വിപ്ലവമാണ് ശാസ്ത്രലോകത്തിന്‍റെ ശക്തി. മനുഷ്യന്‍ കണ്ടുപിടിച്ച ഓരോ യന്ത്രത്തിന്‍റെയും ചക്രത്തിന്‍റെ സാധ്യതകളെ നിയന്ത്രിക്കാന്‍ തക്കവിധം കമ്പ്യൂട്ടിംഗ് വളര്‍ന്നപ്പോള്‍ കാലാനുഗതമായ വികസന കാഴ്ചപ്പാടുകളില്‍ അത് ശക്തമായ സ്വാധീനം സ്ഥാപിച്ചപ്പോള്‍ ജീവിതത്തിലേക്കോ മരണത്തിലേക്കോ അറിയില്ല നാമെല്ലാവരും ഒരു വലയിലേക്ക് (വേള്‍ഡ് വൈഡ് വെബ്) വലിച്ചടുപ്പിക്കപ്പെട്ടു. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്‍ഫോര്‍മേഷന്‍ ടെക്നോളജിയുടെ  മഹാവിസ്ഫോടനത്തില്‍* പുതിയൊരു ആകാശവും ഭൂമിയും സൃഷ്ടിക്കപ്പെട്ടു. 
 
ആധുനികലോകം സ്മാര്‍ട്ട് ഫോണിലേക്കും ഒരു വിരലിലേക്കും ചുരുങ്ങി വെര്‍ച്വല്‍ കമ്യൂണിറ്റി ആയി രൂപാന്തരപ്പെട്ടു എന്നത് ഹൈഡഗര്‍ എന്ന തത്വചിന്തകന്‍റെ സാങ്കേതികതയെക്കുറിച്ചുള്ള പഠനം ശരിവയ്ക്കുന്നു. യാഥാര്‍ത്ഥ്യത്തെ അനുഭവവേദ്യമാക്കുന്ന മനുഷ്യന്‍റെ സംവേദനക്ഷമതയില്‍ ക്ഷതമേല്‍പിക്കുവാന്‍ പോകുന്നവയാണ് ടെക്നോളജി എന്ന അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇന്‍റര്‍നെറ്റിന്‍റെ ധാര്‍മ്മിക പ്രസക്തിയെക്കുറിച്ച് പഠനം നടത്തിയ ആല്‍ബര്‍ട്ട് ബോര്‍ഗ്മാന്‍, ഹ്യൂബര്‍ട്ട് എന്നിവര്‍ ഉദ്ധരിക്കുന്നു. എന്നിരുന്നാലും 1990കളില്‍ ഇന്‍റര്‍നെറ്റ് ഉപയോഗിച്ചുള്ള ആശയവിനിമയം സാധ്യമായതു മുതല്‍ സമൂഹമാധ്യമം എന്ന ആശയം ഉടലെടുത്തു. 'ക്ലാസ്മേറ്റ്സ്' എന്ന പേരില്‍ അമേരിക്കയില്‍ ആരംഭിച്ച ഒന്നാണ് ആദ്യത്തെ സമൂഹമാധ്യമമായി കണക്കാക്കുന്നത്. 1995ല്‍ റാന്‍ഡി കോണ്‍റാഡ്സ് എന്ന അമേരിക്കന്‍ എന്‍ജിനിയറാണ് ക്ലാസ്മേറ്റ്സ് ആരംഭിച്ചത്. 2011ല്‍ അത് അവസാനിപ്പിക്കുകയും ചെയ്തു. എന്നാല്‍ വളരെയധികം ജനകീയമായ ഫേസ്ബുക്ക്. വാട്സ് ആപ്, യൂട്യൂബ്, വിചാറ്റ്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍, ലിങ്ക്ഡ് ഇന്‍ എന്നിങ്ങനെയുളള സാമൂഹ്യമാധ്യമങ്ങള്‍ ഇന്ന് 'വൈറ'ലായി മാറിയിരിക്കുന്നു എന്നുള്ളത് ഒരു പരമാര്‍ത്ഥമാണ്. 
 
കാലത്തിന്‍റെ അനിവാര്യമായ ഗതിവിഗതികള്‍ക്ക് അനുരൂപപ്പെടുവാന്‍ വ്യവസായ സങ്കല്പങ്ങളും വിദ്യാഭ്യാസസമ്പ്രദായങ്ങളും സാമൂഹിക ജീവിതവും ഉല്ലാസത്തിന്‍റെ നിര്‍വ്വചനങ്ങളും രാഷ്ട്രനിര്‍മ്മാണത്തിന്‍റെ രാഷ്ട്രീയ ഭാഗധേയവുമെല്ലാം സാമൂഹ്യമാധ്യമങ്ങള്‍ കൂടി ഉള്‍പ്പെടുന്ന ഇന്‍റര്‍നെറ്റിന്‍റെ സാധ്യതകള്‍ ഉപയോഗിക്കുന്നു എന്നത് ഇന്ത്യയെപ്പോലുള്ള വികസിത രാജ്യത്തിന് അഭിമാനിക്കാവുന്ന ഒന്നാണ്. എങ്കിലും ലോകത്താകമാനം 220 കോടി ഉപയോക്താക്കളുള്ള ഫേയ്സ് ബുക്കിന്‍റെ ഇന്ത്യയിലെ ഉപയോക്താക്കള്‍ 25 കോടിയാണ് എന്ന് കണക്കുകള്‍ പറയുന്നു. ഇങ്ങനെ വിവിധ സാമൂഹ്യമാധ്യമങ്ങളില്‍ രാജ്യത്തിന്‍റെ അഖണ്ഡതയെ ഉയര്‍ത്തിപ്പിടിക്കേണ്ട 'കോടി' പൗരബോധം കുനിഞ്ഞിരിക്കുന്നു. സത്യത്തില്‍ ജനകീയമാകുന്ന സോഷ്യല്‍ മീഡിയകള്‍ ജനകീയമാണോ? സൗഹൃദങ്ങള്‍ ഊട്ടിയുറപ്പിക്കുന്ന, കരുതലും കണ്ണീരും ചേര്‍ത്തുപിടിക്കുന്ന 'ചങ്ക്' 'ബ്രോ' സിന്‍റെ ഇടങ്ങള്‍ തന്നെയാണോ ഇന്ന് സോഷ്യല്‍ മീഡിയകള്‍?
 
ഒന്നല്ലെങ്കില്‍ മറ്റൊരുതരത്തില്‍ യാഥാര്‍ത്ഥ്യത്തിന്‍റെ പരുപരുത്ത. ദുസ്സഹമായ വെല്ലുവിളിയില്‍ നിന്നും ഒരു വെര്‍ച്വല്‍ ഗ്ലാമര്‍(അയഥാര്‍ത്ഥ  സൗന്ദര്യം) ലേക്കുള്ള ഒളിച്ചോട്ടമായി സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കപ്പെടുന്നു. മുഖത്തോടു മുഖം നോക്കി സ്വന്തം പ്രണയമോ, പ്രതികാരമോ അടയാളപ്പെടുത്തുവാനുള്ള സാമൂഹ്യബോധമില്ലാത്ത അന്തര്‍മുഖത്തോടടുത്ത ഒരു സ്വകാര്യതയുടെ ഇടം തേടുന്നവരും സാമൂഹിക മാധ്യമങ്ങളില്‍ തങ്ങളുടെ വ്യക്തിത്വത്തെ കണ്ടെത്തുന്നു. The Presentation of self in Everyday Life  എന്ന തന്‍റെ പുസ്തകത്തില്‍ ഗോഫ്മാന്‍ എന്ന ചിന്തകന്‍ ഈയൊരു പ്രതിഭാസത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ ഓരോ വ്യക്തിയും  തന്‍റെ മാനസികവ്യാപാരങ്ങള്‍ക്കതീതമായി സ്വാഭീഷ്ടതലങ്ങളിലൂടെ ഒരു സ്വയം പ്രകാശനം നടത്തുന്നതിനായി (സോഷ്യല്‍ മീഡിയ) സാമൂഹ്യമാധ്യമങ്ങളെ ഒരു തീയേറ്ററായും തങ്ങളെ അതിലെ ഓരോ കഥാപാത്രങ്ങളായും സങ്കല്പിക്കുന്നു. എന്നാല്‍ ഇതില്‍ ഒരു Front stage മാത്രമേ മറ്റുള്ളവര്‍ക്ക് ഗോചരമാകുന്നുള്ളൂ. സിഗ്മണ്ട് ഫ്രോയിഡിന്‍റെ 'പേഴ്സണാലിറ്റി തിയറിയിലെ' Ice berg  പോലെ അവരുടെ back stage അഗമ്യമായി നിലകൊള്ളുന്നു. ഇവിടെ ഓരോ വ്യക്തികളുടെയും പോസ്റ്റുകള്‍ അവരുടെ മനോമണ്ഡലത്തിന്‍റെ അതിലുപരി അവര്‍ സൃഷ്ടിച്ചെടുക്കുന്ന ഒരു അസ്തിത്വബോധത്തിന്‍റെ നേര്‍ക്കാഴ്ചകള്‍ തന്നെയാവുന്നു. ഇങ്ങനെ ചിന്തിക്കുമ്പോള്‍ പാരമ്പര്യരീതികളില്‍ നിന്നും വ്യത്യസ്തമായി ഉത്തരാധുനിക മനശ്ശാസ്ത്രജ്ഞര്‍ക്ക് വ്യക്തികളെ മനസ്സിലാക്കുവാന്‍, വിലയിരുത്തുവാന്‍ സാമൂഹ്യമാധ്യമങ്ങളില്‍ അവര്‍ ഉപയോഗിക്കുന്ന ഒരു space  കണ്ടെത്തിയാല്‍ മതിയാവും എന്നു തോന്നുന്നു. Web 2. 0 യൂസര്‍ ഫ്രെഡ്ലി ആയി ആഗോളവത്കരിക്കപ്പെട്ടപ്പോള്‍ യഥാര്‍ത്ഥത്തില്‍ നാമോരോരുത്തരും സ്വയം തീരുമാനമെടുക്കാന്‍ സാധിക്കാതെ സോഷ്യല്‍ മീഡിയ നമ്മുടെ മുന്‍പിലേക്ക് വച്ചുനീട്ടുന്ന കമാന്‍ഡ് അനുസരിക്കുന്ന യന്ത്രവത്കരിക്കപ്പെട്ട മാംസപിണ്ഡങ്ങളായി മാറി എന്നു വേണം കരുതാന്‍. ഭ്രമാത്മകമായ കാഴ്ചകളിലൂടെ തങ്ങളുടെ സ്വത്വബോധത്തെയകറ്റി ഏതോ ഭ്രാന്തന്‍ ആശയത്തിന് അടിമകളാകാന്‍ തയ്യാറാകുന്നവരെയാണ് 'ബ്ലൂ വെയില്‍' പോലുള്ള സംഭവങ്ങളില്‍ നാം കണ്ടെത്തുന്നത്. അറിവില്ലായ്മ അഹങ്കാരമായി നാം കൊണ്ടുനടക്കുന്നതുകൊണ്ടാണ് കേംബ്രിജ് അനലറ്റിക്ക പോലുള്ള രാഷ്ട്രീയ കുതന്ത്രങ്ങള്‍ക്ക് നാം അടിയറവു പറയേണ്ടിവന്നത്. സൈബര്‍ ബുള്ളിയിംഗ് പോലുള്ള ചതിക്കുഴികളില്‍ ഈയാം പാറ്റകളെപ്പോലെ ചെന്നുവീഴുന്നതും.
 
ഒരു മിനിറ്റില്‍ മൂന്നു തവണ മൊബൈല്‍ ഫോണ്‍ ചെക്കുചെയ്യുന്നത് രോഗമാണെന്ന് മനശ്ശാസ്ത്രജ്ഞര്‍ പറയുമ്പോള്‍ ലൈക്കും കമന്‍റും ഡിസ് ലൈക്കും താരതമ്യം ചെയ്ത് ഉല്‍കണ്ഠാരോഗത്തിന് അടിമപ്പെടുന്നവരും കുറവല്ല എന്നത് മറച്ചുവയ്ക്കുന്നുമില്ല.
 
ഭാഷയ്ക്കും ദേശത്തിന്‍റെ സംസ്കൃതിക്കുപോലും കളങ്കം വരുത്തിവയ്ക്കും വിധംസോഷ്യല്‍ മീഡിയ ചില ബൂര്‍ഷ്വാ ചിന്താഗതിയുള്ളവര്‍ നിയന്ത്രിക്കുന്നില്ല എന്ന തോന്നല്‍ മറ്റൊരു കോളനി വാഴ്ചയ്ക്കുള്ള കോപ്പു കൂട്ടുന്നതായി സംശയിക്കാം. 2020 ഓടുകൂടി ലോകത്ത് ഏറ്റവും കൂടുതല്‍ യുവജനങ്ങള്‍ ഉള്ള രാജ്യമായി ഇന്ത്യ മാറുമ്പോള്‍ അതില്‍ എത്രപേര്‍ തല ഉയര്‍ത്തി നില്‍ക്കും എന്നുള്ളത് ഒരു ചോദ്യമായി അവശേഷിക്കും.
 
നമ്മുടെ ജീവിതത്തിന്‍റെ ഭൂരിഭാഗവും മാക്രോയില്‍ നിന്ന് മൈക്രോയിലേക്ക് വരെ എത്തിയിരിക്കുന്നു. അതിന്‍റെ അപവര്‍ത്തനമാണ് എല്ലായിടത്തും നാം കാണുന്നതും അനുഭവിക്കുന്നതും. പീഡിപ്പിക്കപ്പെടുന്ന ആസിഫമാരും പരിഹസിക്കപ്പെടുന്ന ജനനേതാക്കന്മാരും അപഹാസ്യരാക്കപ്പെടുന്ന മതനേതാക്കളും ദിനപത്രങ്ങള്‍ക്കു മുന്‍പേ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമാകുമ്പോള്‍ അതൊരു വെര്‍ച്വല്‍ റിയാലിറ്റി ആയി മാത്രം ഒതുങ്ങിത്തീരുന്നു.
 
യാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊള്ളാതെ ജനവിചാരണ അല്ല മാധ്യമ വിചാരണയ്ക്കു വിട്ടുകൊടുക്കുന്ന പ്രവണത പരിഷ്കൃതസമൂഹത്തിനു യോജിച്ചതല്ല. ആക്ഷേപഹാസ്യം ഇന്ന് ട്രോളന്‍മാര്‍ കൈയടക്കിയപ്പോള്‍ നമുക്ക് നഷ്ടപ്പെട്ടത് ഒരു സാഹിത്യശാഖയാണ് (ക്രിയാത്മകതയെ വിസ്മരിക്കുന്നില്ല). ഇതിനുശേഷം മീഡിയ സാക്ഷരത കൂടുതലായി വരുന്ന സാഹചര്യത്തില്‍ അഭ്രപാളിയിലെ വിസ്മയങ്ങള്‍ കീഴടക്കിയ യുവജനമനസ്സുകളിലേക്ക് 'ഫിലിം മേക്കിങ്ങ്' എന്ന സ്വപ്നത്തിന്‍റെ സാക്ഷാത്കാരം എളുപ്പമാക്കിയത് സര്‍ഗ്ഗവാസനകളുടെ രൂപീകരണത്തിന് പുതിയ മാനം നല്കി. ഇത്തരം 'കൊച്ചുപടങ്ങളും' യഥേഷ്ടം ഡൗണ്‍ലോഡ് ചെയ്യാവുന്ന പ്രോഗ്രാമുകളും സാമൂഹ്യമാധ്യമങ്ങളില്‍ യുവത്വത്തിന് ഹരമേകുന്നു. സ്വന്തം 'പ്രോഫയില്‍' സൃഷ്ടിച്ചെടുക്കുന്ന നൂതന തരംഗത്തിന്‍റെ അനുരണനങ്ങളില്‍ നിറങ്ങളാലും ശബ്ദത്താലും ചലച്ചിത്രങ്ങളാലും ആധുനിക യുവത്വത്തിന്‍റെ സത്ക്രിയാശേഷി വെളിപ്പെട്ടുകിട്ടുന്നത് ഒരു നല്ല കാര്യമാണ്. ഇത്തരത്തില്‍ മുന്‍പോട്ട് പോകുമ്പോള്‍ ചിലപ്പോഴെങ്കിലും ഒരു സവര്‍ണചിന്താഗതി മേല്‍ക്കൈ നേടുകയും ചിലര്‍ പാര്‍ശ്വവത്കരിക്കപ്പെടുകയും ചെയ്യുന്നു.  
 
മനുഷ്യന്‍റെ വളര്‍ച്ച ലക്ഷ്യംവയ്ക്കുന്ന ഓരോ വികസനവും വിപരീതാനുപാതത്തിലാണ് സമൂഹത്തില്‍ സംഭവിക്കുന്നത്. 'സോഷ്യല്‍ മീഡിയയുടെ ഓണ്‍ലൈനില്‍ അല്ലാതെ ഓഫ്ലൈനില്‍ നില്‍ക്കുന്ന ഒരുപാട് മനുഷ്യരുണ്ട് സമൂഹത്തില്‍. അവരോട് പക്ഷം ചേരുമ്പോഴാണ് ക്രിസ്തീയദര്‍ശനത്തില്‍ പങ്കുപറ്റാന്‍ സാധിക്കുന്നത്. ബന്ധങ്ങള്‍ മൈക്രോ ആയി മാറിക്കഴിഞ്ഞിരിക്കുന്ന ഈ ഡിജിറ്റല്‍ യുഗത്തില്‍ 'ഒടുവില്‍ ഇതാ എന്‍റെ അസ്ഥിയില്‍ നിന്നുള്ള അസ്ഥിയും മാംസത്തില്‍ നിന്നുള്ള മാംസവും' എന്ന് ആദത്തിന് ഹവ്വായോട് പറയുവാന്‍ പറ്റിയതുപോലെ തൊട്ടടുത്ത് യാഥാര്‍ത്ഥ്യ ലോകത്തില്‍ ജീവിക്കുന്നവരോട് പറയാന്‍ സാധിച്ചില്ലെങ്കില്‍, 
 
വ്യഗ്രതയുടെ  വ്യവഹാരലോകത്തില്‍ 
വെറുതെ വലഞ്ഞലഞ്ഞഴിഞ്ഞിടും 
വെറുമൊരു കൃമിയതിനാലാകുമാ മര്‍ത്യന്‍
വിധി, വിളയാടുമാമൊരന്ത്യദിനമതില്‍. 
                                                                                                                   *Theory of Big -Bang

You can share this post!

അനുസരിച്ച് അപചയപ്പെടുമ്പോള്‍

ജിജോ കുര്യന്‍
അടുത്ത രചന

ഉത്ഥാനം: തിന്മയ്ക്കെതിരെയുള്ള സ്വര്‍ഗ്ഗീയ വിജയം

ഡോ. മാര്‍ട്ടിന്‍ എന്‍. ആന്‍റണി O. de M
Related Posts