news-details
സഞ്ചാരിയുടെ നാൾ വഴി

ആനന്ദത്തിലേക്കൊരു ജപവഴി

അത്തിവൃക്ഷം  പൂക്കുന്നില്ലെങ്കിലും മുന്തിരിയില്‍ ഫലമില്ലെങ്കിലും ഒലിവുമരത്തില്‍  കായ്കള്‍ ഇല്ലാതായാലും വയലുകളില്‍ ധാന്യം വിളയുന്നില്ലെങ്കിലും  ആട്ടിന്‍കൂട്ടം ആലയില്‍ അറ്റുപോയാലും കന്നുകാലികള്‍ തൊഴുത്തില്‍ ഇല്ലാതെയായാലും കര്‍ത്താവില്‍ ഞാന്‍ ആനന്ദിക്കും. (ഹബക്കുക്ക് 3:17).

മതത്തിന്‍റെ പ്രസാദാത്മക തലങ്ങള്‍ ഏറെ ധ്യാനിക്കപ്പെടുന്നില്ല. നിഷേധങ്ങള്‍ കുറെക്കൂടി ആത്മീയമാണെന്ന് എങ്ങനെയോ നാം ധരിച്ചുവച്ചിരിക്കുന്നു. ഉപവാസം വിരുന്നിനേക്കാള്‍ ഭേദമാണെന്നു പഠിപ്പിച്ച്, നാല്പതു ദിവസം വിശപ്പറിഞ്ഞ യേശുവിനെക്കുറിച്ചു വാചാലമാകുമ്പോള്‍ അവിടുന്നു പങ്കുചേര്‍ന്ന വിരുന്നുകളെക്കുറിച്ചു നാം നിശ്ശബ്ദരാകുന്നു. എല്ലാ വിളികളും ദൈവത്തിനു മുമ്പില്‍ തുല്യം തന്നെയെന്നു പ്രഘോഷിച്ചതിനുശേഷം, എന്നാലും ബ്രഹ്മചര്യം തന്നെ ദാമ്പത്യത്തേക്കാള്‍ ശ്രേഷ്ഠമെന്നു മന്ത്രിക്കുന്നു. സഹനത്തെക്കുറിച്ചേറെ പറയുമ്പോള്‍, ആനന്ദമെന്ന ചിന്ത പള്ളിക്കു നിരക്കാത്തതാണെന്നു കരുതുന്നു. ഒരു സമഗ്രത രൂപപ്പെടുത്തുകയാണു പ്രധാനം. ഒടുവില്‍ മനസ്സെത്തേണ്ട നിര്‍മ്മലമായ ചില ആഹ്ലാദങ്ങളുണ്ട്. അതിനായിരുന്നു ക്രിസ്തു ഭൂമിയോടൊപ്പം മുപ്പത്തിമൂന്ന് വര്‍ഷങ്ങള്‍ കൂടെയുണ്ടായിരുന്നത്. "ഞാനിവയൊക്കെ നിങ്ങളോടു സംസാരിച്ചതു നിങ്ങളുടെ ആനന്ദം പൂര്‍ണമാകാന്‍ വേണ്ടിയാണ്" (യോഹ 15:11). പരിശുദ്ധാത്മാവിന്‍റെ ദാനമാണ് ആനന്ദം. പൗലോസ് ഓര്‍മ്മിപ്പിക്കുന്നു - ആനന്ദിക്കുവിന്‍, എല്ലാ കാര്യങ്ങളിലും കര്‍ത്താവില്‍ ആനന്ദിക്കുക.

പര്യായം പോലെ ഉപയോഗിക്കപ്പെടുന്ന രണ്ടു പദങ്ങള്‍ തമ്മില്‍ ഒത്തിരി അകലമുണ്ടെന്നു മനസ്സിലാക്കണമാദ്യം. സന്തോഷവും ആനന്ദവും. ആദ്യത്തേത് ഒരുവന്‍റെ പരിസരം ഒരാള്‍ക്കു സമ്മാനിക്കുന്നതാണ്. കുട്ടിക്കൊരു ഐസ്ക്രീം കയ്യില്‍ കിട്ടുന്നതുപോലെ. അതു തുളുമ്പിപ്പോകുമ്പോള്‍ സന്തോഷം കെട്ടുപോകുകയും ചെയ്യുന്നു. എന്നാല്‍ പരിസരങ്ങള്‍ക്കു നിര്‍ണയിക്കാനോ, നിര്‍മ്മിക്കാനോ, ഉറപ്പിക്കാനോ, നശിപ്പിക്കാനോ ആവാത്ത ആത്മീയ അനുഭൂതിയാണാനന്ദം. ആദ്യത്തേതു കിണറാണെങ്കില്‍, രണ്ടാമത്തേത് ഉറവയാണ്. ബൈബിള്‍ സൂചിപ്പിക്കുന്ന ഒരു അപരാധം നമ്മുടെ ജീവിതത്തില്‍ അനുനിമിഷം ആവര്‍ത്തിക്കപ്പെടുന്നു. ഉറവകളെ മറന്നു പൊട്ടക്കിണറുകള്‍ തിരയുന്ന നമ്മള്‍. പഴയൊരു മുല്ലാക്കഥ അതുകൊണ്ടുതന്നെ മനുഷ്യനുള്ളിടത്തോളം കാലം പല രീതികളിലും തലങ്ങളിലും ആവര്‍ത്തിക്കപ്പെടും. വിളക്കുമരത്തിനു താഴെ മുല്ല എന്തോ തിരയുകയാണ്. അയാളുടെ പൊന്‍സൂചി കളഞ്ഞുപോയി. അയാള്‍ അത്രയും നല്ലയാളായതുകൊണ്ട് പലരും അയാളോടൊപ്പം കൂടി. സമയം വൈകിയിട്ടും സൂചി  കിട്ടിയില്ല. കിട്ടാന്‍ തീരെ സാധ്യതയില്ലെന്നായി മുല്ലയപ്പോള്‍. എന്തേ? 'സൂചി കളഞ്ഞുപോയതിവിടെയല്ല. തട്ടിന്‍ പുറത്താണ്. അവിടെ ഇരുട്ടായതുകൊണ്ട് വെളിച്ചമുള്ളയിടം നോക്കി തിരഞ്ഞുവെന്നേയുള്ളൂ.' കളഞ്ഞുപോയ പൊന്‍സൂചികളൊക്കെ ഉള്ളിലാണ്. ഉള്ളിലേക്കു നോക്കുവാന്‍ മനസ്സിനെ പരിശീലിപ്പിച്ചിട്ടില്ലാത്തതുകൊണ്ടു നമ്മള്‍ പുറത്തു വെറുതെ അലയുകയാണ്. ഉള്ളിലെ ആനന്ദത്തിന്‍റെ പൊന്‍സൂചി കണ്ടെത്താന്‍ ഒരു മരിയന്‍ വഴിയുണ്ടെന്ന് ജപമണികള്‍ നമ്മെ ഓര്‍മ്മിപ്പിക്കണം. ബൈബിളിലെ ഏറ്റവും മഹത്തായ ആനന്ദഗീതങ്ങളിലൊന്നാണ് മറിയത്തിന്‍റേത്.  - "എന്‍റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു. എന്‍റെ ചിത്തം രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു" (ലൂക്ക 1: 46-55).

മറിയത്തിന് നമ്മുടെയൊക്കെയൊരു ജാലകത്തില്‍ നിന്നു നോക്കുമ്പോള്‍ ആഹ്ലാദിക്കാനേറെയൊന്നുമില്ല. എല്ലാ അര്‍ത്ഥത്തിലും സമൂഹത്തിന്‍റെ വിളുമ്പില്‍ നില്ക്കേണ്ടി വന്ന ഒരാള്‍. സ്ത്രീയെന്ന നിലയില്‍ പോലും അവള്‍ക്കൊരു അഭിമാനം കൊണ്ടു നടക്കാനാവാത്ത ഒരു കാലമായിരുന്നു അത്. മൃഗമായിട്ടോ സ്ത്രീയായിട്ടോ നീയെന്നെ സൃഷ്ടിക്കാത്തതില്‍ ദൈവമേ, നിനക്കു സ്തോത്രം എന്നു പറഞ്ഞ പുരുഷന്‍ പ്രഭാതം ആരംഭിക്കുന്ന ഒരു സംസ്കാരത്തില്‍ അവള്‍ എന്തിനെയോര്‍ത്ത് ആഹ്ലാദിക്കാന്‍. ദരിദ്ര, പ്രവാസിനി, പിന്നെ വിധവ, മകന്‍ നഷ്ടപ്പെട്ട അമ്മ... എന്നിട്ടും അവള്‍ തന്‍റെ ജീവിതത്തെ ആനന്ദത്തിന്‍റെ ഒരദൃശ്യഭൗമികതയില്‍ പണിതുയര്‍ത്തി. അതിലേക്കവളെത്തിയത് അഞ്ചു രഹസ്യങ്ങളിലൂടെയാണല്ലോ. തിങ്കളും ശനിയും ജപമണികളുടെ പ്രാര്‍ത്ഥനാതാളത്തോടൊപ്പം നമ്മളും സഞ്ചരിക്കുക. മറിയത്തിന്‍റെ ആനന്ദരഹസ്യങ്ങള്‍ നല്ലൊരു ധ്യാനം തന്നെ. ആനന്ദത്തിലേക്കുള്ള മറിയത്തിന്‍റെ വഴി ഇങ്ങനെയൊക്കെയായിരുന്നു.

ഒന്ന്, നിന്‍റെ ജീവനില്‍ ഒരു ഗബ്രിയേലിന്‍റെ ഇടപെടലുണ്ടാകുക. ഗബ്രിയേല്‍ മറ്റേതോ ലോകവുമായി നിന്നെ ബന്ധിപ്പിക്കുന്ന ഒരു കണ്ണിയാണ്. കാറ്റില്‍ നിന്‍റെ ജീവന്‍റെ തിരിനാളം കെട്ടുപോയാലും അവശേഷിക്കുന്ന വെളിച്ചമുണ്ടെന്ന് ഓര്‍മ്മിപ്പിക്കുന്ന നിത്യതയുടെ ദൂതന്‍.

രണ്ട്, എലിസബത്തിന്‍റെ സാന്നിദ്ധ്യം. ദൈവം തൊട്ടൊരാള്‍ ഉണരുന്നത് കുറെക്കൂടി ആഴമുള്ള ബന്ധത്തിലേക്കാണ്. എലിസബത്ത് നിനക്കു പുറത്ത്, ജീവിക്കാനും സ്നേഹിക്കാനും നീ കണ്ടെത്തുന്ന കാരണത്തിന്‍റെ പേരാണ്. അവളാരുമാകാം, നിന്‍റെ പ്രാണസഖിയുള്‍പ്പെടെ. ഒപ്പം ഏതു സ്നേഹാനുഭവത്തിനും കൊടുക്കേണ്ട യാത്രയുടെ വിലകള്‍ മറക്കുകയും അരുത്.

മൂന്ന്, ബെത്ലഹേം ജീവിതശൈലി. എങ്ങനെ  ജീവിക്കണമെന്നുള്ളതിന്‍റെ ഏറ്റവും മനോഹരമായ പാറ്റേണാണ് ബെത്ലഹേം. വചനം മാംസമായിടം. വാക്കും കര്‍മ്മവും തമ്മില്‍ നമുക്കിടയില്‍ ഒത്തിരി അകന്നുപോയി. വാക്കിനും കര്‍മ്മത്തിനും ഇടയില്‍ പണിയാതെ പോകുന്ന പാലം നമ്മളെ വ്യാകുലപ്പെടുത്തുന്നതുപോലുമില്ല. ക്രിസ്തുവിനുവേണ്ടി  ഒരീറ്റുനോവ് അനുഭവിക്കുക. അവന്‍ ഉള്ളില്‍ പൂര്‍ണമായും രൂപപ്പെടുവോളം. മനസ്സില്‍ കണ്ട സൂര്യനെ ക്യാന്‍വാസിലാക്കാന്‍ കഴിഞ്ഞില്ല എന്ന് വിലപിച്ച വന്‍ഗോഗ് എന്ന ചിത്രകാരനെ പോലെ. വചനത്തിനും മാംസത്തിനുമിടയിലെ അകലം എന്‍റെ ജീവിതത്തെ ഒരു എതിര്‍സാക്ഷ്യമാക്കുന്നു. ചില നേരങ്ങളില്‍ അപഹാസിതനും കണ്ണാടിയില്‍ മുഖം കണ്ടിട്ട് പിന്നെ അതു മറന്നുപോകുന്ന മനുഷ്യനെന്ന് യാക്കോബ് ശ്ലീഹാ പരിഹസിക്കുന്നതെന്നെയാവാം.

ദൈവം പരിമിതികളിലേക്ക് ചുരുങ്ങിയ ഇടമാണ് ബെത്ലഹേം. മനുഷ്യന് ജീവിക്കാനായി വളരെ കുറച്ചു കാര്യങ്ങള്‍ മതിയെന്ന് മനസ്സിനോട് നിരന്തരം ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുക. വിഭങ്ങളോട് മാത്രമല്ല, വൈകാരികതയോടും പറയാനവണം, ഇതു മതിയെന്ന്. ഹൃദയത്തോടണച്ചു നില്‍ക്കുന്ന ഒരു സുഹൃത്തുള്ളൊരാള്‍ക്ക് പിന്നെയെന്തിനാണ് ഒരാള്‍ക്കൂട്ടത്തിന്‍റെ ബലം. അയാള്‍ക്ക് ആ ഒരോര്‍മ്മ മാത്രം മതി. സീതയ്ക്ക് ലക്ഷ്മണന്‍ വരച്ചൊരു രേഖ സ്വയം വരിച്ചിടാനാവണം. അതിനപ്പുറമുള്ളതൊക്കെ മായപ്പൊന്മാനാണ്. അലയരുത് പിന്നാലെ, സ്വന്തം തട്ടകത്തില്‍ സുല്‍ത്താനായി വാഴുകയാണ് പ്രധാനം. അത്തരം അവബോധമില്ലാതെ നില്‍ക്കുമ്പോള്‍ സുല്‍ത്താന്‍ യാചകനേക്കാള്‍ ദരിദ്രനാകുന്നു. സുല്‍ത്താനെ കാണാന്‍ ദൈവാലയത്തില്‍ പോയൊരു പിച്ചക്കാരന്‍, സുല്‍ത്താന്‍ വലിയ വലിയ കാര്യങ്ങള്‍ക്കുവേണ്ടി ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നതു  കേട്ട് പുറത്തുകടന്ന് ദ്വാരപാലകനോട് പറഞ്ഞതുപോലെ, ഒരു സുല്‍ത്താനാണെന്നു കരുതിയാണ് ചെന്നത്. എന്നാല്‍ പ്രാര്‍ത്ഥന കേട്ടപ്പോള്‍ മനസ്സിലായി എന്നെക്കാള്‍ വലിയ പിച്ചയാണെന്ന്.

ഒരു ശരീരാവബോധത്തിന്‍റെയും പാഠം തരുന്നുണ്ട് ബെത്ലഹേം. ഒരു സ്ത്രീയുടെ ഉടലില്‍ ദൈവം പിറന്നത് എന്തിനാവണം. അത് ഒരുപക്ഷേ, ആദിയിലെ തന്‍റെ ഛായയിലും സാദൃശ്യത്തിലും ദൈവം സൃഷ്ടിച്ച മനുഷ്യന്‍ തന്‍റെ ഉള്ളിലെ വിശുദ്ധ മുദ്രകള്‍ മറന്നുപോയത് ഒന്ന് ഓര്‍മ്മപ്പെടുത്താനായിരിക്കണം. ഒരു  സ്ത്രീയുടെ ഉടലില്‍ ദൈവം പിറന്നതിന്‍റെ അര്‍ത്ഥം, എല്ലാ ശരീരങ്ങളിലും അവന്‍ വാഴുന്നുവെന്ന്. ശരീരം ക്ഷേത്രമാണ്, സത്രമെന്ന് ഒരു മാത്ര നാം ധരിച്ചുപോയി. എല്ലാ ശരീരങ്ങളും ദൈവാലയമാണെങ്കില്‍ സ്ത്രീയുടെ ശരീരം കുറെക്കൂടി വലിയ ദൈവാലയമാണ്. കാരണം, അവളൊരു സക്രാരി കൂടെ കൊണ്ടുനടക്കുന്നു. ജീവന്‍റെ തുടിപ്പുള്ള ഒരു ഇത്തിരി ഇടം - ഗര്‍ഭപാത്രം. കരം കൂപ്പി അവളെ കാണാന്‍ പഠിക്കുക.

ഒപ്പം ഒരു സമ്മര്‍ദ്ദവുമില്ലാതെയാണ് ബെത്ലഹേമിലെ ദൈവം പിറക്കുന്നത്. വളഞ്ഞ ഞാങ്കണ ഒടിക്കാതെയും, പുകയുന്ന തിരി കെടുത്താതെയും. ഒത്തിരി സമ്മര്‍ദ്ദങ്ങള്‍ക്കൊണ്ട് നമ്മള്‍ ഇവിടെ ജീവിച്ചിരിപ്പുണ്ടെന്ന് വിളിച്ചു പറയുന്നതാണ്. സാന്നിദ്ധ്യവും സമ്മര്‍ദ്ദവും തമ്മിലുള്ള അകലം ധ്യാനിക്കാം.

നാല്, സമര്‍പ്പണത്തിന്‍റെ ആനന്ദം സ്വന്തം ജീവിതം സമര്‍പ്പിച്ചൊരാള്‍ അതിന്‍റെ വഴികളില്‍ സംഭവിക്കുന്ന ഏതനുഭവവും ഹൃദയപൂര്‍വ്വം ഏറ്റുവാങ്ങാന്‍ മനസ്സിനെ പരിശീലിപ്പിച്ചിട്ടുണ്ട്. സര്‍വ്വവും യേശുനാഥനായ് സമര്‍പ്പിക്കുന്നു എന്നൊക്കെ ഉറക്കെ പാടി പിന്നെ പള്ളിക്കു പുറത്തുകടക്കുമ്പോള്‍ എന്‍റെ ചെരിപ്പ് കണ്ടില്ലല്ലോ എന്നോര്‍ത്ത് നിലവിളിക്കരുത്. സര്‍വ്വവും നല്കിയ കൂട്ടത്തില്‍ ചെരിപ്പും ഉണ്ടായിരുന്നു എന്നോര്‍ത്താല്‍ മതി.

അവസാനമായി, കൈവിട്ടുപോയ തമ്പുരാനെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവരിക. അവന്‍ ദൈവാലയത്തിലുണ്ട്. പ്രാര്‍ത്ഥിച്ചും പഠിപ്പിച്ചും ധ്യാനിച്ചും തര്‍ക്കിച്ചുമൊക്കെ. ഇത്തിരി തര്‍ക്കത്തിനു കൂടി ദൈവവഴികളില്‍ ഇടമുണ്ടെന്നറിയണം. നിത്യജീവിതത്തില്‍ ഉപകരിക്കുന്ന യുക്തികള്‍ ആത്മീയ ജീവിതത്തിന് വേണ്ടെന്നു കരുതുന്നത് ഭേദപ്പെട്ട ഭാഷയില്‍ പറഞ്ഞാല്‍ ഒരു മണ്ടത്തരം തന്നെ.

കിണറുകളെ വിട്ടുകളഞ്ഞോളൂ. ഉറവകളുണ്ടുള്ളില്‍. അതിലേക്കു പ്രവേശിക്കുക.  

സംഗീതം
തടവറയില്‍ ഒരു ഗായകനെ കൊണ്ടുവന്നു. അന്ന് സന്ധ്യയ്ക്ക് അയാള്‍ ഗിത്താര്‍ വായിച്ച് ഉറക്കെ പാട്ടുപാടി. തടവുപുള്ളികള്‍ അയാളോടൊപ്പം ചേര്‍ന്നു പാടി. കുപിതനായ ജയില്‍ വാര്‍ഡന്‍ അയാളുടെ ഗിത്താര്‍ തല്ലിയുടച്ചു. പിറ്റേന്ന് സന്ധ്യയ്ക്ക് അയാള്‍ ഗിത്താറിന്‍റെ അകമ്പടിയില്ലാതെ ഒരു മനോഹരഗീതം പാടി. തടവുപുള്ളികള്‍ കോറസ് പാടി. അന്നുരാത്രിയില്‍ അവര്‍ അയാളുടെ നാവു പിഴുതു. നാളെ അയാള്‍ എന്തുചെയ്യും? അയാള്‍ തടവുപുള്ളികളുടെ മദ്ധ്യേ നിശ്ശബ്ദനായി നിന്നു. പിന്നെ മിഴിപൂട്ടി ഏതോ അഭൗമഗീതം ഉള്ളില്‍കേട്ട് അതിന്‍റെ താളത്തില്‍ നൃത്തം ചിവിട്ടിത്തുടങ്ങി. അത്ഭുതം നിറഞ്ഞ ജയില്‍വാര്‍ഡന്‍ ഇങ്ങനെ വിളിച്ചു പറഞ്ഞു, "ഇനി നമുക്ക് ഒന്നും ചെയ്യാനാവില്ല. കാരണം അവന്‍റെ സംഗീതം അവന്‍റെ ഉള്ളിലാണ്."
(കടപ്പാട് - അസ്സീസി)

You can share this post!

ആലിംഗനം

ഫാ.ബോബി ജോസ് കപ്പൂച്ചിന്‍
അടുത്ത രചന

കളഞ്ഞുപോയ നാണയം

ബോബി ജോസ് കട്ടികാട്
Related Posts