news-details
കടുകു മണിയും പുളിമാവും

ഇലൈജ! ദൈവത്തിനു പ്രിയപ്പെട്ട പേരുകളിലൊന്ന്

ഇലൈജയെ ഞാന്‍ ആദ്യം കാണുന്നത് റെനിയുടെ ബ്ലോഗില്‍ പോസ്റ്റ് ചെയ്ത വീഡിയോകളിലാണ്. കേക്കുണ്ടാക്കുന്ന, പിന്നീടൊന്നില്‍ സോപ്പുണ്ടാക്കുന്ന ഇലൈജ. ഒരു പതിനഞ്ചു വയസ്സുകാരി ഇതൊക്കെ ചെയ്യുന്നത് ഇപ്പോള്‍ വലിയ അത്ഭുതമൊന്നുമല്ല. യു ട്യൂബ് തുറന്നാല്‍ കുട്ടികളുടെ ചാനലുകളുടെ മേളമാണ്. അവരെന്തൊക്കെ ചെയ്യുന്നു എന്നല്ല എന്തൊക്കെ ചെയ്യുന്നില്ല എന്നതാണ് എണ്ണാന്‍ എളുപ്പം. എന്നാല്‍ ഈ വീഡിയോകള്‍ ശ്രദ്ധിക്കാന്‍ കാരണം ഇതൊന്നുമല്ല, ഇലൈജ ഓട്ടിസ്റ്റിക് ആണ്. ഓട്ടിസ്റ്റിക് ആയ കുട്ടികളുടെ കഴിവുകള്‍ പൊതു ഇടങ്ങളില്‍ കാണുക വളരെ കുറവാണല്ലോ. ഈ വീഡിയോകള്‍ കണ്ടപ്പോള്‍ ഇലൈജയെ നേരിട്ടു കാണണം എന്നു തോന്നി. ഇലൈജയെ കാണാന്‍ അനുവാദം ചോദിച്ചു റെനിയെ വിളിച്ചു. റെനി ഇലൈജയുടെ അമ്മയാണ്. തൃശൂരാണ് സ്ഥലം. വരുന്ന ദിവസം മുന്‍കൂട്ടി പറയണമെന്നും ആളുകളെ കാണാന്‍ ഇലൈജയെ തയ്യാറാക്കണം എന്നും റെനി പറഞ്ഞു. ഓട്ടിസത്തെ പറ്റി, ഓട്ടിസ്റ്റിക് ആയ കുട്ടികളെപറ്റി കുറെയധികം സംസാരിച്ചാണ് ഫോണ്‍ വെച്ചത്. വളരെ അടുപ്പമുള്ള ഒരാളോട് എന്ന വണ്ണം സ്നേഹം തോന്നി അന്ന് റെനിയോട്. രണ്ടാഴ്ച കഴിഞ്ഞ് ചെല്ലാമെന്നു പറഞ്ഞ ദിവസം ഞാനും അര്‍ച്ചനയും കൂടെ രാവിലെ പുറപ്പെട്ടു, ഇലൈജയുടെ വീട്ടിലേക്ക്.

എറണാകുളം സൗത്തില്‍ നിന്ന് വെളുപ്പാന്‍ കാലത്തു പുറപ്പെടേണ്ട ട്രെയിന്‍ അന്ന് ഒന്നര മണിക്കൂറോളം വൈകിയാണ് എത്തിയത്. നേരത്തെ അങ്ങോട്ടെത്തി ഉച്ചകഴിഞ്ഞു തിരികെ ഇറങ്ങാനുള്ള ഞങ്ങളുടെ പ്ലാന്‍ അതിരാവിലെ പൊട്ടി. തൃശൂരെത്തിയപ്പോള്‍ പത്തര കഴിഞ്ഞു. ഇനി എങ്ങോട്ടാണ് ചെല്ലേണ്ടതെന്നു ചോദിക്കുന്നത് ഭക്ഷണം കഴിച്ചുകൊണ്ടു ചോദിക്കാമെന്നു കരുതി ഹോട്ടലില്‍ കയറി. വിളിച്ചപ്പോഴേക്ക് റെനി ഓഫര്‍ തന്നു, ബസ് കയറി ബുദ്ധിമുട്ടണ്ട അനിയനെ അങ്ങോട്ട് വിടാമെന്ന്. ഞങ്ങള്‍ ഭക്ഷണം കഴിച്ചിറങ്ങുമ്പോഴേക്ക് ആഷെര്‍, റെനിയുടെ അനുജന്‍, കാറുമായിവന്നു.

ഓട്ടിസം ഉള്ള കുട്ടികളുമായി ഇടപഴകിയുള്ള പരിചയം ഏറെയില്ല എനിക്ക്. സ്പെഷ്യല്‍ സ്കൂളുകളില്‍ വോളന്‍ററി വര്‍ക്ക് ചെയ്തിട്ടുണ്ട്, ചില സുഹൃത്തുക്കളുടെ ഓട്ടിസ്റ്റിക്ക് ആയിട്ടുള്ള കുട്ടികളെ കണ്ടിട്ടുണ്ട് എന്നൊക്കെയല്ലാതെ. അതുകൊണ്ടുതന്നെ ഇലൈജയോട് എങ്ങനെ അടുപ്പമുണ്ടാക്കണം എന്നൊരു ധാരണയുമില്ലാതെയാണ് കാറില്‍ ഇരുന്നത്. താണിക്കുടം മെയിന്‍ റോഡില്‍നിന്ന് അകത്തെ വഴിയിലേക്ക് തിരിഞ്ഞപ്പോള്‍ തന്നെ തീരെ നിശ്ശബ്ദമായ, ശാന്തമായ ഗ്രാമാന്തരീക്ഷമായി. ഇരുവശത്തും പച്ചപ്പു മാത്രമുള്ള വഴിയിലൂടെ മലനിരകള്‍ക്കു കീഴെ ധ്യാനത്തിലെന്നു തോന്നിക്കുന്ന ആ വീട്ടിലേക്കു കയറിച്ചെന്നപ്പോള്‍, ആദ്യമായാണ് അവിടെയെന്നു തോന്നിയതേയില്ല. മുറ്റത്തിരുന്ന് ഇലകള്‍ കൊണ്ട് രൂപമുണ്ടാക്കുന്ന മൂന്നരവയസ്സുകാരന്‍ ഇലാനെ ആണ് ആദ്യം കണ്ടത്. ഇലാന്‍, ഇലൈജയുടെ അനുജനാണ്. കാറില്‍ നിന്നിറങ്ങുമ്പോഴേക്ക് റെനിയും സജീഷും വന്നു. സജീഷ് ഇലൈജയുടെ അച്ഛനാണ് . നിറയെ വെളിച്ചമുള്ള വീട് അങ്ങേയറ്റം സ്നേഹത്തില്‍ ഞങ്ങളെ സ്വാഗതം ചെയ്തു. ഞങ്ങള്‍ അകത്തുകയറി സംസാരിച്ചു തുടങ്ങി കുറച്ചു സമയം കഴിഞ്ഞാണ് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നെന്ന വ്യാജേന ഞങ്ങളെ പാളി നോക്കിക്കൊണ്ട് ഇലൈജ വന്നത്. തന്നെ കാണാന്‍ ആളുകള്‍ വരുന്ന കാര്യമൊക്കെ നേരത്തെ അറിഞ്ഞിരുന്നതുകൊണ്ട് അപ്രതീക്ഷിതമായി അപരിചിതരെ കാണുന്ന ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല, എങ്കിലും അങ്ങോട്ടുകയറി സംസാരിച്ചു ബുദ്ധിമുട്ടിക്കേണ്ട എന്നുകരുതി ഞങ്ങള്‍ റെനിയോടും സജീഷിനോടും സംസാരം തുടര്‍ന്നു.

നടപ്പുപെട്ടെന്ന് നിര്‍ത്തി ഇലൈജ അര്‍ച്ചനയുടെ അടുത്തുവന്നിരുന്ന് അവളുടെ മുടി മണത്തു നോക്കി. അതായിരുന്നു ഞങ്ങളോടുള്ള ആദ്യത്തെ ഇടപെടല്‍. അതിനുശേഷം ഞങ്ങളുടെ ദേഹത്തുള്ള വസ്ത്രങ്ങളും ആഭരണങ്ങളുമൊക്കെ ഓരോന്നോരോന്നായി തൊട്ടും മണത്തും നോക്കി ഇലൈജ തന്നെ ഞങ്ങളോട് കൂട്ടായി. അവിടം വരെ സജീഷിന്‍റെയും റെനിയുടെയും കഥകള്‍ കേള്‍ക്കുകയായിരുന്ന ഞങ്ങള്‍ മെല്ലെ ഇലൈജയുടെ ലോകം കണ്ടു തുടങ്ങി.

റെനി ചെയ്യുന്ന കാര്യങ്ങളിലൊക്കെ ഇലൈജയെയും പങ്കെടുപ്പിക്കാറുണ്ട്. അങ്ങനെ കണ്ടിട്ട് ഇലൈജക്ക് ഇഷ്ടമാകുന്ന കാര്യങ്ങള്‍ സ്വന്തമായി ചെയ്തുനോക്കാന്‍ റെനി സഹായിക്കുകയും ചെയ്യും. അങ്ങനെയാണ് കേക്ക് ഉണ്ടാക്കിയതൊക്കെ. ഒരിക്കല്‍ സോപ്പ് ഉണ്ടാക്കി നോക്കാമെന്നു കരുതി റെനി അതിന്‍റെ കൂട്ടുകളൊക്കെ വാങ്ങി. ഉണ്ടാക്കി ക്കഴിയുവോളം ഇലൈജയും കൂടെ നിന്നു. എന്നാല്‍ ഉണ്ടാക്കിയ സോപ്പ് റെനിക്ക് തൃപ്തിയായില്ല. ഇത് പതയുന്നില്ലെന്നും നമ്മള്‍ക്ക് പറ്റിയ പരിപാടിയല്ലെന്നും റെനി ഇലൈജയോടു പറഞ്ഞു. അതത്ര ഇഷ്ടപ്പെടാതെ പോയ ഇലൈജ കുറച്ചു സമയം കഴി ഞ്ഞപ്പോള്‍ ഫോണുമായി റെനിയുടെ അടുത്തെത്തി യു ട്യൂബില്‍ കുറെ വീഡിയോകള്‍ കാണിച്ചു തുടങ്ങി, മികച്ച സോപ്പുകള്‍ ഉണ്ടാക്കാനുള്ള പല വഴികളായിരുന്നു അതൊക്കെ. (ഓ, ഞാന്‍ പറഞ്ഞില്ലല്ലോ.. ഞങ്ങള്‍ സംസാരിക്കുന്നതിനിടെ തന്‍റെ ഫോണില്‍ തനിയെ സെര്‍ച്ച് ചെയ്ത് യു ട്യൂബില്‍ പാട്ടുകള്‍ കേട്ടുകൊണ്ടിരിക്കുകയായിരുന്നു അത്രനേരവും ഇലൈജ) അങ്ങനെ ഇലൈജയുടെ നിര്‍ബന്ധത്തില്‍ റെനി സോപ്പുണ്ടാക്കാന്‍ ആവശ്യ മായ പലയിനം സാധനങ്ങള്‍ വാങ്ങി. ഇലൈജ വീഡിയോകളില്‍ കണ്ട പ്രകാരം കുറച്ചു സോപ്പുകള്‍ ഉണ്ടാക്കുകയും അതൊക്കെ റെനി പരിചയക്കാര്‍ക്ക് കൊടുക്കുകയും ചെയ്തു. കൗതുകം കൊണ്ടാണല്ലോ നമ്മളൊക്കെ പലതും ചെയ്തു നോക്കുക, ഒരുതവണ ശരിയായാല്‍ അതോടെ കൗതുകം തീരുകയും ചെയ്യും. എന്നാല്‍ ഇലൈജയുടെ സോപ്പുനിര്‍മാണത്തിന് അതൊരു തുടക്കം മാത്രമായിരുന്നു. വാങ്ങുന്ന ഉത്പന്നങ്ങള്‍ കൊ ണ്ടുള്ള സോപ്പുകളില്‍ നിന്ന് അതിവേഗം ഇലൈജ ഓര്‍ഗാനിക് സോപ്പുകളിലേക്ക് കടന്നു. ഞങ്ങളവിടെ ചെല്ലുമ്പോള്‍ ഓര്‍ഗാനിക് സോപ്പുകളുടെ ഒരു ബാച്ച് വില്പനക്ക് തയ്യാറായിരിക്കുന്നുണ്ട്. അതില്‍ ഓരോ സോപ്പും ഇലൈജയുടെ മാത്രം കോമ്പിനേ ഷനുകളാണ്. നോര്‍മല്‍ എന്ന് നമ്മള്‍ പറയുന്ന മനുഷ്യര്‍ വില്പനസാധ്യതകളെക്കുറിച്ച് ആലോചിക്കാന്‍ ഇടയുള്ള അവസ്ഥയില്‍ ഇലൈജയുടെ സ്വപ്നങ്ങളിലത്രയും കൂടുതല്‍ മെച്ചപ്പെട്ട ഒന്ന് എന്നായിരിക്കണം. ആട്ടിന്‍പാലും കറ്റാര്‍വാഴയും മുതല്‍ കാപ്പിപ്പൊടിയും പപ്പായയും കാരറ്റും തുളസിയും ഓട്സും കറുവപ്പട്ടയും റോസാപ്പൂവും മഞ്ഞളും തേനും ചെമ്പരത്തിയും ഒക്കെ ഇലൈജയുടെ സോപ്പുകളില്‍ പരസ്പരം ചേര്‍ന്നു. അതൊക്കെ ആളുകള്‍ക്ക് കൊടുത്തുതീര്‍ക്കേണ്ട തിരക്കായി റെനിക്ക്. ഉണ്ടാക്കിയവ തീര്‍ന്നിട്ടുവേണ മല്ലോ പുതിയ പരീക്ഷണങ്ങള്‍ തുടങ്ങാന്‍. അപ്പോഴേക്ക് ഗുണനിലവാരം കൊണ്ട് ഇലൈജയുടെ സോപ്പുകള്‍ക്ക് സ്ഥിരമായ ആവശ്യക്കാര്‍ ഉണ്ടായിത്തുടങ്ങിയിരുന്നു.

ഉപയോഗിച്ചവര്‍ നല്ലതുപറയാനും വീണ്ടും ആവശ്യപ്പെടാനും തുടങ്ങിയപ്പോള്‍ റെനി 'Handmade soap by Elijah' എന്നൊരു ബ്രാന്‍ഡ് രെജിസ്റ്റര്‍ ചെയ്തു. റെനിയുടെ വാക്കുകളില്‍ പറഞ്ഞാല്‍ 'മുതിരുമ്പോഴേക്ക് ഒരു തൊഴില്‍ ചെയ്തു ജീവിക്കാന്‍ എന്‍റെ കുട്ടി ബുദ്ധിമുട്ടരുത് എന്നുമാത്രമാണ് അവളുടെ ഈ ഇഷ്ടത്തിന് വേണ്ടതൊക്കെ ചെയ്തു കൊടുക്കുമ്പോള്‍ ഞാന്‍ ഓര്‍ക്കുന്നത്.' ഇലൈജയുടെ സോപ്പുകള്‍ക്കുള്ള ഏറ്റവും വലിയ പ്രത്യേകത ഓരോന്നും ലിമിറ്റഡ് എഡിഷന്‍ ആണെന്നുള്ളതാണ്. വീണ്ടും അതേ കോമ്പിനേഷന്‍ ആവശ്യപ്പെട്ടാല്‍ കിട്ടണം എന്നില്ല.

വീടിന്‍റെ മുകളിലെ നിലയിലാണ് ഇലൈജയുടെ സോപ്പ് നിര്‍മാണശാല. ഇലൈജയോട് സോപ്പുകള്‍ ഞങ്ങളൊന്നു കയറിക്കാണുകയാണ് കേട്ടോ എന്നുപറഞ്ഞു സ്റ്റെപ്പ് കയറാന്‍ തുടങ്ങുമ്പോഴേക്ക് ആള്‍ ആകെ അസ്വസ്ഥയായി. സോപ്പുകള്‍ ഓരോന്നായി ഞങ്ങള്‍ എടുത്തുനോക്കുന്നതുകൂടെ കണ്ടപ്പോള്‍ ഭയന്ന പോലെയായി മുഖം. അപ്പോഴാണ് റെനി പറയുന്നത് അവള്‍ ഉണ്ടാക്കിയത് ഞങ്ങള്‍ക്ക് ഇഷ്ടമാകുമോ എന്നുള്ള വേവലാതിയാണ് അക്കാണുന്നതെന്ന്! സോപ്പുകളൊക്കെ സൂപ്പര്‍ ആയിട്ടുണ്ടെന്നു ഞങ്ങള്‍ പറഞ്ഞത് റെനി അവള്‍ക്ക് മനസിലാകുന്നതുപോലെ വിവര്‍ത്തനം ചെയ്തു. അതോടെ മുഖം പൂവിടര്‍ന്നതു പോലെയായി. ഞങ്ങളെ പിന്നീട് ഞങ്ങളുടെ പാടിന് വിട്ടിട്ട് ഇലൈജ സ്വന്തം ലോകത്തിലേക്കു പോയി. സോപ്പ് ഉണ്ടാക്കലിനോട് അനുബന്ധിച്ചുള്ള മറ്റു പണിക ളൊക്കെ, ക്ലീനിങ് ഉള്‍പ്പടെ റെനിയുടെ പണിയാണ്. സോപ്പ് പാക്കിങ് രണ്ടുപേരും കൂടെ ചെയ്യും, അതില്‍ ഒട്ടിക്കാനുള്ള ബ്രാന്‍ഡ് നെയിം ഇലൈജ തന്നെ പ്രിന്‍റ് ഔട്ട് എടുത്തുകൊണ്ടുവരും. ഇങ്ങനെ ഓരോരോ സോപ്പുകഥകളായി കേട്ടും ഓരോരോ സോപ്പായി എടുത്തു മണത്തു നോക്കിയും അതിലെ ചേരുവകള്‍ എന്തെന്ന് നോക്കി വിസ്മയിച്ചുമൊക്കെ നടക്കുമ്പോഴാണ് ചുമരില്‍ ഒരു കാന്‍വാസ് ശ്രദ്ധയില്‍പെട്ടത്. ക്ലേയില്‍ ഉണ്ടാക്കിയ കുറച്ചു കിളികളെ മനോഹരമായി നിറം കൊടുത്ത് അതീവ ഭംഗിയില്‍ ഒട്ടിച്ചെടുത്തിരിക്കുന്ന ഒരു കാന്‍വാസ്. റെനി ചെയ്തതായിരിക്കും അത് എന്ന് എനിക്കുറപ്പായിരുന്നു, അത്ര പെര്‍ഫെക്ഷനില്‍ ആണ് അത് ഉണ്ടായിരുന്നത് എന്നതുകൊണ്ട്. പക്ഷേ ഞാന്‍ ഇലൈജയെ കണ്ടു തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ!

ഉച്ച കഴിഞ്ഞിരുന്നു. ഇലൈജ അസ്വസ്ഥയാ വാന്‍ തുടങ്ങി. വീട്ടില്‍ ആളുകള്‍ വന്നിട്ട് ഇത്രനേരമായിട്ടും ഒരുക്കി വെച്ചിട്ടുള്ള ഭക്ഷണം എടുത്തു തരാന്‍ പറ്റാത്തതിന്‍റെ ഇഷ്ടക്കേടാണ്. എങ്കില്‍ പിന്നെ കഴിച്ചിട്ടാകാം ബാക്കി എന്നായി ഞങ്ങള്‍. റെനി അടുക്ക ളയിലേക്ക് ചെന്നതും ഇലൈജ പിറകെ ചെന്ന് ഓരോ വിഭവങ്ങളായി ഓവനില്‍ വെച്ച് ചൂടാക്കാനും അടുപ്പില്‍ വെച്ചിട്ടുള്ള കലങ്ങളില്‍ നിന്ന് പാത്രങ്ങളിലേക്ക് പകരാനുമൊക്കെ തുടങ്ങി. ഞാന്‍ സത്യത്തില്‍ അത്ഭുതത്തില്‍ നോക്കിക്കാണുകയായി രുന്നു. മിക്കവാറും ഓട്ടിസ്റ്റിക് ആയ കുട്ടികളെ എങ്ങനെയെങ്കിലും അടക്കിയിരുത്തുക എന്നതാണ് സാധാരണ കാണാറുള്ള ഏറ്റവും കുഴപ്പം പിടിച്ച കാര്യം. ഇവിടെ ചെയ്യുന്ന എല്ലാത്തിലും ഇലൈജയുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയാണ് റെനി. ഏല്പിക്കുന്ന ഓരോ കാര്യവും ഏറ്റവും ഭംഗിയായി ചെയ്യുന്നുമുണ്ട് ഇലൈജ. അങ്ങനെ ഞങ്ങളുടെ ഉച്ചയൂണും കഴിഞ്ഞു.

ഭക്ഷണം കഴിച്ച ശേഷം ഒട്ടും വൈകാതെ ഇലൈജയുടെ ബാക്കി കലാവിരുതുകള്‍ കൂടെ കാണാനിരുന്നു. ക്ലേയില്‍ ഉണ്ടാക്കിയതും നിറം കൊടുത്തതുമായ നിരവധി ആര്‍ട്ട് വര്‍ക്കുകള്‍, ചിരട്ട കളിലും മറ്റും ചെയ്തിട്ടുള്ള കരകൗശല വസ്തുക്കള്‍ അങ്ങനെ ഓരോ മുറിയിലും ഓരോ ചുമരിലും നിറയെ ഇലൈജ തന്നെ. ഇതുകൊണ്ടും തീര്‍ന്നില്ലെന്നു പറഞ്ഞ് റെനി ഒരു വലിയ ബോക്സ് കൊണ്ടുവന്നു ഹാളില്‍ വെച്ച് തുറന്നു. അതിനകം നിറയെ ഇലൈജയുടെ പെയ്ന്‍റിങ്ങുകളാണ്. ഓരോ ന്നോരോന്നായി എടുത്തുനോക്കിയും ഫോട്ടോയെ ടുത്തും ഞാനിരുന്നു. താന്‍ കണ്ട കാഴ്ചകളെ എത്ര ഭംഗിയുളള കളര്‍ കോമ്പിനേഷനില്‍ ആണെന്നോ ഇലൈജ പകര്‍ത്തിവെച്ചിട്ടുള്ളത്. ഈ കുട്ടിയുടെ ഓരോ കഴിവുകളും കണ്ടെത്തുകയും അവയ്ക്ക് ആകാവുന്നത്ര പിന്തുണ നല്‍കുകയുമാണ് റെനിയും സജീഷും.

റെനിയും സജീഷും കുട്ടികള്‍ക്കു വേണ്ടി തങ്ങളുടെ പ്രൊഫഷണല്‍ വളര്‍ച്ചയെ രണ്ടാംസ്ഥാനത്തു നിര്‍ത്തിയിരിക്കുകയാണ്. ഇലൈജ ജനിക്കുമ്പോള്‍ ഓട്ടിസത്തെ കുറിച്ച് ഇവര്‍ക്ക് രണ്ടുപേര്‍ക്കും ധാരണകളില്ല. കുഞ്ഞിന്‍റെ വളര്‍ച്ചയോടനുബന്ധിച്ചുള്ള അസാധാരണത്വങ്ങളില്‍ നിന്നാണ് ഇയാള്‍ക്ക് എന്തോ പ്രത്യേകതയുണ്ടല്ലോ എന്ന് റെനി മനസിലാക്കിയത്. അതിനു ശേഷമാണ് ഓട്ടിസം എന്താണെന്നുള്ള പഠനം റെനി ആരം ഭിച്ചത്. തന്‍റെ മകള്‍ എന്താണെന്നു തിരിച്ചറിയുകയും അതിനെ അങ്ങനെ തന്നെ അംഗീകരിക്കുകയും ആ വ്യക്തിത്വത്തെ ഏറ്റവും ഭംഗിയായി വളര്‍ത്തിക്കൊണ്ടു വരികയും ചെയ്യുക എന്നതാണ് തന്‍റെ നിയോഗം എന്നാണ് റെനി വിശ്വസിക്കുന്നത്. റെനിയോട് ഇലൈജയെക്കുറിച്ച് ആദ്യം ചോദിച്ചപ്പോള്‍ റെനി തന്‍റെ വിശ്വാസത്തെക്കുറിച്ചാണ് പറഞ്ഞത്. 'ഇലൈജ ഒരു സാധാരണ കുട്ടിയല്ല. അവളെ എനിക്ക് തരുമ്പോള്‍ ഞാന്‍ അവളെ നോക്കാന്‍ പ്രാപ്തിയുള്ള ആളാണെന്നാണ് ദൈവത്തിന്‍റെ തീരുമാനം. ദൈവത്തിന്‍റെ തീരുമാനം ഞാന്‍ നടപ്പിലാക്കുന്നു, അത്രയേ ഉള്ളു.' ഇളയ കുഞ്ഞ് ജനിക്കുമ്പോള്‍ ഇലൈജയോട് ബേബി വരുന്നുണ്ടെന്നു പറഞ്ഞ് തയ്യാറാക്കിയിരുന്നു റെനി. ആദ്യമൊന്നും ഇലാനെ ഉള്‍ക്കൊള്ളാന്‍ ഇലൈജ തയ്യാറായിരുന്നില്ല. പക്ഷേ ഇപ്പോള്‍ ബേബിയെ ശ്രദ്ധിക്കാന്‍ റെനിയെക്കാള്‍ ഉത്സാഹമാണ് ഇലൈജക്ക്.

റെനിയുമായി ഫോണിലും നേരിട്ടും സംസാരിച്ചതില്‍ ഏറിയ പങ്കും ഭിന്നശേഷിക്കാരായ വ്യക്തികളുടെ സാമൂഹികാവസ്ഥയെക്കുറിച്ചായിരുന്നു. ഇലൈജയുടെ ചെറിയ പ്രായത്തില്‍ സജീഷിന്‍റെ ജോലിയുടെ ഭാഗമായി അമേരിക്കയില്‍ ആയിരുന്നു ഇവര്‍. അവിടെ ഓട്ടിസ്റ്റിക് ആയ ആളുകളെ സമൂഹത്തിന്‍റെ ഭാഗമായി പരിഗണിക്കുന്നെങ്കില്‍ ഇവിടെ കാര്യങ്ങള്‍ എത്ര വ്യത്യസ്തമാണെന്ന് റെനി പറഞ്ഞു. കുട്ടിയെ വീടിനു പുറത്തേക്കു കൊണ്ടു പോകുന്നത് അപരാധമായി കാണുന്ന ആളുകള്‍. കുട്ടിയുണ്ടാക്കുന്ന ശബ്ദങ്ങള്‍ക്ക് പേടികൊണ്ടും പരിഹാസംകൊണ്ടും പ്രതികരിക്കുന്നവര്‍. അത്തര ത്തിലുണ്ടായ ചില അനുഭവങ്ങളും റെനി പങ്കുവെച്ചു.

 

ശരിയാണ്, ഓട്ടിസ്റ്റിക് ആയ കുട്ടികള്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യുന്നവര്‍വരെ ഭൂരിഭാഗവും ചാരിറ്റി എന്ന നിലയിലാണ് കാര്യങ്ങള്‍ ചെയ്യുന്നത്. ഓട്ടിസ്റ്റിക് ആയ കുട്ടികള്‍ക്കു വേണ്ടി സ്പെഷല്‍ സ്കൂളുകളുണ്ട്, കെയര്‍ ഹോമുകള്‍ കുറച്ചെങ്കിലുമുണ്ട്, എന്തുകൊണ്ടാണ് പക്ഷെ ഓട്ടിസ്റ്റിക് ഫ്രണ്ട്ലി ആയിട്ടുള്ള പാര്‍ക്കോ ബീച്ചോ പൊതു ഇടങ്ങളോ നമ്മള്‍ക്ക് ഇല്ലാത്തത്? തുറിച്ചു നോട്ടങ്ങളില്ലാതെ അവരെ പൊതുനിരത്തിലൂടെ കൂടെ നടത്താന്‍ കുടുംബങ്ങള്‍ക്ക് ഏതുകാലത്താണ് നമ്മുടെ നാട്ടില്‍ സാധിക്കുക? അന്തസ്സോടെ ജീവിക്കാനുള്ള അവകാശം നമ്മള്‍ക്കെന്നപോലെ അവര്‍ക്കുമില്ലേ? എവിടെയെങ്കിലും കൊണ്ടിരുത്തുക എന്നതിനപ്പുറം നമ്മുടെ സ്പെഷല്‍ സ്കൂളുകള്‍ തൊഴില്‍ പരിശീലനകേന്ദ്രങ്ങള്‍ കൂടെ ആകേണ്ടതല്ലേ, പ്രത്യേകിച്ച് ഭിന്നശേഷിക്കാരായ എല്ലാവര്‍ക്കും തന്നെ ഏതെങ്കിലും കാര്യങ്ങളില്‍ മറ്റുള്ളവരെക്കാള്‍ വൈദഗ്ദ്യം സാധാരണമാണ് എന്നിരിക്കെ?

 

നോര്‍മല്‍ എന്നു പറയപ്പെടുന്നവര്‍ക്കു മാത്രം ജീവിക്കാനുള്ളതാണ് ഈ ലോകമെന്നാണ് പൊതുതത്വം എന്നിരിക്കെ സമൂഹത്തില്‍ നിന്ന് ഈ കുഞ്ഞുങ്ങളെ ഒളിച്ചു വെക്കേണ്ടിവരുന്ന കുടുംബങ്ങള്‍ എത്രമാത്രമുണ്ടായിരിക്കണം! സര്‍ക്കാരുകള്‍ക്കും സംഘടനകള്‍ക്കും ഇക്കാര്യത്തില്‍ വലിയ ഇടപെടലുകള്‍ നടത്താനുണ്ട്.

തൃശൂര്‍ ടൗണില്‍ ഉണ്ടായിരുന്ന വീട് വിട്ട് ഇത്രയേറെ അകമേക്കുള്ള ഈ സ്ഥലത്ത് റെനിയും സജീഷും വീട് വെച്ചത് ഇലൈജക്കു വേണ്ടിയാണ്. ഇലൈജ സ്പെഷല്‍ സ്കൂളില്‍ പഠിക്കുന്നുണ്ട്. പരസ്പരസ്നേഹത്തിലും ബഹുമാനത്തിലും പുലരുന്ന കുടുംബങ്ങളില്‍ പിറന്നുവീഴുന്ന കുഞ്ഞുങ്ങള്‍ എത്ര ഭാഗ്യമുള്ളവരാണ് എന്നാണ് റെനിയോടും സജീഷിനോടും സംസാരിച്ചുകൊണ്ടിരിക്കെ ഞാന്‍ ഓര്‍ത്തത്.

പുറമേക്ക് നോക്കുമ്പോള്‍ സന്ധ്യയായിരിക്കുന്നു. സമയം ഏഴു മണിയോട് അടുത്തു. ഇലൈജയോട് ഉണ്ടാക്കിയ സോപ്പുകളില്‍ എല്ലാത്തിലും നിന്ന് ഓരോന്ന് ഞങ്ങള്‍ക്ക് തരുമോ എന്നു ചോദിച്ചു. ഉണ്ടാക്കിയതൊക്കെ ആളുകള്‍ക്ക് ഗിഫ്റ്റ് കൊടുക്കുന്നതാണ് ഇലൈജക്ക് ഇഷ്ടമെന്നു പറഞ്ഞ് റെനി അല്ലേ? എന്ന് ഇലൈജയോട് ചോദിച്ചു. നാണിച്ചുള്ള ഒരു നോട്ടമായിരുന്നു മറുപടി. രണ്ടു ക്യാന്‍വാസുകളും ഗിഫ്റ്റ് കിട്ടി എനിക്ക്. വാങ്ങിയ സോപ്പുകള്‍ക്ക് ഞാന്‍ പണം കൊടുക്കാന്‍ ശ്രമിച്ചത് ഇലൈജക്ക് ഇഷ്ടമായില്ല. ഗിഫ്റ്റ് തന്ന വസ്തുക്കള്‍ക്ക് പണം കൊടുക്കുന്നത് അപമാനിക്കലാണല്ലോ, ആള്‍ മുറിക്കകത്തു കയറി വാതിലടച്ചു കളഞ്ഞു. പൈസയൊക്കെ റെനിയെ ഏല്പിച്ച് യാത്ര പറഞ്ഞ് ഇറങ്ങുമ്പോഴേക്ക് പിണക്കം മറന്ന് ഇലൈജ ഞങ്ങളെ യാത്രയാക്കാനെത്തി. കൂടെ നിന്നൊരു ഫോട്ടോ എടുത്തോട്ടെ എന്നു ചോദിച്ചപ്പോള്‍ ചിരിച്ചു. ഓരോരുത്തരെയും, അഞ്ചുവയസ്സുള്ള ഇളയ കുഞ്ഞിനെപോലും വ്യത്യസ്തരായ മനുഷ്യരായി കാണുകയും അവരെ അവരായിത്തന്നെ അംഗീകരിക്കുകയും ചെയ്യുന്ന ആ വീട്ടില്‍ ജനിച്ചത് ഇലൈജയുടെ ഭാഗ്യം. ആ വീടിന് ഏറ്റവും ചേരുന്ന പേരാണ് സജീഷ് കണ്ടെത്തിയത് 'Gan Ahava' . ഹീബ്രു ഭാഷയില്‍ സ്നേഹത്തിന്‍റെ പൂന്തോട്ടം എന്നാണ് ആ വാക്കിന്‍റെ അര്‍ത്ഥം.

ഓട്ടിസം ഒരാളില്‍ എന്നതുപോലെയല്ല അടുത്ത ആളില്‍ പ്രവര്‍ത്തിക്കുന്നത്. ഇലൈജയുടെ ഇഷ്ടങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിരിക്കാം ഓട്ടിസ്റ്റിക് ആയ വേറെ ഒരാളുടെ കഴിവുകള്‍. പക്ഷേ ഒരു കാര്യത്തില്‍ അവര്‍ എല്ലാവരും ഒരേ പോലെയാണ്, നേരെ ചൊവ്വേയുള്ള പെരുമാറ്റത്തില്‍. ദേഷ്യം വരുമ്പോള്‍ അതൊളിപ്പിച്ചു ചിരിക്കുകയും ദുര്‍ബലരാകുമ്പോള്‍ അതൊളിപ്പിച്ചു ധൈര്യം കാണിക്കുകയും ചെയ്യുന്ന നമ്മള്‍ നോര്‍മല്‍ മനുഷ്യര്‍ ആവുകയും യഥാര്‍ത്ഥവികാരങ്ങള്‍ക്ക് അനുസരിച്ചു പ്രവര്‍ത്തിക്കുന്ന ഓട്ടിസ്റ്റിക്ക് ആയ ആളുകള്‍ നോര്‍മല്‍ മനുഷ്യര്‍ ആയി കണക്കാക്കപ്പെടാതിരിക്കുകയും ചെയ്യുന്നു എന്നത് എന്തൊരു വിരോധാഭാസമാണ് അല്ലേ! കുഞ്ഞുങ്ങളായിരിക്കുമ്പോള്‍ നമ്മളും അവരും ഒരുപോലെ. മുതിര്‍ച്ചയില്‍ നമ്മള്‍ക്ക് നമ്മളെ നഷ്ടപ്പെടുന്നു, അവരോ എക്കാലവും കുഞ്ഞുങ്ങളായിരിക്കുന്നു.

ഇലൈജയെക്കുറിച്ച് എഴുതുമെന്നു പറഞ്ഞപ്പോള്‍ റെനി പറഞ്ഞു, 'നോര്‍മല്‍ അല്ലാത്ത ഒരു കുട്ടി ചെയ്യുന്ന എന്തോ മഹാത്ഭുതമെന്ന രീതിയില്‍ ഇലൈജയുടെ കഴിവുകളെ പലരും കാണുന്നുണ്ട്. അങ്ങനെയല്ല കാണേണ്ടത്. അവരുടെ ന്യൂറോ സിസ്റ്റം ലോകത്തിന്‍റെ പസിലുകളെ നമ്മളുടെ രീതിയില്‍ അല്ല കൂട്ടിയോജിപ്പിക്കുന്നത്. അതിനര്‍ത്ഥം അവര്‍ തെറ്റും നമ്മള്‍ ശരിയും ആണെന്നല്ല, പരസ്പരം വ്യത്യസ്തമാണ് എന്നുമാത്രമല്ലേ നമ്മള്‍ മനസിലാക്കേണ്ടതുള്ളൂ. മറ്റു കുട്ടികള്‍ ചെയ്യുന്നതു പോലെ തന്നെ ഇലൈജയും അവളുടെ ഇഷ്ടങ്ങളും കൗതുകങ്ങളും കണ്ടെത്തുന്നു, എന്നാല്‍ മറ്റു കുട്ടികളെപ്പോലെ അവയെ നടപ്പിലാക്കാനോ മറ്റുള്ളവരോട് കമ്മ്യൂണിക്കേറ്റ് ചെയ്യാനോ ഇവര്‍ക്ക് പറ്റുന്നില്ല. അതിനു സഹായിക്കാന്‍ വേണ്ടിയല്ലെങ്കില്‍ പിന്നെന്തിനാണ് ദൈവം നമ്മള്‍ക്ക് ആ കഴിവുകള്‍ തന്നിട്ടുള്ളത്? ദൈവം എല്ലാവരെയും വ്യസ്ത്യസ്തരും അതേസമയം അതുല്യരുമായാണ് സൃഷ്ടിച്ചിട്ടുള്ളത്. അത് നമ്മള്‍ മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്താല്‍ എല്ലാം ശരിയാകും. നമ്മളത് മാറ്റാന്‍ ശ്രമിച്ചിട്ട് എന്താണ് കാര്യം? കാര്യമില്ലെന്നു മാത്രമല്ല, സ്വയം നിരാശരാവുകയും ചെയ്യും. ഈ ലോകം എല്ലാതരം മനുഷ്യര്‍ക്കും തുല്യമായി അവകാശമുള്ളതാണ്. ഇലൈജയെ പോലെയുള്ള വ്യക്തികളെ അംഗീകരിക്കുകയും അവര്‍ക്ക് ഈ ക്രൂരവും അരാജകത്വം നിറഞ്ഞതുമായ ലോകത്ത് എങ്ങനെ ജീവിക്കണമെന്ന് വഴികാട്ടുകയും ചെയ്യേണ്ടത് എല്ലാ മനുഷ്യരുടെയും കടമയാണ്. അവര്‍ അത്ര നല്ലവരും നിഷ്കളങ്കരുമാണ്. അവര്‍ക്ക് ലോകത്തിന്‍റെ സൂത്രപ്പണികള്‍ വശമില്ലല്ലോ. അവര്‍ അവരായിത്തന്നെ ജീവിക്കട്ടെ, എന്തിനാണ് അവരെ നമ്മളെപ്പോലെയാക്കാന്‍ ശ്രമിച്ച് ബുദ്ധിമുട്ടുണ്ടാക്കുന്നത്. ദൈവത്തിന്‍റെ മഹത്വവും നന്മയും കാണാന്‍ ഇലൈജയെപ്പോലുള്ള മനുഷ്യരെ നോക്കിയാല്‍പ്പോരേ? കുറച്ചെങ്കിലും അവരെപ്പോ ലെയാകാന്‍ ശ്രമിക്കലാണ് നമ്മളൊക്കെ ചെയ്യേണ്ടത്.'

നിറയെ വെളിച്ചമുള്ള ആ വീടുപോലെ അകം നിറയെ പ്രകാശം നിറഞ്ഞ രണ്ടുപേര്‍... ഏതിരുളിലും ആ പ്രഭയെ പൂര്‍ണ്ണമാക്കുന്ന കുഞ്ഞുങ്ങള്‍.. ഞങ്ങള്‍ യാത്ര പറഞ്ഞിറങ്ങി, വീണ്ടും വീണ്ടും ചെല്ലുമെന്നുള്ള ഉറപ്പില്‍. ഇലൈജയെ മാത്രമല്ല, പ്രിയപ്പെട്ട രണ്ടു സുഹൃത്തുക്കളെക്കൂടെ ഞങ്ങള്‍ക്കവിടെ കിട്ടിയല്ലോ. തൃശൂര്‍ വരെ ആഷര്‍ കൊണ്ടു വന്നാക്കി. തിരികെ ബസില്‍ കയറി ഇരുട്ടിലേക്ക് നോക്കിയിരിക്കെ ഞങ്ങള്‍ രണ്ടുപേരും നിശ്ശബ്ദരായിരുന്നു. മുടിയും വസ്ത്രവും പറപ്പിച്ചു കൊണ്ട് ഞങ്ങള്‍ക്കുമേല്‍ തണുത്ത കാറ്റ് വീശിക്കൊണ്ടി രുന്നു. എപ്പോഴോ ഞാനും അര്‍ച്ചനയും പരസ്പരം നോക്കിച്ചിരിച്ചു, ഞങ്ങള്‍ രണ്ടുപേരുടെയും കണ്ണു നിറഞ്ഞിരുന്നു. ദൈവമേ എന്നൊരു വിളി ഹൃദയത്തില്‍ മുഴങ്ങിക്കൊണ്ടിരുന്നു. ദൈവത്തിനു പ്രിയപ്പെട്ട ഒരാളെ ഞങ്ങള്‍ക്കുള്ളിലും കൊത്തി വെച്ചു കഴിഞ്ഞിരുന്നു. ഞങ്ങള്‍ക്കുമേല്‍ സമാധാനം പെയ്തിറങ്ങിക്കൊണ്ടിരുന്നു.

ഇലൈജയുടെ ഹാന്‍ഡ്മേഡ് കോഫി സോപ്പ് കൊണ്ട് കുളിച്ച് ഈ കുറിപ്പ് എഴുതാനിരിക്കുമ്പോള്‍ അവളുടെ ആദ്യവീഡിയോ കാണാന്‍ നിര്‍ദേശിച്ച പ്രിയപ്പെട്ട സുഹൃത്ത് ഓട്ടിസത്തെക്കുറിച്ചു പറഞ്ഞ വാചകമാണ് മനസ്സില്‍. 'Always unique, totally interesting, and sometimes mysterious!' ഇലൈജക്ക്, അവളെപ്പോലെയുള്ള കുഞ്ഞുങ്ങള്‍ക്ക് വേണ്ടത് സഹതാപമല്ല, അംഗീകാരമാണ്. അവര്‍ക്കുകൂടി അവകാശപ്പെട്ട ലോകമാണ് നമ്മള്‍ പങ്കുപറ്റുന്നത് എന്നുള്ള തിരിച്ചറിവാണ്. ഇലൈജയുടെ സോപ്പുകള്‍ വാങ്ങാന്‍ 9745628331 എന്ന നമ്പറില്‍ റെനിയെ വിളിക്കാം. http://soapea.in എന്ന വെബ്സൈറ്റില്‍ കയറിയാല്‍ സോപ്പുകളുടെ കഥ വായിക്കാം, അവയുടെ ഭംഗിയും തനിമയും കാണാം.

ഓട്ടിസ്റ്റിക് ആയ ഒരു കുട്ടിയുടെ വെറുമൊരു കൗതുകം എന്ന് തള്ളാന്‍ വരട്ടെ,'Handmade Soap by Elijah' എന്ന ലേബലുള്ള കവറില്‍ നിങ്ങളെ തിരഞ്ഞെത്തുന്നത് മാര്‍ക്കറ്റില്‍ കിട്ടുന്ന ഏതൊരു ഓര്‍ഗാനിക് സോപ്പിനോടും കിടപിടിക്കുന്ന ഉത്പന്നമാണെന്ന് ഞാന്‍ ഉറപ്പുതരുന്നു.

ഇലൈജയുടെ ബ്ലോഗു വായിക്കുന്നതിള്ള ലിങ്ക്:
https://spectrumelijah.blogspot.com/2020/11/a-soap-story.html
http://elijjah.blogspot.com/2015/11/7-things-what-my-daughter-taught-me_17.html

Handmade Soap by Elijah ന്റെ വെബ്സൈറ്റ് ലിങ്ക്:
http://www.soppea.in/


ഇലൈജയുടെ പ്രൊഡക്ടുകൾ ലഭിക്കാൻ ഉള്ള വാട്സാപ്പ് ഗ്രൂപ് ലിങ്ക്:
https://www.whatsapp.com/catalog/919745628331/?app_absent=0

 

ചിത്തിര കുസുമന്‍

You can share this post!

രണ്ട് ജീവിതങ്ങള്‍

അങ്കിത ജോഷി
Related Posts