news-details
എന്റെ ദൈവം

അപ്പസ്തോലന്മാരുടെ പ്രവര്‍ത്തനങ്ങള്‍

ക്രിസ്തുവിനെ അന്വേഷിക്കുന്നവര്‍ ഏറ്റവും കൂടുതല്‍ വായിക്കുകയും ചര്‍ച്ച നടത്തുകയും ചെയ്യേണ്ട പുസ്തകമാണ് ബൈബിളിലെ നടപടി പുസ്തകം. ക്രിസ്തുവചനങ്ങള്‍ തന്‍റെ അനുയായികളെ എങ്ങനെ സ്വാധീനിച്ചു എന്നു യഹൂദചരിത്രത്തില്‍ നിന്നും ക്രിസ്ത്യാനികള്‍ എങ്ങനെ വേര്‍പെടുത്തപ്പെട്ടു എന്നും ഈ പുസ്തകത്തില്‍ നമുക്ക് കാണാന്‍ കഴിയും. ക്രിസ്തുവില്‍ നിന്ന് ക്രിസ്ത്യാനികളിലേയ്ക്കും കത്തോലിക്കാ സഭയിലേയ്ക്കും വിശ്വാസചരിത്രം പരിണമിച്ചത് എങ്ങനെ എന്ന മനോഹരമായ ചിത്രവും ഈ പുസ്തകം നമുക്ക് നല്‍കുന്നുണ്ട്. ജറൂസലേം കേന്ദ്രീകൃതമായി പത്രോസ് സഭയെ നയിക്കുന്ന ആദ്യ പകുതിയില്‍ നിന്ന്, ഇതരമതസ്ഥരിലേയ്ക്കും രാജ്യങ്ങളിലേയ്ക്കും സംസ്കാരങ്ങളിലേയ്ക്കും, പൗലോസിന്‍റെ നേതൃത്വത്തില്‍ സഭ വ്യാപിക്കുന്ന രണ്ടാം പകുതിയാണ് സഭാചരിത്രത്തിലെ പരിണാമത്തിന്‍റെ കാതല്‍. ഒരുമിച്ചു നില്‍ക്കാനുള്ള അദമ്യമായ ആഗ്രഹത്തിന്‍റേ മേല്‍ പ്രായോഗികമായ തീരുമാന ങ്ങളും വ്യത്യസ്തമായ സാഹചര്യങ്ങളും എങ്ങനെ സ്വാധീനം ചെലുത്തുന്നു എന്ന് നാം ഇവിടെ കാണുന്നുണ്ട്. സഭൈക്യത്തിലും സഭയുടെ വ്യാപനത്തിലും പരിശുദ്ധാത്മാവിന്‍റെ സ്വാധീനം വളരെ വ്യക്തമാണീ പുസ്തകത്തില്‍. സഭാവളര്‍ച്ചയില്‍ എക്കാലവും പുലര്‍ത്തേണ്ട ചില നിലപാടുകളിവിടെ നമുക്ക് ദര്‍ശിക്കാം. ആത്മീയതയും ഭൗതികതയും സമ്മേളിക്കുന്ന സഭാഭരണത്തിന് അപ്പസ്തോലന്മാര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ പരിശുദ്ധാത്മാവിനാല്‍ പ്രചോദിതമായിരുന്നു എന്നതാണതില്‍ പ്രധാനം. ആദ്യകാലഘട്ടങ്ങളില്‍ അപ്പസ്തോലന്മാര്‍ കൂടുതല്‍ പ്രാധാന്യം കൊടുത്തിരുന്നത് സുവിശേഷപ്ര ഘോഷണത്തിലായിരുന്നു. കൂട്ടായ്മജീവിതത്തിന്‍റെ പ്രായോഗികബുദ്ധിമുട്ടുകളെ തരണം ചെയ്യാന്‍ കാലികമായ സംവിധാനങ്ങള്‍ ക്രിസ്ത്യന്‍ സമൂഹങ്ങള്‍ക്ക് സ്വീകരിക്കേണ്ടതായി വന്നു. അങ്ങനെയാണ് ചര്‍ച്ചയുടെ പൊതുവേദികളും സംഘടനാത്മകതയുടെ പ്രായോഗികരൂപങ്ങളും സഭയില്‍ ഉരുത്തിരിയുന്നത്.
 
ചരിത്രത്തിലെ നിര്‍ണായക സന്ധിയായ ക്രിസ്തുസംഭവത്തിന് ചരിത്രാതീതമായ ഒരു മാനം നല്‍കിയ പ്രസംഗങ്ങളാണ് അപ്പസ്തോലന്മാരുടെ പുസ്തകത്തിന്‍റെ കാതല്‍. പത്രോസിന്‍റെയും പൗലോസിന്‍റെയും പ്രസംഗങ്ങള്‍ ക്രിസ്തുവിന്‍റെ മരണത്തെ കേവലം ഒരു രാഷ്ടീയ-മാനുഷിക സംഭവം എന്നതിലുപരി ദൈവികപദ്ധതികളുടെ ഭാഗമാണെന്ന് കേള്‍വിക്കാരെ ബോധ്യപ്പെടുത്തുന്ന തായിരുന്നു. യഹൂദമതത്തിന്‍റെ വിശ്വാസധാരകളെ വ്യത്യസ്തമായ ഒരു കാഴ്ചപ്പാടില്‍ നിരീക്ഷിക്കാനും മനുഷ്യാവതരത്തിലൂടെ ലോകത്തോടു സംവദിച്ച ദൈവത്തിന്‍റെ സാന്നിധ്യം ക്രിസ്തുവിലൂടെ അപ്പസ്തോലന്മാരിലേയ്ക്കും അവിടെ നിന്ന് സഭയിലേയ്ക്കും തുടരുന്നു എന്നും വാക്കുകളിലൂ ടെയും അടയാളങ്ങളിലൂടെയും സ്ഥിരീകരിക്കാന്‍ ആദിമസഭാനേതാക്കന്മാര്‍ക്കായി. അങ്ങനെയാണ് ക്രിസ്തുകേന്ദ്രീകൃതമായ വിശ്വാസസംഹിതകളുടെ അടിസ്ഥാനവുമായി ക്രിസ്തുമതം ജീവന്‍ പ്രാപിക്കുന്നത്. തനതായ ഒരു ജീവിത രീതികൊണ്ടും മറ്റുള്ളവരോടു പുലര്‍ത്തിയിരുന്ന നിലപാടുകള്‍ കൊണ്ടുമാണ് അവര്‍ ക്രിസ്ത്യാനികള്‍ എന്ന് വിളിക്കപ്പെടുന്നതു പോലും. ത്വരിതഗതിയിലുള്ള ക്രിസ്തുവിശ്വാസികളുടെ വളര്‍ച്ചയാണ് അപ്പസ്തോലന്മാരുടെ പുസ്തകത്തില്‍ നാം കാണുന്നത്. എന്നാല്‍ ക്രമേണ വിശ്വാസ സംരക്ഷണം ദുഷ്കരമായ ഒന്നായി മാറുന്നു (2 തെസ്സലോനിക്ക 1: 4).  മാറുന്ന രാഷ്ട്രീയ സാഹചര്യങ്ങളും മതമര്‍ദ്ദനങ്ങളും ദൈവിക ഇടപെടല്‍ അനിവാര്യമാണെന്ന വിശ്വാസത്തിലേ യ്ക്ക് ആദിമ ക്രൈസ്തവസമൂഹങ്ങളെ നയിച്ചു. ക്രിസ്തുവിനുവേണ്ടി സഹിക്കുന്ന നീതിമാന്‍മാരെ സംവഹിക്കാന്‍ ക്രിസ്തുവരുമെന്ന വിശ്വാസവും വചനവ്യാഖ്യാനവും കൂടുതല്‍ സാധാരണമായി. പൗലോസ് ശ്ലീഹായുടെ കത്തുകളില്‍ അങ്ങനെയാണ് ക്രിസ്തുവിന്‍റെ രണ്ടാം വരവ് ഒരു പ്രധാന പ്രമേയമാകുന്നത്. 
 
പൗലോസും ക്രിസ്തുവിന്‍റെ പ്രത്യാഗമനവും 
1 തെസലോനിയ 4: 15  17 ല്‍ നാം ഇപ്രകാരം വായിക്കുന്നു;
 
               കര്‍ത്താവിന്‍റെ പ്രത്യാഗമനം വരെ നമ്മില്‍ ജീവനോടെയിരിക്കുന്നവര്‍ നിദ്ര പ്രാപിച്ചവര്‍ക്കു മുന്നിലായിരിക്കുകയില്ലെന്ന് കര്‍ത്താവിന്‍റെ വചനത്തെ ആധാരമാക്കി ഞങ്ങള്‍ പറയുന്നു. എന്തെന്നാല്‍ അധികാരപൂര്‍ണമായ ആജ്ഞാവചനം കേള്‍ക്കുകയും പ്രധാനദൂതന്‍റെ ശബ്ദം ഉയരുകയും ദൈവത്തിന്‍റെ കാഹളധ്വനി മുഴങ്ങുകയും  ചെയ്യുമ്പോള്‍ കര്‍ത്താവ് സ്വര്‍ഗത്തില്‍ നിന്ന് ഇറങ്ങി വരികയും ക്രിസ്തുവില്‍ മരണമടഞ്ഞവര്‍ ആദ്യം ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യും. അപ്പോള്‍ ജീവിച്ചിരിക്കുന്നവരായി നമ്മില്‍ അവശേഷിക്കു ന്നവര്‍ ആകാശത്തില്‍ കര്‍ത്താവിനെ എതിരേല്‍ക്കാ നായി അവരോടൊപ്പം മേഘങ്ങളില്‍ സംവഹിക്ക പ്പെടും അങ്ങനെ നാം എപ്പോഴും കര്‍ത്താവിനോടു കൂടെ ആയിരിക്കുകയും ചെയ്യും.
 
ക്രിസ്തുവിന്‍റെ രണ്ടാം വരവിനെ വ്യാഖ്യാനിക്കാനും പ്രസംഗിക്കാനും ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെട്ട പുതിയനിയമഭാഗമാ ണിത്. എഴുതപ്പെട്ടത് ഏകദേശം രണ്ടായിരം വര്‍ഷങ്ങള്‍ക്കപ്പുറമാണെങ്കിലും കാലികമായ പഠനങ്ങള്‍ ഉള്‍ച്ചേര്‍ക്കാതെ ഈ വചനങ്ങള്‍ ഇന്നും അതേപടി ഉപയോഗിക്കുന്ന വചനപ്രഘോഷകരും വിശ്വാസികളുമുണ്ട്. പൗലോസിന്‍റെ ആദ്യകാല ലേഖനങ്ങളിലൊന്നായ തെസലോനിക്കയിലെ സഭയ്ക്കുള്ള ലേഖനം എഴുതപ്പെട്ടത് ഏകദേശം എ. ഡി. 51 - 52 കാലഘട്ടത്തിലാണ്. ക്രിസ്തുവിന്‍റെ വാക്കുകളെയും മറ്റു വചനഭാഗങ്ങളെയും നിലവിലിരുന്ന സാഹചര്യത്തില്‍ പൗലോസ് വ്യാഖ്യാനിച്ചുപോയതാണീ വാക്യങ്ങള്‍. തന്‍റെ മരണത്തിനും മുമ്പുതന്നെ ക്രിസ്തുവിന്‍റെ രണ്ടാം ആഗമനമുണ്ടാകുമെന്നായിരുന്നു പൗലോസിന്‍റെ വിചാരം. എന്നാല്‍ കാലം ഇത് തെറ്റാണന്ന് അദ്ദേഹത്തിന് കാണിച്ചു കൊടുത്തു. തുടര്‍ന്നുള്ള തന്‍റെ ലേഖനങ്ങളില്‍ പൗലോസ് തന്‍റെ കാഴ്ചപ്പാടുകള്‍ മയപ്പെടുത്തുന്നുണ്ട്. കര്‍ത്താവിന്‍റെ രണ്ടാം വരവിന്‍റെ ഭാവനാത്മകമായ ആവിഷ്കാരം ആ കാലഘട്ടത്തില്‍ നിലവിലിരുന്ന പ്രപഞ്ചസങ്കല്‍പ്പ വുമായി ചേര്‍ന്നു നില്‍ക്കുന്ന ഒന്നായിരുന്നു. ഭൂമി പരന്നതാണെന്നും, സ്വര്‍ഗം മുകളിലും പാതാളം ഭൂമിക്കടിയിലുമാണെന്ന പൊതുധാരണ പൗലോസും പുലര്‍ത്തിയിരുന്നു. അതുകൊണ്ടാ ണല്ലോ സ്വര്‍ഗത്തിനും ഭൂമിക്കുമിടയ്ക്ക് വച്ച് മേഘങ്ങളില്‍ കര്‍ത്താവിനെ കണ്ടുമുട്ടുന്ന ഭാവനാത്മകമായ ചിന്തയിലേയ്ക്ക് പൗലോസ് നമ്മെ നയിക്കുന്നത്.
 
മേലുദ്ധരിച്ച ബൈബിള്‍ ഭാഗവുമായി ബന്ധപ്പെട്ട് ഏകദേശം 200 വര്‍ഷങ്ങള്‍ക്കു മുമ്പ് ഉടലെടുത്ത ഒരു ചിന്താധാരയുണ്ട്. ചര്‍ച്ച് ഓഫ് അയര്‍ലന്‍റിലെ മിനിസ്റ്ററായിരുന്ന ജോണ്‍ നെല്‍സണ്‍ ഡാര്‍വിയാണ് ഇതിന്‍റെ ഉപജ്ഞാതാവ്. മനുഷ്യചരിത്രത്തിന്‍റെ വിഭജനം  (Rapture) ക്രിസ്തുവിന്‍റെ രണ്ടാം വരവോടെ സംഭവിക്കുമെന്നും അതുടനെയുണ്ടാകുമെന്നും ഡാര്‍വി പ്രസംഗിച്ചു. പിന്നീട് സ്വന്തം സഭയിലുള്ളവര്‍ തന്നെ ഈ വാദഗതി എതിര്‍ത്തെങ്കിലും ദൈവം തനിക്ക് വ്യക്തിപരമായി വെളിപ്പെടുത്തിയതാണിതെന്ന അവകാശവാദവുമായി അദ്ദേഹം മുമ്പോട്ടു പോയി.(cf. Sr. Cathy Jones RA, Catholics and ‘the Rapture’, Thinking Faith, Dec15, 2011)  പിന്നീട് പല സെക്റ്റുകളിലും ഈ ചിന്താധാര കടന്നുകൂടുകയും ക്രിസ്തീയ ചിന്തകളെ കാര്യമായി സ്വാധീനിക്കുകയും ചെയ്തു. ഇന്ന് ചില കരിസ്മാറ്റിക് പ്രസംഗകരില്‍ നിന്ന് നാം ഈ ചിന്താധാരകളുടെ അലയൊലികള്‍ കേള്‍ക്കുന്നുണ്ടെ ങ്കില്‍ അതില്‍ നാം ജാഗ്രത പുലര്‍ത്തേ ണ്ടിയിരിക്കുന്നു.
 
നിശ്ചയിക്കപ്പെട്ട ഒരു ദിനം ക്രിസ്തു തന്‍റെ രണ്ടാം വരവില്‍ നീതിമാന്മാരായ മനുഷ്യരെ തന്നോടൊപ്പം സ്വര്‍ഗത്തി ലേയ്ക്കു കൊണ്ടു പോകുമെന്നതാണ്  രണ്ടാം വരവും ചരിത്രവിഭജനവും    (Rapture)    എന്ന വിശ്വാസത്തിന്‍റെ കാതല്‍. നീതിമാന്മാരായി അവശേഷിക്കുന്നവരെ കൊണ്ടുപോകാനായുള്ള ക്രിസ്തുവിന്‍റെ രണ്ടാം വരവ് (rapture) അവശേഷിക്കുന്നവര്‍ (Left Behind) എന്ന പേരില്‍ വലിയൊരു കച്ചവടമായി പ്രത്യേകിച്ച് പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ രൂപാന്തരപ്പെട്ടു.(Akin, J., ‘False Profit: Money, Prejudice, and Bad Theology in Tim LaHaye’s Left Behind Series) .  പൗലോസിന്‍റെ മേലുദ്ധരിച്ച വചനങ്ങളെ ആധാരമാക്കി കത്തോലിക്കാ സഭ ഇപ്രകാരമൊരു വിശ്വാസം പഠിപ്പിക്കുന്നില്ല. എപ്പോഴാണ് ക്രിസ്തുവിന്‍റെ രണ്ടാമത്തെ ആഗമനത്തെക്കാള്‍ എവിടെ?, എങ്ങനെ? എന്നീ ചോദ്യങ്ങള്‍ക്കാണ് പ്രസക്തി എന്നാണ് ദൈവശാസ്ത്രജ്ഞനും മാര്‍പാപ്പയുമായിരുന്ന റാറ്റ്സിംഗറുടെ പക്ഷം. കാരണം ദൈവത്തിന്‍റെ സമയത്തെക്കുറിച്ച് മനുഷ്യന്‍ വ്യാകുലപ്പെടേണ്ട തില്ലന്ന് പലവുരു ക്രിസ്തു വ്യക്തമാക്കിയിട്ടുണ്ട്. ആശങ്കയോടെയുള്ള ജീവിതമല്ല പ്രത്യാശയോ ടെയുള്ള ജീവിതമാണ് ക്രിസ്ത്യാനിയുടേത്. ക്രിസ്തീയമായ പ്രത്യാശ എന്നത് വ്യക്തിപരമായ പ്രത്യാശയാണെന്നും ക്രിസ്തുവിന് ഒരാളുടെ ജീവിതത്തിലേയ്ക്ക് കടന്നുവരാന്‍ ഏതു നിമിഷവും കഴിയുമെന്നും അതിനുവേണ്ടിയുള്ള പ്രാര്‍ത്ഥന യാണ് കൂടുതല്‍ അര്‍ത്ഥവത്തായ പ്രാര്‍ത്ഥനയെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. ക്രിസ്തുവിന്‍റെ ഉത്ഥാനത്തോടെ മരണത്തെയും പാപത്തെയും പരാജയപ്പെടുത്തി ദൈവരാജ്യം മനുഷ്യരുടെ ഇടയില്‍ സജീവമാണ്( J. Ratzinger, Eschatology:
Death and Eternal Life, p.2014).അതുകൊണ്ട് ദൈവവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ സ്വന്തം വിശ്വാസജീവിതത്തെ വ്യാഖ്യാനിക്കുക എന്നതാണ് ഏതൊരു വിശ്വസിക്കും കരണീയമായിട്ടുള്ളത്.
 
ലോകാവസാനവും 
ക്രിസ്തുവിന്‍റെ രണ്ടാം വരവും
ചിലരെങ്കിലും ലോകാവസാനത്തെയും (End of the World) ബൈബിളിലെ കര്‍ത്താവിന്‍റെ ദിവസം എന്ന പ്രയോഗത്തെയും ബന്ധിപ്പിച്ച് പഠിപ്പിക്കാറുണ്ട്. കര്‍ത്താവിന്‍റെ ദിവസം  എന്ന് ബൈബിള്‍ സൂചിപ്പിക്കുന്നതും ലോകാവസാനവും തമ്മില്‍ യാതൊരു ബന്ധവുമില്ല എന്നതാണ് വാസ്തവം. ക്രിസ്തുവിന്‍റെ രണ്ടാം വരവിനെ ക്രിസ്തുവിന്‍റെ ആദ്യത്തെ വരവുമായി താരതമ്യപ്പെടുത്തി വേണം മനസ്സിലാക്കാന്‍. മറിയത്തിന്‍റെയും ജോസഫിന്‍റെയും മകനായി ജീവിച്ച്, മരണത്തിലൂടെയും ഉത്ഥാനത്തിലൂടെയും സ്വര്‍ഗാരോഹണത്തിലൂടെയും ഈശോ തന്‍റെ ഭൗമികസാന്നിധ്യം അവസാനിപ്പിച്ചുവെങ്കിലും, പരിശുദ്ധാത്മാഗമനത്തെത്തുടര്‍ന്ന് ക്രിസ്തു ഇന്നും സജീവനായി നമ്മുടെ ഇടയിലുണ്ട് എന്നാണ് സഭ പഠിപ്പിക്കുന്നത്. അത് വിശ്വാസത്തിലൂടെയും, സുവിശേഷ പ്രഘോഷണത്തിലൂടെയും കൂദാശകളിലൂടെയുമാണ്. അവസാനകാലം എന്ന ബൈബിള്‍ നിരീക്ഷണത്തെ ക്രിസ്തുവിന് ശേഷമുള്ള കാലമായിട്ടാണ് സഭ വ്യാഖ്യാനിക്കുന്നത്.
 
പുതിയ നിയമത്തില്‍ ക്രിസ്തുവിന്‍റെ രണ്ടാം വരവിനെക്കുറിച്ച് പരാമര്‍ശിക്കുന്ന നിരവധി സന്ദര്‍ഭങ്ങളുണ്ട് (മത്തായി 24: 30, യോഹന്നാന്‍ 21: 23, അപ്പ. പ്രവ. 1: 11). പൗലോസിന്‍റെ വിചാരങ്ങളില്‍, നാമീ കാണുന്ന ലോകം താത്ക്കാലികമാണെന്നും, ക്രിസ്തുവിന്‍റെ രണ്ടാംവരവോടു കൂടി മനുഷ്യചരിത്രം അവസാനിക്കുമെന്നും, തുടര്‍ന്ന് രൂപാന്തരപ്പെട്ട പുതിയൊരു ലോകത്തിനു തുടക്കമാകുമെന്നും പരാമര്‍ശമുണ്ട് (1 കൊറിന്തോസ് 15: 51  56). ക്രിസ്തുവിന്‍റെ രണ്ടാം വരവിന്‍റെ ഉദ്ദേശം എന്നത് പാപത്തിന്‍റെയും തിന്മയുടെയും ശക്തികളില്‍ നിന്ന് മനുഷ്യവംശത്തെ മോചിപ്പിക്കുക എന്നതാണെന്നാണ് ബൈബിള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ പൗലോസിന്‍റെ വ്യാഖ്യാനങ്ങളില്‍ ചില പരിമിതികളുണ്ട്. അത് നിശ്ചയിച്ചുറപ്പിക്കപ്പെട്ടിരി ക്കുന്ന ഒരു പ്രത്യേക ദിനമല്ലെന്നും അതേക്കുറിച്ച് ആകുലപ്പെടുന്നത് ക്രിസ്തീയമല്ലെന്നും നാം മനസ്സിലാക്കണമെന്ന് സഭ ആഗ്രഹിക്കുന്നു. ക്രിസ്തുവുമായുള്ള പുനസമാഗമം ക്രിസ്ത്യാനിയെ സംബന്ധിച്ചിട ത്തോളം ഭയപ്പെടുത്തുന്ന ഒന്നല്ല മറിച്ച് പ്രത്യാശപൂര്‍വമായ കാത്തിരിപ്പിനൊടുവില്‍ സംഭവിക്കുന്ന സന്തോഷപൂര്‍ണമായ ഒന്നായിരി ക്കണം.
 
ലോകാവസാനം, അന്ത്യവിധി എന്നീ ആശയങ്ങള്‍ വിശ്വാസികളെ എന്നും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ദൈവം, പിശാച്, നന്മ, തിന്മ, സ്വര്‍ഗം, നരകം തുടങ്ങിയ കാര്യങ്ങളില്‍ ഒരോ കാലഘട്ടങ്ങളിലും മനുഷ്യന് വ്യത്യസ്ഥമായ കാഴ്ചപ്പാടുകളുണ്ടായിരുന്നിട്ടുണ്ട്. ബൈബിളിനെ ആസ്പദമാക്കി ഈ വസ്തുതകളെ ഇന്ന് നാം മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ മനുഷ്യവംശത്തിന്‍റെ ഇന്നുവരെയുള്ള ചരിത്രത്തെയും കണ്ടെത്തലു കളെയും ഉള്‍ച്ചേര്‍ക്കേണ്ടതുണ്ട്. കാലികമായ കാഴ്ചപ്പാടുകളെയും അറിവുകളെയും ആത്മീയാന്വേ ഷണങ്ങളില്‍ ഉള്‍ച്ചേര്‍ക്കാന്‍ എല്ലാവര്‍ക്കും കഴിഞ്ഞു എന്നു വരില്ല. അത്തരമൊരു ശ്രമം ആത്മീയാന്വേഷ ണങ്ങളിലില്ലാതെ വരുമ്പോള്‍ ഉരുത്തിരിയുന്നത് വ്യക്തതയില്ലാത്ത ആശയങ്ങളും പഠിപ്പിക്കലുകളും മാത്രമായിരിക്കും.
 
മനുഷ്യാവതാരത്തിലൂടെ ലോകചരിത്രത്തെ തന്നെ മാറ്റിമറിച്ച ക്രിസ്തു പുതിയൊരു ജീവിതശൈലിക്കും ചിന്താധാരയ്ക്കും രൂപം കൊടുത്തു. മനുഷ്യത്വത്തിന്‍റെയും ദൈവത്തിന്‍റെയും പുതിയൊരു മുഖം നമുക്ക് കാണിച്ചു തന്നു. നീതിപൂര്‍വകമായ ഒരു ജീവിതാനന്തരം ഒരാള്‍ക്ക് സാധ്യമാകാവുന്ന ദൈവത്തിലുള്ള ജീവിതമാണ് ക്രിസ്തു തന്‍റെ പ്രബോധനങ്ങളില്‍ ഉയര്‍ത്തിക്കാട്ടിയിരുന്നത്. മനുഷ്യന്‍ കേവലം ഭൗമികനായ ഒരു സൃഷ്ടി മാത്രമല്ലെന്നും സ്രഷ്ടാവിന്‍റെ തന്നെ ജീവനില്‍ പങ്കുചേരാനുള്ള സാധ്യത അവന്‍റെ തീരുമാനങ്ങളിലും തിരഞ്ഞെടുപ്പുകളിലും ഒളിഞ്ഞുകിടപ്പുണ്ടെന്നും തിന്മയ്ക്കുമേല്‍ വിജയം നല്‍കി ക്രിസ്തു മുമ്പേയുണ്ടെന്നും സുവിശേഷം പറഞ്ഞുവെയ്ക്കുന്നു. മനുഷ്യന്‍ ഒരു വയലാണ്. മനുഷ്യജീവിതത്തിനുള്ളില്‍ ഒരു നിധിയുണ്ട്. അത് കണ്ടെത്തുക എന്നതാണ് ക്രിസ്തുവിന്‍റെ ആഹ്വാനം.
                                                                                                                                               (തുടരും)

You can share this post!

ക്രിസ്തു എന്ന അടയാളം

ബിജു മഠത്തിക്കുന്നേൽ
അടുത്ത രചന

ശരീരം, മനസ്സ്, ആത്മാവ്

ബിജു മഠത്തിക്കുന്നേല്‍ CSSR
Related Posts