news-details
ഇടിയും മിന്നലും

ടിക്കറ്റെടുക്കാനുണ്ടോ...

.
 
 
എപ്പോള്‍ ചോദിച്ചാലും സഹായിക്കാറുള്ള ഒരു നല്ല അഡ്വക്കേറ്റു സ്നേഹിതന്‍ ആദ്യമായിട്ട് എന്നോടൊരു സഹായം ചോദിച്ചു; എനിക്കു സൗകര്യമുള്ള ഒരു ദിവസം മുന്‍കൂട്ടി അറിയിച്ച് അദ്ദേഹത്തിന്‍റെകൂടെ ഒരച്ചനെ കാണാന്‍ ചെല്ലാമോന്ന്. കാര്യമെന്താണെന്നു ചോദിച്ചപ്പോള്‍ നേരിട്ടു കാണുമ്പോള്‍ വിശദീകരിക്കാമെന്നായിരുന്നു മറുപടി. ഞാന്‍ സമ്മതിച്ച് ഡേറ്റും കൊടുത്തു. സാമാന്യം ദൂരെയുള്ള ഒരു ടൗണിനടുത്ത് ഹൈവേയോടു ചേര്‍ന്നായിരുന്നു അദ്ദേഹത്തിന്‍റെ വീട്. അവിടെയെത്താന്‍ എനിക്കു രണ്ടുമണിക്കൂറിലേറെ യാത്രചെയ്യേണ്ടിയിരുന്നതുകൊണ്ട് കാറുമായി വരാമെന്നു പറഞ്ഞെങ്കിലും ഞാന്‍ നിര്‍ബ്ബന്ധിച്ചു ബസ്സിനുതന്നെ അവിടെവരെ ചെല്ലാമെന്നേറ്റു. ഫാസ്റ്റ്പാസഞ്ചറില്‍ നല്ലയൊരു സീറ്റുകിട്ടി. അത്രയും സമയമുണ്ടായിരുന്നതുകൊണ്ട് കുറെകഴിഞ്ഞപ്പോള്‍ ഉറങ്ങിപ്പോയി. ടിക്കറ്റെടുക്കാനാരെങ്കിലുമുണ്ടോന്നുള്ള കണ്ടക്ടറുടെ അലര്‍ച്ച കേട്ടാണു പിന്നെ ഉണര്‍ന്നത്. കയറിയിരുന്നയുടനെതന്നെ ടിക്കറ്റെടുത്തതായിരുന്നു. ഉറങ്ങുകയായിരുന്നവരെയൊക്കെ ഉണര്‍ത്തി ചോദിച്ചതിനുശേഷം ബസിനകത്തൂകൂടെ നടന്ന് ആരെങ്കിലും ടിക്കറ്റെടുക്കാത്തവരുണ്ടോ എന്നു പലപ്രാവശ്യം അയാള്‍ ഉറക്കെവിളിച്ചു ചോദിച്ചു. ആരുമില്ലായിരുന്നു. 
 
 
അടുത്ത ഒരു ചെറിയ ടൗണിലെ സ്റ്റോപ്പില്‍ മൂന്നാലുപേരിറങ്ങാന്‍ തുടങ്ങിയപ്പോള്‍ കണ്ടക്ടര്‍ വാതിലിലെത്തി, അവരോരോരുത്തരുടെയും ടിക്കറ്റുചോദിച്ചു. അതിലൊരാളുടെ കൈവശം ടിക്കറ്റില്ലായിരുന്നു. കണ്ടക്ടര്‍ക്ക് അരിശംവന്നിട്ട് അയാളുടെ ഷര്‍ട്ടിനുപിടിച്ചുവലിച്ച് അടുത്ത് ഒഴിഞ്ഞുകിടന്ന സീറ്റില്‍ ഇരുത്തി, ഡബിള്‍ ബെല്ലടിച്ച് ഡ്രൈവറോട് ബസ് അടുത്ത പോലീസ്സ്റ്റേഷനിലേയ്ക്കു വിടാന്‍ പറഞ്ഞു. വണ്ടി നീങ്ങിയതോടെ ആള്‍ക്കാരു ബഹളം കൂട്ടാന്‍ തുടങ്ങി. പോലീസ് സ്റ്റേഷനില്‍ പോയാല്‍ താമസമാകും, യാത്രക്കാര്‍ക്കാകെ ബുദ്ധിമുട്ടാകും. അതിനിടയില്‍ ആരോ ഒരാള്‍ പ്രതിയുടെ തലക്കിട്ടൊരടി. കണ്ടക്ടറ് തടയുന്നതിനുമുമ്പ് വേറൊരാള്‍ ഒരു ദയയുമില്ലാതെ കൈചുരുട്ടി അയാളുടെ വയറ്റിനുകത്തി. ഇതെല്ലാമായിട്ടും ആ മനുഷ്യന്‍ മറുപടിയൊന്നും പറയുന്നുമില്ല. ഒന്നിടപെട്ടാലോ എന്നു തോന്നിയെങ്കിലും, നല്ലപ്രായത്തില്‍ അങ്ങനെ ഇടപെട്ടിടത്തൊക്കെ തട്ടുകിട്ടിയിട്ടുള്ളതുകൊണ്ട് ഒതുങ്ങിക്കൂടി. അതിനിടയില്‍ ആരോ അയാളുടെ ഷര്‍ട്ടിന്‍റെ പോക്കറ്റില്‍ കയറിപ്പിടിച്ചുവലിച്ചു. അതു കീറിത്തൂങ്ങി. അപ്പോഴേയ്ക്കും കണ്ടക്ടര്‍ എല്ലാവരെയും തടഞ്ഞു. സംഗതി കൈവിട്ടു പോകുമെന്നു തോന്നിയിട്ടായിരിക്കാം അയാളുടെ കൈയ്യില്‍നിന്നും ആ ബസ്സു യാത്രതുടങ്ങിയപ്പോള്‍ മുതലുള്ള ടിക്കറ്റ്ചാര്‍ജ് വാങ്ങി, അടുത്ത സ്റ്റോപ്പില്‍ ആളെ ഇറക്കിവിട്ടു. ആള്‍ക്കാര്‍ക്കൊക്കെ സമാധാനവുമായി. എന്നാലും ആ മനുഷ്യന്‍റെ മുഖത്തെ വല്ലാത്ത നിസ്സഹായത എന്‍റെ മനസ്സില്‍ അസ്വസ്ഥതയുണ്ടാക്കി.
 
 
ഞാന്‍ ടൗണിലിറങ്ങുമ്പോള്‍ വക്കീല്‍ സാറ് വണ്ടിയുമായി കാത്തുകിടപ്പുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ വീട്ടിലെത്തി ഒരു ചായയുംകുടിച്ച് അല്പം വിശ്രമിച്ചതിനുശേഷം അദ്ദേഹം നേരത്തെ പറഞ്ഞിരുന്ന അച്ചനെ കാണാന്‍ ഞങ്ങള്‍ കാറില്‍ കയറി. ടൗണിലെത്തിയപ്പോള്‍ ഞാനാവശ്യപ്പെട്ടതുകൊണ്ട്, ഞങ്ങള്‍ക്കു രണ്ടുപേര്‍ക്കും പരിചയമുള്ള ഒരുമെഡിക്കല്‍ സ്റ്റോറിനുമുമ്പില്‍ വണ്ടി നിര്‍ത്തി. ആര്‍ക്കെങ്കിലും ആവശ്യംവന്നാല്‍ സാധാരണ എല്ലായിടത്തും കിട്ടാത്ത മരുന്നുകളൊക്കെ ഇവിടെ പറഞ്ഞാണ് ഞാന്‍ വരുത്തിക്കാറുണ്ടായിരുന്നത്. അന്നത്തെ യാത്രകഴിഞ്ഞു തിരിച്ചെത്താന്‍ വൈകിയാല്‍ കടയടച്ചു പോയെങ്കിലോ എന്നുകരുതി, ഒരുമരുന്നവിടെയുണ്ടോ എന്നറിയാന്‍വേണ്ടി കയറിയതായിരുന്നു. അതും വാങ്ങി മാനേജരുമായി വര്‍ത്തമാനം പറഞ്ഞുനില്‍ക്കുമ്പോള്‍ മരുന്നെടുത്തുകൊടുക്കുന്ന ഒരു ഫാര്‍മസിസ്റ്റ് വന്ന് മാനേജരോട്, സ്ഥിരം ഇവിടെനിന്നും മരുന്നുവാങ്ങാന്‍ വരുന്ന ഒരാള് 360 രൂപയുടെ മരുന്നിന് നൂറുരൂപ കുറവുണ്ട് അടുത്തയാഴ്ച വരുമ്പോള്‍ തന്നാല്‍ മതിയോ എന്നു ചോദിക്കുന്നു എന്നു പറഞ്ഞു. കടം കൊടുക്കില്ല, നൂറുരൂപ കുറച്ചുള്ള മരുന്നു കൊടുക്കാന്‍ മാനേജരു പറഞ്ഞു. ഒറ്റ ഇന്‍ജക്ഷനാണ്, കുറച്ചായിട്ടു കൊടുക്കത്തില്ലല്ലോ എന്നു ഫാര്‍മസിസ്റ്റ് പറഞ്ഞതുകേട്ട് മാനേജരൊന്നു സംശയിച്ചു നില്ക്കുമ്പോള്‍ കടംചോദിച്ചയാളുതന്നെ അടുത്തുവന്നു. കുട്ടിക്കുവേണ്ടിയാണ്, ഇഞ്ചക്ഷന്‍ മുടക്കാന്‍ പാടില്ലാത്തതുകൊണ്ടാണ്, സ്ഥിരം ഇവിടെനിന്നു വാങ്ങുന്നതാണ്, അടുത്തയാഴ്ച വരുമ്പോള്‍ കൊടുത്തുവീട്ടാമെന്നു പറഞ്ഞു. ആ മരുന്നുതന്നെ അതിലും വിലകുറഞ്ഞത് വേറെ കമ്പനിയുടേത് ഉണ്ടെന്നു മാനേജരു പറഞ്ഞപ്പോള്‍ അതെല്ലാം കുട്ടിക്ക് അലര്‍ജിയാണ്, ഇതുമാത്രമേ കൊടുക്കാന്‍ പറ്റൂ, ഇവിടെയേ അതുകിട്ടൂ, അതുകൊണ്ടാണ് ഇത്രയും യാത്രചെയ്ത് ആ സ്ഥലത്തുനിന്നും ഇവിടെ വരുന്നത് എന്നു സ്ഥലപ്പേരു പറഞ്ഞപ്പോഴാണ് ഞാന്‍ തിരിഞ്ഞയാളെ നോക്കിയത്. കീറിത്തൂങ്ങിയ പോക്കറ്റു കണ്ടപ്പോള്‍ പെട്ടെന്നെനിക്ക് ആളെ മനസ്സിലായി. ഞാനുടനെ എന്‍റെ പോക്കറ്റില്‍ തപ്പിയപ്പോള്‍ കിട്ടിയത് ഇരുനൂറിന്‍റെ ഒരു നോട്ടായിരുന്നു. ഞാനതയാളുടെ നേരെ നീട്ടി. ആദ്യമൊന്ന് അമാന്തിച്ചെങ്കിലും മടിച്ചു മടിച്ച് അയാളതു വാങ്ങി.
 
 
"കടമിടണ്ടാ, കൊടുത്തു തീര്‍ത്തേര്. ബാക്കി തിരിച്ചു പോകുമ്പോള്‍ തല്ലുവാങ്ങതെ ടിക്കറ്റും എടുക്കാം."
 
മറ്റാര്‍ക്കും ഞാന്‍ പറഞ്ഞതിന്‍റെ കാര്യമൊന്നും മനസ്സിലായില്ല. 
 
പോകാന്‍വേണ്ടി വണ്ടിയുടെയടുത്തേയ്ക്കു നീങ്ങിയപ്പോള്‍ അയാളിറങ്ങി വരുന്നതുവരെ ഞാന്‍ വക്കീല്‍സാറിനെ പിടിച്ചുനിര്‍ത്തി. മരുന്നുംവാങ്ങി ഇറങ്ങിവന്നപ്പോള്‍ ഞാനയാളെ നോക്കിനില്‍ക്കുന്നതുകണ്ട് അയാളടുത്തേയ്ക്കുവന്നു. 
 
"നന്ദി സാറെ. അഡ്രസ്സുതന്നാല്‍ ഞാന്‍ കഴിയുംവേഗം തിരിച്ചുതരാം."
 
"അത്രയും സത്യസന്ധനായിരുന്നെങ്കില്‍ പിന്നെന്താ ഇയാളു ടിക്കറ്റെടുക്കാതെ യാത്രചെയ്തത്."
 
അതിനു മറുപടി പറയാതെ അയാള്‍ തലകുനിച്ചപ്പോള്‍ ബസിലുണ്ടായ സംഭവത്തിലെ പ്രതി അയാള്‍ തന്നെയെന്നുറപ്പായി. അതുകൊണ്ട് വക്കീല്‍ സാറിനോടു ഞാന്‍തന്നെ ബസിലുണ്ടായ സംഭവത്തെപ്പറ്റിപ്പറഞ്ഞു. 
 
"വേണമെങ്കില്‍ കണ്ടക്ടര്‍ സാറിനൊരു പണികൊടുക്കാം. തുടക്കംമുതലുള്ള ചാര്‍ജ് ഇയാളില്‍നിന്ന് ഈടാക്കിയതിനും, ബലമായി ബസില്‍നിന്ന് ഇറക്കിവിട്ടതിനും. എല്ലാ ബസ്സ്റ്റേഷനിലെയും നമ്പര്‍ എന്‍റെ കൈയ്യിലുണ്ട്." അങ്ങരു മൊബൈല്‍ ഫോണെടുത്തു.
 
"വേണ്ട സാറെ, തെറ്റ് എന്‍റെ ഭാഗത്തുതന്നെയാ."
 
"ആ കണ്ടക്ടറ് എത്ര പ്രാവശ്യം വിളിച്ചു ചോദിച്ചതാ ആരെങ്കിലും ടിക്കറ്റെടുക്കാനുണ്ടോ എന്ന്, തനിക്ക് അപ്പോഴെങ്കിലും സത്യം പറഞ്ഞാല്‍ പോരാരുന്നോ? വെറുതെ വല്ലവരുടേം തട്ടുവാങ്ങണമായിരുന്നോ?"
 
"പറ്റിപ്പോയതാ സാറേ."
 
"സാറല്ലടോ, ഇതൊരച്ചനാ, അതുകൊണ്ടല്ലേ ഇയാളു ചോദിക്കാതെതന്നെ മുമ്പേ ഇരുനൂറു രൂപയെടുത്തുതന്നത്."
 
"വണ്ടിക്കാരെ പറ്റിക്കാനല്ലായിരുന്നച്ചാ, എന്‍റെ കൊച്ചിന്‍റെ കാര്യമോര്‍ത്തു ചെയ്തുപോയതാ."
 
അച്ചനാണെന്നറിഞ്ഞതുകൊണ്ടായിരിക്കാം അയാള്‍ പിന്നീടു മനസ്സുതുറന്നു തുടങ്ങി. ഇടയ്ക്കിടക്ക് കീറിത്തൂങ്ങിയ പോക്കറ്റു നേരെവയ്ക്കാന്‍ ശ്രമിക്കുന്നതുകണ്ടപ്പോള്‍ വിഷമംതോന്നി. മൂന്നേക്കര്‍ ടാപ്പുചെയ്യുന്ന റബറുള്ള മനുഷ്യന്‍. ഭാര്യയും മൂന്നുമക്കളും അപ്പനും അമ്മയും കുടുംബത്തില്‍. അപ്പനുമമ്മയും പ്രായമായവരാണെങ്കിലും കാര്യമായ അസുഖമൊന്നുമില്ലാത്തതു ദൈവാനുഗ്രഹം. മക്കള്‍ മൂന്നുപേരും പള്ളിവക സ്കൂളില്‍ പഠിക്കുന്നു. ഒന്‍പതു വയസ്സുള്ള ഇളയ കുട്ടിക്ക് കുഞ്ഞുന്നാള്‍മുതല്‍ തീരെ ആരോഗ്യമില്ലായിരുന്നു. അതിന്‍റെ ഹൃദയത്തിന്‍റെ പ്രവര്‍ത്തനം തകരാറിലാണ്. കൃത്യമായി മരുന്നു ചെയ്താല്‍ പന്ത്രണ്ടുവയസ്സു കഴിയുമ്പോളേയ്ക്കും മിക്കവാറും മെച്ചപ്പെടാം, ഇല്ലെങ്കില്‍ വലിയചികിത്സ വേണ്ടിവരും എന്നാണു ഡോക്ടര്‍മാരു വിധിയെഴുതിയിരിക്കുന്നത്. ഇപ്പോള്‍ അഞ്ചുദിവസത്തില്‍ ഒരു ഇന്‍ജക്ഷനെടുക്കണം. ഒരു കാരണവശാലും ഏഴുദിവസത്തിനപ്പുറം അതു പോകാന്‍ പാടില്ല. 
 
 
സ്വന്തമായി ടാപ്പുചെയ്യുന്ന റബറില്‍നിന്നുംകിട്ടുന്ന ആദായംകൊണ്ട് ഒരുതരത്തില്‍ അഡ്ജസ്റ്റു ചെയ്തു പോവുകയാണ്. റബറിന്‍റെ വിലപോയതോടെ എല്ലാം വലിയബുദ്ധിമുട്ടിലായി. ഫ്രിഡ്ജും റ്റിവിയും ഉണ്ടായിരുന്നു. അതെല്ലാം പണ്ടേ ഒഴിവാക്കി. മൊബൈല്‍ ഫോണില്ല. കുട്ടികള്‍ രണ്ടു കിലോമീറ്റര്‍ നടന്നു സ്കൂളില്‍പോകുന്നു. ഒരു സൈക്കിളുള്ളതുകൊണ്ട് അത്രയും നടക്കാന്‍ ആവാത്ത ഇളയകുട്ടിയെ അതില്‍ സ്കൂളില്‍ കൊണ്ടുപോവുകയും കൊണ്ടുവരികയും ചെയ്യും. എല്ലാദിവസവും അതു സാധിച്ചെന്നു വരാറില്ല. എന്തായാലും കടംമേടിച്ചായാലും ഇതുവരെ കുട്ടിയുടെ ഇന്‍ജക്ഷന്‍ മുടക്കിയിട്ടില്ല. സാധിക്കുമ്പോള്‍ മൂന്നാലു തവണത്തേത് ഒന്നിച്ചുവാങ്ങും. മുന്നൂറ്ററുപതു രൂപ മരുന്നിനും നൂറ്റന്‍പതു രൂപ വണ്ടിക്കൂലിയുമാകുന്നതുകൊണ്ട് മിക്കപ്പോഴും ഒന്നുരണ്ടെണ്ണത്തില്‍ കൂടുതല്‍ വാങ്ങാന്‍ കാശുകാണില്ല. കഴിഞ്ഞയാഴ്ചയില്‍ ഒരെണ്ണത്തിനുള്ള കാശുപോലും തികയാഞ്ഞതുകൊണ്ട്, പലപ്പോഴും കടംവാങ്ങാറുണ്ടായിരുന്ന ഒരാളോട് ഇരുനൂറ്റന്‍പതു രൂപ വാങ്ങിയായിരുന്നു മരുന്നു വാങ്ങിയത്. 
 
ഇന്ന് ആറാമത്തെ ദിവസമാണ്. ഇന്നും കാശുതികഞ്ഞില്ല. നാനൂറു രൂപയേ കൈയ്യിലുണ്ടായിരുന്നുള്ളു. വേറൊരാളോട് കടംവാങ്ങിയ ഇരുനൂറുരൂപയുംചേര്‍ത്ത് അറുനൂറു രൂപയുമായി ബസ്റ്റോപ്പിലെത്തിയപ്പോള്‍ കഴിഞ്ഞയാഴ്ച കടംതന്നയാള് കാത്തുനില്ക്കുന്നുണ്ടായിരുന്നു, അത്യാവശ്യമായി അയാളുടെ ഇരുനൂറ്റിയമ്പത് തിരിച്ചു ചോദിച്ചുകൊണ്ട്. ചോദിക്കുമ്പോളൊക്കെ കൊടുക്കുന്ന അയാളോട് ഒഴിവുപറയാതെ ഉടനെതന്നെ ഇരുനൂറ്റമ്പതും കൊടുത്തു. ബാക്കി കൃത്യം മരുന്നിനുള്ള കാശുമാത്രം കൈയ്യില്‍. ഇന്നു മരുന്നുകിട്ടിയാലെ നാളെ ഇന്‍ജക്ഷന്‍ കൊടുക്കാന്‍ പറ്റൂ. നാളെ ഏഴാംദിവസമാണ്. നീട്ടിവയ്ക്കാനും പറ്റില്ല.  വണ്ടിക്കൂലി കൊടുക്കാതിരുന്നാല്‍ മരുന്നുവാങ്ങാമെന്നു പെട്ടെന്നുണ്ടായ ഒരു ചിന്തയായിരുന്നു. തിരിച്ച് എങ്ങിനെ പോരും എന്നൊരു രൂപവുമില്ലായിരുന്നുതാനും. അദ്ധ്വാനിച്ചു ജീവിക്കുന്നതല്ലാതെ ആരുടെയുംമുമ്പില്‍ കൈനീട്ടി വശവുമില്ല. എന്തായാലും പിടികൂടിയപ്പോള്‍ കണ്ടക്റ്ററ് തൊണ്ണൂറ്റെട്ടു രൂപയ്ക്കും ടിക്കറ്റെഴുതി. അതുകൊടുത്തുകഴിഞ്ഞ് മരുന്നിനു തികയാതിരുന്നതുകൊണ്ടാണ് ഇപ്പോള്‍ കടയില്‍ കടം ചോദിച്ചത്. എന്തായാലും ഞാനാ കാശുകൊടുത്തതുകൊണ്ട് അയാള്‍ക്കു വീട്ടിലുമെത്താം കുട്ടിക്കു മരുന്നു മുടങ്ങുകയുമില്ല. എന്നെക്കാള്‍ കൂടുതല്‍ താത്പര്യത്തോടെ വക്കീല്‍സാര്‍ ഒരോന്നോരോന്നു ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞതിന്‍റെ ചുരുക്കമാണ് ഞാനീകുറിച്ചത്. 
 
 
"അച്ചനിവിടെ നില്ല്, ഞാനിപ്പവരാം. ഇയാളും വാ." വക്കീല്‍സാര്‍ അയാളെയുംകൂട്ടി മരുന്നുകടയിലേക്കു വീണ്ടും പോയി. പത്തുപതിനഞ്ചുമിനിറ്റുകഴിഞ്ഞാണു രണ്ടുപേരും തിരിച്ചുവന്നത്. അയാളുടെ കൈയ്യില്‍ സാമാന്യം വലിയ ഒരു പ്ലാസ്റ്റിക് കാരി ബാഗുമുണ്ടായിരുന്നു.
 
"ഇനി ഇയാള്‍ ഏതെങ്കിലും തുണിക്കടയില്‍ കയറി ഒരു ഷര്‍ട്ടുവാങ്ങിക്ക്." അയാളുടെനേരെ അഞ്ഞൂറു രൂപയുടെ നോട്ടുനീട്ടിക്കൊണ്ട് വക്കീല്‍ സാര്‍ പറഞ്ഞു.
"വേണ്ട സാറേ, ഭാര്യയ്ക്കു തയ്യലറിയാം. മഠത്തില്‍ തയ്യല്‍ മിഷ്യനുണ്ട്. അവളു പിള്ളേരടേം ഞങ്ങളെല്ലാരുടേം ഉടുപ്പെല്ലാം മഠത്തില്‍ ചെന്നു തയ്ച്ചോണ്ടു പോരും. സിസ്റ്റേഴ്സ് അതിനു കാശൊന്നും വാങ്ങിക്കത്തില്ല. അവളീ ഷര്‍ട്ടിന്‍റെ പോക്കറ്റു അവിടെക്കൊണ്ടുചെന്നു നാളെ തയ്ച്ചോളും."
 
അല്പനേരം ആലോചിച്ചുനിന്നിട്ടു വക്കീല്‍സാറു പറഞ്ഞു:
 
"എന്നാലിയാളൊരു കാര്യം ചെയ്യ്. തന്‍റെ ഫോണ്‍നമ്പരു താ. ഓ.. ഞാന്‍ മറന്നുപോയി. തനിക്കു ഫോണില്ലല്ലോ. പണിയൊണ്ട്. താനിന്ന് വീട്ടില്‍ചെന്നിട്ടു വികാരിയച്ചന്‍റെയടുത്തുചെന്ന് ഈ ഫോണ്‍ നമ്പരിലൊന്നു വിളിക്കാന്‍ പറയണം." വക്കീല്‍ സാറു കാറില്‍നിന്നും വിസിറ്റിംങ് കാര്‍ഡെടുത്ത് അയാളുടെ കൈയ്യില്‍ കൊടുത്തു. 
 
 
"തന്‍റെ ഭാര്യക്ക് തയ്യലറിയാമെന്നല്ലേ പറഞ്ഞത്. ഞാനൊരു നല്ല തയ്യല്‍ മെഷീന്‍ വാങ്ങിത്തരാന്‍ വികാരിയച്ചനുമായി സംസാരിച്ച് ഏര്‍പ്പാടാക്കാം. എനിക്കറിയാം റബറു വെട്ടിയാല്‍ എന്നതാ ഇന്നു കിട്ടുന്നതെന്ന്. തന്‍റെ ഭാര്യയുടെ തയ്യലുംകൂടെയായാല്‍ തനിക്കു പിടിച്ചു നില്ക്കാന്‍പറ്റും."
 
 
അയാളുടെ മുഖം വല്ലാതെയായി. കരഞ്ഞുപോകുമെന്നെനിക്കുതോന്നി. പക്ഷെ അയാള്‍ വക്കീല്‍സാറിന്‍റെ കൈപിടിച്ചു വിങ്ങിവിങ്ങിപ്പറഞ്ഞു:
 
"ഒരു പഴയ തയ്യല്‍ മിഷ്യനുണ്ടായിരുന്നതാ സാറെ. അവളു തയ്ച്ചു പറ്റുന്നതുപോലെ വരുമാനമുണ്ടാക്കിയിരുന്നതുമായിരുന്നു. കഴിഞ്ഞ മഴക്കാലത്തു രണ്ടുമാസം റബറുവെട്ടാന്‍ പറ്റാതെവന്നപ്പോള്‍ കൊച്ചിനു മരുന്നിനുവേണ്ടി മറ്റൊരു വഴിയുമില്ലാതെ ഞങ്ങളതു വിറ്റതായിരുന്നു." വഴിയേ പോകുന്നവരു ശ്രദ്ധിക്കുന്നതുകണ്ട് അയാളു മുണ്ടിന്‍റെ കോണുയര്‍ത്തി കണ്ണുതുടച്ചു. 
 
അതുവരെ മനസ്സുകുളിര്‍ക്കുന്ന അവരുടെ വര്‍ത്തമാനം മാത്രംകേട്ട് ഒന്നും മിണ്ടാതെ നില്‍ക്കുകയായിരുന്ന ഞാന്‍, വീണ്ടും വിങ്ങിപ്പൊട്ടാന്‍ തുടങ്ങിയ അയാളുടെ ശ്രദ്ധയൊന്നു മാറ്റാന്‍വേണ്ടി അയാളുടെ കൈയ്യിലിരുന്ന പ്ലാസ്റ്റിക് ബാഗിലേയ്ക്കു ചൂണ്ടി പറഞ്ഞു:
 
"രണ്ടാമതു കടയില്‍ കയറിയപ്പോള്‍ മരുന്നു മാറി വാങ്ങിയെന്നു തോന്നുന്നല്ലോ."
 
അതിനു മറുപടി പറഞ്ഞത് വക്കീല്‍ സാറായിരുന്നു:
 
"ഇതൊക്കെയൊരു നിമിത്തമാണച്ചാ. സഹായംകൊടുക്കാന്‍ അച്ചന്‍ എന്നോടുപറയുന്ന പലര്‍ക്കും പലപ്പോഴും ഞാന്‍ കൊടുക്കാറുണ്ടായിരുന്നത് എന്‍റെ കൈയ്യില്‍നിന്നെടുത്തല്ലായിരുന്നു. വൈഫിനെ അച്ചനറിയാമല്ലോ. അവള്‍ക്കു ബാങ്കില്‍നിന്നു പതിവുള്ള ശമ്പളംകഴിഞ്ഞുകിട്ടുന്ന ബോണസും അതുപോലുള്ള മുഴുവന്‍ കാശും കിട്ടുമ്പോളേ എന്നോടുപറയും നമുക്ക് എവിടെയെങ്കിലും അഗതിമന്ദിരത്തില്‍ പോകാമെന്ന്. അതേപടി അതവളവിടെ കൊടുക്കും. സത്യത്തില്‍ അവളു കൊടുക്കുന്നതുകണ്ടാണ് ഞാനും കൊടുത്തു തുടങ്ങിയത്. ഇന്നിപ്പോള്‍ നമ്മളു വീട്ടീന്നിറങ്ങിയപ്പോള്‍ അവളെന്നെ തിരിച്ചു വിളിച്ചത് അച്ചന്‍ കണ്ടില്ലേ? പൈസാ തരാനായിരുന്നു. അച്ചനുള്ളതുകൊണ്ട് അവളു കൂട്ടത്തില്‍ വരുന്നില്ല, പോകുന്നവഴിക്ക് ഏതെങ്കിലും അഗതിമന്ദിരത്തില്‍ കൊടുത്തേക്കണമെന്നും പറഞ്ഞ് അവള് ഇരുപത്താറായിരം രൂപാ എന്‍റെ പോക്കറ്റിലിട്ടു. അവള്‍ക്കിന്നലെ ഏതോ ബോണസു കിട്ടിയതാണെന്നു പറഞ്ഞു. ഞാനതില്‍ ഇരുപത്തയ്യായിരം ഇപ്പോള്‍ മരുന്നുകടയില്‍ ഏല്പിച്ചിട്ടുണ്ട്. രണ്ടു മാസത്തില്‍ കൂടുതല്‍ ഈ മരുന്നു പഴകാതിരിക്കുന്നതാണു നല്ലതെന്നാണ് അവരു പറഞ്ഞത്. അതുകൊണ്ടു രണ്ടു മാസത്തേയ്ക്കുള്ള മരുന്നു വാങ്ങിയിട്ടുണ്ട്. ഇനി അതുതീരുമ്പോള്‍ വന്നുവാങ്ങിയാല്‍ മതിയല്ലോ. മഠത്തിലെ ഫ്രിഡ്ജില്‍ കൊണ്ടുപോയി സൂക്ഷിച്ചോളാമെന്നാണിയാള്‍ പറഞ്ഞത്. കടയിലെ കാശുതീരുമ്പോള്‍ ഇയാളുടെ കൈയ്യിലില്ലാതെവന്നാല്‍ കടയില്‍ കടം പറഞ്ഞേക്കാനും ഏര്‍പ്പാടാക്കിയിട്ടുണ്ട്." വക്കീല്‍സാറിനെ നോക്കി അയാള് വായും പൊളിച്ചു നില്ക്കുമ്പോള്‍ അങ്ങേരു പറഞ്ഞു:
 
 
"താനിങ്ങനെ അന്തംവിട്ട് എന്നെ നോക്കണ്ട. തമ്പുരാന്‍ തനിക്കുതരാന്‍വേണ്ടി എന്നെ ഏല്പിച്ചത് ഞാനങ്ങുതരുന്നു, അത്രേയുള്ളു. ആര്‍ക്ക് എന്നാ കൊടുത്താലും അങ്ങനെ കാണണമെന്നാ ഈ അച്ചന്‍ എന്നെ പഠിപ്പിച്ചുതന്നിരിക്കുന്നത്. ഏതായാലും താനിന്നുതന്നെ വികാരിയച്ചനോട് എന്നെ വിളിക്കാന്‍ പറയണം. എന്നാപ്പിന്നെ ഇതായിട്ട് ഇനീം ബാക്കി വയ്ക്കണ്ട, ഈ ആയിരം കൂടെ താന്‍വച്ചോ. ഇതുംകൊണ്ട് താനൊരു നല്ലമുണ്ടും ഷര്‍ട്ടും ബനിയനും വാങ്ങിച്ചോണ്ടു വീട്ടില്‍ ചെന്ന്, ഈ അച്ചനും എന്‍റെ കുടുംബത്തിനുംവേണ്ടി പ്രാര്‍ത്ഥിക്കാന്‍ തന്‍റെ പിള്ളേരോടു പറ."
 
 
"എനിക്ക് അത്യാവശ്യത്തിനുള്ളതുണ്ടു സാറെ. ചാച്ചന് ഒരുമുണ്ടും ഷര്‍ട്ടും, അമ്മയ്ക്കൊരു മുണ്ടും ചട്ടക്കുള്ള തുണീം വാങ്ങിച്ചോളാം. ബാക്കിയുണ്ടെങ്കില്‍ കടംവാങ്ങിച്ച കാശും കൊടുത്തോളാം. അമ്മയ്ക്കുള്ള ചട്ട അവളു തയ്ച്ചോളും."
 
അറിയാതെ, ആയിരം രൂപാ കീറിയ പോക്കറ്റിലിടാന്‍ ശ്രമിച്ച അയാളെ നോക്കി ചിരിച്ചുകൊണ്ട് ഞങ്ങള്‍ യാത്രയായി. വണ്ടിനീങ്ങിയപ്പോള്‍ ഞാന്‍ പറഞ്ഞു:
 
"തത്തീരു കിട്ടിയതു ഗുണമായി എന്നു തമാശു പറയാറുണ്ട്, ഇതതുപോലെയായി."
 
"ഇത് അതുപോലെയായി. ഇനി നമ്മളു കാണാന്‍പോകുന്ന അച്ചന്‍റെ കാര്യം പറഞ്ഞാല്‍, നേരേ തിരിച്ചും. തത്തീരുംകിട്ടി, ചവിട്ടുംവാങ്ങി ഇപ്പോള്‍ കുപ്പത്തൊട്ടിയിലാണ്." അദ്ദേഹം പറഞ്ഞത് ഒരു നീണ്ട ചരിത്രമായിരുന്നു, അത് പിന്നീട്.
 

 

 

You can share this post!

തേങ്ങാമുറിപോയാലും...

ഫാ. ജോസ് വെട്ടിക്കാട്ട്
അടുത്ത രചന

കൊക്രോണ..

ഫാ. ജോസ് വെട്ടിക്കാട്ട്
Related Posts