news-details
കഥ

ഫക്രു എന്‍റെ ഉറ്റസുഹൃത്ത്

മാഞ്ചസ്റ്ററിലെ ഒരു ശിശിരകാല സായാഹ്നം. ജനല്‍ കര്‍ട്ടനുകള്‍ താഴ്ത്തിയിട്ട്, ഹീറ്ററിന്‍റെ ചൂട് കൂട്ടി, ഞാന്‍ കമ്പ്യൂട്ടറിനു മുമ്പില്‍ ചുരുണ്ടുകൂടി. റൂമില്‍ പുതുതായി അടിച്ച പെയിന്‍റിന്‍റെ മണം എനിക്കൊരു നവോന്മേഷം പകര്‍ന്നിട്ടുണ്ടായിരുന്നു.

"യാഹൂ... ഹൊ.... ഹൊ...! ഫക്രുവിന്‍റെ ഇ-മെയില്‍!!" സന്തോഷം കൊണ്ട് ഞാന്‍ മതിമറന്നു. നേഹ വായനനിര്‍ത്തി കമ്പ്യൂട്ടറിനടത്തേക്ക് ഓടിവന്നു.

"ഇത് നിങ്ങളുടെ ഫ്രണ്ട് ഫക്രുവാണോ?"

"അതെ, എന്‍റെ ബെസ്റ്റ് ഫ്രണ്ട് ഫക്രു!" എന്‍റെ മറുപടിയില്‍ സന്തോഷം നുരഞ്ഞുപൊന്തുന്നുണ്ടായിരുന്നു.

വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഞാനും ഫക്രുവും ആത്മാര്‍ത്ഥ സുഹൃത്തുക്കളാകുന്നത്. ഡല്‍ഹിയില്‍ പഠിച്ചുകൊണ്ടിരുന്ന സമയത്ത് ക്ലാസ് കട്ട് ചെയ്ത് സിനിമയ്ക്ക് പോകുന്നതും, വൈകുന്നേരങ്ങളില്‍ ഫക്രുവിന്‍റെ ബാപ്പയുടെ റസ്റ്റോറന്‍റില്‍ നിന്ന് കബാബ് കഴിക്കുന്നതുമൊക്കെ ഞങ്ങളൊരുമിച്ചായിരുന്നു. കാലം കുറേ കടന്നുപോയെങ്കിലും ഉറ്റ സുഹൃത്തെന്നാല്‍, അത് എനിക്ക് ഫക്രു തന്നെയാണ്. പക്ഷേ, ഈയിടെയായി അവനെക്കുറിച്ചോര്‍ക്കുന്നതുതന്നെ വിരളം.

"അയാളിപ്പോള്‍ എന്തു ചെയ്യുന്നു?"

"ഞാനിതൊന്നു വായിച്ചോട്ടെ,"

അതൊരു ചെറിയ മെയിലായിരുന്നു. വര്‍ഷങ്ങളായി ബന്ധപ്പെടാതിരുന്നതിന് അവന്‍ ആദ്യമേ തന്നെ മാപ്പു ചോദിച്ചു.

"ഞാന്‍ യു. കെ. യിലേക്ക് വരാന്‍ ഉദ്ദേശിക്കയാണ്. മാഞ്ചസ്റ്ററിലോ ലണ്ടനിലോ ഉള്ള ഏതെങ്കിലും ബ്രിട്ടീഷ് ട്രാവല്‍ ഏജന്‍റുമായി ബന്ധപ്പെടണമെന്ന് വിചാരിക്കുന്നു. നിന്നോടൊപ്പം താമസിക്കാന്‍ ക്ഷണിച്ചുകൊണ്ട് നീ എനിക്കൊരു കത്തയച്ചാല്‍ വിസ കിട്ടാന്‍ എളുപ്പമായിരിക്കും. യു. കെയില്‍ സ്ഥിരതാമസമാക്കിയ വ്യക്തിയുടെ ക്ഷണക്കത്ത് വിസ തരപ്പെടുത്തുന്നത് എളുപ്പമാക്കുമത്രേ. ഞാനവിടെ എത്തിക്കഴിഞ്ഞാല്‍ രണ്ടു ദിവസത്തില്‍കൂടുതല്‍ നിന്‍റെ കൂടെ തങ്ങേണ്ടി വരില്ല. ബിസിനസ് കാര്യങ്ങളൊക്കെ എത്രയും വേഗം തീര്‍ത്ത് ലണ്ടന്‍ മുഴുവന്‍ ഒന്നു ചുറ്റിക്കറങ്ങണമെനിക്ക്."

അവന്‍ അടുത്തിടെ കണ്ടുമുട്ടിയ ഞങ്ങളുടെ ഒരു പഴയ സുഹൃത്തിനെക്കുറിച്ച് കുറച്ചുവരികള്‍, പിന്നെ ഞാന്‍ കത്തയയ്ക്കേണ്ട അഡ്രസ്, അവസാനമായി അവന്‍റെ പേര്: ഫക്രുദ്ദീന്‍-അല്‍-റാസി.

"നിങ്ങള്‍ അയാള്‍ക്ക് ഇന്‍വിറ്റേഷന്‍ അയയ്ക്കാന്‍ പോകയാണോ?" നേഹ എന്‍റെ നേര്‍ക്ക് കണ്ണുരുട്ടി.

"തീര്‍ച്ചയായും!" നേഹ അരുതാത്തതെന്തോ ചോദിച്ചപോലെ ഞാനവളെ ഒന്നു നോക്കി.

"ഫക്രു, എന്‍റെ പ്രിയസ്നേഹിതന്‍, ഉറ്റമിത്രം." അവനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ നിറപ്പകിട്ടാര്‍ന്ന ഒരു ഭൂതകാലത്തിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി. സ്കൂളില്‍ പഠിക്കുമ്പോള്‍ ഞങ്ങളൊരുമിച്ച് കാട്ടിക്കൂട്ടിയ വിക്രിയകള്‍! ചെന്നുചാടിയ ഗുലുമാലുകള്‍! എല്ലായ്പ്പോഴും നൂറ്നൂറ്  പുതുപുത്തന്‍ പ്ലാനുകള്‍ അവന്‍റെ മനസ്സിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെ, ഒരു ബ്രിട്ടീഷ് ട്രാവല്‍ ഏജന്‍റുമായി ബന്ധപ്പെടാന്‍ അവന്‍ ശ്രമിക്കുന്നുണ്ടെന്നറിഞ്ഞ് എനിക്ക് അത്ഭുതമൊന്നും തോന്നിയില്ല. യു.കെ. മുഴുവന്‍ കറങ്ങിയടിക്കാനുള്ള അവന്‍റെ ആഗ്രഹം സ്വാഭാവികം മാത്രം.

അവസാനമായി ഞാന്‍ ഫക്രുവിനെ കാണുന്നത് നാല് വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. സ്കൂള്‍ റീ യൂണിയന്‍റെ സമയത്ത്. അന്നത്തെ കണ്ടുമുട്ടലിനുശേഷം ഞാന്‍ യു.കെ. യിലേക്ക് ചേക്കേറി, MRCP പൂര്‍ത്തിയാക്കി; വിവാഹിതനായി; മാഞ്ചസ്റ്ററില്‍ സ്വന്തമായൊരു വീടും വാങ്ങി.

"എനിക്ക് അതിശയം തോന്നുന്നു, ഫക്രു അവന്‍റെ മുഴുവന്‍ പേരാണ് എഴുതിയിരിക്കുന്നത്!" ആരോടെന്നില്ലാതെ ഞാന്‍ പറഞ്ഞു.

"ഫക്രു" എന്നല്ലാതെ അവനെ ഇതുവരെ ആരും വിളിച്ചുകേട്ടിട്ടില്ല. സ്കൂള്‍ റെക്കോഡുകളിലല്ലാതെ അവന്‍റെ മുഴുവന്‍ പേര് മറ്റെവിടെയെങ്കിലും ഉപയോഗിച്ച് ഞാന്‍ കണ്ടിട്ടില്ല. അവനെപ്പോഴും 'ഫക്രു' തന്നെയായിരുന്നു. ഞാന്‍ ചിന്താക്കുഴപ്പത്തിലായി.

"അയാളുടെ സ്വഭാവമൊക്കെ ചിലപ്പോള്‍ മാറിയിരിക്കാം. ഒരു ടെററിസ്റ്റാവാനും വഴിയുണ്ട്." നേഹ അല്പം ഗൗരവത്തോടെ നടത്തിയ ഈ നിരീക്ഷണം കേട്ടിട്ട് എനിക്ക് ചിരിയടക്കാന്‍ കഴിഞ്ഞില്ല.

ഫക്രു!! ടെററിസ്റ്റോ?? നീ ഫക്രുവിനെ കണ്ടിട്ടില്ലല്ലോ എനിക്കറിയാവുന്നതില്‍ വച്ചേറ്റവും രസികനാണവന്‍. അവനിങ്ങുവന്നോട്ടെ. പഴയസ്വഭാവം തന്നെയാണെങ്കില്‍ ഐറിഷുകാര്‍ പോലും അവന്‍റെ മുന്നില്‍ മുട്ടുമടക്കും. അവന്‍ പറയുമായിരുന്നു. എന്‍റെ പേര് ഫക്രുദ്ദീന്‍, പക്ഷേ, ദയവായി എന്നെ 'ഫക്' എന്നു വിളിച്ചാല്‍ മതി...

ഇത്തവണ നേഹയ്ക്ക് ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

"ഞാന്‍ വെറുതേ പറഞ്ഞതല്ലേ." നേഹ കുമ്പസാരിച്ചു. എന്നിട്ടവള്‍ ഞങ്ങളുടെ പരിചയത്തിലുള്ള അനില്‍, അയാളുടെ ഒരു സുഹൃത്തിന് വിസ തരപ്പെടുത്തിക്കൊടുക്കാന്‍ സഹായിച്ച കാര്യം ഓര്‍മ്മിപ്പിച്ചു.

"യെസ് ... യെസ്... അതു ഞാന്‍ ഓര്‍ത്തില്ല. അനിലിനോട് ചോദിച്ച് ഫോര്‍മാലിറ്റീസ് എന്തെല്ലാമെന്ന് അറിയിക്കാം. എന്നിട്ട് ഫക്രുവിന് റിപ്ലൈ ചെയ്യാം."

"അതാണു ബുദ്ധി." നേഹ വീണ്ടും വായനയിലേക്ക് തിരിഞ്ഞു.

ഉറങ്ങാന്‍ കിടന്നപ്പോള്‍ ഞാന്‍ ഫക്രുവിനെക്കുറിച്ചോര്‍ത്തു. ബിസിനസില്‍ അവനൊരിക്കലും വിജയിക്കാനാകില്ല. അതിനുള്ള ക്ഷമ അവനില്ല. അവന് എല്ലാറ്റിലും ഒരു കൈ നോക്കണം. സ്കൂള്‍ പഠനം കഴിഞ്ഞ് എല്ലാവരും എഞ്ചിനീയറിംഗിനോ, മെഡിസിനോ വേണ്ടി ശ്രമിച്ചപ്പോള്‍, ഒരു വര്‍ഷം ഇന്ത്യമുഴുവന്‍ ചുറ്റിക്കറങ്ങാന്‍ പോയ വീരനാണവന്‍. അലഞ്ഞു തിരിയാനുള്ള ഭ്രാന്തൊന്നടങ്ങിയപ്പോള്‍  അവനൊരു കോളേജില്‍ പാര്‍ട്ട് ടൈം അക്കൗണ്ടന്‍സി കോഴ്സിനു ചേര്‍ന്നു.

"ചെയ്തു തീര്‍ക്കാന്‍ ഒരുപാട് കാര്യങ്ങള്‍, സമയമോ വളരെ തുച്ഛവും. പിന്നെങ്ങനെ ഒരു ദിവസം മുഴുവന്‍ ഞാന്‍ കോളേജില്‍ ചെലവഴിക്കും.?" എന്നാണവന്‍ ഒരിക്കലെന്നോടു ചോദിച്ചത്.

അടുത്ത ദിവസം ഹോസ്പിറ്റലില്‍ പോകുന്നതിനു മുന്‍പായി ഞാന്‍ അനിലിനെ ഫോണ്‍ ചെയ്തു.

"അത് വളരെ എളുപ്പമാണ്. യു. കെയിലേക്കുള്ള വിസിറ്റിംഗ് വിസ ലഭിക്കണമെങ്കില്‍ നിങ്ങളുടെ സുഹൃത്തിന് ഇങ്ങോട്ടേക്കുള്ള യാത്രച്ചെലവും, ഇവിടത്തെ താമസച്ചെലവും വഹിക്കുവാനുള്ള സാമ്പത്തിക സ്ഥിതിയുണ്ടോ എന്നതു മാത്രമാണ് പ്രശ്നം."

"വേറെ എന്തെങ്കിലും...?"

"ഒന്നുമില്ല. നിങ്ങളുടെ വീടിന്‍റെ ആധാരത്തിന്‍റെ ഒരു കോപ്പി ലെറ്ററിനൊപ്പം വയ്ക്കാന്‍ മറക്കരുത്. നിങ്ങളുടെ സുഹൃത്തിന് താമസിക്കാനായി ഒരു മുറി പ്രത്യേകം ഉണ്ടെന്ന് വിസ ഓഫീസുമായി ബന്ധപ്പെട്ടവര്‍ക്ക് ബോധ്യപ്പെടേണ്ടതുണ്ട്."

"എന്തായാലും ഈ പുതിയ വീട് വാങ്ങിയത് നന്നായി. ഇപ്പോഴും ആ പഴയ സ്റ്റുഡിയോ ഫ്ളാറ്റിലായിരുന്നെങ്കിലത്തെ അവസ്ഥ..."

"ഫക്രുവെന്നല്ലേ പറഞ്ഞത്. ഇതു തന്നെയാണോ ഇഷ്ടന്‍റെ പേര്?"

"അവന്‍റെ പേര് ഫക്രുദ്ദീന്‍. സ്കൂളില്‍ ഞങ്ങള്‍ അവനെ ഫക്രുവെന്നാണ് വിളിച്ചിരുന്നത്."

"നിങ്ങള്‍ക്കയാളെ നന്നായറിയാം എന്നുതന്നെയാണ് ഞാന്‍ കരുതുന്നത്. അങ്ങനെയാണെങ്കില്‍ കുഴപ്പങ്ങളൊന്നും ഉണ്ടാകില്ലായിരിക്കാം." അനിലിന്‍റെ ശബ്ദത്തില്‍ എന്തൊക്കെയോ ആശങ്കകളുള്ളതു പോലെ. അയാള്‍ എന്തൊക്കെയോ ഊഹിച്ചുകൂട്ടുകയാവും.

കൂടുതലൊന്നും പറയാതെ അനിലിനു നന്ദി പറഞ്ഞു ഫോണ്‍  വച്ചു. വണ്ടിയോടിച്ച് ഹോസ്പിറ്റലിലേക്ക് പോകുമ്പോള്‍ എന്‍റെ മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നു. എന്തുകൊണ്ടാണ് അനില്‍ അങ്ങനെയൊക്കെ പറഞ്ഞത്? ഫക്രു, അവനൊരു മുസ്ലീമായതുകൊണ്ടു മാത്രം അവനെ ഇങ്ങോട്ട് ക്ഷണിക്കുന്നത് അപകടമാകുമോ?

വൈകുന്നേരം കനത്ത മഞ്ഞുവീഴ്ചകാരണം റോഡുകളെല്ലാം ബ്ലോക്കായിരുന്നു. വീട്ടിലെത്താന്‍ ഒരുപാട് വൈകി. ചപ്പാത്തിയും, ഉരുളക്കിഴങ്ങ് ബജിയും തയ്യാറാക്കി നേഹ കാത്തിരിക്കയായിരുന്നു. ഞങ്ങള്‍ ടി. വി. കണ്ടുകൊണ്ട് ഡിന്നര്‍ കഴിച്ചു. ബി.ബി.സി യില്‍ ഒരു ഡോക്യുമെന്‍ററി-ലണ്ടന്‍കാരനായ ഒരു മുസ്ലീം ചെറുപ്പക്കാരന്‍. തികച്ചും ലിബറലായിരുന്നയാള്‍. ഒരു സുപ്രഭാതത്തില്‍ യാഥാസ്ഥിതികനായി മാറി... തീവ്രവാദിയും. താമസംവിനാ ഗ്വാണ്ടനാമോ ദ്വീപിലെ നരകതുല്യമായ ജയിലില്‍ കഴിയുന്നു.

"ഇത്തരത്തിലൊരു അവസ്ഥ നമ്മുടെ ഫക്രുവിന് സംഭവിക്കില്ലെന്ന് എനിക്കുറപ്പുണ്ട്." ഞാന്‍ നേഹയോട് പറഞ്ഞു.

"നിങ്ങള്‍ക്കെന്താ ഇത്ര ഉറപ്പ്?"

"എന്തെങ്കിലും കാര്യമില്ലാതെ ഫക്രു ഒന്നും ചെയ്യില്ല. ഒരിക്കലുമില്ല. അവനാരെയെങ്കിലും മനഃപൂര്‍വ്വം ഉപദ്രവിക്കുമെന്ന് എനിക്ക് സങ്കല്‍പ്പിക്കാനേ കഴിയില്ല."

"അതിനു ഞാന്‍ പറഞ്ഞോ ഫക്രു മോശക്കാരനാണെന്ന്. നിങ്ങളല്ലേ എല്ലാം ആലോചിച്ചുണ്ടാക്കുന്നത്..." നേഹയ്ക്കു ദേഷ്യം വന്നു.

"അനിലാണ്... എന്നെ... വെറുതേ..."

ഡിന്നര്‍ കഴിഞ്ഞു.

"ഞാന്‍ പാത്രങ്ങള്‍ കഴുകാം. നിങ്ങള്‍ പോയി ആ ലെറ്റര്‍ എഴുതി വയ്ക്ക്": നേഹ എഴുന്നേറ്റു.

"അതു വേണ്ട, ഞാനും കൂടാം. നീയും ജോലി കഴിഞ്ഞ് ക്ഷീണിച്ചു വന്നതല്ലേ."
 
പിന്നെയും കുറേ കഴിഞ്ഞാണ് ഫക്രുവിന്‍റെ മെയിലിന് മറുപടി അയയ്ക്കാന്‍ തുടങ്ങിയത്. "നിന്‍റെ മെയില്‍ കിട്ടിയപ്പോള്‍ എനിക്ക് വലിയ സന്തോഷമായി. ഒരു ദിവസത്തിനകം ഇന്‍വിറ്റേഷന്‍ ലെറ്റര്‍ അയച്ചേക്കാം. നിന്‍റെ ഫോണ്‍ നമ്പറൊന്നു തരാമോ? പിന്നെ, നീ എപ്പോഴാണ് മുഴുവന്‍ പേരും എഴുതാന്‍ തുടങ്ങിയത്. ഫക്രുദ്ദീന്‍-അല്‍-റാസിയേക്കാള്‍ എനിക്കിഷ്ടം ഫക്രുവാണ്... മെയില്‍ നീണ്ടുപോയി.. അത് സെന്‍ഡ് ചെയ്ത് കഴിഞ്ഞപ്പോള്‍ മണി പത്ത്.
 
മിക്കവാറും ഞാന്‍ നാളെ ഉറക്കമുണരും മുന്‍പ് തന്നെ അവന്‍റെ മറുപടിയെത്തും. ഫക്രുവിന് മാഞ്ചസ്റ്ററിലേക്കുള്ള ഇന്‍വിറ്റേഷന്‍ ലൈറ്ററും ഞാന്‍ ടൈപ്പ് ചെയ്തു വച്ചു. അവന്‍ എന്നോടൊപ്പം ആയിരിക്കുമ്പോഴത്തെ എല്ലാ ചെലവും ഞാന്‍ നിര്‍വഹിച്ചുകൊള്ളാമെന്നു വാക്കു കൊടുത്തുകൊണ്ടുള്ള കത്ത്. ലെറ്റര്‍ പ്രിന്‍റ് ചെയ്ത് വച്ച്, ഒപ്പു വച്ച്, ടേബിളിനു മുകളില്‍ത്തന്നെ വച്ചു. നാളെ ജോലിക്കു പോകുമ്പോള്‍ എടുക്കാന്‍ മറക്കരുതല്ലോ.

പിറ്റേന്ന് കാലത്തെ, ഞാന്‍ മെയില്‍ ചെക്ക് ചെയ്തു നോക്കി. ഫക്രുവിന്‍റെ മെയിലില്‍ അവന്‍റെ ഫോണ്‍ നമ്പറും ഉണ്ടായിരുന്നു. ഉടനെ, ഞാന്‍ നമ്പര്‍ ഡയല്‍ ചെയ്തു.

"അതെ, ഫക്രുദ്ദീനാണ്"
 
"ഫക്രു, നീയാണോടാ?"

"അതെ, ഗോവിന്ദല്ലേ?"

"ഫക്രു, എന്തൊക്കെയാണ് വിശേഷങ്ങള്‍? ജീവിതം എങ്ങനെ പോകുന്നു?"

"വലിയ കുഴപ്പമില്ലാതെ പോകുന്നു. ബാപ്പ മരിച്ചു... പിന്നെ..."

"എന്നായിരുന്നു?"

"ഏതാണ്ട് രണ്ടുവര്‍ഷം മുന്‍പ്..."

ഫക്രു എന്‍റെ വിവാഹത്തില്‍ പങ്കെടുക്കാതിരുന്നതിലത്ഭുതമില്ല. ആയിടയ്ക്ക് എപ്പോഴോ ആയിരുന്നിരിക്കാം അവന്‍റെ ബാപ്പ മരിച്ചത്.

"ഇതായിരുന്നോ അത്യാവശ്യ കുടുംബകാര്യങ്ങളെന്ന് നീ ഇ-മെയിലില്‍ പറഞ്ഞത്"?

"അതെ"

"നിങ്ങള്‍ റസ്റ്റോറന്‍റ് വിറ്റു. അല്ലേ?"

"അതെ" അവന്‍റെ ശബ്ദം കനപ്പെട്ടു.

"എന്തു പറ്റിയെടോ? എനിക്കുറപ്പുണ്ട് നീ ഇപ്പോഴും ആ പഴയ 'ഫക്' തന്നെയാണെന്ന്." ഫക്രുവിന് ജീവന്‍ പകരാനെന്നവണ്ണം ഞാന്‍ പറഞ്ഞു.

"ഞാനിപ്പോഴും പഴയതുപോലെതന്നെ. പക്ഷേ..."

"നീ കൂടുതല്‍ മതവിശ്വാസിയായെന്നും, പ്രാര്‍ത്ഥനയും ഉപവാസവുമൊക്കെ തുടങ്ങിയെന്നും മാത്രം എന്നോടു പറയരുത്..."

"പക്ഷേ... അതാണ് സത്യം."

ചെറിയൊരു ഞെട്ടലോടെയാണ് ഞാനത് കേട്ടത്. പക്ഷേ, അവന്‍റെ മരവിച്ച ശബ്ദവും, നീട്ടി വലിച്ചെഴുതിയ പേരുമെല്ലാം, ഇതിന്‍റെ സൂചനകളായിരുന്നു.

"ശരി.... ശരി.... പറയൂ. നീ എന്താണിപ്പോള്‍ ചെയ്യുന്നത്?
 
ഒരു ഗൈഡ്- സപ്ലൈയിംഗ് കമ്പനി നടത്തുകയാണ്. നല്ല രീതിയില്‍ നടന്നുപോകുന്നു. അതേപ്പറ്റി പറഞ്ഞപ്പോള്‍ അവന്‍റെ ശബ്ദം പഴയതുപോലെ സജീവമായി. ബിസിനസ് വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി വിദേശട്രാവല്‍ ഏജന്‍സികളുമായെല്ലാം ചില ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ അവനു താത്പര്യമുണ്ട്. യു. കെ യിലെ വിസ ലഭിക്കാന്‍ ഈയിടെയായി വളരെ ബുദ്ധിമുട്ടാണ്. ഒരു മുസ്ലീം പേരും ഒരു താടിയും കൂടിയുണ്ടെങ്കില്‍ പറയുകയേ വേണ്ട."

എന്ത്!! നിനക്ക് താടിമീശയുണ്ടോ? ഞാന്‍ ഒരു ഞെട്ടലോടെ അവനോടു ചോദിച്ചു.

"അതെ, എനിക്കുണ്ട്." വളരെ ശാന്തമായി സാവധാനം അവന്‍ മറുപടി പറഞ്ഞു.

"ഞാന്‍ കുറച്ചുദിവസത്തിനകം, ആ ലെറ്റര്‍ അയച്ചുതരാം..." ഞാന്‍ ഫോണ്‍ വച്ചു.

വൈകിട്ട് വീട്ടിലെത്തിയതേ, നേഹ തിരക്കി, "ഗോവിന്ദ്, ആ ലെറ്റര്‍ പോസ്റ്റ് ചെയ്തോ?"

"ഇല്ല, ഇതുവരെ അയച്ചില്ല. നേഹാ,  ഞാന്‍ ആലോചിക്കുകയായിരുന്നു. അഥവാ, ഫക്രു ഒരു ടെററിസ്റ്റാണെങ്കില്‍ നമ്മളെന്തു ചെയ്യും? അവനിങ്ങനെയല്ലായിരുന്നു, ശുദ്ധനായിരുന്നു, എന്നൊക്കെപ്പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? നമ്മളൊരു ടെററിസ്റ്റിന് വീട്ടില്‍ അഭയം കൊടുത്തതായേ എല്ലാവരും കരുതൂ."

"നിങ്ങളുടെ സമനില തെറ്റിയിരിക്കുകയാ... ഒരു കാര്യം ചെയ്യ്.... അത്രയ്ക്ക് വിഷമമാണെങ്കില്‍ അയാളെ ഇങ്ങോട്ട് ഇന്‍വൈറ്റ് ചെയ്യേണ്ട... തീര്‍ന്നില്ലേ....?"

അന്നുരാത്രി ഞാനൊരു സ്വപ്നം കണ്ടു. അവ്യക്തമായേ എനിക്കോര്‍മ്മയുള്ളൂ. ബിഗ് ബെന്‍ടവര്‍ തകര്‍ക്കാന്‍ പ്ലാന്‍ ചെയ്ത ഒരു കൊടും ഭീകരന് അഭയം കൊടുത്ത കുറ്റത്തിന് തന്നെ അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നു. ഇല്ല, ഒരിക്കലുമില്ല. എന്‍റെ സുഹൃത്ത് ഫക്രു ഈ കേസില്‍ നിരപരാധിയാണ്. ഫക്രുവുമായി വിദൂരസാമ്യമുള്ള ഏതോ താടിക്കാരനാണ് ആ ആക്രമണത്തിന് പിന്നില്‍. അയാളാണ് ഞാന്‍ അകത്താകാന്‍ കാരണക്കാരന്‍.

ഞാന്‍ ചാടിയെഴുന്നേറ്റു. ആകെ കിതച്ച്... വിയര്‍ത്ത്... കുളിച്ച്...

കൃത്യമായൊരു തീരുമാനമെടുക്കാന്‍ എനിക്ക് ഒരാഴ്ച വേണ്ടി വന്നു. ഞാന്‍ ഫക്രുവിന് ഒരു ഇ. മെയില്‍ അയച്ചു. "എനിക്ക് നിന്നെ ഇന്‍വൈറ്റ് ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്. എന്‍റെ സ്റ്റുഡിയോ ഫ്ളാറ്റില്‍ നിനക്കുവേണ്ടി മാറ്റിവയ്ക്കാന്‍ ഒരു മുറിയൊഴിവില്ല. അതുണ്ടെങ്കിലേ വിസാ ഓഫീസില്‍ നിന്നും അനുവാദം കിട്ടുകയുള്ളൂ. എന്തും ചെയ്യാം. എനിക്കു നിന്നെ സഹായിക്കാന്‍ കഴിയില്ല. എന്നോടു ക്ഷമിക്കണം."

You can share this post!

ഇഡാ

ലിന്‍സി വര്‍ക്കി
അടുത്ത രചന

ദി ക്രൂസ്

ലിന്‍സി വര്‍ക്കി
Related Posts