news-details
കടുകു മണിയും പുളിമാവും

രണ്ട് ജീവിതങ്ങള്‍

അനേകം മഴത്തുള്ളികളാണല്ലോ അരുവികളുടെയും പുഴകളുടെയും ജീവനാഡി. അല്പം പുളിമാവ് മുഴുവന്‍ മാവിനെയും പുളിപ്പിക്കുമെന്നും കടുകുമണിയില്‍ വൃക്ഷം ഉറങ്ങുന്നുവെന്നും ദൈവരാജ്യത്തെക്കുറിച്ച് സ്വപ്നം കണ്ട ക്രിസ്തു പഠിപ്പിച്ചു. "ഒറ്റയ്ക്കു സ്വപ്നം കാണുമ്പോള്‍ സ്വപ്നം സ്വപ്നമായിത്തന്നെ തുടരും, അത് ആരോടെങ്കിലും പങ്കിടുമ്പോള്‍ യാഥാര്‍ത്ഥ്യത്തിലേക്ക് വഴിതുറക്കും"-ബിഷപ്പ് ഹെല്‍ഡര്‍ കാമറ. നല്ലൊരു നാളെയെകുറിച്ച് സ്വപ്നം കാണുമ്പോള്‍ നന്മയുടെ അംശം പേറുന്ന മനുഷ്യര്‍ എവിടെയെങ്കിലുമൊക്കെ ഉണ്ട് എന്ന തിരിച്ചറിവ് നമ്മെ ബന്ധിപ്പിക്കുന്ന ചരടുകളാകുന്നു. നിങ്ങള്‍ക്ക് പരിചയമുള്ള നന്മയുടെ നുറുങ്ങുവെട്ടങ്ങളെ (വ്യക്തികളോ, സംഘങ്ങളോ) അസ്സീസിയിലെ ഈ പംക്തിയിലൂടെ പരിചയപ്പെടുത്താം. 
Mob: 9495 628422,  E-mail: assisi.magz@gmail.com    എഡിറ്റര്‍ ഇന്‍ ചീഫ്.
 
കടുകുമണിയും പുളിമാവുമായി മാറിയ രണ്ട് ജീവിതങ്ങള്‍. ഒരാള്‍ സ്നേഹത്തോടെ പകുത്തു നല്‍കിയപ്പോള്‍ മറ്റൊരാള്‍ കൃതജ്ഞതയോടെ അത് ഏറ്റുവാങ്ങി. അങ്ങനെ പകുത്തുനല്‍കിയവനും ഏറ്റുവാങ്ങിയവനും അനേകരുടെ ജീവിതത്തില്‍ കടുകുമണിയും പുളിമാവുമായി മാറിയതിന്‍റെ കഥയാണ് ഇന്നിവിടെ കുറിക്കപ്പെടുന്നത്. 
 
പെസഹ
 
അന്ന് പെസഹ ആയിരുന്നു. ത്രീത്വൈക ദൈവത്തിലെ രണ്ടാമന്‍ തന്നെത്തന്നെ പകുത്തു നല്കിയ ആ നാളില്‍ ആലപ്പാട്ട് വീട്ടില്‍ ജോസ് എന്ന ജോസാര്‍ തന്‍റെ ഇരുവൃക്കകളിലൊന്ന് അനുജന്‍ തോമസിനു പകുത്തു നല്കി. അവയവദാനത്തെക്കുറിച്ച് കേട്ടുകേള്‍വി പോലുമില്ലാതിരുന്ന ആ കാലത്ത് എന്തു ധൈര്യത്തിലാണ് വൃക്ക നല്കുവാന്‍ തയ്യാറായതെന്ന ചോദ്യത്തിന് ചിരിച്ചുകൊണ്ട് ജോസാര്‍ നല്‍കിയ മറുപടി ഇതാണ്, "സ്നേഹം പ്രതിബന്ധമറിയുന്നില്ല."
 
ചെറുപ്പകാലം തൊട്ടേ തോമാച്ചന്‍റെ മൂത്രത്തില്‍ ആല്‍ബുമിന്‍റെ അളവ് കൂടുതലായിരുന്നു. അതിനാല്‍ത്തന്നെ അനുസരണയില്ലാതെ ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരുന്ന ആല്‍ബുമിനെ വരുതിക്കുകൊണ്ടുവരാനായി തോമാച്ചന്‍ ധാരാളം മരുന്നുകള്‍ കഴിച്ചിരുന്നു. അങ്ങനെ ഉള്ളില്‍ ചെന്ന മരുന്നുകളെല്ലാം ചേര്‍ന്ന് പതുക്കെ പതുക്കെ വൃക്കകളുടെ പ്രവര്‍ത്തനത്തെ മരവിപ്പിച്ചു കളഞ്ഞു. ആഴ്ചയില്‍ രണ്ടുപ്രാവശ്യം ഡയാലിസിസ് ചെയ്യേണ്ട അവസ്ഥയിലേക്ക് അദ്ദേഹമെത്തി. ഒടുവില്‍ ജീവന്‍ നിലനിര്‍ത്തുന്നതിനുള്ള അവസാനമാര്‍ഗമെന്ന നിലയ്ക്കാണ് ഡോക്ടര്‍ന്മാര്‍ വൃക്ക മാറ്റിവയ്ക്കുന്നതിന് നിര്‍ദ്ദേശിച്ചത്. അങ്ങനെ 18 വര്‍ഷം മുന്‍പ് ഒരുപാട് പരീക്ഷണനിരീക്ഷണങ്ങള്‍ക്കൊടുവില്‍ വെല്ലൂര്‍ ഹോസ്പിറ്റലില്‍ വെച്ച് ഒരു പെസഹാ നാളില്‍ ജോസാറിന്‍റെ ഒരു വൃക്ക അനുജന്‍ തോമസിനു തുന്നിച്ചേര്‍ത്തു. സഹനങ്ങളും വേദനകളും പ്രാര്‍ത്ഥനകളുമെല്ലാം നിറഞ്ഞ ആ ദിനങ്ങള്‍ കുറച്ച് വാക്കുകള്‍കൊണ്ട് വേഗത്തില്‍ കോറിയിടുവാന്‍ എനിക്കു സാധിച്ചു. പക്ഷേ ആ സംഭവങ്ങള്‍ ജോസാറിന്‍റെ ജീവിതത്തിനു നല്‍കിയ ആഴവും അര്‍ത്ഥവും നിങ്ങള്‍ക്കു മുന്നില്‍ എങ്ങനെയാണ് അവതരിപ്പിക്കേണ്ടതെന്ന് എനിക്കറിയില്ല. മുളന്തണ്ടില്‍ സുഷിരങ്ങള്‍ തുളച്ചുചേര്‍ക്കപ്പെടുമ്പോഴാണ് അതില്‍ നിന്നും മനോഹരമായ സംഗീതം ജനിക്കുന്നത്. പൊന്ന് ഉരുക്കപ്പെടുമ്പോഴാണ് മാറ്റുകൂടുന്നത്. അതുപോലെ പൂര്‍ണമനസ്സോടെ മുറിക്കപ്പെടുമ്പോഴാണ്, തകര്‍ന്നുപോയ ഒരുപാട് ജീവിതങ്ങള്‍ക്കു പ്രതീക്ഷയുടെ അനുഭവങ്ങള്‍ തുന്നിച്ചേര്‍ത്തു നല്‍കാന്‍ ജോസാറിനു സാധിച്ചത്. 
 
 
തന്‍റെ പ്രവൃത്തികളുടെയെല്ലാം അടിസ്ഥാനമായി ജോസാര്‍ കൂട്ടിച്ചേര്‍ക്കുന്നത് വൃക്ക സ്വീകര്‍ത്താവായ തെക്കേമുറി അച്ചന്‍റെ വാക്കുകളാണ്. അനുജനു വൃക്ക നല്‍കുന്നതിനു മുമ്പായി അദ്ദേഹത്തെ സന്ദര്‍ശിച്ചപ്പോള്‍ ലഭിച്ച മറുപടി ഇപ്രകാരമായിരുന്നു. "വൃക്ക കൊടുക്കുന്നെങ്കില്‍ കൊടുത്തുകൊള്ളു, അല്ലെങ്കില്‍ അവസാനം അനുജനെന്തെങ്കിലും സംഭവിച്ചു കഴിഞ്ഞിട്ടു ആ തലയ്ക്കലിരുന്നു കരയാന്‍ വന്നേക്കരുത്." ചെയ്യാന്‍ സാധിക്കുന്ന നന്മ അതൊരിക്കലും നിഷേധിക്കരുത്. 
 
വൃക്ക നല്‍കാന്‍ തയ്യാറാകുന്ന ഓരോരുത്തരോടും ജോസാര്‍ ഒന്നേ പറയാറുള്ളൂ, "സ്വന്തം ശരീരത്തെ ആദ്യം മനസ്സിലാക്കുക. തനിക്ക് വൃക്ക ദാനംചെയ്യാനുള്ള ശരിയായ ആരോഗ്യമുണ്ടെന്നു കണ്ടാല്‍ അത് സന്തോഷത്തോടെ, പൂര്‍ണമനസ്സോടെ നല്‍കുക. നിങ്ങള്‍ക്ക് ഒരാപത്തും വരില്ല."
 
ദൈവം സൃഷ്ടിക്കുന്ന നിമിത്തങ്ങള്‍
 
വെള്ളം അതുള്‍ക്കൊള്ളുന്ന പാത്രത്തിന്‍റെ രൂപം സ്വീകരിക്കുന്നതുപോലെ നമ്മുടെ ജീവിതസാഹചര്യങ്ങള്‍ പലരൂപത്തില്‍ നമ്മളെ ഉരുവാക്കാന്‍ ശ്രമിക്കുന്നു. ആ സാഹചര്യങ്ങളെയെല്ലാം നന്മയാക്കി മാറ്റണമോ അതോ പഴിചാരാനും വിലപിക്കാനുമുള്ള അവസരമായി മാറ്റണമോ എന്ന് തീരുമാനിക്കുന്നത് നമ്മളാണ്. ബോബിയച്ചന്‍ തന്‍റെ പുസ്തകത്തില്‍ കുറിച്ചിട്ടതുപോലെ 'കര്‍ത്താവ് നല്ലയൊരു തച്ചനായിരുന്നു. കാരണം ഉരുവിനെ കണ്ടതിനുശേഷം മാത്രമായിരുന്നു അതിനുവേണ്ട നുകം അദ്ദേഹം നിര്‍മ്മിച്ചിരുന്നത്.' നമുക്ക് താങ്ങാന്‍ സാധിക്കുന്ന നുകങ്ങള്‍ മാത്രമേ ആ നല്ല തച്ചന്‍ നമുക്കായി ഒരുക്കിവെയ്ക്കൂ.
 
ഹോട്ടല്‍ ജോലിയില്‍ ബിരുദാനന്തരബിരുദം നേടിയിരുന്ന ചന്ദ്രശേഖരനു ജോലിയോടെന്നും പ്രണയമായിരുന്നു. അതുകൊണ്ട് അമിതമായ പ്രഷര്‍ തന്‍റെ ശരീരത്തെ തളര്‍ത്തിക്കൊണ്ടിരുന്നത് തിരിച്ചറിയാന്‍ വൈകി. അതിസമ്മര്‍ദ്ദം വൃക്കകളെ ബാധിക്കാന്‍ തുടങ്ങിയപ്പോള്‍ നടുവേദനയായും സന്ധിവേദനയായും കാലിലെ നീര്‍വീക്കമായുമെല്ലാം ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാന്‍ ശരീരം ശ്രമിച്ചുകൊണ്ടിരുന്നു. പക്ഷേ അവശമായ ഓരോ ശരീരഭാഗത്തെയും അതതിന്‍റെ പ്രഗത്ഭന്മാര്‍ ചികിത്സിച്ച് ഭേദമാക്കാന്‍ ശ്രമിച്ചപ്പോള്‍ അത് അദ്ദേഹത്തിന്‍റെ വൃക്കകള്‍ക്ക് അമിതഭാരമായി. ഒടുവില്‍ ശരിയായ പ്രശ്നക്കാരനെ കണ്ടെത്തിയപ്പോഴേക്കും ചന്ദ്രശേഖരനോടു രണ്ടു വൃക്കകളും പിണങ്ങികഴിഞ്ഞിരുന്നു. ആയുസ്സിന്‍റെ ദിനങ്ങള്‍ എണ്ണപ്പെട്ടു കഴിഞ്ഞു എന്നു ഡോക്ടര്‍മാര്‍ പറഞ്ഞപ്പോള്‍ ഉള്ളു നിറയെ മൂന്നുവയസ്സുകാരി മകളുടെ മുഖമായിരുന്നു. അവളെ സുരക്ഷിതമായ ഒരു കരങ്ങളില്‍ ഏല്‍പ്പിക്കുന്നതുവരെയെങ്കിലും തനിക്ക് ജീവിച്ചിരിക്കണമെന്ന വാശിയില്‍ നിന്നുമാണ് ചന്ദ്രശേഖരനെന്ന യോദ്ധാവ് പിറക്കുന്നത്. 
 
മുപ്പതുവര്‍ഷങ്ങള്‍ക്കു മുന്‍പ് അറുപതു വയസ്സുള്ള തന്‍റെ അമ്മയില്‍ നിന്നും വൃക്കയെടുത്ത് ചന്ദ്രശേഖരന്‍റെ ദേഹത്തോട് തുന്നിച്ചേര്‍ത്തപ്പോള്‍ ആദ്യമേ സ്വീകരിക്കുവാന്‍ അദ്ദേഹത്തിന്‍റെ ശരീരം തയ്യാറായില്ല. പിന്നീടു മരുന്നുകളുടെ സഹായത്തോടെ ആ ദേഹത്തോടൊട്ടി ചേര്‍ന്ന് ചന്ദ്രശേഖരനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. 
 
പിന്നീടങ്ങോട്ട് ആരേയും വിസ്മയിപ്പിക്കുന്നൊരു സമരജീവിതമായിരുന്നു അദ്ദേഹത്തിന്‍റേത്. ഒരു വര്‍ഷത്തെ വിശ്രമജീവിതം കൂടാതെ പുറത്തുനിന്ന് ആഹാരം കഴിക്കാനോ വെളളം കുടിക്കാനോ പാടില്ല. ആളുകള്‍ കൂടുന്നിടത്ത് പോകാന്‍ പാടില്ല. വീട്ടിലാണെങ്കില്‍ പോലും സന്ദര്‍ശകരുടെ എണ്ണത്തില്‍ നിയന്ത്രണം വേണം. എന്നിങ്ങനെ 'അരുത്' കളുടെ ഒരു നീണ്ട ലിസ്റ്റുതന്നെ ഡോക്ടര്‍മാര്‍ നല്‍കിയിരുന്നു. പക്ഷേ ഓപ്പറേഷനും അതേത്തുടര്‍ന്നുള്ള ആശുപത്രി ചെലവുകളുമെല്ലാം ചേര്‍ത്ത് സമ്പാദ്യം മുഴുവന്‍ ചോര്‍ത്തിയെടുത്തപ്പോള്‍ ദിവസംതോറുമുള്ള മരുന്നുകള്‍ വാങ്ങുന്നതിനായി പ്രായമായ അച്ഛനെ ബുദ്ധിമുട്ടിക്കേണ്ടതായി വന്നു. അതുകൊണ്ട് തന്നെ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച ചില അരുതുകള്‍ക്ക് അവധി നല്‍കിക്കൊണ്ട് വൃക്ക മാറ്റിവെച്ചതിന്‍റെ രണ്ടാം മാസം മുതല്‍ അദ്ദേഹം ജോലിക്കു പോയിത്തുടങ്ങി. അന്നു തുടങ്ങിയ ആ സമരജീവിതം മുപ്പതാണ്ടുകള്‍ക്കിപ്പുറം ഇന്നും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. Kidney Federation of India യുടെയും അവയവ സ്വീകര്‍ത്താക്കളുടെയും സംഘടനയായ FORA യിലൂടെയുമെല്ലാം തന്നെപ്പോലുള്ള ഒരുപാടു പേരുടെ ജീവിതങ്ങളെ തന്‍റെ ജീവിതം കൊണ്ട് തിരുത്തിയെഴുതുകയാണ് ചന്ദ്രശേഖരന്‍. 
 
ചില സാഹചര്യങ്ങള്‍ അങ്ങനെയാണ്. എത്ര വേണ്ടെന്നുവച്ചാലും എത്ര ഒഴിവാക്കാന്‍ നോക്കിയാലും അത് നമ്മളെ നേടിയെടുക്കും. അങ്ങനെ നേടിയെടുത്ത സാഹചര്യങ്ങള്‍ക്കു നമ്മെ ചിലതു പഠിപ്പിക്കാനുണ്ടാകും. ഇത്തരത്തിലുള്ള ഈ സാഹചര്യങ്ങളെ ചന്ദ്രശേഖരന്‍ നിമിത്തങ്ങളെന്നാണ് വിശേഷിപ്പിക്കുന്നത്. കാരണം അന്ന് സഹനങ്ങളും വേദനകളും നിറഞ്ഞ ഒരുപാട് നിമിഷങ്ങളിലൂടെ കടന്നുപോയതുകൊണ്ടാണ് എന്നെപ്പോലുള്ളവരുടെ വേദനകളും വിഷമങ്ങളും എനിക്കു വേഗം മനസ്സിലാക്കാന്‍ സാധിക്കുന്നതും അവര്‍ക്കു വേണ്ട മാര്‍ഗനിര്‍ദേശങ്ങളും സഹായങ്ങളും നല്‍കാന്‍ സാധിക്കുന്നതും. അതായത് ഈ സാഹചര്യങ്ങളിലൂടെയെല്ലാം കടത്തിവിട്ട്, ഈശ്വരന്‍ വേദനിക്കുന്ന ഒരുപാടുപേരെ ആശ്വസിപ്പിക്കാനുള്ളൊരു നിമിത്തമായി എന്നെ മാറ്റി. ഇന്ന് ലോകത്തിന്‍റെ അങ്ങോളമിങ്ങോളം എനിക്ക് സുഹൃത്തുക്കളുണ്ട്. ഏകദേശം 16 വിദേശരാജ്യങ്ങളില്‍ ഞാന്‍ ഒറ്റയ്ക്കു യാത്രചെയ്തു. ചുരുങ്ങിയ നാള്‍ മാത്രം ആയുസ്സു വിധിക്കപ്പെട്ട ഞാന്‍ എന്‍റെ മകള്‍ വളര്‍ന്നു വലുതാകുന്നതു കണ്ടു. എന്‍റെ ആഗ്രഹം പോലെതന്നെ അവളെ സുരക്ഷിതമായ ഒരു കരങ്ങളില്‍ ഏല്പിക്കുവാന്‍ സാധിച്ചു. ഒപ്പം ദൈവം എനിക്ക് ഒരു മകനെക്കൂടി തന്നു. ഒരു ദിവസം ഒരാളെയെങ്കിലും മനസ്സുകൊണ്ടോ ശരീരം കൊണ്ടോ പ്രവൃത്തികൊണ്ടോ ചിന്തകൊണ്ടോ സഹായിക്കുവാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. ഈശ്വരന്‍ എന്‍റെ ജീവിതത്തിലേക്ക് ഈ സാഹചര്യങ്ങള്‍ കടത്തിവിട്ടില്ലായിരുന്നുവെങ്കില്‍ സ്വന്തം കാര്യം മാത്രം നോക്കുന്ന ഒരു സാധാരണ ഗൃഹനാഥനായി എന്‍റെ വീടിന്‍റെ നാലു ചുമരുകള്‍ക്കുള്ളില്‍ ഞാന്‍ ഒതുങ്ങിപ്പോയേനെ. അതായത് നമ്മുടെയൊക്കെ ജീവിതത്തില്‍ എന്തെങ്കിലും വേദനകളോ വിഷമങ്ങളോ വരുമ്പോള്‍ അതില്‍നിന്നും ഒളിച്ചോടാന്‍ ശ്രമിക്കാതെ, ആ  സാഹചര്യത്തെ അംഗീകരിക്കുക. ഒപ്പം അതിലൂടെ ഈശ്വരന്‍ നമ്മളെ പഠിപ്പിക്കാന്‍ ശ്രമിക്കുന്ന നന്മയെന്തെന്ന് മനസ്സിലാക്കുക. വേദനകളും വിഷമങ്ങളുമെല്ലാം ഓരോരോ അവസരങ്ങളാണ്. മറ്റുള്ളവരെ മനസ്സിലാക്കാനും അവരോട് കരുണാപൂര്‍വ്വം പെരുമാറാനും അവരുടെ വേദനയില്‍ പങ്കുചേരാനുമുള്ള അവസരം.
 
രണ്ട് സാധാരണക്കാരുടെ ജീവിതമാണ് മുകളില്‍ ചേര്‍ത്തത്. കുടുംബം, കുഞ്ഞുങ്ങള്‍ ഒക്കെ നിറഞ്ഞ 'എന്‍റെ ലോകത്തെ' ഏറെ ഇഷ്ടപ്പെടുന്ന സാധാരണക്കാര്‍. ഒരു പക്ഷേ കണ്ണീരും വിലാപവും കൊണ്ട് കരിപുരണ്ടുപോകുമായിരുന്ന ജീവിതത്തില്‍ നിന്നും ഒരു ഫീനിക്സ് പക്ഷിയെപ്പോലെ എങ്ങനെ ഉയിര്‍ത്തെഴുന്നേല്ക്കണമെന്ന് സ്വന്തം ജീവിതംകൊണ്ട് അവര്‍ കാണിച്ചുതന്നു. മുറിക്കപ്പെടുന്നതിലെ ആനന്ദം എത്രത്തോളം ആഴമേറിയതാണെന്നും അത് ഒരുവന്‍റെ ജീവിതത്തിനു നല്‍കുന്ന അര്‍ത്ഥവും ആത്മസംതൃപ്തിയും എന്താണെന്നും ഇവരുടെ ജീവിതം മനസ്സിലാക്കി തരുന്നു. 
 
ഈ കഥകളില്‍ ഓര്‍മ്മിക്കപ്പെടേണ്ട മറ്റ് രണ്ടുപേര്‍ കൂടിയുണ്ട്. ജോസാറിന്‍റെയും ചന്ദ്രശേഖരന്‍സാറിന്‍റെയും ഭാര്യമാര്‍. അവരുടെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ അവരുടെ ജീവിതത്തിന്‍റെ 'ബാക്ക്ബോണ്‍'. ജീവനും ജീവിതത്തിനും കൂട്ടായി നിന്നവര്‍. ജോസാറും ചന്ദ്രശേഖരന്‍ സാറും ഇന്ന് എത്രത്തോളം ആദരിക്കപ്പെടുന്നുണ്ടോ അത്രത്തോളം അല്ലെങ്കില്‍ അതിനുമേലേയോ ആദരിക്കപ്പെടേണ്ടവരാണ് അവരുടെ ജീവിതപങ്കാളികളും.  

You can share this post!

വീട്ടച്ചന്‍

അങ്കിത ജോഷി
അടുത്ത രചന

ഇലൈജ!

ചിത്തിര കുസുമന്‍
Related Posts