news-details
മറ്റുലേഖനങ്ങൾ

തൃശൂരില്‍ ഞങ്ങളുടെ കാല്‍വരി ആശ്രമത്തിലെ സൈക്കിള്‍ ഷെഡില്‍ ഇന്നും അന്തസ്സോടെ നില്‍ക്കുന്ന ആ പഴയ സൈക്കിള്‍ ഒരു ദിവസം ഞാന്‍ ഒന്നു ചവിട്ടിനോക്കി. അന്ന് ബ്രദേഴ്സ് എന്നോടു പറഞ്ഞു: "അതേ... സൂക്ഷിച്ചുപയോഗിക്കണം. ഇത് 'സൈക്കിളച്ചന്‍' ഉപയോഗിച്ചിരുന്ന സൈക്കിളാണ്." എല്ലാവരും വളരെ ആദരവോടെ മാറ്റിനിര്‍ത്തിയ, ചെറുതായി തുരുമ്പിച്ചു തുടങ്ങിയ ആ സൈക്കിള്‍ പിന്നെ ഞാന്‍ പലതവണ ഉപയോഗിക്കാന്‍ തുടങ്ങി. പ്രത്യേകിച്ച് ഞായറാഴ്ച കാറ്റിക്കിസം വിദ്യാര്‍ത്ഥികളുടെ വീട് സന്ദര്‍ശനം നടത്താന്‍ പോകുമ്പോള്‍. സന്ന്യാസവസ്ത്രമണിഞ്ഞ് ആ സൈക്കിള്‍ ചവിട്ടിപോകുന്നത് വല്ലാത്തൊരു feel ആണ്. ഈ സൈക്കിളും ഉടുപ്പും കാണുന്നവര്‍ക്ക് എന്നോടു പറയാനുണ്ടായിരുന്നത് നിറയെ കഥകളായിരുന്നു. സൈക്കിളച്ചനെക്കുറിച്ചുള്ള കഥകള്‍. ആശ്രമത്തില്‍ ഞങ്ങളെ പഠിപ്പിക്കുന്ന റാഫി പാലിയേക്കര അച്ചനാകട്ടെ, നല്ലൊരു അച്ചനാകാനുള്ള മോട്ടിവേഷന്‍ നല്കാന്‍വേണ്ടി മിക്കവാറും പറയുന്നത് സൈക്കിളച്ചനെക്കുറിച്ചുള്ള കഥകളാണ്. ഈ കഥകളൊക്കെ കേട്ട് മനസ്സില്‍ വല്ലാത്തൊരു തീയായി നില്‍ക്കുന്ന സമയത്താണ് ഞങ്ങളുടെ youtube ചാനലായ Calvary Cap ന്‍റെ ഒരു മീറ്റിംഗ് കൂടുന്നത്. ഒരു നല്ല വീഡിയോ അടുത്തമാസം ഇറക്കണം എന്ന് ചര്‍ച്ച വന്നപ്പോള്‍ അന്ന് മനസ്സില്‍ തോന്നി 'സൈക്കിളച്ചന്‍'. ഞങ്ങളുടെ അന്നത്തെ റെക്ടര്‍ ഡേവിസ് വിതയത്തില്‍ അച്ചന്‍റെ അനുവാദം ചോദിച്ച് അതേ സൈക്കിളും ചവിട്ടി ഞാന്‍ ഇറങ്ങി, സൈക്കിളച്ചനെക്കുറിച്ചുള്ള കഥകളും തേടി.

കുറവിലങ്ങാട് അടുത്ത് കുര്യനാട് മാന്നുള്ളില്‍ കുടുംബത്തില്‍ 1936 ജനുവരി ഒന്നിന് ജനിച്ച കുഞ്ഞ് അന്തോണി പിന്നീട് കപ്പൂച്ചിന്‍ സഭയില്‍ ചേര്‍ന്ന് ഫാ. ജോസഫ് മാന്നുള്ളില്‍ എന്ന വൈദികനായി. ഇദ്ദേഹമാണ് പിന്നീട് എല്ലാവരുടെയും പ്രിയപ്പെട്ട സൈക്കിളച്ചനായി മാറിയത്. സൈക്കിളച്ചന്‍റെ സൈക്കിള്‍ യാത്രാവിവരണങ്ങള്‍ പറയുന്നതില്‍ എല്ലാവര്‍ക്കും നൂറു നാവായിരുന്നു. അടുത്തുള്ള സ്ഥലങ്ങളില്‍ വീടു വെഞ്ചെരിക്കാനോ, പ്രാര്‍ത്ഥിക്കാനോ മാത്രമല്ലായിരുന്നു അച്ചന്‍ സൈക്കിള്‍ ഉപയോഗിച്ചിരുന്നത്, മറിച്ച് ദൂരയാത്രകള്‍ക്കും മറ്റ് വാഹനങ്ങളെ ആശ്രയിക്കാതെ പലപ്പോഴും അച്ചന്‍ തന്‍റെ സന്ന്യാസവസ്ത്രങ്ങളണിഞ്ഞ് ആ സൈക്കിളില്‍ പോകുമായിരുന്നത്രേ. മൈസൂറും പൊള്ളാച്ചിയിലും അച്ചനെ സൈക്കിളില്‍ കണ്ട ദൃക്സാക്ഷികളുടെ വിവരണം എന്നെയേറെ അമ്പരപ്പിച്ചു. ഞങ്ങളെ പഠിപ്പിച്ച ജെയ്സണ്‍ കാളനച്ചന്‍ ഒരിക്കല്‍ ഞങ്ങളോടു പറഞ്ഞിട്ടുണ്ട്, അച്ചന്‍ സുല്‍ത്താന്‍ബത്തേരിയിലെ സെമിനാരിയില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരിക്കല്‍ രാത്രിയില്‍  ചുരം കയറി സൈക്കിളില്‍ വന്ന ആ താടിക്കാരന്‍ സന്ന്യാസി അച്ചനെ ഇപ്പോഴും ഓര്‍ക്കുന്നുണ്ടെന്ന്. ജോസഫീന ടീച്ചറെ കണ്ട് സംസാരിച്ചപ്പോള്‍ പറഞ്ഞ അനുഭവം മറ്റൊന്നായിരുന്നു. ഒരിക്കല്‍ ബിസിനസ്സ് സംബന്ധമായി ഭര്‍ത്താവിനൊപ്പം തമിഴ്നാട്ടില്‍ പോയി തിരിച്ചുവരുന്ന സമയത്ത് തിരുമൂര്‍ത്തി ഡാം വഴി യാത്രചെയ്ത് ഉടുമല്‍പേട്ട് എത്താറായപ്പോള്‍ നല്ല മഴയത്ത് സൈക്കിളച്ചന്‍ സൈക്കിള്‍ ചവിട്ടി പോകുന്നതു കണ്ടു. ഉടനെ തന്നെ അവര്‍ കാര്‍ നിര്‍ത്തി അച്ചനെ വിളിച്ച് തല തുവര്‍ത്തിക്കൊടുത്തു.

അപ്പോള്‍ അച്ചന്‍ പറഞ്ഞു: "ഇതുകൊണ്ടൊന്നും കാര്യമില്ല. ഞാന്‍ പൊള്ളാച്ചിവരെ പോവുകയാണ്. ഈ  സൈക്കിളില്‍ തന്നെയാണ് പോകുന്നത്."

"അതെനിക്കു മനസ്സിലായി, സൈക്കിളിലാണ് യാത്രയെന്ന്. പക്ഷേ ആരെങ്കിലും ഈ മഴയത്ത് ഇങ്ങനെ സൈക്കിള്‍ ചവിട്ടുമോ?" ടീച്ചര്‍ ചോദിച്ചു.

"മോളെ... എനിക്ക് ഇവിടെ അടുത്ത് ഒരു കോളനിയില്‍ പോകേണ്ടി വന്നു. അവിടെയുള്ള പാവപ്പെട്ടവരെയും രോഗികളെയും കണ്ട് സംസാരിച്ചിരുന്ന് നേരം വൈകിയത് അറിഞ്ഞില്ല. ഇനി എനിക്ക് അധികസമയം വൈകിക്കൂടാ." എന്നു പറഞ്ഞ് അച്ചന്‍ ആ മഴയത്തുതന്നെ സൈക്കിള്‍ ചവിട്ടി യാത്ര തുടര്‍ന്നു.

ഹൃദയങ്ങളെ തൊടാനും ക്രിസ്തുവിന്‍റെ ജീവനിലേക്ക് നയിക്കാനും നയിക്കപ്പെടാനും സൈക്കിളച്ചന്‍ കണ്ടുപിടിച്ച ഇടുങ്ങിയ പാത ആ പഴയ സൈക്കിളാണ്. "ജീവനിലേക്കു നയിക്കുന്ന വാതില്‍ ഇടുങ്ങിയതും വഴി വീതി കുറഞ്ഞതുമാണ്. അതു കണ്ടെത്തുന്നവരോ ചുരുക്കം" (മത്താ. 7.14). സുഖമായി മറ്റു വാഹനങ്ങളില്‍ യാത്രചെയ്യുന്നതിനു പകരം വെയിലും മഴയും മോശം വഴിയിലൂടെയുള്ള യാത്രയും സഹിച്ച് അച്ചന്‍ സൈക്കിള്‍ ചവിട്ടി പോകുമ്പോള്‍ വി. ഫ്രാന്‍സിസ് അസ്സീസി പറഞ്ഞതുപോലെയുള്ള ഒരു സുവിശേഷപ്രസംഗമായിരുന്നില്ലേയിത്... വാക്കുകള്‍ ഉപയോഗിക്കാതെയുള്ള സുവിശേഷപ്രസംഗം. പുതിയ കാറും ബൈക്കുമൊക്കെയായി സുഖസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള വ്യഗ്രതയില്‍ നമ്മെത്തന്നെയൊന്ന് ചിന്തിപ്പിക്കുന്ന ചില ജീവിതസാക്ഷ്യങ്ങള്‍.

എന്തിനാണ് ഇത്ര കഷ്ടപ്പെട്ട് സൈക്കിളില്‍ മാത്രം അച്ചന്‍ യാത്രചെയ്തിരുന്നതെന്ന് ഞാന്‍ ജോസ് എടാട്ടുകാരന്‍ അച്ചനോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: സൈക്കിളിനോടുള്ള അമിതമായ താല്പര്യമോ, ആരോഗ്യം നിലനിര്‍ത്താനുള്ള ആഗ്രഹമോ കൊണ്ടായിരുന്നില്ല അച്ചന്‍ സൈക്കിള്‍ ഉപയോഗിച്ചിരുന്നത്. മറിച്ച് സൈക്കിളില്‍ യാത്രചെയ്യുമ്പോള്‍ ധാരാളം മനുഷ്യരെ കണ്ടുമുട്ടുവാനുള്ള അവസരമുണ്ടായിരുന്നതുകൊണ്ടാണ്. സൈക്കിളില്‍ യാത്ര ചെയ്യുമ്പോള്‍ ധാരാളം മനുഷ്യരെ കാണുവാനും ഒന്നു പുഞ്ചിരിക്കാനും സൈക്കിള്‍ നിര്‍ത്തി കുശലാന്വേഷണം നടത്താനും അതു സാഹചര്യം സൃഷ്ടിക്കുന്നു. ബൈക്കില്‍ യാത്ര ചെയ്താല്‍ അത് സാധിക്കില്ല. ദീര്‍ഘദൂരയാത്രകള്‍ ചെയ്യുമ്പോഴാകട്ടെ സൈക്കിളച്ചന്‍ വൈകുന്നേരം ആറു മണിവരെ മാത്രമേ സൈക്കിള്‍ ചവിട്ടുകയുള്ളൂ. എന്നിട്ട് അടുത്തുള്ള പള്ളികളിലോ വീടുകളിലോ അനുവാദം ചോദിച്ച് അവിടെ കിടക്കും. ഇതായിരുന്നു അച്ചന്‍റെ പതിവ്.

സൈക്കിളച്ചന്‍റെ ജീവിതത്തില്‍ സൈക്കിള്‍ വെറും യാത്രയ്ക്കുള്ള ഒരു ഉപാധി മാത്രമല്ലായിരുന്നു. അത് ജീവിതത്തില്‍ അച്ചന്‍ എടുത്ത നിലപാടുകൂടിയായിരുന്നു. ഫ്രാന്‍സിസ് പാപ്പാ പറയുന്നതുപോലെ "പാവങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഒരു സഭയെയല്ല ഞാന്‍ സ്വപ്നം കാണുന്നത്, മറിച്ച് പാവങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഒരു പാവപ്പെട്ട സഭയെയാണ് ഞാന്‍ സ്വപ്നം കാണുന്നത്" എന്നത് സ്വന്തം ജീവിതത്തില്‍ അനുഷ്ഠിച്ച വ്യക്തിയായിരുന്നു സൈക്കിളച്ചന്‍. ആഴ്ചയില്‍ രണ്ടുദിവസം രോഗികളെ സന്ദര്‍ശിക്കാനായി ജില്ലാ ആശുപത്രിയിലും   ജില്ലാ ആയൂര്‍വ്വേദ ആശുപത്രിയിലും പോയിരുന്ന  അച്ചന്‍ രോഗികളെ സന്ദര്‍ശിച്ച് അവരുടെ ആവശ്യങ്ങള്‍ നിറവേറ്റി കൊടുക്കുകയും അവര്‍ക്ക് കുമ്പസാരത്തിനുള്ള സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്തിരുന്നു. പാവങ്ങളെ സഹായിക്കുന്നതില്‍ പ്രത്യേകതാല്പര്യം എടുത്തിരുന്ന അച്ചന്‍റെ നല്ല മനസ്സിനെ ചിലപ്പോള്‍ മറ്റുള്ളവര്‍ ചൂഷണം ചെയ്യുമായിരുന്നു.

അച്ചന്‍റെ സഹായം ചോദിച്ചു വരുന്ന ചിലര്‍ അച്ചനെ പറ്റിക്കുകയാണ് എന്നു പറഞ്ഞവരോട് അദ്ദേഹം പറഞ്ഞു: "വരുന്നവരുടെ ഉദ്ദേശശുദ്ധിയെക്കുറിച്ച് പരിശോധിക്കാന്‍ ഞാനൊരു പോലീസുകാരനല്ല, ഞാനൊരു വൈദികനാണ്. എന്നെ പറ്റിക്കും എന്നു സംശയം വെച്ച് അര്‍ഹതപ്പെട്ട ആര്‍ക്കെങ്കിലും സഹായം നിരസിക്കുന്നതിന് ഇടയാക്കുന്നതിനേക്കാള്‍ ഭേദം മറ്റുള്ളവര്‍ എന്നെ പറ്റിക്കുന്നതാണ്." അതുകൊണ്ട് തന്നോടു സഹായം ചോദിച്ചെത്തുന്ന എല്ലാവരെയും തന്നാലാവും വിധം സഹായിച്ചിരുന്നു. ആരെക്കുറിച്ചും എന്തെങ്കിലും കുറ്റം പറയുക, ട്രോള്‍ ഇറക്കുക എന്നിവയൊക്കെ പതിവാക്കിയിരിക്കുന്ന ഇന്നത്തെ സമൂഹത്തില്‍, 'വിധിക്കരുത്' എന്ന് വചനത്തില്‍ പറയുന്നതുപോലെ തന്നെ സ്വജീവിതം ജീവിച്ചുകാണിച്ച ഇദ്ദേഹത്തെപ്പോലുള്ള വ്യക്തികള്‍ വളരെ ചുരുക്കമായിരിക്കും.

പാവങ്ങളെ സഹായിക്കുക, അവരോടൊപ്പമായിരിക്കുക എന്നത് അച്ചന്‍റെ ജീവിതനിലപാടായിരുന്നു. ഒരിക്കല്‍ പാവപ്പെട്ട ഒരു മനുഷ്യന്‍ സൈക്കിളച്ചനോട് പറഞ്ഞു: "തന്നെ ഒരാള്‍ കള്ളക്കേസില്‍ കുടുക്കി. അദ്ദേഹത്തിനു തുടര്‍ച്ചയായി പോലീസ് സ്റ്റേഷനില്‍ പോകേണ്ടി വന്നു. തനിക്ക് ഒറ്റയ്ക്കു പോയി അധികാരികളെ ബോദ്ധ്യപ്പെടുത്താന്‍ സാധിക്കില്ല. തന്നെ സഹായിക്കാന്‍ ആരുമില്ല." ഇതു കേട്ടപ്പോള്‍ അച്ചന്‍തന്നെ കൂടെ പോവുകയും ആ കേസ് അവസാനിക്കുന്നതു വരെ മണിക്കൂറുകള്‍ ആ മനുഷ്യന്‍റെ കൂടെ നില്‍ക്കുകയും ചെയ്തു. പാവങ്ങളുടെ പക്ഷം ചേരുകയെന്നത് അച്ചന്‍റെ ജീവിതചര്യയായി മാറിയിരുന്നു.

എല്ലാവര്‍ക്കും പ്രാപ്യമായിരിക്കുക എന്നത് സൈക്കിളച്ചന്‍റെ ഒരു പ്രത്യേകതയായിരുന്നു. ഏതൊരു പാവപ്പെട്ട വ്യക്തിയെയും വളരെ ആദരവോടും ബഹുമാനത്തോടും കാണുമായിരുന്നു. അവര്‍ക്കുവേണ്ടി എത്രസമയം ചെലവഴിക്കാനും സൈക്കിളച്ചന്‍ തയ്യാറായിരുന്നു; പ്രത്യേകിച്ച് കുമ്പസാരത്തിനുവേണ്ടി. ചുങ്കക്കാരെയും പാപികളെയും വിജാതീയരെയും സമൂഹത്തിലെ അവഗണിക്കപ്പെട്ടവരെയും തന്‍റെ സ്നേഹവലയത്തില്‍ ചേര്‍ത്തുനിര്‍ത്തിയ യേശുവിന്‍റെ മനോഭാവം തന്നെയല്ലിത്.   ആശ്രമത്തില്‍ കുമ്പസാരിക്കാന്‍ വരുന്നവരെ കുമ്പസാരത്തിനായി ഒരുക്കി അവരുടെ പാപസങ്കീര്‍ത്തനം കേള്‍ക്കാന്‍ മണിക്കൂറുകള്‍ ചെലവഴിക്കുമായിരുന്നു. മറ്റ് പള്ളികളില്‍ കുമ്പസാരിപ്പിക്കാന്‍ പോകുമ്പോഴാകട്ടെ ഒരുപാട് സമയമെടുത്ത് കുമ്പസാരിപ്പിക്കുന്ന അച്ചനെപ്പറ്റി ചിലപ്പോള്‍ വികാരിയച്ചന്മാര്‍ പരാതിപ്പെടാറുണ്ടായിരുന്നു. എങ്കിലും സൈക്കിളച്ചന്‍ അതിലൊന്നും തളരാതെ എത്ര സമയം വേണമെങ്കിലും കുമ്പസാരത്തിന് ഇരിക്കാന്‍ തയ്യാറായിരുന്നു. മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ പല വീടുകളില്‍ പോയിരുന്ന അച്ചന്‍ ചിലപ്പോള്‍ രാത്രിയിലാണ് ആശ്രമത്തില്‍ തിരിച്ചെത്തുക. എങ്കിലും ഒരുപാട് സമയമെടുത്ത് രാത്രി മുഴുവന്‍ പ്രാര്‍ത്ഥിച്ച് രാവിലെ മറ്റ് അച്ചന്മാര്‍ എഴുന്നേല്ക്കുന്ന സമയത്ത് ചാപ്പലില്‍ നിന്ന് മുറിയിലേക്ക് മടങ്ങിപ്പോകുന്നത് പല തവണ കണ്ടിട്ടുണ്ടെന്ന് ബെന്നി പീറ്റര്‍ അച്ചന്‍ വിവരിച്ചു.

ഏതൊരു മനുഷ്യനെ സംബന്ധിച്ചും അവന്‍റെ ജീവിതവിജയം അളക്കപ്പെടുന്നത് അവന്‍റെ മരണശേഷമാണ്. ബഞ്ചമിന്‍ ഫ്രാങ്ക്ളിന്‍ പറയുന്നതുപോലെ, "മരിച്ചയുടനെ നിങ്ങള്‍ മറക്കപ്പെടാതിരിക്കാന്‍ ഒന്നുകില്‍ വായിക്കാന്‍ കൊള്ളാവുന്ന വല്ലതും എഴുതുക. അല്ലെങ്കില്‍ എഴുതാന്‍ കൊള്ളാവുന്നവ പ്രവര്‍ത്തിക്കുക." മരിച്ചിട്ട് പതിനേഴ് വര്‍ഷങ്ങള്‍ക്കുശേഷവും മനുഷ്യമനസ്സുകളില്‍ ഇന്നും നിറംകെട്ട് പോകാതെ നില്‍ക്കുന്ന അച്ചനെക്കുറിച്ചുള്ള ജീവിതസാക്ഷ്യങ്ങള്‍ സൈക്കിളച്ചന്‍റെ മഹത്വം വിളിച്ചറിയിക്കുന്നു. 2005 ജൂലൈ 9ന് സൈക്കിളച്ചന്‍ മരിച്ചപ്പോള്‍ ഒരു പത്രത്തിലെ തലക്കെട്ട് ഇപ്രകാരമായിരുന്നു, "സൈക്കിളില്ലാത്ത ലോകത്തേയ്ക്ക് സൈക്കിളച്ചന്‍." പക്ഷേ സൈക്കിള്‍ ഓടിച്ച് ക്രിസ്തുവിന്‍റെ സുഗന്ധം മനുഷ്യഹൃദയങ്ങളിലേക്ക് എത്തിക്കുവാന്‍ സൈക്കിളച്ചന് സാധിച്ചുവെന്ന് നിസ്സംശയം പറയാം. ഇനിയും ഇതുപോലെ ധാരാളം നറുപുഷ്പങ്ങള്‍ കപ്പൂച്ചിന്‍ ആശ്രമത്തില്‍ വിരിയട്ടെ എന്ന് ആഗ്രഹിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു.

You can share this post!

സാഹസം

സഖേര്‍
അടുത്ത രചന

സോഷ്യല്‍ മീഡിയ അഡിക്ഷന്‍

ഡോ. അരുണ്‍ ഉമ്മന്‍
Related Posts