news-details
അക്ഷരം

കവിതയുടെ വഴികള്‍

"തേഞ്ഞതും മൂര്‍ച്ച മങ്ങിയതും
വിയര്‍പ്പ് വീണതുമായ ഭാഷ.
തിരുത്തിയാലോ മിനുക്കിയാലോ ചോര നീറും
കുഞ്ഞുങ്ങളുടെ നിഷ്കളങ്കത കൊണ്ടുവേണം
ഭാഷയെ തൊടാന്‍."
എന്നു വിശ്വസിക്കുന്ന കവിയാണ് പ്രഭാ സക്കറിയാസ്. സാധാരണത്വങ്ങളില്‍ നിന്ന് അസാധാരണമായ ദര്‍ശനങ്ങള്‍ രൂപപ്പെടുത്തുന്നു ഈ കവി. 'വണക്കമാസകാലത്തെ ഒരു പശുപ്പിറവി രാത്രി' എന്ന കവിതാപുസ്തകത്തിലെ കവിതകള്‍ അതിനു നിദര്‍ശനങ്ങളാണ്. "എനിക്കു പരിചയമുള്ള, എനിക്കു ചുറ്റും ഞാന്‍ കാണുന്ന ലോകവും പരിസരവും എഴുത്തില്‍ അടയാളപ്പെടുത്തുക എന്നതാണ് കവിതയില്‍ ഞാന്‍ ചെയ്യാന്‍ ശ്രമിക്കുന്നത്" എന്ന് പ്രഭാ സക്കറിയാസ് സൂചിപ്പിക്കുന്നു. തന്‍റെ ജീവിതപരിസരങ്ങളില്‍നിന്ന് കണ്ടെത്തുന്ന ചെറുതും വലുതുമായ അനുഭവങ്ങളില്‍നിന്ന് പുതിയ ആകാശങ്ങളിലേക്ക് എത്തിനോക്കാന്‍ പ്രേരിപ്പിക്കുകയാണ് കവി. 'വണക്കമാസകാലത്തെ ഒരു പശുപ്പിറവി രാത്രി' എന്ന  കവിത വീട്ടിലെ പശു പ്രസവിക്കുന്നതുമായി ബന്ധപ്പെട്ട കവിതയാണ്. എല്ലാ സ്ത്രീകളും ചുറ്റും കൂടിയിരിക്കുന്നു. അവര്‍ സ്വന്തം പ്രസവവേദന അപ്പോള്‍ അനുഭവിക്കുകയാണ്. പശുവിന്‍റെ വേദന തങ്ങളുടെ വേദനയായി സ്ത്രീകള്‍ ഏറ്റെടുക്കുന്നു.

"നോവിന്‍റെ പടിക്കെട്ടുകളിറങ്ങിയ
ഓര്‍മ്മയറകളില്‍
ലേബര്‍റൂമുകളില്‍
നൈറ്റികളില്‍
പിന്നിമടക്കിക്കെട്ടിയ മുടിയി-
ലുലാത്തലില്‍
നോവിന്‍റെ പാരമ്യങ്ങളുയര്‍ച്ച താഴ്ചയില്‍
ബോധമബോധനിമിഷാര്‍ദ്ധ നിര്‍വൃതികളില്‍
തൊണ്ടകാറുന്ന നിലവിളിയോര്‍മ്മകളില്‍
പശുവും പെണ്ണുങ്ങളും" എന്നു പറയുമ്പോള്‍ കവി പശുവിനെയും സ്ത്രീകളെയും ഒന്നിപ്പിക്കുന്നു. കൂടിനില്‍ക്കുന്ന സ്ത്രീകളുടെയെല്ലാം ഓര്‍മ്മകളില്‍ ഈ നോവുണ്ട്. അതില്‍നിന്നാണ് പുതിയ തലമുറയുടെ പിറവി. സ്ത്രീയെന്നോ പശുവെന്നോ ഉള്ള വേര്‍തിരിവ് ഇവിടില്ല.

ചില ഭീതികള്‍ ഈ കവിയെ തീണ്ടിയിട്ടുണ്ട്. ഏതൊരു സ്ത്രീയുടെയും ഭീതികൂടിയായി അത് പലപ്പോഴും മാറുന്നു.

"നടന്നുപോകുമ്പോള്‍ പെട്ടെന്ന് വഴി
തീര്‍ന്നുപോവുകയാണെന്നു കരുതുക
നിങ്ങള്‍ എന്തുചെയ്യും എന്നാണെന്‍റെ ചോദ്യം"
എന്ന് ഒരു കവിതയില്‍ ആരായുന്നു. സ്ത്രീയുടെ യാത്രയില്‍ ചിലപ്പോഴെങ്കിലും വഴികള്‍ തീര്‍ന്നുപോകുന്ന അനുഭവങ്ങളുണ്ടാകാം. പല തരത്തിലുള്ള ഭീതികള്‍ അവളെ ചൂഴ്ന്നുനില്ക്കുന്നു. നമുക്കുചുറ്റും അതിന് ഉദാഹരണങ്ങളുമുണ്ട്. സുതാര്യമായ വഴികള്‍, അവസാനിക്കാത്ത വഴികള്‍ സ്ത്രീകളുടെ മുന്നില്‍ തുറക്കപ്പെടുന്ന കാലമാണ് കവിയുടെ കിനാവിലുള്ളത്. തടവിലിട്ട സ്വപ്നങ്ങളെ മോചിപ്പിക്കുന്ന കാലവും മുന്നില്‍ കാണുന്നുണ്ട്.
അടുക്കളയും വീടിന്‍റെ പരിസരവുമെല്ലാം പ്രഭാ സക്കറിയാസിന്‍റെ കവിതകളില്‍ ദൈവാനുഭവമാണ്. ദോശ ചുടുന്നതും എന്നും ചെയ്യുന്ന മറ്റു പ്രവൃത്തികളും കവിതയില്‍ ദൃശ്യാനുഭവവും ശ്രവണാനുഭവവുമാകുന്നു. സാധാരണത്വത്തിന്‍റെ നിറങ്ങള്‍, ശബ്ദങ്ങള്‍, ഗന്ധങ്ങള്‍ വന്നു നിറയുന്നു. അതില്‍ നിന്ന് അസാധാരണമായ ചില ദര്‍ശനങ്ങളിലേക്ക് നമ്മെ നയിക്കുന്നു.

'ഉണരുമ്പോള്‍ തനിച്ചല്ല' എന്ന വിശ്വാസമാണ് കവിയെ മുന്നോട്ടു നയിക്കുന്നത്. എവിടെയോ ആരോ കാത്തിരിക്കുന്നു. തന്‍റെ കര്‍മ്മങ്ങള്‍ക്കര്‍ത്ഥം ലഭിക്കുന്നു. ഈ പ്രതീക്ഷയില്ലെങ്കില്‍ ജീവിതം അസുന്ദരമാകും. ചെയ്യുന്ന പ്രവൃത്തികള്‍ നിരര്‍ത്ഥകമാകും. ജീവിതത്തെ പ്രകാശവത്താക്കുന്ന ഇത്തരം ചെറിയ പ്രതീക്ഷകള്‍ കവിതകളെ ലാവണ്യമണിയിക്കുന്നു.
"ആകാശം നോക്കിടുന്ന ഒരു രാത്രി ഒരമ്മ
കുഞ്ഞിനോട് പറഞ്ഞു,
അത് ആകാശമാണ്. കണ്ട് കണ്ണുനിറയ്ക്കുക.
അത് അനന്തതയാണ്. ജീവിച്ചുകൊണ്ടേയിരിക്കുക.
അത് സ്നേഹമാണ്. അത് മാത്രം വറ്റില്ല.
ആകാശം അമ്മയാണ്.
അതിനെ പെയ്യാന്‍ വിടുക.
നിറയാന്‍ വിടുക."
ഈ സന്ദേശമാണ് കുട്ടി ഉള്‍ക്കൊള്ളേണ്ടത്. വളരാനും നിറയാനുമാണ് ഓരോ കുഞ്ഞും മുതിരേണ്ടത്. അവര്‍ ആകാശത്തെ സ്വപ്നം കാണട്ടെ. നമ്മുടെ ചെറിയ ലോകമല്ല അവര്‍ക്കു മുന്നിലുള്ളത്. കണ്ണു തുറന്നു കാഴ്ചകള്‍ കാണാം. അടച്ചുപിടിച്ചും കാണാം. അകക്കണ്ണ് ദീപ്തമായിരിക്കണം എന്നുതന്നെയാണ് കവി പറയുന്നത്.

പലതും അനധികൃതമാകുന്ന കാലത്താണ് നാം ജീവിക്കുന്നത്. അധികാരം നമ്മില്‍നിന്ന് ചിലതെല്ലാം കവര്‍ന്നെടുക്കുന്നു. നമ്മുടെ ആകാശം ചെറുതാക്കാനാണ് അധികാരവും സങ്കുചിതചിന്തകളുമെല്ലാം ശ്രമിക്കുന്നത്.
"വേദനയില്ലാത്ത ചില ശസ്ത്രക്രിയകളുണ്ട്
മുഖത്തുനിന്നും ചിരി എടുത്തുകളയുക,
ഉറക്കത്തില്‍നിന്നും സ്വപ്നങ്ങള്‍ എടുത്തുകളയുക
എന്നിങ്ങനെ" എന്ന നിരീക്ഷണം എത്ര ശരിയാണ്. സന്തോഷത്തിന്‍റെ നിമിഷങ്ങളെ നമ്മില്‍നിന്ന് എടുത്തുകളയുന്ന ശക്തികള്‍ ചുറ്റുമുണ്ട്. പുഞ്ചിരിയെയും സ്വപ്നങ്ങളെയും എടുത്തുകളയുന്ന തമഃശക്തികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നുകൂടിയാണ് കവി സൂചിപ്പിക്കുന്നത്.

'ഒരിലകൊഴിയുന്നതിന്‍റെ നിശ്ശബ്ദത' ഈ കവി അറിയുന്നു. 'ഒരു കുഞ്ഞുപൂവ് പ്രസവിക്കുന്നതാണീ മുഴുവന്‍ വസന്തത്തെ' എന്നു പറയുമ്പോള്‍ ചെറുതില്‍ നിന്ന് വിടരുന്ന വലിയ വസന്തങ്ങളെ അടയാളപ്പെടുത്തുകയാണ്. നഗരത്തിന്‍റെയും ഗ്രാമത്തിന്‍റെയും അനുഭവങ്ങള്‍ വ്യത്യസ്തമാണെന്ന് കവി കാണിച്ചുതരുന്നു. എല്ലാ അനുഭവങ്ങള്‍ക്കും പ്രാധാന്യമുണ്ട്. കണിശമായി ജീവിക്കുന്ന നഗരത്തില്‍ 'എല്ലാ ഞായറാഴ്ചയും പ്രാവിന്‍കാഷ്ഠം മണക്കുന്ന കുര്‍ബാനകള്‍ നടക്കുന്നുണ്ടാവും' എന്ന് കവി പറയുന്നു.

"ഈ നഗരം എന്തൊരു ആഴം,
ഞാന്‍ ഇതില്‍ മുങ്ങിമരിക്കുകയാണ്." അങ്ങനെ നഗരത്തില്‍ മുങ്ങിമരിക്കുന്ന മനുഷ്യന്‍റെ ചിത്രമാണിത്.

"പൊള്ളിക്കുന്ന ഓര്‍മ്മകളുടെ വലയും, ഹൃദയത്തില്‍ ഇഴപൊട്ടി അകലുന്ന നൂലും, തപിച്ചു കിടക്കുന്ന ഗദ്ഗദവും, പേടികൊണ്ട് പിറക്കാന്‍ മടിക്കുന്ന കുഞ്ഞും, ഓടിട്ട വീടിന്‍റെ ഒരുപാട് സാധ്യതകളും, ചിതലെടുത്ത മാന്ത്രികവടിയും എല്ലാം പ്രഭാ സക്കറിയാസിന്‍റെ കവിതകളിലുണ്ട്. ഈ കവിതകള്‍ ചില സൂക്ഷ്മചിത്രങ്ങള്‍ വരച്ചിടുന്നു.

(വണക്കമാസകാലത്തെ ഒരു പശുപ്പിറവി രാത്രി- പ്രഭാ സക്കറിയാസ് - വീ. സീ. ബുക്സ്).    

You can share this post!

മാനം തൊട്ട മണ്ണ്

ഡോ. റോയി തോമസ്
അടുത്ത രചന

സര്‍ഗോന്മാദം

ഡോ. റോയി തോമസ്
Related Posts