news-details
മറ്റുലേഖനങ്ങൾ

സഹയാത്ര

യേശുവിന്‍റെ  കൂടെ നടന്നവരായ ശിഷ്യന്മാരില്‍ നിന്നും യേശുവിന്‍റെ കൂടെ നടക്കുന്നവരായി കരുതപ്പെടുന്ന നമ്മിലേക്ക് ഒരു ധ്യാനം ആവശ്യമായി വരുന്നു. അപ്പോള്‍ സംഗതി അല്പം കൂടെ ഗൗരവമുള്ളതായിത്തീരുന്നു. കാരണം ഈ സഹയാത്ര അത്രമേല്‍ സുഗമമല്ല. ചിലര്‍ മീന്‍ പിടിച്ചുകൊണ്ടിരുന്നപ്പോഴാണ് അവന്‍ അരികിലെത്തിയത്. ചിലരാകട്ടെ വല നന്നാക്കുകയായിരുന്നു. ഒരുവന്‍ ചുങ്കപ്പിരിവിലായിരുന്നു. അവരുടെ വാഗ്വാദങ്ങള്‍ക്കിടയില്‍ അവനുണ്ട്. അത്താഴത്തിലൊപ്പമുണ്ട്. സങ്കടങ്ങളില്‍ ചാരെയുണ്ട്. ഒരസുലഭ ഭാഗ്യമാണവരുടേത്. ലൂക്കോസ് എഴുതിയത് നോക്കുക. പിന്നെ, യേശു ശിഷ്യന്മാരുടെ  നേരെ തിരിഞ്ഞു. 'നിങ്ങള്‍ കാണുന്നതിനെ കാണുന്ന കണ്ണ് ഭാഗ്യമുള്ളത്. നിങ്ങള്‍ കാണുന്നതിനെ കാണ്മാന്‍ ഏറിയ പ്രവാചകന്മാരും രാജാക്കന്മാരും ഇച്ഛിച്ചിട്ട് കണ്ടില്ല. നിങ്ങള്‍ കേള്‍ക്കുന്നതിനെ കേള്‍പ്പാന്‍ ഇച്ഛിച്ചിട്ടും കേട്ടില്ല എന്ന് ഞാന്‍ നിങ്ങളോട് പറയുന്നു' എന്ന് പ്രത്യേകം പറഞ്ഞു. സത്യമായും എന്തൊരു  ഭാഗ്യമാണവരുടേത്. കൂടെ എപ്പോഴും ക്രിസ്തു ഉണ്ടാവുക. ദാ, പിന്നെയും അങ്ങനെ പറയുമ്പോള്‍ ഒരു വല്ലാത്ത ഉള്‍ക്കിടിലം. കൂടെ എപ്പോഴും ക്രിസ്തുവുണ്ടാകുക അത്ര നല്ലതാവുമോ? നമ്മുടെ വ്യവഹാരങ്ങളിലെല്ലാം അവന്‍റെ സാന്നിദ്ധ്യമുണ്ടാവുന്നത് അത്ര മെച്ചപ്പെട്ട ഒരു സാധ്യതയാണോ? ഹൃദയം നുറുങ്ങുമ്പോള്‍ അവന്‍ സമീപസ്ഥനാവുന്നതില്‍ തെറ്റില്ല. എന്നാല്‍ നമ്മുടെ നേരംപോക്കുകള്‍ക്കിടയില്‍, അവിശ്വസ്തതകള്‍ക്കിടയില്‍, ഏഷണികള്‍ക്കിടയില്‍, ലഹരികള്‍ക്കിടയില്‍ എന്തിന് സ്വകാര്യ ചാറ്റുകളില്‍ പോലും എങ്ങനെ യേശുവിനെ കൂടെ കൂട്ടാനാവും. അത്തരം എത്രയിടങ്ങളില്‍ നാമവനെ  നൈസായിട്ട് ~ഒഴിവാക്കിയിട്ടുണ്ട് സഖേ! എന്നിട്ടും അവന്‍ കൂടെയിരുന്ന് നടത്തുന്ന വഴികളോര്‍ത്താല്‍ അറിയാതെ കണ്ണ് നിറയില്ലേ ? എത്രയോ ആപത്തുകള്‍ നാമറിയാതെ മാറിപ്പോയിട്ടുണ്ടാവും? നൊമ്പരങ്ങളില്‍ ബലമായിരുന്നിട്ടില്ലേ? ഇന്നോളമിങ്ങനെ താങ്ങി നടത്തുന്നില്ലേ? അവന്‍റെ വീര്യപ്രവൃത്തികള്‍ നമ്മുടെ ജീവിതനിമിഷങ്ങളില്‍ നിന്നു മാത്രം ഓര്‍ത്തെടുത്താലെത്രയധികമാണ്. പക്ഷെ, നമ്മെ ഭാരപ്പെടുത്തുന്ന ഒരു തിരുവചനമുണ്ട്. അവന്‍റെ ആളുകള്‍ എന്ന് നടിക്കുന്ന നമ്മെക്കുറിച്ചു കൂടെയുള്ള തമ്പുരാന്‍റെ ഒരു കുഞ്ഞുസങ്കടമാണ്. മത്തായി അത് കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്.  "പിന്നെ അവന്‍ തന്‍റെ വീര്യപ്രവൃത്തികള്‍ മിക്കതും നടന്ന പട്ടണങ്ങള്‍ മാനസാന്തരപ്പെടായ്കയാല്‍ അവയെ ശാസിച്ചുതുടങ്ങി. കോരസീനേ, നിനക്ക് ഹാ കഷ്ടം: ബേത്ത് സയിദേ, നിനക്ക് ഹാ കഷ്ടം: നിങ്ങളില്‍ നടന്ന വീര്യപ്രവൃത്തികള്‍ ടയിറിലും സീദോനിലും നടന്നിരുന്നെങ്കില്‍ അവര്‍ പണ്ടു തന്നേ ചാക്കുടുത്തു ചാരം പൂശി അനുതപിക്കുമായിരുന്നു! എന്നാല്‍ ന്യായവിധി ദിവസത്തില്‍ ടയിറിനും സീദോനും നിങ്ങളെക്കാള്‍ ആശ്വാസമുണ്ടാകുമെന്നു ഞാന്‍ നിങ്ങളോടു പറയുന്നു.

ഭയം കലര്‍ന്നൊരു വ്യസനം ഉള്ളില്‍ ഏറുന്നു. തീനിയും കുടിയനുമായ മനുഷ്യന്‍ ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതന്‍ എന്ന പേരുദോഷം അവനേറ്റത് നമ്മോടൊപ്പം നടക്കാനായിരുന്നു. മനുഷ്യപുത്രന്‍ കൂടെ നടക്കുന്നുണ്ട് സഖേ, പാപികളായ നമുക്കൊപ്പവും. മറക്കരുത്!

You can share this post!

സോഷ്യല്‍ മീഡിയ അഡിക്ഷന്‍

ഡോ. അരുണ്‍ ഉമ്മന്‍
അടുത്ത രചന

ഒറ്റപ്പന

ഫാ. ഷാജി സി. എം. ഐ.
Related Posts