news-details
മറ്റുലേഖനങ്ങൾ

ഫ്രാന്‍സിസിനെ വിശുദ്ധിയിലേക്ക് നയിച്ച സ്ത്രീകൾ

ഫ്രാന്‍സിസ്, തന്‍റെ കാലഘട്ടത്തിലെ എല്ലാവരെയുംപോലെ അടിച്ചുപൊളിച്ചു നടന്നിരുന്നു. എന്നാല്‍ അത് ഇരുപത്തിനാലാം വയസ്സുവരെ മാത്രമാണെന്ന് തോമസ് സെലാനോ രേഖപ്പെടുത്തുന്നു. പുരുഷന്മാരും സ്ത്രീകളുമടങ്ങുന്ന ഒരു വലിയ സുഹൃദ്വലയം തന്നെ ഫ്രാന്‍സിസിനുണ്ടായിരുന്നു എന്നു വേണം അനുമാനിക്കാന്‍. എന്നാല്‍ ക്രിസ്തീയാനുഭവത്തിലേക്കും ക്രിസ്ത്വാനുകരണത്തിലേക്കും വന്ന നാള്‍മുതല്‍ ഫ്രാന്‍സിസിനെ അറിയുന്ന സ്ത്രീകള്‍ ഒരുപാടുണ്ടായിരുന്നെങ്കിലും ഫ്രാന്‍സിസ് അറിയുന്നവര്‍ നന്നേ കുറവായിരുന്നു. കുറച്ചുപേരെ നമുക്ക് ഇവിടെ പരിചയപ്പെടാം. അതില്‍ ക്ലാരയെയും ഫ്രാന്‍സിസിന്‍റെ അമ്മയായ ലേഡി പീക്കായെയും നമ്മള്‍ ഇവിടെ മാറ്റിവയ്ക്കുകയാണ്. അതു മറ്റൊരു ലക്കത്തിലാവട്ടെ.

സോദരീ മരണം

മാനസാന്തരത്തിന്‍റെ നാളുകള്‍ മുതല്‍ മരണംവരെ രോഗത്തിലും ആരോഗ്യത്തിലും അനുഗൃഹീതനായ ഫ്രാന്‍സിസ് കര്‍ത്താവിന്‍റെ ഇഷ്ടം നിറവേറ്റാനായി അത്യന്തം ഉത്സാഹം കാണിച്ചിരുന്നു എന്നു നമുക്കറിയാം. രോഗക്ലേശങ്ങളാല്‍ വലയുന്നുണ്ടായിരുന്നെങ്കിലും ഫ്രാന്‍സിസ് ആത്മശരീരങ്ങളില്‍ വലിയ ആനന്ദത്തോടെ ഉച്ചത്തില്‍ കര്‍ത്താവിനെ സ്തുതിച്ചിരുന്നു. ഫ്രാന്‍സിസ് തന്‍റെ സഹോദരന്മാരോട് പറഞ്ഞു, ഞാന്‍ ഉടനെ മരിക്കുകയാണെങ്കില്‍ സഹോദരന്‍ ആഞ്ചലോയെയും ലിയോയെയും വിളിച്ച് സോദരി മരണത്തെക്കുറിച്ച് സ്തുതിച്ചു പാടാന്‍ ആഹ്വാനം ചെയ്യണം. അവര്‍ രണ്ടുപേരും എത്തി നിറകണ്ണുകളോടെ സൂര്യകീര്‍ത്തനം ആലപിച്ചു. അതില്‍ പല സ്ഥലങ്ങളിലും പലതിനെയും ഫ്രാന്‍സിസ് 'സോദരി' എന്നാണ് അഭിസംബോധന ചെയ്തിട്ടുള്ളത്. പ്രസ്തുത കീര്‍ത്തനം ദൈവഹിതത്തിനായും തന്‍റെയും മറ്റുള്ളവരുടെയും ആത്മാക്കളുടെ ആശ്വാസത്തിനായും രോഗാവസ്ഥയിലായിരുന്ന ഫ്രാന്‍സിസ് തന്നെ രചിച്ചതായിരിക്കണം. അതിനായി ഒരു സെക്രട്ടറിയെ ഉപയോഗിച്ചിട്ടുമുണ്ടാകാം. സൂര്യകീര്‍ത്തനത്തില്‍ അവസാനത്തെ പാദത്തിനു മുന്‍പായി സോദരി മരണത്തെക്കുറിച്ചുള്ള വരികള്‍ ഇങ്ങനെയാണ്.

"എന്‍റെ കര്‍ത്താവേ, ഞങ്ങളുടെ സോദരിയായ ശാരീരിക മരണത്താല്‍ അങ്ങ് സ്തുതിക്കപ്പെടട്ടെ.

ജീവിക്കുന്ന ഒരു മര്‍ത്യനും അവളില്‍നിന്ന് രക്ഷപ്പെടാന്‍ സാധ്യമല്ല.

മാരകപാപങ്ങള്‍ വഹിക്കുന്നവര്‍ക്ക് ഹാ കഷ്ടം!

അങ്ങയുടെ തിരുച്ചിത്തം നിറവേറ്റിക്കൊണ്ട് മരണത്തെ കണ്ടെത്തുന്നവര്‍ ഭാഗ്യവാന്മാരാകുന്നു. എന്തെന്നാല്‍ രണ്ടാമത്തെ മരണം അവര്‍ക്ക് ഒരു ഉപദ്രവവും ഏല്പിക്കുന്നില്ല."

അസ്സീസിയില്‍ നിന്ന് ജോണ്‍ജോവാനി (നല്ലവനായ ജോണ്‍ എന്നര്‍ത്ഥം) എന്നു പേരായ ഒരു വൈദ്യന്‍ ഫ്രാന്‍സിസിനെ കാണുവാനായി അരമനയില്‍ വന്നു. അദ്ദേഹം ഫ്രാന്‍സിസിന്‍റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരനായിരുന്നു. ഫ്രാന്‍സിസ് അദ്ദേഹത്തോടു ചോദിച്ചു. "ജോണ്‍, എന്‍റെ ആരോഗ്യത്തെപറ്റി അങ്ങ് എന്തു വിചാരിക്കുന്നു?"

"ദൈവാനുഗ്രഹത്താല്‍ എല്ലാം ശരിയാകും." വൈദ്യന്‍ പറഞ്ഞു. ഫ്രാന്‍സിസ് ഉടന്‍തന്നെ മരിക്കുമെന്ന് പറയാന്‍ അദ്ദേഹം ആഗ്രഹിച്ചില്ല.

"സഹോദരാ, സത്യം തുറന്നു പറയണം. ലക്ഷണങ്ങള്‍ കണ്ടിട്ട് എന്തു തോന്നുന്നു? പേടിക്കേണ്ട, എന്തെന്നാല്‍ മരണത്തെ ഭയപ്പെടുന്ന ഒരു ഭീരുവല്ല ഞാന്‍. ദൈവകൃപയാല്‍ കര്‍ത്താവ് എന്നെ അവിടുത്തോട് ഗാഢമായി ഐക്യപ്പെടുത്തിയിരിക്കുന്നു. അതിനാല്‍ ജീവിച്ചാലോ മരിച്ചാലോ എനിക്കു സന്തോഷമാണ്." അനുഗൃഹീതനായ ഫ്രാന്‍സിസ് പറഞ്ഞു.

"ഞങ്ങളുടെ വൈദ്യശാസ്ത്രം അനുസരിച്ച് ഈ അസുഖം സുഖപ്പെടുത്താവുന്ന ഒന്നല്ല." വൈദ്യന്‍ പറഞ്ഞു.

അവശനായിരുന്ന ഫ്രാന്‍സിസ് സ്വര്‍ഗ്ഗത്തിലേക്കു കൈകള്‍ ഉയര്‍ത്തി വലിയ ഭക്ത്യാദരങ്ങളോടെ ഇങ്ങനെ വിളിച്ചു പറഞ്ഞുവത്രേ, "സോദരി, മരണമെ, സ്വാഗതം." അദ്ദേഹത്തിന്‍റെ ജീവിതവും ശരീരവും ആത്മാവും സന്തോഷത്തില്‍ ആഴ്ന്നിറങ്ങിയിരുന്നു.

"സോദരീ മരണമെ" എന്ന് ഫ്രാന്‍സിസ് വിളിക്കുന്നതില്‍ നിന്ന് എന്താണ് നമ്മള്‍ പഠിക്കുന്നത്. ഒരിക്കല്‍ ഒരു ധ്യാനഗുരു ചോദിച്ചു, "സ്വര്‍ഗ്ഗത്തില്‍ ആര്‍ക്കെല്ലാം പോകണം?" എല്ലാവരും കൈ പൊക്കി. അല്പസമയം കഴിഞ്ഞ് അദ്ദേഹം വീണ്ടും ചോദിച്ചു, "ഇപ്പോള്‍ ആര്‍ക്കെല്ലാം സ്വര്‍ഗ്ഗത്തില്‍ പോകണം?" ആരും കൈപൊക്കിയില്ല. അത് ഭൂമിയില്‍ ഇനിയും ഉണ്ടാകണമെന്ന് അവര്‍ ആഗ്രഹിക്കുന്നതുകൊണ്ടോ, ഈ പ്രായത്തിലിത്ര പെട്ടെന്നു പോകണമെന്ന ഭയം കൊണ്ടോ ആണോ, അറിയില്ല. എന്തുതന്നെയായാലും സുനിശ്ചിതമായ ഒരു വസ്തുതയാണ് മരണം. അത് ഒരു സോദരിയാണ്. അവള്‍ തീര്‍ച്ചയായും നമ്മെ  തേടിയെത്തും. ഭയപ്പെടേണ്ട ഒന്നല്ല മരണം. ജനിച്ചു എന്ന കാരണത്താല്‍ മരിക്കുക എന്ന പ്രവൃത്തി നമുക്കു നിര്‍ബന്ധമാണ്. അസുഖങ്ങള്‍ ഉണ്ടായിട്ടു വേണ്ട നമ്മള്‍ മരിക്കാന്‍.

സോദരി ദാരിദ്ര്യം

ഫ്രാന്‍സിസ് സഹോദരിയായി കണ്ടിരുന്ന മറ്റൊരു രൂപം അല്ലെങ്കില്‍ അവസരം ദാരിദ്ര്യമായിരുന്നു. ഒരു മണവാളന്‍ തന്‍റെ മണവാട്ടിയെ എപ്രകാരം സ്നേഹിക്കുന്നുവോ അതിലുപരി ഫ്രാന്‍സിസ് ദാരിദ്ര്യമാകുന്ന സഹോദരിയെ സ്നേഹിച്ചിരുന്നു. മെത്രാസനകച്ചേരിയില്‍ വച്ചുതന്നെ മംഗളപൂര്‍വ്വമായ മംഗല്യത്തിനുശേഷം ഫ്രാന്‍സിസ് സര്‍വ്വസംഗപരിത്യാഗിയായി, ദൈവൈക്യത്തിന്‍റെ ശക്തിയാലും വിശ്വാസത്താലും വിശ്വരംഗത്തേക്കിറങ്ങി. പൂര്‍ണമായ ദാരിദ്ര്യമാണ് അദ്ദേഹത്തിന്‍റെ സമ്പത്ത്. സര്‍വ്വശക്തനായ ദൈവം ഫ്രാന്‍സിസിന്‍റെ സര്‍വ്വസ്വഗുരുവും പിതാവുമായി മാറി. അഹംഭാവത്തെ നശിപ്പിക്കാന്‍ ഫ്രാന്‍സിസ് ഉപയോഗിച്ച ആയുധം ദാരിദ്ര്യമെന്ന ധനമായിരുന്നു. മറ്റെല്ലാവരെയുംകാള്‍ കൂടുതലായി ദാരിദ്ര്യം അനുഷ്ഠിക്കാന്‍ ഫ്രാന്‍സിസ് ആഗ്രഹിച്ചിരുന്നു. എന്തെന്നാല്‍ മറ്റുള്ളവരെക്കാള്‍ താഴ്ന്നവനായി താന്‍ പരിഗണിക്കപ്പെടണമെന്ന് അദ്ദേഹം ആഗ്രഹിക്കുകയും അതു മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്തിരുന്നു. ബാഹ്യപ്രകൃതിയില്‍ തന്നെക്കാള്‍ ദരിദ്രരായവരെ കണ്ടാല്‍ അദ്ദേഹം സ്വയം കുറ്റപ്പെടുത്തിയിരുന്നു, കാരണം ദാരിദ്ര്യത്തെ മണവാട്ടിയായി കരുതി സ്നേഹത്തെപ്രതി താന്‍ നിരന്തരം ചെയ്യുന്ന പോരാട്ടത്തില്‍ ആ പാവപ്പെട്ട വ്യക്തിത്വം തന്നെ പരാജയപ്പെടുത്തിയെന്നാണ് അദ്ദേഹം കരുതുന്നത്. ദാരിദ്ര്യത്തോടുള്ള നിഷ്കപട സ്നേഹം മൂലം ദൈനംദിന ജീവിതവളര്‍ച്ചയില്‍ പ്രത്യേകമായ ദൈവാനുഗ്രഹം ഫ്രാന്‍സിസിനു ലഭിച്ചിരുന്നു. ദൈവപുത്രനായ ഈശോയുടെ പ്രിയപ്പെട്ട സഹോദരനായ ഫ്രാന്‍സിസ് ദാരിദ്ര്യത്തെ മണവാട്ടിയായി സ്വീകരിച്ചിരുന്നു.

ഫ്രാന്‍സിസ് പറയുന്നു അവള്‍ സകലരാലും പരിത്യജിക്കപ്പെട്ടിരിക്കുന്നു എന്നുള്ളതാണ് സത്യം. ഫ്രാന്‍സിസിന്‍റെ കൂടെയുള്ളവര്‍ക്ക് ദാരിദ്ര്യാരൂപി തീര്‍ച്ചയായും സാധിച്ചിരുന്നെങ്കിലും, എന്താണ് ഇക്കാലത്തെ നമ്മുടെ ദാരിദ്ര്യം? നമ്മള്‍ ദരിദ്രരാണോ? 'കറ മാറിയ ഫ്രാന്‍സിസ്കന്‍ ആദ്ധ്യാത്മികത'യിലാണോ നമ്മള്‍ നിലകൊള്ളുന്നത്? ദാരിദ്ര്യത്തിനു യോജിക്കാത്ത എന്തെങ്കിലും സഹോദരന്മാരുടെ കൈകളില്‍ കാണുന്നുവെങ്കില്‍ അത് ഫ്രാന്‍സിസിനെ വേദനിപ്പിച്ചിരുന്നു. അദ്ദേഹം ലോകത്തിലെ സുഖങ്ങളെ എല്ലാം ഉപേക്ഷിച്ച നാള്‍ മുതല്‍ ഒരു ഉടുപ്പും ഒരു ചരടും ഒരു കളസവും കൊണ്ട് തൃപ്തിപ്പെട്ടിരുന്നു. രണ്ട് ഉടുപ്പുകള്‍ ഒരിക്കല്‍പ്പോലും സൂക്ഷിച്ചിരുന്നില്ല. രണ്ടുടുപ്പുണ്ടെങ്കില്‍ ത്തന്നെ തന്നേക്കാള്‍ പാവപ്പെട്ട ഒരു വ്യക്തിയെ കണ്ടാല്‍ ഒരുടുപ്പൂരി അയാള്‍ക്കു സമ്മാനിക്കുമായിരുന്നു. ഈശോമിശിഹായുടെയും അവിടുത്തെ മാതാവിന്‍റെയും ദാരിദ്ര്യത്തെപ്പറ്റി കണ്ണീര്‍ വീഴ്ത്തി ധ്യാനിച്ച അദ്ദേഹം രാജാധിരാജനിലും അവിടുത്തെ മാത്രമായ രാജ്ഞിയിലും വിളങ്ങി പ്രകാശിച്ചിരുന്ന ദാരിദ്ര്യത്തെ പുണ്യങ്ങളുടെ റാണിയെന്ന് വിളിച്ചിരുന്നു.

ലേഡി ജക്കോബാ

ഫ്രാന്‍സിസ് ലേഡി ജക്കോബായെ, ബ്രദര്‍ ജക്കോബ എന്നാണ് വിളിച്ചിരുന്നത്. അവരെ തന്‍റെ ഒരു കൂട്ടുകാരനായിട്ടാണ് കരുതിയിരുന്നത്. ഒരിക്കല്‍ ഫ്രാന്‍സിസ് തന്‍റെ സഹോദരങ്ങളെ വിളിച്ച് ഇപ്രകാരം പറഞ്ഞു, "ജക്കോബാ വനിത നമ്മുടെ സഹോദരസംഘത്തോട് എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നു എന്ന് നിങ്ങള്‍ക്ക് അറിയാം. ആ സ്നേഹവും ആത്മബന്ധവും മറക്കരുത്. ഇപ്പോഴത്തെ എന്‍റെ അവശത നിങ്ങള്‍ അവളെ അറിയിക്കുക. നമ്മുടെ വസ്ത്രത്തിന് ഉചിതമായ ചാരനിറത്തിലുള്ള സന്ന്യാസവസ്ത്രം തുന്നിക്കൊണ്ടു വരണമെന്ന് പറയുക. വിസിറ്റേഷന്‍ സഭക്കാര്‍ നിര്‍മ്മിക്കുന്ന പോലെയൊന്ന് ഞാന്‍ റോമിലായിരുന്ന അവസരത്തില്‍ ബ്രദര്‍ ജക്കോബ എനിക്കു നിര്‍മ്മിച്ചു തന്നിട്ടുണ്ട്. കേക്കുകള്‍ കൂടി എത്തിക്കാന്‍ അവരോടു പറയണം." ബ്രദര്‍ ജക്കോബ സമ്പന്ന കുലീന കുടുംബത്തില്‍പ്പെട്ട ഒരു ഭക്തസ്ത്രീയായിരുന്നു. ഫ്രാന്‍സിസിന്‍റെ യോഗ്യതകളും ദൈവവുമായുള്ള ഐക്യവും പ്രസംഗങ്ങളും അവര്‍ മനസ്സിലാക്കിയിരുന്നു.

പരിശുദ്ധ മറിയം

ദൈവമാതാവായ മറിയം ആണ് ഫ്രാന്‍സിസിന്‍റെ ജീവിതത്തില്‍ ചലനങ്ങള്‍ സൃഷ്ടിച്ച മറ്റൊരു സ്ത്രീ കഥാപാത്രം. നിത്യനായ ഈശോയെ മനുഷ്യവര്‍ഗത്തിന്‍റെ സഹോദരനായി തീര്‍ത്ത പരിശുദ്ധ മറിയത്തോട് പ്രത്യേക ഭക്തിയും വണക്കവും ഫ്രാന്‍സിസിനുണ്ടായിരുന്നു. താന്‍ സ്ഥാപിച്ച മൂന്നു സഭകളുടെയും സ്വര്‍ഗീയ മദ്ധ്യസ്ഥയായി പരിശുദ്ധ മറിയത്തെയാണ് അദ്ദേഹം പ്രഖ്യാപിച്ചത്. ഫ്രാന്‍സിസ്കന്‍ ലിഖിതങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട് പരിശുദ്ധ അമ്മയോടുള്ള സ്തോത്രഗീതം. ആ രചന ഇപ്രകാരമാണ്: പരിശുദ്ധ മേരി, ഓ മഹോന്നതെ, സ്വസ്തി മേരി. പരിശുദ്ധ മാതാവേ തിരുസഭയിലെ കന്യകയാണു നീ. സ്വര്‍ഗ്ഗസ്ഥനായ പിതാവിനാല്‍ തിരഞ്ഞെടുക്കപ്പെട്ടവളും അവളുടെ പ്രിയ പുത്രനോടൊപ്പം അവിടുന്ന് അഭിഷേകം ചെയ്യേണ്ടവളുമാണ് നീ. എല്ലാ നന്മകളും കൃപാവരങ്ങളും നിന്നില്‍ നിറയുന്നു. ഇപ്പോള്‍ നിന്നിലാകുന്ന അവിടുത്തെ രാജകൊട്ടാരത്തിനു  സ്വസ്തി. അവിടുത്തെ കൂടാരമേ സ്വസ്തി. അവിടുത്തെ ഭവനമേ സ്വസ്തി. അവിടുത്തെ ദാസി സ്വസ്തി. അവിടുത്തെ മാതാവേ സ്വസ്തി. ദിവ്യാത്മാവിന്‍റെ കൃപാവരത്താലും ദിവ്യപ്രേരണയാലും വിശ്വാസികളുടെ ഹൃദയങ്ങളിലേക്ക്  ചൊരിയപ്പെട്ടിരിക്കുന്ന എല്ലാ സുകൃതങ്ങള്‍ക്കും മറിയമേ സ്വസ്തി. തന്‍റെ സഭാസമൂഹം മാതാവിനോട് കൂടുതല്‍ വിശ്വസ്തരായിരിക്കണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചത്.

മാതാവിനോടുള്ള ഭക്തിയുടെ ഇന്നത്തെ അവസ്ഥ എന്താണ്? മാതാവിന്‍റെ രൂപക്കൂടിന്‍റെ മുമ്പില്‍ നില്‍ക്കുകയോ, രൂപം ചുംബിക്കുകയോ ചെയ്യുന്നതിലോ, ജപമാല സമര്‍പ്പണത്തിലോ മാത്രമായി ഒതുങ്ങിപ്പോകുന്നതാണോ നമ്മുടെ മാതൃഭക്തി? ഈ കാര്യങ്ങള്‍ നമുക്കു ധ്യാനവിഷയമാക്കാം. എന്തെന്നാല്‍ മാതാവാണ് നമ്മോടുകൂടെ നില്‍ക്കുന്ന ജീവനുള്ള ഒരു അംഗം. ദൈവപുത്രനായ യേശു സ്വര്‍ഗ്ഗത്തില്‍ മാതാവിനെ കിരീടം ധരിപ്പിച്ചതിന്‍റെ ഓര്‍മ്മ നമ്മള്‍ അനുസ്മരിക്കുന്നുണ്ടല്ലോ. നമുക്ക് മാതാവില്‍ ഉറച്ചു വിശ്വസിക്കാം. നമ്മുടെ സ്വന്തം പരിശുദ്ധ മറിയം നമ്മുടെ ആവശ്യസമയത്ത് നമ്മെ അമ്മയുടേതായി പരിഗണിക്കുകയും സ്നേഹിക്കുകയും ചെയ്യും.

ഫ്രഞ്ച് പണ്ഡിതനായ Jacques Dalarun ഫ്രഞ്ചു ഭാഷയില്‍ രചിച്ച ഒരു കൃതിയാണ് Francis Assisi & Feminie. . പിന്നീട് ഇംഗ്ലീഷിലേക്കും ഇത് തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്.  ഇതില്‍ ഇക്കാര്യങ്ങളെക്കുറിച്ച് വളരെയധികം പ്രതിപാദിച്ചിട്ടുണ്ട്. സ്ഥലപരിമിതിമൂലം അവയൊന്നും ചേര്‍ക്കുന്നില്ല. 

You can share this post!

സോഷ്യല്‍ മീഡിയ അഡിക്ഷന്‍

ഡോ. അരുണ്‍ ഉമ്മന്‍
അടുത്ത രചന

ബുദ്ധനും സോര്‍ബയും

സഖേര്‍
Related Posts