news-details
കവർ സ്റ്റോറി
വൈദ്യശാസ്ത്രത്തിന്‍റെ സുപ്രധാനമായ പല കണ്ടുപിടുത്തങ്ങളും ധാര്‍മ്മികമായ പല സമസ്യകള്‍ക്കും തുടക്കം കുറിക്കുന്നുണ്ട്. അവയവമാറ്റ ശസ്ത്രക്രിയകളും ഇതുപോലെ ധാര്‍മ്മികമായ ഒത്തിരി ശരിതെറ്റുകളെക്കുറിച്ച് ചര്‍ച്ചകള്‍ തുടങ്ങിവച്ച മേഖലയാണ്. "എന്‍റെ സഹോദരന്‍റെ കാവല്‍ക്കാരനാണോ ഞാന്‍?" എന്ന് പഴയനിയമ വേദപുസ്തകത്തില്‍ കായേന്‍ ദൈവത്തോട് ചോദിച്ച ചോദ്യത്തിലാണ് അവയവദാനവുമായി ബന്ധപ്പെട്ട വേദഗ്രന്ഥ അടിസ്ഥാനം തേടി പോവുകയാണെങ്കില്‍ നാം ചെന്നെത്തുക. അപരനുവേണ്ടി ഒരാള്‍ എത്രത്തോളം പകുത്തു നല്‍കണം? അടിസ്ഥാനപരമായ ചോദ്യമിതാണ്.
 
അവയവദാന പ്രക്രിയയുടെ സങ്കീര്‍ണ്ണത വര്‍ദ്ധിക്കുന്നതനുസരിച്ച് അതുമായി ബന്ധപ്പെട്ട ധാര്‍മ്മിക പ്രശ്നങ്ങളും സങ്കീര്‍ണ്ണമാകും. മരണാനന്തരം ഒരാളുടെ കണ്ണ് സ്വീകരിക്കുന്നതോ, ജീവിച്ചിരിക്കുന്ന ഒരാളുടെ അല്‍പം ത്വക്ക് സ്വീകരിക്കുന്നതോ അത്ര സങ്കീര്‍ണ്ണത ഉള്‍ക്കൊള്ളുന്ന ഒന്നല്ല. മരിച്ച ഒരാളില്‍ നിന്നോ ജീവിച്ചിരിക്കുന്ന ഒരാളുടെ ജീവിത നിലവാരത്തിന് കോട്ടംതട്ടാതെയോ ആണ് ഇത്തരം അവയവദാനങ്ങള്‍ നടക്കുന്നത്. പക്ഷേ ഒരു പടികൂടി കടന്ന്, വൃക്കദാനം ചെയ്യുന്നത്, കൂടുതല്‍ ധാര്‍മ്മികമായ സങ്കീര്‍ണ്ണതകള്‍ ഉള്‍ക്കൊള്ളുന്നതാണ്. കാരണം അവയവദാനത്തിനുശേഷം ഒരു വൃക്കയുമായി ജീവിക്കുന്നവന്‍ രണ്ട് വൃക്കയുള്ളവനെ അപേക്ഷിച്ചു ശാരീരികമായി ദുര്‍ബലനാണ്. എന്നാല്‍ മരണാനന്തര വൃക്കമാറ്റിവയ്ക്കല്‍ശസ്ത്രക്രിയയില്‍ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകുന്നില്ല. മരണാനന്തര അവയവദാനത്തില്‍, ദൈവത്തിന്‍റെ ഛായയില്‍ സൃഷ്ടിക്കപ്പെട്ട, മരണംവരെ ദൈവിക ചൈതന്യം ഉള്‍ക്കൊണ്ടിരുന്ന, മൃതശരീരത്തിന്‍റെ അന്തസ്സിന് ഭംഗം വരാതെയും മരിച്ചയാളുടെ സമ്മതപത്രത്തിന് അനുസൃതമായും അവയവദാനം നടത്തണമെന്ന് മാത്രമേയുള്ളൂ. 
 
അവയവദാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ വ്യത്യസ്ത കോണുകളില്‍നിന്ന് നമുക്ക് സമീപിക്കാം. അവയവദാതാവിന്‍റെയും സ്വീകര്‍ത്താവിന്‍റെയും ഭാഗത്തുനിന്ന് വിഷയത്തെ നോക്കിക്കാണേണ്ടതുണ്ട്. മസ്തിഷ്ക മരണവുമായി ബന്ധപ്പെട്ട് ഉയരുന്ന ചോദ്യങ്ങളുണ്ട്. അവയവദാനത്തിന്‍റെ സാമ്പത്തികവശങ്ങളും പരിഗണിക്കേണ്ടതുണ്ട്.

അവയവദാതാക്കള്‍

ഒരാളുടെ ജീവിതാന്ത്യനിമിഷങ്ങള്‍ അത് ഏത് വിധേനയായാലും വളരെയേറെ വൈകാരികത ഉള്‍ക്കൊള്ളുന്നതാണ്. ഇങ്ങനെ വൈകാരിക വിക്ഷോഭം ഉള്‍ക്കൊള്ളുന്ന സാഹചര്യത്തില്‍ അവയവദാതാവിന്‍റെ സമ്മതം ഉണ്ടെങ്കില്‍ തന്നെ മരണാനന്തരം അവയവങ്ങള്‍ ദാനം ചെയ്യാന്‍ ബന്ധുജനങ്ങള്‍ തയ്യാറായി എന്നുവരില്ല. ഉദാഹരണമായി വാഹനാപകടത്തില്‍ മസ്തിഷ്കമരണം സംഭവിച്ച് വെന്‍റിലേറ്ററിന്‍റെ സഹായത്തോടെ ആന്തരിക അവയവങ്ങള്‍ മാത്രം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഒരു യുവാവിന്‍റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തയ്യാറുണ്ടോ എന്നും അതറിഞ്ഞുവേണം വെന്‍റിലേറ്റര്‍ വിഛേദിക്കാന്‍ എന്നും ബന്ധുക്കളോട് പറയുമ്പോള്‍ തങ്ങള്‍ അറിഞ്ഞോ അറിയാതെയോ തങ്ങളുടെ പ്രിയപ്പെട്ടവരുടെ മരണത്തില്‍ പങ്കാളിയാകുന്നു എന്ന തോന്നല്‍ അവരില്‍ ജനിപ്പിക്കുന്നുണ്ട്. കാരണം വെന്‍റിലേറ്റര്‍ വിഛേദിക്കുന്ന പക്ഷം ശരീരം മൃതമായി തീരും എന്ന് പൊതുജനത്തിനറിയാം. അതുകൊണ്ടുതന്നെ സംഘര്‍ഷപൂരിതമായ ഇത്തരം സന്ദര്‍ഭങ്ങളില്‍ ദാതാവ് മരണത്തിനുമുമ്പ് സമ്മതം എഴുതി വച്ചിട്ടുണ്ടെങ്കിലും അവയവങ്ങള്‍ ദാനം ചെയ്യപ്പെടാറില്ല. മറ്റൊരു അകാരണമായ ഭയം ആന്തരിക അവയവങ്ങള്‍ ശരീരത്തില്‍ നിന്ന് എടുത്താല്‍ മൃതശരീരം വികൃതമാകുമോ എന്നാണ്.
 
ജീവിച്ചിരിക്കുന്ന ഒരാളില്‍ നിന്ന് അവയവം സ്വീകരിക്കേണ്ടിവരുമ്പോള്‍, സമ്മതം നല്‍കുന്ന പ്രക്രിയ കൂടുതല്‍ ധാര്‍മ്മികമായി സങ്കീര്‍ണ്ണമാകുന്നു. ഉദാഹരണമായി കരളോ, വൃക്കയോ ദാനം ചെയ്യുന്നയാള്‍, ദൈവം തനിക്കു നല്‍കിയ ശാരീരിക പൂര്‍ണ്ണതയില്‍ വിട്ടുവീഴ്ച ചെയ്തുകൊണ്ടാണ്, രോഗിയായ മറ്റൊരാള്‍ക്ക് അവയവം ദാനം ചെയ്യുന്നത്. മിക്ക സന്ദര്‍ഭങ്ങളിലും പ്രിയപ്പെട്ട മാതാപിതാക്കളോ, കൂടപ്പിറപ്പുകളോ ആകും അവയവദാതാക്കള്‍. ശാസ്ത്രീയമായി, രക്തബന്ധമുള്ളവരില്‍ നിന്ന് അവയവം സ്വീകരിക്കുന്നതാണ്, ശസ്ത്രക്രിയയുടെ വിജയത്തിന് നല്ലത്. ഇത് കുടുംബത്തിലും ബന്ധങ്ങളിലും സംഘര്‍ഷഭരിതമായ സ്ഥിതി സംജാതമാക്കുന്നു. കൂടപ്പിറപ്പിന്‍റെ ജീവന്‍ പണയപ്പെടുത്തി എനിക്ക് ജീവിക്കണോ എന്ന് രോഗിയും എന്‍റെ ഉറ്റവര്‍ക്ക് ഞാന്‍ അവയവം ദാനം ചെയ്യാന്‍ ബാധ്യസ്ഥനാണെന്നും അല്ലാത്തപക്ഷം അത് വലിയ നന്ദികേടാണെന്നും അവയവദാതാവും ചിന്തിക്കാന്‍ ഇടയുണ്ട്. ഇനി ബന്ധുക്കളില്‍ അനുയോജ്യരെന്ന് നിര്‍ണയിക്കപ്പെട്ട ആരെങ്കിലും ദാനം ചെയ്യാന്‍ വൈമനസ്യം കാണിച്ചാല്‍ അവര്‍ ധാര്‍മ്മികവും മാനുഷികവുമായ ഒരുതരം ഭീഷണിപ്പെടുത്തലിന് വശംവദരാകാന്‍ ഇടയുണ്ട്. ഒരേ കുടുംബത്തില്‍ നിന്ന് തന്നെ രണ്ടുപേര്‍ ദാനം ചെയ്യാന്‍ അനുയോജ്യരാണെന്ന് കണ്ടെത്തി കഴിഞ്ഞാല്‍ അവരുടെ ഉള്ളില്‍ വലിയ ആന്തരിക സംഘര്‍ഷം നടക്കാനിടയുണ്ട്. തങ്ങളില്‍ ആരാണ് അവയവം ദാനം ചെയ്യാന്‍ കൂടുതല്‍ ഉത്തരവാദിത്തമുള്ളയാള്‍, അഥവാ ഞാന്‍ അവയവം ദാനം ചെയ്യാന്‍ തയ്യാറായില്ലെങ്കില്‍ ഭാവിയിലെ കുടുംബബന്ധങ്ങളുടെ അവസ്ഥ എന്താകും തുടങ്ങി ഒട്ടേറെ ചോദ്യങ്ങള്‍. പ്രായപൂര്‍ത്തിയാകാത്ത സ്വന്തം കൂടപിറപ്പുകളില്‍ നിന്നോ അഥവാ തടവുകാരില്‍ നിന്നോ അവയവം സ്വീകരിക്കേണ്ടി വരുമ്പോള്‍ സമാന പ്രക്രിയ കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നു.
 
ബന്ധുജനങ്ങളല്ലാത്തവരില്‍ നിന്നാണ് അവയവം സ്വീകരിക്കുന്നതെങ്കില്‍ അത് ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ വ്യത്യസ്തമാണ്. അവയവദാതാവ് അപരന്‍റെ നന്മയെ പ്രതി സ്വമനസ്സാലെ തയ്യാറായി വന്ന വ്യക്തിയാകാം. അതുമല്ലെങ്കില്‍ ആരുടെയെങ്കിലും അഭ്യര്‍ത്ഥന സ്വീകരിച്ച് തയ്യാറായി വന്ന വ്യക്തിയുമാകാം. ദാതാവിന്‍റെ ഇത്തരത്തിലുളള ത്യാഗസന്നദ്ധതയുടെ പ്രേരകശക്തി എന്താണെന്ന് പലരും ചോദിച്ചേക്കാം. പരക്ഷേമതല്‍പ്പരതയാണോ, സാമ്പത്തികലാഭമാണോ, അതോ നിഗൂഢമായ ചില മാനസിക വ്യാപാരങ്ങളുടെ അടിസ്ഥാനത്തിലാണോ എന്നിങ്ങനെ പല ചോദ്യങ്ങള്‍ ഉയരാം. ഇത്തരം അനേകം പ്രഹേളികകള്‍ ഉള്ളതു കാരണം മിക്ക അവയവമാറ്റശസ്ത്രക്രിയ വിദഗ്ധരും രക്തബന്ധമുള്ളവരില്‍ നിന്നു മാത്രമേ അവയവങ്ങള്‍ സ്വീകരിക്കാന്‍ അനുവദിക്കാറുള്ളൂ.
 
അവയവദാനത്തില്‍ ഏതറ്റംവരെ പോകാം എന്ന ചോദ്യത്തിന് ധാര്‍മ്മിക ദൈവശാസ്ത്രജ്ഞന്മാരുടെ മറുപടി സമ്പൂര്‍ണ്ണ തത്വത്തെ (Principle of  totality) അടിസ്ഥാനമാക്കിയാണ്. ഇതനുസരിച്ച്  ഏതൊരു വസ്തുവിന്‍റെയും ഏതെങ്കിലും ഭാഗമോ അംശമോ നിലനില്‍ക്കുന്നത് ആ വസ്തുവിന്‍റെ സമ്പൂര്‍ണ്ണതയ്ക്കുവേണ്ടിയാണ് (Part exists for the whole). സമ്പൂര്‍ണ്ണതയ്ക്ക് കോട്ടംതട്ടാതെ അംശത്തില്‍ മാറ്റം വരുത്താവുന്നതാണ്. ഇതനുസരിച്ചാണ് അടിയന്തര സന്ദര്‍ഭങ്ങളില്‍ ശരീരത്തിലെ അവയവങ്ങള്‍ ചികിത്സയുടെ ഭാഗമായി മുറിച്ച് മാറ്റുന്നത് ധാര്‍മ്മികമായി ശരിയാണോ എന്ന ചോദ്യത്തിന് മറുപടി നല്‍കിയത്. ഈ സമ്പൂര്‍ണ്ണതാ തത്ത്വം ശാരീരിക തലത്തില്‍ മാത്രമേ (Physical diamension) ആദ്യകാലഘട്ടങ്ങളില്‍ പരിഗണിക്കപ്പെട്ടിരുന്നുള്ളു. അവയവദാനത്തിന്‍റെ ധാര്‍മ്മിക വശങ്ങള്‍ മനസ്സിലാക്കാന്‍, സമ്പൂര്‍ണ്ണതത്ത്വം ശാരീരിക തലം മാത്രമല്ല, ധാര്‍മ്മികവും ആത്മീയവുമായ തലങ്ങള്‍ക്കൂടി ഉള്‍ക്കൊള്ളുന്നുണ്ട് എന്ന് ഗ്രഹിക്കേണ്ടി വരുന്നു. ചിന്താശക്തിയുള്ള മനുഷ്യനെ സംബന്ധിച്ചു ധാര്‍മ്മികവും ആത്മീയവുമായ സമ്പൂര്‍ണ്ണത ശാരീരിക സമ്പൂര്‍ണ്ണതയ്ക്ക് ഒരു പടി മുകളില്‍ നില്‍ക്കുന്നു.  അപ്പോള്‍ സ്നേഹത്തിന്‍റെ സമ്പൂര്‍ണ്ണതയെ ലക്ഷ്യം വച്ചുകൊണ്ട് ശാരീരിക സമ്പൂര്‍ണ്ണതയില്‍ ചില ഒത്തുതീര്‍പ്പുകള്‍ അനുവദനീയമാണ.് ഇതിന്‍റെ അടിസ്ഥാനത്തില്‍ അപരനുവേണ്ടി, തന്‍റെ തന്നെ ആരോഗ്യം ഒരു പരിധിവരെ തൃണവത്ഗണിച്ചുകൊണ്ട്, അവയവങ്ങള്‍ ദാനം ചെയ്യുന്നത് ഉത്കൃഷ്ടമായ പ്രവൃത്തിയാണ്. അതുമാത്രമല്ല, മനുഷ്യന്‍റെ സാമൂഹിക മാനം കൂടി പരിഗണിക്കുമ്പോള്‍, പ്രത്യേകിച്ചും. മനുഷ്യന്‍ തനിക്കുവേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടവനല്ല അപരനുവേണ്ടി കൂടിയുള്ളവനാണ്. മറ്റൊരുകാര്യം അവയവദാനത്തില്‍ മുറിച്ച് മാറ്റപ്പെടുന്ന അവയവം നശിപ്പിക്കപ്പെടുന്നില്ല മറിച്ച് കഷ്ടത അനുഭവിക്കുന്ന സഹോദരനോ സഹോദരിക്കോവേണ്ടി സ്നേഹപൂര്‍വ്വം നല്‍കപ്പെടുകയാണ് ചെയ്യുന്നത് എന്നതാണ്.
 
സ്വീകര്‍ത്താക്കള്‍
 
കണക്കുകള്‍പ്രകാരം കേരളത്തില്‍ വൃക്കദാതാക്കളെ കാത്തിരിക്കുന്നവരുടെ എണ്ണം 1676 ആണ്. കഴിഞ്ഞ വര്‍ഷം ദാനം ചെയ്യപ്പെട്ട വൃക്കകളുടെ എണ്ണമാകട്ടെ 34-ഉം. അവയവദാതാക്കളുടെയും സ്വീകര്‍ത്താക്കളുടെയും എണ്ണത്തില്‍ ഇത്രമാത്രം അന്തരം ഉള്ളതിനാല്‍ വളരെ ദുര്‍ലഭമായ അവയവങ്ങള്‍ ആര്‍ക്കാണ് ലഭിക്കേണ്ടത് എന്നുള്ളത് ധാര്‍മ്മികമായ ഒരു സുപ്രധാന ചോദ്യമാണ്. ഈ വൈഷമ്യ നിര്‍ണ്ണയത്തില്‍ രണ്ട് വ്യത്യസ്ത വാദങ്ങളാണ് പരിഗണിക്കപ്പെടാറുള്ളത്. സമത്വാധിഷ്ഠിത വാദവും (Egalitarian Principle), സാമൂഹിക പ്രയോജനാവാദവും (Social utilitarian principle)
 
സമത്വാധിഷ്ഠിതമായിരിക്കണം എന്ന് പറയുന്നവര്‍ നിയമത്തിന്‍റെ മുന്‍പില്‍ എല്ലാവരും തുല്യരായിരിക്കുന്നതുപോലെ സ്വീകര്‍ത്താക്കളെ എല്ലാവരെയും തുല്യരായി പരിഗണിക്കണമെന്ന് വാദിക്കുന്നു. ഒന്നുകില്‍ പേര് ചേര്‍ക്കപ്പെടുന്ന മുറയ്ക്കോ, അല്ലെങ്കില്‍ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തോ, ആളുകളെ കണ്ടെത്തണം എന്ന് ഇക്കൂട്ടര്‍ വാദിക്കുന്നു. ഇത് നിരുത്തരവാദിത്വപരവും യുക്തിരഹിതവുമായ ഒരു തീരുമാനമാണെന്ന് പറയുന്നവരുണ്ട്. ചിലപ്പോള്‍ അവയവം സ്വീകരിക്കാനുള്ളവരുടെ പട്ടികയില്‍ അവസാനം വന്നയാളുടെ ശാരീരിക സ്ഥിതി ആദ്യം വന്നയാളുടേതിനേക്കാള്‍ മോശമായിരിക്കാം. ചില സന്ദര്‍ഭങ്ങളില്‍ അധാര്‍മ്മികവും അപകീര്‍ത്തികരവുമായ ജീവിതം നയിച്ചവര്‍ കൂടുതല്‍ അനുയോജ്യരായവരെക്കാള്‍ മുന്‍പന്തിയില്‍ എത്തപ്പെട്ടേക്കാം. ഇത്തരം കാരണങ്ങളാല്‍ ഈ നിലപാട് സാമാന്യ ബുദ്ധിക്ക് നിരക്കുന്നതല്ല എന്ന് അഭിപ്രായമുണ്ട്.
 
സാമൂഹിക പ്രയോജനാവാദം അടിസ്ഥാനമാക്കി സ്വീകര്‍ത്താക്കളെ കണ്ടെത്തണം എന്നു വാദിക്കുന്നവര്‍, അമൂല്യവും ദുര്‍ലഭവുമായ അവയവം, തന്‍റെ തുടര്‍ജീവിതം വഴി സമൂഹത്തിന് എന്തെങ്കിലും നന്മ തിരിച്ചുനല്‍കാന്‍ കഴിയും എന്നുറപ്പുള്ള  വ്യക്തിക്ക് ലഭിക്കണം എന്ന് ചൂണ്ടിക്കാട്ടുന്നു. ഇവിടെ ഒരാളുടെ യോഗ്യത നിശ്ചയിക്കപ്പെടുന്നത് അയാളുടെ മുന്‍കാല ജീവിതത്തെ അടിസ്ഥാനപ്പെടുത്തിയാണ്. ഇതുവരെയുള്ള ജീവിതം വഴി അദ്ദേഹം എന്ത് നന്മ സമൂഹത്തിന് നല്‍കി എന്നതിന്‍റെ അടിസ്ഥാനത്തില്‍ യോഗ്യത നിശ്ചയിക്കപ്പെടണം എന്നര്‍ത്ഥം. എന്നാല്‍ ഇന്നലെകളെ മാത്രം നോക്കി, ഒരാളുടെ ഭാവി സാധ്യതകളെക്കുറിച്ച് വസ്തുനിഷ്ഠമായ അനുമാനം സാധ്യമാകണമെന്നും, അത് ശരിയാകണമെന്നുമില്ല. മാത്രവുമല്ല ഒരാളുടെ ജീവിതം സമൂഹത്തിന്, കുടുംബത്തിന് എത്രത്തോളം ഉപകാരപ്രദമാണോ അല്ലയോ എന്ന് വിധി കല്‍പ്പിക്കുന്നത് വളരെ ദുസ്സഹമായ കാര്യമാണ്. ഉദാഹരണമായി ഒരു സാഹിത്യകാരനും, രാഷ്ട്രീയപ്രവര്‍ത്തകനും അവയവം സ്വീകരിക്കാന്‍ തുല്യയോഗ്യതയുള്ളവരായി പരിഗണിക്കേണ്ടിവരുമ്പോള്‍ ആരെ ആദ്യം സ്വീകരിക്കും? മറ്റൊരു ചോദ്യം സ്വന്തം ദുശ്ശീലങ്ങളുടെ ഭാഗമായി അവയവനാശം സംഭവിച്ച ഒരാള്‍ക്ക് അവയവം ദാനമായി നല്‍കേണ്ടതുണ്ടോ എന്നതായിരിക്കും.
 
മസ്തിഷ്കമരണം സംഭവിച്ചോ ഇല്ലയോ?
 
എപ്പോഴാണ് ഒരാള്‍ മരിച്ചുകഴിഞ്ഞു എന്ന് പറയാനാവുക. പണ്ട് ഹൃദയയമിടിപ്പോ, ശ്വാസോച്ഛ്വാസമോ നിലച്ചാല്‍ മരണം സംഭവിച്ചു എന്നു കണക്കാക്കിയിരുന്നു. എന്നാല്‍ ഇന്ന് ആധുനിക സാങ്കേതിക വിദ്യയുടെ പിന്‍ബലത്തില്‍ വൈദ്യശാസ്ത്രത്തിന് ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസവും കൃത്രിമ രീതിയില്‍ നിലനിര്‍ത്താനുള്ള സംവിധാനങ്ങളുണ്ട്. അപ്പോള്‍ ചില ശാരീരിക അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ മാത്രം അടിസ്ഥാനപ്പെടുത്തി ഒരു മനുഷ്യന്‍റെ മരണം നിശ്ചയിക്കാനാവില്ല. ഇവിടെ ഒരു മനുഷ്യ വ്യക്തിയുടെ അസ്തിത്വം അവസാനിക്കുന്നത് എപ്പോഴാണ് എന്ന ചോദ്യം പ്രസക്തമാകുന്നു. നിലവിലുളള ശാസ്ത്രീയ ധാരണയനുസരിച്ച് മനുഷ്യന്‍റെ ചിന്തകളെയും വികാരങ്ങളെയും അവബോധങ്ങളെയും നിശ്ചയിക്കുന്ന മസ്തിഷ്കത്തിന്‍റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിശ്ചലമാകുമ്പോഴാണ് ഒരു വ്യക്തിയുടെ അസ്തിത്വം അവസാനിക്കുന്നതായി കണക്കാക്കപ്പെടുന്നത്. ആധുനിക വൈദ്യശാസ്ത്രപ്രകാരം മസ്തിഷ്ക്കമരണം സംഭവിച്ച ആളുകളുടെ ചില ആന്തരിക അവയവങ്ങള്‍ പ്രവര്‍ത്തിച്ചേക്കുമെങ്കിലും പിന്നെ ഒരിക്കലും പഴയ ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ അയാള്‍ക്കു സാധിക്കുകയില്ല. നാഡീകോശങ്ങള്‍ക്ക് പുനര്‍ജീവനം സാധ്യമല്ല എന്നുള്ളതാണ് ഇതിന്‍റെ അടിസ്ഥാനകാരണം. ഇത്തരം സാഹചര്യങ്ങളില്‍ വെന്‍റിലേറ്ററിന്‍റെയും മറ്റ് ഉപകരണങ്ങളുടെയും സഹായത്തോടെ ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം ദീര്‍ഘമായി നിലനിര്‍ത്തുന്നതുകൊണ്ട് മനുഷ്യ വിഭവവും സമ്പത്തും നഷ്ടമാക്കാനെ ഉപകരിക്കൂ. ഇവിടെ ഏറ്റവും ഉചിതമായ കാര്യം മസ്തിഷ്ക്ക മരണം സംഭവിച്ച വ്യക്തിയുടെ അവയവങ്ങള്‍ ബന്ധുജനങ്ങളുടെ അനുമതിയോടെ അത് സ്വീകരിക്കാന്‍ യോഗ്യതയുള്ളവര്‍ക്ക് കൈമാറുക എന്നുള്ളതാണ്.
 
നമ്മുടെ പ്രിയപ്പെട്ടവര്‍ മരണപ്പെടുന്ന നിമിഷത്തില്‍ അവയവദാനത്തെക്കുറിച്ച് സംസാരിക്കുന്ന ഡോക്ടറുടെയും ആശുപത്രി അധികൃതരുടെയും ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. എല്ലാം കച്ചവട കണ്ണുകളിലൂടെ കാണുന്ന ഈ ലോകത്ത് തങ്ങളുടെ പ്രിയപ്പെട്ടവരുടെ അവയവങ്ങള്‍ കച്ചവട ലാഭത്തിനുവേണ്ടി മറിച്ചു വില്‍ക്കാന്‍ ഗൂഢാലോചനയുണ്ടോ എന്നും, അതുകൊണ്ടുതന്നെ രോഗിക്ക് മസ്തിഷ്കമരണം സംഭവിച്ചു എന്ന് പറയുന്നതും, ഇനി ജീവിതത്തിലേക്ക് തിരിച്ചുവരില്ല എന്ന് പറയുന്നതും, നൂറു ശതമാനം സത്യമാണോ എന്നും കൂടെയുള്ളവര്‍ക്ക് ആശങ്കകള്‍ ഉണ്ടാവുക സ്വാഭാവികം.
കേരളത്തെ സംബന്ധിച്ചിടത്തോളം ഇത്തരം ആശങ്കകള്‍ അസ്ഥാനത്താണ്. അവയവദാനത്തെക്കുറിച്ച് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഉള്ള സംസ്ഥാനമാണ് കേരളം. ഇതിന്‍പ്രകാരം മസ്തിഷ്ക മരണം സ്ഥിരീകരിക്കാന്‍ മരണം നടന്ന ആശുപത്രിക്കു പുറത്തുള്ള രണ്ടു ഡോക്ടര്‍മാരും ഒരു സര്‍ക്കാര്‍ ഡോക്ടറും ഉള്‍പ്പെടെ നാലംഗ സമിതി വേണം. ആറു മണിക്കൂര്‍ ഇടവിട്ട് മൂന്ന് തവണ പരിശോധിക്കുകയും വെന്‍റിലേറ്റര്‍ നീക്കം ചെയ്യുന്നതിനു മുന്‍പ് പ്രത്യേക നടപടി ക്രമങ്ങള്‍ പാലിക്കുകയും വേണം. സര്‍ക്കാരിന്‍റെ എംപാനല്‍ഡ് പട്ടികയില്‍ ഉള്‍പ്പെട്ട ഡോക്ടര്‍മാരാണ് ഇതിന് ചുമതലപ്പെട്ടിരിക്കുന്നത്. ഏകദേശം 40 മണിക്കൂറുകള്‍ എടുത്താണ് ഈ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നത്. ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ഇത് മൊത്തം ബാധിക്കും. 40-60 ജീവനക്കാര്‍ ഈ ജോലിക്കുവേണ്ടി മാത്രമുണ്ടായിരിക്കണം. പ്രത്യേക ഓപ്പറേഷന്‍ ടേബിളുകള്‍ വേണം. ഈ അവസ്ഥകള്‍ പരിഗണിക്കുമ്പോള്‍ അത്ര ലാഭകരമല്ലാത്ത ഈ പ്രക്രിയയ്ക്ക് ഒരു ആശുപത്രി തുനിയുമ്പോള്‍ അതിന്‍റെ ഉദ്ദേശശുദ്ധിയെ പൊതുവെ സംശയിക്കേണ്ടതില്ല.
 
അവയവദാനവുമായി ബന്ധപ്പെട്ട  സാമ്പത്തിക ഇടപാടുകളാണ് മറ്റൊരു ധാര്‍മ്മിക വശം. വന്‍തോതില്‍ കമ്മീഷന്‍ വാങ്ങി അവയവദാതാക്കളെ കണ്ടെത്തി ആവശ്യക്കാര്‍ക്ക് കൊടുക്കുന്ന ഇടനിലക്കാരുണ്ടായേക്കാം. ദാരിദ്ര്യംകൊണ്ട് തന്‍റെ ഏതെങ്കിലും ഒരു വൃക്ക ദാനം ചെയ്യാന്‍ മുന്നിട്ടിറങ്ങുന്ന ആരെങ്കിലുമുണ്ടായേക്കാം. ഇനി അവയവ മാറ്റ ശസ്ത്രക്രിയക്കു കാരുണ്യം തേടുന്നു എന്ന ലേബലില്‍ സ്വന്തക്കാര്‍ക്കും പരിചയക്കാര്‍ക്കും വേണ്ടി ബക്കറ്റ് പിരിവ് നടത്തി സാമ്പത്തിക ലാഭം ഉണ്ടാക്കുന്നവരും ഉണ്ടായേക്കാം. ഏതൊരു നന്മയുടെ മറവിലും തിന്മചെയ്യാന്‍ അവസരം കണ്ടെത്തുന്നവരുണ്ടാകും എന്ന് പറയുന്നതുപോലെ. ഇത്തരം പ്രവണതകള്‍ എല്ലാക്കാലവും ഉണ്ടാകും. പക്ഷേ ഇത് അവയവദാനം എന്ന നന്മ തമസ്കരിക്കാനുള്ള ആയുധമാക്കരുത്. ചുരുക്കം ആളുകളുടെ തെറ്റുകള്‍കൊണ്ട് അനേകം പേര്‍ക്ക് ലഭിക്കേണ്ട നന്മ ഇതുമൂലം നഷ്ടപ്പെട്ടുപോകും.
 
അവയവദാനവുമായി ബന്ധപ്പെട്ട മറ്റൊരു പ്രശ്നം അവയവം സ്വീകരിച്ചശേഷം രോഗിയുടെ ആരോഗ്യമാണ്. സ്വീകര്‍ത്താവിന്‍റെ ആരോഗ്യനിലവാരം പൂര്‍ണ്ണമായും പൂര്‍വ്വസ്ഥിതിയില്‍ എത്തില്ല എന്നുമാത്രമല്ല തുടര്‍ജീവിതത്തിന് ചിട്ടയായ പല ജീവിതക്രമങ്ങളും  പാലിക്കേണ്ടി വരികയും ചെയ്യുന്നു. ഏര്‍പ്പെട്ടിരുന്ന പഴയ തൊഴില്‍ ചെയ്യാന്‍ പലര്‍ക്കും സാധിക്കാതെ വരുന്നു. കൂടാതെ ആജീവനാന്തം പാര്‍ശ്വഫലങ്ങള്‍ ഉള്ള പല മരുന്നുകളും കഴിക്കേണ്ടിവരുന്നു. ഇത് കുടുംബത്തിനുമേല്‍ വലിയ സാമ്പത്തിക ബാദ്ധ്യത ഉണ്ടാക്കുന്നു. ഈ കാഴ്ചപ്പാടില്‍ അവയവദാനം ഒരുവന്‍റെ മരണദിനത്തെ ദീര്‍ഘിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളൂ എന്ന് വാദിക്കുന്നവരുമുണ്ട്. അവയവദാനംപോലെയുള്ള അതിനൂതന ചികിത്സാ വിധികള്‍ക്ക് സാധാരണക്കാരെ പ്രേരിപ്പിക്കേണ്ടതുണ്ടോ? തങ്ങളുടെ സാമ്പത്തിക സ്ഥിതിക്കുതകുന്ന ചികിത്സകള്‍ നല്‍കാന്‍ മാത്രം അവരെ പ്രേരിപ്പിച്ചാല്‍ പോരെ എന്ന് പറയുന്നവരുമുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ ദാനം ചെയ്യപ്പെട്ട അവയവം സ്വീകര്‍ത്താവിന്‍റെ ശരീരം സ്വീകരിക്കണമെന്നില്ല. ഇങ്ങനെ തിരസ്കരണം നടക്കുമ്പോള്‍ ദാതാവിലും സ്വീകര്‍ത്താവിലും അവരുമായി ബന്ധപ്പെട്ട എല്ലാവരിലും നിരാശയുണ്ടാകാന്‍ സാധ്യതയുണ്ട്.
 
അവയവദാനത്തില്‍ പല യൂറോപ്യന്‍ രാജ്യങ്ങളും നമുക്ക് ബഹുദൂരം മുന്നിലാണ്. നെതര്‍ലാന്‍റ്, ഡെന്‍മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങളില്‍ സ്വയം വിയോജിപ്പ് രേഖപ്പെടുത്താത്തിടത്തോളം എല്ലാ പൗരന്മാരും അവയവദാനത്തിന് സമ്മതരാണ് എന്ന് പരിഗണിച്ച് മരണാനന്തര അവയവദാനത്തിന്‍റെ നിയമവശങ്ങള്‍ ലഘൂകരിച്ചിട്ടുണ്ട്.
 
 
ദാനങ്ങളിലെ മഹാദാനമാണ് സ്വന്തം ജീവന്‍ ദാനം ചെയ്യുക എന്നത്. ജീവിച്ചിരിക്കുമ്പോള്‍  അതിനു സാധിച്ചില്ലെങ്കില്‍ തന്നെ മരണാനന്തരം പുഴുവിനും കീടങ്ങള്‍ക്കും ഭക്ഷണമായി തീര്‍ന്നുപോകുന്ന നമ്മുടെ അവയവങ്ങള്‍ നല്‍കിക്കൊണ്ട് നമ്മുടെ ഒരു സഹോദരനോ സഹോദരിക്കോ ജീവനേകാന്‍ നമുക്ക് സാധിക്കും. അപരനുവേണ്ടി ജീവന്‍ ഹോമിച്ച് മാനവകുലത്തെ ജീവന്‍റെ സമൃദ്ധിയിലേക്ക് നയിച്ച ക്രിസ്തു തന്നെയാണ് ഇതിനുളള  ഉത്തമ മാതൃക.

You can share this post!

അനുസരിച്ച് അപചയപ്പെടുമ്പോള്‍

ജിജോ കുര്യന്‍
അടുത്ത രചന

ഇലക്ടറല്‍ ബോണ്ട് എന്ന ഗുണ്ടാപിരിവ്

എം. കെ. ഷഹസാദ്
Related Posts