news-details
കവർ സ്റ്റോറി
വസ്തുതകള്‍
 
ഒരു പേടിസ്വപ്നത്തിന്‍റെ മധ്യേ ഞെട്ടിയുണര്‍ന്ന് അപരിചിതമായൊരു നഗരത്തിലെ മഞ്ഞുകട്ടകള്‍ നിറച്ച കുളിത്തൊട്ടിയില്‍ ശരീരത്തിലൊരു നീളന്‍ മുറിപ്പാടുമായി കിടക്കവേ, തന്‍റെ വൃക്ക മോഷ്ടിക്കപ്പെട്ടു എന്നറിയുന്ന ഒരാളെക്കുറിച്ചുള്ള വിഭ്രാത്മക കഥകള്‍ നാം കേട്ടിട്ടുണ്ട്. ഇത്തരം കഥകള്‍ പക്ഷേ സംഭവിച്ചിട്ടുണ്ടെന്നും ഇപ്പോഴും സംഭവിക്കുന്നുണ്ടെന്നും അധികമാരും അറിയുന്നില്ല. അവയവക്കടത്തിന്‍റെ ഭീതിദ ലോകത്തിലേക്ക് അവ നമ്മെ നയിക്കുന്നു. 
 
നിങ്ങള്‍ കരുതുന്നതിലേറെ വ്യാപകവും ക്രൂരവും കോടികള്‍ മറിയുന്ന കച്ചവടവുമാണ് അനധികൃത അവയവകൈമാറ്റം. കടത്തുകാരാരും പിടിക്കപ്പെടുന്നില്ല. നിയമത്തിനു മുന്നില്‍ വരുന്ന പ്രശ്നം അതിനാല്‍ ഉദിക്കുന്നുമില്ല. നിയമവിധേയമായി അവയവം ലഭിക്കുംവരെ കാത്തിരിക്കാനാകാത്ത, അതിനു മുന്നേ മരിക്കാന്‍ സാധ്യതയുള്ള രോഗികള്‍ക്ക് അനധികൃത കച്ചവടത്തെ ആശ്രയിക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗമില്ലെന്നതാണ് ഏറെ കഷ്ടം.
 
10. അവയവം മാറ്റിവയ്ക്കലില്‍ 90 ശതമാനം അനധികൃതം
 
ഓരോ വര്‍ഷവും ലോകമെമ്പാടും ഒരു ലക്ഷം അവയവ മാറ്റിവയ്ക്കലുകള്‍ നടക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന(WHO) കണക്കു കൂട്ടുന്നു. ഗവണ്മെന്‍റിന്‍റെ നയങ്ങളാലും അവയവ ദാനത്തെക്കുറിച്ചുള്ള വ്യക്തിപരമായ ധാരണക്കുറവാലും അവയവ കൈമാറ്റത്തിനിടയിലെ അപകട സാധ്യതകളാലും ആവശ്യമായ അവയവങ്ങള്‍ യഥാസമയം പക്ഷേ കിട്ടാറില്ല. ആവശ്യമായ അവയവങ്ങളുടെ പത്തിലൊന്നു മാത്രം ലഭ്യമാകുന്ന സാഹചര്യത്തില്‍ കരിഞ്ചന്ത സ്വാഭാവികം. ലോകത്തൊട്ടാകെ നടക്കുന്ന മുഴുവന്‍ അവയവം മാറ്റിവെക്കലുകളുടെയും അഞ്ചുമുതല്‍ പത്തു ശതമാനം വരെ മാത്രമാണ് നിയമവിധേയമെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. 90 ശതമാനവും നിയമവിരുദ്ധമായി നടക്കുന്നു. അതില്‍ 75 ശതമാനവും വൃക്കമാറ്റിവയ്ക്കലും.
 
9. വന്‍കച്ചവടം 
 
അനധികൃത അവയവ കച്ചവട വിപണിയില്‍ മറ്റെല്ലാ കരിഞ്ചന്തയിലും എന്നപോലെ, ഉപഭോക്താവ് വന്‍വില ഒടുക്കേണ്ടിവരുന്നു. ദാതാക്കളുടെ പട്ടികയില്‍ മുന്നിലെത്തുന്നതിനു മുന്നേ മരിക്കുമെന്നുറപ്പുള്ള രോഗികള്‍  അനധികൃത അവയവ മാറ്റത്തിലെ അപകടസാധ്യതകളൊന്നും കണക്കാക്കാതെ അതിലേക്ക് എടുത്തു ചാടുന്നു. അത് അവയവങ്ങള്‍ക്ക് അതിശയിപ്പിക്കുന്ന വില ഈടാക്കാന്‍ കച്ചവടക്കാര്‍ക്ക് അവസരം ഒരുക്കുന്നു.  
 
അവയവ കൈമാറ്റത്തിന്‍റെ ആഗോള വിപണിയുടെ ഒരു വര്‍ഷത്തെ ലാഭം 600 ദശലക്ഷം ഡോളര്‍ മുതല്‍ 1.2 ബില്യണ്‍ ഡോളര്‍ വരെയെന്ന് ഏകദേശ കണക്കുകള്‍ പറയുന്നു.

അയ്യായിരം ഡോളര്‍ വരെയൊക്കെ നല്‍കി ഫിലിപ്പൈന്‍സിന്‍റെ തലസ്ഥാനമായ മനില പോലുള്ള ദരിദ്ര പ്രദേശങ്ങളിലെ പാവങ്ങളില്‍ നിന്ന് എടുക്കുന്ന അവയവങ്ങള്‍, യു. എസില്‍ നിന്നും ജപ്പാനില്‍ നിന്നുമൊക്കെയുള്ള സമ്പന്നരായ രോഗികള്‍ക്ക് അവയവ കച്ചവടക്കാര്‍ നല്‍കുന്നത് രണ്ടു ലക്ഷം ഡോളറിനും മറ്റുമത്രേ. ഇത്ര ലാഭമുള്ള കച്ചവടം ലോകത്ത് മറ്റൊന്നുമുണ്ടാവില്ല. 

 
8. ലഭ്യതയും ആവശ്യവും
 
എല്ലാ അവയവങ്ങള്‍ക്കും ഒരു പോലെ വിലയില്ല എന്നു പറയേണ്ടതില്ല. എളുപ്പം നശിക്കുന്ന അവയവം, എളുപ്പം മുറിച്ചു മാറ്റാനും വച്ചുപിടിപ്പിക്കാനും കഴിയുന്ന അവയവം - അതിനാണ് വില കൂടുതല്‍. 
 
അവയവദാനത്തിനു ശേഷം ദാതാവ് ജീവിക്കുമോ എന്നതും പ്രസക്തമാണ്. അനധികൃതമായും അധികൃതമായും ഏറ്റവും കൂടുതല്‍ കൈമാറ്റം ചെയ്യപ്പെടുന്ന അവയവം വൃക്കയാണ്. മദ്യപാനം പോലുള്ള ജീവിതശൈലി വൃക്കയെ എളുപ്പത്തില്‍ നശിപ്പിക്കുന്നു എന്നതാണ് ഇതിന് ഒരു കാരണം. വൃക്കകള്‍ രണ്ടുള്ളതിനാല്‍ ആര്‍ക്കും ഒരെണ്ണം ദാനം ചെയ്യാം, ജീവിതം പഴയതു പോലെ തുടരുകയും ചെയ്യാം എന്ന സൗകര്യവും ഉണ്ടല്ലോ. അതിനാല്‍ അന്താരാഷ്ട്ര വിപണിയില്‍ വൃക്കയുടെ വില ഒന്നര ലക്ഷം  ഡോളറേയുള്ളു. 
 
കരളിനും അതൊക്കെ തന്നെ വില. കരളിന് അത്ര ആവശ്യം ഉണ്ടാവാറില്ല. അതിന്‍റെ ഒരു ചെറിയ ഭാഗം നല്‍കിയാല്‍ മതിയാവും. കൊടുക്കുകയും മേടിക്കുകയും ചെയ്യുന്ന ആളുടെ കരളു വളരുകയും ചെയ്യും. അസ്ഥികള്‍ക്കും അസ്ഥിബന്ധങ്ങള്‍ക്കും (Ligaments) അയ്യായിരം ഡോളര്‍ മതിയാകും. നേത്രപടലത്തിനു (cornea) ഇരുപതിനായിരം ഡോളര്‍ വരെ വിലയുണ്ട്. ഹൃദയവും ശ്വാസകോശവും ആണ് മോഹവിലയുള്ള അവയവങ്ങളെന്ന് പറയേണ്ടതില്ലല്ലോ. ശ്വാസകോശത്തിനു മൂന്നു ലക്ഷം ഡോളര്‍ വരെയും ഹൃദയത്തിന് അഞ്ചു ലക്ഷം ഡോളറിനു മുകളിലും അവയവ വിപണി വില മതിക്കും. 
 
7. ദുര്‍ബലരായ ദാതാക്കള്‍
 
ഒരവയവത്തിന് അയ്യായിരം ഡോളര്‍ എന്നത് നിങ്ങളെ ആകര്‍ഷിക്കില്ല, തീര്‍ച്ച. പക്ഷേ ലോകത്തിലെ നല്ലൊരു ശതമാനം ജനങ്ങള്‍ക്കും അതൊരു വന്‍തുകയാണ്. അവയവ കടത്തുകാര്‍ ഈ പാവങ്ങളെയാണ് ലക്ഷ്യമിടുക. അവയവങ്ങളുടെ ഒരു ഭാഗം വില്‍ക്കാന്‍ അവരെ പ്രേരിപ്പിക്കുക എളുപ്പമാണ്. അതിന് അധികം വിലയൊന്നും നല്‍കേണ്ടി വരില്ല. പലപ്പോഴും ഒരു ഭാഗത്തിനു പകരം മുഴുവന്‍ അവയവമോ, മറ്റ് അവയവങ്ങള്‍ തന്നെയോ മോഷ്ടിക്കപ്പെട്ടു എന്നും വരാം. ഇടപാടുകള്‍ മാന്യമായും ന്യായമായും നടക്കുന്നുവെന്ന് ഉറപ്പു വരുത്താന്‍ അവര്‍ക്ക് മാര്‍ഗ്ഗമൊന്നുമില്ലല്ലോ. 
 
2012 ല്‍ സ്പെയിനില്‍ ഒരു സ്ത്രീയുടെ സാഹസം ഇതിന് ഉദാഹരണമാണ്. അജ്ഞാതയായ ആ യുവതി വൃക്ക വില്‍ക്കാന്‍ താത്പര്യപ്പെടുന്നു എന്ന് ഓണ്‍ലൈന്‍ വഴി ആദ്യം പരസ്യം ചെയ്തു. പിന്നീട് ഒരു ശ്വാസകോശവും കരളിന്‍റെ ഒരു ഭാഗവും നേത്രപടലവും വില്‍ക്കാന്‍ തയ്യാറാണെന്ന് കൂട്ടിച്ചേര്‍ത്തു. പിടിക്കപ്പെട്ടാല്‍ 12 വര്‍ഷം വരെ തടവു ലഭിക്കാവുന്ന ഈ കൃത്യം ചെയ്യാന്‍ അവരെ പ്രേരിപ്പിച്ചത് ദാരിദ്ര്യം തന്നെ. വിധവയും വികലാഗയും ആയ അവര്‍ക്ക് മകളെ പോറ്റാനും ദൈനംദിന ചെലവുകള്‍ക്കും വാടകയ്ക്കും മാര്‍ഗമൊന്നും ഉണ്ടായിരുന്നില്ല. ഞെട്ടിക്കുന്ന വസ്തുത പക്ഷേ അതല്ല, ഈ പരസ്യത്തിന് പ്രചോദനം അവരുടെ ഡോക്ടറായിരുന്നുവെന്നതാണ്.
 
6. കരിഞ്ചന്തയുടെ മാന്ത്രിക വിദ്യകള്‍
 
2013 -ല്‍ സ്വിറ്റ്സര്‍ലണ്ടിലെ ഒരു പ്രമുഖ ആശുപത്രി ഒരു വിവാദത്തില്‍ പെട്ടു. റലെ ഫിറ്റ്കിന്‍ (Raleih Fitikin) ആശുപത്രിയിലെ ജീവനക്കാര്‍ അവയവങ്ങള്‍ കരിഞ്ചന്തയില്‍ അയല്‍രാജ്യങ്ങളിലെ ആവശ്യക്കാര്‍ക്ക് വില്‍ക്കുന്നുവെന്ന് ആയിരുന്നു ആരോപണം. 
'മാജിക്' എന്നര്‍ത്ഥം വരുന്ന മ്യൂട്ടി (Muti) എന്ന പാരമ്പര്യ ഔഷധം ഉപയോഗിച്ചായിരുന്നു അവയവം എടുത്തിരുന്നതത്രെ. നീക്കം ചെയ്ത അവയവങ്ങള്‍ കേടാകാതിരിക്കാന്‍ ഈ ഔഷധം നന്ന്. അവയവമെടുക്കവെ ആള്‍ മരണപ്പെട്ടാല്‍ തിരിച്ചറിയാതിരിക്കാനും ഇതുപകരിക്കും. പക്ഷേ തുടര്‍ച്ചയായ മരണം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടപ്പോള്‍ മരണാസന്നരായിരുന്ന രോഗികളില്‍ നിന്ന് അവയവം എടുക്കാന്‍ തുടങ്ങി. അത് ക്രീമുകളും പൗഡറുമുപയോഗിച്ച് സംസ്കരിച്ച് വില്‍ക്കുകയും ചെയ്തു. അവയവങ്ങളുടെ ആവശ്യം വര്‍ദ്ധിച്ചപ്പോള്‍ കല്ലറകളില്‍ നിന്ന് ശവശരീരങ്ങള്‍ മോഷ്ടിക്കാന്‍ തുടങ്ങി. ശവശരീരങ്ങള്‍ക്ക് കണ്ണും കയ്യും മാത്രമല്ല ലൈംഗികാവയവങ്ങള്‍ വരെ നഷ്ടമായി.
 
5. ഇറാന്‍റെ മാതൃക
 
അവയവ കരിഞ്ചന്തയുടെ കരിങ്കണ്ണില്‍ പെട്ട ദുര്‍ഭഗര്‍ നിരവധിയാണ്. ദരിദ്ര - ഗ്രാമീണ ചുറ്റുപാടുകളില്‍ കഴിയുന്ന ദുര്‍ബ്ബല വിഭാഗങ്ങളാണ് അവയവ ചന്തയുടെ ഇരകളില്‍ ഏറെയും. അവയവങ്ങള്‍ കൊള്ള ചെയ്യാനായി ആളുകളെ കൊല്ലുന്നു. ശവകുടീരങ്ങള്‍ കൊള്ളയടിക്കപ്പെടുന്നു. അനധികൃത അവയവ മാറ്റിവയ്ക്കലില്‍ അവയവം എടുക്കുന്നവരും സ്വീകരിക്കുന്നവരും ഒരു പോലെ അപകടത്തെ അഭിമുഖീകരിക്കുന്നു. ആഗോള ആവശ്യത്തിന്‍റെ പത്തു ശതമാനം മാത്രം ലഭിക്കുന്നതിനാല്‍ അവയവ കരിഞ്ചന്ത സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ നാള്‍ക്കു നാള്‍ കൂടി വരുന്നു. 
 
ഈവക കാരണങ്ങളാലാണ് ചില ആരോഗ്യവിദഗ്ദ്ധര്‍ 'ഇറാനിയന്‍ മാതൃകയ്ക്കായി' വാദിക്കുന്നത്. ഏതാണ്ട് 30 വര്‍ഷം മുമ്പ് ഇറാനില്‍ വൃക്ക സംബന്ധമായ രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു. 
 
ചികിത്സകള്‍ പരാജയപ്പെടുകയും ചികിത്സാച്ചെലവ് വര്‍ധിക്കുകയും ചെയ്തപ്പോള്‍ ഗവണ്മെന്‍റ് രോഗികളുടെ ബന്ധുക്കളെ വൃക്കദാനത്തിന് പ്രേരിപ്പിക്കുകയും പണം നല്‍കുകയും ശസ്ത്രക്രിയകള്‍ വിദേശത്ത് നടത്തുകയും ചെയ്തു. പദ്ധതി വിജയിക്കുകയും രോഗികളുടെ മരണനിരക്കില്‍ കുറവുണ്ടാവുകയും ചെയ്തെങ്കിലും ചെലവ് കൂടിത്തന്നെ നിന്നു. അതിനാല്‍ അവര്‍ അവയവദാന കേന്ദ്രങ്ങള്‍ രാജ്യമെങ്ങും തുറന്നു. അതൊരു സേവനമാര്‍ഗമാക്കി മാറ്റി. ബന്ധുക്കളല്ലാത്തവര്‍ക്കും അവയവം ദാനം ചെയ്യാമെന്ന് നിയമം നിര്‍മ്മിച്ചാണ് അവരത് സാധ്യമാക്കിയത്. 
 
അതുവഴി അവയവദാനം ഇരട്ടിയായി. അതിലേറെയും ബന്ധുക്കളല്ലാത്തവരുടേതും. അവയവ ദാനത്തിന് പ്രതിഫലവും ഇന്‍ഷുറന്‍സ് പരിരക്ഷയും നല്‍കി. ഒപ്പം ശസ്ത്രക്രിയാനന്തര ചികിത്സ മെച്ചപ്പെടുത്തുകയും ചെയ്തു. 
 
'അവയവം മാറ്റി വയ്ക്കല്‍ വിനോദസഞ്ചാരം' (Transplantation Tourism) എന്ന ഓമനപ്പേരില്‍ അറിയപ്പെട്ട വിദേശികള്‍ക്കുളള വൃക്ക കച്ചവടം ഗവണ്മെന്‍റ് നിരോധിച്ചു. ദരിദ്രരെയും അഭയാര്‍ത്ഥികളെയും ചൂഷണം ചെയ്യുന്നത് അവസാനിപ്പിച്ചു. ആശുപത്രി ജീവനക്കാരും ഇടനിലക്കാരും പണം പറ്റുന്ന് തടഞ്ഞു. 
 
അതുവഴിയുണ്ടായ മാറ്റം അതിശയകരമായിരുന്നു. അവയവങ്ങള്‍ ദാനം ചെയ്യുകയും സ്വീകരിക്കുകയും ചെയ്യുന്ന സമ്പന്നരുടെയും ദുര്‍ബലരുടെയും എണ്ണം ഏതാണ്ട് സമമായി. എത്രകണ്ട് സമ്പന്നര്‍ അവയവം സ്വീകരിക്കുന്നുണ്ടോ അത്രയും പേര്‍ ദാനം ചെയ്യുന്നു. എത്രകണ്ട് ദുര്‍ബലരും ദരിദ്രരും അവയവങ്ങള്‍ ദാനം ചെയ്യുന്നുവോ അത്രയും പേര്‍ സ്വീകരിക്കുകയും ചെയ്യുന്നു. 
 
അവയവദാനത്തിനു ശേഷം മരിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായി എന്നതാണ് മറ്റൊരു ഗുണഫലം.
ഇറാനില്‍ അവയവദാനത്താല്‍ മരിക്കുന്നവര്‍ പത്ത് ശതമാനം മാത്രമായപ്പോള്‍ അമേരിക്കയില്‍ അത് 60 ശതമാനമാണ്. 
 
4. കുട്ടിക്കടത്ത് (Child Traficking)
 
അവയവദാനം ചെയ്യാന്‍ സമ്മതമുള്ളവരെ കണ്ടെത്തിയാല്‍ തീരുന്നത്ര ലളിതമല്ല അവയവം മാറ്റിവയ്ക്കല്‍ പ്രക്രിയ. അവയവം രോഗിക്കു ചേര്‍ന്നതുമാകണം. ഒരേ രക്തഗ്രൂപ്പില്‍ പെട്ട ദാതാവിനെ കണ്ടെത്തിയാല്‍ മാത്രം പോര. ഏകദേശം ഒരേ പ്രായവും ആകാരവും ആയിരിക്കണം. ഇക്കാരണത്താലാണ് നിഷ്കളങ്ക ബാല്യങ്ങള്‍ അവയവ കരിഞ്ചന്തയുടെ ഇരകളാകുന്നത്. 
 
ലോകമൊട്ടാകെ കുട്ടിക്കടത്ത് നടക്കുന്നു. പക്ഷേ ഏറ്റവും കുപ്രസിദ്ധി മൊസാമ്പിക്കിനാണ്. വടക്കന്‍ പട്ടണമായ നാമ്പുല (Nampula) യില്‍ 30 വര്‍ഷമായി അനാഥാലയം നടത്തുന്ന കന്യാസ്ത്രീകള്‍ (Sisters of Servants of Mary Immaculate) കുട്ടിക്കടത്തിന്‍റെ ദുരനുഭവങ്ങള്‍ക്കു നേര്‍സാക്ഷ്യം നല്‍കുന്നു.
 
അനാഥാലയത്തില്‍ നിന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ നിരന്തരം ശ്രമം നടക്കുന്നു. അനാഥാലയത്തിലുള്ള പല കുട്ടികളുടെയും അവയവങ്ങള്‍ അവിടെ എത്തിപ്പെടുംമുമ്പ് മുറിച്ചുമാറ്റിയിരുന്നു. അവരില്‍ ചിലര്‍ പിന്നീട് മരണപ്പെട്ടു. കുട്ടിക്കടത്തുകാരില്‍ നിന്ന് കന്യാസ്ത്രീകള്‍ക്ക് നിരന്തരം ഭീഷണി ഉയരുന്നു. പോലീസും ഇതിനു കൂട്ടുനില്‍ക്കുന്നതായും തദ്ദേശവാസികള്‍ പറയുന്നു.
 
3. പ്രാദേശിക ഇടപാടുകള്‍
 
 
 
എല്ലാ അവയവക്കടത്തുകളിലും അന്താരാഷ്ട്ര തലത്തിലുള്ള ഇടപെടലുകളും തട്ടിക്കൊണ്ടു പോകലും ഉണ്ടാവണമെന്നില്ല. ചില സന്ദര്‍ഭത്തില്‍ പരിമിതമായ വൃത്തങ്ങളില്‍ ഒതുങ്ങി നില്‍ക്കുന്ന ഇടപാടുകളും നടക്കുന്നു. അതാവട്ടെ അവയവദാതാക്കളോ ബന്ധുക്കളോ അറിയാതെയാവും സംഭവിക്കുക. ഇത്തരം സംഭവങ്ങള്‍ കണ്ടുപിടിക്കാന്‍ എളുപ്പമല്ല. പുറത്തു വന്നവയില്‍ ഞെട്ടിക്കുന്ന സംഭവം റൂബെന്‍ നെവോറയുടേതായിരുന്നു.
2006 ജനുവരിയില്‍ കാലിഫോര്‍ണിയയിലെ സിയേറവിസ്റ്റ റീജിയണല്‍ മെഡിക്കല്‍ സെന്‍ററില്‍ ഇരുപത്തഞ്ചുകാരനായ റൂബനെ പ്രവേശിപ്പിക്കുന്നു. നാഡീവ്യവസ്ഥയില്‍ അപക്രമം (Neulelogical disorder)  സ്ഥിരീകരിച്ചു. റൂബന്‍റെ ശാരീരിക മാനസിക അവസ്ഥ ക്രമേണ തകരാറിലാവുകയും ഒടുവില്‍ അബോധാവസ്ഥയിലെത്തുകയും ചെയ്തു. വികലാംഗ ആനുകൂല്യത്താല്‍ മാത്രം ജീവിക്കുന്ന റൂബന്‍റെ അമ്മയെ അവന്‍റെ അവസ്ഥ മാരകമാണെന്നും ജീവിതത്തിലേക്ക് ഇനി തിരിച്ചുവരില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിക്കുന്നു. അവന്‍റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ അനുവദിക്കണമെന്ന് അന്നു രാത്രി അവരോട് അവര്‍ അഭ്യര്‍ത്ഥിക്കുന്നു. അവള്‍ അത് അംഗീകരിക്കുന്നു. ഏതാനും ദിവസങ്ങള്‍ക്കകം  അവന്‍റെ ജീവന്‍ നിലനിര്‍ത്തിയിരുന്ന സംവിധാനങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിക്കുന്നു. വെന്‍റിലേറ്ററിന്‍റെ സഹായമില്ലാതെ റൂബന്‍ ജീവന്‍ നിലനിര്‍ത്തിയതിനെ തുടര്‍ന്ന് അവനെ 'വധിക്കാന്‍'  അവനെ ചികിത്സിച്ചിരുന്ന ഡോക്ടര്‍ ഹ്യൂട്ടണ്‍ സി. റൂസ്റോക്ക്  നേഴ്സിനോട് നിര്‍ദ്ദിശിച്ചതായി ആരോപണമുയര്‍ന്നു. മരണം വേഗത്തിലാക്കാന്‍ മോര്‍ഫിനും ആന്‍റിസെപ്റ്റിക്കും രോഗിയില്‍ കുത്തിവെച്ചു. എന്നിട്ടും റൂബന്‍ ജീവിച്ചു. അവയവക്കച്ചവടം നടന്നതുമില്ല.
 
സംശയകരമായ സാഹചര്യങ്ങളുണ്ടായിരുന്നിട്ടും ഡോക്ടര്‍ റൂസ്റോക്ക് കുറ്റവിമുക്തനായി. മരണാസന്നരായ രോഗികളില്‍ നിന്ന് അവയവം മുറിച്ചുമാറ്റിയെന്ന നിരവധി പരാതികള്‍ യു.എസില്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും വിചാരണ നടന്ന എക സംഭവം ഇതായിരുന്നു. മിക്ക സ്ഥലങ്ങളിലും ശവശരീരം സംസ്കരിക്കപ്പെടുന്നതിനാല്‍ സത്യം പുറത്തുവരാന്‍ സാധ്യതയില്ലാതാകുന്നു.
 
2. യുദ്ധകുറ്റങ്ങള്‍ 
 
രണ്ടു കാരണങ്ങളാലാണ് അവയവക്കടത്തുകാര്‍ ദരിദ്രരെയും ദുര്‍ബലരെയും ലക്ഷ്യമിടുന്നത്. കുറഞ്ഞ പണത്തിന് അവയവങ്ങള്‍ വില്‍ക്കാന്‍ അവര്‍ തയ്യാറാവും. സമൂഹത്തില്‍ സ്വാധീനമില്ലാത്തവരുടെ കാര്യത്തില്‍ പോലീസ് ഇടപെടുകയുമില്ല. എങ്കിലും ഒരു പ്രദേശത്ത് ഒട്ടേറെപ്പെര്‍ അവയവക്കടത്തിന് ഇരയാകുന്നത് പൊതുജനശ്രദ്ധ ഉയരാന്‍ ഇടയാക്കും. അത് അടുത്ത പ്രദേശത്തേക്ക് നീങ്ങാന്‍ അവയവക്കടത്തുകാരെ നിര്‍ബന്ധിതരാക്കും. എങ്കിലും ഒരു പ്രദേശത്ത് ഒട്ടേറെപ്പേര്‍ കൊല്ലപ്പെടുകയും കാണാതാവുകയും ചെയ്യുന്നത് കാര്യങ്ങളെ പ്രതിസന്ധിയിലെത്തിക്കും. യുദ്ധങ്ങളും പ്രകൃതിദുരന്തങ്ങളും അവയവക്കടത്തുകാര്‍ക്ക് ചാകരയാകുന്നത് ഇതിനാലാണ്.
 
2015-ല്‍ ഈജിപ്തിലെ ഒരു കടല്‍തീരത്ത് ഒന്‍പത് സോമാലി പൗരന്മാരുടെ ജഡങ്ങള്‍ കണ്ടെടുത്തു. കടലില്‍ മുങ്ങിമരിച്ചതാവാമെന്ന് ആദ്യം കരുതിയെങ്കിലും അവരുടെ ദേഹത്തെ മുറിപ്പാടുകള്‍ അവര്‍ അവയവക്കടത്തിന്‍റെ ഇരകളാണെന്ന് വ്യക്തമാക്കി. 2004-ലെ സുനാമി ദുരന്തത്തിനു ശേഷം ഇന്ത്യയിലെ ഒരു ചേരി 'കിഡ്നിവില്ല' (Kidny Villa) എന്നാണറിയപ്പെടുന്നത്. ദുരന്തബാധിതരായ ചേരിനിവാസികളെ ചികിത്സിക്കുന്നതിനു പകരമായി ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടത് അവരുടെ വൃക്കകളായിരുന്നു.
കൊസാവോ യുദ്ധകാലത്ത് കൊസാവോ ലിബറേഷന്‍ ആര്‍മി പിടികൂടിയ എതിരാളികളായ സെര്‍ബിയക്കാരുടെ അവയവങ്ങള്‍ മുറിച്ചുമാറ്റി വിറ്റതായി ആരോപണമുയര്‍ന്നു. മാധ്യമപ്രവര്‍ത്തകര്‍ ഈ വിഷയം ജനശ്രദ്ധയില്‍ കൊണ്ടുവന്നതോടെ യുറോപ്യന്‍ യൂണിയന്‍ അന്വേഷണം നടത്തുകയും വിചാരണക്ക് കോടതിയെ നിയോഗിക്കുകയും ചെയ്തു. കോടതി ഇത് യുദ്ധകുറ്റകൃത്യമെന്ന നിലയില്‍ വിചാരണ നടത്തും.
 
1. എല്ലാവര്‍ക്കും സന്തോഷം?
 
അവയവക്കടത്ത് സാക്ഷികളില്ലാത്ത കുറ്റകൃത്യമാണെന്ന് അവയവകടത്തുകാര്‍ അഹങ്കരിക്കുന്നു. രോഗികള്‍ക്ക് ജീവന്‍ തിരിച്ചു കിട്ടുന്നു. ദാതാവിന് പണം കിട്ടുന്നു. ഇടനിലക്കാരന് ജീവനോപാധി സാധ്യമാകുന്നു. പക്ഷേ അവയവം നല്‍കാന്‍ തയ്യാറല്ലാത്തവര്‍ ഇരകളാക്കപ്പെടുന്നു. അനുയോജ്യമല്ലാത്ത അവയവം സ്വീകരിച്ചവര്‍ അപകടത്തിലാവുന്നു. സത്യത്തില്‍ അനധികൃത അവയവ കൈമാറ്റം ആര്‍ക്കും സുഖകരമല്ല. അത് അതിലുള്‍പ്പെട്ട എല്ലാവര്‍ക്കും പ്രശ്നം തന്നെ. 
യു. എസ്സില്‍ 120,000 പേര്‍ അവയവം സ്വീകരിക്കാന്‍ കാത്തിരിക്കുന്നു. ഓരോ പത്തു മിനിറ്റിലും ഒരാള്‍ ഈ പട്ടികയില്‍ പേരു ചേര്‍ക്കുന്നു. ഒരു ദിവസം 22 പേര്‍ ഈ പട്ടികയില്‍ നിന്ന് മരിച്ച് പിന്‍വാങ്ങുന്നു. എങ്കിലും ഒരൊറ്റ ദാതാവിന് എട്ട് പേരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കും. അവയവങ്ങള്‍ക്ക് പുറമെ കോശങ്ങള്‍ (tissues) കൂടി ദാനം ചെയ്താല്‍ അതേ ദാതാവിന് 75 പേരെ രക്ഷിക്കാം! 320 ദശലക്ഷം പേര്‍ ജീവിക്കുന്ന ഒരു രാജ്യത്ത് മൂന്നു പേരെ അധികം കണ്ടെത്തുക അത്ര ബുദ്ധിമുട്ടുള്ള കാര്യമാണോ? 
 
അല്ലെന്നാണ് ഉത്തരം. ഭൂരിപക്ഷം പേരും യോഗ്യരെങ്കിലും അമേരിക്കന്‍ ജനതയില്‍ 42 ശതമാനം പേര്‍ മാത്രമേ അവയവദാനത്തിനായി സമ്മതം അറിയിച്ചിട്ടുള്ളു. 
അവയവ കൈമാറ്റ വിഷയം അഭിമുഖീകരിക്കുന്നതില്‍ അമേരിക്കന്‍ ഗവണ്മെന്‍റും ജനതയും അമ്പേ പരാജയപ്പെട്ടതാണ് അവയവ കരിഞ്ചന്ത നിലനില്‍ക്കാനും വളരാനും കാരണമെന്നതാണ് യാഥാര്‍ത്ഥ്യം. 
 
വേല്‍സ് (Wales) 2015 -ല്‍ അവയവദാന നിയമം ഭേദഗതി ചെയ്തു. അതനുസരിച്ച് മറിച്ച് വ്യവസ്ഥ ചെയ്യാത്ത ഏതൊരാളും അവയവദാതാവാണ്. അതുമൂലം നൂലാമാലകള്‍ ഒഴിവാക്കി ഡോക്ടര്‍മാര്‍ക്ക് താമസം വിനാ അവയവം എടുക്കുകയും ആവശ്യക്കാരില്‍ വച്ചു പിടിപ്പിക്കുകയും ചെയ്യാം. അവയവ ദാനത്തില്‍ അതുവഴി 10 ശതമാനം വര്‍ദ്ധന ഉണ്ടായി. (യു. കെ. യില്‍ മറ്റിടങ്ങളില്‍ അത് നാല് ശതമാനം മാത്രം). ആറു ശതമാനം ആളുകള്‍ മാത്രമേ അവയവദാനത്തെ എതിര്‍ത്തുള്ളൂ എന്നതാണ് ഏറ്റം പ്രധാന കാര്യം. 24 രാജ്യങ്ങള്‍ ഇന്ന് ഇത്തരം മുന്‍കൂര്‍ അനുവാദ നിയമം രൂപീകരിച്ചിരിക്കുന്നു. അതു മൂലം അവിടങ്ങളില്‍ അവയവ ദാനത്തില്‍ 30 ശതമാനം വര്‍ദ്ധന ഉണ്ടായിരിക്കുന്നു. 
 
അവയവക്കടത്തുകാര്‍ ഭീതി പരത്തുന്ന ഇക്കാലത്ത് നമുക്ക് നമ്മോടു തന്നെ രണ്ടു ചോദ്യങ്ങള്‍ ചോദിക്കാം. എന്ന് അവയവക്കടത്തിന്‍റെ അധോലോകത്തെ ഗവണ്മെന്‍റിന് നിയന്ത്രിക്കാനാകും? അതുവരെ വിശ്വസിച്ച് എവിടെ എനിക്ക് ഒപ്പിടാനാകും?
 
മൊഴിമാറ്റം ടോം മാത്യു

You can share this post!

അനുസരിച്ച് അപചയപ്പെടുമ്പോള്‍

ജിജോ കുര്യന്‍
അടുത്ത രചന

ഇലക്ടറല്‍ ബോണ്ട് എന്ന ഗുണ്ടാപിരിവ്

എം. കെ. ഷഹസാദ്
Related Posts