news-details
കവർ സ്റ്റോറി

അവയവദാനം ചില ചോദ്യങ്ങള്‍

 
1. ഇന്നത്തെ ഇന്ത്യയുടെ സാഹചര്യത്തില്‍ അവയവം മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ എത്രമാത്രം വിജയകരമാണ്? അവയവ ദാതാവിന്‍റെയും സ്വീകര്‍ത്താവിന്‍റെയും ജീവിത ദൈര്‍ഘ്യം പരിഗണിക്കുമ്പോള്‍ ഇത് എത്രത്തോളം ആശാവഹമാണ്? 
ഉത്തരം: ഇന്ത്യയുടെ ഇന്നത്തെ  സാഹചര്യത്തില്‍ അവയവം മാറ്റിവയ്ക്കല്‍ 60 മുതല്‍ 70 ശതമാനം വരെ വിജയകരമായിട്ടാണ് നടക്കുന്നത്. അവയവദാതാവിന്‍റെ ജീവിത ദൈര്‍ഘ്യത്തെ സംബന്ധിച്ച്, ശസ്ത്രക്രിയയ്ക്ക് ശേഷം മികച്ച പരിചരണം ലഭിച്ചാല്‍ യാതൊരു പ്രശ്നവും ഉണ്ടാവില്ല. എന്നാല്‍, അവയവം സ്വീകരിക്കുന്ന ആളിന് 10 മുതല്‍ 15 വര്‍ഷം വരെ ജീവിത ദൈര്‍ഘ്യം നീട്ടിക്കിട്ടുന്നു.
 
2. സര്‍, സുപ്രീം കോടതിയില്‍ കൈകാര്യം ചെയ്ത അവയവദാനവുമായി ബന്ധപ്പെട്ട കേസുകളുടെ അടിസ്ഥാന സ്വഭാവം എന്തായിരുന്നു? അവ എത്രത്തോളം വിജയകരമായിരുന്നു? ഇനിയും ആശങ്കകള്‍ക്ക് അടിസ്ഥാനമുണ്ടോ?  
ഉത്തരം: അവയവ ദാനത്തെ സംബന്ധിച്ച് കേസുകളൊന്നും സുപ്രീം കോടതിയില്‍ ഞാന്‍ കൈകാര്യം ചെയ്തിട്ടില്ല. എന്നാല്‍ ഹൈക്കോടതിയിലും ജില്ലാക്കോടതിയിലും ഇത്തരം കേസുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. മിക്കവാറും കേസുകളില്‍ നിന്നു ഞാന്‍ മനസ്സിലാക്കിയ കാര്യം പലപ്പോഴും അവയവ ദാതാക്കള്‍ ദരിദ്രമായ സാഹചര്യത്തില്‍ നിന്നു ഉള്ളവരാണ്. തുച്ഛമായ തുക പ്രതിഫലം കൈപ്പറ്റി, ഇടനിലക്കാരുടെയും പണക്കാരുടെയും നിര്‍ബന്ധത്തിന് വഴങ്ങി അവയവ ദാനം ചെയ്യാന്‍ ഇത്തരക്കാര്‍ നിര്‍ബന്ധിതരാകുന്നു. 
ഇത്തരമൊരു കേസില്‍, സ്വീകര്‍ത്താവില്‍ നിന്ന് 33 ലക്ഷം വാങ്ങി നടത്തിയ ശസ്ത്രക്രിയയ്ക്ക് പ്രതിഫലമായി ദാതാവിന് ലഭിച്ചത് 3 ലക്ഷം മാത്രമാണ്. ബാക്കി 30 ലക്ഷം രൂപ ഡോക്ടര്‍മാരും ഇടനിലക്കാരും കൈക്കലാക്കി. അവയവ ദാനവുമായി ബന്ധപ്പെട്ട മിക്ക കേസുകളിലും അവയവദാതാവ് നിയമക്കുരുക്കിലകപ്പെട്ട് ജയിലിലാക്കപ്പെടുകയും സ്വീകര്‍ത്താവ് പണക്കൊഴുപ്പു കൊണ്ട് എല്ലാ നിയമ പ്രശ്നങ്ങളിലും നിന്ന് രക്ഷപ്പെടുകയും ചെയ്യുന്നു. 
3. അവയവ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയെ സംബന്ധിച്ചു ഇന്ന് ഇന്ത്യയില്‍ നിലവില്‍ ഉള്ള നിയമങ്ങള്‍ മാനവ പുരോഗതിയെ എത്രത്തോളം സ്വാധീനിക്കുന്നു? നിലവില്‍ ഉള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഇത് എത്രത്തോളം പര്യാപ്തമാണ്?
ഉത്തരം: ട്രാന്‍സ്പ്ലാന്‍റേഷന്‍ ഓഫ് ഹ്യൂമന്‍ ഓര്‍ഗന്‍സ് ആന്‍ഡ്  ടിഷ്യൂസ് ആക്ട് (Transplantation of Human Organs and Tissues Act - 1994) പ്രകാരം, അനുവാദമില്ലാതെയുള്ള അവയവ മാറ്റം, സാമ്പത്തിക ലക്ഷ്യം വച്ചുള്ള അവയവ ദാനം, നിയമവിരുദ്ധമായ അവയവദാന ഇടപാടുകള്‍ എന്നിവയ്ക്കെതിരായി സെക്ഷന്‍ 18,19,20 എന്നീ ഖണ്ഡികകളില്‍ ശിക്ഷാനടപടികളും വ്യക്തമാക്കുന്നുണ്ട്. 
 
4. നിലവിലുള്ള നിയമങ്ങള്‍ക്ക് അപര്യാപ്തത ഉണ്ടോ? ഉണ്ടെങ്കില്‍ എങ്ങനെ പരിഹരിക്കാന്‍ സാധിക്കും? 
ഉത്തരം: Transplantation of Human Organs and Tissues Act - 1994) ചൂഷണങ്ങളില്‍ നിന്ന് പാവങ്ങളെ രക്ഷിക്കാനാണ്. എന്നാല്‍ അവയവ ദാതാവും സ്വീകര്‍ത്താവും അടുത്ത ബന്ധുക്കളാണെന്നു വരെ വ്യാജരേഖകള്‍ ഉണ്ടാക്കി പാവപ്പെട്ട അവയവ ദാതാക്കളെ ആശുപത്രികളും ഇടനിലക്കാരും ചൂഷണം ചെയ്യുന്നു. സാമ്പത്തിക ഭദ്രതയും ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള പരിചരണവും ഉറപ്പാക്കിയാല്‍ ദാതാവിന്‍റെ ജീവിതം അപകടനില തരണം ചെയ്യുന്നതാണ്. ചികിത്സാവശ്യങ്ങള്‍, കടബാധ്യത, വിദ്യാഭ്യാസം തുടങ്ങിയവയ്ക്കായാണ് കൂടുതല്‍ അവയവദാനവും നടക്കുന്നത്. ആര്‍ഭാട ജീവിതം അവയവ ദാനത്തിന് കാരണമായി ഇതുവരെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. 
 
5. ഇന്ത്യയില്‍ നടക്കുന്ന അവയവ ദാനങ്ങളില്‍ എത്ര ശതമാനം സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കു വേണ്ടി നിര്‍ബന്ധിതമായി നടത്തപ്പെടുന്നുണ്ട്?
ഉത്തരം: ഇന്ത്യയുടെ വടക്കന്‍ പ്രദേശങ്ങളില്‍ 60 ശതമാനത്തോളം അവയവദാനവും പണത്തിനു വേണ്ടിയാണ്. ഇതിനുള്ള പ്രധാന കാരണം ദരിദ്ര പശ്ചാത്തലവും സാമ്പത്തിക ഭദ്രതയില്ലായ്മയും ആണ്. 
 
6. അവയവ ദാനങ്ങള്‍ സുതാര്യതയോടെ അര്‍ഹതപ്പെട്ടവരിലേക്ക് എത്തിക്കുന്നത് കൂടുതല്‍ കാര്യക്ഷമമാക്കാന്‍ നമുക്ക് എന്ത് ചെയ്യാന്‍ സാധിക്കും?
ഉത്തരം: അവയവമാറ്റവുമായി ബന്ധപ്പെട്ട് അധികാരികളില്‍ നിന്ന് അനുവാദം ലഭിക്കുന്നതിന് ഇന്ന് വലിയ ബുദ്ധിമുട്ടാണ്. എന്നാല്‍ അവയവദാനങ്ങള്‍ കൂടുതല്‍ സുതാര്യതയോടെ ജനങ്ങളിലെത്തിക്കാന്‍ നിയമവ്യസ്ഥയിലെ നൂലാമാലകള്‍ ലഘൂകരിക്കേണ്ടതും എളുപ്പമാക്കേണ്ടതും ആവശ്യമാണ്. 
 
7. അവയവ കരിഞ്ചന്ത ഇന്ത്യയില്‍ എത്രത്തോളം ശക്തമാണ്? കൃത്യമായ സ്ഥിതിവിവരക്കണക്കുകള്‍ എന്തെങ്കിലും ലഭ്യമാണോ? 
ഉത്തരം: ഇന്ത്യയുടെ വടക്കന്‍ ഭാഗങ്ങളില്‍ കരിഞ്ചന്ത വ്യാപകമാണ്. യഥാര്‍ത്ഥ കണക്കുകള്‍ ലഭ്യമല്ലെങ്കിലും കുറഞ്ഞ വിലയില്‍ അവയവങ്ങളുടെ ലഭ്യത മൂലം മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നിന്ന് വളരെപേര്‍ ഇന്ത്യയില്‍ എത്തുന്നുണ്ട്. 
 
9. ഇന്ന് ഇന്ത്യയില്‍ അവയവദാനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ എത്രത്തോളം പര്യാപ്തമാണ്? ആരോഗ്യകരമായ രീതിയില്‍ കൂടുതല്‍ സൗകര്യപ്രദമായി സ്വീകര്‍ത്താവിന്‍റെയും ദാതാവിന്‍റെയും ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ എന്തെങ്കിലും ഉണ്ടോ?
ഉത്തരം: അവയവദാന മേഖലയില്‍ നിരവധി സംഘടനകള്‍ ഉണ്ടെങ്കിലും അവയൊന്നും പര്യാപ്തമായ അവസ്ഥയിലല്ല ഇന്ന് പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ സുതാര്യമായും ഫലപ്രദമായും പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ അനിവാര്യമാണ്. 
 
ദാതാവിന്‍റെയും സ്വീകര്‍ത്താവിന്‍റെയും അവസ്ഥയെയും താത്പര്യങ്ങളെയും മാനിച്ച് അവയവദാനം കൂടുതല്‍ ആരോഗ്യകരമാക്കാന്‍ സ്വീകരിക്കാവുന്ന ചില പ്രായോഗിക നടപടികള്‍:
 
  • സങ്കീര്‍ണ്ണമായ നിയമനടപടികള്‍ ഒഴിവാക്കുക.
 
  • അധികാരികള്‍ അവയവദാനത്തിന് അനുവാദം നല്‍കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുക. 
 
  • അവയവ ദാതാവിന്‍റെ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുക. 
 
  • ദാതാവിനും സ്വീകര്‍ത്താവിനും ശസ്ത്രക്രിയയ്ക്ക് ശേഷം മികച്ച പരിചരണം ഉറപ്പാക്കുക. 
 
  • ഇടനിലക്കാരെ പൂര്‍ണ്ണമായും ഒഴിവാക്കുക.
 
  • അവയവദാനവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുക. 
 
  • അവയവദാതാവ് ജയിലിനെയോ അറസ്റ്റോ പേടിക്കരുത്. 
 

You can share this post!

അനുസരിച്ച് അപചയപ്പെടുമ്പോള്‍

ജിജോ കുര്യന്‍
അടുത്ത രചന

വാസം

സുനില്‍ സി.ഇ.
Related Posts