news-details
എഡിറ്റോറിയൽ

വെളിച്ചത്തിലേക്ക് (ഓര്‍മ)

ഡോക്ടര്‍ വളരെ സൗമ്യമായിട്ടാണു സംസാരിച്ചത്. എന്നിട്ടും അദ്ദേഹത്തിന്‍റെ വാക്കുകള്‍ എന്നിലേക്ക് ഇടിത്തീ പോലെയാണു നിപതിച്ചത്.

"സോറി രമേശ്, താങ്കളുടെ വൃക്കകളുടെ പ്രവര്‍ത്തനം വളരെ കുറവായിരിക്കുന്നു. നമുക്കു ഉടനെ തന്നെ ഡയാലിസിസ് തുടങ്ങണം"

ഞാന്‍ മദ്രാസ്സിലുള്ള ഡോക്ടര്‍ മുത്തുസേതുപതിയുടെ ക്ലിനിക്കില്‍ ഇരിക്കുകയാണ്. പതിവു പരിശോധനക്കു വന്നതാണ്. അന്ന് 1986 ഒക്ടോബര്‍ 24 ആയിരുന്നു. ഇപ്പോഴും ഓര്‍മയുണ്ട്. അന്നെടുത്ത ലബോറട്ടറി പരിശോധനകളില്‍ എന്‍റെ രക്തത്തിലെ ക്രീയാറ്റിന്‍ 9, യൂറിയ 194 എന്ന് കണ്ടിരുന്നു. അതു നോക്കിയിട്ടാണ് ഡോക്ടര്‍ അപ്രകാരം പറഞ്ഞത്.

ആദ്യമുണ്ടായ നടുക്കത്തില്‍ നിന്നു ഏതാനും നിമിഷങ്ങള്‍ക്കകം മുക്തനായ ഞാന്‍ കൂടുതല്‍ സംശയങ്ങള്‍ ചോദിച്ചു. ഡോക്ടറോട്  ഇംഗ്ലീഷിലോ തമിഴിലോ ആണു സംസാരിക്കുന്നത്. അദ്ദേഹം സാവകാശം എല്ലാ സംശയങ്ങള്‍ക്കും വിശദീകരണം നല്‍കി.
"ഡയാലിസിസ് ഒരു താത്കാലിക ചികിത്സ മാത്രമാണ്. വൃക്ക മാറ്റി വയ്ക്കുക എന്നതാണു പരിഹാരം. ആരോഗ്യമുള്ള ഒരാള്‍ക്ക് അയാളുടെ ശരീരത്തിലുള്ള രണ്ടു വൃക്കകളില്‍ ഒന്നു ദാനം ചെയ്യുന്നതു കൊണ്ടു ശാരീരിക പ്രശ്നങ്ങളൊന്നുമുണ്ടാകില്ല. ദാനം തരാന്‍ തയ്യാറുള്ള ഒരാളെ കണ്ടെത്തണം. സഹോദരങ്ങളുടെ വൃക്ക ആയിരിക്കും യോജിക്കുക."

ഡോക്ടര്‍ പിന്നെയും കുറേ കാര്യങ്ങള്‍ വിശദീകരിച്ചു. ഞാന്‍ അന്നു രാത്രിയിലുള്ള തീവണ്ടിക്കു നാട്ടിലേക്കു മടക്കയാത്ര ബുക്കു ചെയ്തിട്ടിരിക്കയാണ്.  അതറിയാവുന്ന ഡോക്ടര്‍ പറഞ്ഞു.

"രമേശ് നാട്ടിലേക്കു പൊയ്ക്കൊള്ളുക. എത്രയും വേഗം ആവശ്യമായ തയ്യാറെടുപ്പുകളോടെ മടങ്ങി വരണം. വൃക്ക തരാന്‍ തയ്യാറുള്ള ആളുണ്ടെങ്കില്‍ ഒരു മാസത്തിനകം ശസ്ത്രക്രിയ നടത്താം. അതുവരെ ഡയാലിസിസ് ചെയ്യണം."
ഞാന്‍ സാവകാശം ക്ലിനിക്കില്‍ നിന്നുമിറങ്ങി റെയില്‍വേ സ്റ്റേഷനിലെത്തി. ട്രെയിനില്‍ കയറി ഒരു സൈഡ് ബര്‍ത്തില്‍ ചാരി പുറത്തേക്കു നോക്കിയിരുന്നു. തീവണ്ടി യാത്ര തുടങ്ങിയതോടെ സഹയാത്രികര്‍ ഒന്നൊന്നായി അവരവരുടെ ബര്‍ത്തില്‍ കിടന്നുറക്കമായി. എനിക്ക് ഉറക്കം വന്നില്ല. എന്‍റെ മനസ്സില്‍  ചിന്തകള്‍ ശക്തമായി തിരയടിച്ചു കൊണ്ടേയിരുന്നു.

1981 ലാണ് എനിക്ക് ആദ്യമായി വൃക്കരോഗ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. രാവിലെ ഉണരുമ്പോള്‍ മുഖത്തും കണ്‍പോളകളിലും നീരും, വൈകുന്നേരമാകുമ്പോഴേക്കും കാലില്‍ നീര്‍ക്കെട്ടുമായിരുന്നു ആദ്യ ലക്ഷണങ്ങള്‍. ഞാന്‍ അക്കാലത്ത് പുനലൂരിനടുത്തുള്ള ഇടമണ്‍ എന്ന സ്ഥലത്താണ് ജോലി ചെയ്തിരുന്നത്. ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ആയിരുന്നു എന്‍റെ സേവനം.

പുനലൂരിലുള്ള ജനറല്‍ ഫിസിഷ്യനെ കണ്ടു പരിശോധിപ്പിച്ചു. മൂത്രത്തില്‍ ആല്‍ബുമിന്‍ അധികമായി കണ്ടതു കൊണ്ട് അദ്ദേഹം എന്നെ യൂറോളജിസ്റ്റിന്‍റെ അടുത്തേക്കയച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യൂറോളജി വിഭാഗത്തിലെ ഡോക്ടറെയാണ് സമീപിച്ചത്. വിശദമായ പരിശോധനകള്‍ക്കു ശേഷം അദ്ദേഹം പറഞ്ഞത് എനിക്ക് വൃക്കരോഗമാണെന്നും ചികിത്സക്കായി നെഫ്രോളജിസ്റ്റിനെ കാണണമെന്നുമാണ്. അക്കാലത്തു കേരളത്തില്‍ വൃക്കരോഗ വിദഗ്ദ്ധര്‍ ദുര്‍ലഭമായിരുന്നു.

എന്‍റെ ഇളയമ്മയും കുടുംബവും മദ്രാസ്സിലായിരുന്നു താമസം. തുടര്‍ചികിത്സക്കു അവരുടെ സഹായം തേടി ഞാന്‍ മദിരാശിയിലേക്കു പോയി. ചിത്തിയുടെ വീട്ടില്‍ താമസിച്ചു കൊണ്ട് മദിരാശിയിലെ ഒരു പ്രമുഖ നെഫ്രോളജിസ്റ്റായ ഡോക്ടര്‍ മുത്തുസേതുപതിയെ കണ്ടു.

വിശദമായ പരിശോധനകള്‍ക്കും വൃക്ക ബയോപ്സിക്കും ശേഷം എന്‍റെ രോഗം ഗ്ലോമറുലോ നെഫ്രൈറ്റിസ് ആണെന്നു സ്ഥിരീകരിച്ചു. രോഗം ആരംഭഘട്ടത്തിലാണെന്നും, രോഗവ്യാപനം തടയാനുള്ള ചികിത്സ തുടങ്ങാമെന്നും ഡോക്ടര്‍ പറഞ്ഞു. രണ്ടോ മൂന്നോ മാസം കൂടുമ്പോള്‍ മദിരാശിയില്‍ പോയി പരിശോധന നടത്തി ഉപയോഗിക്കാനുള്ള മരുന്നുകള്‍ നിശ്ചയിക്കണം. ആഹാരത്തില്‍ ചില നിയന്ത്രണങ്ങള്‍ പാലിക്കണം അതായിരുന്നു ചികിത്സാ പദ്ധതി. ഏതാണ്ട് അഞ്ചു വര്‍ഷക്കാലം മുടങ്ങാതെ ചികിത്സ തുടര്‍ന്നു.  എന്നാല്‍ രോഗം വര്‍ദ്ധിച്ച് ഡയാലിസിസ് ചെയ്യേണ്ട അവസ്ഥയില്‍ എത്തുകയാണുണ്ടായത്. അപ്പോഴേക്കും എനിക്ക് ആലപ്പുഴക്കു സ്ഥലമാറ്റവും ആയിരുന്നു.
ഇനി ഭാവിയെന്ത്. ഞാന്‍ തീവണ്ടിയുടെ ജാലകത്തില്‍ കൂടി പുറത്തേക്കു നോക്കി. ഇരുട്ടു മാത്രം. ദൂരെ കിഴക്കേ ചക്രവാളത്തില്‍ ഏതാനും വിളറിയ നക്ഷത്രങ്ങളെ കാണാം. എനിക്കു മൂന്നു സഹോദരങ്ങളാണ്. ഒരു സഹോദരി വിവാഹിതയായി ആലപ്പുഴയില്‍ തന്നെ കഴിയുന്നു. രണ്ടാമത്തെ സഹോദരിയും വിവാഹിതയായി പാലക്കാടു താമസിക്കുന്നു. ഏറ്റവും ഇളയ സഹോദരന്‍ അവിവാഹിതനാണ്. അവന്‍ ഉത്തരേന്ത്യയില്‍ ഒരു കമ്പനിയില്‍ ജോലി നോക്കുകയാണ്. ഇവരിലാരെങ്കിലും എനിക്കു വൃക്ക തരുമോ, അവരെയൊക്കെ കാര്യങ്ങള്‍ എങ്ങനെ പറഞ്ഞു മനസ്സിലാക്കും. ഒരെത്തും പിടിയും കിട്ടുന്നില്ല. ആലോചിച്ചു കിടന്ന് അല്പനേരം ഒന്നു മയങ്ങി . ഉണര്‍ന്നപ്പോള്‍ ചക്രവാളത്തില്‍ ഉദിച്ചുയരുന്ന ചന്ദ്രക്കല ജനലില്‍ കൂടി കാണാമായിരുന്നു.

വീട്ടിലെത്തി, ഭാര്യ പത്മത്തിനോടു എല്ലാം വിശദമായി പറഞ്ഞു. അതിനു ശേഷം ആലപ്പുഴയിലുള്ള അടുത്ത ബന്ധുക്കളോടും രോഗവിവരങ്ങള്‍ പറഞ്ഞു. ഓഫീസില്‍ പോയി അവധിക്കപേക്ഷിച്ചു. ചുമതലകള്‍ കൈമാറി.  മകളേയും, ഞങ്ങളോടൊപ്പമുണ്ടായിരുന്ന എന്‍റെ അമ്മയേയും സഹോദരിയുടെ വീട്ടിലാക്കി. ഞാനും പത്മവും ഡയാലിസിസിനു വേണ്ടി പോകാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി.

നവംബര്‍ ആദ്യവാരത്തില്‍ തന്നെ മദ്രാസ്സിലെത്തി ആശുപത്രിയില്‍ അഡ്മിറ്റായി ഡയാലിസിസ് തുടങ്ങി.  കുറേ ആഹാര നിയന്ത്രണങ്ങളും മരുന്നും നിശ്ചയിച്ചു തന്നു. ഡയാലിസിസിനെ പറ്റിയും അക്കാലത്തു വളരെ തെറ്റിദ്ധാരണകള്‍ ഉണ്ടായിരുന്നു. ശരീരത്തിലെ അശുദ്ധ രക്തം ചോര്‍ത്തിക്കളഞ്ഞ്  പുതിയ ശുദ്ധ രക്തം നിറക്കുന്നതാണു ഡയാലിസിസ് എന്നൊക്കെ ചിലര്‍ കരുതിയിരുന്നു. അന്ന് മദിരാശിയില്‍ ഞാന്‍ ചികിത്സ തേടുന്ന ആശുപത്രിയില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്നത് സര്‍ജന്‍ ഡോക്ടര്‍ ടി. ജെ. പോളാ ആയിരുന്നു. തിരുവല്ലാക്കാരനായ അദ്ദേഹത്തെ പരിചയപ്പെട്ടതു വലിയ ആശ്വാസമായി.

ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും എന്‍റെ സഹോദരങ്ങളെല്ലാം മദിരാശിയിലെത്തി. അവര്‍ ഡോക്ടര്‍ മുത്തുസേതുപതിയേയും, സര്‍ജന്‍ പോളോയേയും കണ്ടു സംസാരിച്ചു. സഹോദരങ്ങള്‍ മൂന്നു പേരും അമ്മയും എനിക്കു വൃക്ക തരാന്‍ തയ്യാറായി. പ്രാഥമിക പരിശോധനകള്‍ക്കു ശേഷം ഇളയ സഹോദരി രാജിയുടെ വൃക്ക ഏറ്റവും അനുയോജ്യം എന്നു കണ്ടെത്തി. ശസ്ത്രക്രിയാ സമയത്തേക്ക് ആവശ്യമുള്ള രക്തം എന്‍റെ സഹോദരനില്‍ നിന്നും നാലു തവണയായി എടുത്തു സൂക്ഷിക്കാനും തീരുമാനിച്ചു. അവര്‍ രണ്ടു പേരും മദ്രാസ്സില്‍ തങ്ങി.

പിന്നീടു പരിശോധനക്കായി ഡോക്ടര്‍ പോളോയെ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു. "രമേശ്, താങ്കള്‍  ഭാഗ്യവാനാണ്. ഇഴയടുപ്പമുള്ള ഒരു കുടുംബവും, സ്നേഹസമ്പന്നരായ സഹോദരങ്ങളൂമാണു രമേശിനുള്ളത്." ആശുപത്രിയിലെ അനുഭവം വച്ചിട്ടാണ് ഡോക്ടര്‍ അങ്ങനെ പറഞ്ഞത്.

എന്നോടൊപ്പം വൃക്കരോഗ ചികിത്സക്കായി ആശുപത്രിയിലുണ്ടായിരുന്ന സൂര്യനാരായണന്‍ എന്ന യുവാവിന് ആറു സഹോദരങ്ങളാണുണ്ടായിരുന്നത്. അവരാരും വൃക്ക കൊടുക്കാന്‍ തയ്യാറായില്ല. കുറച്ചു നാള്‍ ഡയാലിസിസു ചെയ്തിട്ട് അയാള്‍ നാട്ടിലേക്കു മടങ്ങുകയാണുണ്ടായത്. സത്യമൂര്‍ത്തി എന്ന മറ്റൊരു രോഗിക്കും ബന്ധുക്കളാരും വൃക്ക കൊടുത്തില്ല. ഏതാനും മാസങ്ങള്‍ക്കകം അയാള്‍ അലംഘനീയമായ വിധിക്കു കീഴടങ്ങി. ഇതു പോലെ പല ദുഃഖകരമായ അനുഭവങ്ങളും ആശുപത്രിയിലുണ്ടാകാറുണ്ട്.

മുപ്പത്തിയഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്വന്തം ശരീരത്തിലെ ഒരവയവം മുറിച്ചു കൊടുക്കണമെന്നു പറഞ്ഞാല്‍ അത് ആളുകളെ ഭയചകിതരാക്കിയിരുന്നു. അന്ന് വൃക്ക കൊടുക്കുന്നവരുടെ ഭാവി ജീവിതം എന്താകുമെന്ന് വ്യക്തത ഇല്ലായിരുന്നു. വൃക്ക ദാനം ചെയ്ത ആരെയെങ്കിലും കണ്ടെത്തുക എന്നതും എളുപ്പമായിരുന്നില്ല. ഡോക്ടറോടു ചോദിച്ചാല്‍, "ഭയപ്പെടേണ്ട, വൃക്ക മാറ്റിവച്ച ശസ്ത്രക്രിയ കഴിഞ്ഞവര്‍ പരിശോധനക്കു വരും, അപ്പോള്‍ പരിചയപ്പെടുത്താം, അവരെല്ലാം സാധാരണ ജീവിതമാണു നയിക്കുന്ന"തെന്നു മാത്രം പറയും.

എന്‍റെ സഹോദരി രാജിക്ക് അന്ന് രണ്ടു ചെറിയ കുട്ടികള്‍ ഉണ്ടായിരുന്നു. വൃക്ക ദാനമായി കൊടുത്താല്‍ പിന്നെ സാധാരണ കുടുംബ ജീവിതം സാദ്ധ്യമായേക്കില്ല എന്നൊക്കെ ചിലര്‍ അഭിപ്രായപ്പെട്ടിരുന്നു. ഭാവിയെക്കുറിച്ചുള്ള ഇത്തരം ആശങ്കകള്‍ക്കിടയിലും എന്‍റെ സഹോദരി വൃക്ക ദാനം ചെയ്യാന്‍ തയ്യാറായി. അവളുടെ ഭര്‍ത്താവും, അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളും അവളെ പിന്‍തുണച്ചു. എന്‍റെ ജീവന്‍ രക്ഷിക്കുക എന്നതു മാത്രമായിരുന്നു അവരുടെ ലക്ഷ്യം.

വൃക്ക സ്വീകരിക്കുന്നവരുടെ ഭാവിയെ കുറിച്ചും അന്ന് അനിശ്ചിതത്വം ഉണ്ടായിരുന്നു. ട്രാന്‍സ്പ്ളാന്‍റ് ശസ്ത്രക്രിയ കഴിഞ്ഞ ഒരാളെ കണ്ടു സംസാരിക്കാന്‍ ഞാന്‍ അക്കാലത്ത് ആവുന്നത്ര ശ്രമിച്ചു, നടന്നില്ല.  രോഗിയുടെ ശരീരം പുതിയ വൃക്ക നിരസിക്കും, ശസ്ത്രക്രിയ വിജയകരമായാലും രോഗി അധികകാലം ജീവിച്ചിരിക്കില്ല. ജീവിച്ചിരുന്നാലും ജോലിക്കൊന്നും പോകാന്‍ പറ്റില്ല. ശസ്ത്രക്രിയക്കു വളരെ പണം ചെലവാകും. അതു വൃഥാവിലായി പോകും. എന്നൊക്കെ പലതരം അഭിപ്രായങ്ങള്‍ പലരും പറഞ്ഞു. ആ അവസ്ഥയിലും എന്‍റെ സഹോദരങ്ങള്‍ നല്‍കിയ സഹകരണമാണ് ഡോക്ടറെയും എന്നെയും സന്തോഷിപ്പിച്ചത്.

തുടര്‍ന്നു ശസ്ത്രക്രിയക്കു വേണ്ട ഒരുക്കങ്ങള്‍ തുടങ്ങി. ബാങ്കില്‍ നിന്നും സൊസൈറ്റിയില്‍ നിന്നും കിട്ടാവുന്ന ലോണുകളെടുത്തു. സ്വര്‍ണ്ണാഭരണങ്ങള്‍ വിറ്റു. ബന്ധുക്കളുടെയും സഹപ്രവര്‍ത്തകരുടെയും സഹായം തേടി.  ഉദ്ദേശം രണ്ടു മാസത്തെ തയ്യാറെടുപ്പുകള്‍ക്കു ശേഷം, 1987 ജനുവരി 25 ന് എന്‍റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടന്നു. ഒരാഴ്ച കഴിഞ്ഞ് ആശുപത്രിയില്‍ നിന്നു വിടുതലായി. ഒരു മാസം കൂടി മദ്രാസ്സില്‍ വിശ്രമിച്ചതിനു ശേഷം നാട്ടിലേക്കു മടങ്ങി. വീണ്ടും ഒരു മാസം കൂടി കഴിഞ്ഞു പരിശോധനകള്‍ക്കു ശേഷം അവധി അവസാനിപ്പിച്ചു ഞാന്‍ ജോലിയില്‍ പ്രവേശിച്ചു. രാജിയും സാധാരണ ജീവിതത്തിലേക്കു പ്രവേശിച്ചു.

ശസ്ത്രക്രിയ കഴിഞ്ഞ് ആദ്യ വര്‍ഷങ്ങളില്‍ മാസത്തിലൊരിക്കല്‍, പിന്നെ രണ്ടു മാസത്തിലൊരിക്കല്‍, പിന്നെ മൂന്നു മാസത്തിലൊരിക്കല്‍ എന്നിങ്ങനെ പരിശോധനകള്‍ നടത്തി ഡോക്ടറെ കണ്ടു തുടര്‍ചികിത്സ നിശ്ചയിച്ചിരുന്നു. പുതിയ വൃക്കയെ ശരീരം നിരസിക്കാതിരിക്കാനുള്ള മരുന്നുകളാണ് പ്രധാനമായും കഴിച്ചിരുന്നത്. പിന്നെ എനിക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടായിരുന്നതു കൊണ്ട് അതിനുള്ള മരുന്നുകളും കഴിച്ചിരുന്നു. മരുന്നുകളുടെ അളവു ക്രമേണ കുറച്ചുകൊണ്ടു വരികയോ, ക്രമീകരിക്കുകയോ ചെയ്തിരുന്നു. ഭക്ഷണ നിയന്ത്രണം ഏതാണ്ടു പൂര്‍ണ്ണമായും അവസാനിപ്പിച്ചു.

ശസ്ത്രക്രിയയ്ക്കു ശേഷം കുറച്ചു വര്‍ഷങ്ങള്‍ മദിരാശിയില്‍ തന്നെ പരിശോധനകള്‍ക്കു പോയിരുന്നു. ക്രമേണ കേരളത്തിലെ പ്രധാന നഗരങ്ങളിലെ ആശുപത്രികളില്‍ വൃക്കരോഗവിദഗ്ദ്ധരുടെ സേവനം ലഭ്യമായി അതോടെ പരിശോധനയും റിവ്യൂവും കേരളത്തില്‍ തന്നെയാക്കി.  

വൃക്ക ദാനം ചെയ്ത സഹോദരി രാജിയുടെ ആദ്യത്തെ പരിശോധനകള്‍ കഴിഞ്ഞതോടെ പിന്നീടു വര്‍ഷത്തിലൊരിക്കല്‍ മാത്രം റിവ്യൂ നടത്തിയാല്‍ മതിയെന്നു ഡോക്ടര്‍ പറഞ്ഞിരുന്നു. കുറച്ചുനാള്‍ അതു തുടര്‍ന്നു. അതിനുശേഷം രാജി പരിശോധനകള്‍ വല്ലപ്പോഴും എന്ന മട്ടിലാക്കി. ഇടത്തരം സാമ്പത്തികസ്ഥിതിയിലുള്ള അവളുടെ കുടുംബത്തിലെ മിക്ക വീട്ടുജോലികളും അവള്‍ തന്നെയാണ് തുടര്‍ന്നും ചെയ്തു പോന്നത്. അതിനൊന്നും രാജിക്ക് ഒരു പ്രയാസവുമുണ്ടായിട്ടില്ല. യാത്രയുടെ കാര്യത്തിലും അവള്‍ ഒട്ടും പുറകോട്ടു പോയിട്ടില്ല. സിംഗപ്പൂര്‍, അമേരിക്ക തുടങ്ങിയ വിദേശ രാജ്യങ്ങളിലും അവള്‍ പോയിട്ടുണ്ട്.  

ജോലിയില്‍ പ്രവേശിച്ചതോടെ ഞാന്‍ ചുമതലകള്‍ പൂര്‍ണ്ണമായി ഏറ്റെടുത്തു. ഔദ്യോഗിക ആവശ്യങ്ങള്‍ക്കു ചിലപ്പോള്‍ യാത്ര ചെയ്യേണ്ടതായിട്ടുണ്ട്. അതില്‍ നിന്നൊന്നും ഒഴിവാകാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. അസുഖം വരുന്നതിനു മുമ്പും ഞാന്‍ ഇലക്ട്രിസിറ്റി ബോര്‍ഡിലെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. ശസ്ത്രക്രിയക്കു ശേഷവും അത്തരം ചുമതലകളില്‍ നിന്നു മാറിനിന്നിട്ടില്ല. ബോര്‍ഡിലെ ഓഫീസേഴ്സ് ഫെഡറേഷന്‍ എന്ന സംഘടനയുടെ ജനറല്‍ സെക്രട്ടറി വരെയുള്ള സ്ഥാനങ്ങള്‍ ഞാന്‍ വഹിച്ചിട്ടുണ്ട്. ആലപ്പുഴയിലായിരുന്നപ്പോള്‍ സാമുദായിക സംഘടനയുടെ ഔദ്യോഗിക ചുമതലകളും ഏറ്റെടുത്തിരുന്നു.

യാത്രയുടെ കാര്യത്തിലാണെങ്കില്‍ ചികിത്സക്കും, തുടര്‍ പരിശോധനകള്‍ക്കുമായി ഞാന്‍ എത്രയോ തവണ മദിരാശിയില്‍ പോയി വന്നിരിക്കുന്നു. ശബരിമല, തിരുപ്പതി, പഴനി, വേളാങ്കണ്ണി, നാഗൂര്‍ തുടങ്ങി ദക്ഷിണേന്ത്യയിലെ പ്രമുഖ തീര്‍ത്ഥാടനകേന്ദ്രങ്ങളെല്ലാം ഞാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ദല്‍ഹി, ആഗ്ര തുടങ്ങിയ ഉത്തരേന്ത്യന്‍ നഗരങ്ങളിലും യാത്ര ചെയ്തിട്ടുണ്ട്. എന്‍റെ മകള്‍ രോഷിനിയും കുടുംബവും അമേരിക്കയിലെ ടെക്സാസിലാണ്. അവരോടൊപ്പം താമസിക്കാനായി അമേരിക്കയിലും പോയിട്ടുണ്ട്.

ഞാനിതെല്ലാം ഇവിടെ പറയുന്നതെന്തിനെന്നാല്‍ വൃക്ക മാറ്റിവച്ചതുകൊണ്ടോ, വൃക്ക ദാനം ചെയ്തതുകൊണ്ടോ ഒരാള്‍ക്കും സാധാരണ ജീവിതത്തില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കേണ്ടതില്ല എന്നു വ്യക്തമാക്കുന്നതിനാണ്.

ഈ കാലയളവില്‍ എനിക്കു വിഷമങ്ങളൊന്നുമുണ്ടാകാതിരുന്നിട്ടില്ല. പ്രധാനമായും ഉണ്ടായ ഒരു രോഗം  കരളിലെ അണുബാധയായിരുന്നു. ഡോക്ടറുടെ ഉപദേശപ്രകാരമുള്ള ചികിത്സ കൊണ്ട് അതു ഭേദമായി. ചെറിയ ചെറിയ ഇന്‍ഫെക്ഷനുകള്‍ വേറെയും ഉണ്ടായിട്ടുണ്ട്. അവയ്ക്കും യഥാസമയം ചികിത്സ തേടി സുഖപ്പെടുത്തിയിരുന്നു. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമുള്ള മരുന്നുകളോ, പരിശോധനകളോ ഒന്നും ഞാന്‍ ഒരിക്കലും മുടക്കിയിരുന്നില്ല.

എന്‍റെ മുപ്പത്തിയേഴാം വയസ്സിലാണ് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നത്. ഈ ലേഖനം എഴുതുന്ന 2022 ജൂലായ് മാസത്തില്‍ സര്‍ജറി കഴിഞ്ഞിട്ട് മുപ്പത്തിയഞ്ചു വര്‍ഷവും, ആറു മാസവും ആകുന്നു. ഞാനും എനിക്കു വൃക്ക ദാനം നല്‍കിയ സഹോദരിയും ആരോഗ്യത്തോടെ തന്നെ കഴിയുന്നു.   മൂന്നര പതിറ്റാണ്ടുകള്‍ക്കു മുന്‍പ് ഞങ്ങള്‍ക്കു മാതൃകയായി കാണുവാന്‍ ഒരാളെ പോലും കിട്ടിയിരുന്നില്ല.

ഇന്നു സ്ഥിതി മാറി. കേരളത്തില്‍ തന്നെ ധാരാളം ആശുപത്രികളില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടക്കുന്നുണ്ട്. വൃക്ക സ്വീകരിച്ചവരേയും, ദാനം കൊടുത്തവരേയും ധാരാളം കണ്ടെത്താനാകും. വൃക്ക മാറ്റിവച്ചവരുടെ സംഘടനകള്‍ കേരളത്തില്‍ത്തന്നെ ഒന്നിലധികമുണ്ട്.

അത്തരത്തിലൊരു സംഘടനയുടെ സാരഥ്യം വഹിച്ചിരുന്ന ചന്ദ്രശേഖരന്‍ എന്‍റെ സുഹൃത്തായിരുന്നു. അദ്ദേഹം വൃക്ക മാറ്റിവച്ചതിനു ശേഷം മൂപ്പത്തിമൂന്നു വര്‍ഷം ജീവിച്ചിരുന്നു. അദ്ദേഹത്തിനു വൃക്ക ദാനം നല്‍കിയത് അദ്ദേഹത്തിന്‍റെ മാതാവ് സര്‍വ്വമംഗളയായിരുന്നു. അറുപതാമത്തെ വയസ്സില്‍ വൃക്ക ദാനം നല്‍കിയ അവര്‍ തൊണ്ണൂറ്റി മൂന്നാമത്തെ വയസ്സിലും സഹജമായ ആരോഗ്യത്തോടെ  ജീവിച്ചിരിക്കുന്നു.  

വൃക്കരോഗം ബാധിച്ചവര്‍ക്കു മറ്റുള്ളവരുടെ സഹായം അത്യന്താപേക്ഷിതമാണ്. അവരെ അവരുടെ ബന്ധുമിത്രാദികള്‍ ആശങ്കകളില്ലാതെ സഹായിക്കണം. അതു മാത്രമാണു സ്നേഹവും കാരുണ്യവും കൊണ്ട് വിലപ്പെട്ട ആയുസ്സു നീട്ടി കിട്ടിയ ഒരു സാധാരണക്കാരന് വായനക്കാരോടു പറയാനുള്ളത്.

You can share this post!

മുഖക്കുറിപ്പ്

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
അടുത്ത രചന

മുഖക്കുറിപ്പ്

റോണി കിഴക്കേടത്ത്
Related Posts