news-details
വേദ ധ്യാനം

പുണ്യാഭ്യസനമല്ല, ജീവിതശൈലിയാണു ശിഷ്യത്വം

സ്വജീവനത്തെന്നെ വെറുക്കണമെന്നതാണ് ശിഷ്യത്വത്തിന്‍റെ ഒരു പ്രധാന മാനദണ്ഡം. അതായത് ഒരുവന്‍ നാളിതുവരെ വലുതെന്ന് കരുതികൊണ്ടുനടന്ന കാര്യങ്ങളുമായി അവന് ക്രിസ്തുവിനെ അനുധാവനം ചെയ്യാനാവില്ല. സ്വന്തം വള്ളവും വലയും ഉപേക്ഷിക്കാതെ ഒരു മുക്കുവനും ക്രിസ്തുവിന്‍റെ ശിഷ്യനാകാന്‍ കഴിയില്ലായിരുന്നല്ലോ. അപ്പോള്‍ അടിമുടി മാറ്റത്തിലേക്കാണു ശിഷ്യത്വം ക്ഷണിക്കുന്നത്.
 
ഈ ക്ഷണത്തെ മറച്ചുപിടിക്കാനുള്ള ഭക്തിയുടെ കണ്ടുപിടുത്തമാണ് പുണ്യങ്ങളുടെ അഭ്യസനം, ക്രിസ്തുശിഷ്യത്വം ചില പുണ്യങ്ങള്‍ കൊണ്ടുനടക്കലാണെന്ന് ഇവിടെ ഭക്തകേന്ദ്രങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടേയിരിക്കുന്നു. രണ്ട് ഉദാഹരണങ്ങള്‍കൊണ്ട് കാര്യം കൂടുതല്‍ വ്യക്തമാക്കാം.
 
യേശുവിന്‍റെ ബലിയര്‍പ്പണത്തെ ഇവിടുത്തെ ഭക്തകേന്ദ്രങ്ങള്‍ എങ്ങനെ മാറ്റിയെടുത്തിരിക്കുന്നു എന്നതാണ് ആദ്യത്തെ ഉദാഹരണം. യേശു തന്‍റെ ബലിയര്‍പ്പണത്തെ എങ്ങനെയാണു നോക്കിക്കണ്ടത്? "ഞാന്‍ നല്ല ഇടയനാണ്. നല്ല ഇടയന്‍ ആടുകള്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നു" (യോഹ. 10:11). യേശു തന്‍റെ ജീവിതവും മരണവും ചുറ്റുവട്ടത്തുള്ളവര്‍ക്കുവേണ്ടിയുളള ബലിദാനമായിട്ടാണ് മനസ്സിലാക്കിയത്. ഇതു യോഹന്നാന്‍ സുന്ദരമായി ചിത്രീകരിക്കുന്നുമുണ്ട്. യോഹ. 5:1-ല്‍ ബേത്സഥാ കുളക്കരയിലെ തളര്‍വാത രോഗിയെ സുഖപ്പെടുത്തിയ വിവരണം തുടങ്ങുകയാണ്. 5:18 ല്‍ നാം വായിക്കുന്നു. "ഇതുമൂലം അവനെ വധിക്കാന്‍ യഹൂദര്‍ കൂടുതലായി പരിശ്രമിച്ചു" ഒരു അത്ഭുതത്തിന്‍റെ പരിണതഫലം യേശു മരണത്തിലേക്ക് ഒരു ചുവടുകൂടി അടുക്കുന്നു എന്നതാണ്. യോഹ. 9-ാം അധ്യായത്തില്‍ യേശു സൗഖ്യം കൊടുത്ത അന്ധനെക്കുറിച്ചു നാം വായിക്കുന്നു. 9:34 ല്‍ ആ അന്ധന്‍ യഹൂദമതത്തില്‍നിന്നും പുറത്താക്കപ്പെടുകയാണ്. മറ്റൊരത്ഭുതത്തിലൂടെ യേശുവിന്‍റെ ജീവിതം കൂടുതല്‍ ഭീഷണി നേരിടുകയാണ്. യോഹ. 11-ല്‍ കാണുന്ന, വിശദീകരണം ആവശ്യമില്ലാത്ത, ചില തലക്കെട്ടുകള്‍ മാത്രം നമുക്കൊന്നു പരിഗണിക്കാം: "ലാസറിന്‍റെ മരണം," "യേശു കരയുന്നു," "ലാസറിനെ ഉയിര്‍പ്പിക്കുന്നു," "യേശുവിനെ വധിക്കാന്‍ ആലോചന," വേറൊരു അത്ഭുതം, തുടര്‍ന്ന് ഒരു പടികൂടി മരണത്തിനരികെ. യേശുവിന്‍റെ കാല്‍വരിയിലെ ബലിയര്‍പ്പണം ചുറ്റുവട്ടത്തുള്ളവര്‍ക്കുവേണ്ടി ഇടപെടലുകള്‍ നടത്തിയതിന്‍റെ സ്വാഭാവിക പരിണതിയാണെന്നാണ് യോഹന്നാന്‍ പറഞ്ഞുവയ്ക്കുന്നത്. (സമാന്തര സുവിശേഷങ്ങള്‍ വ്യക്തമാക്കുന്നത് യേശുവിന്‍റെ പ്രവാചകനിലപാടുകളുടെ പരിണതഫലമാണ് അവന്‍റെ കൊലപാതകം എന്നാണല്ലോ. സുവിദിതമാണ് ഈ സുവിശേഷങ്ങള്‍ പറയുന്നത്. യേശു ചെയ്ത അത്ഭുതങ്ങള്‍പോലും അവനെ നയിച്ചത് മരണത്തിലേക്കാണെന്ന യോഹന്നാന്‍റെ നിരീക്ഷണം പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നു.)
 
പ്രകടനപരതയേറുന്ന കുര്‍ബാനയര്‍പ്പണങ്ങളും മനുഷ്യനു മനസ്സിലാകാത്ത ഭാഷാപ്രയോഗങ്ങളും മുപ്പതും നാല്പതും കുര്‍ബാനകള്‍ ചൊല്ലിച്ച് ആത്മാക്കളെ പരലോകത്തില്‍ കയറ്റിവിടാനുള്ള പരാക്രമങ്ങളും കുര്‍ബാനയെ ഒരൊന്നാന്തരം മ്യൂസിക് ഷോയാക്കി തീര്‍ക്കുന്ന ഗായകസംഘങ്ങളും എങ്ങനെയാണ് ഒരു ഒറ്റിക്കൊടുക്കലിന്‍റെ രാത്രിയില്‍ സ്ഥാപിക്കപ്പെട്ട കുര്‍ബാനയുടെ ആത്മാവിനോട് നീതി പുലര്‍ത്തുന്നത്? പിതാവിനുളള ബലിയര്‍പ്പണം സഹോദരര്‍ക്കുവേണ്ടിയുള്ള ജീവിതബലിയുടെ സ്വാഭാവിക പരിണതിയാണെന്ന് 'സ്റ്റേജ് ഷോ' കളോട് സമാനതയുള്ള ചില കുര്‍ബാനയര്‍പ്പണങ്ങള്‍ വിശ്വാസികളെ ഓര്‍മപ്പെടുത്തുന്നുണ്ടാകുമോ? ഒരു കാക്കചിറകിന്‍റെ പോലും തണലില്ലാതെ നഗരത്തിനുവെളിയില്‍ ഏകനായി, തലയോട്ടികളുടെ കൂമ്പാരത്തിനുമുകളില്‍ അവനര്‍പ്പിച്ച ചോരയുടെയും നീരിന്‍റെയും ഓര്‍മ്മയാചരണം മനുഷ്യന്‍റെ ചെറുസങ്കടങ്ങളെയും ചെറുസന്തോഷങ്ങളെയും മത്സരബുദ്ധിയെയുമൊക്കെ പരിഹസിക്കേണ്ടതും അവനെ അടിമുടി മാറ്റിയെടുക്കേണ്ടതുമാണ്. കുര്‍ബാന ഒരു ഭക്താഭ്യാസത്തിന്‍റെ രൂപം സ്വീകരിക്കുമ്പോള്‍ നഷ്ടപ്പെടുന്നത് അതുയര്‍ത്തുന്ന വെല്ലുവിളികളാണ്.
 
ശിഷ്യത്വത്തിന്‍റെ കാര്‍ക്കശ്യമേറിയ വെല്ലുവിളികളെ ഭക്തകേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്ന പുണ്യാഭ്യസനം എങ്ങനെ തമസ്കരിക്കുന്നു എന്നതിന് മറ്റൊരു ഉത്തമ ദൃഷ്ടാന്തമാണ് സുവിശേഷ ദാരിദ്ര്യത്തോട് ഈ കേന്ദ്രങ്ങള്‍ ചെയ്ത കടുംകൈ. ആദ്യം നമുക്ക് യേശുവിന്‍റെ നിലപാടുകള്‍ ഒന്നു പരിഗണിക്കാം. ഭക്തകേന്ദ്രങ്ങള്‍ ഇവിടെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത് ഏറ്റം വലിയ പാപം ശരീരവുമായി ബന്ധപ്പെട്ട പാപമാണെന്നാണ്. എന്നാല്‍ യേശു പറഞ്ഞത് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കു മുമ്പേ പാപികള്‍ അവന്‍റെ രാജ്യത്തില്‍ വിരുന്നിനിരിക്കും എന്നു തന്നെയാണ്. നമുക്കു ക്ഷമിക്കാനാകാത്ത പാപങ്ങള്‍പോലും ക്ഷമിച്ച അവന്‍ പക്ഷേ പറഞ്ഞു: "ധനവാന്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുന്നതിനെക്കാള്‍ എളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ്" (മത്താ. 19:24). എന്നുവച്ചാല്‍ അതു മിക്കവാറും അസാധ്യമാണ്. ധനവാന്‍ സ്വര്‍ഗത്തില്‍ കയറാത്തത് സദാചാരപ്രശ്നത്തിന്‍റെ പേരിലല്ല, പണത്തിന്‍റെ പേരില്‍ മാത്രമാണ്. ക്ഷണം ലഭിച്ചിട്ടും ശിഷ്യനാകാന്‍ കഴിയാതിരുന്ന ചെറുപ്പക്കാരന്‍റെ ഒരേയൊരു പ്രശ്നമായി ചൂണ്ടിക്കാട്ടുന്നത് അയാള്‍ക്കുള്ള സ്വത്താണ്. ഇവിടെ ഭക്തകേന്ദ്രങ്ങള്‍ പറയുന്നത് ദൈവത്തോടു ചേര്‍ന്നുനിന്നാല്‍ സാമ്പത്തികാഭിവൃദ്ധിയുണ്ടാകുമെന്നാണ്. എന്നാല്‍ യേശു പറഞ്ഞത് ഒന്നുകില്‍, ദൈവം അല്ലെങ്കില്‍ പണം എന്നുതന്നെയാണ് (ലൂക്ക 16:13). അതായത് ദൈവത്തോടൊപ്പം നിന്നാല്‍ പണമുണ്ടാകില്ല, പണത്തോടൊപ്പം നിന്നാല്‍ ദൈവമുണ്ടാകില്ല. (അപ്പോള്‍, ദൈവത്തെമാത്രം ധ്യാനിച്ചു കഴിയുന്ന, കുര്‍ബാനയും കൊന്തയും ചൊല്ലി ഇരുപത്തിനാലു മണിക്കൂറും ചെലവിടുന്ന ഭക്തകേന്ദ്രങ്ങളില്‍ എങ്ങനെ ഇത്ര പണക്കൊഴുപ്പുണ്ടായി?) ധനവാന്‍റെയും ലാസറിന്‍റെയും ഉപമയില്‍, ധനവാന്‍ ദൈവത്തില്‍നിന്നകലാനുള്ള ഒരേയൊരു കാരണം സാമ്പത്തികമാണ്. സക്കേവൂസിന്‍റെ ഭവനത്തിലേക്കു സ്വര്‍ഗ്ഗം ഇറങ്ങിവരുന്നതിനു കാരണവും അയാളുടെ സാമ്പത്തിക നിലപാടാണ്. ഇതിന്‍റെയൊക്കെ ചുവടുപിടിച്ച് 1 തിമോത്തി 6:10 പറയുന്നത് "സകല തിന്മകളുടെയും അടിസ്ഥാനകാരണം ധനമോഹമാണെ"ന്നാണ്. പണത്തോടുള്ള ആഗ്രഹമാണ് പുതിയ നിയമത്തിലെ വിഗ്രഹാരാധന (കൊളോ. 3:5). ഇവിടെ ഭക്തരും ഭക്തകേന്ദ്രങ്ങളും വിചാരിക്കുന്നതും പ്രചരിപ്പിക്കുന്നതും അമ്പലവും മോസ്കുമാണ് വിഗ്രഹങ്ങളെന്നാണ്. എന്നിട്ടവര്‍ പുതിയ നിയമം വിഗ്രഹമെന്നു വിളിച്ച പണം കുന്നുകൂട്ടുകയും ചെയ്യുന്നു. ദരിദ്രനായി മരിച്ച ക്രിസ്തുവിന്‍റെ പേരില്‍ പ്രസംഗിച്ചു പ്രസംഗിച്ച്, അരവണപായസത്തിനെതിരെയും സ്വയംഭോഗത്തിനെതിരെയും ആക്രോശങ്ങള്‍ ചൊരിഞ്ഞ് സ്വരുകൂട്ടുന്ന പണത്തെ സുവിശേഷത്തിന്‍റെ നിശിത നിലപാടുകള്‍കൊണ്ട് ഒന്നുതൊടാന്‍പോലും അവര്‍ അനുവദിക്കുന്നില്ല.
 
പണത്തിനെതിരായ സുവിശേഷനിലപാടുകളെ തമസ്കരിക്കാന്‍ ഭക്തിയുടെ ലോകം പ്രചരിപ്പിച്ചെടുത്തിട്ടുളള പെരുത്ത നുണയാണ് 'ആത്മീയദാരിദ്ര്യം' എന്ന പുണ്യം. "ദരിദ്രരെ, നിങ്ങള്‍ ഭാഗ്യവാന്മാര്‍" (ലൂക്കാ. 6:20), "സമ്പന്നരേ, നിങ്ങള്‍ക്കു ദുരിതം" (ലൂക്കാ 6:24) എന്നീ സുവിശേഷവാക്യങ്ങള്‍ അവര്‍ അമ്പേ മറന്നുപോയിരിക്കുന്നു. അവര്‍ക്കാകെ അറിയാവുന്നത് മത്തായി 5:3 ല്‍ കാണുന്ന ഒരു പ്രയോഗമാണ്: "ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍". പഴയനിയമത്തിലും പുതിയനിയമത്തിലും മറ്റൊരിടത്തും കാണാത്ത ഒന്നാണിത്. മുഴുവന്‍ ബൈബിളിലും 'ദരിദ്രര്‍' എന്നാല്‍ 'ദരിദ്രര്‍' എന്നു തന്നെയര്‍ത്ഥം; 'സമ്പന്നര്‍' എന്നാല്‍ 'സമ്പന്നര്‍' എന്നുമാത്രമാണര്‍ത്ഥം. ഇനി മത്തായിയുടെ പ്രയോഗത്തെ നമുക്കൊന്നു പരിഗണിക്കാം.
 
ദരിദ്രരെ കുറിക്കാന്‍ രണ്ടുവാക്കുകള്‍ ഗ്രീക്കിലുണ്ട്. 1) പെനേസ്=ദരിദ്രര്‍, അധികം സമ്പത്തില്ലാത്തവര്‍. 2) പ്റ്റോഖോസ്=എല്ലാത്തരത്തിലുംസാമ്പത്തികമായും സാമൂഹികമായും രാഷ്ട്രീയമായും സാംസ്കാരികമായും-ഗതിമുട്ടിയവര്‍. ഇതിനു തത്തുല്യമായ ഹീബ്രുപദം 'അനാവീം' ആണ്. അടിച്ചമര്‍ത്തപ്പെട്ടവര്‍, പീഡിതര്‍, ക്ലേശിതര്‍ എന്നൊക്കെയര്‍ത്ഥം. ഇവര്‍ക്ക് മറ്റാരും ആശ്രയമില്ലാത്തതുകൊണ്ട് ഇവര്‍ കരള്‍നൊന്തു പ്രാര്‍ത്ഥിക്കുന്നതായി സങ്കീ. 25:16; 40:17,70:5 തുടങ്ങിയവയില്‍ കാണുന്നു. അങ്ങനെയെങ്കില്‍ സുവിശേഷങ്ങളിലെ ദരിദ്രര്‍ ദൈവത്തില്‍ ആശ്രയിക്കുന്ന പീഡിതരോ, ദൈവം ആശ്വാസം നല്‍കുന്ന പീഡിതരോ ആകാം.
 
എങ്ങനെയാണ് ഒരാള്‍ ആത്മാവില്‍ ദരിദ്രനാകുന്നത്? ഒരു ബൈബിള്‍ പണ്ഡിതനെ ഉദ്ധരിക്കുകയാണ്: "ആത്മാവ് എന്നതിനെ ഒരു വ്യക്തിയുടെ ആന്തരിക പ്രകൃതിയായും ശരീരം എന്നതിനെ ബാഹ്യപ്രകൃതിയായും വീക്ഷിക്കാം (മര്‍ക്കോ. 8:12, ലൂക്കാ 1:47; യോഹ. 11:33; 13:21; റോമാ. 1:9; 2 കോറി 2:13 കാണുക). ആന്തരിക പ്രകൃതിയില്‍ നിന്നാണ് ഒരാളുടെ ഭാവവും പെരുമാറ്റവുമെല്ലാം വരുന്നത്. അതുപോലെ, ഒരു വ്യക്തിയുടെ ദരിദ്രാവസ്ഥ സാധാരണമായി ബാഹ്യപ്രകൃതിയായ ശരീരത്തിലാണു കാണുന്നത്. എന്നാല്‍ ദാരിദ്ര്യത്തിന്‍റെ രൂക്ഷത കൂടുന്നതിനനുസരിച്ച്, അതയാളുടെ ആന്തരിക പ്രകൃതിയായ ആത്മാവിനെയും ബാധിച്ചു തുടങ്ങുന്നു. അതിന്‍റെ ഫലമായി, അയാളുടെ ഭാവവും ചിന്തയും പെരുമാറ്റവുമെല്ലാം ദാരിദ്ര്യത്താല്‍ ഞെരുക്കപ്പെട്ട്, സര്‍വശക്തിയും നഷ്ടപ്പെട്ട് അയാള്‍ ജീവച്ഛവമായിത്തീരുന്നു മറ്റുള്ളവര്‍ അയാളെ ആക്ഷേപിക്കുകയും അപമാനിക്കുകയും ആട്ടിയോടിക്കുകയും ഒക്കെ ചെയ്യും. ഇപ്രകാരം കൊടും ദാരിദ്ര്യം നിമിത്തം തങ്ങളുടെ അസ്തിത്വത്തിന്‍റെ എല്ലാ മാനങ്ങളും നഷ്ടപ്പെട്ട, തങ്ങളുടെ ആന്തരിക പ്രകൃതിയില്‍പോലും ക്ഷയം സംഭവിച്ച, സകലര്‍ക്കും നിന്ദാപാത്രമായിത്തീര്‍ന്ന ഹതഭാഗ്യരെയാണ് 'ആത്മാവില്‍ ദരിദ്രര്‍' എന്ന് ഈ സൗഭാഗ്യ സൂക്തത്തില്‍ വിശേഷിപ്പിക്കുന്നത്. തീര്‍ച്ചയായും ദൈവത്തില്‍ മാത്രമെ അവര്‍ക്ക് ആശ്രയം കണ്ടെത്താന്‍ കഴിയൂ". (ഹെന്‍ററി പട്ടരുമഠത്തില്‍ എസ്.ജെ., മലയിലെ പ്രസംഗം: വിശകലനവും വ്യാഖ്യാനവും, പേജ് 24-25).
 
കോടികളുടെയും ലക്ഷങ്ങളുടെയും മുകളിലിരുന്ന്, മാംസവര്‍ജനത്തെക്കുറിച്ചും വെള്ളിയാഴ്ചത്തെ ഉപവാസത്തെക്കുറിച്ചും ഒക്കെ വളരെ ബോധ്യത്തോടെ സംസാരിച്ച്, ദാരിദ്ര്യം എന്നാല്‍ ആത്മീയ ദാരിദ്ര്യമെന്ന പുണ്യമാണെന്നു എത്ര വ്യാഖ്യാനിച്ചാലും യേശു പഠിപ്പിച്ച സുവിശേഷ സത്യങ്ങള്‍ ആര്‍ക്കും മനസ്സിലാകുന്ന ലളിത സത്യങ്ങളായി നിലകൊള്ളുക തന്നെ ചെയ്യും. സുവിശേഷം ക്ഷണിക്കുന്നത് ദരിദ്രമായ ഒരു ജീവിതശൈലിയിലേക്കാണ്, നോമ്പുകാലത്തുമാത്രം നോക്കേണ്ട ചില പുണ്യങ്ങളിലേക്കല്ല. കോടികളുടെ ഉടമകള്‍ നോമ്പുനോക്കുന്നതു കാണുമ്പോള്‍ മനസ്സില്‍ തെളിയുന്നത് പത്തു ലക്ഷത്തിന്‍റെ ഓവര്‍ക്കോട്ടു ധരിക്കാന്‍ മടിയില്ലാത്ത നരേന്ദ്രമോദി ഗാന്ധിയുടെ ചര്‍ക്ക ചലിപ്പിക്കുന്നതാണ്.

You can share this post!

മനുഷ്യനെ മറക്കുന്ന ആത്മീയത

ഷാജി കരിംപ്ലാനിൽ
അടുത്ത രചന

എല്ലാം മുന്‍കൂട്ടി കണ്ടവന്‍ കാണാതെ പോയത്

ഷാജി കരിംപ്ലാനില്‍
Related Posts