news-details
മറ്റുലേഖനങ്ങൾ

ഉന്മേഷത്തിന്‍റെ രഹസ്യം

വിരുദ്ധധ്രുവമാനസികവ്യതിയാന(Bipolar disorder)-ത്തിനും ഡോ. ലിസ് മില്ലര്‍ സ്വാനുഭവത്തില്‍ നിന്ന് രൂപപ്പെടുത്തിയ മരുന്നില്ലാ ചികിത്സയായ മനോനിലചിത്രണം(Mood Mapping) തുടരുന്നു. പതിനാലുദിനം കൊണ്ട് വിഷാദത്തില്‍ നിന്ന് പ്രസാദത്തിലേക്ക് മനസ്സിനെ പറിച്ചു നടുന്ന മനോനിലചിത്രണത്തിന്‍റെ ഏഴാം ദിനം ഭക്ഷണവും ശാരീരിക ആരോഗ്യവും മനോനില(Mood)യും തമ്മിലുള്ള ബന്ധം വ്യക്തമാക്കി, ആരോഗ്യകരമായ മനോനില കൈവരിക്കുന്നതിന് അനിവാര്യമായ ആരോഗ്യകരമായ ഭക്ഷണശീലത്തെക്കുറിച്ച് വിവരിക്കുന്നു.

ടോം മാത്യു

നിങ്ങള്‍  കഴിക്കുന്ന ഭക്ഷണം നിങ്ങളുടെ മനോനില(Mood)യെ സ്വാധീനിക്കുന്നു എന്നു മാത്രമല്ല, ശാരീരികക്ഷമത(Physical fittness) സന്തുലിതവും ആരോഗ്യകരവും പ്രസാദാത്മകവുമായ മനോനിലയെ പലവിധത്തില്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ശരിയായ ഭക്ഷണം ശാരീരികക്ഷമതയും തലച്ചോര്‍ ഉള്‍പ്പെടെ എല്ലാ അവയവങ്ങളുടെയും ശരിയായ പ്രവര്‍ത്തനവും ഉറപ്പുവരുത്തുന്നു. ശാരീരികമായി ആരോഗ്യം അനുഭവപ്പെടുമ്പോള്‍ നിങ്ങളുടെ മനോനിലയും ഉന്മേഷഭരിതമായിരിക്കുന്നു. വ്യായാമം, എന്‍ഡോര്‍ഫിന്‍ (Endorphins) എന്നറിയപ്പെടുന്ന, മികച്ച മനോനില പ്രദാനം ചെയ്യുന്ന ഹോര്‍മോണുകളെ പുറപ്പെടുവിക്കാന്‍ സഹായിക്കുന്നു. അവ മനോനില മെച്ചപ്പെടുത്തി  സ്വഭാവിക മനോവേദന സംഹാരിയായി പ്രവര്‍ത്തിക്കുന്നു.

എത്രമാത്രം നിങ്ങള്‍ ഊര്‍ജ്ജസ്വലരായിരിക്കുന്നുവോ അത്രയും ജാഗ്രതയും ശ്രദ്ധയും നിങ്ങള്‍ക്കുണ്ടാകും. ശാരീരികക്ഷമത നിങ്ങള്‍ക്ക് ഊര്‍ജ്ജവും ഉത്സാഹവും നല്‍കുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കുമുന്‍പ് ട്രെയിന്‍ ഡ്രൈവറന്മാരുടെ ഡോക്ടറായി ഞാന്‍ പ്രവര്‍ത്തിച്ചിരുന്നു. മണിക്കൂറുകളോളം പൂര്‍ണജാഗ്രതയില്‍, ഏകാഗ്രതയോടെ ഒരേയിരുപ്പില്‍ ഇരുന്ന് ജോലിചെയ്യേണ്ടവരാണ് ട്രെയിന്‍ ഡ്രൈവര്‍മാര്‍. പതിവായി വ്യായാമം ചെയ്യുന്ന ഡ്രൈവറന്മാര്‍ ആ പതിവില്ലാത്ത സഹപ്രവര്‍ത്തകരെ അപേക്ഷിച്ച് ജാഗ്രതയും ഏകാഗ്രതയും കൂടുതലുള്ളവരായിരിക്കും എന്ന് എനിക്കന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നു.

മനോനിലയെ വ്യത്യസ്ത രീതിയില്‍ ഗുണപരമായി സ്വാധീനിക്കുന്ന മൂന്നുതരം വ്യായാമരീതികള്‍ ഇതാ-

* ഹൃദയധമനികള്‍ക്കുള്ള വ്യായാമമുറ

ശരീരത്തിന്‍റെ എല്ലാ ഭാഗങ്ങളിലും രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും ശ്വാസകോശത്തില്‍ ആവശ്യമായ പ്രാണവായു എത്തുന്നതിനും സഹായിക്കുന്ന വ്യായാമമുറകള്‍ ഈ വിഭാഗത്തില്‍പ്പെടുന്നു. ഓട്ടം, നീന്തല്‍, നടത്തം, സൈക്കിള്‍ചവിട്ടല്‍ തുടങ്ങി നാഡിമിടിപ്പ് ഉയര്‍ത്തുന്ന ഏതുതരം വ്യായാമമുറകളും നിങ്ങളുടെ രക്തചംക്രമണം വര്‍ദ്ധിപ്പിക്കും. അതു നിങ്ങളെ ശാരീരികക്ഷമതയുള്ളവരാക്കും. അത് ഊര്‍ജ്ജം പ്രദാനം ചെയ്യും. അത് എന്‍ഡോഫിന്‍ ഹോര്‍മോണുകളുടെ ഉത്പാദനം ത്വരിതപ്പെടുത്തും. ഓരോ തവണ വ്യായാമത്തിനുശേഷവും നിങ്ങള്‍ക്ക് ഉത്തരോത്തരം ഉന്മേഷം അനുഭവപ്പെടും.

* പേശികളെ ബലപ്പെടുത്തുന്നതിനുള്ള വ്യായാമമുറകള്‍

ഭാരമുള്ള വസ്തുക്കള്‍ ഉയര്‍ത്തുക, തള്ളുക, വലിക്കുക, നിലം കുഴിക്കുക, തോട്ടപ്പണി ചെയ്യുക, കെട്ടിടം പണിയില്‍ ഏര്‍പ്പെടുക തുടങ്ങിയ ജോലികളും ഭാരോദ്വഹനം, വടംവലി, പന്തുകളി തുടങ്ങിയ കളികളും ഈ വിഭാഗത്തില്‍പ്പെടുന്നു. ഇവിടെ വേഗതയല്ല, ശക്തിയാണ് അടിസ്ഥാനമാക്കുക. പേശികളെ ബലപ്പെടുത്തുന്നതിനും ശക്തിയും പ്രതിരോധശേഷിയും വര്‍ദ്ധിപ്പിക്കുന്നതിനും അവ ഉപകരിക്കുന്നു. അത് നിങ്ങളുടെ മനോനില മെച്ചപ്പെടുത്തുന്നതില്‍ ഏറെ സഹായിക്കും. നിങ്ങള്‍ മാനസികമായി തകര്‍ന്നിരിക്കുന്ന അവസ്ഥയിലെങ്കില്‍ പ്രത്യേകിച്ച്.

* ആകാരം നിലനിര്‍ത്തുന്നതിനുള്ള വ്യായാമമുറകള്‍

ശരീരത്തെ ശരിയായ രീതിയില്‍ ഉപയോഗിക്കാന്‍ കഴിയുംവിധം അതിന്‍റെ ആകാരം കാത്തുസൂക്ഷിക്കാന്‍ ഉതകുന്ന ശരീരനിലകള്‍ ഉള്‍ക്കൊള്ളുന്ന വ്യായാമമുറകളാണ് ഇവ. സന്ധികള്‍ ശരിയായ രീതിയില്‍ ആയിരിക്കുന്നതിനും പേശികള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതിനും അത് സഹായകമാകുന്നു. യോഗ, കരാട്ടേ, കളരി തുടങ്ങിയ കായികാഭ്യാസങ്ങള്‍ ഈ വിഭാഗത്തില്‍പ്പെടുന്നു. കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതിന് കൃത്യമായ ആകാരം കൈവരിക്കുക എന്നതാണ് ഇവയുടെ ലക്ഷ്യം. ശരീരം പ്രവര്‍ത്തനക്ഷമമെങ്കില്‍ അധികം ഉന്മേഷം അനുഭവപ്പെടുകയും ചടഞ്ഞുകൂടിയിരുപ്പിന്‍റെ മടുപ്പും വിഷാദവും അന്യമായിരിക്കുകയും ചെയ്യും. മടുപ്പ് നിങ്ങളുടെ ഊര്‍ജ്ജം ചോര്‍ത്തിക്കളയും. മടുപ്പ് വിഷാദത്തിലേക്ക് നിങ്ങളെ നയിക്കും.

വ്യായാമം ആസ്വാദ്യമാക്കുക

ഒരേ കാര്യം എല്ലാ ദിവസവും ആവര്‍ത്തിക്കേണ്ടിവരുമ്പോള്‍ അതു വിരസമാകുന്നു. മനസ്സെന്ന പോലെ ശരീരവും വൈവിധ്യം കൊതിക്കുന്നു. എല്ലാ ദിവസവും വ്യായാമം ചെയ്യുന്നതിന് നിങ്ങള്‍ അത് ആസ്വാദ്യമാക്കേണ്ടതുണ്ട്. അതിന് മടികൂടാതെ തുനിഞ്ഞിറങ്ങാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്ന ഒരു ഘടകം സുഹൃത്തുക്കളോടൊപ്പം ചെയ്യുക എന്നതത്രെ. സൗഹൃദം അതിനെ രസപ്രദമാക്കും. മാത്രമല്ല കൂട്ടുകാരോടുള്ള പ്രതിബദ്ധത വ്യായാമം മുടക്കം വരുത്തുന്നതില്‍ നിന്ന് നിങ്ങളെ വിലക്കും. ഇനി പരമ്പരാഗത രീതികളൊക്കെ ഒന്നു വിട്ട് നോക്കുക. നൃത്തം ഒരുഗ്രന്‍ വ്യായാമമുറയാണ്. അത് ശാരീരികക്ഷമതയും ആരോഗ്യവും കാത്തുസൂക്ഷിക്കും. മാത്രമോ നിങ്ങളുടെ മനോനില മനോഹരമായി മെച്ചപ്പെടുത്തുകയും ചെയ്യും. എല്ലാ ദിവസവും ഒരേ വഴിയിലൂടെ ഒരേ ചുറ്റുപാടിലൂടെ ഒരേ രീതിയില്‍ നടക്കുകയോ ഓടുകയോ വേണമെന്നൊന്നുമില്ല. ആസ്വദിച്ച്, അലസമായൊരു നീന്തല്‍ നിങ്ങളുടെ ഹൃദയമിടിപ്പ് കൂട്ടും. കൂട്ടുകാരോടൊപ്പം അല്പം ഫുട്ബോള്‍, അതും നിങ്ങളുടെ ഉന്മേഷം വര്‍ധിപ്പിക്കും.
ഉപേക്ഷിക്കുക പുകവലി

ശാരീരികാരോഗ്യത്തെക്കുറിച്ചുള്ള ഒരു ചര്‍ച്ചയും പുകവലിയെക്കുറിച്ച് പരാമര്‍ശിക്കാതെ അവസാനിപ്പിക്കുകയില്ല. വല്ലപ്പോഴും ഒന്ന് പുകയ്ക്കുന്നയാളാണെങ്കിലും ഒന്നിനുപിറകെ ഒന്നായി കത്തിക്കുന്നവരെങ്കിലും പുകവലി നിങ്ങളുടെ മനോനിലയെ പലവിധത്തില്‍ ബാധിക്കുന്നു എന്നറിയുക. പുകവലിക്കുന്നവര്‍ക്ക് അല്ലാത്തവരെ അപേക്ഷിച്ച് ഉന്മേഷവും ഊര്‍ജ്ജവും കുറവായിരിക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഉത്കണ്ഠകള്‍ക്ക് അയവുവരുത്തി ശാന്തവും ആസ്വാദ്യവുമായ ഒരു മനോനില കൈവരുത്തുമെന്ന പ്രതീക്ഷയിലാണ് പലരും പുകവലിക്കുന്നതെന്നാണ് ഏറെ വൈരുധ്യം. അത് അനല്പമായ ഉന്മേഷത്തിലേക്കു നയിക്കുമെന്ന് അവര്‍ കരുതുന്നു. പുകവലിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ ഉത്കണ്ഠകളും ആകാംക്ഷകളുമൊന്നും കുറയുന്നില്ല. മറിച്ച് ക്ഷീണം അനുഭവപ്പെടുന്നതിനാല്‍ അവ മറയ്ക്കപ്പെടുന്നു എന്നു മാത്രമേയുള്ളൂ. ആ ഊര്‍ജ്ജമില്ലായ്മ ഉത്കണ്ഠയ്ക്കു കാരണമായ പ്രശ്നങ്ങളെ അഭിമുഖീകരിക്കാന്‍ നിങ്ങളെ അപ്രാപ്തനാക്കുകയും ചെയ്യുന്നു. ഊര്‍ജ്ജം അഥവാ ഉന്മേഷം ശരിയായ മനോനില നിലനിര്‍ത്താന്‍ അത്യന്തം അത്യന്താപേക്ഷിതമാണ്. പുകവലി അതു നഷ്ടപ്പെടുത്തുന്നു. അതിനാല്‍ ഉന്മേഷത്തിനായി ഒന്നു പുകയ്ക്കുന്നവര്‍ ഉന്മേഷമല്ല, ക്ഷീണമാണ് അതിന്‍റെ പരിണതി എന്നറിയുക.
(തുടരും)    

You can share this post!

ബുദ്ധനും സോര്‍ബയും

സഖേര്‍
അടുത്ത രചന

സാങ്കേതിക വിദ്യയും അടിമത്തവും

ഡോ. റോബിന്‍ കെ. മാത്യു
Related Posts