news-details
മറ്റുലേഖനങ്ങൾ

കാഴ്ചവച്ച ജീവിതം കാഴ്ചപ്പാടിലൂടെ

വില്‍ഫ്രഡ് പ്രസാദം, വില്‍ഫ്രഡ് മുബാറക്, അങ്കിള്‍ജി തുടങ്ങിയ പേരുകളില്‍ അറിയപ്പെട്ടിരുന്ന ഞങ്ങളുടെ സഹോദരന്‍ വില്‍ഫ്രഡ് കടയിക്കുഴി ഈ ഭൂമിയോടും നമ്മോടും യാത്ര പറഞ്ഞു. വില്‍ഫ്രഡ് അച്ചന്‍റെ കൂടെ ഒരു വര്‍ഷം ജൂണിയറായി പഠിച്ച സിപ്രിയന്‍ ഇല്ലിക്കമുറിയച്ചന്‍ അദ്ദേഹത്തെ വിളിച്ചിരുന്നത് ‘spark’എന്നാണ്. 
 
"അംബരമധ്യെ തിളങ്ങുന്നൊരാദിത്യ
ബിംബവും കെട്ടു പോയെങ്കിലാട്ടെ
അക്കരിയൂതിപ്പിടിപ്പിച്ചു മറ്റൊരു
തീക്കട്ടയുണ്ടാക്കും സര്‍ഗശക്തി" എന്നു കവി. 
 
ചുറ്റുവട്ടത്തെ അന്ധകാരത്തെ വക വയ്ക്കാതെ, ഉള്ളിലെ കനലിനെ ഊതിയൂതി ജ്വലിപ്പിച്ചുയര്‍ത്തിയ വില്‍ഫ്രഡച്ചന്‍റെ മുമ്പില്‍ ശിരസു നമിച്ച്, അദ്ദേഹത്തെക്കുറിച്ച് ഏതാനും കാര്യങ്ങള്‍ പങ്കു വയ്ക്കട്ടെ. 
 
ഇന്നേയ്ക്ക് 93 വര്‍ഷം മുമ്പ് ജൂണ്‍ 19 -ാം തീയതിയാണ് കാഞ്ഞിരപ്പള്ളി രൂപതയിലെ താമരക്കുന്ന് ഇടവകയില്‍ കടയിക്കുഴി വീട്ടിലെ തോമസിന്‍റെയും മറിയത്തിന്‍റെയും മകനായി അച്ചന്‍ ജനിച്ചത്. അന്നു മുതല്‍ അവസാനം വരെ താന്‍ നില്‍ക്കുന്നിടത്തെ കുറച്ചു കൂടി സുന്ദരമാക്കാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു ആ ജീവിതം. 
 
ഞങ്ങളുടെ നൊവിഷ്യേറ്റു കാലം. കുറച്ചു ദിവസം ക്ലാസ്സിനായി അച്ചന്‍ വന്നപ്പോള്‍ എല്ലാവര്‍ക്കും കിട്ടി ഓരോ കൊന്ത. അഞ്ചു നിറങ്ങളിലുള്ള കൊന്തമണികള്‍. നിറച്ചാര്‍ത്തേകിയ അച്ചന്‍റെ ജീവിതത്തെ ഓര്‍മ്മിപ്പിക്കുന്നു അച്ചന്‍ തന്ന കൊന്ത. അന്നാളില്‍ ഒരിക്കല്‍ അച്ചനോടു സംസാരിക്കാന്‍ ചെന്നു. കതകടച്ചിരിക്കുന്നു. വാതിലില്‍ ഒരു കുറിപ്പ്: bathing.  കുളിക്കുകയാണ്. ""Bathing''  ലെ small letter b യുടെ തണ്ടിന്‍റെ മുകള്‍ഭാഗം വളച്ച് shover ന്‍റെ shape ല്‍ വരച്ചു വച്ചിരിക്കുന്നു. അസ്സീസി മാസികയുടെ എഡിറ്റര്‍ ആയിരുന്നപ്പോള്‍ വരിസംഖ്യ തന്നാല്‍ എന്നെഴുതിയിട്ട് ചിരിക്കുന്ന മുഖവും വരിസംഖ്യ തന്നില്ലെങ്കില്‍ എന്നെഴുതിയിട്ട് പിണങ്ങിയ മുഖവും വരച്ചു വച്ചിരുന്നു. അച്ചന്‍ ചെയ്ത എല്ലാ കാര്യങ്ങളും ഇങ്ങനെയായിരുന്നു. സ്റ്റീഫന്‍ ജയ്രാജ് അച്ചന്‍ പറഞ്ഞത് സത്യമാണ്. അടിമുടി ക്രീയേറ്റീവ് ആയിരുന്നു വില്‍ഫ്രഡ് അച്ചന്‍. വാക്കിലും പ്രവൃത്തിയിലും നിറഞ്ഞു നിന്നു സൗന്ദര്യവും സര്‍ഗാത്മകതയും. അതുകൊണ്ടു തന്നെ ഒന്നും അദ്ദേഹം അതേ പടി ആവര്‍ത്തിച്ചിരുന്നില്ല - കുര്‍ബാന പോലും. ബലിയര്‍പ്പണത്തിനിടയില്‍ എപ്പോള്‍ വേണമെങ്കിലും പറയും: "ഒന്നിരുന്നാല്‍ ഒരു കഥ പറയാം." കഥയോ സംഭവമോ തമാശയോ പറയാത്ത ഒരു കുര്‍ബാനയോ ക്ലാസ്സോ ഇല്ല. 
 
വില്‍ഫ്രഡ് അച്ചന് പറയാന്‍ ഏറെയുണ്ടായിരുന്നു. പറഞ്ഞതെല്ലാം സുന്ദരവും ആയിരുന്നു. അതുകൊണ്ടാകണം അദ്ദേഹത്തിന്‍റെ ശിഷ്യന്മാരെല്ലാം ഏറ്റവും നല്ല അധ്യാപകരില്‍ ഒരാളായി അച്ചനെ അടയാളപ്പെടുത്തുന്നത്. അച്ചന്‍ ലത്തീനും ഇംഗ്ലീഷും പഠിപ്പിച്ചിരുന്നപ്പോള്‍ കുട്ടികള്‍ അതിവേഗം ഭാഷയില്‍   പ്രാവീണ്യം നേടിയിരുന്നുവെന്ന് മാത്യു പരിന്തിരിയച്ചന്‍ ഓര്‍ക്കുന്നു. നല്ലൊരധ്യാപകനായത് മികവുറ്റ അധ്യാപന ശൈലി കൊണ്ടു മാത്രമല്ല, കുട്ടികള്‍ക്കു കൊടുത്തിരുന്ന ആദരവു കൊണ്ടു കൂടിയാണ്. ഏതു നല്ല കാര്യത്തിനും ഉണ്ടായിരുന്നു അച്ചന്‍റെ വക ഒരു സമ്മാനം. 
 
വില്‍ഫ്രഡച്ചന്‍ എന്ന നല്ല അധ്യാപകന്‍റെ മാതൃക ഒരുപാടു കഥകള്‍ പറഞ്ഞ അദ്ദേഹത്തിന്‍റെ ഗുരുവായ ക്രിസ്തുവാകണം. എടുത്ത ക്ലാസുകളിലും നടത്തിയ ധ്യാനങ്ങളിലും അച്ചന്‍ പറഞ്ഞുകൊണ്ടേയിരുന്നത് ആ ഗുരുവിനെക്കുറിച്ചാണ്.  അതുകൊണ്ടും മതിയാകാതെ, ചെറിയ ബുക്ക്ലെറ്റുകളിലൂടെ, ചില പുസ്തകങ്ങളിലൂടെ, അസ്സീസി മാസികയുടെ എഡിറ്ററായി, മനുഷ്യസ്നേഹി മാസികക്കു തുടക്കം കുറിച്ച്, പിന്നീടു നന്ദി മാസികയിലൂടെയെല്ലാം അച്ചന്‍ ക്രിസ്തുവിനെ കുറിച്ചും ജീവിതത്തെക്കുറിച്ചും എഴുതിക്കൊണ്ടേയിരുന്നു. അച്ചന്‍ താമസിച്ചിരുന്ന ആശ്രമങ്ങളിലെല്ലാം കാഴ്ചമുറിയില്‍ ആര്‍ക്കും എടുത്തു കൊണ്ടു പോകാന്‍ പാകത്തില്‍ ചെറിയ ചിത്രങ്ങള്‍ വച്ചിരുന്നു. അവയിലെല്ലാം ഒന്നാന്തരം ചിന്തകളും അച്ചന്‍ പ്രിന്‍റ് ചെയ്തിരുന്നു. "അമ്മ മകളോട്" എന്ന പുസ്തകം അച്ചന്‍റേതാണ്. വളരുന്ന പെണ്‍കുഞ്ഞുങ്ങളോട് ചില കാര്യങ്ങള്‍ പറഞ്ഞു കൊടുക്കാനുള്ള അച്ചന്‍റെ ശ്രമമാണ് അത്. ദീര്‍ഘനാള്‍ മേരിഗിരി ആശുപത്രിയിലെ ചാപ്ലിനായും വിവിധ സന്ന്യാസിനീ സമൂഹങ്ങളുടെ ധ്യാനഗുരുവായും അനേകം സിസ്റ്റേഴ്സിന്‍റെ സ്പിരിച്വല്‍ ഡയറക്ടറായും ഉള്ള അനുഭവങ്ങളുടെ പിന്‍ബലത്തില്‍ മഠത്തിനുള്ളിലെ ചിരിയെക്കുറിച്ചും ചിന്തയെക്കുറിച്ചും അച്ചന്‍ ഒരു പുസ്തകമെഴുതിയിട്ടുണ്ട്, 
 
സി. വില്‍ഫി എന്ന തൂലികാനാമത്തില്‍. 2009 മുതലുള്ള അസ്സീസി മാസികയില്‍ ദീര്‍ഘനാള്‍ 60 വയസ്സു കഴിഞ്ഞവര്‍ക്കു വേണ്ടി അച്ചന്‍ ഒരു പംക്തി എഴുതിയിരുന്നു. അച്ചനെഴുതിയ "കാഴ്ചവയ്പും കാഴ്ചപ്പാടും" എന്ന പുസ്തകം ഇന്നും സിപ്രിയനച്ചന്‍ തന്‍റെ ആത്മീയവായനയ്ക്ക് ഉപയോഗിക്കുന്നുണ്ട്. അസ്സീസി ആശ്രമത്തില്‍ 2014 ല്‍ വിശ്രമജീവിതത്തിനായി വന്നിട്ടും അദ്ദേഹം പ്രവര്‍ത്തിച്ചു കൊണ്ടേയിരുന്നു. അനേകം അല്മായരും സന്യാസിനികളും വലിയ ഹൃദയമുള്ള ഒരു മാര്‍ഗ്ഗനിര്‍ദ്ദേശകനെ അച്ചനില്‍ കണ്ടെത്തി. ഇക്കാലത്താണ് അച്ചന്‍റെ അവസാനത്തെ പുസ്തകം Holy Jolly Jokes, അവസാനനാളിലും ചിരിക്കാനും ചിന്തിക്കാനും അച്ചന്‍ വായനക്കാരെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. 
 
ക്രിസ്തു പറഞ്ഞ കഥകള്‍ മാത്രമല്ല, അവന്‍റെ നിലപാടുകളും വില്‍ഫ്രഡ് അച്ചനെ നിര്‍ണ്ണായകമായിസ്വാധീനിച്ചിരുന്നു. മാന്നാനത്തു സ്കൂളില്‍ പഠിക്കുമ്പോള്‍ ദളിതരായ കുട്ടികളെ സമഭാവനയോടെ കാണേണ്ടതിനെ പറ്റി സ്കൂള്‍ വിദ്യാര്‍ത്ഥിയായ അദ്ദേഹം ഒരു പ്രസംഗം നടത്തുകയും അതിന് അധ്യാപകരില്‍ നിന്ന് ശകാരം കേള്‍ക്കേണ്ടി വരികയും ചെയ്തുവെന്ന് സിപ്രിയനച്ചന്‍ ഓര്‍ക്കുന്നു. ക്രിസ്തുവിന്‍റേതിനു സമാനമായ നിലപാടുകളുമായിട്ടാണ് തന്‍റെ ബിരുദ പഠനത്തിനു ശേഷം കപ്പൂച്ചിന്‍ സമൂഹത്തിന്‍റെ നൊവിഷ്യേറ്റില്‍ അച്ചന്‍ 1950 ല്‍ ചേരുന്നത്. 1957 ല്‍ വൈദിക ശുശ്രൂഷയിലേക്കു പ്രവേശിച്ച അദ്ദേഹം ഇരുന്ന ഇടങ്ങളിലെല്ലാം  - ഭരണങ്ങാനം, ആസാം, മംഗലാപുരം, ഉധംപൂര്‍, ജമ്മു, ബറേലി, ലക്നൗ, മസൂറി, പൊന്നുരുന്നി, മൂവാറ്റുപുഴ, മുഖത്തല - അവിടുത്തെ സാധാരണക്കാരുമായി നിരന്തര സമ്പര്‍ക്കത്തിലായിരുന്നു. രണ്ടു തവണ മിഷന്‍ സുപ്പീരിയറായി പ്രവര്‍ത്തിച്ചപ്പോഴും അദ്ദേഹത്തിന്‍റെ ശൈലിയില്‍ ഒരു മാറ്റവും ഉണ്ടായിരുന്നില്ലെന്ന് ഹെഡ്രിയന്‍ ബ്രദര്‍ ഓര്‍ക്കുന്നു. ജമ്മുവില്‍ പട്ടാളക്കാര്‍ കൊടുത്ത കുതിരലായം പള്ളിയാക്കി മാറ്റി, പട്ടാളക്കാര്‍ക്ക് ക്രിസ്തുവിനെ കൊടുക്കാനും വില്‍ഫ്രഡച്ചന് കഴിഞ്ഞുവെന്ന് അറിയുമ്പോള്‍ നമുക്കു മനസ്സിലാകും ആ നെഞ്ചില്‍ സൂക്ഷിച്ചിരുന്ന ക്രിസ്തുവിനോടുള്ള ഗാഢപ്രണയം. മുഖത്തല സ്കൂളില്‍ ഒരു ചെറുകടയില്‍ കൊന്തയും ചിത്രങ്ങളുമൊക്കെയായി വൃദ്ധനായ വില്‍ഫ്രഡച്ചന്‍ ഇരിക്കും. കുറെയേറെ കൊച്ചുകുട്ടികള്‍ മിക്കപ്പോഴുമുണ്ടാകും ചുറ്റുവട്ടത്തും. ഒരാള്‍ ക്രിസ്തുവിനോട് എത്ര ചേര്‍ന്നു നില്‍ക്കുന്നു എന്നറിയാന്‍ ലളിതമായ ഒരു പരീക്ഷയുണ്ട്: നിങ്ങളെ കുട്ടികള്‍ സ്വാതന്ത്ര്യത്തോടെ സമീപിക്കാറുണ്ടോ? ഈ പരീക്ഷയില്‍ വില്‍ഫ്രഡച്ചന് കിട്ടിയ മാര്‍ക്ക് നൂറാണ്. ശരീരത്തിന് ആരോഗ്യം നന്നേ കുറഞ്ഞപ്പോഴും അച്ചന്‍ ഈ പള്ളിയില്‍ വന്ന് ആളുകളെ കേള്‍ക്കുമായിരുന്നു.   വിഷമിച്ചു വന്ന ഒരു സ്ത്രീയോട് അച്ചനൊരിക്കല്‍ പറഞ്ഞു: "സാരമില്ല, അധികം പാപമൊന്നും സത്യത്തില്‍ നിങ്ങള്‍ക്കു ചെയ്യാനാകില്ല." അവള്‍ മനസ്സില്‍ പറഞ്ഞിട്ടുണ്ടാകണം, "അച്ചോ, അങ്ങയെ വഹിച്ച ഉദരം, അങ്ങയെ
ഊട്ടിയ പയോധരം ഭാഗ്യം ചെയ്തവ."
 
ഇങ്ങനെയായിരുന്നു നമ്മുടെ വില്‍ഫ്രഡ് അച്ചന്‍. നിറയെ കഥകളും ചിരിയുമായി, ആരോടും പരാതിയില്ലാതെ, ആരേയും മുറിപ്പെടുത്താതെ, മുറിവേല്‍പ്പിച്ചവരില്‍ നിന്നും ദൂരേയ്ക്ക് തെന്നി മാറി, താമസിച്ച സ്ഥലത്തോടോ, പണത്തോടോ അമിതമായ മമത പുലര്‍ത്താതെ, ചെയ്ത കാര്യങ്ങളില്‍ നൂറുശതമാനം ആത്മാര്‍ത്ഥതയും സത്യസന്ധതയും പുലര്‍ത്തി ഒരിളം കാറ്റുപോലെ കടന്നുപോയി ഈ ജീവിതം. തന്‍റെ യാത്രയും ദൗത്യവും പൂര്‍ത്തിയാക്കി അച്ചന്‍ ദൈവത്തിന്‍റെ വീട്ടിലേക്കു മടങ്ങിയിരിക്കുകയാണ്. മനുഷ്യസ്നേഹി എന്നു വിളിക്കുന്ന തിയോഫിനച്ചനിലെ വിശുദ്ധനെ തിരിച്ചറിഞ്ഞ്, അദ്ദേഹത്തിന്‍റെ നാമകരണത്തിനു തുടക്കം കുറിച്ചത് വില്‍ഫ്രഡ് അച്ചനാണ്. അപരനിലെ വിശുദ്ധി കാണുന്നവരുടെ കണ്ണുകള്‍ ക്രിസ്തുവിന്‍റെതിനു സമാനമായിരിക്കണം. ക്രിസ്തുവിനെ പോലെ നോക്കി, അവനെപ്പോലെ കഥയും കാര്യവും പറഞ്ഞ്, അവന്‍റെ ചുവടുകളില്‍ പദമൂന്നി, സുവിശേഷകനായി മാറിയ ഞങ്ങളുടെ സഹോദരന്‍ വില്‍ഫ്രഡച്ചാ, അങ്ങേയ്ക്കു ഞങ്ങളുടെ പ്രണാമം. അങ്ങയെ ഓര്‍ത്ത് അഭിമാനമുണ്ട് ഞങ്ങള്‍ക്ക്. അങ്ങയുടെ ഓര്‍മ്മകള്‍ ഞങ്ങളുടെ ജീവിതങ്ങളെ ദീപ്തമാക്കട്ടെ. അങ്ങേയ്ക്കു നാഥന്‍റെ നെഞ്ചില്‍ ഒരിടം ആശംസിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു. 
 

You can share this post!

കാഴ്ചയ്ക്കുമപ്പുറം

ലിസ ഫെലിക്സ്
അടുത്ത രചന

'പൊസിഷണല്‍ വെര്‍ട്ടിഗോ' - ലക്ഷണങ്ങളും ചികിത്സയും

അരുണ്‍ ഉമ്മന്‍
Related Posts