news-details
അക്ഷരം

എം.സുകുമാരന്‍: ഓരോര്‍മ്മക്കുറിപ്പ്

എം. സുകുമാരന്‍ എന്ന എഴുത്തുകാരന്‍ കടന്നുപോയിരിക്കുന്നു. ദശകങ്ങളായി നിശ്ശബ്ദനായിരുന്നു അദ്ദേഹം. ആരായിരുന്നു എം.സുകുമാരന്‍ എന്ന് നാം അന്വേഷിക്കേണ്ടതുണ്ട്. നമ്മുടെ ചരിത്ര-രാഷ്ട്രീയ-നൈതികബോധത്തിനുമേല്‍ ഈ എഴുത്തുകാരന്‍ ഏല്പിച്ച ആഘാതങ്ങള്‍ നാം വേണ്ടത്ര തിരിച്ചറിഞ്ഞിട്ടില്ല. ചരിത്രത്തിന്‍റെ, രാഷ്ട്രീയത്തിന്‍റെ താലം ഏറ്റുവാങ്ങിയ എം.സുകുമാരന്‍ പൊള്ളിക്കുന്ന കഥകളാണ് നമുക്കായി അവശേഷിപ്പിച്ചിരിക്കുന്നത്. 'ശേഷക്രിയ' എന്ന നോവല്‍ എത്ര പ്രവചനാത്മകമായിരുന്നുവെന്ന് നാം ഇപ്പോള്‍ തിരിച്ചറിയുന്നു. രാഷ്ട്രീയാപചയത്തിന്‍റെ സൂക്ഷ്മചിത്രമായി കാലം അതിനെ അടയാളപ്പെടുത്തുന്നു. പാറ, അഴിമുഖം, ശേഷക്രിയ, ശുദ്ധവായു, ജനിതകം എന്നീ നോവലുകളും തൂക്കുമരങ്ങള്‍ ഞങ്ങള്‍ക്ക്, മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങള്‍, ചരിത്രഗാഥ, വഞ്ചിക്കുന്നംപതി, അസുരസങ്കീര്‍ത്തനം, പിതൃതര്‍പ്പണം, ചുവന്ന ചിഹ്നങ്ങള്‍ എന്നീ കഥാ സമാഹാരങ്ങളും മലയാളസാഹിത്യത്തില്‍ എന്നും വേറിട്ടു നില്‍ക്കുന്നു.
 
"പ്രതിബദ്ധതാഭാരവും ആത്മീയവരള്‍ച്ചയും നേരിടുന്ന ഈ കാലഘട്ടത്തില്‍ പ്രത്യാശയോടെ എന്തെങ്കിലും കുറിക്കുക ക്ലേശകരമാണ്. രൂപങ്ങളുടെ ആവര്‍ത്തനവും ചിന്തയുടെ പകര്‍പ്പുകളും ഒഴിവാക്കുകയാണ് ശരിയായ രീതിയെന്ന് ഞാനിപ്പോഴും വിശ്വസിക്കുന്നു. കാലത്തിന്‍റെ വിദൂരതയില്‍നിന്നും പുത്തന്‍നിലപാടുകള്‍ ഏറ്റുവാങ്ങുക മോഹം മാത്രമായി അവശേഷിക്കുന്നു" എന്നാണ് എം.സുകുമാരന്‍ കുറിക്കുന്നത്. വായനക്കാരന്‍റെ അറിവിന്‍റെ തെളിമയിലേക്ക് വാക്കുകള്‍ സത്യാത്മകമായി കടന്നുചെല്ലണമെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. അദ്ദേഹത്തിന്‍റെ ഓരോ വാക്കും സത്യത്തിന്‍റെ മൂശയില്‍ നിന്നാണ് ഉറവെടുക്കുന്നത്. അതാണ് അദ്ദേഹത്തിന്‍റെ കൃതികള്‍ക്ക് കരുത്തുനല്‍കുന്നത്.
 
സമത്വസുന്ദരമായ ലോകമെന്ന സ്വപ്നത്തിലേക്കാണ് ഈ കഥാകാരന്‍ ഉന്മുഖനായിരുന്നത്. എം.സുകുമാരന്‍ നൈതികമായ അന്വേഷണമാണ് നടത്തിയത്. ചരിത്രവും രാഷ്ട്രീയവും നൈതികമായി രേഖപ്പെടുത്താനാണ് അദ്ദേഹം ശ്രമിച്ചത്. "കലാകാരന്‍റെ മനസ്സില്‍ രാഷ്ട്രീയം എങ്ങനെയാണു പ്രവര്‍ത്തിക്കുന്നതെന്നു വ്യക്തമാക്കിത്തന്ന കഥാകൃത്താണ് സുകുമാരന്‍" എന്ന് കെ.പി. അപ്പന്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. 'അധികാരമുളളിടത്തു വില കുറഞ്ഞുപോകുന്ന നന്മ, അധികാരമുള്ളിടത്ത് വിലകുറഞ്ഞുപോകുന്ന സൗന്ദര്യബോധം, ഇതെല്ലാം കലാകാരനില്‍ ആധി നിറയ്ക്കുന്നു. രാഷ്ട്രീയം അറിയാവുന്ന കലാകാരനെ ഇതു കൂടുതല്‍ പീഡിപ്പിക്കുന്നു' എന്ന് നിരൂപകന്‍ തുടര്‍ന്നുപറയുന്നു. ഈ പീഡയാണ് സുകുമാരന്‍റെ കഥകളില്‍ തീക്ഷ്ണസത്യങ്ങളായി ഉയര്‍ന്നുവരുന്നത്. "മനുഷ്യാവസ്ഥയേയും മനുഷ്യപ്രകൃതിയേയും രാഷ്ട്രീയത്തില്‍നിന്നും വേര്‍തിരിച്ചു കാണാന്‍ ഈ കഥാകൃത്ത് ആഗ്രഹിക്കുന്നില്ല" എന്ന് കെ.പി. അപ്പന്‍ പറയുന്നത് യാഥാര്‍ത്ഥ്യമാണ്. "ദൈനംദിനജീവിതത്തിലെ മനുഷ്യാവസ്ഥകളില്‍ ദുരന്തങ്ങളുടെ ആഴങ്ങളെ മുഖാമുഖം കാണുന്ന വികാരങ്ങളുണ്ടെന്നു സുകുമാരന്‍ കാണിച്ചു തരുന്നു. അത് രാഷ്ട്രീയത്തിന്‍റെ അനുഭവവും അനുഭവത്തിന്‍റെ രാഷ്ട്രീയവുമാണ്. അതിന്‍റെ പിന്നിലെ കലാവ്യക്തിത്വത്തിന്‍റെ വൈകാരികമായ പിരിമുറുക്കം സുകുമാരന്‍റെ കഥകളില്‍ നാം അനുഭവിക്കുന്നു" എന്ന കെ.പി. അപ്പന്‍റെ നിരീക്ഷണം ശ്രദ്ധേയമാണ്.
 
ഏകാന്തതയിലേക്കു പിന്‍വാങ്ങിയ സുകുമാരന്‍ ഇപ്രകാരമാണ് ചിന്തിച്ചത്: "ഒഴുക്കിനൊത്തു നീന്താനോ ചലനമറ്റു കിടക്കാനോ കഴിയുന്നില്ല. അക്ഷരങ്ങള്‍ക്കിടയില്‍ കിടന്നനുഭവിക്കുന്ന ആത്മസംഘര്‍ഷം വേറെ. അര്‍ത്ഥമില്ലായ്മയുടെ ഇരുള്‍മുറിക്കകത്ത് കിടന്നു വീര്‍പ്പുമുട്ടുമ്പോള്‍ എന്‍റെ സാഹിത്യജീവിത്തിന് മണ്‍തരിയേക്കാള്‍ നിസ്സാരത കൈവരുന്നു. ഇന്നത്തെ സമൂഹം എല്ലാവരില്‍നിന്നും ജാടകള്‍ ആവശ്യപ്പെടുകയാണ്. എഴുത്തുകാരന്‍ സ്വന്തം കൃതിയിലൂടെ സംസാരിക്കുന്നതാണ് അവനെക്കുറിച്ചുള്ള സത്യം. മറ്റുള്ളതെല്ലാം ചെറുതോ വലുതോ ആയ പൊയ്ക്കാലുകളില്‍ നിന്നുകൊണ്ടുള്ള അഭ്യാസം മാത്രം. മനപ്പൂര്‍വ്വമെല്ലങ്കില്‍പ്പോലും ചിലതെല്ലാം ഏച്ചുകെട്ടിപൊക്കിനിര്‍ത്തി പറയേണ്ടിവരുന്നു. ഈ അകപ്പൊരുളാണ് എന്നെ എല്ലാറ്റില്‍നിന്നും അകറ്റിനിര്‍ത്തുന്നത്". അസാധാരണനായ ഒരു എഴുത്തുകാരനെയാണ് നാം ഇവിടെ കണ്ടുമുട്ടുന്നത്. താന്‍ എഴുത്തുനിര്‍ത്തിയ സാഹചര്യത്തെക്കുറിച്ചും സുകുമാരന്‍ വ്യക്തമാക്കുന്നതിപ്രകാരമാണ്: "എഴുത്തിലും ചിന്തയിലും ഒന്നും എനിക്ക് എന്നെ കീഴ്പ്പെടുത്താന്‍ ശ്രമിച്ച ചില തത്ത്വശാസ്ത്രങ്ങളില്‍ നിന്ന് രക്ഷപെടാനായില്ല. രക്ഷപെടാന്‍ ഒരു മാര്‍ഗ്ഗമേയുണ്ടായിരുന്നുള്ളൂ. എഴുത്തുനിര്‍ത്തുക". സത്യസന്ധതയുടെ പ്രതീകമായി എം.സുകുമാരന്‍ മാറുന്നത് അതുകൊണ്ടാണ്. തന്‍റെ വിശ്വാസവും ആദരവും ലോകത്തോടിടയുന്നതായി മനസ്സിലാക്കുന്ന എഴുത്തുകാരന്‍ പിന്‍വാങ്ങുന്നു. എങ്കിലും അദ്ദേഹം എഴുതിയ അക്ഷരങ്ങള്‍ ഇപ്പോഴും ജ്വലിച്ചു നില്‍ക്കുന്നത് നാം കാണുന്നു.
 
യഥാര്‍ത്ഥ മനുഷ്യനെ കണ്ടെത്താനാണ് ഈ കഥാകാരന്‍ ആഗ്രഹിച്ചത്. "മനുഷ്യന്‍റെ ദൈന്യത്തിന്‍റെ കാഠിന്യവും ഇന്ത്യന്‍ കാപട്യത്തിന്‍റെ കത്തിവേഷവും സുകുമാരനെ ക്ഷുഭിതനാക്കി. സ്വന്തം മനഃക്ഷോഭത്തിന് നാവു നല്‍കിയേയുള്ളു-അവ കലഹിക്കുന്ന കഥകളായി" എന്ന് മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി കുറിച്ചത് അര്‍ത്ഥവത്താണ്. പൗരുഷം വമിക്കുന്ന ആ കഥകള്‍ ഉദ്വേഗം നിറഞ്ഞ ഉല്‍കണ്ഠകളുമായിരുന്നു എന്നു നാം മനസ്സിലാക്കുന്നു. "അധര്‍മ്മം കാണുന്നിടത്ത് വാളെടുത്തുറയുന്ന ആ ശുദ്ധപാലക്കാടന്‍ നാടന്‍ പ്രകൃതിക്ക് 'നേരേവാ നേരേ പോ' എന്നേ അറിയാവൂ. അതുമൂലം സുകുമാരന് പലതും ത്യജിക്കേണ്ടിയും അനുഭവിക്കേണ്ടിയും വന്നു എന്നത് മലയാളി അറിഞ്ഞ കഥ". നീതിബോധത്തിന്‍റെ പ്രതീകമായിരുന്ന കഥാകാരന് പ്രണാമം.

You can share this post!

ജലം കൊണ്ട് മുറിവേറ്റവര്‍

ഡോ. റോയി തോമസ്
അടുത്ത രചന

നിന്നുകത്തുന്ന കടലുകള്‍

ഡോ. റോയി തോമസ്
Related Posts