അസ്സിസി മാര്‍ച്ചുലക്കം വായിച്ചപ്പോള്‍ അല്‍പം ചിലതു കുറിക്കണമെന്നു തോന്നി. ടോം മാത്യുവിന്‍റെ സ്വയം വിമര്‍ശനം ഉഗ്രന്‍! പലപ്രാവശ്യം വായിച്ചു. അന്തരിച്ച ശ്രീ. ജോസഫ് പുലിക്കുന്നേല്‍ അസ്സീസിയില്‍ എഴുതിയോ എന്നു തോന്നി. കേരളത്തിലെ ക്രിസ്തുസഭയ്ക്ക് യഥാര്‍ത്ഥ ക്രിസ്തുവുമായി ഒരു ബന്ധവുമില്ല എന്നു ലേഖകന്‍ ഉദാഹരണ സഹിതം വ്യക്തമാക്കിയിരിക്കുന്നു.
 
സവര്‍ണ്ണ ഡംഭും വരേണ്യ ഗര്‍വും കേരളത്തിലെ സഭയുടെ ജന്മപാപമാണ്. അതൊരു തീരാവ്യാധിയായി ഇന്നും തുടരുന്നു. വിദേശ മിഷനറിമാര്‍ ഈ സമൂഹത്തെ കണ്ടെത്തിയപ്പോള്‍ രോഗം മൂര്‍ച്ഛിച്ചിരുന്നു. ഉദയംപേരൂര്‍ സൂനഹദോസുകൊണ്ടും രോഗം മാറിയില്ല. പിന്നീടുണ്ടായ കൂനന്‍കുരിശു സത്യവും ഈ രോഗത്തിനു ശമനം സൃഷ്ടിച്ചില്ല. വിദേശ മിഷനറിമാര്‍ സ്നേഹപൂര്‍വ്വം സ്വീകരിച്ചു സെമിനാരി പരിശീലനം നല്‍കി പൗരോഹിത്യം നല്‍കിയ സ്വന്തം മക്കളെപ്പോലും ദേവാലയത്തില്‍ കയറ്റാതെ അകറ്റി നിര്‍ത്തിയവരാണു സുറിയാനി കത്തോലിക്കര്‍. പൂര്‍വ്വിക ശാപം തുടരുന്നു.
 
ആധുനികകാലത്ത് മിഷന്‍ രൂപതകളില്‍ സേവനം അനുഷ്ഠിക്കുന്ന നമ്മുടെ സ്വന്തം വൈദികര്‍ നാട്ടില്‍ വന്നാല്‍ സ്വന്തം ഇടവകയില്‍ ലത്തീന്‍ കുര്‍ബാന അര്‍പ്പിക്കാന്‍ അനുവാദമില്ല. ഇനി മാര്‍പാപ്പാ തന്നെ കേരളത്തില്‍ വന്നാലും സുറിയാനി കുര്‍ബാന മാത്രമേ ചൊല്ലാന്‍ സാധിക്കൂ. സവര്‍ണ്ണഡംഭും വരേണ്യ ഗര്‍വ്വും ഇന്നു മൂര്‍ദ്ധന്യാവസ്ഥയിലാണ്. ലേഖകന്‍ കാണാതെ പോയ ഒരു യാഥാര്‍ത്ഥ്യം അനുസ്മരിപ്പിക്കട്ടെ. 
 
നമ്മുടെ എല്ലാ മെത്രാന്മാരും സംരക്ഷിക്കുന്ന ഒരു പത്രമുത്തശ്ശി ഇവിടെയുണ്ട്. കോടീശ്വരന്മാരായ ഏതാനും അല്മായ പ്രമുഖരും വമ്പിച്ച സമ്പത്തിന്‍റെ ഉടമകളായ സന്ന്യാസസഭകളും ഈ പത്രമുത്തശ്ശിയുടെ ഉടമസ്ഥരാണ്. സവര്‍ണ്ണ ഡംഭും വരേണ്യ ഗര്‍വ്വും സമൂഹത്തില്‍ വളര്‍ത്തുന്ന ഈ പത്രത്തില്‍ ദിവസേന കാണുന്ന വലിയ പരസ്യങ്ങള്‍ കുടുംബയോഗവാര്‍ഷികങ്ങളും ദേവാലയ തിരുനാളുകളും സംബന്ധിച്ചവയാണ്. എല്ലാ കുടുംബങ്ങളുടെയും തുടക്കം തോമാശ്ലീഹായുടെ കാലത്തുണ്ടായിരുന്ന നമ്പൂതിരി കുടുംബങ്ങളില്‍ നിന്നാണ്. പരസ്യത്തില്‍ കുറെ മെത്രാന്മാരുടെയും വൈദികരുടെയും പ്രമുഖരായ അത്മായരുടെയും ചിത്രങ്ങള്‍ ഉണ്ടാവും. സവര്‍ണ്ണ ഡംഭും വരേണ്യഗര്‍വും നിലനിര്‍ത്താന്‍ ഈ പത്രപരസ്യം ഉപകരിക്കുന്നു.
 
കേരളത്തില്‍ ഒരു ദേവിയായി ചിലര്‍ വിശ്വസിക്കുന്ന ആള്‍ദൈവത്തിന്‍റെ മാഹാത്മ്യം വര്‍ണ്ണിക്കുന്ന പരസ്യവും ഈ പത്രത്തില്‍ കണ്ടു. ആധുനികകാലത്തുണ്ടായ ഒരു സഭയുടെ മെത്രാപ്പോലീത്തായ്ക്കു അപ്പസ്തോല പിന്‍തുടര്‍ച്ച ഉള്ളതായി ഒരു സപ്ലിമെന്‍റിലൂടെ പത്രം അറിയിച്ചു. ഇതൊക്കെ കത്തോലിക്കാ പത്രത്തിനു യോജിച്ചതാണോ എന്നു ഒരു സഭാധ്യക്ഷനോടു ചോദിച്ചതിന് പത്രം സെക്കുലര്‍ ആയതിനാല്‍ ആകാം എന്നായിരുന്നു മറുപടി.
 
ഷാജി കരിംപ്ലാനില്‍ അവതരിപ്പിച്ച ഉയരുന്ന ദേവാലയങ്ങള്‍ മറക്കുന്ന ദൈവരാജ്യം എന്ന ലേഖനവും ചിന്തോദ്ദീപകം തന്നെ. 
 
ആകാശംമൂട്ടെ ഉയരുന്ന ദേവാലയങ്ങള്‍ നിര്‍മ്മിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതിന്‍റെ പിന്നില്‍ ചില സവിശേഷ കാരണങ്ങള്‍ ഉണ്ട്. ഉല്‍പത്തി 11-ല്‍ നാം വായിക്കുന്നു, കിഴക്കുനിന്ന് എത്തി ഷീനാര്‍ സമതലത്തില്‍ വസിച്ചവര്‍ക്കു ഒരു മോഹം ഉണ്ടായി. ആകാശം മൂട്ടുന്ന ഉയരത്തില്‍ ഒരു ഗോപുരം നിര്‍മ്മിച്ചു പ്രശസ്തി നിലനിര്‍ത്തണം. പ്രശസ്തി നേടുന്നതിനൊപ്പം മറ്റു ചില വ്യാമോഹങ്ങളും നമ്മുടെ ചില രൂപതാദ്ധ്യക്ഷന്മാര്‍ക്കുണ്ടായി. കിഴക്കോട്ടു തിരിഞ്ഞു ബലി അര്‍പ്പിക്കണം. ക്രൂശിത രൂപത്തിനു പകരം പേര്‍ഷ്യന്‍ അലങ്കാര കുരിശു പ്രതിഷ്ഠിക്കണം. പൗരസ്ത്യവല്‍ക്കരണം പൂര്‍ത്തിയാകണമെങ്കില്‍ കുറെ പഴയ ദേവാലയങ്ങള്‍ പൊളിച്ചുമാറ്റി പകരം അംബരചുംബികളായ ബ്രഹ്മാണ്ഡ ദേവാലയങ്ങള്‍ പണിയണം, വിശ്വാസികളെ പിഴിഞ്ഞു കുറെ പിരിച്ചെടുക്കാം, ബാക്കി പ്രശസ്തി ആഗ്രഹിക്കുന്ന കോടീശ്വരന്മാരായ വ്യവസായികള്‍ തരും. പല ദേവാലയങ്ങളും പൂര്‍ത്തിയാകുന്നതു സ്വര്‍ണ്ണവ്യാപാരികളായ അത്മായരുടെ നിര്‍ലോഭമായ സംഭാവനകൊണ്ടാണ്. അങ്ങനെ ക്രിസ്തുവിന്‍റെ സഭ ഏതാനും പണക്കാരുടെ പ്രശസ്തിക്കുവേണ്ടിയുള്ള പ്രസ്ഥാനമായി മാറുന്നു.
 
പ്രവാചക തുല്യമായ അസ്സീസി ലേഖനങ്ങള്‍ ഇനിയും ഉണ്ടാകട്ടെ. ഏശയ്യ, ജറമിയാ, ആമോസ് തുടങ്ങിയ പ്രവാചകന്മാരെപ്പോലെ അസ്സീസി ശക്തിയുക്തം പ്രബോധനം തുടരണം. കേരളത്തിലെ സഭ യഥാര്‍ത്ഥ ക്രിസ്തുചൈതന്യം നേടിയെടുക്കാന്‍ സംവിധാനം ഒരുക്കാം.

You can share this post!

കത്തുകൾ

പ്രദീപ് കെ.
അടുത്ത രചന

'സംരക്ഷിക്കപ്പെടേണ്ടത് അന്തസ്സത്തയാണ്, പ്രതിച്ഛായയല്ല'

ഫാ. ജോസ് കാനംകുടം
Related Posts