news-details
ധ്യാനം
 
 
 
 
 
ആര്‍ഷഭാരതത്തിന്‍റെ ആത്മവാക്യമായി സൂക്ഷിക്കുന്ന ഒന്നാണ് "മര്‍ത്യതയില്‍ നിന്നും അമര്‍ത്യതയിലേയ്ക്ക്" എന്നത്. മരണത്തിന്‍റെ ആധിപത്യത്തെ പരാജയപ്പെടുത്തി ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തു ഈ സന്ദേശത്തെ അന്വര്‍ത്ഥമാക്കി. മരണം ഒരവസാനം അല്ലെന്നും മരിച്ചവരെല്ലാം ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്നും യേശുവിന്‍റെ ഉത്ഥാനം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. തിരുനാളുകളുടെ തിരുനാളായി ഈസ്റ്റര്‍ അറിയപ്പെടുന്നു. യേശു കുരിശില്‍ മരിച്ചുവെന്ന് എഴുതി പേനാ താഴെവയ്ക്കാതെ അവന്‍ മരിച്ചവരില്‍ നിന്നുയിര്‍ത്തുവെന്ന് കൂടി എഴുതി വചനം പൂര്‍ത്തിയാക്കി. ഓശാനയുടെ ജയ്വിളികളും ആവേശവുമെല്ലാം തണുത്തുറഞ്ഞ ദിവസങ്ങള്‍. പെസഹായുടെ ആഘോഷത്തിനും ദുഃഖവെള്ളിയുടെ മൂകതയ്ക്കും മുകളില്‍ പ്രകാശത്തിന്‍റെ പുതിയ ആകാശം വിരിഞ്ഞുയര്‍ന്നു. കരഞ്ഞുകലങ്ങിയ കണ്ണുകളും നിദ്രനഷ്ടപ്പെട്ട നയനങ്ങളുമെല്ലാം പുത്തന്‍ ആവേശത്തിന്‍റെ തരംഗങ്ങളെ പുണര്‍ന്നു.
 
കല്ലറയുടെ വാതില്‍ക്കല്‍ വച്ചിരുന്ന വലിയകല്ല് ഉരുണ്ടുമാറി. യേശുവിന്‍റെ ജീവിതകാലത്തു തന്നെ എത്രയോ പ്രതിസന്ധികള്‍ ഉരുണ്ടുമാറി. പഴയനിയമത്തില്‍ മോശയുടെ മുമ്പില്‍ ചെങ്കടല്‍ പകുത്തുമാറ്റി. മരുഭൂമിയാത്രയില്‍ എത്രയോ പ്രതിസന്ധികളാണ് ഉരുണ്ടുമാറിയത്. കര്‍ത്താവിന്‍റെ മുമ്പില്‍വന്ന അന്ധന്‍റെ അന്ധതയും, ബധിരന്‍റെ ബധിരതയും, കുഷ്ഠരോഗിയുടെ വൈകൃതവുമെല്ലാം ഉരുണ്ടുമാറിയില്ലേ? മനുഷ്യന്‍റെ സകല തകര്‍ച്ചകളെയും ഉരുട്ടിമാറ്റിയവന്‍ സ്വന്തം കല്ലറയുടെ വാതില്‍ക്കലുള്ള കല്ല് ഉരുട്ടിമാറ്റി പുറത്തുവന്നു. കല്ലറകളിലുള്ളവരെല്ലാം ഇപ്രകാരം പുറത്തുവരുമെന്ന് അവന്‍ പഠിപ്പിച്ചു. യേശുവിന്‍റെ പ്രബോധനങ്ങളില്‍ വിശ്വസിക്കുന്നവരെല്ലാം മരണത്തില്‍ നിന്നു പുനരുത്ഥാനത്തിലേയ്ക്ക് കടന്നുവരുമെന്ന് ഈസ്റ്റര്‍ ഓര്‍മ്മിപ്പിക്കുന്നു.  നിസ്വാര്‍ത്ഥമായി മറ്റുള്ളവര്‍ക്കു കൊടുത്തതായിരുന്നു യേശുവിന്‍റെ ജീവിതം. സ്വയം ശൂന്യവല്‍ക്കരിച്ച് മറ്റുള്ളവര്‍ക്കു കൊടുക്കുന്ന ജീവിതങ്ങളെല്ലാം നിത്യം ജീവിക്കും. ഈ ലോകത്തില്‍ കുറച്ചുകാലം ജീവിച്ചു കടന്നുപോകുന്ന കൊച്ചുജീവിതങ്ങളുണ്ട്. ആര്‍ക്കും ഒരുപകാരവും ചെയ്യാത്ത ജീവിതങ്ങള്‍. അവരെല്ലാം കല്ലറകൊണ്ടു അവസാനിക്കും. മറ്റുള്ളവര്‍ക്കായി ജീവിച്ച മഹാത്മാഗാന്ധിയും, മദര്‍ തെരേസായും അങ്ങനെ പലരും മരണാനന്തരം ജീവിക്കുന്നു. നാളത്തെ തലമുറയ്ക്ക് ഓര്‍ക്കുവാനായി എന്തെങ്കിലും സമ്മാനിച്ചിട്ടു പോകുവാന്‍ നാം ശ്രമിക്കണം.
 
മറ്റുള്ളവര്‍ക്ക് പ്രകാശം നല്‍കുവാനായി അവന്‍ ഉയിര്‍ത്തു. യേശുവിന്‍റെ ഉത്ഥാനത്തോടെ മനുഷ്യവംശത്തിന് ഒരു പുതിയ പ്രകാശം ലഭിച്ചു. നമ്മുടെ ചെറിയ ജീവിതം മറ്റുള്ളവര്‍ക്ക് പ്രകാശം പകരുന്ന ഒന്നായിത്തീരണം. ഒരു സൂര്യന്‍റെ പ്രകാശം കൊടുക്കുവാന്‍ കഴിഞ്ഞില്ലെങ്കിലും ഒരു മിന്നാമിനുങ്ങിന്‍റെ പ്രകാശം പകര്‍ന്നു നല്‍കണം. അപരന്‍റെ ജീവിതം അല്പംകൂടി മെച്ചപ്പെട്ടതാക്കുവാന്‍ നമ്മുടെ കൊച്ചുജീവിതത്തിനു കഴിയണം.
 
ഭക്തസ്ത്രീകളാണ് ആദ്യമായി ഉത്ഥിതന്‍റെ ശൂന്യമായ കല്ലറ കണ്ടത്. വിശുദ്ധിയുള്ളവര്‍ക്കേ ഉത്ഥിതനെ കാണുവാന്‍ കഴിയൂ. ദൈവഭക്തിയും ദൈവവിശ്വാസവുമെല്ലാം ഉള്ളവര്‍ക്ക് ഉത്ഥിതനെ അനുഭവിക്കാന്‍ കഴിയും. ശിശുസഹജമായ നിഷ്ക്കളങ്കത കാത്തുസൂക്ഷിക്കുവാന്‍ നാം പരിശ്രമിക്കണം. സര്‍പ്പത്തിന്‍റെ വിവേകം മാത്രംകൊണ്ടു ദൈവാനുഭവം സാധ്യമാകില്ല. പ്രാവിന്‍റെ നിഷ്ക്കളങ്കതയും വളരെ പ്രധാനപ്പെട്ടതാണ്. വിജ്ഞാനികളിലും വിവേകികളിലും നിന്നു മറച്ചുവച്ചവ ശിശുക്കള്‍ക്കു വെളിപ്പെടുത്തുന്ന ദൈവത്തെയാണ് കര്‍ത്താവ് കാണിച്ചു തരുന്നത്. മറ്റുള്ളവര്‍ നമ്മെ കബളിപ്പിക്കുമ്പോഴും അവരെ വിശ്വസിക്കുന്ന  നിഷ്ക്കളങ്കത നമുക്ക് അത്യാവശ്യമാണ്. ഇങ്ങനെയുള്ള ഹൃദയം സൂക്ഷിക്കുന്നവരോട് പങ്കുവയ്ക്കുന്ന വചനത്തിലൂടെയും മുറിക്കപ്പെടുന്ന അപ്പത്തിലൂടെയും അവന്‍ സംസാരിക്കും. ലൂക്കാ 24-ല്‍ എമ്മാവൂസിലേയ്ക്കു പോയ ശിഷ്യന്മാര്‍ക്ക് ഉത്ഥിതന്‍ വെളിപ്പെടുത്തിയത് ഇപ്രകാരമാണല്ലോ.
 
തിരസ്കൃതമാകുന്ന സ്നേഹത്തിനു മുമ്പിലും അചഞ്ചലമായ സ്നേഹം യേശു കാണിച്ചുതന്നു. ഇടയനെ അടിക്കുമ്പോള്‍ ചിതറുവാന്‍ ഒരുങ്ങിനിന്ന ആട്ടിന്‍പറ്റംപോലെയായിരുന്നു ശിഷ്യര്‍. ജനങ്ങളും ശിഷ്യന്മാരും ഓടിയകന്നപ്പോഴും അവരെ തേടിച്ചെല്ലുന്ന സ്നേഹമായി യേശു മാറി. തിബേറിയോസിന്‍റെ തീരത്തും എമ്മാവൂസിന്‍റെ വഴിയിലും, തോട്ടത്തിന്‍റെ നടുവിലും, ശിഷ്യന്മാരുടെ വിരുന്നു മേശയ്ക്കരികിലും ഉത്ഥിതന്‍ കടന്നുവന്നു. തേടിവരുന്ന ആ സ്നേഹം ആരോടും പരിഭവം കാണിച്ചില്ല. എല്ലാവര്‍ക്കും ഉത്ഥാനത്തിന്‍റെ കുളിര് പകര്‍ന്നുകൊണ്ട് ഉത്ഥിതന്‍ കടന്നുപോയി. നവജീവനും ആനന്ദാനുഭൂതിയും പകര്‍ന്നുതരുന്ന ജറുസലേമിലേക്കു നമുക്കും തിരിച്ചുപോകാം. തള്ളിപ്പറഞ്ഞവനോടും ഒറ്റിക്കൊടുത്തവനോടും കരുണകാണിച്ചു കടന്നുപോയ കര്‍ത്താവ് നമുക്കു മാതൃകയാകട്ടെ. മുറിവേല്പിച്ചവരെയോര്‍ത്തു പരിഭവിക്കാതെ, ചെയ്തുതീര്‍ക്കാനുള്ള കര്‍മ്മവഴികളില്‍ ഉത്ഥിതന്‍റെ കരംപിടിച്ചു നമുക്കു നടക്കാം.

You can share this post!

അനുഗ്രഹിക്കുന്ന ദൈവം

By : ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
അടുത്ത രചന

യഥാര്‍ത്ഥജ്ഞാനികള്‍

By : ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Related Posts