news-details
എഡിറ്റോറിയൽ
കരുതലിന്‍റെ കരളലിയിക്കുന്ന കഥകള്‍ക്കെല്ലാം ക്രിസ്തുമസ് കാലങ്ങളില്‍ കൂടുതള്‍ ശോഭ തോന്നാറുണ്ട്. പുല്‍ക്കൂടും നക്ഷത്രങ്ങള്‍ നിറഞ്ഞ രാവും അരണ്ട നിലാവെട്ടവും കരോള്‍ഗാനങ്ങളുമെല്ലാം കൂടി രൂപപ്പെടുത്തിയ ഒരു കാല്പനിക ചിത്രം. ഈ കാല്പനിക ചിത്രത്തില്‍ കുറേക്കാലങ്ങള്‍ക്കു മുന്‍പ് തെളിമ പുല്‍ക്കൂട്ടിലെ പാല്‍പുഞ്ചിരിയുള്ള രൂപത്തിനായിരുന്നെങ്കില്‍ ഇന്ന് ആ തെളിച്ചം ആ പുഞ്ചിരി ഉള്ളിലേറ്റ ചില ജീവിതചിത്രങ്ങള്‍ക്കാണ്.
 
Live Recording, Live Streaming, Live concert, Live art തുടങ്ങി എന്തും Live ആയി ആസ്വദിക്കണം എന്നു കരുതുന്ന അതിനു പ്രസക്തിയുള്ള ഈ കാലഘട്ടത്തില്‍ ജീവിക്കുന്ന ചിത്രങ്ങള്‍ക്കും തികച്ചും പ്രസക്തിയുണ്ട്.
 
ഇത് റിസ്സി, 58-60വയസ്സ് പ്രായം. മുപ്പതുകാരനേക്കാള്‍ ഊര്‍ജ്ജസ്വലന്‍. അമേരിക്കന്‍ ഐക്യനാടുകളിലെ പ്രശസ്തമായ ഒരു hospital chain ലെ De-Adiction center ലെ കൗണ്‍സിലിങ്ങ് തെറാപ്പിസ്റ്റ്. മൂന്നുമക്കളും കൊച്ചുമക്കളും അടങ്ങുന്ന കുടുംബത്തിലെ നായിക. എത്ര കൊമ്പത്തെ ലഹരിഅടിമയും റിസ്സിയുടെ വാക്ചാതുര്യത്തിനും കാര്‍ക്കശ്യങ്ങള്‍ക്കും മുന്‍പില്‍ പൂച്ചക്കുട്ടികളാവും. പതിമൂന്നാം വയസ്സില്‍ ലഹരിമരുന്നിനടിമയായ അപ്പനെയും മറ്റൊരാളെ വിവാഹം ചെയ്ത അമ്മയേയും വിട്ടെറിഞ്ഞ് മന്‍ഹാട്ടന്‍റെ പ്രാന്തപ്രദേശങ്ങളിലെത്തിയപ്പോള്‍ എടുത്തു വളര്‍ത്തിയതത് ന്യൂയോര്‍ക്കിലെ കുപ്രസിദ്ധരായ മാഫിയാ സംഘം. പതിനെട്ടാംവയസ്സില്‍ ഒരു Strip Club- ക്യാഷര്‍ ആയി ജോലി തുടങ്ങി, Strip Artist (അവരെ അങ്ങനെ വിളിക്കാമോ? ജീവിക്കാന്‍വേണ്ടിയുള്ള തത്രപ്പാടില്‍ പെട്ടുപോയവര്‍ എന്ന് റിസ്സിയായുടെ വാക്കുകള്‍) കള്‍ നല്കിയിരുന്ന അവരുടെ ടിപ്പിന്‍റെ ഓഹരികള്‍ക്കൊണ്ട് റിസ്സി കോളേജില്‍ പഠനം തുടര്‍ന്നു. ബിരുദവും രണ്ടോ മൂന്നോ ബിരുദാനന്തരബിരുദവുമൊക്കെ ഈ യാതനകള്‍ക്കിടയിലും നേടി. തുടര്‍ന്ന് സാമാന്യം നല്ല ജോലിയും. ഇവിടെ റിസ്സിയെ വ്യത്യസ്തയാക്കുന്നത് ഇന്നും വേദനിക്കുന്ന ഒരാളുടെ പ്രതിസന്ധി കണ്ടാല്‍ അവിടെ ഔപചാരികതകളില്ലാതെ തന്‍റെ കരം നീട്ടിയിരിക്കും എന്നതിലാണ്. 
 
പരിക്കുകള്‍  ഭേദമാക്കാന്‍ പരിക്കേറ്റവരെപ്പോല്‍ വശം മറ്റാര്‍ക്കുമില്ല. ക്രിസ്തുമസ്, ക്രിസ്തു ഇവ എന്താണെന്ന് ചോദിക്കുന്നവരുടെ  എണ്ണം കൂടുന്നുണ്ട്. ഉത്തരങ്ങളേക്കാള്‍ ഇവിടെ പ്രസക്തി മുറിവേറ്റ ക്രിസ്തുവിന്‍റെ രൂപത്തിനാണ്. ഈ ഭൂമിയിലെ പരിക്കുകള്‍ അകറ്റാന്‍ ദൈവം ഭൂമിയിലേക്ക് അയച്ച സൗഖ്യമാണ് ക്രിസ്തു.
 
ചില വ്യക്തികളും അവരുടെ പരിസരങ്ങളും വല്ലാതെ പ്രകാശിക്കുന്നത് പരിക്കുകളെ പൂര്‍ണമായി ഇല്ലാതാക്കാന്‍ അവര്‍ക്ക് കഴിയുന്നിടത്താണ്. അറിഞ്ഞോ, അറിയാതെയോ പുല്‍ക്കൂട്ടിലെ ഉണ്ണിയെ സ്വന്തമാക്കാനാകുന്നവന് പരിക്കുകളെ ഏറ്റെടുക്കാനാവും എന്നതിന് സംശയമില്ല.
 
ചിലപ്പോള്‍ അതിശയം തോന്നാം, എത്ര മുറിഞ്ഞിട്ടാണവര്‍ കൂടെയുള്ളവരുടെ പരിക്കുകള്‍ക്ക് ലേപനമാകുന്നതെന്ന്. മനുഷ്യന്‍റെ പരിക്കിനും ഭൂമിയുടെ പരിക്കിനും സമൂഹത്തിന്‍റെ അപചയങ്ങള്‍ക്കും എല്ലാം പകരമായി തങ്ങളെത്തന്നെ മുറിച്ചു നല്‍കാന്‍ തയ്യാറാണവര്‍. ആര്‍ക്കുവേണ്ടി, എന്തിനുവേണ്ടി എന്നൊന്നും ചോദിക്കരുത്. കാരണം ഇതവരുടെ നിയോഗമാണ്. കാലുറപ്പിച്ചിരിക്കുന്നത് പൊള്ളുന്ന  പ്രതലത്തിലാണെങ്കിലും അവരുടെ കണ്ണീരുപ്പിന് മഞ്ഞുതുള്ളിയുടെ തണുപ്പുണ്ടാകും. ഇതെഴുതുമ്പോഴും മുന്നില്‍ നിറഞ്ഞുനില്‍ക്കുന്നു അങ്ങനെ ചില മുഖങ്ങള്‍. ചില മുഖങ്ങളെ പേരും നാളും അപ്രസക്തമാക്കി അസ്സീസിയുടെ താളുകളില്‍ ഒപ്പിയെടുത്തിട്ടുണ്ട്. ചിലത് അക്ഷരങ്ങള്‍ക്കു മീതെയാണ് നിലകൊള്ളുന്നത്. അപരന്‍റെ ദുഃഖത്തെയും പരിക്കിനേയും  മുറിവിനെയും തളരാത്ത കരുണകൊണ്ട് നെഞ്ചോടു ചേര്‍ക്കുന്ന ഓരോ ജന്മവും ഈ ഭൂമിയില്‍ വീണ്ടും ക്രിസ്മസ് പിറക്കാന്‍ അനുവദിക്കുന്നു. ഈ പിറവി എന്‍റെയും നിന്‍റെയും ഹൃദയത്തിലുടലെടുക്കുന്നില്ലെങ്കില്‍ ആത്മാവില്ലാത്ത അക്ഷരങ്ങളും ജീവനില്ലാത്ത ആശംസകളുമായി നമ്മള്‍ കരോള്‍ഗാനങ്ങളും ക്രിസ്തുമസ് കാര്‍ഡുകളും അയച്ചുകൊണ്ടിരിക്കുന്നു. 
 
പരിക്കേറ്റവനെ ഹൃദയത്തോടു ചേര്‍ക്കാന്‍ കരുതലിന്‍റെ സുവിശേഷമാവാന്‍ ക്രിസ്തുവിനെ ഞാന്‍ സ്വന്തമാക്കണം. ............. ഉദരത്തില്‍ ക്രിസ്തുരൂപം  കൊണ്ടപ്പോള്‍ എന്‍റെ .......... അവന്‍ പുറപ്പെടുകയാണ് മലയും ദുര്‍ഘടം പിടിച്ച വഴികളും താണ്ടി ........... അവളുടെ ഉദരത്തിലുള്ള ജീവനെ ബലപ്പെടുത്താന്‍. 
 
ഇന്ന് ആഘോഷങ്ങള്‍ക്കും ആരവങ്ങള്‍ക്കും ഓഫറുകള്‍ക്കും നടുവില്‍ ദൈവപുത്രന്‍റെ ജനനം ആഘോഷിക്കുമ്പോള്‍ പരിക്കേറ്റവന്‍റെ, മുറിവേറ്റവന്‍റെ നിലവിളി എന്‍റെ കര്‍ണ്ണപുടത്തില്‍ പതിയട്ടെ. പതുക്കെ പതുക്കെ ആരവങ്ങള്‍ക്കപ്പുറത്തേക്കു കടക്കാം, കടന്നേ മതിയാവൂ. ആരവങ്ങള്‍ക്കപ്പുറത്ത്, മുറിവേറ്റവര്‍ക്കു നടുവില്‍ ഇപ്പോഴും ആ ശിശു അവിടെത്തന്നെ നില്‍ക്കുന്നുണ്ട്. "നിങ്ങളെന്തിനാ അവനെ ഇപ്പോഴും മഴയത്ത് നിര്‍ത്തിയിരിക്കുന്നതെന്ന' അച്ഛന്‍റെ വിലാപം പോലെ... 
 
ഏവര്‍ക്കും ക്രിസ്തുമസ് ആശംസകള്‍

You can share this post!

മുഖക്കുറിപ്പ്

By : ടോം കണ്ണന്താനം
അടുത്ത രചന

മുഖക്കുറിപ്പ്

By : ടോം കണ്ണന്താനം
Related Posts