news-details
മറ്റുലേഖനങ്ങൾ

കുടുംബജീവിത വിളിയിൽ നിന്നും നമുക്കൊരു ദൈവദാസൻ

ദൈവത്തിന്‍റെ ഇച്ഛയായ സത്യം, സ്നേഹം,  സൗന്ദര്യം ഇവയുടെ പ്രകാശം പരത്താനാണ് 'പ്രവാചകന്‍' വന്നത് എന്നത് ഖലീല്‍ ജിബ്രാന്‍ എഴുതിയ പോലെ ജന്മം തന്നെ സന്ദേശമാക്കി തന്നിലെ പ്രവാചക ദൗത്യം തിരിച്ചറിഞ്ഞ് ദിവ്യപ്രഭ ചൊരിയുന്ന മണ്‍ചിരാതായി കാലഘട്ടത്തിന്‍റെ അന്ധകാരത്തിനു നേര്‍ക്കു വെളിച്ചം പകര്‍ന്നവനാണ് 'കേരള അസ്സീസി' എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന പുത്തന്‍പറമ്പില്‍ തൊമ്മച്ചന്‍. യേശുവിന്‍റെ ഹൃദയാര്‍ദ്രതയത്രയും സ്വജീവിതത്തിലേറ്റു വാങ്ങിയ അസ്സീസിയിലെ വി. ഫ്രാന്‍സിസിന്‍റെ ജീവിതശൈലി മാതൃകയാക്കി അസാധാരണമായ ധീരതയുടെയും ഇച്ഛാശക്തിയുടെയും പുതിയ ചരിത്രം സൃഷ്ടിച്ച പുത്തന്‍പറമ്പില്‍ തൊമ്മച്ചന്‍ കേരള കത്തോലിക്കാസഭയ്ക്ക് അഭിമാനമായി മാറിയിരിക്കുകയാണ്. 'ദൈവദാസന്‍' എന്ന പദവിയിലേക്കുള്ള നാമകരണ നടപടികള്‍ ആരംഭിച്ചു.

കുട്ടനാടിന്‍റെ സിരാകേന്ദ്രമെന്നു വിശേഷിപ്പിക്കപ്പെടുന്ന എടത്വായില്‍ പുത്തന്‍പറമ്പ് കുടുംബത്തിലെ ഫിലിപ്പോസിന്‍റെയും, ചമ്പക്കുളത്ത് കറുകയില്‍ കുടുംബാംഗമായ ത്രേസ്യാമ്മയുടെയും മകനായി 1836 ജൂലൈ 8-ാം തീയതി തൊമ്മച്ചന്‍ ജനിച്ചു. തൊമ്മച്ചന് രണ്ടരവയസ്സുള്ളപ്പോള്‍ പിതാവ് ഫിലിപ്പോസ് മരിച്ചു. തന്‍റെ ഏകമകനെ വളര്‍ത്തിയെടുക്കേണ്ട ഉത്തരവാദിത്വം അമ്മ ത്രേസ്യാമ്മയ്ക്കു മാത്രമായി. എടത്വാ പള്ളിക്കു സമീപം താമസിച്ചിരുന്നതിനാല്‍ ഭൗതിക പരിശീലനങ്ങളോടൊപ്പം ആത്മീയതയിലും വളരാന്‍ തൊമ്മച്ചന് സാധിച്ചു.

വിശുദ്ധ ജീവിതങ്ങള്‍ മാതൃകയാക്കി പ്രേഷിത പ്രവര്‍ത്തനങ്ങള്‍ ചെയ്ത് ഒരു സന്ന്യാസിയായി ജീവിക്കാന്‍ തൊമ്മച്ചന്‍ ആഗ്രഹിച്ചു. തന്‍റെ ഏകാശ്രയമായ മകന്‍ വിവാഹിതനായി കാണാനായിരുന്നു അമ്മയുടെ ആഗ്രഹം. വൈവാഹിക ജീവിതത്തോട് തികഞ്ഞ നിസ്സംഗത പുലര്‍ത്തിയ തൊമ്മച്ചന്‍ എന്നെങ്കിലും അമ്മയുടെ മനസ്സ് മാറും എന്നു പ്രതീക്ഷിച്ച് കാത്തിരുന്നു. ചെറുപ്പത്തിലേ തന്നെ വൈധവ്യ ദുഃഖവുമായി ക്ലേശങ്ങള്‍ നിറഞ്ഞ ജീവിതത്തിലൂടെ നടന്നു തളര്‍ന്ന അമ്മയുടെ ആശയ്ക്കു മുന്നില്‍ തൊമ്മച്ചനു പിടിച്ചു നില്‍ക്കാനായില്ല. പുളിംകുന്ന് ഇടവകയില്‍ പള്ളിക്കുട്ടുമ്മ വടക്കേവീട്ടില്‍ മാത്തച്ചന്‍റെ മകള്‍ അന്നമ്മയെ തൊമ്മച്ചന്‍ വിവാഹം കഴിച്ചു. അവര്‍ക്ക് മൂന്ന് മക്കള്‍ ജനിച്ചു. കുടുംബജീവിതത്തിന്‍റെ സ്വച്ഛത അടുത്തറിയുമ്പോഴും താപസ വിശുദ്ധിയാര്‍ന്ന ജീവിതത്തിനുള്ള ആത്മദാഹം കൂടി വന്നു. ഇവ രണ്ടും സമന്വയിപ്പിച്ച് മുന്നോട്ട് പോകാന്‍ അദ്ദേഹം തീവ്രമായി യത്നിച്ചു. കുടുംബം അല്മായ ജീവിതത്തിന്‍റെ മൂലക്കല്ലും, ജീവന്‍റെ സക്രാരിയും, സമൂഹത്തിന്‍റെ ജീവകോശവുമാണെന്നറിവുള്ള തൊമ്മച്ചന്‍ താനനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളേയും സങ്കീര്‍ണ്ണ പ്രതിസന്ധികളേയും കുടുംബാംഗങ്ങളുടെ വിശുദ്ധീകരണത്തിനായി പ്രാര്‍ത്ഥനാപൂര്‍വ്വം ഉപയോഗിച്ചു.

പ്രവര്‍ത്തനങ്ങളുടെ ആദ്യകാലങ്ങളില്‍ തൊമ്മച്ചനെ തിരിച്ചറിയാനോ അദ്ദേഹത്തിന്‍റെ ജീവിതരീതികള്‍ ഉള്‍ക്കൊള്ളാനോ ആര്‍ക്കും സാധിച്ചിരുന്നില്ല. കുടുംബാംഗങ്ങളില്‍നിന്നും സമൂഹത്തില്‍നിന്നും എതിര്‍പ്പുകളും പരിഹാസങ്ങളും ഉയര്‍ന്നപ്പോള്‍ അദ്ദേഹം നിരാശനായില്ല.

"ആരും ശ്രദ്ധിച്ചില്ലെങ്കില്‍ വേണ്ട
ഹേ ആശ്രയമറ്റവനേ,
നീ തനിച്ചു നടക്കുക
ഹൃദയം തുറന്ന് നീ നിന്നോട് തന്നെ സംവദിക്കുക
നിന്‍റെ ഹൃദയത്തേ
ഇടിമിന്നലും നൊമ്പരവും
കൊണ്ട് ജ്വലിപ്പിക്കുക,
നിന്‍റെ കാവല്‍ വെളിച്ചം
നീ തന്നെയാകുന്നു." വിശ്വകവി ടാഗോര്‍ തന്നെത്തന്നെ നോക്കി ഒരിക്കല്‍ പറഞ്ഞതുപോലെ തന്‍റെ ആന്തരിക നൊമ്പരങ്ങളെ കാവല്‍വെളിച്ചമാക്കി ഇടറാത്ത അടിവെയ്പോടെ തൊമ്മച്ചന്‍ നടന്നു. ക്രമേണ കുറേ ആളുകള്‍ തൊമ്മച്ചന്‍റെ ഭക്തജീവിതത്തില്‍ ആകൃഷ്ടരായി അദ്ദേഹവുമായി സഹകരിക്കാന്‍ തയ്യാറായി. അരയില്‍ ചകിരി കൊണ്ടുള്ള കയര്‍കെട്ടി സ്വയംകൃതമായ വ്യവസ്ഥകളോടുകൂടി തൊമ്മച്ചന്‍ ഒരു ഭക്തിപ്രസ്ഥാനത്തിനു തുടക്കം കുറിക്കുകയായിരുന്നു. വി. ഫ്രാന്‍സിസ് അസ്സീസി അല്മായര്‍ക്കുവേണ്ടി സ്ഥാപിച്ച മൂന്നാംസഭയുടെ പ്രവര്‍ത്തനങ്ങളുമായി തൊമ്മച്ചന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്യം ഏവരേയും അത്ഭുതപ്പെടുത്തി. മുന്‍പേ പറന്ന പക്ഷിയുടെ പിന്‍ഗാമികളായി തൊമ്മച്ചന്‍റെ 'കയറുകെട്ടിയ സംഘം' ഫ്രാന്‍സിസ്കന്‍ മൂന്നാംസഭയായി അറിയപ്പെട്ടു. സുറിയാനി ക്രിസ്ത്യാനികള്‍ അരയ്ക്കു മുകളിലേക്ക് വസ്ത്രം ധരിക്കുന്ന പതിവില്ലാത്ത അക്കാലത്ത് മൂന്നാംസഭയുടെ ആദ്ധ്യാത്മിക ജീവിതശൈലിയുടെ അടയാളമായ 'ഹങ്കര്‍ക്ക' എന്ന മുഴുനീള ഉടുപ്പ് ധരിക്കുക എന്നത് എതിര്‍പ്പുകളുയര്‍ത്തിയെങ്കിലും പാലാക്കുന്നേല്‍ വല്യച്ചന്‍റെ സഹായത്തോടെ അതും സാധിതമായി.

ആത്മവീര്യം കൊണ്ടും സന്മനോഭാവം കൊണ്ടും ഭൗതികതയ്ക്കെതിരേ ശക്തമായി നിലകൊണ്ട് അദ്ദേഹം കണ്‍മുമ്പില്‍ കാണുന്ന തിന്മകളേ സ്നേഹംകൊണ്ട് കീഴടക്കി. ക്രിസ്തുമതം വളര്‍ച്ചയിലേക്കു വന്നു കഴിഞ്ഞുവെങ്കിലും ഭക്തജനങ്ങളുടെ ആവശ്യാനുസരണമുള്ള ദൈവാലയങ്ങള്‍ കുറവായിരുന്നത് അദ്ദേഹത്തെ അസ്വസ്ഥനാക്കി. ദേവാലയ നിര്‍മ്മാണത്തിലൂടെയും പ്രേഷിതപ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ അദ്ദേഹം തീവ്രമായി യത്നിച്ചു. 1879 ആലപ്പുഴ പൂന്തോപ്പില്‍ സ്ഥാപിച്ച 'ധര്‍മ്മശാല'  എന്ന അനാഥമന്ദിരവും അദ്ദേഹത്തിന്‍റെ പ്രചോദനത്താല്‍ സ്ഥാപിതമായ മാരായമറ്റം, പഴയ കൊരട്ടി എന്നീ പള്ളികളുമൊക്കെ ആ വറ്റാത്ത സ്നേഹത്തിന്‍റെ ജ്വലിക്കുന്ന അടയാളമായി നിലകൊള്ളുന്നു. ഫ്രാന്‍സിസ്കന്‍ മൂന്നാംസഭയുടെ വളര്‍ച്ചയില്‍ മാത്രമല്ല, ക്ലാരിസ്റ്റ് സന്ന്യാസിനി സമൂഹത്തിന്‍റെ കേരളത്തിലുള്ള വളര്‍ച്ചയ്ക്കും, ദിവ്യകാരുണ്യ ആരാധന സന്ന്യാസിനി സമൂഹത്തിന്‍റെ തുടക്കത്തിനും തൊമ്മച്ചന്‍ ആത്മാര്‍ത്ഥമായി സഹകരിച്ചു.

ദിവ്യതേജസ്സിനേ സാക്ഷാത്കരിക്കാന്‍ വെമ്പുന്ന നിര്‍മ്മല ജലാശയം പോലുള്ള മനസ്സില്‍ ഭൗതിക പ്രതിസന്ധികളുടെ വിഴുപ്പുകള്‍ പലപ്പോഴും ഓളങ്ങളുയര്‍ത്തിയെങ്കിലും ആ മനസ്സ് പതറിയില്ല. നിരന്തരമായ പ്രാര്‍ത്ഥനകളും, ദിവസങ്ങളോളം നീളുന്ന ഉപവാസ ധ്യാനങ്ങളും അദ്ദേഹത്തെ ശക്തനാക്കി. ക്രിസ്തു മൊഴികളെ അതിന്‍റെ എല്ലാ പൂര്‍ണ്ണതയോടും കൂടി ജീവിതത്തില്‍ പകര്‍ത്തിയ തൊമ്മച്ചന്‍ ജീവിതവിജയത്തിന്‍റെ നേരായ പാത കുരിശിന്‍റേതാണ് എന്നു കണ്ടെത്തി. ചുറ്റുമുള്ളവര്‍ തന്നെ വെറും ഹാസ്യകഥാപാത്രമായി ചിത്രീകരിക്കുമ്പോഴും, ക്രൂരമായി വിമര്‍ശിക്കുമ്പോഴും ദിവ്യകാരുണ്യത്തോടുള്ള തീക്ഷ്ണമായ ഭക്തിയും, അചഞ്ചലമായ വിശ്വാസവും തൊമ്മച്ചനു കരുത്തായി.

"നിന്‍റെ ഓരോ പ്രവൃത്തിയും ഓരോ ചിന്തയും ദിവസം അവസാനിക്കുംമുമ്പ് മരിക്കും എന്നു പ്രതീക്ഷിക്കുന്ന ഒരാളുടേതായിരിക്കണം." ക്രിസ്ത്വാനുകരണത്തിലെ അതേ കാഴ്ചപ്പാടോടെ തൊമ്മച്ചന്‍ മരണത്തിനായി ഒരുങ്ങിയിരുന്നു. മരണത്തേപ്പറ്റി മുമ്പേതന്നെ ബോദ്ധ്യമുണ്ടായിരുന്ന തൊമ്മച്ചന്‍ സകലവിശുദ്ധരുടേയും തിരുനാള്‍ ദിനമായ നവംബര്‍ -1 നു തന്‍റെ 72-മത്തെ വയസ്സില്‍ ലോകത്തോട് യാത്ര പറഞ്ഞു. 'തൊമ്മച്ചനെ  ദൈവതിരുസന്നിധിയില്‍ ഞാന്‍ കാണുന്നു' എന്നു ചരമപ്രസംഗത്തില്‍ അന്ന് എടത്വാപള്ളി വികാരി കുര്യാളശ്ശേരിയിലച്ചന്‍ പറഞ്ഞ വാക്കുകള്‍ തൊമ്മച്ചന്‍റെ ജീവിതത്തിനു ലഭിച്ച അംഗീകാരമാണ്. കുടുംബജീവിതത്തിന്‍റെ പുണ്യമായി പുത്തന്‍പറമ്പില്‍ തൊമ്മച്ചന്‍ ദൈവദാസപദവിയിലേക്ക് ഉയര്‍ത്തപ്പെടുമ്പോള്‍ അഭിമാനിക്കാം, സന്തോഷിക്കാം ഒപ്പം, തീരുമാനിക്കാം തൊമ്മച്ചനേപ്പോലെ എന്‍റെ ജീവിതവും  ഒരുനാള്‍ ദൈവസ്നേഹാഗ്നിയാല്‍ ജ്വലിക്കുന്നതായി തീരുമെന്ന്.

You can share this post!

തോറ്റവന്‍റെ നിലവിളി

സഖേര്‍
അടുത്ത രചന

ഒറ്റപ്പന

ഫാ. ഷാജി സി. എം. ഐ.
Related Posts