news-details
സാമൂഹിക നീതി ബൈബിളിൽ
 
 
 
 
"പിതാവായ ദൈവത്തിന്‍റെ മുമ്പില്‍ പരിശുദ്ധവും നിഷ്കളങ്കവുമായ ഭക്തി ഇതാണ്: അനാഥരുടെയും വിധവകളുടെയും ഞെരുക്കങ്ങളില്‍ അവരുടെ സഹായത്തിനെത്തുക; ലോകത്തിന്‍റെ കളങ്കമേല്ക്കാതെ തന്നെത്തന്നെ കാത്തുസൂക്ഷിക്കുക" (യാക്കോ 1, 27). 
 
സാര്‍വ്വത്രിക സഭയെ ലക്ഷ്യംവച്ച് എഴുതപ്പെട്ട, കാതോലിക ലേഖനങ്ങള്‍ എന്നറിയപ്പെടുന്ന ഏഴു ലേഖനങ്ങള്‍ പുതിയ നിയമത്തിലുണ്ട്. അവയില്‍ ആദ്യത്തേതാണ് യാക്കോബിന്‍റെ ലേഖനം. ആരാണ് ഈ യാക്കോബ് എന്ന കാര്യത്തില്‍ ബൈബിള്‍ വ്യാഖ്യാതക്കളുടെ ഇടയില്‍ തകര്‍ക്കമുണ്ട്. സെബദി പുത്രനും യോഹന്നാന്‍റെ സഹോദരനുമായ യാക്കോബല്ല അത് എന്നതില്‍ സംശയമില്ല. ഹല്‍പൈയുടെ പുത്രന്‍ എന്നറിയപ്പെടുന്നവനും അപ്പസ്തോലന്മാരില്‍ ഒരുവനുമായിരുന്ന യാക്കോബാണ് ഇതെന്നു കരുതുന്നവരുണ്ട്. എന്നാല്‍ ഇതു രണ്ടുമല്ല, യേശുവിന്‍റെ സഹോദരന്‍ എന്നറിയപ്പെട്ടിരുന്നവനും ജറുസലെം സഭയുടെ നേതാവുമായിരുന്ന യാക്കോബാണ് ഈ ലേഖനകര്‍ത്താവ് എന്ന അഭിപ്രായത്തിനു കൂടുതല്‍ സാധ്യതയുണ്ട്.
 
ആദിമസഭയില്‍ വലിയ പ്രാധാന്യമുള്ള ഒരു വ്യക്തിയായിരുന്നു ഈ യാക്കോബ് എന്നതിന് പുതിയനിയമത്തില്‍ തന്നെ വേണ്ടുവോളം സാക്ഷ്യങ്ങളുണ്ട്. സഭയുടെ നേതൃസ്തംഭങ്ങളായി കരുതപ്പെട്ടിരുന്ന മൂവരില്‍ പൗലോസ് ആദ്യം പേരെടുത്തുപറയുന്നത് ഈ യാക്കോബിന്‍റേതാണ്. പത്രോസും യോഹന്നാനും പിന്നാലെ മാത്രം വരുന്നു(ഗലാ. 2,9). വിജാതീയരോടു സുവിശേഷം പ്രസംഗിക്കുന്നതിനെക്കുറിച്ചുണ്ടായ തര്‍ക്കങ്ങള്‍  വിശകലനം ചെയ്തു തീര്‍പ്പുകല്പിക്കാന്‍ ജറൂസലെമില്‍ കൂടിയ സമ്മേളനത്തില്‍ നിര്‍ണ്ണായകമായ വിധിതീര്‍പ്പു പ്രസ്താവിച്ചതും ഈ യാക്കോബുതന്നെയാണ് (അപ്പ 15, 13-21). ഫ്ളാവിയൂസ് ജൊസേഫൂസ് 'യഹൂദരുടെ പുരാതന ചരിത്രം' എന്ന ഗ്രന്ഥത്തില്‍ പ്രസ്താവിക്കുന്നതനുസരിച്ച് ഈ യാക്കോബിനെ യഹൂദര്‍ ജറൂസലെമില്‍ വച്ച് ഏ. ഡി. 62ല്‍ കല്ലെറിഞ്ഞു കൊന്നു. വി. ഗ്രന്ഥകര്‍ത്താവു നല്കുന്ന പ്രബോധനത്തിന്‍റെ പ്രാധാന്യം വ്യക്തമാക്കാന്‍ വേണ്ടിയാണ് ആദിമസഭയില്‍ അദ്ദേഹത്തിനുണ്ടായിരുന്ന സ്ഥാനത്തെക്കുറിച്ച് ഇത്രയും പ്രതിപാദിച്ചത്.
 
അഞ്ച് അധ്യായങ്ങളിലായി 108 വാക്യങ്ങളില്‍ അവതരിപ്പിച്ചിരിക്കുന്ന ഈ ലേഖനത്തിന്‍റെ മുഖ്യവിഷയമാണ് സാമൂഹ്യനീതി. വിശ്വാസവും ഭക്തിയും ആരാധനയും മരണാനന്തരജീവിതവും നിത്യമായ ശിക്ഷയും സമ്മാനവും എല്ലാം സാമൂഹ്യനീതിയുമായി ബന്ധപ്പെടുത്തിയാണ് ലേഖനകര്‍ത്താവ് അവതരിപ്പിക്കുന്നത്. ഏതാനും ചില പ്രാര്‍ത്ഥനകള്‍ ഉരുവിടുന്നതിലോ കര്‍മ്മാനുഷ്ഠാനങ്ങളിലോ ഒതുങ്ങി നില്ക്കുന്നതല്ല യഥാര്‍ത്ഥ ദൈവഭക്തിയെന്ന് യാക്കോബ് പ്രത്യേകം അനുസ്മരിപ്പിക്കുന്നു. 
ക്രൈസ്തവസമൂഹത്തില്‍ ഒരിക്കലും സംഭവിക്കരുതാത്ത ഉച്ചനീചത്വവും അനീതിയും ക്രമേണ കടന്നുവന്നു. അതിനെതിരേ, വിശ്വാസത്തിന്‍റെ വെളിച്ചത്തില്‍ത്തന്നെ അതിശക്തമായ നിലപാടാണ് യാക്കോബ്  സ്വീകരിക്കുന്നത്. ബൈബിളില്‍ പൊതുവേയും യേശുവിന്‍റെയും പൗലോസിന്‍റെയും പ്രബോധനങ്ങളില്‍ പ്രത്യേകിച്ചും കാണുന്നതാണ് സാമൂഹ്യനീതിയിലുള്ള ഈ ഊന്നല്‍. ദൈവത്തിന്‍റെ സ്വഭാവം തന്നെയാണ് ഈ ഊന്നലിനു കാരണമായി നില്ക്കുന്നത്. ദൈവത്തിന്‍റെ ഛായയും സാദൃശ്യവും വഹിക്കുന്നവരാണ് ഓരോ മനുഷ്യവ്യക്തികളും. സകല മനുഷ്യരുടെയും മഹത്വവും അവകാശങ്ങളും ദൈവം തന്നെ സംരക്ഷിക്കുന്നു. ആബേലിനെ വധിച്ച കായേന്‍ മുതലിങ്ങോട്ട് സകല മര്‍ദ്ദകര്‍ക്കും ചൂഷകര്‍ക്കും എതിരായിട്ടാണ് ദൈവം ചരിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ദരിദ്രരുടെയും അടിമകളാക്കപ്പെട്ടവരുടെയും പക്ഷം ചേരുന്ന ദൈവചിത്രമാണ് ബൈബിള്‍ അവതരിപ്പിക്കുന്നത്. നസ്രത്തിലെ യേശു ആ പക്ഷംചേരലിന്‍റെ ദൃശ്യമായ ആവിഷ്കരണവും. 
 
ഈ പശ്ചാത്തലത്തില്‍ വേണം ദൈവഭക്തിയും ആരാധനയും മനസ്സിലാക്കാന്‍. "ദരിദ്രന്‍റെ സമ്പത്ത് തട്ടിയെടുത്ത് ബലിയര്‍പ്പിക്കുന്നവന്‍ പിതാവിന്‍റെ മുന്നില്‍വച്ച് പുത്രനെ കൊല്ലുന്നവനെപ്പോലെയാണ്" (പ്രഭാ 34, 20) എന്ന പ്രബോധനം ഈ പക്ഷംചേരലിന്‍റെ വ്യക്തമായ സാക്ഷ്യമാണ്. ഇതുതന്നെയാണ് യാക്കോബും പറയുന്നത്. ഭക്തി എന്നത് വിശ്വാസവും വിനയവും വിധേയത്വവും ആരാധനയും പ്രകടമാക്കുന്ന മനോഭാവമാണ്. എന്നാല്‍ പലപ്പോഴും ദൈവഭക്തിയില്‍ ആനന്ദിക്കുകയും ആശ്വസിക്കുകയും ചെയ്യുന്നവര്‍ സഹജീവികളെ കാണാതെ പോകുന്നു. ദൈവത്തെ പ്രസാദിപ്പിക്കാന്‍ തീര്‍ത്ഥാടനങ്ങളും തിരുനാളാഘോഷങ്ങളും നടത്തുന്നവര്‍, ദൈവത്തിനു വസിക്കാന്‍ അതിമനോഹരമായ ആലയങ്ങള്‍ പണിയുന്നവര്‍ ദൈവത്തിന്‍റെ യഥാര്‍ത്ഥ വസതികളായ മനുഷ്യരെ കാണാതെ പോകുന്നു. ദരിദ്രരോടു താദാത്മ്യപ്പെടുകയും അവരിലൂടെ സഹായം ആവശ്യപ്പെടുകയും ചെയ്യുന്ന ദൈവം (മത്താ 25, 31-46) അവഗണിക്കപ്പെടുന്നു. ഈ സാഹചര്യത്തിലാണ് ദൈവഭക്തിയുടെ ഒരു നിര്‍വ്വചനം യാക്കോബു നല്കുന്നത്.
 
സഹായിക്കാന്‍ ആരുമില്ലാത്തവരാണ് അനാഥരും വിധവകളും. ദരിദ്രരുടെ പ്രതീകവും പ്രതിനിധികളും ആകുന്നവര്‍. അവരോടു ചേര്‍ന്നു നില്ക്കുക, അവരെ സംരക്ഷിക്കുക, സഹായിക്കുക ഇതായിരിക്കണം ദൈവഭക്തിയുടെ ഏറ്റവും വ്യക്തമായ പ്രകടനം. അതോടൊപ്പം ലോകത്തിന്‍റെ കളങ്കമേശാതെ തങ്ങളെത്തന്നെ കാത്തുസൂക്ഷിക്കുകയും വേണം. ആസക്തികളാല്‍ കലുഷിതമായ മനോഭാവമാണ് ലോകത്തിന്‍റെ കളങ്കമായി ചിത്രീകരിക്കുന്നത്. അത് ഭോഗാസക്തിയാകാം; വിഗ്രഹാരാധന തന്നെയായ ദ്രവ്യാസക്തിയാകാം. വാരിക്കൂട്ടാനും പ്രൗഢി പ്രകടിപ്പിക്കാനുമുള്ള ശ്രമമാകാം. ഈ മനോഭാവം ദൈവഭക്തിക്കു ചേര്‍ന്നതല്ല എന്ന പ്രബോധനം നമ്മുടെ മനോഭാവങ്ങളെയും ജീവിതശൈലിയെയും കര്‍ശനമായ ഒരു പരിശോധനയ്ക്കു വിധേയമാക്കാന്‍ നിര്‍ബന്ധിക്കുന്നു. ദൈവമഹത്വത്തിനു വേണ്ടി നടത്തുന്ന ഭക്തിപ്രകടനങ്ങള്‍ പലതും ദൈവത്തെ അവഹേളിക്കുകയും നിത്യശിക്ഷ വിളിച്ചുവരുത്തുകയും ചെയ്യുന്ന പാപമാണെന്നു തിരിച്ചറിയാന്‍ യഥാര്‍ത്ഥ ഭക്തിയുടെ ഈ നിര്‍വചനം പ്രേരിപ്പിക്കുന്നു. 
 
ക്രിസ്തുവിശ്വാസികളുടെ ഇടയില്‍ ഒരിക്കലും ഉണ്ടാവരുതാത്ത ഉച്ചനീചത്വങ്ങളിലേക്കാണ് വി. ഗ്രന്ഥകാരന്‍ അടുത്തതായി ശ്രദ്ധ ക്ഷണിക്കുന്നത്. ദരിദ്രരെ അവഗണിക്കുകയും ധനികരെ ആദരിക്കുകയും ചെയ്യുന്ന മനോഭാവം ഇവിടെ നിശിതമായ വിമര്‍ശനത്തിന് ഇരയാകുന്നു (2, 1-3). ധനികരെ ആദരവോടെ വീക്ഷിക്കുന്നവര്‍ മറക്കരുതാത്ത ചില കാര്യങ്ങളുണ്ട്. എങ്ങനെയാണ് ഒരാള്‍ ധനികനായത്? എന്താണ് ഈ ധനികന്‍റെ മനോഭാവം? എന്തു നിലപാടാണ് ധനികര്‍ ദരിദ്രരോടും സഭാസമൂഹത്തോടും വച്ചുപുലര്‍ത്തുന്നത്? പാവപ്പെട്ടവനെ അപമാനിക്കുകയും ധനികനെ ആദരിക്കുകയും ചെയ്യുന്നവര്‍ മറക്കരുതാത്ത ചില കാര്യങ്ങള്‍ ലേഖനകര്‍ത്താവ് എടുത്തുപറയുന്നു: "നിങ്ങളെ പീഡിപ്പിക്കുന്നതു സമ്പന്നരല്ലേ? നിങ്ങളെ ന്യായാസനങ്ങളുടെ മുന്നിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോകുന്നത് അവരല്ലേ? നിങ്ങള്‍ക്കു നല്കിയിരിക്കുന്ന ധന്യമായ ആ നാമത്തെ ദുഷിപ്പിക്കുന്നത് അവരല്ലേ?"(2, 6-7). പക്ഷപാതം അരുത്, എല്ലാവരെയും ആദരിക്കണം, പാവങ്ങള്‍ക്കു പ്രത്യേക പരിഗണനയും സംരക്ഷണവും നല്‍കണം. ഇതാണ് നിയമത്തിന്‍റെ പൂര്‍ത്തീകരണമായ കാരുണ്യം. കാരുണ്യം കാണിക്കാത്തവന്‍ ശിക്ഷാവിധിയും നിത്യനാശവും നേരിടേണ്ടിവരും എന്ന് തുടര്‍ന്ന് ഉദ്ബോധിപ്പിക്കുന്നു(2, 7-13). ഇപ്രകാരം ഒരു ജീവിതവീക്ഷണവും ജീവിതശൈലിയും കരുപ്പിടിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നതാവണം വിശ്വാസം. പക്ഷേ അവിടെയും ഗ്രന്ഥകാരന്‍ വീഴ്ചകളും അപാകതകളും കാണുന്നു. 
 
നിത്യരക്ഷ പ്രാപിക്കാന്‍ വിശ്വാസം അനിവാര്യമാണെന്ന പ്രബോധനം ബൈബിള്‍ മുഴുവന്‍ നിറഞ്ഞുനില്ക്കുന്നു. "വിശ്വാസം വഴി കൃപയാലാണ് നിങ്ങള്‍ രക്ഷിക്കപ്പെട്ടത്. അതു നിങ്ങള്‍ നേടിയെടുത്തതല്ല, ദൈവത്തിന്‍റെ ദാനമാണ്" (എഫേ 2,8) എന്ന വി. പൗലോസിന്‍റെ പ്രബോധനം വിശ്വാസത്തിന്‍റെ അതുല്യപ്രാധാന്യത്തെ എടുത്തുകാട്ടുന്നു. അബ്രാഹത്തിന്‍റെ വിശ്വാസം മാതൃകയായി ചൂണ്ടിക്കാട്ടുന്നതും (റോമ 4) വിശ്വാസത്തിന്‍റെ പ്രാധാന്യത്തിനു തെളിവാണ്. "വിശ്വാസമില്ലാതെ ദൈവത്തെ പ്രസാദിപ്പിക്കുക സാധ്യമല്ല" (ഹെബ്രാ 11,6) എന്ന പ്രഖ്യാപനവും ഈ ദിശയിലേക്കു തന്നെയാണ് വിരല്‍ചൂണ്ടുന്നത്. ഇപ്രകാരമുള്ള പ്രബോധനങ്ങളെ ആധാരമാക്കി, പ്രോട്ടസ്റ്റന്‍റു നവീകരണത്തിന്‍റെ മുഖ്യനായകനായ മാര്‍ട്ടിന്‍ ലൂഥര്‍ രക്ഷയുടെ അടിസ്ഥാനശിലകളായി മൂന്നു കാര്യങ്ങള്‍ എടുത്തുകാട്ടി: കൃപയാല്‍ മാത്രമാണ് രക്ഷ, വിശ്വാസം വഴി മാത്രമാണ് കൃപ ലഭിക്കുന്നത്, ബൈബിള്‍ മാത്രമാണ്  വിശ്വാസത്തിന്‍റെ അടിസ്ഥാനം.
 
ലൂഥര്‍ തന്‍റെ നവീകരണത്തിന്‍റെ അടിത്തൂണുകളായി എടുത്തുകാട്ടുന്നതിനു മുന്‍പുതന്നെ ഇപ്രകാരം ഒരു വീക്ഷണം നിലവിലുണ്ടായിരുന്നു. ബൈബിളിന്‍റെ ഭാഗികമായ വീക്ഷണത്തിലൂടെയാണ് ഈ വീക്ഷണം നിലവില്‍ വന്നത്. മനുഷ്യന്‍റെ പ്രവൃത്തി ഒന്നിനും ഉപകരിക്കുന്നില്ല, കാരണം ഉത്ഭവത്തില്‍ തന്നെ മനുഷ്യന്‍ സ്വഭാവേന പാപിയാണ്. അതിനാല്‍ കൃപയും വിശ്വാസവും വഴി മാത്രമേ രക്ഷ ലഭിക്കൂ. ശരീരം ഒന്നിനും ഉപകരിക്കുന്നില്ല എന്നൊരു വ്യാഖ്യാനം ആദിമസഭയില്‍ത്തന്നെ നിലനിന്നു. അതിനാല്‍ മനുഷ്യന്‍റെ ഭൗതിക കാര്യങ്ങളിലും അയല്ക്കാരന്‍റെ ആവശ്യങ്ങളിലും ശ്രദ്ധിക്കേണ്ടതില്ല. വിശ്വാസം മാത്രം മതി എന്ന നിലപാടിനെ ചോദ്യം ചെയ്യുകയും തള്ളിപ്പറയുകയുമാണ് യാക്കോബു ചെയ്യുന്നത്.
 
"വിശ്വാസമുണ്ട് എന്നു പറയുകയും പ്രവൃത്തി ഇല്ലാതിരിക്കുകയും ചെയ്യുന്നവന് എന്തു മേന്മയാണുള്ളത്? ഈ വിശ്വാസത്തിന് അവനെ രക്ഷിക്കാന്‍ പറ്റുമോ? ഒരു സഹോദരനോ സഹോദരിയോ ആവശ്യത്തിനു വസ്ത്രമോ ഭക്ഷണമോ ഇല്ലാതെ കഴിയുമ്പോള്‍ നിങ്ങളിലാരെങ്കിലും ശരീരത്തിന് ആവശ്യമായത് അവര്‍ക്കു കൊടുക്കാതെ, സമാധാനത്തില്‍ പോവുക, തീ കായുക, വിശപ്പടക്കുക എന്നൊക്കെ അവരോടു പറയുന്നെങ്കില്‍ അതുകൊണ്ട് എന്തു പ്രയോജനം? പ്രവൃത്തികള്‍ കൂടാതെയുള്ള വിശ്വാസം അതില്‍ത്തന്നെ നിര്‍ജ്ജീവമാണ്" (2, 14-17). 
 
രക്ഷ ദൈവത്തിന്‍റെ കൃപാദാനമാണ്. എന്നാല്‍ ഓരോ വ്യക്തിയും ക്രിയാത്മകമായി കൃപ സ്വീകരിക്കണം. മനുഷ്യന്‍റെ സഹകരണം കൂടാതെ രക്ഷ ലഭ്യമാകില്ല. അതുപോലെതന്നെ വിശ്വാസമില്ലാതെ രക്ഷ സാധ്യമല്ല എന്ന് അംഗീകരിക്കുമ്പോഴും വിശ്വാസം പ്രവൃത്തിയിലേക്കു നയിക്കണം എന്നതു മറക്കരുത്. പ്രവൃത്തിയിലൂടെ പ്രകടമാകുന്ന വിശ്വാസമാണ് രക്ഷണീയമാകുന്നത്. വിശ്വാസത്തിന് അടിസ്ഥാനമായി നില്ക്കുന്നത് എഴുതപ്പെട്ട ദൈവവചനമായ ബൈബിള്‍ മാത്രമല്ല, സഭയുടെ ആധികാരികവും ഔദ്യോഗികവുമായ പാരമ്പര്യവും പ്രബോധനവും കൂടിയാണ്. അതിനാല്‍ പ്രവൃത്തികൂടാതെയുള്ള വിശ്വാസത്തിന് ആരെയും രക്ഷിക്കാന്‍ കഴിയുകയില്ല.
 
പ്രവൃത്തിയില്ലാത്തിടത്ത് വിശ്വാസം നിര്‍ജ്ജീവമായിരിക്കുന്നു എന്ന ഓര്‍മ്മപ്പെടുത്തല്‍ സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നു. ഭക്തിയുടെ കാര്യത്തില്‍ എന്നതുപോലെ വിശ്വാസത്തിന്‍റെ കാര്യത്തിലും പ്രവര്‍ത്തനത്തിന് അതുല്യപ്രാധാന്യമുണ്ട്. പ്രവര്‍ത്തനം എന്നു പറയുന്നത് സഹോദരസ്നേഹത്താല്‍ പ്രചോദിതമായ നീതിയുടെ പ്രവര്‍ത്തനത്തെയാണ് സൂചിപ്പിക്കുന്നത് എന്നത് ഭക്ഷണത്തിന്‍റെയും വസ്ത്രത്തിന്‍റെയും ഉദാഹരണത്തിലൂടെ വ്യക്തമാകുന്നു. രക്ഷ പ്രാപിക്കാന്‍ വിശ്വാസം ആവശ്യമാണ്. വിശ്വാസം സ്നേഹത്തിലേക്കു നയിക്കണം. സ്നേഹമാകട്ടെ പാവപ്പെട്ടവരോടു പക്ഷം ചേരാനും ആവശ്യങ്ങള്‍ നിര്‍വ്വഹിച്ചുകൊടുക്കാനും പ്രേരിപ്പിക്കണം. ഇത് ഒരു ഔദാര്യമല്ല, കടമയാണ്. നീതിയടെ പ്രവര്‍ത്തനങ്ങളിലൂടെ പ്രകടമാകുന്ന വിശ്വാസം മാത്രമേ രക്ഷണീയമാകൂ! "ആത്മാവില്ലാത്ത ശരീരംപോലെ പ്രവൃത്തികൂടാതെയുള്ള വിശ്വാസവും മൃതമാണ്" (2,26). 
 
അംബരചുംബികളായ ദേവാലയഗോപുരങ്ങള്‍ക്കു തൊട്ടുതാഴെ കാണുന്ന ദരിദ്രരുടെ ചേരികള്‍ ഈ വീക്ഷണത്തില്‍ വിലയിരുത്തപ്പെടണം. ഗോപുരങ്ങള്‍ക്കു മുകളില്‍ സ്ഥാപിച്ചിരിക്കുന്ന കുരിശുകള്‍ വിശ്വാസത്തിന്‍റെ ശവക്കല്ലറകളെയാണ് വിളിച്ചറിയിക്കുന്നത് എന്ന് ആരെങ്കിലും ആരോപിച്ചാല്‍ ഉത്തരം പറയാന്‍ നാം ബാധ്യസ്ഥരല്ലേ? വിശ്വാസപ്രഘോഷണത്തിനായി നടത്തുന്ന പടുകൂറ്റന്‍ റാലികളും റെക്കോര്‍ഡുകള്‍ തേടുന്ന പ്രകടനങ്ങളും എല്ലാം വിശ്വാസത്തിന്‍റെ നിര്‍ജ്ജീവ ശരീരമാണോ പ്രകടിപ്പിക്കുന്നത് എന്നും ആത്മശോധന ചെയ്യാന്‍ ഈ തിരുവചനങ്ങള്‍ നമ്മെ നിര്‍ബന്ധിക്കുന്നു.
 
ലൗകിക സമ്പത്തിന്‍റെ ഉത്പാദനം, വിതരണം, ഉപയോഗം എന്നീ പ്രക്രിയകളിലാണ് മുഖ്യമായും സാമൂഹ്യനീതി നിലനില്ക്കുന്നത്, നിലനില്ക്കേണ്ടത്. എന്നാല്‍ ഭൗതിക സമ്പത്ത് ചുരുക്കം പേരുടെ കൈകളില്‍ ഒതുങ്ങാനും ഭൂരിഭാഗം ജനങ്ങളെയും ദാരിദ്ര്യത്തിലേക്കു തള്ളിയിടാനും അവസരമൊരുക്കുന്ന നിയമങ്ങള്‍ നിലനില്ക്കുന്നു. ഇതിനെതിരേയാണ് യാക്കോബ് ഏറ്റവും ശക്തവും തീവ്രവുമായ ഭാഷയില്‍ പ്രതികരിക്കുന്നത്. 
 
"ധനവാന്മാരേ, നിങ്ങള്‍ക്കു സംഭവിക്കാനിരിക്കുന്ന ദുരിതങ്ങളോര്‍ത്ത് ഉച്ചത്തില്‍ നിലവിളിക്കുവിന്‍. നിങ്ങളുടെ സമ്പത്തു ക്ഷയിച്ചുകഴിഞ്ഞിരിക്കുന്നു. നിങ്ങളുടെ വസ്ത്രങ്ങള്‍ പുഴു അരിച്ചുപോയി. നിങ്ങളുടെ സ്വര്‍ണത്തിനും വെള്ളിക്കും കറ പിടിച്ചിരിക്കുന്നു. ആ കറ നിങ്ങള്‍ക്കെതിരായ സാക്ഷ്യമായിരിക്കും. തീപോലെ അതു നിങ്ങളുടെ മാംസത്തെ തിന്നുകളയും. അവസാനനാളുകളിലേക്കാണ് നിങ്ങള്‍ സമ്പത്തു ശേഖരിച്ചു വച്ചത് (5, 1-3).
 
പങ്കുവയ്ക്കാതെ സൂക്ഷിച്ചുവയ്ക്കുന്ന സമ്പത്ത് നിത്യനാശത്തിനു കാരണമാകും എന്ന താക്കീത് അനീതിയ്ക്കെതിരേയുള്ള മുന്നറിയിപ്പും നീതി പ്രവര്‍ത്തിക്കാനുള്ള ആഹ്വാനവുമായി കാണണം. ലേഖനം എഴുതപ്പെടുന്ന കാലത്തെ  സമ്പത്തിന്‍റെ മൂന്ന് ഉദാഹരണങ്ങളാണ് എടുത്തു കാട്ടുന്നത്. സമ്പത്തിന്‍റെയും പ്രൗഢിയുടെയും അടയാളമായിരുന്ന വിലപിടിപ്പുള്ള വസ്ത്രങ്ങള്‍. അതുപോലെ തന്നെ സ്വര്‍ണ്ണവും വെള്ളിയും. ഭാവി സുരക്ഷിതമാക്കുകയും സമൂഹത്തില്‍ ഉന്നതസ്ഥാനം നല്കുകയും ചെയ്യും എന്നു കരുതിയിരുന്ന ഈ നീക്കിയിരുപ്പുകളെല്ലാം അനീതിയുടെ തെളിവായ തൊണ്ടിമുതലായി പരിഗണിക്കപ്പെടും എന്ന് തുടര്‍ന്നു പ്രഖ്യാപിക്കുന്നു: 
"നിങ്ങളുടെ നിലങ്ങളില്‍നിന്നു വിളവു ശേഖരിച്ച വേലക്കാര്‍ക്കു കൊടുക്കാതെ പിടിച്ചുവച്ച കൂലി ഇതാ നിലവിളിക്കുന്നു. കൊയ്ത്തുകാരുടെ നിലവിളി സൈന്യങ്ങളുടെ കര്‍ത്താവിന്‍റെ കര്‍ണപുടങ്ങളില്‍ എത്തിയിരിക്കുന്നു. നിങ്ങള്‍ ഭൂമിയില്‍ ആഡംബരപൂര്‍വ്വം സുഖലോലുപരായി ജീവിച്ചു. കൊലയുടെ ദിവസങ്ങളിലേക്ക് നിങ്ങളുടെ ഹൃദയങ്ങളെ കൊഴുപ്പിച്ചിരിക്കുന്നു. നീതിമാന്‍ നിങ്ങളെ എതിര്‍ത്തു നിന്നില്ല. എന്നിട്ടും നിങ്ങള്‍ അവനെ കുറ്റം വിധിക്കുകയും കൊല്ലുകയും ചെയ്തു" (യാക്കോ 5, 4-6). ഏതു നീതിമാനെയാണ് ഇവിടെ സൂചിപ്പിക്കുന്നത് എന്നതില്‍ തര്‍ക്കമുണ്ട്. നിരപരാധനെന്നു തെളിഞ്ഞ നീതിമാനായ യേശുവിനെ മരണശിക്ഷ വിധിച്ച് കുരിശില്‍ തറച്ചു കൊന്നതിനെയാണ് സൂചിപ്പിക്കുന്നത് എന്ന് കരുതുന്നവരുണ്ട്. എന്നാല്‍ ലേഖനത്തിന്‍റെ പൊതുവായ സാഹചര്യവും ഇവിടെ പ്രതിപാദിക്കുന്ന പ്രത്യേക വിഷയവും പരിഗണിക്കുമ്പോള്‍ വേറൊരു സൂചന ദൃശ്യമാകുന്നു. അനീതിക്ക് ഇരയാകുന്ന ദരിദ്രര്‍ തന്നെയാണ് ഈ നീതിമാന്മാര്‍. സമ്പത്ത് ന്യായമായ വിധം വിതരണം ചെയ്യാത്തതിനാല്‍ സംഭവിക്കുന്ന പട്ടിണി മരണങ്ങള്‍ യഥാര്‍ത്ഥത്തില്‍ കൊലപാതകമാണെന്ന് ഇവിടെ സൂചിപ്പിക്കുന്നു. പഴയ നിയമ പ്രവാചകന്മാരുടെ, പ്രത്യേകിച്ചും ആമോസ്, ഏശയ്യാ, മിക്കാ എന്നിവരുടെ തീക്ഷ്ണമായ ശൈലിയാണ് യാക്കോബ് അവലംബിക്കുന്നത്. (ഉദാ മിക്കാ 3, 1-3, ആമോ 2, 6-7, ഏശ 5, 8-24).
 
വേലക്കാര്‍ക്ക് അര്‍ഹമായ കൂലി നിഷേധിച്ച് സ്വരുക്കൂട്ടുന്ന മിച്ച മൂല്യത്തിലൂടെ ധനികരാകുന്നവര്‍ക്കെതിരെയാണ് യാക്കോബ് ആഞ്ഞടിക്കുന്നത്. "ഹൃദയം കൊഴുപ്പിക്കുക" എന്നത് ഭയാനകമായൊരു പ്രയോഗമാണ്. പ്രാധാന്യമുള്ള ചില അവസരങ്ങളിലെ വിരുന്നിനു രുചികരമായ മാംസം ലഭ്യമാക്കാന്‍വേണ്ടി ചില മൃഗങ്ങളെ പ്രത്യേകമായ ആഹാരം നല്കി വളര്‍ത്താറുണ്ട്. Corn Beaf  എന്ന് ഇംഗ്ലീഷില്‍ പറയുന്നതിന് സമാനമായൊന്ന്. ഈ അര്‍ത്ഥത്തിലാണ് ധൂര്‍ത്തപുത്രന്‍ മടങ്ങിവന്നപ്പോള്‍ 'കൊഴുത്ത' കാളയെ കൊല്ലാന്‍ പിതാവ് കല്പിക്കുന്നത്. വലിയ ആഹ്ളാദത്തിന്‍റെയും ആഘോഷത്തിന്‍റെയും അവസരത്തില്‍ വിളമ്പാനാണ് കൊഴുപ്പിക്കുന്നത്. ഇപ്പോള്‍ മാന്യന്മാരും അധികാരികളുമായി കരുതപ്പെടുന്ന ധനികര്‍ക്കുവേണ്ടി കഠിനമായ ശിക്ഷാവിധി പ്രത്യേകം ഒരുക്കിയിരിക്കുന്നു എന്ന് യാക്കോബ് അറിയിക്കുന്നു. 
അതോടൊപ്പം ഒരാള്‍ ധനികനാകുന്നതിന്‍റെ സാമൂഹ്യ-സാമ്പത്തിക വശങ്ങളിലേക്കും ഈ പ്രഖ്യാപനം വിരല്‍ചൂണ്ടുന്നുണ്ട്. ദൈവം സൃഷ്ടിച്ച ഭൂമിയും മനുഷ്യന്‍റെ അധ്വാനവുമാണ് സമ്പത്തിനു നിദാനം. ഭൂമിയും അതിലെ വിഭവങ്ങളും ഒരു മനുഷ്യന്‍റെയും സ്വന്തമല്ല,  അത് എല്ലാവര്‍ക്കുമായി ദൈവം നല്കിയിരിക്കുന്നതാണ്. മനുഷ്യന് ഉടമസ്ഥാവകാശമില്ല, ഉപഭോഗാവകാശം മാത്രമേയുള്ളൂ. ഭൂവിഭവങ്ങള്‍ സമ്പത്തായി മാറുന്നത് അധ്വാനത്തിന്‍റെ ഫലമാണ്. അതിനാല്‍ വേലക്കാരനു ന്യായമായി ലഭിക്കേണ്ടതു നല്കാതെ മാറ്റിവച്ചുണ്ടാക്കുന്ന ധനം അതില്‍ത്തന്നെ അനീതിയുടെ ഫലമാണെന്നു വരുന്നു. അധ്വാനം പലവിധമാകാം എന്ന് അംഗീകരിക്കുമ്പോഴും വേലക്കാര്‍ക്ക് അര്‍ഹമായതു നല്കണം എന്ന ദൈവിക - സ്വാഭാവിക - നിയമം മറക്കാനാവില്ല. വേലയ്ക്ക് അര്‍ഹമായ കൂലി നല്കാതിരിക്കുന്നതും അധ്വാനിക്കാതെ വേതനം പിടിച്ചുവാങ്ങുന്നതും ഒരുപോലെ കുറ്റകരവും ശിക്ഷാര്‍ഹവുമാണെന്ന ഈ പ്രബോധനം ഇന്നും എന്നും ഒരുപോലെ പ്രസക്തമാണ്.
 
സ്നേഹത്തിന്‍റെ ഫലമാകണം സാമൂഹ്യനീതി എന്ന പ്രബോധനത്തിനാണ് യോഹന്നാന്‍റെ ലേഖനം പ്രാധാന്യം നല്കുന്നത്. "ദൈവം സ്നേഹമാകുന്നു" (1യോഹ 4, 8.16) എന്നു നിര്‍വചിച്ച അപ്പസ്തോലന്‍ സ്നേഹത്തെ ഏറ്റം പ്രധാനപ്പെട്ട കല്പനയായി എടുത്തു കാട്ടുന്നു. ഇത് യേശുവിന്‍റെ തന്നെ പ്രബോധനമാണെന്നതില്‍  തര്‍ക്കമില്ല. എന്നാല്‍ ദൈവസ്നേഹത്തിനു ലേഖനകര്‍ത്താവു നല്കുന്ന പുതിയ നിര്‍വ്വചനവും സഹോദരസ്നേഹവുമായി അതിനുള്ള ബന്ധവും സാമൂഹ്യരീതിയെക്കുറിച്ചുള്ള വീക്ഷണം കൂടുതല്‍ വ്യക്തമാക്കുന്നു.
 
"നാം ദൈവത്തെ സ്നേഹിച്ചു എന്നതിലല്ല, അവിടുന്ന് നമ്മെ സ്നേഹിക്കുകയും നമ്മുടെ പാപങ്ങള്‍ക്കു പരിഹാരബലിയായി സ്വപുത്രനെ അയയ്ക്കുകയും ചെയ്തു എന്നതിലാണ് സ്നേഹം. പ്രിയപ്പെട്ടവരേ, ദൈവം നമ്മെ ഇപ്രകാരം സ്നേഹിച്ചെങ്കില്‍ നാമും പരസ്പരം  സ്നേഹിക്കാന്‍ കടപ്പെട്ടിരിക്കുന്നു" (1യോഹ 4, 10-11). അനുഭവിച്ചറിയുന്ന ദൈവസ്നേഹത്തിന് മനുഷ്യന്‍ നല്കുന്ന മറുപടിയാണ് സ്നേഹം. അതേസമയം ദൈവത്തെ സ്നേഹിക്കുകയെന്നാല്‍ അവിടുത്തെ കല്പനകള്‍ അനുസരിക്കുകയാണെന്നും ആ കല്പനകളെല്ലാം പരസ്പരം സ്നേഹിക്കുക എന്ന ഏക കല്പനയില്‍ ഒതുങ്ങുന്നുവെന്നും യോഹന്നാന്‍ പഠിപ്പിക്കുന്നു (1യോഹ 3, 23). "ഞാന്‍ ദൈവത്തെ സ്നേഹിക്കുന്നുവെന്ന് ആരെങ്കിലും പറയുകയും സ്വന്തം സഹോദരനെ ദ്വേഷിക്കുകയും ചെയ്താല്‍ അവന്‍ കള്ളം പറയുന്നു. കാരണം കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാന്‍ സാധിക്കാത്തവന് കാണപ്പെടാത്ത സഹോദരനെ  സ്നേഹിക്കാന്‍ സാധിക്കുകയില്ല.... ദൈവത്തെ സ്നേഹിക്കുന്നവന്‍ സഹോദരനെയും സ്നേഹിക്കണം" (1യോഹ 4, 20-21).
 
ഈ സ്നേഹം വാക്കില്‍ ഒതുങ്ങിയാല്‍ പോരാ, പ്രവൃത്തിയിലൂടെ പ്രകടമാകണം. "ലൗകിക സമ്പത്തുണ്ടായിരിക്കേ ഒരുവന്‍ തന്‍റെ സഹോദരനെ സഹായമര്‍ഹിക്കുന്നവനായി കണ്ടിട്ടും അവനെതിരേ ഹൃദയം അടയ്ക്കുന്നവെങ്കില്‍ അവനില്‍ ദൈവസ്നേഹം എങ്ങനെ കുടികൊള്ളും? കുഞ്ഞുമക്കളേ വാക്കിലും സംസാരത്തിലുമല്ല നാം സ്നേഹിക്കേണ്ടത്, പ്രവൃത്തിയിലും സത്യത്തിലുമാണ്" (1യോഹ 3, 17-18). സഹോദരനെ സ്നേഹിക്കാതിരിക്കുന്നത്, കഴിവുണ്ടായിട്ടും സഹായിക്കാതിരിക്കുന്നത് വെറുക്കുന്നതിനു തുല്യമാണെന്നും അത് കൊലപാതകത്തിനു സമമാണെന്നും പഠിപ്പിച്ച ശേഷമാണ് യോഹന്നാന്‍ ഈ നിര്‍ദേശം നല്കുന്നത്. "സഹോദരനെ വെറുക്കുന്നവന്‍ കൊലപാതകിയാണ്. കൊലപാതകിയില്‍ ജീവന്‍ വസിക്കുന്നില്ല"  (1യോഹ 3,15). 
 
സാമൂഹ്യനീതിയെക്കുറിച്ച് യാക്കോബിന്‍റെയും യോഹന്നാന്‍റെയും ലേഖനങ്ങള്‍ അവതരിപ്പിക്കുന്ന പ്രബോധനങ്ങള്‍ ഇതര ബൈബിള്‍ ഗ്രന്ഥങ്ങളുടേതില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ല. അവയെല്ലാം കൂടുതല്‍ നിശിതവും തീവ്രവുമായി ഈ ലേഖനങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. ദൈവിക ജീവനില്‍ പങ്കുചേരുക, അങ്ങനെ നിത്യരക്ഷ പ്രാപിക്കുക- അതാണ് എല്ലാ മനുഷ്യരുടേയും ആത്യന്തികമായ ദൈവനിശ്ചിത ലക്ഷ്യം. രക്ഷ പ്രാപിക്കാന്‍ വിശ്വാസം കൂടിയേ തീരൂ. അതേസമയം വിശ്വാസം നീതിയുടെ പ്രവര്‍ത്തനങ്ങളിലൂടെ പ്രകടമാകണം. ദൈവഭക്തിയും  സാമൂഹ്യനീതിയുമായി അഭേദ്യം ബന്ധപ്പെട്ടിരിക്കുന്നു. 
 
ഏറ്റം പ്രധാനപ്പെട്ടതും സകല നിയമങ്ങളുടെയും അടിസ്ഥാനവും കാതലുമായ പ്രമാണമാണ് സ്നേഹം. എന്നാല്‍ സ്നേഹം വെറും ഒരു വികാരമോ ഇഷ്ടപ്പെട്ടവരോട് മാത്രം കാണിക്കുന്ന താത്പര്യമോ അല്ല, ഉള്ളും ഉള്ളതും ആവശ്യക്കാരനുമായി പങ്കുവയ്ക്കുന്നതാണ്. ദൈവം യേശുക്രിസ്തുവിലൂടെ തന്നെത്തന്നെ പൂര്‍ണമായി നമുക്കു നല്കി. അതുപോലെ നാമും സഹോദരങ്ങള്‍ക്കായി സ്വയം ദാനം ചെയ്യാന്‍ തയ്യാറാവണം. "ഞാന്‍ നിങ്ങളെ സ്നേഹിച്ചുതപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിന്‍" (യോഹ 13, 34) എന്ന യേശുവിന്‍റെ പുതിയ കല്പനതന്നെയാണ് നീതിയുടെ മാര്‍ഗമായി പഠനവിഷയമാക്കിയ ലേഖനങ്ങള്‍ എടുത്തുകാണിക്കുന്നത്. ഈ പ്രബോധനങ്ങളുടെ വെളിച്ചത്തില്‍ ഭക്തിയും ആചാരാനുഷ്ഠാനങ്ങളും ജീവിതശൈലികളും സ്ഥാപനങ്ങളുടെ നടത്തിപ്പും സാമൂഹ്യജീവിതക്രമവും എല്ലാം ഒരു പുനര്‍വിചിന്തനത്തിനു വിധേയമാക്കണം. എങ്കിലേ ബൈബിള്‍ വിഭാവനം ചെയ്യുന്ന സാമൂഹ്യനീതി സാധ്യമാകൂ.  

You can share this post!

ജീവിതത്തിലെ നിലപാടുകള്‍

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
അടുത്ത രചന

ഭാവിയിലെ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍മാര്‍

അജി ജോര്‍ജ്
Related Posts